TopTop
Begin typing your search above and press return to search.

അവസാന ചിരി ഉമ്മന്‍ ചാണ്ടിയുടേത്

അവസാന ചിരി ഉമ്മന്‍ ചാണ്ടിയുടേത്

സാജു കൊമ്പന്‍

രാജ്യമാകെ മോഡി തരംഗത്തില്‍ കോണ്‍ഗ്രസ് കടപുഴകി വീണപ്പോള്‍ പിടിച്ചു നിന്ന ചുരുക്കം ചില സംസ്ഥാനങ്ങളില്‍ ഒന്നായി കേരളം മാറിയിരിക്കുന്നു. രാജ്യത്തിന്‍റെ പൊതുധാരയില്‍ നിന്ന് മാറി നില്‍ക്കുന്ന കേരള വോട്ടര്‍മാരുടെ സ്വഭാവത്തിന് ഉദാഹരണമായി ഈ തെരഞ്ഞെടുപ്പ് ഫലവും വിലയിരുത്തപ്പെട്ടേക്കാമെങ്കിലും പൊതുവില്‍ കേരള സര്‍ക്കാരിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ എതിര്‍ വികാരമായി പ്രതിഫലിച്ചില്ലെന്ന് വേണം കരുതാന്‍. അതുകൊണ്ട് തന്നെ ഈ സമാശ്വാസ വിജയം ഉമ്മന്‍ ചാണ്ടിയുടെ കിരീടത്തില്‍ മറ്റൊരു പൊന്‍തൂവലായി മാറുകയാണ്. അതോടൊപ്പം കോണ്‍ഗ്രസിനെതിരെയുള്ള ജനവികാരത്തെക്കാള്‍ ശക്തമാണ് ഇടത് പാര്‍ടികളോടും അതിന്‍റെ നേതാക്കളോടുമുള്ള വിയോജിപ്പെന്ന് തെളിയിക്കുന്നതായി ഈ തെരഞ്ഞെടുപ്പ് ഫലം.

കേരളത്തിലെ 12-8 എന്ന ഫലം ഏറെക്കുറെ പ്രതീക്ഷിക്കപ്പെട്ടതായിരുന്നു. ഏത് മുന്നണിക്ക് കൂടുതല്‍ കിട്ടും എന്ന കാര്യത്തില്‍ മാത്രമേ ചില സംശയങ്ങള്‍ ഉണ്ടായിരുന്നുള്ളൂ. സീറ്റിന്‍റെ എണ്ണത്തിന്‍റെ കാര്യത്തില്‍ യു ഡി എഫ് മുന്നിലെത്തി എങ്കിലും വോട്ട് ഷെയറിന്‍റെ കാര്യത്തില്‍ വലിയ വ്യത്യാസം ഉണ്ടായിട്ടില്ലെന്ന് വേണം കരുതാന്‍. ഇ അഹമ്മദിന്‍റെ രണ്ട് ലക്ഷത്തിനടുത്ത ഭൂരിപക്ഷവും ജോസ് കെ മാണിയുടെയും എം ബി രാജേഷിന്‍റെയും ഒരു ലക്ഷം കടന്ന ഭൂരിപക്ഷവും എറണാകുളത്ത് കെ വി തോമസിന്‍റെ ലക്ഷത്തിനടുത്ത ഭൂരിപക്ഷവും മാത്രമാണ് അപവാദം. നിയമസഭ സീറ്റുകളുടെ എണ്ണത്തിന്‍റെ കാര്യത്തില്‍ 79 സീറ്റുകളില്‍ യു ഡി എഫും 57 മണ്ഡലങ്ങളില്‍ എല്‍ ഡി എഫും നാലിടത്ത് ബി ജെ പിയുമാണ് മുന്‍പില്‍ വന്നത്. 2009ല്‍ യു ഡി എഫിന്100 സീറ്റില്‍ മുന്‍ തൂക്കം ഉണ്ടായിരുന്നു. കഴിഞ്ഞ നിയമ സഭ തെരഞ്ഞെടുപ്പില്‍ 72 സീറ്റിലാണ് യു ഡി എഫ് വിജയിച്ചത്. എല്‍ ഡി എഫിന് 11 സീറ്റുകളില്‍ കുറവുണ്ടായപ്പോള്‍ യു ഡി എഫിന് 7 സീറ്റില്‍ അധികം മുന്‍തൂക്കം നേടാന്‍ കഴിഞ്ഞത് ശക്തമായ ഭരണ വിരുദ്ധ വികാരം കേരളത്തില്‍ ഇല്ലെന്നതിന് തെളിവായി മാറുകയാണ്. അതിന്‍റെ ക്രെഡിറ്റ് തീര്‍ച്ചയായും ആരോപണങ്ങളുടെ പത്മവ്യൂഹത്തില്‍പ്പെട്ട് കിടക്കുന്ന ഉമ്മന്‍ ചാണ്ടിക്ക് തന്നെയായിരിക്കും എന്ന കാര്യത്തില്‍ സംശയമില്ല.


2009മുതല്‍ തുടര്‍ച്ചയായി എല്‍ ഡി എഫ് തോല്‍ക്കുന്ന നാലാമത്തെ തെരഞ്ഞെടുപ്പാണിത്. അതിനിടയില്‍ നടന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിലും ഇടതിന് വിജയിക്കാനായിട്ടില്ല. പരാജയം ഭക്ഷിച്ച് ജീവിക്കുന്ന മുന്നണിയായി കേരളത്തില്‍ ഇടതു പക്ഷം മാറുകയാണോ? ഈ തെരഞ്ഞെടുപ്പ് ഫലത്തില്‍ ഇടതു മുന്നണിയെ പ്രത്യേകിച്ചും സി പി എമ്മിനെ ഏറെ അലോസരപ്പെടുത്തുക കൊല്ലത്തെയും കോഴിക്കോട്ടെയും പരാജയമായിരിക്കും. സമുന്നതരായ നേതാക്കള്‍ മത്സരിച്ചിട്ടും ഉണ്ടായ കനത്ത പരാജയം സി പി എമ്മിനുള്ളിലെ സംഘടനാ പ്രശ്നങ്ങള്‍ പൂര്‍ണ്ണമായും അവസാനിച്ചിട്ടില്ല എന്നതിന് തെളിവായി. വടകരയിലെ പരാജയത്തെ ആര്‍ എം പിയുടെ വോട്ടിലുണ്ടായ കുറവും അപരന്‍ പിടിച്ച വോട്ടിന്‍റെ കണക്കുമൊക്കെ പറഞ്ഞ് പിടിച്ചു നില്ക്കാന്‍ ശ്രമിച്ചാലും ചന്ദ്രശേഖരന്‍റെ കൊലപാതകം സി പി എമ്മിന്‍റെ പാര്‍ടി വോട്ടുകളില്‍ വലിയ ഇടിവുണ്ടാക്കി എന്നു തന്നെ വേണം കരുതാന്‍. അത് വടക്കന്‍ ജില്ലകളില്‍ പ്രത്യേകിച്ചും കണ്ണൂരിലും കാസര്‍ഗോഡുമെല്ലാം ബാധിച്ചിട്ടുണ്ട്. എന്നാല്‍ നല്ല പ്രതിച്ഛായയുള്ള സ്ഥാനാര്‍ഥികള്‍ മികച്ച വിജയം നേടുമെന്നതിന്‍റെ തെളിവാണ് എം ബി രാജേഷ്, പി കെ ബിജു, എ സമ്പത്ത്, സി എന്‍ ജയദേവന്‍ എന്നി[[വരുടെ വിജയം.സ്ഥാനാര്‍ഥി നിര്‍ണയത്തിന്‍റെ തുടക്കം മുതല്‍ ഇടതു മുന്നണി മത സാമുദായിക പരിഗണനകള്‍ക്ക് അമിതമായി വഴങ്ങിക്കൊടുത്തു എന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. മത്സരിച്ച അത്തരം 6 സ്ഥാനാര്‍ഥികളില്‍ രണ്ട് പേരെ മാത്രമാണ് വിജയിപ്പിക്കാന്‍ കഴിഞ്ഞത്. അങ്ങനെ നോക്കുമ്പോള്‍ സ്വാതന്ത്രരെ ഇറക്കിക്കൊണ്ട് രാഷ്ട്രീയത്തിനപ്പുറം വോട്ട് സമാഹരിക്കാം എന്ന ഇടതിന്റെ അടവ് തന്ത്രവും പരാജയപ്പെട്ടു എന്നു വേണം കരുതാന്‍. അതില്‍ ഏറ്റവും ദയനീയം തിരുവനന്തപുരത്ത് ബെന്നറ്റ് എബ്രഹാമിന്‍റെ തോല്‍വിയാണ്. ബി ജെ പിക്കും പിന്നില്‍ മൂന്നാം സ്ഥാനത്താണ് സി പി ഐ സ്ഥാനാര്‍ഥി ഫിനിഷ് ചെയ്തത്.

യു ഡി എഫിന് ആശ്വസിക്കാന്‍ വകയുണ്ടെങ്കിലും തൃശൂരിലെയും ചാലക്കുടിയിലെയും പരാജയം കോണ്‍ഗ്രസ് രാഷ്ട്രീയത്തെ കുറച്ചു കാലത്തേക്കെങ്കിലും ഇളക്കി മറിക്കും എന്ന കാര്യത്തില്‍ സംശയമില്ല. പ്രത്യേകിച്ചും ചാലക്കുടിയില്‍ ഇന്നസെന്‍റിനെ പോലെ ഒരു നവാഗതന്‍റെ മുന്‍പില്‍ ദേശീയ നേതാവായ പി സി ചാക്കോയുടെ തോല്‍വി. ഇടുക്കിയിലെ ഡീന്‍ കുര്യാക്കോസിന്‍റെ പരാജയം പ്രതീക്ഷിച്ചതാണെങ്കിലും തെരഞ്ഞെടുപ്പിന് മുന്‍പുയര്‍ന്ന കേരളാ കോണ്‍ഗ്രസുമായുള്ള തര്‍ക്കങ്ങളെ അത് ഒരിക്കല്‍കൂടി പുറത്തേക്കേടുത്തിടും എന്ന കാര്യത്തില്‍ സംശയമില്ല.


ഇരു മുന്നണികള്‍ക്കും ചില പാഠങ്ങള്‍ നല്‍കുന്നതാണ് ഇത്തവണത്തെ കേരളത്തെ വിധി. ഭരണവും സംഘടനയും ഏകോപിപ്പിച്ച് കൊണ്ടുപോകാനുള്ള ശ്രമമായിരിക്കും ഇനി ഉമ്മന്‍ ചാണ്ടിയും വി എം സുധീരനനും കൂടി നടത്തുക. ദേശീയ തലത്തിലുള്ള തിരിച്ചടി ഒരു വാളുപോലെ കോണ്‍ഗ്രസിന്‍റെ തലയ്ക്ക് മീതെ തൂങ്ങികിടപ്പുണ്ട്. അതേ സമയം തങ്ങളുടെ സംഘടനാ പിഴവുകളെ കുറച്ചുകൂടി യാഥാര്‍ഥ്യ ബോധത്തോടെ വിശകലനം ചെയ്യാനുള്ള ജനവിധിയാണ് സി പി ഐ എമ്മിനെ സംബന്ധിച്ചിടത്തോളം ഉണ്ടായിരിക്കുന്നത്. ദേശീയ പാര്‍ടി പദവി പോലും തുലാസിലായിരിക്കുന്ന സാഹചര്യത്തില്‍ തങ്ങളുടെ അടിസ്ഥാന നിലപാടുകളില്‍ വെള്ളം ചേര്‍ക്കാതെയുള്ള ശൈലിയുമായി മുന്നോട്ട് പോകാനായിരിക്കും ഇടതു പക്ഷം ശ്രമിക്കുക. എന്തായാലും വരാനിരിക്കുന്ന തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് എളുപ്പത്തില്‍ വിജയിച്ച് കേറാവുന്ന ഒന്നല്ല എന്ന്‍ സൂചനയാണ് ഈ ഫലം രണ്ട് മുന്നണിക്കും നല്കിയിരിക്കുന്നത്.

സംസ്ഥാനത്ത് അക്കൌണ്ട് തുറക്കുക എന്ന ലക്ഷ്യം ഇത്തവണയും സാക്ഷാത്ക്കരിക്കാന്‍ കഴിഞ്ഞില്ലെങ്കിലും തിരുവനന്തപുരത്ത് രണ്ടാം സ്ഥാനത്ത് എത്താന്‍ കഴിഞ്ഞതും സംസ്ഥാനത്ത് 4 നിയമ സഭാ മണ്ഡലങ്ങളില്‍ ഒന്നാം സ്ഥാനത്ത് എത്താന്‍ കഴിഞ്ഞതും ബി ജെ പിക്ക് നേട്ടമായിരിക്കുകയാണ്. എന്തായാലും മോഡി പ്രഭാവത്തില്‍ ഇനി വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ മികച്ച മുന്നേറ്റം സൃഷ്ടിക്കാനായിരിക്കും ബി ജെ പിക്ക് ശ്രമിക്കുക. അതിന്‍റെ മണ്ണൊരുക്കാന്‍ മോഡിയുടെ സമീപകാല കേരള സന്ദര്‍ശനങ്ങള്‍ കഴിഞ്ഞിട്ടുണ്ട് എന്നു വേണം മനസിലാക്കാന്‍.


കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലത്തിന്‍റെ മറ്റൊരു സൂചന ചെറുകക്ഷികള്‍ പിടിച്ച വോട്ടാണ്. കണ്ണൂര്‍, കസര്‍ഗോഡ് ഉള്ളപ്പെടെയുള്ള ചില മണ്ഡലങ്ങളില്‍ യു ഡി എഫ് സ്ഥാനാര്‍ഥിയുടെ പരാജയത്തിന് ആക്കം കൂട്ടാന്‍ എഡ് ഡി പി ഐ, വെല്‍ഫെയര്‍ പാര്‍ടി എന്നിവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ഏറണാകുളത്തും തൃശൂരും ആപ് പിടിച്ച വോട്ട് സൂചിപ്പിക്കുന്നത് നല്ല സ്ഥാനാര്‍ഥികളെ കണ്ടെത്താന്‍ ആപ്പിന് കഴിഞ്ഞിരുന്നെങ്കില്‍ ചില മണ്ഡലങ്ങളിലെങ്കിലും മുഖ്യകക്ഷികള്‍ക്ക് കനത്ത വെല്ലുവിളി ഉയര്‍ത്താന്‍ അവര്‍ക്ക് കഴിയുമെന്ന് തന്നെയാണ്.


Next Story

Related Stories