Top

ഇടതിന്‍റെ പതനം അതി ദയനീയം

ഇടതിന്‍റെ പതനം അതി ദയനീയം

ടിം അഴിമുഖം

വെസ്റ്റ് ബംഗാളില്‍ 15 സീറ്റില്‍ നിന്ന് 2 സീറ്റിലേക്ക് ചുരുങ്ങിയതോടെ (3 പി‌എം വരെയുള്ള ലീഡ് നില അനുസരിച്ചു) ചരിത്രത്തിലാദ്യമായി ഏറ്റവും കുറഞ്ഞ ലോകസഭാ സീറ്റുകളിലേക്ക് കൂപ്പുകുത്താന്‍ പോവുകയാണ് സി പി എം. പാര്‍ടിയുടെ ദേശീയ പാര്‍ടി അംഗീകാരം തന്നെ സംശയത്തിന്റെ നിഴലിലായിരിക്കുകയാണ്.

തങ്ങളുടെ കടുത്ത എതിരാളിയായ നരേന്ദ്ര മോഡി രാജ്യത്തിന്‍റെ പ്രാധാനമന്ത്രിയാവാന്‍ 7 റെയ്സ് കോഴ്സ് റോഡിലേക്ക് കുതിച്ചു കൊണ്ടിരിക്കുമ്പോള്‍ തെരെഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ തങ്ങളുടെ പ്രസക്തിയും രാഷ്ട്രീയ പ്രാധാന്യവും എങ്ങനെ തിരിച്ചു പിടിക്കണമെന്നറിയാതെ പകച്ചു നില്‍ക്കുകയാണ് ഇന്ത്യന്‍ ഇടതുപക്ഷം.

ഇടതിന്‍റെ തകര്‍ച്ച പ്രതീക്ഷിച്ചതാണെങ്കിലും ഈ പതനം വളരെ കടുത്തതായിപ്പോയി. 24 എം പിമാര്‍ കഴിഞ്ഞ വര്‍ഷം ഇടതുപക്ഷത്തിന് ഉണ്ടായിരുന്നെങ്കില്‍ ഇത്തവണ അത് കേരളത്തില്‍ നിന്നുള്ള ഇടത് സ്വതന്ത്രന്‍മാര്‍ ഉള്‍പ്പെടെ 12 ആയി ചുരുങ്ങും. സി പി ഐ എമ്മിന് 9 സീറ്റില്‍ ജയിക്കാനായപ്പോള്‍ സി പി ഐക്ക് കിട്ടിയത് ഒരു സീറ്റാണ്. ഇടതുപക്ഷത്തെ മറ്റ് രണ്ടു പാര്‍ട്ടികളായ ആര്‍ എസ് പിക്കും ഫോര്‍വേര്‍ഡ് ബ്ലോക്കിനും സീറ്റൊന്നും ലഭിക്കുകയുമുണ്ടായില്ല.

തെരഞ്ഞെടുപ്പ് പ്രചാരണ കാലം സി പി ഐ എമ്മിനെ സംബന്ധിച്ചിടത്തോളം കടുത്ത പരീക്ഷണ ഘട്ടം തന്നെയായിരുന്നു. എ ഐ ഡി എം കെ, ടി ഡി പി, ബി ജെ ഡി എന്നീ പാര്‍ട്ടികളുമായി ചേര്‍ന്ന് തെരഞ്ഞെടുപ്പിന് മുന്പു സഖ്യമുണ്ടാക്കാന്‍ ശ്രമിച്ചെങ്കിലും അത് പരാജയപ്പെടുകയായിരുന്നു. ഇത് ഇടതുപക്ഷം എന്നും ശക്തമായി വാദിച്ചിരുന്ന മൂന്നാം മുന്നണി പ്രതീക്ഷകളെ തന്നെ കാറ്റില്‍ പറത്തിക്കളഞ്ഞു. അതേ സമയം ഇടതു പക്ഷത്തെ ഉപേക്ഷിച്ച ഈ മൂന്നു പാര്‍ട്ടികളും തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.
ഇടതു മുന്നണിക്ക് തങ്ങളുടെ പക്ഷത്തെ തന്നെ ഒത്തൊരുമിപ്പിച്ചു തെരഞ്ഞെടുപ്പിനെ നേരിടാന്‍ സന്നദ്ധമാക്കാന്‍ കഴിഞ്ഞില്ല എന്നതിന്‍റെ തെളിവാണ് കേരളത്തില്‍ ആര്‍ എസ് പി ആ മുന്നണി വിട്ട് കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നത്. ആര്‍ എസ് പിയുടെ എന്‍ കെ പ്രേമചന്ദ്രന്‍ സി പി എം പോളിറ്റ് ബ്യൂറോ മെമ്പര്‍ എം എ ബേബിയെ കൊല്ലം മണ്ഡലത്തില്‍ പരാജയപ്പെടുത്തുകയും ചെയ്തു. അതേ സമയം ഇന്ത്യ ഒട്ടാകെ പരാജയം നേരിടുമ്പോഴും കേരളത്തില്‍ കോണ്‍ഗ്രസ് മുന്നണി ഇരുപതില്‍ 12 സീറ്റ് നേടി എന്നതും ഇടതിന്‍റെ പരാജയത്തെ തന്നെയാണ് കാണിക്കുന്നത്.

സി പി എമ്മിനെ സംബന്ധിച്ചിടത്തോളം വലിയ തലവേദന ബംഗാളാണ്. തൃണമൂല്‍ കോണ്‍ഗ്രസ് 2009ലെ 19 സീറ്റില്‍ നിന്നും വലിയ മുന്നേറ്റമാണ് ഇത്തവണ ഉണ്ടാക്കിയിരിക്കുന്നത്. റായ്ഗഞ്ചും മൂര്‍ഷിദാബാദും ആണ് സി പി എം മുന്നേറുന്ന മണ്ഡലങ്ങള്‍. ഇവിടെ പ്രധാന എതിരാളി കോണ്‍ഗ്രസാണ്. "ഇത്തവണ തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയെ കൂടുതല്‍ ആഴത്തില്‍ പരിശോധിക്കാന്‍ നമ്മള്‍ തയ്യാറാകേണ്ടിയിരിക്കുന്നു," സി പി ഐ നേതാവ് ഡി രാജ പറഞ്ഞു.

2009ല്‍ തൃണമൂല്‍ കോണ്‍ഗ്രസ്- കോണ്‍ഗ്രസ്- സോഷ്യലിസ്റ്റ് യൂണിറ്റി സെന്‍റര്‍ ഓഫ് ഇന്‍ഡ്യ-കമ്മ്യൂണിസ്റ്റ് മുന്നണി നേടിയത് 26 സീറ്റാണ്. ഇതില്‍ തൃണമൂലിന് 19ഉം, കോണ്‍ഗ്രസിന് 6ഉം, എസ്‌യു‌സി‌ഐ-സിക്ക് ഒരു സീറ്റുമാണ് ലഭിച്ചത്. ഇടതു മുന്നണിക്ക് 15 സീറ്റ് കിട്ടിയതില്‍ സി പി ഐ എമ്മിന് 9 സീറ്റ് ലഭിച്ചു. ഇടതു മുന്നണിയിലെ മറ്റ് പാര്‍ടികളെല്ലാം ചേര്‍ന്ന് അര ഡസന്‍ സീറ്റുകളിലും വിജയിച്ചു.

ബി ജെ പിയുടെ ബംഗാളിലെ ഏറ്റവും മികച്ച പ്രകടനം 1999ലാണ്. തൃണമൂല്‍ മുന്നണിയില്‍ മത്സരിച്ച പാര്‍ടിക്ക് 2 സീറ്റാണ് ലഭിച്ചത്. ഇത്തവണ എല്ലാ സീറ്റുകളിലും തനിച്ചാണ് ബി ജെ പി മത്സരിച്ചത്. 12 ശതമാനമാണ് സംസ്ഥാനത്തെ ബി ജെ പിയുടെ ഏറ്റവും ഉയര്‍ന്ന വോട്ടിംഗ് ശതമാനം. ഇത്തവണ മൂന്നു മുതല്‍ അഞ്ചു ശതമാനം വരെ വോട്ട് കൂടുതല്‍ നേടും എന്നാണ് കരുതപ്പെടുന്നത്.


Next Story

Related Stories