TopTop
Begin typing your search above and press return to search.

പച്ച കെട്ടിയ കമ്പും സിപിഎമ്മിന്‍റെ മലപ്പുറം പരീക്ഷണവും

പച്ച കെട്ടിയ കമ്പും സിപിഎമ്മിന്‍റെ മലപ്പുറം പരീക്ഷണവും

കെ.പി.എസ്.കല്ലേരി

പച്ച ചുറ്റി ഒരു കമ്പ് കുത്തിവെച്ചാല്‍ മലപ്പുറത്ത് ജയിക്കുമൊണ് ലീഗുകാര്‍ പണ്ടേ പറയാറുള്ളത്. മലപ്പുറം, പൊന്നാനി മണ്ഡലങ്ങളുടെ ചരിത്രം പരിശോധിച്ചാല്‍ അത് ഏറെക്കുറെ ശരിയുമാണ്. കാരണം മുസ്ലീം ലീഗ് അഖിലേന്ത്യാ പ്രസിഡന്റുമാരായിരുന്ന മെഹബൂബ് ഈ മില്ലത്ത് ഇബ്രാഹിം സുലൈമാന്‍ സേട്ടും ഗുലാം മുഹമ്മദ് ബനാത്ത് വാല എന്ന ജി.എം. ബനാത്ത്‌വാലയും പ്രചരണത്തിനായി മണ്ഡലത്തില്‍ എത്തിനോക്കുകപോലും ചെയ്യാതെ വിജയിച്ച ചരിത്രമുണ്ട് മഞ്ചേരിക്കും പൊന്നാനിക്കും. കോണി ചിഹ്നം കണ്ടാല്‍ പിന്നെ ഇവിടുത്തെ വോട്ടര്‍മാര്‍ സ്ഥാനാര്‍ഥിമാരുടെ പേരുപോലും നോക്കില്ലെന്ന് ചുരുക്കം. എന്നിട്ടും ഒറ്റത്തവണ മലപ്പുറം ഞെട്ടി. മലപ്പുറം മാത്രമല്ല സംസ്ഥാനത്തെ ലീഗുകാരും കോഗ്രസുകാരുമെല്ലാം ഒന്നിച്ചു ഞെട്ടിയ 2004ല്‍. അന്നു മഞ്ചേരിയായിരുന്ന മലപ്പുറം മണ്ഡലത്തില്‍ നിന്ന് ടി.കെ.ഹംസയെന്ന കമ്യൂണിസ്റ്റുകാരന്‍ ആരിവാളുകൊണ്ട് കോണിയെ മറച്ചിട്ടു. ഇന്നത്തെ ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദായിരുന്നു അന്ന് കോണിയില്‍ നിന്നും മറിഞ്ഞുവീണത്. അതുകൊണ്ടാവാം പണ്ടത്തെ കമ്പ്കുത്തിയ കഥയൊന്നും ഇപ്പോള്‍ മലപ്പുറത്ത് ലീഗുകാര്‍ പറയുന്നില്ല. പതിനാറാം ലോകസഭാ തെരഞ്ഞെടുപ്പിനിടെ ഒറ്റത്തവണ സംഭവിച്ച തോല്‍വിയുടെ നടുക്കം ഇപ്പോഴും മലപ്പുറത്തെ വേട്ടയാടുന്നുണ്ട് എന്നു ചുരുക്കം. ഒരുപക്ഷെ ഇത്തവണ ഇ.അഹമ്മദ് മലപ്പുറത്ത് വേണ്ടെന്ന് ലീഗുകാര്‍ ഒന്നടങ്കം മുറവിളികൂട്ടിയതും ഇനി ഒരിക്കല്‍പോലും ഈ മണ്ഡലം കൈവിട്ടുപോകരുതെന്ന് നിര്‍ബന്ധമുള്ളതിനാലാവണം.
അതേ സമയം കേരളം കൌതുകത്തോടെ നിരീക്ഷിക്കുന്ന അടവ്/നിലപാടുകളുടെ ഒരു പരീക്ഷണത്തിലാണ് സി പി ഐ എം. ഇത്തവണ വ്യാപക വിമര്‍ശനത്തിന് വിധേയമായ സ്വതന്ത്ര പരീക്ഷണത്തിന്‍റെ അങ്കതട്ടായി പൊന്നാനിയെ തിരഞ്ഞെടുത്തിരിക്കുകയാണ് ഇടതു മുന്നണി. ലീഗ്-കോണ്‍ഗ്രസ് ബന്ധത്തിലെ ഇടര്‍ച്ചകളെ വോട്ടാക്കി മാറ്റാം എന്ന സങ്കല്‍പ്പത്തില്‍ കെ പി സി സി അംഗമായിട്ടുള്ള വി അബ്ദുള്‍ റഹ്മാനെ സ്ഥാനാര്‍ഥി ആക്കിയതിന്‍റെ അനുരണനം മണ്ഡലത്തിലെ ചില പ്രദേശങ്ങളില്‍ എങ്കിലും കണ്ടു തുടങ്ങി എന്നു വേണം കരുതാന്‍. നേതൃത്വത്തിനെതിരെ പരസ്യ പ്രതികരണങ്ങളുമായി ഒരു പറ്റം പ്രാദേശിക നേതാക്കള്‍ രംഗത്ത് വന്നതോടെ അവരെ അടക്കി നിര്‍ത്താന്‍ സാക്ഷാല്‍ കെ പി സി സി പ്രസിഡന്‍റിന് തന്നെ അച്ചടക്കത്തിന്‍റെ ചുരിക വീശേണ്ടി വന്നിരിക്കുന്നു. അതേസമയം ഈ ടി മുഹമ്മദ് ബഷീര്‍ തലമുതിര്‍ന്ന നേതാവിനെ വീഴ്ത്താന്‍ താരതമ്യേനപുതുമുഖമായ അബ്ദുള്‍ റഹ്മാന്‍ പോര എന്ന വികാരം ഇടതുമുന്നണി പ്രവര്‍ത്തകര്‍ക്കിടയിലും ശക്തമാണ്.

തൊട്ടടുത്ത മലപ്പുറം മണ്ഡലത്തില്‍ ഈ അഹമ്മദിനെതിരെ സി പി ഐ എം നിര്‍ത്തിയ സ്ഥാനാര്‍ഥിയും ഏവരെയും അത്ഭുതപ്പെടുത്തുകയുണ്ടായി. തട്ടമിടാത്ത പി കെ സൈനബയ്ക്ക് മലപ്പുറത്തിന്‍റെ യാഥാസ്ഥിക മനസിനെ ഇളക്കാന്‍ കഴിയില്ല എന്നാണ് പൊതുവേയുള്ള നിരീക്ഷണം. പക്ഷേ പുരുഷാധിപത്യ ചിന്തയ്ക്ക് ആധിപത്യമുള്ള ഒരു സാമുദായികാന്തരീക്ഷത്തില്‍ ഒരു മുസ്ലിം സ്ത്രീയെ മത്സരിപ്പിക്കാന്‍ സി പി ഐ എം ധൈര്യം കാണിച്ചു എന്നത് പരാജയങ്ങള്‍ക്കിടയിലും സ്വര്‍ണ്ണ വെളിച്ചമായി നില്‍ക്കും എന്നാണ് ഇടതുപക്ഷത്തിന്‍റെ പ്രഖ്യാപിത നിലപാടുകളില്‍ ചോര്‍ച്ച സംഭവിച്ചു എന്ന് ആശങ്കപ്പെടുന്നവര്‍ കരുതുന്നത്.
മലപ്പുറമായ മഞ്ചേരി മണ്ഡലത്തില്‍ കമ്യൂണിസ്റ്റുകാര്‍ക്ക് ഒരുതവണത്തെ വിജയംമാത്രമാണ് അവകാശപ്പെടാനുള്ളതെങ്കില്‍ മണ്ഡലം പിറന്നകാലത്ത് മൂന്നുതവണ പൊന്നാനി ഇടതിനൊപ്പം നിന്നിട്ടുണ്ട്. ഏറ്റവും കൂടുതല്‍ക്കാലം പൊന്നാനി കൈക്കുള്ളില്‍ വെച്ച് നടന്നത് ബനാത്ത് വാലയാണ്. ഏഴുതവണയാണ് ബനാത്ത് വാല പൊന്നാനിയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടത്. 1977, 1980, 1984, 1989, 1996, 1998, 1999 തെരഞ്ഞെടുപ്പുകളില്‍ ബനാത്തവാല പൊന്നാനിയില്‍ നിന്ന് വിജയം കൊയ്തപ്പോള്‍ 1991ല്‍ ഇബ്രാഹിം സുലൈമാന്‍ സേട്ടുവും 2004ല്‍ ഇ. അഹമ്മദും, 2009ല്‍ ഇ.ടി. മുഹമ്മദ് ബഷീറും പൊന്നാനിയില്‍ നിന്ന് ലീഗിന് വിജയം നേടിക്കൊടുത്തിട്ടുണ്ട്. എന്നാല്‍ മണ്ഡലം പിറന്നതു മുതല്‍ തുടര്‍ച്ചയായി മൂന്ന് തവണയാണ് പൊന്നാനി ഇടതിനൊപ്പം നിന്നത്. 1962ല്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയെ പ്രതിനിധീകരിച്ച് ഇമ്പിച്ചി ബാവയും 1967ല്‍ സിപിഎമ്മിലെ ചക്രപാണിയും 1971ല്‍ സിപിഎമ്മിലെ എം.കെ. കൃഷ്ണനുമാണ് പൊന്നാനിയില്‍ നിന്നു ജയിച്ചു കയറിയത്. തിരൂരങ്ങാടി, താനൂര്‍, തിരൂര്‍, കോട്ടക്കല്‍, തവനൂര്‍, പൊന്നാനി, തൃത്താല നിയമസഭാ മണ്ഡലങ്ങള്‍ ചേര്‍താണ് പൊന്നാനി ലോക്‌സഭാ മണ്ഡലം.
വള്ളിക്കുന്ന്. കൊണ്ടോട്ടി, വേങ്ങര, പെരിന്തല്‍മണ്ണ, മഞ്ചേരി , മലപ്പുറം, മങ്കട, കൊണ്ടോട്ടി നിയമസഭാ മണ്ഡലങ്ങള്‍ ചേര്‍ന്നതാണ് മലപ്പുറം ലോക്‌സഭാ മണ്ഡലം. 2009 മുതലാണ് മഞ്ചേരി പുനഃര്‍നാമകരണം ചെയ്യപ്പെട്ട് മലപ്പുറമായത്. സുലൈമാന്‍ സേട്ടിന്റെ കുത്തകയായിരുന്നു ഒരു കാലത്ത് മഞ്ചേരി മണ്ഡലം. 1962, 1967, 1971, 1977, 1980, 1984, 1989 വര്‍ഷങ്ങളില്‍ ഇബ്രാഹിം സുലൈമാന്‍ സേട്ട് മഞ്ചേരിയില്‍ നിന്ന് വിജയിച്ചു കയറി. 1991, 1996, 1998, 1999, 2009 എന്നീ തെരഞ്ഞെടുപ്പുകളില്‍ ഇപ്പോഴത്തെ ലീഗ് അഖിലേന്ത്യാ പ്രസിഡന്റ് ഇ. അഹമ്മദും ഈ മണ്ഡലത്തില്‍ ലീഗിന്റെ വിജയം ഉറപ്പാക്കി. മണ്ഡലം പിറന്ന 1957ല്‍ സ്വതന്ത്ര സ്ഥാനാര്‍ഥി പോക്കര്‍ വത്തയും 2004ല്‍ സിപിഎമ്മിലെ ടി.കെ. ഹംസയും വിജയിച്ചതൊഴിച്ചാല്‍ മുസ്ലീം ലീഗിന്റെ കയ്യില്‍ത്തയൊയിരുന്നു ഈ മണ്ഡലം. 2009ലെ തെരഞ്ഞെടുപ്പില്‍ സിറ്റിംഗ് എംപിയായിരു ടി.കെ. ഹംസയെ പരാജയപ്പെടുത്തിയാണ് ഇ. അഹമ്മദ് മലപ്പുറത്തു നിന്ന് വിജയം കൊയ്തത്. മഞ്ചേരി മണ്ഡലത്തില്‍ നിന്ന് 1991, 1996, 1998, 1999 എന്നീ നാല് ലോക്‌സഭാ ഇലക്ഷനില്‍ തുടര്‍ച്ചയായി വിജയം കൊയ്ത ഇ. അഹമ്മദ് 2004ല്‍ മഞ്ചേരിയില്‍ നിന്ന് കളം മാറി ചവിട്ടി പൊന്നാനിയില്‍ മത്സരിച്ചു. ഇടതു സ്ഥാനാര്‍ഥി പി.പി. സുനീറിനെ അന്ന് അഹമ്മദ് പരാജയപ്പെടുത്തിയത് 1,02,758 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു. എന്നാല്‍ അഹമ്മദ് കളം മാറിയപ്പോള്‍ മഞ്ചേരി മണ്ഡലത്തില്‍ നിന്ന് മത്സരിച്ച് ഇപ്പോളത്തെ മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദിന് സിപിഎമ്മിലെ ടി.കെ. ഹംസക്കു മുന്നില്‍ അടിയറവു പറയേണ്ടിവന്നു. ചരിത്രത്തിലാദ്യമായി മഞ്ചേരി മണ്ഡലം ഇടത്തോട്ടു ചെരിഞ്ഞപ്പോള്‍ ടി.കെ. ഹംസക്ക് ലഭിച്ച ഭൂരിപക്ഷം 47, 743. എന്നാല്‍ 2009ലെ തെരഞ്ഞെടുപ്പില്‍ മലപ്പുറം മണ്ഡലം പുനഃകരേകീകരിക്കപ്പെട്ട് മലപ്പുറമായതോടെ ഇ. അഹമ്മദ് തിരിച്ചെത്തി. 2009ലെ ഇലക്ഷനില്‍ ടി.കെ ഹംസയെ 1,15,597 വോട്ടിന് പരാജയപ്പെടുത്തി ലീഗീന്റെ കുത്തക സീറ്റ് ഇ. അഹമ്മദ് തിരിച്ചു പിടിച്ചത്. ഇക്കുറിയും മലപ്പുറത്ത് മത്സരിക്കുന്ന ലീഗ് സ്ഥാനാര്‍ഥി ഇ. അഹമ്മദും, പൊന്നായിയില്‍ ഇ.ടി. മുഹമ്മദ് ബഷീറുമാണ്. എങ്കിലും സ്ഥാനാര്‍ഥിക്കു പകരം കമ്പ് കുത്തിവച്ചാലും കോണിക്ക് വോട്ടു കുത്തുമെന്ന ആ പഴയ വിശ്വാസമൊന്നും ഇപ്പോള്‍ ലീഗ് കേന്ദ്രങ്ങളിലില്ല. കാലം മാറിയപ്പോള്‍ വോട്ടര്‍മാരും മാറിയിട്ടുണ്ട്. തുടര്‍ച്ചയായി ആറാംതണയും കച്ചമുറുക്കി ഡല്‍ഹിക്ക് വിമാനം കയറാനിറങ്ങിയ അഹമ്മദ് സ്ഥാനാര്‍ഥിത്വം ഒപ്പിച്ചെടുക്കാന്‍ ഇത്തവണ വല്ലാതെ വിയര്‍ക്കേണ്ടി വന്നു.
പൊന്നാനി സുരക്ഷിതമാണെന്ന് കരുതുന്നുണ്ടെങ്കിലും രാഷ്ട്രീയ അടിയൊഴുക്കുകളില്‍ ഇടത്തോട്ടു തിരിഞ്ഞ ചരിത്രവുമുള്ളതിനാല്‍ ലീഗ് അവിടെയും ജാഗ്രതയിലാണ്. യുവരക്തങ്ങള്‍ക്ക് അവസരം നല്‍കുന്നില്ലെന്ന കാലങ്ങളായുള്ള പരാതി പരിഹരിക്കാന്‍ ഇക്കുറിയും ലീഗ് നേതൃത്വത്തിനാവാത്തതുമാത്രമാണ് ലീഗ് മലപ്പുറം ജില്ലയില്‍ ഇത്തവണ നേരിടുന്ന പ്രധാന പ്രശ്‌നം. മറിച്ച് മറ്റ് മണ്ഡലങ്ങളിലുള്ളതുപോലെ സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തലും ഉമ്മന്‍ചാണ്ടിയുടെ സോളറുമൊന്നും മലപ്പുറത്തുകാര്‍ കേട്ടിട്ടുണ്ടോയെന്നുപോലും സംശയം. 2004ലെ സാഹചര്യങ്ങളൊന്നുമില്ലെങ്കിലും സ്ഥാനാര്‍ഥിനിര്‍ണയത്തിലെ അസ്വാരസ്യങ്ങളെങ്കിലും മുതലെടുക്കാന്‍ പാകത്തില്‍ സിപിഎം കരുത്തരായ യോദ്ധാക്കളെ രംഗത്തിറക്കിയില്ലെന്ന ആക്ഷേപം പൊതുവിലുയര്‍ന്നിട്ടുണ്ട്. പൊന്നാനിയില്‍ മുന്‍ കോണ്‍ഗ്രസ് നേതാവ് വി.അബ്ദുറഹിമാന് ഇ.ടി.മുഹമ്മദ് ബഷീര്‍ എന്ന വന്‍ മരത്തോട് എങ്ങിനെ പൊരുതി നില്‍ക്കാനാവും..? അതുപോലെ മലപ്പുറത്ത് എത്രമാത്രം എതിര്‍പ്പുകള്‍ ഉണ്ടെങ്കിലും അഹമ്മദിനോട് പൊരുതാന്‍ സൈനബയെന്ന തട്ടമിടാത്ത സ്ത്രീക്ക് കഴിയുമൊയെന്നത് ജാതി-മത-വര്‍ഗീയ ഐക്യപ്പെടലിന്റെ തെരഞ്ഞെടുപ്പ് കാലത്ത് പ്രസക്തമായ ചോദ്യം തന്നെയല്ലേ.


Next Story

Related Stories