TopTop
Begin typing your search above and press return to search.

\'ഒന്നും മിണ്ടാതെ\' അഥവാ പിങ്ക് ബ്രാ വരുത്തിയ വിന

\ഒന്നും മിണ്ടാതെ\ അഥവാ പിങ്ക് ബ്രാ വരുത്തിയ വിന

സഫിയ

സുനന്ദ പുഷ്ക്കറും ശശി തരൂരും തമ്മിലുണ്ടായ വഴക്കും പിണക്കവും ലോകം അറിഞ്ഞത് ട്വിറ്ററിലൂടെയായിരുന്നു. അതിന് മുന്‍പ് വഴക്കിന് കാരണം എന്നാരോപിക്കപ്പെട്ട തരൂര്‍-മെഹര്‍ തരാര്‍ ബന്ധത്തെക്കുറിച്ച് സുനന്ദ അറിയുന്നത് തരൂരിന്‍റെ സെല്‍ഫോണില്‍ കണ്ട ചില മെസേജുകളിലൂടെയാണ് എന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട് ചെയ്തിരുന്നു. സാധാരണ പല വിടുകളിലും കണ്ടു വരുന്ന ദാമ്പത്യ തകര്‍ച്ചയ്ക്ക് കരണമാകാറുള്ള പരസ്ത്രീ/പുരുഷ ബന്ധത്തിന് ഉദാഹരണമാണ് സമൂഹത്തിന്‍റെ ഉന്നത സ്ഥാനത്ത് വിരാജിച്ചിരുന്ന രണ്ട് വ്യക്തികളുടെ ജീവിതത്തിലുണ്ടായ അസ്വാരസ്യങ്ങളും തുടര്‍ന്നുണ്ടായ ദുരന്തവും. ഇങ്ങനെ ട്വിറ്ററും എസ് എം എസും കാരണം ഒരു സെലിബ്രിറ്റി കുടുംബം തകരുന്നത് കണ്ട മലയാളിയുടെ മുന്‍പിലാണ് 1982 ലെ ഒരു ബ്രായുടെ കഥയുമായി 'ഒന്നും മിണ്ടാതെ' വരുന്നത്. നമ്മുടെ മലയാള സിനിമാ പ്രവര്‍ത്തകര്‍ എത്രമാത്രം ഭാവനാ ദാരിദ്ര്യം അനുഭവിക്കുന്നുണ്ട് എന്നതിന് തെളിവാണ് സുഗീത് സംവിധാനം ചെയ്ത് ജയറാമും മീരാജാസ്മിനും അഭിനയിച്ച ഈ ഫാമിലി ഡ്രാമ.

സിനിമയുണ്ടായ കാലം മുതല്‍ ലോകത്തെല്ലായിടത്തും കൈകാര്യം ചെയ്ത വിഷയങ്ങളിലൊന്നാണ് ദാമ്പത്യ ബന്ധത്തിലെ വിശ്വാസ വഞ്ചനകളും പൊരുത്തക്കേടുകളും അനിവാര്യമായ തകര്‍ച്ചയും. അതുകൊണ്ട് തന്നെ ആലോലത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് നിര്‍മ്മിച്ച ചിത്രം എന്ന് എഴുതികാണിക്കുന്നതുകൊണ്ട് പ്രത്യേകിച്ച് എന്തെങ്കിലും ഗുണം ഒന്നും മിണ്ടാതെയ്ക്ക് ഉണ്ടെന്ന് തോന്നുന്നില്ല. പകരം ആലോലത്തിന്‍റെ റിമെയ്ക് എന്ന് എഴുതിയിരുന്നെങ്കില് കുറച്ചുകൂടി സത്യസന്ധമായേനെ. അങ്ങനെയാണെങ്കില്‍ വിവാദങ്ങള്‍ ഒഴിവാക്കാനും പറ്റിയേനെ.


മലയാളത്തിലെ എണ്ണം പറഞ്ഞ സിനിമകള്‍ സംവിധാനം ചെയ്ത സംവിധായകനാണ് മോഹന്‍. കുടുംബജീവിതവും അതിനുള്ളിലുണ്ടാകുന്ന ഇടര്‍ച്ചകളും സമൂഹത്തിന് നേരെ അതുന്നയിക്കുന്ന സദാചാരം സംബന്ധിച്ച ചോദ്യങ്ങളും എന്നും മോഹന്‍റെ ഇഷ്ട വിഷയങ്ങളായിരുന്നു. അവയെല്ലാം തന്നെ നമ്മുടെ സമൂഹം കൊണ്ടുനടന്നിരുന്ന സദാചാര സങ്കല്‍പ്പങ്ങളെ അലോസരപ്പെടുത്തുകയും പിന്നീട് കുടുംബത്തിന്റെയും മൂല്യങ്ങളുടെയും സ്വാസ്ഥ്യത്തിലേക്ക് തിരിച്ച് പോവുകയും ചെയ്യുന്ന സിനിമകളായിരുന്നു. രണ്ട് പെണ്‍കുട്ടികള്‍ (1978), കൊച്ചു കൊച്ചു തെറ്റുകള്‍ (1979), ഇളക്കങ്ങള്‍ (1982), മുഖം (1990) തുടങ്ങി മോഹന്‍റെ ഏത് ചിത്രങ്ങള്‍ എടുത്താലും ഈ പ്രമേയം ആവര്‍ത്തിക്കുന്നത് കാണാം. മോഹന്‍ലാല്‍ വ്യത്യസ്ത പോലീസ് വേഷത്തിലെത്തുന്ന മുഖത്തിലെത്തുമ്പോഴേക്കും സമൂഹത്തെക്കുറിച്ചുള്ള മൂല്യ വിചാരം അതിന്‍റെ അക്രമണോത്സുക രൂപം പ്രാപിക്കുന്നത് കാണാം. ഭര്‍ത്താക്കന്‍മാരെ വഞ്ചിക്കുന്ന സ്ത്രീകളെ കൊല്ലുന്ന സീരിയല്‍ കില്ലറാണ് മുഖത്തിലെ പ്രധാന കഥാപാത്രം.


1982ല്‍ ഇറങ്ങിയ ആലോലം ദാമ്പത്യ ജീവിതത്തിന്‍റെ വിരസമായ അവര്‍ത്തനവും അതില്‍ നിന്നല്‍പ്പം വ്യതിചലിക്കാന്‍ വെമ്പുന്ന പുരുഷന്‍റെ മനസും നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്ന സദാചാര്യ മൂല്യങ്ങളും തമ്മിലുള്ള സംഘര്‍ഷത്തിന്‍റെ കഥയാണ്. 70കളിലെയും 80കളിലെയുമുള്ള സമൂഹത്തെ കുറിച്ചുള്ള മൂല്യ വിചാരമാണ് ഈ ചിത്രം. അതുകൊണ്ട് തന്നെയാണ് ഭര്‍ത്താവിന്‍റെ സ്യൂട്കേസില്‍ നിന്ന് കണ്ടെടുക്കുന്ന അന്യ സ്ത്രീയുടെ ബ്രാ നായികയ്ക്കും പ്രേക്ഷകര്‍ക്കും ഒരു പോലെ വലിയ ഷോക്കായി മാറിയത്. സ്ത്രീകള്‍ അടിവസ്ത്രമായി ഉപയോഗിക്കുന്ന ബ്രായിലേക്കുള്ള ഒളിനോട്ടംപോലും പുരുഷന് ലൈംലംഗികാനുഭൂതി നല്കിയിരുന്ന കാലത്താണ് ബ്രാ ശക്തമായ ലൈംഗിക ബിംബമായി ഈ ചിത്രത്തില്‍ ഉപയോഗിക്കപ്പെടുന്നത്. സ്ത്രീകളുടെയും പുരുഷന്മാരുടെയും വസ്ത്രധാരണ രീതികളിലെ അതിര്‍ വരമ്പുകള്‍ വല്ലാതെ മാറുകയും സ്ത്രീ ശരീരത്തെക്കുറിച്ചുള്ള നിഗൂഢതകള്‍ ഏറെക്കുറെ ഇല്ലാതാവുകയും ചെയ്ത ഈ കാലത്ത് ഒരു ബ്രാ ഉപയോഗിച്ച് ഒരു കഥയില്‍ നിര്‍ണ്ണായകമായ വഴിത്തിരിവ് ഉണ്ടാക്കാം എന്ന്‍ ചിന്തിച്ചു എന്നതാണ് 'ഒന്നും മിണ്ടാതെ'യിലെ ആദ്യ ദുരന്തം.

മലയാള സിനിമ കണ്ടു പരിചയിച്ച പതിവ് കുടുംബ സിനിമകളുടെ ട്രാക്കിലൂടെ തന്നെയാണ് 'ഒന്നും മിണ്ടാതെ'യും സഞ്ചരിക്കുന്നത്. സര്‍വ്വഗുണ സമ്പന്നനായ ഭര്‍ത്താവ്. ഭര്‍ത്താവിന്‍റെയും കുഞ്ഞിന്‍റെയും കാര്യങ്ങളെല്ലാം തികഞ്ഞ ആത്മ സംതൃപ്തിയോടെ ചെയ്തു തീര്‍ക്കുന്ന ഭാര്യ. ഇവരുടെ ഇടയിലെ ആവര്‍ത്തനങ്ങളായ രാപ്പകലുകള്‍ക്ക് എന്തെങ്കിലും വിരസത പ്രേക്ഷകര്‍ അനുഭവിക്കുന്നില്ല എന്ന് മാത്രമല്ല നമ്മള്‍ വല്ലാതെ ഹാപ്പിയുമാണ്. അപ്പോള്‍ എന്താണ് നായകനായ സച്ചിദാനന്ദനെ സ്നേഹമയിയായ തന്‍റെ ഭാര്യയെ ഒഴിവാക്കി മറ്റൊരു സ്ത്രീയോടൊപ്പം ശയിക്കണമെന്ന് പ്രേരിപ്പിക്കുന്നത്. പുരുഷന് പരസ്ത്രീഗമനചിന്ത വരാന്‍ അങ്ങനെ പ്രത്യേകിച്ച് കാരണമൊന്നും വേണ്ട എന്നും ഓരോ പുരുഷന്‍റെയും ഉള്ളില്‍ എപ്പോഴും സടകുടഞ്ഞെഴുന്നേല്‍ക്കാവുന്ന ഒരു ജാരന്‍ ഒളിഞ്ഞിരിപ്പുണ്ട് എന്നുമാണോ സുഗീതിന്‍റെ തിയറി.


യഥാര്‍ഥത്തില്‍ അതല്ല പ്രമേയത്തിന്‍റെ ഗുട്ടന്‍സ്. ഇത് നമ്മുടെ സദാചാരവാദികളുടെ സ്ഥിരം ട്രാക് തന്നെ. നമ്മുടെ നാട് സുന്ദരം, സ്വച്ഛന്ദം, മാലിന്യങ്ങളേതുമില്ലാത്തത്. അന്യ നാട് ഇതുപോലുള്ള എല്ലാ താന്തോന്നിത്തരങ്ങളുടെയും ഇടം. നാട്ടില്‍ നിന്ന് അന്യ നാട്ടില്‍പ്പോയി കുറച്ച് കാശും പളപളപ്പുമായി എത്തിയ ജോസാണ് രോഗാണുവാഹകന്‍. ജോസുമായുള്ള സംസര്‍ഗം കാരണം സച്ചിദാനന്ദന് രോഗം പകര്‍ന്നു എന്നേയുള്ളൂ.

അവിടെയും സംവിധായകന് പിഴയ്ക്കുകയാണ്. ഒരു ശരാശരി മലയാളിയുടെ നാട് എന്ന സങ്കല്‍പ്പം തന്നെ വല്ലാതെ മാറിക്കഴിഞ്ഞിരിക്കുന്നു. ആഗോളവത്ക്കരണത്തിന്‍റെ പുതിയ കാലത്ത് രാജ്യങ്ങള്‍ തമ്മിലുള്ള അതിര്‍ത്തികള്‍ക്ക് തന്നെ പ്രസക്തി നഷ്ടപ്പെട്ടിരിക്കുമ്പോഴാണ് ഗ്രാമ്യ/നഗര മൂല്യ വിചാരത്തിന്‍റെ കഥ പറയുന്നത്. അന്യദേശത്ത് തൊഴില്‍ ചെയ്ത് പണക്കാരനായി വരുന്നവന്‍ 80കളിലെ ഗള്‍ഫ് ബൂമിന്‍റെ കാലത്തെ പ്രമേയമാണ്. അതെന്തെങ്കിലും ഇളക്കങ്ങള്‍ പുതിയ പ്രേക്ഷകന്‍റെ ഉള്ളില്‍ ഉണ്ടാക്കുമെന്ന് തോന്നുന്നില്ല. ഇതാണ് ഒന്നും മിണ്ടാതെയുടെ രണ്ടാമത്തെ ദുരന്തം.

മൂന്നാമത്തെ ദുരന്തമാണ് കുറച്ച് കടുപ്പം. അത് ദുരന്തം മാത്രമല്ല പാതകം കൂടിയാണ്. സ്ഥാനത്തും ആസ്ഥാനത്തും പത്മരാജനെയും തൂവാനത്തുമ്പികളെയും വലിച്ചിഴയ്ക്കുക എന്നത് യുവതലമുറയിലെ സംവിധായകരുടെ ഒബ്സെഷനായി മാറിയിരിക്കുകയാണ്. അനൂപ് മേനോന്‍-വി കെ പ്രകാശ് ടീമിന്‍റെ ബ്യൂട്ടിഫുള്ളിലും ട്രിവാന്‍ഡ്രം ലോഡ്ജിലും നമ്മള്‍ ഇത് കണ്ടു കഴിഞ്ഞു. ട്രിവാന്‍ഡ്രം ലോഡ്ജില്‍ ബാബു നമ്പൂതിരിയുടെ തങ്ങള്‍ എന്ന പിമ്പ് വീണ്ടും പ്രത്യക്ഷപ്പെടുക പോലും ചെയ്യുന്നുണ്ട്. തൂവാനതുമ്പികളുടെ റെഫെറന്‍സ് ഏറ്റവും ഹാസ്യാത്മകമായി പ്രത്യക്ഷപ്പെടുന്ന സിനിമ ചിലപ്പോള്‍ ഒന്നും മിണ്ടാതെ ആയിരിയ്ക്കും. പരസ്ത്രീ ഗമനത്തിന് തീരുമാനമെടുത്തത്തിന് ശേഷം നായകന്‍ വീട്ടിലെത്തി ടി വിയില്‍ തൂവാനത്തുമ്പികള്‍ കാണുന്നതും ഹോട്ടലില്‍ സന്ധിക്കാന്‍ പോകുന്ന പെണ്ണിന്‍റെ മൊബൈല്‍ നമ്പര്‍ ക്ലാര എന്ന പേരില്‍ സേവ് ചെയ്യുന്നതും മറ്റും. ഇനിയെങ്കിലും പത്മരാജനെ വെറുതെ വിടൂ എന്നു മാത്രമേ പത്മരാജ ചിത്രങ്ങളുടെ ആരാധകര്‍ക്ക് വേണ്ടി പറയാനുള്ളൂ.


ഒന്നും മിണ്ടാതെ മലയാളികള്‍ തങ്ങളുടെ മുഖം നോക്കിയ മറ്റൊരു സിനിമയെ ഓര്‍മ്മിപ്പിക്കുന്നു എന്നതാണ് നാലാമത്തെ ദുരന്തം. ശ്രീനിവാസന്‍റെ ചിന്താവിഷ്ടയായ ശ്യാമളയാണ് ആ ചിത്രം. മലയാളികള്‍ ഹൃദയത്തിലേറ്റിയ ഈ ആക്ഷേപഹാസ്യസിനിമയില്‍ നായികയെ ഭര്‍ത്താവ് വിളിക്കുന്നത് ശ്യാമ എന്നാണ്. ഇവിടെ സച്ചിദാനന്ദന്‍റെ ഭാര്യയുടെ പേരും ശ്യാമ എന്നു തന്നെ. കഥാപാത്രങ്ങള്‍ക്ക് ഒരേ പേര് വരുന്നതില്‍ യാതൊരു തെറ്റുമില്ല. പക്ഷേ കഥാ സന്ദര്‍ഭങ്ങള്‍ക്ക് ചില സാമ്യങ്ങള്‍ ഉണ്ടാവുമ്പോള്‍ പ്രേക്ഷകര്‍ക്ക് പഴയ സിനിമ ഓര്‍മ്മ വരുന്നതില്‍ അവരെ തെറ്റു പറയാന്‍ പറ്റുമോ? ചിന്താവിഷ്ടയായ ശ്യാമളയില്‍ ആത്മീയാന്വേഷണം ഉപേക്ഷിച്ച് തിരിച്ച് വരുന്ന വിജയന്‍ ഭാര്യയുടെ പിന്നാലെ സംസാരിക്കാനുള്ള ഒരവസരത്തിന് വേണ്ടി കെഞ്ചി നടക്കുന്നുണ്ട്. അതേ പോലെ ഒന്നും മിണ്ടാതെയില്‍ നടന്ന സത്യം തുറന്നു പറയാനുള്ള അവസരം തേടി പിന്നാലെ എത്തുന്ന സച്ചിദാനന്ദനെ പുതിയ ശ്യാമളയും വല്ലാതെ അവഗണിക്കുന്നുണ്ട്. അതിലും തെറ്റ് പറയാന്‍ പറ്റില്ല. ഇത്തരം ചില സാമ്യങ്ങള്‍ എല്ലാ കഥകളിലും സംഭവിക്കുന്നതാണ്. പക്ഷേ രണ്ട് ഭര്‍ത്താക്കന്മാരും ഭാര്യയെ ശ്യാമേ എന്ന് നീട്ടി വിളിക്കുമ്പോഴാണ് പ്രേക്ഷകര്‍ക്ക് ഓര്‍മ്മയുടെ അസുഖം വരുന്നത്. ഇനി ക്ലാര പോലുള്ള എന്തെങ്കിലും ഒബ്സെഷനാണോ ശ്യാമയും?


Next Story

Related Stories