TopTop
Begin typing your search above and press return to search.

ആന്‍റോയുടെ ജയവും ആറന്‍മുളയും

ആന്‍റോയുടെ ജയവും ആറന്‍മുളയും
അഭിലാഷ് രാമചന്ദ്രന്‍


കേരളത്തിലെ ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയത്തേക്കാളുപരി ഇരുമുന്നണികളും ശ്രദ്ധിച്ചത് ആരോപണങ്ങള്‍ മുന്‍നിര്‍ത്തിയുള്ള പ്രചാരണ കോലഹലങ്ങള്‍ക്കായിരുന്നു എന്നു നാം കണ്ടു കഴിഞ്ഞു. സംസ്ഥാനത്ത് ഏറ്റവും ശ്രദ്ധേയമായ പോരാട്ടം നടന്ന മണ്ഡലങ്ങളിലൊന്നായിരുന്നു പത്തനംതിട്ട. സ്ഥാനാര്‍ഥികളുടെ മികവോ മുന്നണികളിലെ പടലപ്പിണക്കങ്ങളോ ആയിരുന്നില്ല ഇവിടുത്തെ തെരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കിയത്. വികസനവും ജനപക്ഷ രാഷ്ട്രീയവും തമ്മില്‍ പോരാട്ടം നടന്ന ലോക്‌സഭാ മണ്ഡലം എന്നതായിരുന്നു പത്തനംതിട്ടയെ രാജ്യത്ത് എമ്പാടും ശ്രദ്ധേയമാക്കിയത്.


ആറന്‍മുള വിമാനത്താവളം എന്ന വിവാദ പദ്ധതിയെ എതിര്‍ത്ത് സംഘപരിവാറും ഇടതുപക്ഷവും ഒരുമിച്ച് സമരം നടത്തുന്നു എന്നതിനേക്കാളുപരി ജനങ്ങള്‍ വലിയ തോതില്‍ സമരത്തിനിറങ്ങിയ ഇടം. വികസനത്തിനുപരി പൈതൃകത്തിനും പാരമ്പര്യത്തിനും വേണ്ടി ജനങ്ങള്‍ സമരത്തിനിറങ്ങുന്നു എന്ന വലിയ സന്ദേശം കേരളത്തിനു നല്‍കിയ സമരം. പരിസ്ഥിതിക്കും നെല്‍വയലുകള്‍ സംരക്ഷിക്കുന്നതിനും വേണ്ടി നടത്തുന്ന സമരം എന്നിങ്ങനെ വലിയ ആശയങ്ങളായിരുന്നു ഈ സമരം മലയാളികള്‍ക്കു മുന്നില്‍ വച്ചത്. കേരളത്തിലെമ്പാടുനിന്നും സമരത്തിനു പിന്തുണയുമായെത്തിയ സാംസ്‌കാരിക പ്രവര്‍ത്തകരും പരിസ്ഥിതി പ്രവര്‍ത്തകരും നല്‍കിയ ആവേശം വേറെയും. നിയമങ്ങളും ചട്ടങ്ങളും കാറ്റില്‍പറത്തി അനുമതി നേടിയ വിമാനത്താവളത്തിന്റെ പിന്നില്‍ ഇന്നും ആരാണെന്നുള്ളത് അവ്യക്തമാണ്.


സോണിയാ ഗാന്ധിയുടെ മരുകന്‍ റോബര്‍ട്ട് വധേര, റിലയന്‍സ്, ടു.ജി സ്‌പെക്ട്രം അഴിമതിപ്പണം, വളഞ്ഞ വഴിയിലൂടെയുള്ള അനുമതി പത്രങ്ങള്‍ എന്നിങ്ങനെ ആരോപണങ്ങള്‍ അനവധിയും. കൂടാതെ ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തിനു വിമാനത്താവളം ഉയര്‍ത്തുന്ന ഭീഷണിയും. ഹിന്ദുവികാരം ആളിക്കത്തിച്ച് സംഘ്പരിവാര്‍, വിമാനത്താവളത്തിനു വേണ്ട പ്രാഥമിക അനുമതി മുഴുവന്‍ നല്‍കിയശേഷം പിന്നീട് കാലുമാറി സമരത്തിനിറങ്ങിയ വി.എസും കൂട്ടരും, സമരത്തെ മുന്‍നിര്‍ത്തി സോണിയയെ മുതല്‍ കോണ്‍ഗ്രസിനെ മുഴുവന്‍ പ്രതിക്കൂട്ടിലാക്കി ഇടതുപക്ഷം, സാംസ്‌കാരിക രംഗത്തിന്റെ മുഴുവന്‍ പിന്തുണ.


പക്ഷേ വിമാനത്താവളം നടപ്പാക്കുമെന്നു പ്രഖ്യാപിച്ച് ഏവരെയും വെല്ലുവിളിച്ച സ്ഥലം എം.പി. ആന്റോ ആന്റണി വീണ്ടും പത്തനംതിട്ടയില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ടു. അതായത് ജനം ഒരു ജനപക്ഷ രാഷ്ട്രീയത്തെ തോല്‍പ്പിക്കുന്നതിന്റെ ഏറ്റവും വലിയ തെളിവായി പത്തനംതിട്ട മാറുന്നു. കൊട്ടിഘോഷിക്കപ്പെടുന്ന വികസന മാതൃകകളെ ചെറുത്തുതോല്‍പ്പിക്കാന്‍ ശ്രമിക്കുന്ന ജനങ്ങള്‍ അവര്‍ക്ക് വിശ്വാസ്യതയില്ലാത്ത രാഷ്ട്രീയക്കാര്‍ നേതൃത്വം നല്‍കുന്ന തെരഞ്ഞെടുപ്പില്‍ എങ്ങനെ പ്രതികരിക്കുന്നു എന്ന കാഴ്ചയുടെ ഉദാഹരണമായി പത്തനംതിട്ട ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലവും മാറുന്നു. സമരം വിജയിക്കുമോ എന്നതിനേക്കാളുപരി മുഖ്യധാര രാഷ്ട്രീയത്തിനു ജനപക്ഷ സമരങ്ങളില്‍ യാതൊരു സ്ഥാനവുമില്ലെന്ന പുതിയ സാമൂഹിക പാഠങ്ങളും ആറന്മുള കേരളത്തിനു പകര്‍ന്നു നല്‍കുന്നു.


ആന്റോയും ആറന്‍മുളയും തെരഞ്ഞെടുപ്പും

ക്രൈസ്തവര്‍ക്ക് വലിയ തോതില്‍ മേല്‍ക്കൈയുള്ള പത്തനംതിട്ട ലോക്‌സഭാ മണ്ഡലം കോണ്‍ഗ്രസിനു കഴിഞ്ഞ തവണ ഒരു ലക്ഷത്തിപതിനായിരം വോട്ടിന്റെ ഭൂരിപക്ഷമാണു നല്‍കിയിരുന്നത്. പത്തനംതിട്ടയില്‍പ്പെടുന്ന എഴു നിയമസഭാ മണ്ഡലങ്ങളിലും ആന്റോയ്ക്കു ഇത്തവണയും ഭൂരിപക്ഷം നേടാനായി. കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം ഇടിഞ്ഞു 56,191 ആയെന്നു മാത്രം. കോണ്‍ഗ്രസിന്റെ സംസ്ഥാനത്തെതന്നെ തലപ്പൊക്കമുള്ള, ജില്ലയില്‍നിന്നുതന്നെയുള്ള നേതാവും മുന്‍ ഡി.സി.സി പ്രസിഡന്റുമായ പീലിപ്പോസ് തോമസിന്റെ സ്ഥാനാര്‍ഥിത്വം വിമാനത്താവള വിരുദ്ധ സമരസമിതിക്ക് വലിയ പ്രതീക്ഷകളാണ് നല്‍കിയിരുന്നത്.


കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പ് നടന്ന മണ്ഡല പുനഃനിര്‍ണയ കാലത്ത് കോണ്‍ഗ്രസിന് എക്കാലവും ജയിക്കാന്‍ കഴിയുന്ന ഒരു മണ്ഡലമായി പത്തനംതിട്ട രൂപപ്പെടുത്തിയതു പീലിപ്പോസ് തോമസായിരുന്നു. പക്ഷേ മണ്ഡലത്തിലെ ആദ്യത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ പി.ജെ. കുര്യന്‍, പീലിപ്പോസിനെ വെട്ടാനായി എ.കെ. ആന്റണിയുടെ സഹായത്തോടെ പത്തനംതിട്ടയ്ക്കായി കോട്ടയത്തുനിന്നു കണ്ടെത്തി, അവസാനം ഇറക്കുമതി ചെയ്ത നേതാവായിരുന്നു ആന്റോ. ആ ഭിന്നതകള്‍ ജില്ലാ നേതൃത്വവും ആന്റോയുമായി ഇന്നും തുടരുന്നു. ആന്റോ ആന്റണിയുടെ സ്ഥാനാര്‍ഥിത്വത്തെച്ചൊല്ലി ജില്ലാനേതൃത്വം ഇത്തവണ കടുത്ത എതിര്‍പ്പ് പ്രകടിപ്പിക്കുകയും ഡി.സി.സി. പ്രസിഡന്റ് മോഹന്‍രാജ് ഇതേച്ചൊല്ലി രാജി നല്‍കുകയും ചെയ്തു. പക്ഷേ ആന്റോയുടെ പിന്നിലുള്ള കോണ്‍ഗ്രസ് നേതാവ് പി.ജെ. കുര്യന്‍ ഇടപെട്ട് പ്രശ്‌നങ്ങള്‍ രമ്യതയിലാക്കി.
പീലിപ്പോസ് തോമസ് എന്ന തെരഞ്ഞെടുപ്പുകളിലെ നിത്യ പരാജയക്കാരനു മുന്നോട്ടുള്ള വഴികളില്‍ എന്നും തടസമായതു പി.ജെ കുര്യനായിരുന്നു. പത്തനംതിട്ടയ്ക്കു പകരമായി കഴിഞ്ഞതവണ റാന്നിയില്‍നിന്ന് നിയമസഭയിലേക്ക് പീലിപ്പോസിനെ മല്‍സരിപ്പിച്ചെങ്കിലും തോറ്റു. അതും ഒരേമണ്ഡലത്തില്‍നിന്നുള്ള മൂന്നാം തോല്‍വി. കാരണക്കാരനായത് മര്‍ത്തോമ്മാ സമുദായത്തില്‍നിന്നു താനല്ലാതെ മറ്റൊരു നേതാവ് നിലവില്‍ വേണ്ടെന്ന ദീര്‍ഘകാലമായുള്ള കുര്യന്റെ നയം. ആദ്യകാലത്ത് ഇരുവരും ഒരേ വള്ളത്തിലായിരുന്നുവെങ്കിലും കുറേക്കാലമായി അകല്‍ച്ചയിലാണ്. ഇപ്പോഴത്തെ ആറന്‍മുള എം.എല്‍.എ അഡ്വ ടി. ശിവദാസന്‍ നായര്‍ പീലിപ്പോസിനു പകരം കുര്യന്റെ അടുത്തയാളുമായി. വിമാനത്താവള സമരസമിതിയുടെ നേതൃത്വത്തില്‍ ആറന്‍മുള ക്ഷേത്രത്തിനകത്തുവച്ച് ജനങ്ങളുടെ അടിയേറ്റുവാങ്ങേണ്ടിവന്ന ജനപ്രതിനിധിയാണ് ശിവദാസന്‍ നായര്‍ എന്നതു പഴയ കഥ. നിര്‍ദിഷിഷ്ട വിമാനത്താവളം പ്രദേശം ഉള്‍പ്പെടുന്ന ആറന്‍മുള നിയമസഭാ മണ്ഡലത്തില്‍നിന്നുള്ള അദ്ദേഹം ആന്റോയ്‌ക്കൊപ്പം വിമാനത്താവള അനുകൂലികളില്‍ പ്രമുഖനാണ്. വിമാനത്താവള വിരുദ്ധ സമിതിയുടെ എതിര്‍പ്പിനൊപ്പം ആന്റോ ആന്റണി എന്ന നേതാവിന് ഇത്തവണ കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ മണ്ഡലങ്ങളിലെ പശ്മഘട്ട പ്രദേശങ്ങളില്‍നിന്നുമുള്ള എതിര്‍പ്പിനെയും നേരിടേണ്ടി വന്നിരുന്നു. കൂടാതെ കേരള കോണ്‍ഗ്രസ് നേതാവ് പി.സി. ജോര്‍ജിന്റെ എതിര്‍പ്പും. എന്നിട്ടും ആന്റോ എങ്ങനെ ജയിച്ചു എന്ന അന്വേഷണം നമ്മെ എത്തിക്കുക ശ്രദ്ധേയമായ ചില രാഷ്ട്രീയ കാഴ്ചകളിലേക്കാണ്.


പീലിപ്പോസിന്റെ സ്ഥാനാര്‍ഥിത്വവും രമേശിന്റെ പൊട്ടിവീഴലും

പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തില്‍ പീലിപ്പോസ് തോമസിനെ സ്വതന്ത്രനായി രംഗത്തിറക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചതു വിമാനത്താവള വിരുദ്ധ സമരത്തിനു നേതൃത്വം നല്‍കുന്ന ആറന്‍മുള്ള പൈതൃക കര്‍മ സമിതിയുടെ രക്ഷാധികാരിയും സംഘപരിവാര്‍ നേതാക്കളില്‍ പ്രമുഖനുമായ കുമ്മനം രാജശേഖരനായിരുന്നു. വിമാനത്താവള വിരുദ്ധ സമരത്തില്‍ ആദ്യം മുതല്‍ സജീവമായിരുന്ന പീലിപ്പോസുമായി ഉണ്ടായിരുന്ന അടുപ്പമാണ് കുമ്മനം ഇതിനായി ഉപയോഗിച്ചത്. സമരസമിതി നടത്തുന്ന നിയമപോരാട്ടങ്ങള്‍ക്കു പിന്നിലെ ബുദ്ധികേന്ദ്രവും പീലിപ്പോസാണ്. ഇടതുപക്ഷം പത്തനംതിട്ടയിലേക്കു ഒരു സ്ഥാനാര്‍ഥിയെ തേടിയിറങ്ങിയപ്പോള്‍ വീണുകിട്ടിയതായിരുന്നു പീലിപ്പോസിനെ. ജില്ലയിലെ നേതൃത്വവുമായി ഭിന്നതയിലായിരുന്നു പീലിപ്പോസിനെ കരുതലോടെ സമീപിച്ച ഇടതുപക്ഷത്തെ അദ്ദേഹം സമ്മതം അറിയിക്കുകയും ചെയ്തു. സംസ്ഥാന ആസൂത്രണ സമിതി അംഗം, എ.ഐ.സി.സി അംഗം, കെ.പി.സി.സി. എക്‌സിക്യൂട്ടീവ് അംഗം, മുന്‍ ഡി.സി.സി. പ്രസിഡന്റ്, കോണ്‍ഗ്രസിന്റെ ബുദ്ധി കേന്ദ്രം തുടങ്ങി നിരവധി വിശേഷണങ്ങള്‍ പേറുന്ന പീലിപ്പോസിന് തെരഞ്ഞെടുപ്പിലെ തോല്‍വി മാത്രമായിരുന്നു ഏക കുറവ്.


സി.പി.എമ്മിനെ അമ്പരിപ്പിച്ച് പീലിപ്പോസ് കാലുമാറി എത്തിയതിനു പിന്നില്‍ പക്ഷേ, കുമ്മനത്തിന്റെ ബുദ്ധി ഒളിച്ചുകിടന്നു. സ്ഥാനാര്‍ഥിയാകാനുള്ള ക്ഷണം ലഭിച്ചയുടനെ തന്നെ പീലിപ്പോസ് കുമ്മനവുമായി കൂടിക്കാഴ്ച നടത്തുകയും അദ്ദേഹം പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്തു. അതായിരുന്നു പീലിപ്പോസിന്റെ മല്‍സരരംഗത്തിറങ്ങാനുള്ള കൈമുതല്‍. പത്തനംതിട്ടയില്‍ ബി.ജെ.പി സ്ഥാനാര്‍ഥി ആരെന്ന കാര്യത്തില്‍ ആദ്യം മുതല്‍ അവ്യക്തത ഉണ്ടായിരുന്നു താനും. പി.എസ്. ശ്രീധരന്‍ പിള്ള, അല്‍ഫോണ്‍സ് കണ്ണന്താനം തുടങ്ങി പല പേരുകള്‍ പൊങ്ങി വന്നെങ്കിലും ഒന്നും ഉറപ്പായില്ല. പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിനും ഇക്കാര്യത്തില്‍ ഒരു വ്യക്തതയുമുണ്ടായില്ല. പക്ഷേ എം.ടി. രമേശ് എന്ന സ്ഥാനാര്‍ഥി ദേശീയേനതൃത്വത്തിന്റെ നിര്‍ദേശപ്രകാരം പൊട്ടിവീഴുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.


ആ വഴി എങ്ങനെയായിരുന്നു എന്ന അന്വേഷണങ്ങള്‍ എത്തിനിന്നത് അരുണ്‍ ജെയ്റ്റലിയിലായിരുന്നു. ബി.ജെ.പി ദുര്‍ബലനായ സ്ഥാനാര്‍ഥിയെ നിര്‍ത്തിയാല്‍ വിജയിക്കാമെന്ന പീലിപ്പോസിന്റെയും ഇടതിന്റെയും വഴി അടച്ചതു പി.ജെ. കുര്യന്റെ ഡല്‍ഹി നീക്കങ്ങളായിരുന്നു. സുപ്രീംകോടതിയില്‍ സൂര്യനെല്ലിക്കേസില്‍ തനിക്കുവേണ്ടി ഹാജരാകുന്ന ജെയ്റ്റ്‌ലിയുമായുള്ള ബന്ധം ഉപയോഗിച്ച് കുര്യന്‍ സംസ്ഥാനത്തെ യുവനേതാക്കളില്‍ പ്രമുഖനായ എം.ടി. രമേശിനെ എത്തിച്ചപ്പോള്‍ തകര്‍ന്നതു ബി.ജെ.പി വോട്ടുകള്‍ വഴി ആന്റോയെ പരാജയപ്പെടുത്താം എന്ന ഇടതുപക്ഷത്തിന്റെ വ്യാമോഹങ്ങളും അതോടൊപ്പം തെരഞ്ഞടുപ്പില്‍ ആന്റോയ്ക്കു തിരിച്ചടി നല്‍കാനുള്ള വഴി തേടിയ കുമ്മനത്തിന്റെ നീക്കത്തിന്റെ തകര്‍ച്ചയുമായിരുന്നു.


ബി.ജെ.പിയുടെ സ്ഥാനാര്‍ഥി കരുത്തനായതോടെ വോട്ടുമറിക്കുന്ന സ്ഥിരം വഴികള്‍ അടയുകയും ചെയ്തു. ഒടുവില്‍ വിമാനത്താവള വിരുദ്ധതയുടെ പേരില്‍ രൂപപ്പെട്ട വോട്ടുകള്‍ എത്തിയത് രമേശിന്. തങ്ങളുടെ വോട്ടുകള്‍ യാതൊരു പ്രതീക്ഷയുമില്ലാതെതന്നെ സമരത്തില്‍ ആദ്യം മുതല്‍ അണിണിരന്ന സംഘപരിവാറിന്റെ സ്ഥാനാര്‍ഥിക്ക് ജനം നല്‍കി. ബി.ജെ.പി. ആവശ്യപ്പെടാതെതന്നെ അവര്‍ക്ക് ജനം വോട്ട്‌ചെയ്തെന്നു സാരം. അങ്ങനെ ആറന്മുള ഒരു പുതിയ രാഷ്ട്രീയം കേരളത്തിനു നല്‍കി. ജനപക്ഷ രാഷ്ട്രീയം അവസരവാദ രാഷ്ട്രീയത്തിനു നല്‍കുന്ന തിരിച്ചടിയുടെ പുതിയ രാഷ്ട്രീയം. ഇടതുപക്ഷത്തിന്റെ അവസരവാദ നീക്കങ്ങള്‍ക്ക് അണികള്‍ നല്‍കിയ തിരിച്ചടി ഇതിനൊപ്പം ചേര്‍ക്കുമ്പോള്‍ ആന്റോയുടെ ജയം ഉറപ്പായി.


നോട്ടയും അപരനും വോട്ടുകള്‍ കവര്‍ന്ന വഴികള്‍

നിര്‍ദിഷ്ട ആറന്‍മുള വിമാനത്താവള പദ്ധതി പ്രദേശത്തെ രണ്ട് പഞ്ചായത്തുകളിലൊഴിച്ച് മുഴുവന്‍ ഇടങ്ങളിലും ആന്റോ ആന്റണിക്ക് ഭൂരിപക്ഷം നേടാനായി എന്നതാണ് ഈ തെരഞ്ഞെടുപ്പ് ഫലത്തെ ശ്രദ്ധേയമാക്കുന്നത്. ആറന്‍മുള മണ്ഡലത്തില്‍ അദ്ദേഹത്തിന് 11,000 വോട്ടുകളുടെ ഭൂരിപക്ഷം നേടാനുമായി. കഴിഞ്ഞ തവണ ഇത് പതിനെണ്ണായിരമായിരുന്നു. ഇതെങ്ങനെ സാധ്യമായി എന്ന ചോദ്യങ്ങളാണ് തെരഞ്ഞെടുപ്പ് ഫലത്തില്‍ ഏറ്റവും ഉയര്‍ന്നു കേള്‍ക്കുന്നത്. ആന്റോയ്ക്ക് എതിരായ വോട്ടുകള്‍ ആര്‍ക്കു സ്വന്തമായി എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് എം.ടി രമേശിനു ലഭിച്ച 1,38,954 വോട്ടുകള്‍. കഴിഞ്ഞ തവണ ലഭിച്ച 56,000 വോട്ടുകളുടെ ഇരട്ടിയിലേറെ. എല്ലാ മണ്ഡലങ്ങളിലും വോട്ട് കൂടുതല്‍. ആറന്‍മുളയില്‍ 23,771, അടൂരില്‍ 22,796, റാന്നിയില്‍ 18,531, കോന്നിയില്‍ 18,221, തിരുവല്ലയില്‍ 19,526, കാഞ്ഞിരപ്പള്ളിയില്‍ 20,840, പൂഞ്ഞാറില്‍ 15,099 ഇങ്ങനെയാണ് രമേശിനു ലഭിച്ച വോട്ടു നില. ഒപ്പം പീലിപ്പോസ് തോമസിന്റെ അപരന്‍ പീലിപ്പോസ് നേടിയത് 16,493 വോട്ട്.
നോട്ട ഒട്ടും മോശമായില്ല പിടിച്ചത് 16,538 വോട്ട്. എല്ലാ മണ്ഡലത്തിലും രണ്ടായിരത്തിലേറെ വോട്ടുകള്‍. പത്ത് തപാല്‍ വോട്ടും. ന്യൂനപക്ഷ വോട്ടുകള്‍ കൃത്യമായി കോണ്‍ഗ്രസ് പെട്ടിയില്‍ വീണു. പക്ഷേ എതിര്‍ വോട്ടുകള്‍ വീണത് ഇടതു സ്ഥാനാര്‍ഥിലക്കല്ല. മറിച്ച് അതു ലഭിക്കേണ്ട സ്ഥാനാര്‍ഥിക്കുതന്നെ ലഭിച്ചു. ഒപ്പം താമരയ്ക്ക് വോട്ടു ചെയ്യാന്‍ ബുദ്ധിമുട്ടുള്ളവര്‍ നോട്ടയെയും അപരനെയും കൂട്ടുപിടിച്ചു. സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്താതെ തലേദിവസം വരെ മറ്റൊരു പാര്‍ട്ടിയുടെ നേതാവായിരുന്ന ഒരാളെ ഒരു കാരണവും പറയാതെ ഒപ്പം കൂട്ടിയ ഇടതുവിദ്യ പിഴച്ചു. അതോടൊപ്പം സമരത്തിനു നേതൃത്വം നല്‍കിയ സംഘ്പരിവാര്‍ തങ്ങള്‍ക്കു ലഭിക്കുന്ന വോട്ടുകള്‍ ഇടതുവശത്ത് എത്തിക്കുക വഴി ആന്റോയെ തോല്‍പ്പിക്കാനുള്ള നീക്കത്തിനും തിരിച്ചടി നല്‍കിയത് ജനങ്ങള്‍ തന്നെയാണ്. ആന്റോയ്ക്ക് ഓരോ മണ്ഡലങ്ങളിലും നഷ്ടപ്പെട്ട വോട്ടുകള്‍ ഇടതു പാളയത്തിലെത്താതെ ബി.ജെ.പിക്കും നോട്ടയ്ക്കും അപരനും വേണ്ടി ജനങ്ങള്‍ വിനിയോഗിച്ചു. അതായതു വിമാനത്താവളം ആറന്മുളയിലെ പൈതൃകത്തെ അട്ടിമറിക്കുന്നുവെന്നും കേന്ദ്രത്തില്‍ എന്‍.ഡി.എ. സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ആറന്മുള വിമാനത്താവളം നടപ്പാക്കില്ലെന്നതുമാണ് ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനത്തിനു ജനം വോട്ട് ചെയ്തു. ഒരു ലക്ഷത്തിലേറെ വരുന്ന പുതുവോട്ടുകളും ഈ വഴികളിലൂടെ തന്നെയാണു പോയത്. സ്ഥാനാര്‍ഥിയുടെ പരാജയം അല്ല ജനം ലക്ഷ്യമിട്ടതു മറിച്ച് അവര്‍ ഒരു നിലപാടിനു വോട്ട് ചെയ്തു. താമരയ്ക്ക് വോട്ടുചെയ്യാത്തവര്‍ നോട്ടയ്ക്കും അപരനും വോട്ടു ചെയ്തു. പീലിപ്പോസിനു ചെയ്യാതെ പോയ ഇടതുവോട്ടുകളും എത്തിച്ചേര്‍ന്നത് ഈ മൂന്നിടങ്ങളിലേക്കായിരുന്നു. അങ്ങനെ പരാജയപ്പെടേണ്ടിയിരുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അനായസം വിജയിച്ചു. ബി.ജെ.പി കൂടുതല്‍ വോട്ടുപിടിച്ചാല്‍ അനായാസം വിജയിക്കാമെന്ന ഇടതുതന്ത്രം സംസ്ഥാനത്ത് മുഴുവന്‍ പാളിയതുപോലെ ഇവിടെയും പാളി. ന്യൂനപക്ഷ വോട്ടുകള്‍ക്ക് മേല്‍ക്കൈയുള്ള മണ്ഡലങ്ങള്‍ പിടിച്ചെടുക്കാന്‍ സി.പി.എം. പുതിയ വഴികള്‍ തേടേണ്ടതുണ്ടെന്നുള്ള ഒരു പാഠവും ഈ തെരഞ്ഞെടുപ്പ് നല്‍കുന്നു. അതോടൊപ്പം ഹൈന്ദവരിലെ മേല്‍ത്തട്ടില്‍പ്പെടുന്നവര്‍ കോണ്‍ഗ്രസില്‍നിന്ന് ബി.ജെ.പിയിലേക്കു നീങ്ങുന്നു എന്ന കോണ്‍ഗ്രസിനുള്ള സന്ദേശവും.


ജനപക്ഷ രാഷട്രീയം നേരിടുന്ന വെല്ലുവിളികള്‍

തെറ്റായ വികസന നയങ്ങള്‍ക്കെതിരേ സംസ്ഥാനമൊട്ടാകെ അരാഷ്ട്രീയ ജനകീയ സമരങ്ങള്‍ നടക്കുന്ന കാലത്ത് നടന്ന തെരഞ്ഞെടുപ്പ് എന്ന നിലയില്‍ ഈ ലോക്‌സഭാ തെരഞ്ഞെടുപ്പിന് കേരള രാഷ്ട്രീയത്തില്‍ നിര്‍ണായക ഇടമാണുണ്ടായിരുന്നത്. ആപ്പ് ചെലുത്തുന്ന സ്വാധീനം, മുന്നണികളോടുള്ള ജനങ്ങളുടെ താല്‍പര്യമില്ലായ്മ, ജനകീയ സമരങ്ങളുടെ ഒപ്പമുള്ള ജനങ്ങളുടെ വിധി എന്താകും തുടങ്ങി നിരവധി ചോദ്യങ്ങള്‍ ഈ തെരഞ്ഞെടുപ്പ് ഉയര്‍ത്തിയിരുന്നു. ആറന്‍മുള, അടുത്തിടെ സംസ്ഥാനത്തുണ്ടായ ഇത്തരം സമരങ്ങളില്‍ ഏറ്റവും നിര്‍ണായകമായ ഒരു ഇടം നേടിയെടുക്കുകയും ചെയ്തിരുന്നു. ഇടതുപക്ഷവും സംഘപരിവാറും ഒത്തുചേര്‍ന്ന സമരം, വന്‍ ജനപങ്കാളിത്തം, കൂടാതെ സാംസ്‌കാരിക പ്രമുഖരുടെ ഇടപെടലുകള്‍, ആര്‍ക്കും സ്വാധീനിക്കാനാവാത്ത നേതൃത്വം, ക്ഷേത്രനഗരിയില്‍ നടക്കുന്ന സമരം എന്ന നിലയിലുള്ള ഹൈന്ദവമുഖം എന്നുതുടങ്ങി ഒരുപാട് വിശേഷണങ്ങള്‍.


പക്ഷേ ഈ സമരം ആര്‍ക്കുവേണ്ടിയായിരുന്നുവോ ആ ജനങ്ങള്‍ അവരുടെ നിലപാടുകളില്‍നിന്ന് ഒരു തെരഞ്ഞെടുപ്പിന്റെ പേരില്‍ പിന്നാക്കം പോയില്ല എന്നതാണ് ഈ സമരത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയായി ഇന്നു നമുക്ക് കാണാന്‍ കഴിയുന്നത്. അതോടൊപ്പം സംസ്ഥാനത്ത് ജനകീയ സമരങ്ങള്‍ ഉണ്ടാക്കിയ സ്വാധീനത്തിന്റെ ആദ്യ ഗുണഭോക്താവായി ബി.ജെ.പി. മാറിയ കാഴ്ചയ്ക്കും ആറന്‍മുള സാക്ഷ്യമാകുന്നു. മുന്നണികള്‍ നയിക്കുന്ന േകരളത്തിലെ മുഖ്യധാര രാഷ്ട്രീയത്തോടുള്ള വിയോജിപ്പ് അവര്‍ രേഖപ്പെടുത്തി. അതും വലതുപക്ഷ രാഷ്ട്രീയത്തിനനുകൂലമായി. കേരളത്തിന്റെ മാറുന്ന മുഖമായി അങ്ങനെ ആറന്‍മുള മാറുന്നു. വിമാനത്താവളത്തിനുവേണ്ട പ്രാഥമിക അനുമതികള്‍ മുഴുവന്‍ നല്‍കിയ ഇടതുപക്ഷത്തെ പിന്തുണയ്ക്കാന്‍ ജനം തയാറായില്ല. സമരത്തിനു നേതൃത്വം നല്‍കിയ ബി.ജെ.പി, വിമാനത്താവളത്തിനായി ശക്തമായി നിലനിന്ന ആന്റോ ആന്റണിയെ തോല്‍പ്പിക്കാന്‍ ഇടതിനോടടുക്കാന്‍ ശ്രമിച്ചതിനെ ജനം അംഗീകരിച്ചുമില്ല. സമരത്തിനൊപ്പം ആദ്യംതൊട്ടു നിലനിന്നിട്ടും പീലിപ്പോസിന്റെ അവസരവാദ രാഷ്ട്രീയ കാലുമാറ്റത്തെയും തുടര്‍ന്നുലഭിച്ച സ്ഥാനാഥിത്വത്തെയും അംഗീകരിക്കാനും അവര്‍ തയാറായില്ല.


ചുരുക്കത്തില്‍ വിമാനത്താവളത്തിനെതിരായി നിന്ന ജനവിഭാഗങ്ങള്‍ മുഖ്യധാരാ രാഷ്ട്രീയത്തെ അംഗീകരിക്കാന്‍ തയാറായില്ല. അല്ലെങ്കില്‍ തങ്ങളുടെ സമരത്തെ കവര്‍ന്നെടുക്കാന്‍ ആരെയും അനുവദിക്കാന്‍ അവര്‍ തയറായില്ല. പക്ഷേ ജനപക്ഷ രാഷ്ട്രീയം അല്ലെങ്കില്‍ ജനങ്ങളുടെ നിലപാടുകള്‍ വോട്ടിംഗിലെ ജയത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതാണെങ്കില്‍ ഇപ്പോള്‍ ആറന്‍മുള സമരം പരാജയത്തിന്റെ വഴിയിലാണ്. പക്ഷേ ജനം ആ പരാജയത്തെ തങ്ങളുടെ വിജയമായിക്കാണുന്നു എന്ന പുതിയ രാഷ്ട്രീയമാണ് ഇപ്പോള്‍ പത്തനംതിട്ടയില്‍ ഉരുത്തിരിഞ്ഞിരിക്കുന്നത്. വികസന കാഴ്ചപ്പാടുകളില്‍ ഇരുമുന്നണികളും സ്വീകരിക്കുന്ന നിലപാടുകള്‍ക്കുള്ള തിരിച്ചടി കൂടിയാണ് ഈ തെരഞ്ഞെടുപ്പ് ഫലം. സമരം ഞങ്ങള്‍ ചെയ്‌തോളം, പിന്തുണ എവിടെനിന്നു കിട്ടിയാലും സ്വീകരിക്കും, പക്ഷേ വോട്ടിനായുള്ള നിലപാടുകള്‍ക്ക് ഇവിടെ ഇനി ഇടമുണ്ടാകില്ല എന്നു കേരളത്തിലെ മുന്നണികള്‍ക്കുള്ള ശക്തമായ സന്ദേശം കൂടിയാണ് ആറന്‍മുളയിലെ ഫലം നല്‍കുന്നത്.

Next Story

Related Stories