TopTop
Begin typing your search above and press return to search.

നാട് തകര്‍ക്കുന്ന ജാതി രാഷ്ട്രീയം

നാട് തകര്‍ക്കുന്ന ജാതി രാഷ്ട്രീയം

പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യ ദശകങ്ങളിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിലുമായി നിലനിന്ന കേരളീയ സമൂഹത്തെ വിലയിരുത്തിക്കൊണ്ടാണ് കേരളം ഒരു ഭ്രാന്താലയമാണെന്ന് സ്വാമി വിവേകാനന്ദന്‍ പറഞ്ഞത്. ആ അവസ്ഥയില്‍ നിന്നും കേരളം മോചിപ്പിക്കപ്പെടുന്നത് ദശകങ്ങള്‍ നീണ്ടു നിന്ന നവോത്ഥാന പ്രക്രിയയിലൂടെയാണ്. ആധുനിക കേരളത്തെ നിര്‍മിച്ചെടുത്ത സാമൂഹിക നവോത്ഥാന പ്രക്രിയയ്ക്ക് നിരവധി ധാരകളുണ്ട്. ശ്രീനാരായണ ഗുരുവും ചട്ടമ്പി സ്വാമിയും വാഗ്ഭടാനന്ദനും പോലുള്ള ആത്മീയ നേതാക്കളുടെ പ്രവര്‍ത്തനങ്ങള്‍ അയ്യന്‍ കാളിയും സഹോദരന്‍ അയ്യപ്പനും നടത്തിയ പോരാട്ടങ്ങള്‍, ദേശീയ സ്വാതന്ത്ര്യസമര പ്രസ്ഥാനം, ഇന്ത്യയിലു ലോകത്തുമാകെ ശക്തമായിക്കൊണ്ടിരുന്ന കമ്യൂണിസ്റ്റ് പുരോഗമന പ്രസ്ഥാനങ്ങളുടെ ഇടപെടലുകള്‍, പുരോഗമന വാദികളായ എഴുത്തുകാരും കലാകാരന്‍മാരും നല്‍കിയ സംഭാവനകള്‍, ക്രിസ്ത്യന്‍ മിഷണറിമാര്‍ മുതല്‍ ഗ്രന്ഥശാലാ പ്രസ്ഥാനങ്ങള്‍ വരെ നടത്തിയ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി പലതും ഇതില്‍ പെടും.

സമൂഹത്തില്‍ കൊടികുത്തി വാണിരുന്ന ജാതീയമായ ഉച്ചനീചത്വങ്ങളെ ഇല്ലാതാക്കാനുള്ള സമരങ്ങളാണ് ഈ പ്രസ്ഥാനങ്ങളിലൂടെ രൂപപ്പെട്ടത്. ജാതീയമായ അതിര്‍വരമ്പുകളെ തകര്‍തെതറിഞ്ഞ് മാനവസ്‌നേഹം വളര്‍ത്തുന്നതിനുള്ള ആശയതലം ഒരുക്കാന്‍ കഴിഞ്ഞുവെന്നാണ് ഈ പ്രസ്ഥാനങ്ങളുടെ ചരിത്ര വിജയം. സാമൂഹിക പ്രസ്ഥാനങ്ങളുടെ അജണ്ടകള്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഏറ്റെടുക്കാന്‍ തുടങ്ങി. ഗുരുവായൂര്‍ സത്യഗ്രഹം, വൈക്കം സത്യഗ്രഹം തുടങ്ങിയ സമരങ്ങള്‍ ഇതിന് ഉദാഹരണങ്ങളാണ്. കെ. കേളപ്പന്റെ നേതൃത്വത്തില്‍ നടന്ന ഗുരുവായൂര്‍ സത്യഗ്രഹത്തില്‍ എ.കെ.ജിയും കൃഷ്ണപിള്ളയുമെല്ലാം സജീവ പങ്കു വഹിച്ചിരുന്നു. അയിത്തത്തിനും അനാചാരങ്ങള്‍ക്കുമെതിരെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ പ്രത്യേകിച്ച് കമ്യൂണിസ്റ്റ് പ്രസ്ഥാനം സജീവമയി ഇടപെടുന്നതായിട്ടാണ് കേരള ചരിത്രത്തില്‍ നാം കാണുന്നത്.

സ്വാതന്ത്ര്യ ലബ്ദിക്കു മുമ്പും പിമ്പുമുള്ള ഒരു നൂറ്റാണ്ടു കാലം തിരുവിതാംകൂറിലും കൊച്ചിയിലും മലബാറിലുമുണ്ടായ സാമൂഹിക പരിഷ്‌കരണ പ്രസ്ഥാനങ്ങള്‍ക്ക് ചരിത്ര ഗതിയില്‍ നിര്‍ണായക സ്വാധീനമുണ്ട്. അതില്‍ നിന്നും ഊര്‍ജം ഉള്‍ക്കൊണ്ട് ശക്തി പ്രാപിച്ച ഉത്തരവാദ ഭരണവും അതിന്റെ പരിസമാപ്തിയും ഐക്യകേരളത്തിന്റെ പൂര്‍വ ചരിത്രമാണ്. ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടതുകൊണ്ടു മാത്രം രാജ്യത്തിന്റെയും ജനങ്ങളുടേയും പ്രശ്‌നങ്ങള്‍ അവസാനിക്കുന്നില്ലെന്നും ജന്മിത്തം തകര്‍ക്കപ്പെടേണ്ടതുണ്ടെന്നും കമ്യണിസ്റ്റുകാര്‍ മനസിലാക്കി. അടിസ്ഥാന ജനവിഭാഗത്തിന്റെ ആവശ്യങ്ങള്‍ അവഗണിച്ചു കൊണ്ട് മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയാത്ത വിധത്തിലുള്ള അവസ്ഥ സമൂഹത്തില്‍ വളര്‍ത്തിക്കൊണ്ടു വന്നു. അടിസ്ഥാന ജനിവിഭാഗങ്ങള്‍ക്കു വേണ്ടിയുള്ള പോരാട്ടങ്ങള്‍ക്കൊപ്പം തന്നെ ഐക്യ കേരളത്തിനു വേണ്ടിയുള്ള സമരവും കേരളത്തില്‍ വളര്‍ന്നു വരികയായിരുന്നു. ഐക്യ കേരളം എന്ന സങ്കല്‍പ്പം പ്രാവര്‍ത്തികമാക്കിക്കൊണ്ട് സമരങ്ങളും ഈ കാലഘട്ടത്തില്‍ നടന്നു. ഇതിന്റെ ഏറ്റവും ഉജ്ജ്വലമായ ഉദാഹഹരണമായിരുന്നു പുന്നപ്ര-വയലാര്‍ സമരം.

1957 ഏപ്രില്‍ അഞ്ച്, കേരളത്തിന്റെ അഭിമാനം സമുദ്രാതിര്‍ത്തികള്‍ക്കപ്പുറത്തേക്ക് ഉയര്‍ന്ന ഒരു ചരിത്ര സംഭവമായിരുന്നു. ബാലറ്റു പേപ്പറിലുടെ ആദ്യമായി ഒരു കമ്യൂണിസ്റ്റ് സര്‍ക്കാര്‍ അധികാരത്തിലേറിയ ദിനം. ഇ.എം.എസിന്റെ നേതൃത്വത്തിലുള്ള ഒന്നാമത്തെ കമ്യൂണിസ്റ്റ് സര്‍ക്കാരിന് കേരളത്തിന്റെ ഇതേ വരെയുള്ള വളര്‍ച്ചയില്‍ നിസ്തുലമായ പങ്കാണ് വഹിക്കാന്‍ കഴിഞ്ഞത്. ഈ സര്‍ക്കാര്‍ നടപ്പിലാക്കിയ കുടിയൊഴിപ്പിക്കല്‍ നിയമം കേരള ചരിത്രത്തില്‍ അവശ ജനതയ്ക്കു വേണ്ടി രൂപപ്പെടുത്തിയ നിയമത്തിന്റെ അടിസ്ഥാനശില തന്നെയെന്ന് കരുതാം. തുടര്‍ന്നു നടപ്പിലാക്കിയ ഭൂപരിഷ്‌കരണ നിമം, വിദ്യാഭ്യാസ പരിഷ്‌കാരങ്ങള്‍ മുതലാവയ കേരളത്തിന്റെ ഇതുവരെയുള്ള വളര്‍ച്ചയ്ക്കാധാരമായി എക്കാലത്തും അംഗീകരിക്കപ്പെട്ടിരുന്നു. ജനങ്ങള്‍ക്ക് ആശ്വാസകരമായ നടപടികള്‍ സ്വീകരിച്ച് മുന്നേറിയ ഇ.എം.എസ് സര്‍ക്കാരിനെ 1959-ല്‍ വലതുപക്ഷ രാഷ്ട്രീയ കക്ഷികള്‍, ജാതിമത ശക്തികളുടെ സഹായത്തോടെ അട്ടിമറിക്കുകയായിരുന്നു. കോണ്‍ഗ്രസ്, ജാതി-മത ശക്തികളെ കൂട്ടു പിടിച്ച് കമ്യൂണിസ്റ്റ് വിരുദ്ധ രാഷ്ട്രീയ മുന്നണിക്ക് കേരളത്തില്‍ രുപം നല്‍കി. കേരള രാഷ്ട്രീയത്തില്‍ ആദ്യമായി ജാതി-മത ശക്തികള്‍ക്ക് ഇടപെടാന്‍ വേണ്ട വഴിയൊരുക്കിയത് ഈ സാഹചര്യത്തിലാണ്. കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സി.ഐ.എ പണമൊഴുക്കിയ കാര്യം പില്‍ക്കാലത്ത് വെളിപ്പെട്ട വസ്തുതകളാണ്.

കേരള വികസന മാതൃകയെന്ന് ലോകം മുഴുവന്‍ അറിയപ്പെടുന്ന വിദ്യാഭ്യാസ- ആരോഗ്യ സേവനങ്ങളുടെ വ്യാപനം, ക്ഷേമ പദ്ധതികള്‍, സാര്‍വത്രിക പൊതുവിതരണ സമ്പ്രദായം, മിനിമം കൂലിക്കായള്ള നടപടികള്‍ തുടങ്ങി സമ്പത്തിന്റെയും വിഭവങ്ങളുടേയും നീതിപൂര്‍വമായ പങ്കു വയ്ക്കലിനെയും അടിസ്ഥാനപ്പെടുത്തിയുള്ള കേരളത്തിന്റെ രണ്ടാം ഘട്ട വികസനത്തിന് പ്രധാന പങ്കു വഹിച്ചത് ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങളും അവയ്ക്ക് നേതൃത്വം നല്‍കിയ സര്‍ക്കാരുകളുമാണെന്ന് അംഗീകരിക്കപ്പെടുന്ന വസ്തുതയാണ്. ആധുനിക കേരള സൃഷ്ടിക്കായുള്ള രണ്ടാം ഘട്ട പ്രവര്‍ത്തനത്തില്‍ മര്‍മ പ്രധാനമായ സംഭാവനകള്‍ ചെയ്തത് ഇ.എം.എസും അദ്ദേഹം നയിച്ച സര്‍ക്കാരുകളുമാണ്.

1980-ലെ നായനാരുടെ നേതൃത്വത്തിലുള്ള എല്‍.ഡി.എഫ് സര്‍ക്കാര്‍ കര്‍ഷക തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ പദ്ധതി നടപ്പാക്കിയ ആദ്യ സര്‍ക്കാരെന്ന ബഹുമതി നേടി. സംസ്ഥാനത്ത് ഇന്ന് നടപ്പിലുള്ള വിവിധ ക്ഷേമ പെന്‍ഷനുകളുടെ തുടക്കം ഇതായിരുന്നു. തുടര്‍ന്നു വന്ന ഇടതുപക്ഷ സര്‍ക്കാരുകളുടെ നേതൃത്വത്തില്‍ കേരളത്തില്‍ നടപ്പാക്കിയ സമ്പൂര്‍ണ സാക്ഷരത, പൊതുവിതരണ രംഗത്തെ മാവേലി സ്‌റ്റോറുകള്‍, ജനകീയാസൂത്രണം, അധികാര വികേന്ദ്രീകരണം തുടങ്ങിയ പദ്ധതികള്‍ ലോക ശ്രദ്ധ നേടിയിട്ടുള്ളവയാണ്.

കേരളത്തിന്റെ സാമൂഹിക മുന്നേറ്റത്തില്‍ 1957 മുതല്‍ കേരളം ഭരിച്ച ഇടതുപക്ഷ സര്‍ക്കാരുകളുടെ പ്രസക്തി എത്രയാണെന്ന് മനസിലാക്കണമെങ്കില്‍, കേരളത്തെ മറ്റ് സംസ്ഥാനങ്ങളുടെ സാമൂഹിക, സാംസ്‌കാരിക, സാമ്പത്തിക സ്ഥിതിയുമായി താരതമ്യം ചെയ്യേണ്ടതുണ്ട്. കേരളത്തോടൊപ്പം ഭാഷാടിസ്ഥാനത്തില്‍ രുപം കൊണ്ട് സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ-ആരോഗ്യ-ജീവിത നിലവാരവും സാമൂഹിക നീതിയുമെല്ലാം കേരളത്തെ അപേക്ഷിച്ച് ഏറെ പുറകിലാണെന്ന് സ്ഥിതിവിവര കണക്കുകള്‍ സൂചിപ്പിക്കുന്നു. സ്വതന്ത്ര ഭാരതത്തില്‍ ദളിതരും ഗോത്രവര്‍ഗക്കാരും ഇന്നും ജാതീയമായ അതിര്‍വരമ്പുകള്‍ക്കപ്പുറത്ത് സാമൂഹിക നീതി നിഷേധിക്കപ്പെട്ട് അടിമകളെപ്പോലെ ചൂഷണ വിധേയരായി കഴിയുന്ന ദയനീയ സ്ഥിതി നമുക്കു കാണാന്‍ കഴിയും. നമ്മുടെ തൊട്ട് അയല്‍പ്പക്ക സംസ്ഥാനം പോലും ഇതില്‍ നിന്നും ഒട്ടും ഭിന്നമല്ല.

ആഗോളവത്ക്കരണത്തിന്റെയും ഉദാരവത്ക്കരണത്തിന്റെയും സ്വകാര്യവത്ക്കരണത്തിന്റെയും ആവിര്‍ഭാവത്തോട പതിറ്റാണ്ടുകളുടെ പോരാട്ടങ്ങളിലൂടെ നാം കൈവരിച്ച പ നേട്ടങ്ങളും പിന്നോക്കം പോകുന്ന സ്ഥിതി ഉണ്ടായിട്ടുണ്ട്. കാര്‍ഷിക-വ്യാവസായിക മേഖലകളിലെ ഉത്പാദനത്തിലും ഉത്പാദനക്ഷമതിയിലും ഉണ്ടാകുന്ന കുറവ് വലിയ പ്രശ്‌നമായി ഉയര്‍ന്നു വരുന്നുണ്ട്. അഭ്യസ്ഥവിദ്യരുടെ തൊഴിലില്ലായ്മ, സ്ത്രീകള്‍, ദളിതര്‍ തുടങ്ങിയവരുടെ ജീവിതത്തിലുണ്ടാകുന്ന പിന്നോക്കാവസ്ഥയുടെ പ്രശ്‌നങ്ങള്‍, ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ നാം നേടിയ നേട്ടങ്ങളെ സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള ബോധപൂര്‍വമായ ഇടപെടലുകള്‍ നടത്തേണ്ടതായിട്ടുണ്ട്. ആഗോളവത്ക്കരണത്തന്റെയും ഉദാരവത്ക്കരണത്തിന്റെയും ദുരിതങ്ങളില്‍ നിന്നും കേരളത്തെ രക്ഷപെടുത്താന്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ കരുത്ത് പകരുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതില്‍ നമുക്ക് കൂടുതല്‍ ജാഗ്രത ആവശ്യമുണ്ട്.

Next Story

Related Stories