TopTop
Begin typing your search above and press return to search.

എഫ്ലു ഒട്ടും വ്യത്യസ്തമല്ല

എഫ്ലു ഒട്ടും വ്യത്യസ്തമല്ല

എഫ്ലു സ്റ്റുഡന്റ്സ് ഫോര്‍ ജസ്റ്റിസ് എഴുതി റൌണ്ട് ടേബിള്‍ ഓഫ് ഇന്ത്യയില്‍ പ്രസിദ്ധീകരിച്ചതിന്റെ സ്വതന്ത്ര വിവര്‍ത്തനം.

വിവര്‍ത്തനം: പ്രഭ സക്കറിയാസ്

“ഭരണഘടനയെ ആരെങ്കിലും ദുരുപയോഗം ചെയ്‌താല്‍ അത് ആദ്യം കത്തിക്കുക ഞാനായിരിക്കും”- ബി ആര്‍ അംബേദ്‌കര്‍

പി എച്ച് ഡി വിദ്യാര്‍ത്ഥികളായ മോഹന്‍ ധരാവത്ത്, സതീഷ്‌ നൈനാല, എംഎ വിദ്യാര്‍ഥിയായ സുഭാഷ്‌ കുമാര്‍ എന്നിവരെ സര്‍വകലാശാലാ വിദ്യാഭ്യാസത്തില്‍ നിന്ന് പുറത്താക്കാന്‍ ഹൈദ്രാബാദിലെ ഇംഗ്ലീഷ് ആന്ഡ് ഫോറിന്‍ ലാംഗ്വേജസ് സര്‍വകലാശാല തീരുമാനിച്ചത് ഇരുപത്തിനാലുമണിക്കൂറും തുറന്നു പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഒരു റീഡിംഗ്റൂം അടച്ചതിനെതിരെ പ്രതിഷേധിച്ചതിനാണ്. സര്‍വകലാശാലാനിയമങ്ങളെ വളച്ചൊടിച്ച് ഇങ്ങനെയൊരു തീരുമാനമെടുത്ത സര്‍വകലാശാലാ അധികൃതരോട് വിദ്യാര്‍ഥി സമൂഹത്തിനുള്ള ശക്തമായ പ്രതിഷേധം ഈ കുറിപ്പിലൂടെ അറിയിക്കുന്നു. ജനാധിപത്യപരവും നീതിയുക്തവും സകലരെയും ഒരേപോലെ ഉള്‍ക്കൊള്ളുന്നതുമായ ഒരു ഇടമായി ഈ സര്‍വകലാശാല മാറുന്നതിന് ഈ കാമ്പസിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും പരിശ്രമിച്ചുവരികയാണ്. എന്നാല്‍ വൈസ് ചാന്‍സലര്‍ സുനൈന സിംഗിന്റെ കീഴിലുള്ള സര്‍വകാലശാല അധികൃതര്‍ ഈ ശ്രമം ഒട്ടും എളുപ്പമുള്ളതാക്കുന്നില്ല. ഒരു സംവാദം സാധ്യമാക്കാനായി വര്‍ഷങ്ങള്‍ കൊണ്ട് അധ്യാപകരും അനധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് രൂപപ്പെടുത്തിയെടുത്ത എല്ലാ ഇടങ്ങളെയും ഗൂഡമായ ഇടപെടലുകളിലൂടെ കൃത്യമായി ഇവര്‍ ഇല്ലാതാക്കിയിരിക്കുകയാണ്.

മറ്റേതു സര്‍വകലാശാലയ്ക്കാണ് മൂന്നു വിദ്യാര്‍ഥി ആത്മഹത്യകളെപ്പറ്റി വീമ്പുപറയാന്‍ പറ്റുക? അതും ഇതില്‍ ഓരോന്നും അധികൃതരുടെ ഭാഗത്തുനിന്നുള്ള ദേശ, മത, ജാതി, ലിംഗ വ്യത്യസത്തിന്റെ പേരിലുള്ള വേര്‍തിരിവുകളും ഉപേക്ഷയും കൊണ്ട് സംഭവിച്ചതാണ് എന്നോര്‍ക്കുക. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ചുറ്റുപാടുകളില്‍ നിന്നുവരുന്ന കുട്ടികളെ ചട്ടപ്പടിക്ക് കൃത്യമായി തോല്‍പ്പിക്കുന്ന ഡിപ്പാര്‍ട്ട്മെന്റ് തലവരെ സംരക്ഷിക്കാന്‍ ശ്രമിക്കുന്ന വേറെ ഏത് വൈസ് ചാന്‍സലരുണ്ട്‌? (ഇതെന്താ വംശീയ ശുദ്ധീകരണമോ?) അധിക്ഷേപത്തിന്റെ കഥകള്‍ സര്‍വകലാശാലാ ഓര്‍മ്മകളില്‍ ഇല്ലാത്ത എത്ര ദളിത്‌ പൂര്‍വവിദ്യാര്‍ത്ഥികളെ നിങ്ങള്‍ക്കറിയാം? എഫ്ലു വ്യത്യസ്തമല്ല.

കുട്ടികളെ തെരഞ്ഞുപിടിച്ച് പീഡിപ്പിക്കുക, ദളിത്‌-ബഹുജന്‍ മറ്റു ന്യൂനപക്ഷ സംസ്കാരങ്ങളെ അടിച്ചമര്‍ത്തിക്കൊണ്ട് കാമ്പസിനെ ഹിന്ദുവല്ക്കരിക്കാന്‍ ശ്രമിക്കുക, സദാചാരപോലീസിംഗ് നടത്തുക എന്നിങ്ങയുള്ള കാര്യങ്ങള്‍ എഫ്ലുവില്‍ ഇപ്പോള്‍ സാധാരണയാണ്. നിയമഭേദഗതികളിലും നിയമനടപടികളിലും മാത്രം ഇത്തരം ഫാസിസ്റ്റ് നിലപാടുകള്‍ ഒതുങ്ങുന്നുമില്ല. ഈ നടപടിയോടെ അക്കാദമിക ഇടങ്ങളെ “മലിനമാക്കി പരിവര്‍ത്തനപ്പെടുത്താന്‍” ശ്രമിക്കുന്ന വിദ്യാര്‍ഥികള്‍ക്കെതിരെയുള്ള അഭിപ്രായപ്രകടനങ്ങള്‍ പൂര്‍ണ്ണമായതായി കാണാം.

ഈ മലിനമാക്കുന്നവര്‍ ആരാണ്? റിസര്‍വേഷന്‍ എന്ന ‘ആനുകൂല്യം’ നേടിയ വിദ്യാര്‍ഥികള്‍; ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ നിന്നെത്തിയ ആദ്യതലമുറ സാക്ഷരര്‍; സംഘര്‍ഷബാധിതപ്രദേശങ്ങളില്‍ നിന്ന് പഠിക്കാന്‍ വരുന്ന യുവാക്കള്‍; ആളുകള്‍ക്ക് ഫോബിയ തോന്നിക്കുന്ന ലൈംഗികതകളിലും ന്യൂനപക്ഷസമുദായങ്ങളിലും നിന്നുള്ളവര്‍- ഇവര്‍ക്കൊന്നും കേന്ദ്രസര്‍വകലാശാലകളില്‍ ഇടമില്ലല്ലോ. വ്യത്യാസങ്ങളെ അംഗീകരിക്കുന്നതിനെപ്പറ്റിയൊന്നും സംസാരിക്കണ്ട, അവരുടെ നിലനില്‍പ്പ് തന്നെ നമ്മുടെ ജാതിഹിന്ദു വിദ്യാഭ്യാസസമ്പ്രദായം നിലനില്‍ക്കുന്ന പവിത്രസ്ഥലത്ത് പ്രശ്നമാണല്ലോ. ഇത്തരം ആളുകള്‍ നാണംകെടുകയും തളരുകയും മരിക്കുകയും ചെയ്യുന്നതുവരെ അവരെ ആക്രമിക്കുക എന്നത് ഈ സര്‍വകലാശാല നിഷ്ഠയോടെ ചെയ്യുന്ന ഒരു കാര്യമാണ്. ഓരോ വര്ഷം കഴിയുന്തോറും സംവരണങ്ങള്‍ പാലിക്കാതെ വരുന്നു, അടിസ്ഥാനസൌകര്യങ്ങള്‍ ഇല്ലാതെ ഹോസ്റ്റലുകള്‍ തുടരും, വൈദ്യപരിരക്ഷ കിട്ടാതെ വിദ്യാര്‍ഥികള്‍ മരിക്കും, മേല്‍ജാതിഹിന്ദു സംരക്ഷകരുടെ കീഴില്‍ സ്ത്രീകള്‍ ശ്വസിക്കാന്‍ പാടുപെടും, നിങ്ങളുടെ തുല്യതാസ്വപ്നങ്ങള്‍ക്കുമേല്‍ ലിംഗ്ദോ കമ്മീഷന്‍ ഡാന്‍സ് ചെയ്യും.

അപ്പോള്‍ ഈ പ്രതികാരബുദ്ധിയുള്ള ജാതി ഹിന്ദു അധികാരബോധം എങ്ങനെയാണ് വളരുക?

അവരുടെ അഴിമതികള്‍ വെളിച്ചത്തുകൊണ്ടുവരുന്ന വിദ്യാര്‍ത്ഥികളെ അനധികൃതമായി പഠനത്തില്‍ നിന്ന് പുറത്താക്കും. ബലമായി വിദ്യാര്‍ത്ഥികളെ ഭ്രാന്താലയങ്ങളില്‍ എത്തിക്കും, എതിര്‍ക്കുന്നവരില്‍ നിന്ന് വന്‍തുകകള്‍ പിഴയായി ആവശ്യപ്പെടും, അസുരവാരം ആഘോഷിച്ച വിദ്യാര്‍ഥികള്‍ക്കെതിരെ കാമ്പസിനെ വര്‍ഗീയമാക്കുന്നുവെന്നാരോപിച്ച് പോലീസ് കേസെടുക്കും. എന്നാല്‍ ഗണേഷ് പന്തല്‍ കെട്ടുന്ന എബിവിപ്പി വിദ്യാര്‍ത്ഥികള്‍ക്ക് പണവും പൂക്കളും നല്‍കും. ഇതിനെ സംഭാവന എന്ന് വിളിക്കും. പിഎച്ച്ഡി വിദ്യാര്‍ത്ഥികള്‍ക്ക് വിദേശയാത്രകള്‍ പാടില്ല, അവര്‍ പോയി നമ്മുടെ സര്‍വകലാശാലയുടെ പേര് ചീത്തയാക്കിയാലോ? നിങ്ങള്‍ക്ക് കൃത്യമായി എല്ലാം നോക്കിനടക്കുന്ന ഒരു കാമറയുണ്ടെങ്കില്‍ നിങ്ങള്‍ സര്‍വകലാശാല വിടും വരെ അവര്‍ നിങ്ങളെ വേട്ടയാടി പീഡിപ്പിച്ചുകൊണ്ടേയിരിക്കും.

വലതുപക്ഷത്തേയ്ക്ക് വീശുന്ന ഒരു കാറ്റാണുള്ളത്. അതിന് ശക്തി കൂടും തോറും രാജ്യത്ത് നിന്ന് ജനാധിപത്യരീതികള്‍ നീങ്ങിപ്പോയിക്കൊണ്ടേയിരിക്കും. ഈ വിദ്യാര്‍ഥികള്‍ക്കു സംഭവിച്ചതിന്‍റെ സാഹചര്യം വ്യക്തമാക്കാനാണ് ഇതെഴുതിയത്. സര്‍വകലാശാലാ കാമ്പസുകളില്‍ ദൈനംദിനജീവിതത്തില്‍ വിദ്യാര്‍ഥികള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ അറിയേണ്ടതുണ്ട്, ഇത്തരം പോരാട്ടങ്ങള്‍ക്ക് ഇറങ്ങുമ്പോള്‍ അവര്‍ എന്തൊക്കെയാണ് സഹിക്കേണ്ടിവരുന്നത് എന്ന് അറിയേണ്ടതുണ്ട്. ഇത്തരം പോരാട്ടങ്ങള്‍ ചിലപ്പോള്‍ തങ്ങള്‍ക്കുവേണ്ടിയും ചിലപ്പോള്‍ മറ്റുള്ളവര്‍ക്ക് വേണ്ടിയുമാണ്, ചിലപ്പോള്‍ അതൊരു ആവശ്യമായതുകൊണ്ടും ചിലപ്പോള്‍ അത് അവരുടെ അടിസ്ഥാനസിദ്ധാന്തങ്ങള്‍ കൊണ്ടും ആകാം.

Original Article:

~


Next Story

Related Stories