Top

മോദിക്ക് മനസിലാകില്ലാത്ത കുറച്ചു കാര്യങ്ങള്‍

മോദിക്ക് മനസിലാകില്ലാത്ത കുറച്ചു കാര്യങ്ങള്‍
ടീം അഴിമുഖം


ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരിക്കെ ലോര്‍ഡ് പാമേസ്റ്റണ്‍ എന്ന ഹെന്‍ട്രി ജോണ്‍ ടെമ്പിള്‍ 'ദേശങ്ങള്‍ക്ക് സ്ഥിരമായ ശത്രുക്കളോ മിത്രങ്ങളോ ഇല്ലെന്നും ഉണ്ടെങ്കില്‍ അത് സ്ഥിരമായ താത്പര്യങ്ങള്‍ മാത്രമാണെ'ന്നും പറഞ്ഞിട്ട് രണ്ടു നൂറ്റാണ്ടു കഴിഞ്ഞു. പക്വതയിലെത്തിയ ഏതൊരു രാജ്യത്തിനും അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ ഇന്നും പ്രസക്തമാണ്. ഇതു മനസിലാക്കണമെങ്കില്‍ കഴിഞ്ഞ ഏതാനും ആഴ്ചകളായി റഷ്യ ഉക്രയിനില്‍ കാണിച്ചുകൂട്ടുന്ന കാര്യങ്ങളും കഴിഞ്ഞ ഏതാനും ദിവസങ്ങളായി അമേരിക്ക ഇന്ത്യാ ബന്ധത്തില്‍ നടപ്പാക്കി വരുന്ന കാര്യങ്ങളും പരിശോധിച്ചാല്‍ മതി.


ഇന്ത്യയിലെ അമേരിക്കന്‍ അംബാസിഡര്‍ നാന്‍സി പവല്‍ മാര്‍ച്ച് 30-ന് എംബസി ഉദ്യോഗസ്ഥരെ വിളിച്ചുകൂട്ടി തന്റെ രാജി തീരുമാനം പ്രഖ്യാപിച്ചതിന് പിന്നില്‍ തെക്കനേഷ്യയില്‍ അമേരിക്കയ്ക്കുള്ള സ്ഥിരം താത്പര്യങ്ങള്‍ തന്നെയാണ് കാരണം. ഇന്ത്യന്‍ നയതന്ത്രജ്ഞ ദേവയാനി കോബ്രഗഡെയുടെ വീട്ടുജോലിക്കാരിയെ ചൊല്ലിയുള്ള ചെറിയൊരു തര്‍ക്കം ഇന്ത്യ - അമേരിക്ക ബന്ധത്തെ പിടിച്ചു കുലുക്കിയപ്പോള്‍ തന്നെ പവലിന്റെ പരമ്പരാഗത നയതന്ത്ര തന്ത്രങ്ങള്‍ പോരാ എന്ന് അമേരിക്കന്‍ ഭരണകൂടത്തിനുള്ളില്‍ മുറുമുറുപ്പുകള്‍ ഉയര്‍ന്നിരുന്നു.
ഇതിനോടൊപ്പമാണ് നരേന്ദ്ര മോദിയെന്ന ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയുടെ ഗ്രാഫ് വേണ്ടവിധത്തില്‍ ഗ്രഹിക്കാനോ അതിനെ തങ്ങള്‍ക്ക് ഉതകുന്ന വിധത്തില്‍ ഉപയോഗപ്പെടുത്താനോ നാന്‍സി പവലിന് കഴിഞ്ഞില്ല എന്നതും. 2002-ലെ ഗുജറാത്ത് കൂട്ടക്കൊലയുടെ പേരിലാണ് മോദിക്ക് അമേരിക്കന്‍ ഭരണകൂടം വിസ നിഷേധിച്ചത്. 2005-ല്‍ റദ്ദാക്കിയ വിസ പിന്നീടിതുവരെ പുന:സ്ഥാപിച്ചിട്ടില്ല. എങ്കിലും കഴിഞ്ഞ ഫെബ്രുവരി 13-ആം തീയതി പവല്‍ മോഡിയെ കാണുകയും അതുവഴി അമേരിക്കയുടെ ഒമ്പതു വര്‍ഷമായുള്ള ബഹിഷ്‌കരണത്തില്‍ അയവ് വരുത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഇതു പോരെന്നാണ് അമേരിക്കന്‍ ലോബിയിലെ ഒരു കൂട്ടരും ബി.ജെ.പിയുമൊക്കെ കരുതുന്നത്. കാരണം, യൂറോപ്യന്‍ യൂണിയന്‍ മിക്ക വികസിത രാജ്യങ്ങളുമൊക്കെ കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ മോദിയുമായി ഏറെ അടുത്തിരുന്നു.


നാന്‍സി പവലിന്റെ സ്ഥാനത്ത് ഗുജറാത്തില്‍ വേരുകളുള്ള യു.എസ് എയ്ഡ് മേധാവി രാജീവ് ഷായെ അടുത്ത അംബാസിഡറായി നിയമിച്ചേക്കുമെന്ന ചര്‍ച്ചകളാണ് ഇപ്പോള്‍ നടക്കുന്നത്. എന്തൊക്കെയാണെങ്കിലും അമേരിക്കയ്ക്ക് എന്നും അവരുടെ താത്പര്യങ്ങള്‍ തന്നെയാണ് പ്രധാനം.


120 കോടി ജനങ്ങളുള്ള, ലോകത്തിലെ തന്നെ ഏറ്റവും വലിയ മാര്‍ക്കറ്റുകളിലൊന്നായ, 35 കോടിയിലേറെ മധ്യവര്‍ഗക്കാരായ, ലോകം മുഴുവന്‍ സാമ്പത്തിക മാന്ദ്യം നേരിടുമ്പോഴും പിടിച്ചു നിന്ന, ജനാധിപത്യവും സ്വതന്ത്ര കോടതികളുമുള്ള ഇന്ത്യ അമേരിക്കയുടെ ഭാവിക്ക് വളരെ പ്രധാനമാണ്. അതോടൊപ്പം, ചൈന എന്ന രഹസ്യഡ്രാഗണ്‍ ലോകത്തിന്റെ തലവര തന്നെ മാറ്റിമറിക്കാന്‍ പ്രാപ്തരാകുമ്പോള്‍ ഏഷ്യയില്‍ വിശ്വസിക്കാന്‍ കഴിയുന്ന ശക്തമായ ഒരു രാജ്യം കൂടെയുണ്ടാകേണ്ടത് അമേരിക്കക്ക് അത്യാവശ്യമാണ്. അത് മന്‍മോഹന്‍ സിംഗ് എന്ന അമേരിക്കന്‍ ഭക്തനോ നരേന്ദ്ര മോദിയെന്ന കറുത്ത ഭൂതകാലമുള്ള കോര്‍പറേറ്റ് തോഴനോ എന്നത് അമേരിക്കക്ക് വിഷയമല്ല.
അമേരിക്കന്‍ താത്പര്യം ഇതൊക്കെയായിരിക്കെ, മോദി പ്രധാനമന്ത്രിയായാല്‍ ഇന്ത്യയുടെ വിദേശകാര്യനയം എന്തായിരിക്കും എന്നതാണ് മറ്റൊരു പ്രധാന കാര്യം. മോദിയെ കഴിഞ്ഞ ഒരു ദശകമായി മാറ്റിനിര്‍ത്തിയ അമേരിക്കന്‍ - യൂറോപ്യന്‍ കൂട്ടുകെട്ടിനെ ദൂരെ നിര്‍ത്തി മറ്റൊരു ആഗോള കൂട്ടായ്മയ്ക്ക് മോദി രൂപം കൊടുക്കുമോ? ചൈനയോട് തനിക്കുള്ള മമത മോദി നേരത്തെ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. രാഷ്ട്രീയപരമായി പടിഞ്ഞാറന്‍ ലോകത്തുള്ള തുറന്ന ജനാധിപത്യത്തേക്കാള്‍ ചൈനയിലെ അടഞ്ഞ, ഏകാധിപത്യ പ്രവണതകളുള്ള ഭരണകൂടമാണ് മോദിയുടെ ചിന്തയുമായി അടുത്തു നില്‍ക്കുന്നത്. ചില മോദി ഭക്തര്‍ പറയുന്നത് അദ്ദേഹവും റഷ്യയുടെ വ്‌ളാഡിമിര്‍ പുട്ടിനും അടുത്ത സുഹൃത്തുക്കളായി മാറുമെന്നാണ്. കാരണം, ഇരുവര്‍ക്കും 'ആണത്ത'മുണ്ടെന്നും അത് ലോകത്തെ പ്രദര്‍ശിപ്പിക്കാന്‍ ഇരുവര്‍ക്കും മടിയുമില്ലെന്നാണ്.


പക്ഷേ, ഇത്തരത്തില്‍ ആഗോള സാഹചര്യത്തെ മാറ്റിയെഴുതാന്‍ മോദിക്ക് കഴിയില്ല എന്നതാണ് യാഥാര്‍ഥ്യം. അന്താരാഷ്ട്ര തലത്തില്‍ തന്റെ പ്രതിച്ഛായ മെച്ചപ്പെടുത്താനും അത് വില്‍ക്കാനും മോദിയെ സഹായിച്ചത് അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും പടര്‍ന്നു കിടക്കുന്ന ഗുജറാത്തി സമൂഹമാണ്. അമേരിക്കന്‍ പ്രസിഡന്‍ഷ്യല്‍ രീതിയിലുള്ള മോദിയുടെ വിലയേറിയ തെരഞ്ഞെടുപ്പ് പ്രചരണം സ്‌പോണ്‍സര്‍ ചെയ്യുന്നത് റിലയന്‍സും അഡാനിയും പോലെ യൂറോപ്പിലും അമേരിക്കയിലുമൊക്കെ ഏറെ സാമ്പത്തിക താത്പര്യങ്ങളുള്ള കോര്‍പറേറ്റ് ഭീമന്മാരാണ്. അപ്പോള്‍ ഇവരുടെയൊക്കെ താത്പര്യങ്ങള്‍ക്ക് അപ്പുറത്ത് മറ്റൊരു രാഷ്ട്രീയം മോദിക്കില്ല എന്നതാണ് യാഥാര്‍ഥ്യം.
ഇനി ഇന്ത്യന്‍ വന്‍ സാമ്പത്തിക ശക്തിയായെന്നു കരുതുക, ആഗോള രാഷ്ട്രീയത്തില്‍ മാറ്റങ്ങളുണ്ടാക്കാന്‍ അതുമാത്രം പോര. അതിനപ്പുറം, 120 കോടി ജനങ്ങളെ ഒരുമിപ്പിച്ചു നിര്‍ത്താനും ഇന്ത്യ എന്ന രാജ്യത്തിന്റെ താത്പര്യങ്ങളെന്തെന്ന് ഈ ജനത്തിന്റെ രാഷ്ട്രീയ നേതൃത്വം നിര്‍വചിക്കുകയും വേണം. ഇന്ത്യയുടെ 'ഗ്രാന്‍ഡ് സ്ട്രാറ്റജി' എന്താണെന്ന് ഇനിയും ഉരുത്തിരിഞ്ഞു വന്നിട്ടില്ല. അതുകൊണ്ടാണ് ഗള്‍ഫിലടക്കം മരിച്ചുവീഴുന്നവരും കടല്‍ക്കൊള്ളക്കാര്‍ പിടിച്ചു കൊണ്ടു പോകുന്നവരും ശ്രീലങ്കയിലേയും പാക്കിസ്ഥാനിലേയും ജയിലില്‍ കിടക്കുന്ന മീന്‍പിടുത്തക്കാരും നമുക്ക് ആരുമല്ലാത്തവരായി മാറുന്നത്.


സ്വാതന്ത്ര്യം നേടി വര്‍ഷങ്ങള്‍ക്കുള്ളില്‍ ആഗോള രാഷ്ട്രീയത്തില്‍ ഒരു പ്രധാനപ്പെട്ട സ്ഥാനം ഉറപ്പിക്കാന്‍ നെഹ്‌റുവിന്റെ ഇന്ത്യക്ക് കഴിഞ്ഞിരുന്നു. സ്വതന്ത്ര ഇന്ത്യ സ്വീകരിച്ച ആദ്യ നിലപാടുകളില്‍ പ്രധാനപ്പെട്ട ഒന്നു തന്നെ ആഫ്രിക്കയിലേയും ഏഷ്യയിലേയും കോളനികളുടെ സ്വാതന്ത്ര്യത്തെ പിന്തുണയ്ക്കുകയായിരുന്നു. ലോകത്തോടും അവിടുത്തെ മനുഷ്യരോടുമുള്ള അനുകമ്പയുടെ മറ്റൊരു മുഖമായിരുന്നു ചേരിചേരാ നയം. അവിടെ നിന്ന്, ഇന്നത്തെ ഇന്ത്യ വന്നു നില്‍ക്കുന്ന അവസ്ഥ നമുക്കൊട്ടും അഭിമാനിക്കാന്‍ വകനല്‍കുന്നതല്ല. നാം നെഹ്‌റുവിന്റെ കാലത്തേക്ക് തിരിച്ചു പോകേണ്ടതില്ല. എന്നാല്‍ ഇന്നത്തെ ആഗോള സാഹചര്യങ്ങള്‍ക്കനുസരിച്ച് നിലയും വിലയുമുള്ള ഒരു രാഷ്ട്രമായി ഇന്ത്യ മാറണമെങ്കില്‍ നമ്മുടെ 'സോഫ്റ്റ് പവര്‍' പദവിയെ ശക്തിപ്പെടുത്തുകയാണ് വേണ്ടത്. അതിന്റെ തുടക്കം അവനവന്റെ വീട്ടില്‍ നിന്നായിരിക്കണം. അത് മോദിക്ക് മനസിലാകുന്ന രാഷ്ട്രീയമാണെന്ന് തോന്നുന്നില്ല. അത്രമാത്രം.Next Story

Related Stories