TopTop

അമ്മവിളയാട്ടം: ഇനിയും നമ്മള്‍ ഗെയിലിനെ അവിശ്വസിക്കണോ?

അമ്മവിളയാട്ടം: ഇനിയും നമ്മള്‍ ഗെയിലിനെ അവിശ്വസിക്കണോ?


സാജു കൊമ്പന്‍കഴിഞ്ഞ ദിവസം വടകരക്കാരനായ ഒരു വക്കീല്‍ തിരുവനന്തപുരത്ത് വന്നപ്പോള്‍ ഒരു സംഭവ കഥ എന്നോട് പറയുകയുണ്ടായി. ഈ അടുത്ത് വടകരയില്‍ നടന്നതാണ്. ഗെയില്‍ ട്രേഡ്വെലിന്റെ വെളിപ്പെടുത്തലും അതുമായി ബന്ധപ്പെട്ട ചര്‍ച്ചകളും കേരളത്തില്‍ ചൂട് പിടിച്ചു നില്‍ക്കുന്ന സമയം. ഇതിനോടനുബന്ധമായി വടകരയിലെ സഫ്ദര്‍ ഹാഷ്മി കലാ സാംസ്കാരിക വേദി അമൃതാനന്ദമയിയുടെ കോലം കത്തിക്കാനും ചാരം അഴുക്ക് ചാലില്‍ ഒഴുക്കാനും തീരുമാനിക്കുന്നു. ഇതറിഞ്ഞ പോലീസ് ഉടന്‍ ഇടപെട്ടു. പരിപാടി നടക്കാന്‍ പാടില്ല. നടന്നാല്‍ വലിയ സംഘര്‍ഷത്തിന് സാധ്യതയുണ്ട്. ഇതായിരുന്നു പോലീസ് വാദം. എന്നാല്‍ സംഘാടകര്‍ പിന്നോട്ട് പോകാന്‍ തയ്യാറായില്ല. പരിപാടി നടത്താന്‍ തീരുമാനിച്ച ദിവസം വടകര പട്ടണം നിറയെ അപരിചിതരായ സംഘ് പരിവാര്‍ പ്രവര്‍ത്തകരെക്കൊണ്ട് നിറഞ്ഞു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വന്‍ പോലീസ് സന്നാഹവും. ഒടുവില്‍ സഫ്ദര്‍ ഹാഷ്മി വേദി പ്രവര്‍ത്തകര്‍ക്ക് അവരുടെ ഓഫീസില്‍ നിന്ന് പുറത്ത് കടക്കാന്‍ കഴിയില്ല എന്ന അവസ്ഥയായി. അമൃതാനന്ദമയിയുടെ കോലം കത്തിക്കില്ല എന്ന്‍ പോലീസ് ഉറപ്പ് കൊടുത്തത്തിന് ശേഷം മാത്രമാണ് സംഘ് പരിവാര്‍ പ്രവര്‍ത്തകര്‍ വടകര ടൌണില്‍ നിന്ന് പിരിഞ്ഞു പോയത്.മാതാ അമൃതാനന്ദമയിയുടെ ഭക്തര്‍ ആരാണെന്നും അവരുടെ നെറ്റ്വര്‍ക്കിന്‍റെ വ്യാപ്തി എന്താണെന്നും പറയാന്‍ വേണ്ടി മാത്രമാണ് നാദാപുരം കല്ലാച്ചി കോടതിയില്‍ അഡ്വക്കേറ്റായ എം. സിജു പറഞ്ഞ സംഭവ കഥ ഇവിടെ വിശദീകരിച്ചത്.ഏറ്റവുമൊടുവില്‍ (?) ഡി സി ബുക്സും സ്വാമി സാന്ദീപാനന്ദ ഗിരിയും അമൃതാനന്ദമയി ഭക്തരാല്‍ ആക്രമിക്കപ്പെട്ടിരിക്കുന്നു എന്ന വാര്‍ത്തയാണ് പൊതുസമൂഹം ഞെട്ടലോടെ കേള്‍ക്കുന്നത്. കൈരളി ചാനലിന്‍റെ വാര്‍ത്താ മേധാവി ജോണ്‍ ബ്രിട്ടാസ് ഗെയില്‍ ട്രെഡ്വെലുമായി നടത്തിയ അഭിമുഖം ‘ഒരു സന്യാസിനിയുടെ വെളിപ്പെടുത്തലുകള്‍’ എന്ന പേരില്‍ പുസ്തകമാക്കിയതാണ് അമ്മയുടെ അനുയായികളെ പ്രകോപിപ്പിച്ചത്. അവര്‍ കോട്ടയത്തെ ഡി സി ബുക്സിന്‍റെ ഹെഡ് ഓഫീസിനും അതിന്‍റെ ഉടമ രവി ഡി സി യുടെ വീടിനും നേരെ കല്ലെറിയുകയായിരുന്നു.തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോഴാണ് സ്വാമി സന്ദീപാനന്ദഗിരിയെ അമൃതാനന്ദമയിയുടെ അനുയായികള്‍ ആക്രമിച്ചത്. തലയ്ക്ക് മുറിവേറ്റ സ്വാമി ഇപ്പോള്‍ കോട്ടയ്ക്കല്‍ ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സയിലാണ്. അമൃതാനന്ദ മായി മഠം ആരോപണ വിധേയമായ കാലം മുതല്‍ ആത്മീയ വ്യാപരത്തെയും മനുഷ്യദൈവ സങ്കല്‍പ്പത്തെയും ഹൈന്ദവ ദര്‍ശനങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് എതിര്‍ത്തിരുന്നയാളാണ് സ്വാമി സന്ദീപാനന്ദഗിരി. അന്ന് ഒരു ചാനല്‍ ചര്‍ച്ചയില്‍ പുര കത്തുമ്പോള്‍ വാഴ വെട്ടരുത് എന്നാണ് ‘നവ ഹൈന്ദവ ദാര്‍ശനികന്‍’ രാഹുല്‍ ഈശ്വര്‍ സ്വാമിക്ക് നല്കിയ ഉപദേശം. അന്നുമുതല്‍ പല വേദികളില്‍ വെച്ച് സ്വാമി കയ്യേറ്റം ചെയ്യപ്പെട്ടതിന്‍റെയും അപമാനിക്കപ്പെടുന്നതിന്റെയും വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. എന്തായാലും എന്നും ഹൈന്ദവ വിശ്വാസികള്‍ തൊട്ട് വന്ദിക്കുന്ന രാമായണത്തിന്‍റെ സ്നേഹ ഗാഥ മലയാളിക്ക് പാടി തന്ന തുഞ്ചത്ത് എഴുത്തച്ഛന്‍റെ മണ്ണില്‍ വെച്ച് തന്നെ സ്വാമി ആക്രമിക്കപ്പെട്ടത് ഒരു വിരോധാഭാസം തന്നെയായിട്ട് വേണം കാണാന്‍.എതിര്‍ ശബ്ദം ഉയര്‍ത്തുന്നവരെ ആക്രമിച്ച് ഇല്ലാതാക്കാനാണോ നാഴികയ്ക്ക് നാല്‍പ്പത് വട്ടം സ്നേഹത്തെക്കുറിച്ച് മാത്രം സംസാരിക്കുന്ന അമൃതാനന്ദമായി തന്‍റെ അനുയായികളെ പഠിപ്പിച്ച് വിടുന്നത്? തുച്ചമായ ശമ്പളത്തിന് അടിമ വേല ചെയ്യുന്ന അമൃത ആശുപത്രിയിലെ നേഴ്സുമാര്‍ സമരം ചെയ്തപ്പോള്‍ ഗുണ്ടകളെ ഉപയോഗിച്ച് തല്ലിയൊതുക്കാനാണ് ആശുപത്രി മാനേജ്മെന്‍റ് ശ്രമിച്ചത്. വള്ളിക്കാവില്‍ വെച്ച് അമ്മ ഭക്തരാല്‍ കൈകാര്യം ചെയ്യപ്പെട്ട സത്നാം സിങ്ങ് എന്ന യുവാവ് തിരുവനന്തപുരത്തെ മാനസികരോഗ ആശുപത്രിയില്‍ വെച്ച് കൊല്ലപ്പെട്ടതിന്‍റെ പിന്നിലും വടകരയിലും തുഞ്ചന്‍ പറമ്പിലും കോട്ടയത്തും കണ്ട ആക്രമികളായ അനുയായികളുടെ അദൃശ്യ സാന്നിധ്യം ഉണ്ടാകില്ലെന്ന് ആര്‍ക്ക് പറയാന്‍ സാധിയ്ക്കും.ഇനിയും നമ്മള്‍ ഗെയില്‍ ട്രെഡ്വെല്ലിനെ അവിശ്വസിക്കേണ്ടതുണ്ടോ? വര്‍ഷങ്ങള്‍ക്ക് മുന്‍പ് മഠത്തിന്റെ നിഗൂഢതയില്‍ സംഭവിച്ചു എന്ന്‍ അവര്‍ പറയുന്ന ക്രിമിനല്‍ പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ പകല്‍ വെട്ടത്തില്‍ നടന്നു കൊണ്ടിരിക്കുന്നത്. ഒരു നാടിന്‍റെ നിയമ സംവിധാനത്തെയോ സാമൂഹ്യ വികാസത്തെയോ ഇക്കൂട്ടര്‍ക്ക് ഒട്ടും ബഹുമാനമില്ല എന്നു മാത്രമല്ല ഭയവുമില്ല എന്നു വേണം കരുതാന്‍. കേവലം ഭരണകൂടത്തിന്‍റെ സംരക്ഷണ തണലില്‍ ചില ആത്മീയകേന്ദ്രങ്ങള്‍ നടത്തുന്ന ഒട്ടനവധി നിയമലംഘനങ്ങളുടെ തുടര്‍ച്ച മാത്രമല്ല ഈ സംഭവങ്ങള്‍. അത് നമ്മുടെ നാട്ടില്‍ നാള്‍ക്കുനാള്‍ ശക്തിപ്പെട്ടു വരുന്ന ഫാസിസ്റ്റ് മനോനിലയുടെ പ്രതികരണം കൂടിയാണ്. പച്ച മലയാളത്തില്‍ പറഞ്ഞാല്‍ ഗുണ്ടായിസമാണ്.ബ്രേക്കിംഗ് ന്യൂസ്: അഡള്‍ട്സ് ഓണ്‍ലി സര്‍ട്ടിഫിക്കറ്റുള്ള സിനിമ അനുമതി വാങ്ങാതെ സംപ്രേക്ഷണം ചെയ്തതിന് ലൈസന്‍സ് റദ്ദാക്കാതിരിക്കാന്‍ കാരണം ബോധിപ്പിക്കണം എന്ന് വാര്‍ത്താ വിതരണ മന്ത്രാലയം അമൃതാ ചാനലിനോട് ആവശ്യപ്പെട്ടു.Next Story

Related Stories