TopTop
Begin typing your search above and press return to search.

വാരാണസി: ഇങ്ങനെയാവരുത് മതം

വാരാണസി: ഇങ്ങനെയാവരുത് മതം
ലോകത്തിലെ ഏറ്റവും പൗരാണിക ആത്മീയ നഗരങ്ങളിലൊന്നാണ് വാരാണസി. വാരാണസി പെടുന്നനെ ശ്രദ്ധയാകര്‍ഷിക്കാന്‍ കാരണം ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോദി ഇവിടെ മത്സരിക്കുന്നു എന്നത് കൊണ്ടാണ്. മതം എങ്ങനെയെല്ലാം ആവരുതെന്ന് നമ്മളെ പഠിപ്പിക്കാന്‍ ഉപകരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ ഒന്നു കൂടിയാണ് വാരാണസി അഥവ കാശി. വരുണ നദിയുടെയും അസി നദിയുടെയും നടുവിലുള്ള പ്രദേശം എന്ന അര്‍ത്ഥത്തില്‍ വാരാണസി എന്നു പേരുവന്നു. അക്രമികളായി വന്നെത്തിയ മുസ്‌ളീം ഭരണാധികാരികള്‍ ബനാറസ് എന്നു പുനര്‍നാമകരണം ചെയ്തു. പ്രകാശിക്കുന്ന സ്ഥലം എന്നര്‍ത്ഥത്തില്‍ കാശി എന്നാണ് ഏറ്റവും പഴയ പേര്‍. ആ പേരിലാണ് ലോകം ആത്മീയ നഗരമായ കാശിയെ തിരിച്ചറിയുന്നത്. ഇന്ത്യയില്‍ ഏറ്റവുമധികം വര്‍ഗ്ഗീയ ലഹളകള്‍ നടന്ന നഗരങ്ങളില്‍ ഒന്നാണ് വാരാണസി. ഏറ്റവും അധികം ക്ഷേത്രങ്ങള്‍ അന്യമതസ്ഥര്‍ പൊളിച്ചു കളഞ്ഞതും ഏറ്റവുമധികം ക്ഷേത്രങ്ങള്‍ വിറ്റുകളഞ്ഞതും ഏറ്റവുമധികം ക്ഷേത്രങ്ങള്‍ വീടുകളായും കടകളായും മാറിയതിന്റെ ചരിത്രവും വാരാണസിക്ക് മാത്രമുള്ളതാണ്. കമ്മ്യുണിസ്റ്റ് പാര്‍ട്ടിക്ക് എം പിയും എം എല്‍ എയും ലഭിച്ച ഉത്തര്‍ പ്രദേശിലെ ഒരു പ്രധാന സ്ഥലമെന്ന നിലയിലും വാരാണസി പ്രസിദ്ധമാണ്. മതം മനുഷ്യരോടെന്ന പോലെ വിശ്വാസത്തോടും ഏറ്റവുമധികം അക്രമം നടത്തിയതിന്റെ ഒരു ലഘു വിവരണമാണീ കുറിപ്പ്.


കാശിയിലെ പഞ്ചക്രോശിയാത്ര എന്നു പേരായ ഒരു വിശുദ്ധ യാത്രയുണ്ട്. 26 കിലോമീറ്റര്‍ ചുറ്റളവില്‍ കാശിയെ വലം വെച്ചു വരുന്നതിനാണ് പഞ്ചക്രോശിയാത്രയെന്ന് പറയുന്നത്. ആ യാത്രമദ്ധ്യേ സന്ദര്‍ശിക്കുന്ന ക്ഷേത്രങ്ങളുടെ ഒരു കണക്കുണ്ട്. 1857ല്‍ പ്രസിദ്ധപെടുത്തിയ കണക്ക് പ്രകാരം 1300 ക്ഷേത്രങ്ങളാണ് പഞ്ചക്രോശിക്കുള്ളിലായ് ഉള്ളത്. ഇപ്പോള്‍ കണക്കെടുക്കുമ്പോള്‍ അതില്‍ പകുതിയും കാണുന്നില്ല. പ്രധാനപ്പെട്ട ആറ് ക്ഷേത്രങ്ങള്‍ മുസ്‌ളീം ഭരണാധികാരികള്‍ വിവിധ കാലയളവുകളിലായി പൊളിച്ചു കളഞ്ഞു. അതില്‍ ഏറ്റവും പ്രശസ്തമായത് കാശി വിശ്വനാഥ ക്ഷേത്രമാണ്. ആ ക്ഷേത്രം പൊളിച്ച് ക്ഷേത്രത്തിന്റെ തറയിലാണ് ഇപ്പോഴത്തെ ആലം ഗിരി മസ്ജിദ് എന്ന പള്ളിയിരിക്കുന്നത്. പഴയ ക്ഷേത്രത്തിന്റെ ഒരു ഭാഗം പള്ളിയുടെ പിന്നിലായ് ഔറംഗസീബിന്റെ നിര്‍ദേശപ്രകാരം നിലനിര്‍ത്തിയിരുന്നു - വരും കാലത്തിനു തീകൊടുക്കാന്‍. മറ്റു പ്രധാന ക്ഷേത്രങ്ങളായിരുന്ന ലാട്ട് മസ്ജിദ് പഴയ ലാട്ട് ഭൈരവ ക്ഷേത്രവും ബിന്ധു മാധവ മന്ദിരം പൊളിച്ച് ബേനി മാധവ ദറാറയും നിര്‍മ്മിച്ചു. ഇതൊക്കെയാണ് ചരിത്രത്തില്‍ രേഖപെടുത്തിയ വലിയ ക്ഷേത്രം പൊളിക്കലുകള്‍.കാശി വിശ്വനാഥ് ക്ഷേത്രം


ബാക്കി കാണാതായ ക്ഷേത്രങ്ങള്‍ എവിടെ പോയി എന്നന്വേഷിക്കുമ്പോള്‍ അതിവിചിത്രമായ ഒരുത്തരം നമുക്ക് ലഭിക്കും. ഭൂരിഭാഗം ക്ഷേത്രങ്ങളും വിറ്റുകളഞ്ഞു. വില്ക്കുകയോ എന്ന് അമ്പരക്കാന്‍ വരട്ടെ. സത്യം അതു തന്നെയാണ്. ആര്‍ക്കാണ് അമ്പലം വില്ക്കുക? മറ്റാര്‍ക്കുമല്ല വിഗ്രഹാരാധനയെ മുച്ചൂടും എതിര്‍ക്കുന്ന മുസ്ലീം സമുദായക്കാര്‍ക്ക് തന്നെ. അക്കാലത്ത് മൂന്ന് ലക്ഷം രൂപയുടെ ഒരു കെട്ടിടം നാല് ലക്ഷത്തിനു വാങ്ങി ഒരുലക്ഷം രൂപയ്ക്ക് പണ്ഡിറ്റുകളെ വിളിച്ച് വിഗ്രഹത്തെ പൂജകളോടെ ഗംഗയില്‍ നിക്ഷേപിച്ചാല്‍ ഒരമ്പലം തീര്‍ന്നു. അതായത് അഞ്ച് ഛോട്ടാ കാകജില്‍ ഒരു ക്ഷേത്രത്തിലെ വിഗ്രഹം വെള്ളത്തിലാവും. കാശിയില്‍ മദന്‍ പുര ചൗക്ക് തൊട്ട് മിക്കവാറും സ്ഥലങ്ങളില്‍ ഉണ്ടായിരുന്ന ക്ഷേത്രമടങ്ങുന്ന കെട്ടിടം അംഗസംഖ്യയില്‍ അധികമായുണ്ടായിരുന്ന ബംഗാളികളായ സേവായിതന്മാര്‍ (സംരക്ഷകര്‍) നിരന്തരം നടന്നു വന്ന ലഹളകളില്‍ മടുത്ത് കാലാകാലങ്ങളായ് വിറ്റു പോയി.


ഞാനും ആദ്യം ഇത് വിശ്വസിച്ചിരുന്നില്ല. പക്ഷേ കാശിവാസക്കാലത്താണ് പ്രശസ്തമായ ഒരു കോടതി വിധി ഉണ്ടാവുന്നത്. ഭഗവദ് ഗീത ദേശീയ ഗ്രന്ഥമാക്കണമെന്ന അലഹാബാദ് കോടതിയുടെ വിവാദ വിധി വന്നത് ലേഖകന്‍ താമസിച്ചിരുന്ന തിലഭാണ്ഡേശ്വര മഠത്തിന്റെ നേരെ എതിരെ എട്ടടി മാറിയുള്ള ഒരു യാദവ നിവാസിന്റെ കേസിലായിരുന്നു. പത്രത്തില്‍ വായിക്കുമ്പോഴാണ് നമ്മള്‍ പോലുമറിയുന്നത് അതൊരു ക്ഷേത്രമായിരുന്നു എന്ന്. ബംഗാളികളായുള്ള സേവായിതന്മാര്‍ യാദവര്‍ക്ക് വിറ്റു. ആ വിറ്റ കെട്ടിടം ഠാക്കുര്‍ മഠം (ശ്രീകൃഷ്ണ ക്ഷേത്രം) ആയിരുന്നത്രെ. നമ്മള്‍ കാണുമ്പോഴൊക്കെ അത് യാദവ നിവാസാണ്. അപ്പോഴാണ് മഠാധിപതിയായ ശിവാനന്ദ സ്വാമി തൊട്ടെതിരെ പൂട്ടിയിട്ടിരിക്കുന്ന മറ്റൊരു കെട്ടിടത്തിലേക്ക് വിരല്‍ ചൂണ്ടി പറഞ്ഞത്. ആ കാണുന്ന പള്ളി കോടതി സ്‌റ്റേ മൂലം പൂട്ടി കിടക്കുകയാണ്. അത് കാളി ക്ഷേത്രമാണ്. അത് മുസ്‌ളീമുകള്‍ക്ക് വിറ്റു. അവര്‍ താഴെ നിലയില്‍ കടകളും മുകളില്‍ പള്ളിയും പണിതു. പള്ളി പണിതപ്പോള്‍ പരിസരവാസികള്‍ സ്‌റ്റേവാങ്ങി. ഇപ്പോള്‍ പള്ളി പൂട്ടിയിട്ടിരിക്കുന്നു.ബേനി മാധവ് ധറാറയ്ക്കു മുന്നില്‍ ലേഖകന്‍


ഇപോഴും കാശിയില്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് കാണാന്‍ സാധിക്കും, പല ക്ഷേത്രങ്ങളും സ്റ്റുഡിയോയും ചായക്കടയും ഒക്കെയായി പരിവര്‍ത്തനപെട്ടിട്ടുള്ളത്. ഹിന്ദുമതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആരാധനാലയങ്ങളില്‍ ഒന്നായ കാശി വിശ്വനാഥക്ഷേത്രം പൊളിച്ച് അതിന്റെ തറയുടെ മുകളില്‍ പണിത പള്ളിയില്‍ ഇരിക്കുന്ന മുസ്‌ളീമുകളെ ഓടിക്കണം, ആ പള്ളി പൊളിച്ച് കളയണം എന്നാവശ്യപ്പെടുന്ന തീവ്ര ഹിന്ദുവിന് സ്വന്തം മതക്കാര്‍ കൈയ്യടക്കിയ ക്ഷേത്രങ്ങളെക്കുറിച്ച് ഒന്നും പറയാനില്ല. ഇവിടെയാണ് മതം എന്നു പറയുന്ന കള്ളച്ചരക്ക് തുറന്ന് കാട്ടപ്പെടുന്നത്. കാശിയിലെ ഹിന്ദുക്കളെ പോലെ തന്നെ മുസ്‌ളീമുകളും ഒന്നും മിണ്ടാന്‍ പറ്റാത്ത ഗതികേടിലാണ്. രണ്ട് പ്രബല വിഭാഗങ്ങള്‍ തമ്മില്‍ നടക്കുന്ന അടിയും കല്ലേറും കാശിയില്‍ നിരന്തര പ്രശ്നമാണ്. ലാട്ട് മസ്ജിദെന്നറിയപ്പെടുന്ന പഴയ ലാട്ട് ഭൈരവ മന്ദിരത്തിലെ വെള്ളിയാഴ്ച്ച പ്രാര്‍ത്ഥനകളില്‍ മന്ദിരത്തിന്റെ വിഗ്രഹം ഒഴിച്ചുള്ള ഭാഗങ്ങളിലൊക്കെ വിശ്വാസികള്‍ നിസ്‌കരിക്കാനിരിക്കുമ്പോള്‍ ചുറ്റും പോലീസ് വലയം തീര്‍ന്നത് ഹിന്ദു മുസ്‌ളീം ലഹള ഭയന്നല്ല. പകരം പരസ്പരമുള്ള കല്ലേറും കയ്യാങ്കളിയും ഭയന്നാണ്.
രാജ്യം സ്വാതന്ത്രം നേടിയ ദിവസവും വര്‍ഗ്ഗിയ ലഹളയാല്‍ കര്‍ഫ്യൂ പ്രഖ്യാപിക്കപ്പെട്ട നഗരമാണ് കാശി. ഹിന്ദിയില്‍ ഗ്യാന്‍ വാപി മന്ദിര്‍ എന്നു വിളിച്ചിരുന്ന കാശി വിശ്വനാഥ ക്ഷേത്രം പൊളിച്ച് അതിലെ വിഗ്രഹം കിണറ്റിലെറിഞ്ഞ് ഇപ്പോഴത്തെ ഗ്യാന്‍ (ജ്ഞാന വാപി) വാപി മസ്ജിദ്, ഔറംഗസീബ് പണിയുമ്പോള്‍ കാശിയില്‍ ലഹളകളൊന്നുമുണ്ടായിരുന്നില്ല. പക്ഷേ ഇപ്പോഴും പള്ളിക്ക് മുന്നിലായി പഴയ വിശ്വനാഥ ക്ഷേത്രത്തിലെ ശിവന്റെ വാഹനമായ ഋഷഭ വിഗ്രഹവും വിശ്വനാഥന്റെ പഴയ വിഗ്രഹം പിഴുതിട്ട ഗ്യാന്‍ വാപി കിണറും എപ്പോഴും പൊട്ടിത്തെറിക്കാവുന്ന ഒരു മത ലഹളയ്ക്കുള്ള മൈല്‍ കുറ്റികള്‍ പോലെ അവിടെയുണ്ട്.ലാട്ട് ഭൈരവആദ്യ മുസ്‌ളിം അക്രമണകാരി ആയിരം ക്ഷേത്രങ്ങള്‍ തകര്‍ത്തെന്നു ചരിത്രം രേഖപ്പെടുത്തിയ മണ്ണില്‍ പിന്നീടിങ്ങോട്ട് വന്ന ഒട്ടുമിക്ക ഭരണാധികാരികളും ക്ഷേത്രം തകര്‍ക്കാന്‍ മുന്നിട്ടു നിന്നെന്ന് നമുക്ക് കണ്ടെത്താന്‍ കഴിയും. വന്നു വന്ന് 1300 ക്ഷേത്രങ്ങള്‍ ഉണ്ടായിരുന്നതില്‍ പകുതിയും കാണുന്നില്ല. ഇപ്പോള്‍ ബാക്കിയുള്ള ക്ഷേത്രങ്ങള്‍ ഹിന്ദുക്കള്‍ തന്നെ സ്വയം ഇല്ലാതാക്കികൊണ്ടിരിക്കുന്നു. ഈ പൗരാണിക നഗരത്തില്‍ മോദിയെപ്പോലെ അതി കുപ്രസിദ്ധി നേടിയ മറ്റൊരു വിശുദ്ധ ദേഹം കൂടിയുണ്ട് മത്സരത്തിന്. വര്‍ഗ്ഗീയതയിലും ക്രിമിനലിസത്തിലും ഉന്നതമായ റാങ്കിലൊന്ന് കരസ്ഥമാക്കാന്‍ തക്കയോഗ്യന്‍ മറ്റാരുമല്ല - മുക്താര്‍ അന്‍സാരി എന്ന ഗുണ്ടാതലവന്‍. അദ്ദേഹത്തിന്റെ കേസുകളില്‍ ഏറ്റവും പ്രശസ്തം പട്ടാപ്പകല്‍ ബിജെപിയുടെ കൃഷ്ണാനന്ദ റായ് എന്ന എം എല്‍ എ യെ കൊലപെടുത്തുകയും അതിനു ശേഷം നടന്ന ഉപ തിരഞ്ഞെടുപ്പില്‍ മുഹമ്മദ് പൂരില്‍ തന്റെ അനുജനെ മത്സരിപ്പിച്ച് വിജയിപ്പിക്കാനും സാധിച്ചു എന്നതാണ്. സമാന സംഭവം അജിത് സര്‍ക്കാര്‍ എന്ന സി.പി.എം എം എല്‍ എയെ പപ്പു യാദവ് കൊന്ന് പിന്നീട് നടന്ന തെരഞ്ഞെടുപ്പില്‍ ജയിച്ചതാണ്. ഉത്തരേന്ത്യയില്‍, വിശിഷ്യ ഉത്തര്‍ പ്രദേശ്, ബിഹാര്‍ എന്നിവിടങ്ങളില്‍ തിരഞ്ഞെടുക്കപെടാനുള്ള മിനിമം യോഗ്യത മികച്ച ക്രിമിനലായിരിക്കണം എന്നത് സാധരണക്കാരന്റെ ഒരു വിശ്വാസമാണെന്ന് തോന്നുന്നു.


മോദിയും ക്ഷേത്രങ്ങളും

അയോദ്ധ്യയില്‍ നിര്‍മ്മിക്കാനൊരുങ്ങുന്ന രാമക്ഷേത്രം എന്നതിലൊഴികെ മോദിയെ അത്ര വലിയ ക്ഷേത്ര വിശ്വാസിയാണെന്ന് പറയുക സാദ്ധ്യമല്ലെന്ന് ചരിത്രം പറയും. മുസ്‌ളീം ഭരണാധികരികള്‍ അന്ധമായ മതഭ്രാന്ത് കൊണ്ട് ക്ഷേത്രങ്ങള്‍ പൊളിച്ച് കളഞ്ഞപ്പോള്‍ വികസനത്തിനായി ക്ഷേത്രങ്ങള്‍ പൊളിച്ച് മാറ്റി സ്ഥാപിച്ചതില്‍ മോദിയെ ആരും കുറ്റപ്പെടുത്തിയിട്ടില്ല. എങ്കിലും നര്‍മ്മദ തീരത്ത് ബാബറി മസ്ജിദിനേക്കാള്‍ പഴക്കമുള്ള മാതംഗേശ്വരനും വൃദ്ധകലേശ്വരനും അടക്കം 40-ല്‍ അധികം പൗരാണിക ക്ഷേത്രങ്ങള്‍ മരം പിഴുതു മാറ്റും പോലെ 23 മുതല്‍ 100 കിലോമീറ്റര്‍ ദൂരത്തേക്ക് വരെ മാറ്റി സ്ഥാപിക്കാന്‍ മോദിയെപ്പോലെ ഒരാള്‍ക്കേ സാധിക്കൂ. മറ്റാരായിരുന്നെങ്കിലും ആ ക്ഷേത്രങ്ങളെ തൊടണമെങ്കില്‍ ആയിരം വട്ടം ആലോചിക്കേണ്ടി വന്നേനെ. മോദി കാശിയിലെത്തുന്നത് ഒരു പ്രതീകമായിട്ടാണെങ്കില്‍ ഭയക്കാനൊത്തിരിയുണ്ട്. ശ്മശാന നഗരമാണ് വാരാണസി. മണികര്‍ണ്ണികയിലും ഹരിശ്ചന്ദ്ര ഘട്ടിലുമായ് നൂറുകണക്കിന് ശവങ്ങള്‍ ദിവസവും കത്തിയമരുന്നുണ്ട്. ക്ഷേത്രങ്ങളുടെയും ശ്മാശാന ഭൂമിയാണ് ലോകത്തിലെ ഏറ്റവും പഴക്കമാര്‍ന്ന ഈ നഗരം. മനുഷ്യന്‍ ഭക്തിയോടെ എന്തൊക്കെ ചെയ്യാം എന്നു കാണിക്കുന്നതിനൊപ്പം അന്ധമായ മതവിശ്വാസം കൊണ്ട് എന്തെല്ലാം ചെയ്യരുത് എന്നു കാണിക്കുവാനും വാരാണസിയല്ലാതെ ലോകത്ത് മറ്റൊരിടം മികച്ചതായുണ്ടാവില്ല.ഗ്യാന്‍ വാപി മോസ്ക്


Next Story

Related Stories