TopTop
Begin typing your search above and press return to search.

ഹാ... കഷ്ടം, ഇടതുപക്ഷമേ!

ഹാ... കഷ്ടം, ഇടതുപക്ഷമേ!

കോണ്‍ഗ്രസ്സിന്റെ ശവപ്പെടിയിലെ അവസാന ആണിയും തറച്ചിരിക്കുന്നു. കോണ്‍ഗ്രസ് പ്രതീകാത്മകമായി മരിച്ചു പോയതുകൊണ്ട് നമ്മള്‍ ഇനി ശവപ്പെട്ടിയുടെ മുകളില്‍ കയറി ഇരുന്ന് കുറ്റം പറയുന്നതില്‍ കാര്യമില്ല; ശവപ്പറമ്പില്‍ തെങ്ങേല്‍പ്പാട്ട് ചെലവാകില്ല എന്നു പറയുമ്പോലെ! എന്നാല്‍ ജീവിച്ചിരിക്കുന്നു എന്നവകാശപ്പെടുന്ന കേരളത്തിലെ പ്രതിപക്ഷം കൂടിയായ ഇടതുപക്ഷത്തിന്റെ പള്‍സ് നോക്കേണ്ടത് ഈ അവസരത്തില്‍ അത്യാവശ്യമാണ്. കോണ്‍ഗ്രസ് ഇതര, ബി ജെ പി വിരുദ്ധ സര്‍ക്കാര്‍ ഉണ്ടാക്കാനുള്ള ആഗ്രഹവുമായി നടന്ന ഇടതുപക്ഷം ഈ തെരഞ്ഞെടുപ്പില്‍ കാഴ്ചവെച്ചിരിക്കുന്ന പ്രകടനം കോണ്‍ഗ്രസ്സിനെ പോലെ തന്നെ പരിതാപകരമാണെന്ന വാദം ശക്തമാകുകയാണ്. മൂന്നാം മുന്നണിയുടെ സാധ്യതകളെക്കുറിച്ച് ആദ്യം മുതലേ സംസാരിച്ച ഇടതുപക്ഷത്തിന് ഇടയ്ക്ക് എവിടെയോ പിഴച്ചുവെന്ന് തോന്നുന്നു. നിസ്സാര പിഴവ് മാത്രമല്ല, സ്വന്തമായി ഒരു നേതൃത്വനിരയിലേക്ക് ഉയരാന്‍ കഴിയില്ല എന്ന തിരിച്ചറിവും ഇടയ്‌ക്കെപ്പോഴോ ഇടതിന് ഉണ്ടായിരുന്നതായി രാഷ്ട്രീയ കേന്ദ്രങ്ങള്‍ വിലയിരുത്തുന്നു.

2004 ല്‍ 59 സീറ്റുമായി ലോക്‌സഭയിലെ കരുത്തുറ്റ പ്രതിപക്ഷമായവര്‍ 2009 ല്‍ എത്തിയപ്പോള്‍ 24 ലേക്ക് ചുരുങ്ങി. വീണ്ടും 2014 ല്‍ 10-നടുത്ത സംഖ്യയിലേക്ക് ഒതുങ്ങുന്നു എന്നത് ആശങ്കയോടെ കാണേണ്ടതാണ്. കേരളത്തിലും ദേശീയ തലത്തിലും ശക്തമായിരുന്ന കോണ്‍ഗ്രസ് വിരുദ്ധ വികാരം കേരളത്തിലെ ജനങ്ങളില്‍ എത്തിക്കേണ്ട ഉത്തരവാദിത്വം പ്രധാനമായും ഇടതുപക്ഷത്തിന്റെ ചുമലിലായിരുന്നു. എന്നാല്‍ ദേശീയ തലത്തില്‍ അതിദയനീയമായി പരാജയപ്പെടുമെന്ന് ഉറപ്പിച്ച കോണ്‍ഗ്രസിന്റെ പ്രകടനം കേരളത്തില്‍ ഭേദം ആണെങ്കില്‍ അത് സംസ്ഥാനത്തെ പ്രതിപക്ഷം എന്ന നിലയില്‍ ഇടതുപക്ഷത്തിന്റെ പരാജയമാണെന്ന് വരും. ദേശീയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് അപ്പുറമായി ഇടതുപക്ഷം ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിച്ചതു ജനങ്ങളെ നേരിട്ട് ബാധിക്കാത്ത സോളാര്‍ കേസ് പോലെയുള്ള താരതമ്യേന പ്രാധാന്യം കുറഞ്ഞ വിഷയങ്ങളായിരുന്നു എന്ന പ്രബലമായ അഭിപ്രായം ഇവിടെയുണ്ട്. വിലകുറഞ്ഞ ചര്‍ച്ചകള്‍ക്ക് അപ്പുറമായി യാതൊന്നും ക്രിയാത്മകമായി അതില്‍ സംഭവിച്ചില്ല എന്നതിന്റെ തെളിവാണ് കേരളത്തില്‍ ഇടതുപക്ഷത്തിന്റെ പിന്നോട്ടുള്ള പോക്കെന്ന് അനിമാനിക്കേണ്ടി വരുന്നു. കേസില്‍ ആരോപണങ്ങള്‍ നേരിട്ട കെ സി വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ് എന്നിവരുടെ വിജയം ഇതു ശരിവെയ്ക്കുകയും ചെയ്യുന്നതായി യു ഡി എഫ് തന്നെ കാണുന്നുമുണ്ട്. സ്വന്തം പാര്‍ട്ടിയില്‍ ഷാനിമോള്‍ ഉസ്മാന്‍ ഉയര്‍ത്തിയ വാദങ്ങളും കൊടുക്കുന്നിലിനു എതിരെ ഉണ്ടായ ആരോപണങ്ങളും ഒരു സമയത്ത് പ്രകമ്പനങ്ങള്‍ സൃഷ്ടിച്ചിരുന്നല്ലോ. ക്‌ളിഫ് ഹൗസ് ഉപരോധം, പാചകവാതക വിഷയവുമായി ബന്ധപ്പെട്ട നിരാഹാര സമരം, അങ്ങനെ ചെറുതും വലുതുമായ അനേകം സമരങ്ങള്‍ ഇടതുപക്ഷം മുന്നോട്ടു കൊണ്ടുവന്നെങ്കിലും പ്രത്യേകിച്ചൊരു മാറ്റം സൃഷ്ടിക്കാതെ സമരങ്ങള്‍ കെട്ടടങ്ങിയത് പല ചര്‍ച്ചകള്‍ക്ക് വഴിവെച്ചതും ഇവിടെ കൂട്ടി വായിക്കാന്‍ നാം നിര്‍ബന്ധിതരാകുന്നു.

രാഷ്ട്രീയ ആരോപണങ്ങള്‍ വസ്തുതകള്‍ക്ക് നിരക്കുന്നത് കൂടിയായിരിക്കണം എന്ന ശക്തമായ പാഠം കൂടി ഈ ഇലക്ഷന്‍ നല്കുന്നുണ്ട്. ആപ്പിനും നോട്ടയ്ക്കും ലഭിച്ചിരിക്കുന്ന വോട്ടുകളുടെ ശതമാനം ഇതു വ്യക്തമാക്കുന്നുണ്ട്. യഥാര്‍ത്ഥ കണക്കുകള്‍ക്ക് പകരമായി പുകമറ സൃഷ്ടിക്കുന്ന ആരോപണങ്ങള്‍, ഇരു വിഭാഗവും കണക്കാണ് എന്നൊരു തോന്നല്‍ മാത്രമേ സാധാരണ ജനങ്ങളില്‍ കൊണ്ടുവരൂ എന്നതിനാല്‍ നോട്ടയ്ക്ക് വോട്ട് കിട്ടിയതില്‍ അത്ഭുതപ്പെടാനില്ല. ആരോപണങ്ങളില്‍ പ്രധാനാമായ ഒന്നായിരുന്നു ശശി തരൂരിന് മേല്‍ സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ടു ഇടതുപക്ഷം ഉയര്‍ത്തിയ വിവാദങ്ങള്‍. പാക് മാധ്യമ പ്രവര്‍ത്തക മെഹര്‍ തരാര്‍ ചാനല്‍ സ്‌ക്രീനുകളില്‍ മിന്നി തെളിഞ്ഞതും ആ സമയത്തായിരുന്നു. ഒടുവില്‍ ഫലമെത്തിയപ്പോള്‍ തരൂര്‍ തന്നെ വിജയി. മാവേലിക്കരയിലും ആലപ്പുഴയിലും വെള്ളാപ്പള്ളിയും കൂട്ടരും യുഡിഎഫിനെ തളയ്ക്കാന്‍ ശ്രമിച്ചെങ്കിലും അതും ഫലവത്തായില്ല എന്നാണു അറിയാന്‍ കഴിയുന്നത്.

അമൃതാനന്ദമയി മഠവുമായി ബന്ധപ്പെട്ട് പാര്‍ട്ടി ചാനല്‍ ഗെയ്ല്‍ ട്രേഡ്‌വെല്ലുമായി നടത്തിയ അഭിമുഖം കൊല്ലം, ആലപ്പുഴ മണ്ഡലങ്ങളിലെ തീരദേശ വോട്ടുകള്‍ നഷ്ടപ്പെടുത്തിയിട്ടുണ്ട് എന്ന അനുമാനം ശക്തമാണ്. മാധ്യമധര്‍മ്മം എന്ന നിലയില്‍ ന്യായീകരിക്കാമെങ്കിലും അവിടെ നേരിട്ട പരാജയവും ധാര്‍മ്മികമായ വിജയമായിരുന്നു എന്ന് ഇടതുപക്ഷത്തിനു അവകാശപ്പെട്ടു കൊണ്ട് മുഖം രക്ഷിക്കാമായിരുന്നു, പക്ഷെ അതുണ്ടായില്ല. തെരഞ്ഞെടുപ്പിന്റെ സമയത്ത് ഡി വൈ എഫ് ഐ, എ ഐ വൈ എഫ് തുടങ്ങിയ സംഘടനകള്‍ ഈ വിഷയം ഏറ്റെടുത്തില്ല എന്നത് അവരുടെ ഭാഗത്തുണ്ടായ കുറ്റകരമായ മൌനമായി മറ്റുള്ളവര്‍ കാണുന്നുണ്ട്. തെരഞ്ഞെടുപ്പു സമയങ്ങളിലോ അത് കഴിഞ്ഞുള്ള ഒരു മാസമോ എന്തുകൊണ്ട് കൈരളിയില്‍ അതുമായി ബന്ധപ്പെട്ട ഫോളോ അപ്പുകള്‍ നല്കിയില്ല എന്ന ചോദ്യം ഇവിടെ പ്രസക്തമാണ്. ചാനലും ഇടതുസംഘടനകളും മൌനം പാലിച്ചപ്പോള്‍ വിടി ബല്‍റാമിനെ പോലെയുള്ളവരുടെ ഒറ്റപ്പെട്ട സ്വരങ്ങള്‍ ഉയര്‍ന്നു കേട്ടിരുന്നു എന്നതും ശ്രദ്ധേയമാണ്.

നൂല്‍പ്പാലത്തില്‍ മുന്നോട്ടു പോകുന്ന സംസ്ഥാന സര്‍ക്കാരിന്റെ ദൗര്‍ബല്യം ഉപയോഗപ്പെടുത്താമായിരുന്ന ഇടതുപക്ഷത്തിനു പല ശക്തി കേന്ദ്രങ്ങളിലും ഭേദപ്പെട്ട ഭൂരിപക്ഷം നേടാന്‍ കഴിഞ്ഞില്ല. സന്തോഷിക്കാന്‍ വക നല്കുന്നത് ആറ്റിങ്ങല്‍, പാലക്കാട് മണ്ഡലങ്ങളിലെ ഭൂരിപക്ഷമാണ്. അതില്‍ ആറ്റിങ്ങല്‍ നേരത്തെ തന്നെ വിധി ഉറപ്പായത് ആയിരുന്നെങ്കിലും എംബി രാജേഷ് മികച്ച ഭൂരിപക്ഷത്തോടെ വിജയിച്ചു എന്നത് ആഹ്‌ളാദം നല്കുന്ന കാര്യമാണ്. പ്രവചനാതീതം എന്നും ഇഞ്ചോടിഞ്ച് പോരാട്ടം എന്നും വിധിയെഴുതിയ പാലക്കാട്ട് എം ബി രാജേഷ് ഒന്നര ലക്ഷത്തിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കുമ്പോള്‍ മികച്ച ഒരു പാര്‍ലമെന്റെറിയനെ കേരളം അംഗീകരിച്ചു എന്നതിന്റെ തെളിവ് കൂടിയായി. എം ആര്‍ മുരളിയെ പോലെയുള്ള വിമതര്‍ തിരിച്ചെത്തിയപ്പോള്‍ 1820 വോട്ട് എന്ന 2009-ലെ വളരെ ചെറിയ മാര്‍ജിന്‍ ഇത്തവണ 105300 എന്ന ഭീമമായ വര്‍ദ്ധനയിലേക്കു മാറിയത് ഇടതുപക്ഷത്തിന്റെ ആത്മവിശ്വാസം വല്ലാതെ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. പാലക്കാട്ടെ വിജയത്തില്‍ ആഹ്‌ളാദിക്കുന്നവര്‍ ഇടതുപക്ഷം മൈനസ് എം ബി രാജേഷ് എന്ന ഭീകരമായ അവസ്ഥ കൂടി സങ്കല്പ്പിക്കുന്നത് നന്നായിരിക്കും.

അത്യന്തം അനുകൂലമായ സാഹചര്യം ഇടതുപക്ഷത്തിനു ദേശീയ തലത്തിലും സംസ്ഥാന തലത്തിലും ഉണ്ടായിരുന്നെങ്കിലും അവ ഉപയോഗപ്പെടുത്താന്‍ കഴിയാതെ പോയതിന്റെ പിന്നില്‍ ബിജെപിയുടെ മുന്നേറ്റം കാരണമായി എന്നതില്‍ സംശയമില്ല. സാധാരണയായി വലിയൊരു ശതമാനം മുസ്ലിം, ക്രിസ്ത്യന്‍ വോട്ടുകള്‍ യു ഡി എഫിന് ഒപ്പമാണ് എന്നതിനാല്‍ ഇടതുപക്ഷത്തിന്റെ പ്രധാന പ്രതീക്ഷയായ ഹിന്ദു വോട്ടുകള്‍ ബിജെപി നേടിയത് തെല്ലൊന്നുമല്ല ഇടതുപക്ഷത്തെ കുഴപ്പിക്കുന്നത്. കേരളത്തിന്റെ രണ്ടറ്റത്തും (കാസര്‍ഗോടും തിരുവനന്തപുരവും) ഉണ്ടായ സാമുദായിക ധ്രുവീകരണം ബിജെപിക്ക് അനുകൂലമായതും ഇങ്ങനെയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 64427 എന്ന മികച്ച ഭൂരിപക്ഷത്തില്‍ നിന്നും പി.കരുണാകരന്‍ 6921 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ തലനാരിഴയ്ക്ക് രക്ഷപെടുകയായിരുന്നു. കരുണാകരന് കിട്ടേണ്ടിയിരുന്ന വലിയൊരു വിഭാഗം വോട്ടുകള്‍ കെ.സുരേന്ദ്രന്റെ അക്കൌണ്ടിലേക്ക് വീഴുകയും ചെയ്തു. കല്ല്യാശ്ശേരി, പയ്യന്നൂര്‍ മണ്ഡലങ്ങളിലെ പാര്‍ട്ടി ഗ്രാമങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ കരുണാകരന്‍ പരാജയപ്പെടുമായിരുന്നു എന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു. കാസര്‍ഗോട്ടെ വിജയത്തിനു പിന്നില്‍ എസ് ഡിപിഐയുടെ സാന്നിധ്യം കൂടി കണക്കില്‍ എടുക്കേണ്ടതാണ്.

ദേശീയ തലത്തില്‍ പലയിടങ്ങളിലും ഹിന്ദുത്വ കാര്‍ഡ് ഇറക്കിയ ബിജെപി കേരളത്തില്‍ വികസന കാര്‍ഡിന്റെ പേരിലാണ് മുന്നേറ്റം നടത്തിയെന്നത് ശ്രദ്ധേയം. മോഡി തരംഗം കേരളത്തില്‍ വലുതായി പ്രതിഫലിച്ചില്ലെങ്കിലും ഇന്ത്യ മുഴുവനായി ഒരു മാറ്റം ഉണ്ടാകുമ്പോള്‍ ഒ രാജഗോപാല്‍ എങ്കിലും ആ മാറ്റത്തിന്റെ ഭാഗം ആകണമെന്ന് പല സാധാരണക്കാരും ആഗ്രഹിച്ചിട്ടുണ്ട്. കേരളത്തില്‍ മൊത്തമായി ബിജെപി നേടിയ വോട്ട് ഷെയര്‍ നോക്കിയാല്‍ ഈ കാര്യം വ്യക്തമാകും. 21.6% വോട്ടുകള്‍ സി പി എം നേടിയപ്പോള്‍ 10.3% ശതമാനവുമായി ബിജെപി പുറകിലുണ്ട്. തെരഞ്ഞെടുപ്പിന് മുന്‍പ് കേരളത്തില്‍ വളരുന്ന പാര്‍ട്ടി എന്ന് പറയാന്‍ ബി ജെ പി മാത്രമേ ഉള്ളു എന്ന നിരീക്ഷണം ശരിവെയ്ക്കുന്ന പ്രകടനമായിരുന്നു അവര്‍ കാഴ്ചവെച്ചത്. ഇവിടെ തീര്‍ച്ചയായും കണക്കിലെടുക്കേണ്ടത് ബി ജെ പിയുടെയും ഇടതുപക്ഷത്തിന്റെയും സ്ഥാനാര്‍ഥി നിര്‍ണ്ണയം തമ്മിലുള്ള താരതമ്യമാണ്.

സ്വതന്ത്രരെ ഇറക്കിയുള്ള പരീക്ഷണം അബദ്ധമായിരുന്നു എന്ന് തെളിയിക്കുന്നതായിരുന്നു ഫലം. ജനങ്ങള്‍ അറിയുന്ന, ജനകീയ വിഷയങ്ങളില്‍ കാര്യമായ ഇടപെടലുകള്‍ നടത്തുന്ന വ്യക്തികളെ മത്സരരംഗത്ത് കൊണ്ടുവരേണ്ടതായിരുന്നു. 'CPM wrong candidates are winning in Idukki and Chalakudy where as CPI wrong candidate is loosing in TVM' എന്ന് ഡോ.ബി ഇക്ബാല്‍ ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തത് അക്ഷരാര്‍ഥത്തില്‍ ശരിയായിരുന്നു എന്നു വേണം മനസ്സിലാക്കാന്‍. തിരുവനന്തപുരത്തും എറണാകുളത്തും കോഴിക്കോടും, പത്തനംതിട്ടയിലും കനത്ത പരാജയമാണ് ഇടതുപക്ഷ സ്വതന്ത്രര്‍ നേടിയത്. തിരുവനന്തപുരത്ത് മൂന്നാം സ്ഥാനത്തേക്ക് ഇടതുപക്ഷത്തിന്റെ സ്ഥാനാര്‍ഥി ഒതുങ്ങിയത് ഞെട്ടലോടെയാണ് പാര്‍ട്ടി വൃത്തങ്ങള്‍ കാണുന്നത്. ജയിച്ച രണ്ടു സ്വതന്ത്രര്‍ ആവട്ടെ, അഭിമാനിക്കാന്‍ യാതൊരു വകയും നല്കിയിട്ടില്ല. സീറ്റ് വെച്ചു മാറി സാഹസം കാട്ടിയ പി സി ചാക്കോയോടുള്ള വിരോധമാണ് ഇന്നസെന്റിന്റെ വിജയത്തിലേക്ക് നയിച്ചതെന്ന് വ്യക്തം. പഴയ സ്ഥിതിയിലായിരുന്നു കാര്യങ്ങള്‍ എങ്കില്‍ തൃശൂര്‍, ചാലക്കുടി മണ്ഡലങ്ങളില്‍ ഒരെണ്ണം എങ്കിലും കോണ്‍ഗ്രസ്സിന് ഉറപ്പാക്കാമായിരുന്നു. മറ്റൊരു സ്വതന്ത്രന്‍ നിന്ന ഇടുക്കിയിലെ അവസ്ഥയും മറ്റൊന്നല്ല; ഗാഡ്ഗില്‍/കസ്തൂരിരംഗന്‍ വിഷയത്തില്‍ ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ സ്ഥാനാര്‍ഥി എന്ന നിലയിലാണ് ജോയ്‌സ് അവിടെ ജയിച്ചിരിക്കുന്നത് എന്നതുകൊണ്ട് തന്നെ ഇടതുപക്ഷത്തിനും കാര്യമായ അവകാശവാദങ്ങള്‍ അവിടെ ഉയര്‍ത്താനില്ല. ചുരുക്കത്തില്‍ ഇടതുപക്ഷ പാളയത്തില്‍ നിന്നും ജയിച്ച 'വലതര്‍' എന്ന ടാഗ് ലൈനിലാണ് ഇരുവരെയും ചില ഇടതര്‍ പോലും വിശേഷിപ്പിക്കുന്നത്.

മികച്ച പ്രവര്‍ത്തനം കാഴ്ച വെയ്ക്കുന്നവരെ കക്ഷി രാഷ്ട്രീയ ഭേദമെന്യേ കേരളം കൈവിടില്ല എന്നതിന്റെ തെളിവും ഇടതുപക്ഷ പാളയത്തില്‍ പ്രതീക്ഷ നല്കുന്നുണ്ട്. അത്തരത്തില്‍ നോക്കുമ്പോള്‍ എം ബി രാജേഷ്, പി കെ ബിജു, എ സമ്പത്ത് എന്നിവരുടെ വിജയം കേരളത്തില്‍ അനിവാര്യമായിരുന്നു. കോഴിക്കോട് മണ്ഡലത്തില്‍ യുഡിഎഫിന്റെ എം കെ രാഘവനും വിവാദങ്ങളില്‍ നിന്നും മാറി ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്നു വിജയം കണ്ട വ്യക്തിയാണ്. വലതുപക്ഷ മാധ്യമം എന്ന് പൊതുവെ വിളിക്കപ്പെടുന്ന മനോരമ ന്യൂസ്, മികച്ച അഞ്ച് എംപിമാരെ കണ്ടെത്താന്‍ നടത്തിയ '20ല്‍ എത്ര' എന്ന പരിപാടി തെരഞ്ഞെടുത്ത അഞ്ചു പേരില്‍ മൂന്നു പേരും ഇടതുപക്ഷത്തിന്റെ എംപിമാരായിരുന്നു. സവിശേഷ സാഹചര്യത്തില്‍ പിടി തോമസിനെ മാറ്റി നിര്‍ത്തിയാല്‍ തെരഞ്ഞെടുക്കപ്പെട്ട ബാക്കി നാല് പേരെയും കേരളം കൈവിട്ടിട്ടുമില്ല എന്നതും പ്രതീക്ഷ നല്‍കുന്നു- പി കെ ബിജു (ആലത്തൂര്‍) , എ സമ്പത്ത് (ആറ്റിങ്ങല്‍), എം ബി രാജേഷ് (പാലക്കാട്) എം കെ രാഘവനും(കോഴിക്കോട്).

അതേ സമയം മറ്റുള്ള പല ഇടതു സ്ഥാനാര്‍ഥികള്‍ സ്വന്തം പാളയത്തിലെ പോലും വോട്ടുകള്‍ പിടിക്കാന്‍ പരാജയപ്പെട്ടു എന്നുവേണം കരുതാന്‍. സാധാരണയായി പോസ്റ്റല്‍ വോട്ടുകളില്‍ ഇടതുപക്ഷത്തിനു മുന്‍തൂക്കം ലഭിക്കുന്ന അവസ്ഥ ഇവിടെയുള്ളപ്പോള്‍ തന്നെ തിരുവനന്തപുരത്തെ പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിയപ്പോള്‍

ബെന്നെറ്റ് എബ്രഹാം, ശശി തരൂരും രാജഗോപാലും തമ്മിലുള്ള ലീഡ് വ്യത്യാസത്തിന്റെ ഇടയ്ക്ക് ആദ്യം എത്തി പോലുമില്ല എന്നതും കാണേണ്ടതാണ് . എന്‍ജിഒ യൂണിയന്‍ പോലെയുള്ള സംഘടനാ കെട്ടുപാടുകള്‍ ഭേദിച്ച് ജീവനക്കാര്‍ പോലും ഇടതിനെ കൈവിടുന്നു എന്ന് നിരീക്ഷകര്‍ കണക്കാക്കുന്നുണ്ട്. അതൊരുപക്ഷെ തിരുവനന്തപുരം പോലെയുള്ള മണ്ഡലത്തില്‍ ബെന്നെറ്റ് എബ്രഹാമിനെ പോലെയുള്ള സ്ഥാനാര്‍ഥിയെ കൊണ്ടുവന്നതിലുള്ള പ്രതിഷേധമാകാം. കോട്ടയം, ആലപ്പുഴ, എറണാകുളം പോലെയുള്ള മണ്ഡലങ്ങളിലും ശക്തമായ പ്രതിരോധം ഉണ്ടാക്കാന്‍ ഇടതിന് കഴിയാതെ പോയി. ഇടതുകോട്ടകളില്‍ പോലും വേണുഗോപാല്‍ ശക്തമായ മേല്‍ക്കൈ നേടി, കോട്ടയത്താവട്ടെ ജനതാദള്‍ സ്ഥാനാര്‍ഥി മാത്യു ടി തോമസിന് എതിര്‍സ്ഥാനാര്‍ഥിയായ ജോസ് കെ മാണിക്ക് റെക്കോഡ് ഭൂരിപക്ഷം (120599) ഉണ്ടാക്കി കൊടുക്കാനേ കഴിഞ്ഞുള്ളൂ. കോട്ടയത്ത് ഇടതുപക്ഷം ആദ്യം പ്രഖ്യാപിച്ച പി.കെ ഹരികുമാറിനെ പിന്‍വലിച്ച് ജനതാദള്ളിന്റെ സമ്മര്‍ദത്തിനു വഴങ്ങിയതിന്റെ കഷ്ടസ്ഥിതി കൂടുതല്‍ വെളിവാക്കുന്നു. എറണാകുളത്ത് സിന്ധു ജോയ് തന്നെയായിരുന്നു ക്രിസ്റ്റി ഫെര്‍ണാണ്ടസിനെക്കാള്‍ ഭേദം എന്ന തിരിച്ചറിവാകും പഴയ 11790 വോട്ടില്‍ നിന്നും 87047 വോട്ടുകളുടെ ഭൂരിപക്ഷം നല്കുന്നത്.

കണ്ണൂരാകട്ടെ കസ്തൂരിരംഗന്‍ വിഷയം കാര്യമായി ബാധിചിരുന്നില്ലെങ്കില്‍ കെ സുധാകരന് വിജയ സാധ്യത ഉണ്ടായേനെ എന്ന വാദം നിലവിലുണ്ട്. മലയോര മേഖലകളായ മട്ടന്നൂര്‍, ധര്‍മടം, തളിപ്പറമ്പ് എന്നിവടങ്ങളിലെ രാഷ്ട്രീയ കാലാവസ്ഥ എല്‍ ഡി എഫിന് അനുകൂലമായിരുന്നു എന്നുവേണം കരുതാന്‍. എങ്കിലും കെ സുധാകരന്‍ ശക്തമായ പ്രതിരോധം തീര്‍ത്തത് പി കെ ശ്രീമതിയുടെ വിജയത്തിന് തിളക്കം കുറച്ചു. വടകരയില്‍ മുല്ലപ്പള്ളി വിരുദ്ധ തരംഗം ഉപയോഗപ്പെടുത്താനും ഇടതിനു പൂര്‍ണ്ണമായി കഴിഞ്ഞില്ല; അതേസമയം ടി പി വധക്കേസ് ഉണ്ടാക്കിയ രാഷ്ട്രീയ അനുകൂലഘടകങ്ങള്‍ കോണ്‍ഗ്രസ്സിനും അവിടെ പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞില്ല എന്നത് ഭൂരിപക്ഷത്തില്‍ വ്യക്തമാണ്. അതേ സമയം കണ്ണൂരിലും വടകരയിലും സുധാകരനും ഷംസീറും ഒരുപോലെ അപരന്മാരുടെ ഭീഷണി നേരിട്ടിടുണ്ട്. സുധാകരന്റെ ഏകദേശം ഏഴായിരം വോട്ടുകളാണ് രണ്ടു അപരന്മാരും കൂടി നേടിയത്; വടകരയില്‍ ഷംസീറിന്റെ 3485 വോട്ടുകളും അപരന്‍ കൊണ്ടു പോയി. വടകരയില്‍ ഷംസീറും കണ്ണൂര് കെ സുധാകരനും പൊരുതി തന്നെയാണ് തോല്‍വി ഏറ്റുവാങ്ങിയതെന്ന് സ്പഷ്ടം. വടകരയില്‍ മുല്ലപ്പള്ളി ജയിക്കുക എന്നത് ആര്‍ എം പിയെ സംബന്ധിച്ച് വടകരയിലെ രാഷ്ട്രീയ ആവശ്യം കൂടിയായിരുന്നു. അതുകൊണ്ടാകാം 2009 ല്‍ ടിപി പിടിച്ച വോട്ടുകളില്‍ നല്ലൊരു ശതമാനം ഇത്തവണ മുല്ലപ്പള്ളിക്ക് പോയതെന്ന അനുമാനം പല കോണുകളില്‍ ഉണ്ടാകുന്നത്. ഒരുപക്ഷെ അടുത്ത തെരഞ്ഞെടുപ്പില്‍ ആര്‍എംപി എന്ന പാര്‍ട്ടിയുടെ സ്വന്തമായ നിലനില്പ്പ് പോലും ചര്‍ച്ചകള്‍ക്ക് വിധേയമാകുമെന്നു ഉറപ്പ്. അതേ സമയം മുല്ലപ്പള്ളിയുടെ നേരിയ വിജയം ടി പി വധമുണ്ടാക്കിയ അനുകൂല കാലാവസ്ഥയുടെ തെളിവാണ് എന്ന് യുഡിഎഫിന് ആശ്വസിക്കാം. വിഎസ് പാര്‍ട്ടിക്കു വഴങ്ങുകയും രമയെ തള്ളിപ്പറഞ്ഞിട്ടും മുല്ലപ്പള്ളിയെ തളയ്ക്കാന്‍ കഴിഞ്ഞില്ല എന്നും ചിലരെങ്കിലും പറയും. വി എസ് എഫ്ഫക്റ്റ് കാര്യമായി എത്തേണ്ട മണ്ഡലങ്ങളില്‍ പ്രത്യേകിച്ച് ഒന്നും തന്നെ സംഭവിച്ചില്ല. ആകെ ഉണ്ടായത് പരാജയപ്പെടുമ്പോള്‍ വി എസിനെ കുറ്റപ്പെടുത്തി തടിതപ്പുന്ന രീതി ഇത്തവണ പാര്‍ട്ടിയെ സംബന്ധിച്ച് നടപ്പില്ല എന്നതാണ്. അതുകൊണ്ട് തന്നെ സേഫ് സോണിലാണ് ഇത്തവണ വിഎസ് എന്നുമാത്രം.

പല നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നതുപോലെ സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ തന്നെ പകുതി പരാജയം ഇടതുപക്ഷം ഏറ്റുവാങ്ങിയിരുന്നു. മറുവശത്ത് ബിജെപിയാകട്ടെ മിക്ക മണ്ഡലങ്ങളിലും അവരുടെ മികച്ച സ്ഥാനാര്‍ഥികളെ ഇറക്കിയത് വോട്ട് ഷെയര്‍ കൂടാന്‍ കാരണമായി. പത്തനംതിട്ടയില്‍ വിജയിക്കില്ലെന്ന് ഉറപ്പുണ്ടെങ്കിലും സാക്ഷാല്‍ എം ടി രമേശിനെ വരെ കളത്തില്‍ ഇറക്കിയത് അനുകൂല ഘടകമായി. പത്തനംതിട്ടയില്‍ ആന്റോ ആന്റണി സ്വന്തം മുന്നണിയില്‍ നിന്ന് തന്നെ പ്രതിസന്ധികള്‍ നേരിട്ടിട്ടും, കോണ്‍ഗ്രസ്സിന്റെ അടിയൊഴുക്കുകള്‍ അറിയാവുന്ന പീലിപ്പോസ് തോമസ് നിന്നിട്ടും 49,000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ആന്റോ ആന്റണി വിജയിച്ചു. ആറന്മുള വിഷയം മണ്ഡലത്തില്‍ ഉടനീളം കൊണ്ടുവരാന്‍ കഴിയുന്നതല്ലായിരുന്നു. ആറന്മുള വിഷയം പറഞ്ഞു പീലിപ്പോസിനെ സ്ഥാനാര്‍ഥി ആക്കിയെങ്കിലും മറ്റു നിയമസഭാ മണ്ഡലങ്ങളില്‍ ഒന്നും തന്നെ ഈ വിഷയം ചര്‍ച്ച പോലുമായില്ല. എം ടി രമേശിനെ പോലെയുള്ള മികച്ച നേതാവിന്റെ പിന്‍ബലത്തില്‍ ബി ജെ പി തങ്ങളുടെ വോട്ട് ഷെയര്‍ കൂട്ടി. ആറന്മുള മണ്ഡലത്തില്‍ പ്രതീക്ഷകള്‍ വെച്ചു പുലര്‍ത്തിയ എല്‍ ഡി എഫിന് തിരിച്ചടിയായി വിമാനത്താവളത്തെ പിന്തുണയ്ക്കുന്ന ആന്റോ ആന്റണിക്ക് 11349 വോട്ടുകളുടെ ലീഡ്. എറണാകുളത്തും ബി ജെ പിക്ക് ഒരു ലക്ഷത്തിനടുത്ത് വോട്ട് പിടിക്കാന്‍ കഴിഞ്ഞു. ഇതുകൂടാതെ തിരുവനന്തപുരം, കോഴിക്കോട്, പാലക്കാട് എന്നിവടങ്ങളിലും സ്ഥാനാര്‍ഥികള്‍ ബിജെപിയെ നിരാശപ്പെടുത്തിയില്ല. ആലപ്പുഴയിലും കൊല്ലത്തും മാത്രമാണ് കണക്കുകൂട്ടലുകള്‍ തെറ്റിയത്. സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ ബിജെപി കാണിച്ച സൂക്ഷ്മത എങ്കിലും ഇടതുപക്ഷത്തിനു കേരളത്തില്‍ ഉണ്ടായിരുന്നെങ്കില്‍ ഫലം മറ്റൊന്നാവുമായിരുന്നു.

ആം ആദ്മിക്കു പോയ വോട്ടുകളും ഇവിടെ ചര്‍ച്ചയ്ക്കു എടുക്കുന്നത് നന്നായിരിക്കും. എറണാകുളത്ത് ക്രിസ്റ്റിക്ക് കിട്ടേണ്ട വോട്ടുകള്‍ പലതും അനിതാ പ്രതാപിന് പോയിട്ടുണ്ടാകാം. എന്നാല്‍ തിരുവനന്തപുരത്ത് ആപ്പിനു ഇതേ പ്രതിഭാസം ഉണ്ടാക്കാന്‍ കഴിയാതിരുന്നത് മധ്യവര്‍ഗത്തെ ടാര്‍ഗെറ്റ് ചെയ്യാന്‍ ഉതകുന്ന തരൂര്‍, രാജഗോപാല്‍ എന്നിവരുടെ പോപ്പുലിസ്റ്റ് ഇമേജാണ്. ആപ്പിന്റെ ഹാര്‍ഡ്‌കോര്‍ നേതാക്കളായ ബി. പദ്മനാഭാന്‍ പാലക്കാട്ടും, കോഴിക്കോട്ട് കെ പി രതീഷും ക്ലച്ച് പിടിക്കാതെ പോയതിന്റെ കാരണവും മറ്റൊന്നല്ല.

അഭിമാനപോരാട്ടം നടന്ന കൊല്ലത്ത് ആര്‍ എസ് പിക്ക് ലഭിച്ച് ഒരു സീറ്റ് കേരളത്തില്‍ സി പി എമ്മിന് എതിരായിട്ട് ആണെന്നുള്ളത് പരാജയത്തിന്റെ തോതു വര്‍ദ്ധിപ്പിക്കുന്നു. 'ഏപ്രില്‍ പത്തിനുള്ളില്‍ വല്ല പേമാരിയോ പകര്‍ച്ചവ്യാധിയോ വന്ന് ഇടതുമുന്നണി പ്രവര്‍ത്തകരും അനുഭാവികളും കൂട്ടത്തോടെ കുടുംബസമേതം മരിച്ചുപോയാല്‍ എന്‍ കെ പ്രേമചന്ദ്രന്‍ ചിലപ്പോള്‍ നിസാര ഭൂരിപക്ഷത്തിന് കൊല്ലത്ത് ജയിച്ചേക്കാം' എന്ന ഇടതുപക്ഷ നിരീക്ഷകരുടെ വിലയിരുത്തലുകള്‍ തെറ്റിച്ചുകൊണ്ട് എം എ ബേബിയുടെ സ്വന്തം മണ്ഡലമായ കുണ്ടറയില്‍ പോലും ഏകദേശം 7,000 വോട്ടുകളുടെ ലീഡ് നേടിയ പ്രേമചന്ദ്രന്‍ മാജിക് ആണ് കൊല്ലത്ത് കണ്ടത്. ഒരു സമയത്ത് പോലും കൊല്ലത്തെ ലീഡില്‍ എംഎ ബേബിയെ കണ്ടതുമില്ല. 'പരനാറി' പ്രയോഗം എല്‍ ഡി എഫിന് അവിടെയുണ്ടാക്കിയ ക്ഷീണം ചെറുതല്ല, സാമുദായിക ധ്രുവീകരണം സംഭവിക്കാന്‍ സാധ്യതയുള്ള കേരളത്തിന്റെ പരിതസ്ഥിതിയില്‍ ഇങ്ങനെയുള്ള പ്രയോഗങ്ങള്‍ പോലും വോട്ടില്‍ മാറ്റം വരുത്തുമെന്നത് വസ്തുതയാണ്, ഒപ്പം പ്രേമചന്ദ്രന്റെ വ്യക്തിപ്രഭാവം മുന്‍കൂട്ടി കാണാനും ഇടതുപക്ഷത്തിനു കഴിഞ്ഞില്ല. ആര്‍ എസ് പി പോയ വിടവിലേക്കു കയറിവന്ന ജെ എസ് എസിനെ കൊണ്ടോ,സി എം പിയുടെ അരവിന്ദാക്ഷന്‍ വിഭാഗത്തെ കൊണ്ടോ കാര്യമായ വ്യത്യാസം ഉണ്ടാക്കാന്‍ ഇടതുപക്ഷത്തിനു കഴിഞ്ഞുമില്ല. ചുരുക്കത്തില്‍ വടകരയും കൊല്ലവും ഇരു മുന്നണികളുടെയും അഭിമാന പോരാട്ടമായിരുന്നു, അതിലും ഇടതുപക്ഷം പരാജയപ്പെട്ടു.

ദേശീയ തലത്തിലും ആഹ്‌ളാദിക്കാന്‍ വകയൊന്നും ഇടതുപക്ഷത്തിനില്ല. ബംഗാളിലെ പ്രകടനം ദാരുണമായിരുന്നു. 42 സീറ്റുകളില്‍ രണ്ടെണ്ണമായിരുന്നു ഇടതിന്റെ ആശ്വാസം. 2009-ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ സംയുക്തമായി 43.3% വോട്ട് ഷെയറോടെ പതിനഞ്ചു സീറ്റുകള്‍ നേടിയിരുന്നു, ഇത്തവണ അത് 30% മാത്രമാണ്. സിപിഐക്ക് ബംഗാളില്‍ 'പൂജ്യ'രാകേണ്ടി വന്നു. ത്രിപുരയില്‍ മത്സരിച്ച രണ്ടു സീറ്റുകളും വര്‍ദ്ധിച്ച വോട്ട് ഷെയറോടെ വിജയിച്ചു എന്നത് തള്ളിക്കളയാന്‍ ആവില്ല. ദേശീയ തലത്തില്‍ 2.5% വോട്ട് ഷെയര്‍ ഇടതുപക്ഷത്തിനു കുറഞ്ഞു എന്നത് ആശങ്കാജനകമാണ്. 2009 ല്‍ 7.6% ല്‍ നിന്നും 5% ലേക്ക് ചുരുങ്ങി. ഇടതുപക്ഷ പാര്‍ട്ടികളിലെ മുഖ്യസാന്നിധ്യമായ സിപിഐ(എം) നേടിയിരിക്കുന്നത് 3.6% വോട്ടുകളാണ്, മുഖ്യ എതിരാളിയായ തൃണമൂല്‍ കോണ്‍ഗ്രസ്സിന് ദേശീയ തലത്തില്‍ 4.1% ഉണ്ടെന്ന് ഓര്‍ക്കുക. ആം ആദ്മി അവരുടെ ആദ്യത്തെ ലോകസഭ തെരഞ്ഞെടുപ്പില്‍ നേടിയതാകട്ടെ 2.3% ശതമാനം വോട്ടുകളും.

ദേശീയ തലത്തില്‍ മൂന്നാം മുന്നണി എന്ന് പറഞ്ഞുകൊണ്ട് നടന്നതല്ലാതെ മൂന്നാം ചേരിയിലുള്ള നേതാക്കള്‍ ആരും അവരവരുടെ തട്ടകങ്ങളില്‍ ഇടതുപക്ഷത്തെ അടുപ്പിച്ച്ചില്ല എന്നതും ഇവിടെ ചര്‍ച്ചയ്ക്കു വിധേയമാകുന്നു. ഇലക്ഷന് ആഴ്ചകള്‍ മുന്‍പ് തമിഴ് നാട്ടില്‍ ഇടതുപക്ഷ-ജയലളിത സഖ്യം തകര്‍ന്നതും ഓര്‍മിക്കുന്നത് നന്നായിരിക്കും. ചുരുക്കത്തില്‍ ദേശീയപാര്‍ട്ടി എന്ന സ്ഥാനം പോലും നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തി. അതേ സമയം മുന്നണിയിലെ ആശയകുഴപ്പങ്ങള്‍ തുടരുകയുമാണ്. മോദിയെ തടയാന്‍ മൂന്നാം മുന്നണി രൂപീകരിക്കുമ്പോള്‍ മമതാ ബാനര്‍ജീയോടും സഹകരിക്കാമെന്ന എ ബി ബര്‍ദന്റെ വാദം ബാക്കിയുള്ള ഇടതുകക്ഷികള്‍ തള്ളിയപ്പോള്‍ അനൈക്യം കൂടുതല്‍ വ്യക്തമായി. തെലങ്കാനാ വിഷയത്തില്‍ സിപിഐ വിഭജനത്തിനു വേണ്ടി വാദിച്ചപ്പോള്‍ ഐക്യ ആന്ധ്രയ്ക്ക് വേണ്ടിയാണ് സിപിഎം നിലകൊണ്ടത്.

നിലവിലെ അവസ്ഥ അനുസരിച്ച് ഇടതുപക്ഷം വിചാരിക്കുന്നതിലും വളരെ പരുങ്ങലിലാണ് അവരുടെ നില്‍പ്പ് എന്നാണു ദേശീയ തലത്തിലുള്ള പല അപഗ്രഥനങ്ങളും ചൂണ്ടിക്കാട്ടുന്നത്. എങ്കിലും ഇടതുപക്ഷത്തിനു തീര്‍ച്ചയായും ഇനിയും പ്രതീക്ഷകളുണ്ട്, പക്ഷെ ആത്മപരിശോധന വേണമെന്ന് മാത്രം. രാഷ്ട്രീയ രംഗത്തെ പുത്തന്‍ മാറ്റങ്ങള്‍ കണ്ടില്ലെന്നു നടിക്കാന്‍ ഇനി ഇടതുപക്ഷത്തിനു കഴിയില്ല. ക്രിയാതമാകമായ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയവരെ ജനം തള്ളില്ല എന്ന ശക്തമായ സന്ദേശവും ഈ തെരഞ്ഞെടുപ്പിന്റെ ശുഭസൂചനയാണ്. വരുംനാളുകളില്‍ വിലകുറഞ്ഞ ആരോപണങ്ങള്‍ മാറ്റിവച്ച് എങ്ങനെ കാലത്തിനൊത്തു ഉയരാമെന്ന് ഇടതുപക്ഷം കൂട്ടായി മനസ്സിലാക്കാന്‍ ശ്രമിച്ചാല്‍ അതുതന്നെ വലിയ കാര്യമാണ്. അതേ സമയം ഇപ്പോഴുള്ള രീതി തുടരാനാണ് ഭാവമെങ്കില്‍ അടുത്ത ഇലക്ഷനില്‍ സംഭവിക്കുന്നത് എന്താകുമെന്നു പ്രവചിക്കാന്‍ പോലും പേടിയാവുന്നു.


Next Story

Related Stories