TopTop
Begin typing your search above and press return to search.

ഈ എക്സിറ്റ് പോളുകളെ വിശ്വസിക്കാതിരിക്കാന്‍ കാരണങ്ങളുണ്ട്

ഈ എക്സിറ്റ് പോളുകളെ വിശ്വസിക്കാതിരിക്കാന്‍ കാരണങ്ങളുണ്ട്
ടീം അഴിമുഖം


അഴിമുഖം ഈ കുറിപ്പ് പ്രസിദ്ധീകരിച്ചു കഴിഞ്ഞ് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ നമ്മുടെ ടെലിവിഷന്‍ ചാനലുകള്‍ അവരുടെ തെരഞ്ഞെടുപ്പ് ഫലപ്രവചനങ്ങള്‍ പുറത്തുവിട്ടുതുടങ്ങും. യഥാര്‍ഥ ഫലം ഈ മാസം 16-നു മാത്രമേ പുറത്തുവരൂ എങ്കിലും എക്‌സിറ്റ് പോളുകള്‍ ഉണ്ടാക്കുന്ന പ്രകമ്പനത്തിന്റെ മേലായിരിക്കും ഇത്.


എന്നാല്‍, ഈ എക്‌സിറ്റ് പോളുകളെ വിശ്വസിക്കരുതെന്ന് ഞങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നു, പ്രത്യേകിച്ച് ഇത്തവണത്തേത്. കാരണം, ബി.ജെ.പിയും സഖ്യകക്ഷികളും വന്‍വിജയം നേടുമെന്ന തരത്തിലും കോണ്‍ഗ്രസും പ്രാദേശിക പാര്‍ട്ടികളും അവസാന സമയങ്ങളില്‍ നടത്തിയ തിരിച്ചുവരവ് ഇകഴ്ത്തിക്കാണിച്ചുമായിരിക്കും അതെന്ന് ഞങ്ങള്‍ക്ക് ഉറപ്പിച്ചു പറയാന്‍ പറ്റും. അതോടൊപ്പം, യഥാര്‍ഥ ഫലവുമായി യതൊരു ബന്ധവുമില്ലാത്ത വിധത്തില്‍ ബി.ജെ.പിക്കും കൂട്ടര്‍ക്ക് വന്‍തോതില്‍ സീറ്റുകള്‍ നല്‍കിക്കൊണ്ടുള്ളതുമായിരിക്കും ഇത്. ഇക്കാര്യത്തില്‍ ഞങ്ങള്‍ ഉറപ്പു പറയുന്നതിന് പിന്നിലൊരു ചരിത്രമുണ്ട്.


ഇന്ത്യയില്‍ വളരെ മോശം വിശ്വാസ്യതയും ചരിത്രവുമാണ് എക്‌സിറ്റ് പോള്‍, അഭിപ്രായ സര്‍വേ മേഖലയ്ക്കുള്ളത്. 2004-ലേയും 2009-ലെയും ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് മിക്ക ഏജന്‍സികളും നടത്തിയ സര്‍വെകള്‍ അമ്പേ പരാജയപ്പെട്ടിരുന്നു. ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എയ്ക്ക് അവര്‍ക്ക് യഥാര്‍ഥത്തില്‍ കിട്ടിയതിനേക്കാള്‍ വാരിക്കോരി നല്‍കി. അതിനൊപ്പം, കോണ്‍ഗ്രസ് പാര്‍ട്ടിയേയും അതിന്റെ സഖ്യകക്ഷികളേയും പൂര്‍ണമായി എഴുതിത്തള്ളുകയും ചെയ്തു.
ചരിത്രം

1980-കളിലാണ് ഇന്ത്യയില്‍ മാധ്യമ സര്‍വെകള്‍ ആരംഭിക്കുന്നത്. ഇന്നത്തെ എന്‍.ഡി.ടി.വി തലവന്‍ ഡോ. പ്രണോയ് റോയിയും സുഹൃത്തുക്കളും ചേര്‍ന്ന് തെരഞ്ഞെടുപ്പ് സമയത്ത് അഭിപ്രായ സര്‍വെകള്‍ തുടങ്ങുകയായിരുന്നു. അവര്‍ നടത്തിയ ഒട്ടുമിക്ക സര്‍വെകളും പ്രവചിച്ചത് യഥാര്‍ഥ ഫലത്തിനൊപ്പം നില്‍ക്കുന്നത്ര കൃത്യവുമായിരുന്നു. അന്ന് ഇന്ത്യന്‍ രാഷ്ട്രീയ രംഗം ഇത്രത്തോളം സങ്കീര്‍ണമാവുകയും ചിതറുകയും ചെയ്തിട്ടില്ല. പ്രാദേശിക പാര്‍ട്ടികള്‍ തലപൊക്കി തുടങ്ങിയിട്ടേയുള്ളൂ. സര്‍വെ ലോകത്തിന്റെ വിശ്വാസ്യതയാകട്ടെ സംശയാതീതവുമായിരുന്നു.


1990-കളില്‍ ദൃശ്യമാധ്യമങ്ങള്‍ ഇന്ത്യന്‍ മാധ്യമ മേഖലയില്‍ അധീശത്വം സ്ഥാപിക്കാന്‍ ആരംഭിക്കുന്നതോടു കൂടിയാണ് മാധ്യമ സര്‍വെകള്‍ ഒരു പ്രധാനപ്പെട്ട മേഖലയായി വളരുന്നത്. കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി തെരഞ്ഞെടുപ്പിനു മുമ്പുള്ള സര്‍വെകളും എക്‌സിറ്റ് പോളുകളും നിത്യസംഭവം തന്നെയാണ്. ചാനലുകളില്‍ മാത്രമല്ല, ഏത് മാധ്യമ മേഖലയിലും ഇതുതന്നെയാണ് അവസ്ഥ.


1996-ല്‍ ദൂരദര്‍ശന്‍ രാജ്യവ്യാപകമായി ഒരു എക്‌സിറ്റ് പോള്‍ നടത്തിച്ച സംഭവം വന്‍ ഹിറ്റായിരുന്നു. ന്യൂഡല്‍ഹിയിലെ സെന്റര്‍ ഫോര്‍ ദി സ്റ്റഡി ഓഫ് ഡവലപിംഗ് സൊസൈറ്റീസ്- സി.എസ്.ഡി.എസ് ആയിരുന്നു വിവര ശേഖരണവും മറ്റും അന്ന് ഇതിനു വേണ്ടി നടത്തിയത്. അന്ന് അഞ്ചു മണിക്കൂര്‍ നീണ്ട ദൂരദര്‍ശന്‍ പരിപാടി ലൈവായി ജനലക്ഷങ്ങള്‍ കാണുകയും ചെയ്തു. അന്നു മുതല്‍ തെരഞ്ഞെടുപ്പ് തീരുന്ന ദിവസം എക്‌സിറ്റ് പോളുകള്‍ കാണിക്കുന്നത് ഇന്ത്യയില്‍ ഉണ്ടായിട്ടില്ല.


1998-ലും 1999-ലൂം സര്‍വെകളുടെ അടിസ്ഥാനത്തില്‍ മിക്ക മാധ്യമ സ്ഥാപനങ്ങളും നടത്തിയ സീറ്റ് ഫലപ്രവചനം ഒട്ടൊക്കെ ശരിയായിരുന്നു. ഇത് ഇന്ത്യയിലെ അഭിപ്രായ സര്‍വെ ഇന്‍ഡസ്ട്രിക്ക് നല്ല ഉത്തേജനം നല്‍കുന്നതുമായിരുന്നു.
എന്നാല്‍ അതിനു ശേഷമുണ്ടായ വര്‍ഷങ്ങളില്‍ ഈ മേഖല കനത്ത തിരിച്ചടി നേരിടുകയും അതിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുകയും ചെയ്തു. 2004-ലും 2009-ലും മിക്ക ഏജന്‍സികളും നടത്തിയ സര്‍വെകള്‍ക്ക് യാഥാര്‍ഥ്യവുമായി യാതൊരു ബന്ധവുമില്ലായിരുന്നുവെന്ന് നാം കണ്ടതാണ്.


2004-ലേയും 2009-ലേയും തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നടത്തിയ അഭിപ്രായ സര്‍വെകള്‍ സര്‍വെ മേഖലയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മോശമായിരുന്നുവെന്ന് പരിശോധിച്ചാല്‍ മനസിലാകും. 2004-ല്‍ ഓരോ ഏജന്‍സിയും വിജയിയായി പ്രഖ്യാപിച്ചത് എന്‍.ഡി.എയെയാണ്. ബി.ജെ.പിയും സഖ്യകക്ഷികളും ചേര്‍ന്ന് 230 മുതല്‍ 250 സീറ്റു വരെയും കോണ്‍ഗ്രസും സഖ്യകക്ഷികളും കൂടി 205 സീറ്റില്‍ ഒതുങ്ങിപ്പോവും എന്നുമായിരുന്നു. ഫലമാകട്ടെ നേരെ തിരിച്ചും. 2009-ലും ഇതുതന്നെ സ്ഥിതി. അന്നത്തെ ഫലപ്രവചനങ്ങള്‍ നോക്കുക.


സീറ്റ് ബി.ജെ.പി സഖ്യംകോണ്‍ഗ്രസ് സഖ്യംമറ്റുള്ളവര്‍
Star News- AC Nielson197199136
CNN IBN165-185185-205165-195
NDTV177216150
Headlines Today180191172
NewsX199191152
Times Now183198162
ശരിയായ ഫലം159262722004-ലെയും 2009-ലേയും പോലെ തെരഞ്ഞെടുപ്പ് പ്രവചനം പൂര്‍ണമായി തെറ്റിപ്പോയ നിരവധി തെരഞ്ഞെടുപ്പുകളുണ്ട്. എന്നാല്‍ സര്‍വെ മേഖല കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ബി.ജെ.പിയുടെ നേര്‍ക്ക് പ്രത്യക്ഷമായി തന്നെ ഒരുതരം പക്ഷപാതിത്വം കാണിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ ഫലപ്രവചനങ്ങളില്‍ വിശ്വസിക്കുന്നതിനേക്കാള്‍ നല്ലത് മെയ് 16 വരെ കാത്തിരിക്കുകയല്ലേ?
ഒരു ശരിയായ സര്‍വെയില്‍ താഴെപ്പറയുന്ന നാലു കാര്യങ്ങള്‍ ഉണ്ടായിരിക്കണം.

- സര്‍വെയ്ക്ക് പരിഗണിക്കപ്പെടുന്ന ഒരു കൂട്ടത്തിലെ ഓരോരുത്തര്‍ക്കും അതിലേക്ക് തെരഞ്ഞെടുക്കപ്പെടാന്‍ തുല്യ അവസരമുണ്ടായിരിക്കണം. അത്തരത്തിലുള്ള വിവര ശേഖരണം ഓരോരുത്തര്‍ക്കും ഇതില്‍ പങ്കെടുക്കാന്‍ അവസരമുണ്ടെന്ന സുതാര്യതയും തുല്യതയും ഉറപ്പാക്കുകയും വിവര ശേഖരണത്തില്‍ അപാകതയുണ്ടാകാതെ വരികയും ചെയ്യും.


- കണ്ടെത്തുന്ന ഫലത്തിന് കൃത്യത ഉറപ്പാക്കുന്നത്ര അളവില്‍ വിവര ശേഖരണം നടക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണം. വിവര ശേഖരണത്തിലുണ്ടാകുന്ന അപാകത ഏറ്റവും കുറഞ്ഞയളവിലാക്കാന്‍ ഇതുപകരിക്കും.


- വിവര ശേഖരണം നടത്തുമ്പോള്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ ലളിതവും വ്യക്തമായതുമായിരിക്കണം. അതുകൊണ്ടു തന്നെ സര്‍വെയില്‍ പങ്കെടുക്കുന്നവര്‍ക്ക് ഇക്കാര്യം മനസിലാവുകയും എളുപ്പത്തില്‍ മറുപടി പറയാന്‍ കഴിയുകയും ചെയ്യും. അത്രയ്ക്ക് ശ്രദ്ധയും ജാഗ്രതയുമില്ലെങ്കില്‍ അപാകതകളുണ്ടാകാന്‍ സാധ്യതയുള്ള കാര്യമാണിത്.


- ഒരാളുമായി മുന്‍ നിശ്ചയിച്ചു നടത്തുന്ന അഭിമുഖം പോലെയാകരുത് സര്‍വെ വിവരം ശേഖരിക്കാന്‍ ഒരാളെ ബന്ധപ്പെടുന്നതും അയാളെ അഭിമുഖം നടത്തുന്നതും. നൈസര്‍ഗികമായി തന്നെയാണ് അവര്‍ പ്രതികരിക്കുന്നതെന്ന് ഉറപ്പാക്കുന്നതു വഴി അക്കാര്യത്തിലുള്ള അപാകതകളും ഒഴിവാക്കാം.


എന്നാല്‍, ഇന്ത്യന്‍ സര്‍വെകള്‍ പലതും പക്ഷംപിടിച്ചുള്ളതാണ്. ഇന്ത്യന്‍ സര്‍വെകളില്‍ ഭൂരിഭാഗത്തിനും മധ്യവര്‍ഗ, ഉന്നതകുലജാതരായ ചെറുപ്പക്കാരില്‍ നിന്ന് വിവരം ശേഖരിക്കാനുള്ള ഒരു പ്രവണതയുമുണ്ട്. അതുകൊണ്ടു തന്നെ അവര്‍ നല്‍കുന്ന വിവരം സാധാരണ ജനത്തിന്റേതായിരിക്കില്ല, മറിച്ച് നാഗരിക, മധ്യവര്‍ സമൂഹത്തിന്റെയും ഉന്നതജാതിക്കാരുടേതും മാത്രമായിരിക്കും. അതു ചിലപ്പോള്‍ അറിഞ്ഞോ അറിയാതെയോ സംഭവിക്കാറുമുണ്ട്.


അതുകൊണ്ടു തന്നെ നമുക്ക്, സാധാരണക്കാര്‍ക്ക് ഏറ്റവും ഉത്തമം മെയ് 16-വരെ കാത്തിരിക്കലാവും. എക്‌സിറ്റ് പോളിലെ ഊഹക്കണക്കനുസരിച്ച് ഓഹരി വിപണി മേലോട്ട് കുതിച്ചേക്കാം, കാരണം ഓരോ നിമിഷത്തേയും പണമാക്കി മാറ്റുന്നതാണത്. ആരു വിജയിച്ചാലും മിടുക്കന്മാരായ ഷെയര്‍ ബ്രോക്കര്‍മാര്‍ പണമുണ്ടാക്കും.


ആരാണ് അടുത്ത അഞ്ചു വര്‍ഷം നമ്മെ ഭരിക്കുന്നത് എന്ന് തീരുമാനിക്കപ്പെടും എന്നതിനാല്‍ തെരഞ്ഞെടുപ്പ് ഫലം നമുക്ക് പ്രധാനമാണ്. കാരണം, നാം എന്തു തിന്നണം, എന്തുടുക്കണം, വീട് എങ്ങനെയായിരിക്കണം, ഏതു കാറു വാങ്ങണം, എത്ര സമ്പാദിക്കണം എന്നൊക്കെ തീരുമാനിക്കുന്നത് അവരാണ്. അതിനൊപ്പം, നാം പരസ്പരം എത്ര വെറുക്കണമെന്നും എത്ര സ്‌നേഹിക്കണമെന്ന് തീരുമാനിക്കുന്നതും.


ഒരു ഭരണകൂടത്തിന് നാമൊക്കെ ചിന്തിക്കുന്നതിലുമധികം അധികാരവും സ്വാധീനവും നമുക്കുമേലുണ്ട്. അതുകൊണ്ടു തന്നെ കാത്തിരിക്കുക: മെയ്- 16 വരെ.Next Story

Related Stories