TopTop
Begin typing your search above and press return to search.

നമ്മുടെ സങ്കുചിത ജനാധിപത്യത്തിൽ നോര്‍ത്ത്-ഈസ്റ്റ് ഉയര്‍ത്തുന്ന ചോദ്യങ്ങള്‍

നമ്മുടെ സങ്കുചിത ജനാധിപത്യത്തിൽ നോര്‍ത്ത്-ഈസ്റ്റ് ഉയര്‍ത്തുന്ന ചോദ്യങ്ങള്‍

ടിം അഴിമുഖം

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ആഘോഷത്തിന് കോടിയേറുന്ന ഇന്ന് തന്നെയാണ് നമ്മള്‍ ചില ചോദ്യങ്ങള്‍ സ്വയം ചോദിക്കേണ്ടത് എന്നാണ് ടിം അഴിമുഖം കരുതുന്നത്.

നിങ്ങള്‍ എങ്ങിനെയാണ് ജനാധിപത്യത്തെ അളക്കാന്‍ പോകുന്നത്? ഗവേര്‍ണന്‍സിനുള്ള രീതി എന്ന നിലയില്‍ ജനാധിപത്യത്തിലുള്ള വിശ്വാസം ജനങ്ങള്‍ എങ്ങിനെയാണ് പ്രകടിപ്പിക്കാന്‍ പോകുന്നത്? ജനങ്ങള്‍ പൂര്‍ണ്ണമായും ജനാധിപത്യത്തില്‍ വിശ്വസിക്കുന്നുണ്ട് എന്നതിനും വളരെ സക്രിയമായി അവര്‍ ജനാധിപത്യ അവകാശം വിനിയോഗിക്കുന്നുണ്ട് എന്നതിനും എന്ത് സ്ഥിതിവിവരക്കണക്കുകളുടെ പിന്‍ബലമാണ് നമുക്കുള്ളത്?

ഏത് വഴി പരിഗണിച്ചാലും, ജനങ്ങള്‍ എത്ര സജീവമായാണ് വോട്ടവകാശം വിനിയോഗിക്കുന്നത് എന്നു കാണിച്ചുകൊടുക്കുകക്കുക മാത്രമാണ് നല്ല മാര്‍ഗം. ഓരോ അഞ്ച് വര്ഷം കൂടുമ്പോഴും ജനങ്ങള്‍ പോളിംഗ് ബൂത്തില്‍ ചെല്ലുകയും തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കുകയും, തങ്ങളെ ആര് പ്രതിനിധീകരിക്കണമെന്ന് തീരുമാനിക്കുകയും ചെയ്യുന്നു. അതിലൂടെ ജനാധിപത്യത്തിലുള്ള തങ്ങളുടെ വിശ്വാസമാണ് അവര്‍ ഉറപ്പിക്കുന്നത്.

തങ്ങളുടെ പേര് വോട്ടര്‍ പട്ടികയില്‍ ഉണ്ടെന്ന് ഉറപ്പ് വരുത്തി സ്ഥാനാര്‍ഥികളെയും പാര്‍ടികളെയും വിലയിരുത്തി ഒടുവില്‍ തീരുമാനമെടുക്കുമ്പോള്‍ വോട്ട് എന്നത് ഒരു വോട്ടറുടെ പ്രസ്താവന തന്നെയായി മാറുകയാണ്. ഇങ്ങനെ എടുക്കുന്ന തീരുമാനം വോട്ടര്‍ക്ക് എന്തെങ്കിലും പ്രത്യേക നേട്ടങ്ങളോ പണമോ നേടിക്കൊടുക്കുന്നില്ല. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനില്‍ തങ്ങളുടെ വിരല്‍ അമര്‍ത്തി വോട്ട് രേഖപ്പെടുത്തുന്നതിനായി അവര്‍ എത്രയോ ദൂരം യാത്ര ചെയ്യുകയും വളരെ നേരം ശാന്തരായി ക്യൂവില്‍ നില്‍ക്കുകയും ചെയ്യുന്നു.
പങ്കാളിത്തത്തെ ഒരു വ്യക്തിയുടെ ജനാധിപത്യത്തിലുള്ള വിശ്വാസമായി കണക്കാക്കിയാല്‍ ഇന്ത്യയുടെ ഏത് ഭാഗത്താണ് ഏറ്റവും ഉയര്‍ന്ന വിശ്വാസം ഈ അരാജകവും ആശയകുഴപ്പം നിറഞ്ഞതും അപൂര്‍ണവുമായ ജനാധിപത്യത്തിനോടുള്ളത്?

ഇന്ത്യയുടെ വടക്ക് കിഴക്കന്‍ മേഖല തന്നെ. അതേ, ഒരു റോഡോ റെയില്‍വേ പാളമോ ഒലിച്ചുപോയാല്‍ ഇന്ത്യയുമായി ബന്ധം അറ്റുപോകുന്ന, ലോകത്തിലെ ഏറ്റവും നീണ്ട കാലത്തെ ചരിത്രമുള്ള സായുധ പോരാട്ട പ്രവര്‍ത്തനം നിലനില്‍ക്കുന്ന, രാഷ്ട്രീയം ഒരു കൂട്ടം കുടുംബങ്ങളുടെ കയ്യിലെ അഴിമതിക്കളിയായി മാറി അനാകര്‍ഷകമായ ഈ പ്രദേശം തന്നെ. രാജ്യത്തെ ഇതര മേഖലകള്‍ ഒട്ടും വേവലാതി കൊള്ളാത്ത പ്രദേശം. രാഷ്ട്രീയക്കാര്‍ എന്നും അവഗണനയോടെ മാത്രം നോക്കിക്കണ്ട നാട്. 16-ആം ലോകസഭാ തിരഞ്ഞെടുപ്പ് സമാരംഭിക്കുന്ന ഇന്ന് ആദ്യത്തെ വോട്ട് ത്രിപ്പുരയില്‍ നിന്നും ആസാമില്‍ നിന്നും ആയത് യാദൃശ്ചികത മാത്രമാകാം. ത്രിപുരയിലെ രണ്ട് സീറ്റുകളില്‍ ഒന്നിലും ആസാമിലെ 14 സീറ്റുകളില്‍ അഞ്ചിലുമാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്.2009ലെ പൊതു തെരഞ്ഞെടുപ്പില്‍ പോളിംഗ് അവസാനിച്ചപ്പോള്‍ നമുക്ക് ലഭിച്ച സ്ഥിതി വിവര കണക്കുകളിലൂടെയുള്ള ഒറ്റനോട്ടം തന്നെ വാചാലവും നമ്മള്‍ എന്തുകൊണ്ട് വടക്ക് കിഴക്കന്‍ മേഖലയെ ആഘോഷിക്കണം എന്നതിന്‍റെ കാരണവുമാണ്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ വോട്ട് പോള്‍ ചെയ്യപ്പെട്ടത് സാക്ഷരതയില്‍ മുന്‍പിലെന്ന് അഹങ്കരിക്കുന്ന കേരളത്തിലോ മോഡിയുടെ ഗുജറാത്തിലോ അല്ല. മറിച്ചു നാഗാലാന്‍ഡിലാണ്. നാഗാലാണ്ട് പീപ്പിള്‍സ് ഫ്രണ്ടിന്റെ സി എം ചാങ്ങിന് കിട്ടിയത് 8,32,224 വോട്ടുകളാണ്. മണ്ഡലത്തിലെ ആകെ വോട്ടില്‍ 61% വോട്ടും വിജയിച്ച സ്ഥാനാര്‍ഥിക്ക് കിട്ടിയ ഇന്ത്യയിലെ ഏക മണ്ഡലമാണ് ഇത്. ശ്രദ്ധിക്കേണ്ട ഒരു കാര്യം നമ്മള്‍ സംസാരിക്കുന്നതു പോള്‍ ചെയ്ത വോട്ടിനെ കുറിച്ചല്ല. മണ്ഡലത്തിലുള്ള വോട്ടിനെ ആകെ കുറിച്ചാണ്. ഇതില്‍ നിന്നും വ്യത്യസ്ഥമായ കഥകളൊന്നും വടക്ക് കിഴക്കന്‍ മേഖലയില്‍ നിന്നു പറയാനില്ല. സിക്കിമിലെ ആകെയുള്ള ഒരു മണ്ഡലത്തില്‍ വിജയിച്ച സ്ഥാനാര്‍ഥിക്ക് കിട്ടിയത് 51% വോട്ടാണ്. ത്രിപ്പുരയില്‍ ആകെയുള്ള രണ്ട് മണ്ഡലങ്ങളിലും വിജയിച്ച സ്ഥാനാര്‍ത്തിക്ക് 51 ശതമാനത്തില്‍ കൂടുതല്‍ വോട്ടുകള്‍ ലഭിക്കുകയുണ്ടായി.കേരളത്തില്‍ വിജയിക്കുന്ന സ്ഥാനാര്‍ഥി നേടുന്ന ഏറ്റവും ഉയര്ന്ന വോട്ട് മണ്ഡലത്തിലെ ആകെ വോട്ടിന്‍റെ 40 ശതമാനത്തില്‍ താഴയേ വരികയുള്ളൂ. ഇവിടത്തെ വിജയിച്ച 17 സ്ഥാനാര്‍ഥികളും നേടിയത് ആകെ വോട്ടിന്‍റെ 40 ശതമാനത്തില്‍ താഴെ വോട്ട് മാത്രമാണ്.
ഇനി സംസ്ഥാന തിരിച്ചുള്ള വോട്ടിംഗ് ശതമാനം നോക്കുക. 2009ലെ തെരഞ്ഞെടുപ്പില്‍ 58.13 ശതമാനം വോട്ടര്‍മാരാണ് രാജ്യത്ത് വോട്ട് രേഖപ്പെടുത്തിയത്. ഏറ്റവും കൂടുതല്‍ എവിടെയാണ്? തീര്‍ച്ചയായും അത് നാഗാലാന്‍ഡിലാണ്. 89.98 ശതമാനം.

മറ്റ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നോക്കുക: അരുണാചല്‍ പ്രദേശ്-68.16, അസ്സം-69.49, മണിപ്പൂര്‍-77.13, മേഘാലയ-64.37, സിക്കിം-68.16, ത്രിപുര-84.01. ആ മേഖലയിലെ ഏറ്റവും കുറഞ്ഞ പോളിംഗ് ശതമാനം മിസോറാമിലാണ്-50.68 ശതമാനം.

നമ്മള്‍ ചര്‍ച്ച ചെയ്യുന്ന വിഷയത്തെ സംബന്ധിച്ച് ആഴത്തില്‍ മനസിലാവണമെങ്കില്‍ രാജ്യത്തിന്‍റെ മറ്റ് പ്രദേശങ്ങളിലേക്ക് നോക്കുക. ബീഹാറില്‍ ആകെ പോള്‍ ചെയ്തത് 44.46 ശതമാനമാണ്. ഉത്തര്‍പ്രദേശില്‍ 47.77ശതമാനവും. പാര്‍ലമെന്റിലേക്ക് 120 സീറ്റ് സംഭാവന ചെയ്യുന്ന ഈ രണ്ട് സംസ്ഥാനങ്ങളിലും 50 ശതമാനത്തോളം വോട്ടര്‍മാര്‍ 2009ല്‍ പോളിംഗ്ബൂത്ത് സന്ദര്‍ശിക്കുകയുണ്ടായില്ല! അപ്പോള്‍ ആര്‍ക്കാണ് ജനാധിപത്യത്തില്‍ കൂടുതല്‍ വിശ്വാസം. ഒരു ബഹുസ്വര ജനാധിപത്യ സമൂഹം എന്ന നിലയില്‍ എവിടെയാണ് ഇന്ത്യക്ക് ആരോഗ്യകരമായ നിലനില്‍പ്പുള്ളത്?

പടിഞ്ഞാറോട്ട് നോക്കുക. 2009ലെ പൊതു തെരഞ്ഞെടുപ്പില്‍ മോഡിയുടെ ഗുജറാത്തില്‍ 47.89 ശതമാനം ആളുകള്‍ മാത്രമേ വോട്ട് രേഖപ്പെടുകയുണ്ടായുള്ളൂ. എപ്പോഴും ആരോഗ്യകരമായ പോളിംഗ് റെക്കോര്‍ഡുള്ള കേരളത്തില്‍ 2009ല്‍ 73.17 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്.

ഈ തെളിവുകള്‍ വെച്ചുകൊണ്ടു നമ്മള്‍ സ്വയം ചോദിക്കേണ്ട ഒരു ചോദ്യമുണ്ട്. ആവത്തിച്ചാവര്‍ത്തിച്ച് ജനാധിപത്യത്തിലുള്ള തങ്ങളുടെ വിശ്വാസം ഉറപ്പിക്കുന്ന വിദൂര പ്രദേശനങ്ങളില്‍ നിന്നു പോലും വോട്ടിനായി എത്തിച്ചേരുന്ന ഒരു ജനത അധിവസിക്കുന്ന വടക്ക് കിഴക്കന്‍ മേഖലയ്ക്ക് വേണ്ടി എന്താണ് രാജ്യത്തെ ഭരണകൂടം ചെയ്യുന്നത്?
നിരവധി പ്രശ്നങ്ങളുടെ കേന്ദ്രമായിട്ടാണ് ന്യൂ ഡെല്‍ഹി വടക്ക് കിഴക്കന്‍ മേഖലയെ കാണുന്നത്. 1950 കളില്‍ നാഗാ തീവ്രവാദികളുമായി ഏറ്റുമുട്ടാന്‍ വടക്ക് കിഴക്കന്‍ മേഖലയിലെ ഗ്രാമങ്ങളില്‍ എത്തിയ സൈന്യം ഇപ്പൊഴും അവിടെ തമ്പടിച്ച് നില്‍ക്കുകയാണ്. അവിടത്തെ അടിസ്ഥാന സൌകര്യ വികസനം അപമാനകാരമാണ്. വ്യവസായിക മേഖലയുടെ അവസ്ഥ പരമദയനീയവും. ടൂറിസത്തിന്റെ സാധ്യതകള്‍ ഇതുവരേക്കും നല്ല രീതിയില്‍ ഉപയോഗിക്കപ്പെട്ടിട്ടില്ല.

ഇന്‍ഡ്യന്‍ ഭരണകൂടം ഇത്രയേറെ അവഗണിച്ചിട്ടും എന്തുകൊണ്ടാണ് വടക്ക് കിഴക്കന്‍ മേഖല ഇത്ര ആവേശത്തോടെ പോളിംഗ് ബൂത്തില്‍ എത്തുന്നുന്നത്? എന്തെങ്കിലും അദൃശ്യ സന്ദേശങ്ങള്‍ ആ വോട്ടുകളില്‍ ഒളിഞ്ഞിരുപ്പുണ്ടോ? വെടിയുണ്ടകള്‍ക്ക് പകരം വോട്ടുകളെ ഉപയോഗിക്കുകയാണോ അവര്‍? തങ്ങളോടു മാന്യമായി ഇടപെടണമെന്നും ചൂക്ഷണം അവസാനിപ്പിക്കണമെന്നും രാജ്യത്തിന്‍റെ ഇതര മേഖലകളോട് തെരഞ്ഞെടുപ്പിലൂടെ പറയുകയാണോ അവര്‍? ഇന്ത്യയെ നീതിപൂര്‍വകമായ ഒരു ബഹുസ്വര ജനാധിപത്യ രാജ്യമാക്കണമെങ്കില്‍ അതിനുള്ള പ്രവര്‍ത്തനം നമ്മള്‍ ആദ്യം ആരംഭിക്കേണ്ടത് വടക്ക് കിഴക്കന്‍ മേഖലയില്‍ നിന്നാണ്. ഇപ്പോള്‍ നമ്മളുടേത് തീര്‍ത്തും സങ്കുചിതമായ ജനാധിപത്യമാണ്.


Next Story

Related Stories