TopTop
Begin typing your search above and press return to search.

മൂത്രമൊഴിക്കാത്ത ചില (സദാചാര) ഇന്ത്യക്കാര്‍

മൂത്രമൊഴിക്കാത്ത ചില (സദാചാര) ഇന്ത്യക്കാര്‍

ഈയടുത്ത് ഒരുപാടുപേര്‍ ഇങ്ങനെയൊരു വീഡിയോ പരക്കെ പ്രചരിപ്പിക്കുന്നത് കണ്ടു. പൊതുസ്ഥലത്ത് മൂത്രമൊഴിക്കുന്നതാണ് പ്രശ്നം, പരിഹാരമായി എത്തുന്നത് മുഖംമൂടി ധരിച്ച മനുഷ്യരാണ്, അവര്‍ വലിയ വാട്ടര്‍ടാങ്കറുകളില്‍ എത്തി സ്വകാര്യമായി ഒതുങ്ങിനിന്ന് മൂത്രമൊഴിക്കുന്ന മനുഷ്യരുടെ ശരീരത്തിലേയ്ക്ക് വലിയ ഹോസുപയോഗിച്ച് വെള്ളം ചീറ്റിക്കുന്നു. പാവം മനുഷ്യര്‍ നടുങ്ങിത്തെറിച്ച് ഓടുന്നു, കണ്ടുനില്‍ക്കുന്ന പൊതുജനം ആര്‍ത്തലച്ചുചിരിക്കുന്നു.

ഇതില്‍ ഒരു അശ്ലീലമുണ്ട്. ഇന്ത്യ എന്ന രാജ്യം നിറയെ വഴിയരുകില്‍ മൂത്രമൊഴിക്കുന്ന ആളുകളാണ് എന്ന് വലിയ ഉള്‍ക്കിടിലത്തോടെ പറഞ്ഞു പ്രചരിപ്പിക്കുന്ന, അവറ്റകളെയൊക്കെ വിസര്‍ജിക്കുന്നതിനിടെ വെള്ളം പുറത്തൊഴിച്ച് പേടിപ്പിച്ചുവിടുകയാണ് ചെയ്യേണ്ടത് എന്ന മധ്യവര്‍ഗ മനസിന്‍റെ അസഹിഷ്ണുതയാണ് മൂത്രം നാറിയ തെരുവോരത്തെക്കാള്‍ അശ്ലീലം. നേരാണ്, ഇവിടെ പുരുഷന്മാര്‍ വഴിയരികില്‍ മൂത്രമൊഴിക്കും. പൊതുസ്ഥലത്തെത്തുമ്പോള്‍ മൂത്രമൊഴിക്കാന്‍ തോന്നിയാല്‍ പിന്നെ എന്താണ് ചെയ്യേണ്ടത്? അല്ലെങ്കില്‍ പിന്നെ ഇത് എവിടെ ഒഴിക്കും? മൂത്രപ്പുരയോ, എവിടെയാണത്? സ്ത്രീകള്‍ പിന്നെ പൊതുസ്ഥലങ്ങള്‍ ഉപയോഗിക്കുന്നവരാണ് എന്ന ധാരണയൊക്കെ ആയിവരുന്നതേയുള്ളൂ. അതുകൊണ്ടുതന്നെ സ്ത്രീകള്‍ക്ക് പൊതുസ്ഥലങ്ങളില്‍ മൂത്രമൊഴിക്കാനുള്ള ഇടങ്ങള്‍ ഉണ്ടോ എന്ന് നമുക്ക് ചുരുങ്ങിയത് ഒരു അമ്പതുവര്‍ഷമെങ്കിലും കഴിഞ്ഞ് സര്‍വേ നടത്തിനോക്കാം.

ആയിരക്കണക്കിന് മനുഷ്യരാണ് ദിനംപ്രതി ഗ്രാമങ്ങളില്‍ നിന്ന്‍ നഗരങ്ങളിലേക്ക് എത്തിപ്പെടുന്നത്. ഇതില്‍ ഭൂരിഭാഗവും കുടിയിറക്കപ്പെട്ടവരോ തൊഴില്‍ തേടി എത്തുന്നവരോ ആണ്. ദരിദ്രരായ ഈ മനുഷ്യര്‍ക്ക് നഗരഹൃദയങ്ങളില്‍ സ്ഥാനമില്ല. നഗരങ്ങളുടെ ആളനക്കമില്ലാത്ത കോണുകളിലേയ്ക്ക് തള്ളപ്പെടുകയാണ് അവര്‍. അവര്‍ക്ക് മൂത്രമൊഴിക്കാന്‍ പോയിട്ട് സ്വസ്ഥമായി ഒന്നിരിക്കാന്‍ പോലുമുള്ള പൊതു ഇടങ്ങള്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്നു. എല്ലാവര്‍ക്കും മാളുകളില്‍ പോകാന്‍ പറ്റുന്ന സുദിനം ഉടനെ സംജാതമാകുമെന്ന് പ്രതീക്ഷിക്കാം.

വീടുകളില്‍ സ്വന്തമായി കക്കൂസ് ഉണ്ടാവുകയും കാറുകളില്‍ സഞ്ചരിക്കുകയും വഴിയിലെ ശങ്കകള്‍ക്ക് ഹോട്ടലുകളും മാളുകളും ഒക്കെ ഉപയോഗിക്കുകയും ഒക്കെ ചെയ്യുന്ന, പൊതുജനത്തിന്റെ മൂത്രശങ്കയിന്മേല്‍ കുതിരകയറുന്ന വൈറല്‍ വീഡിയോകള്‍ സൃഷ്ടിക്കുന്ന ആളുകളുടെത് മാത്രമല്ല ഇന്ത്യ. ഇപ്പോള്‍ കോമഡിയായി മാറിവരുന്നുവെങ്കിലും മമ്മൂട്ടി കിംഗ്‌ സിനിമയില്‍ പറയുമ്പോലെ കുറച്ചൊക്കെ ‘സെന്‍സും സെന്‍സിബിലിറ്റിയും സെന്‍സിറ്റിവിറ്റിയും’ ഉണ്ടായെങ്കില്‍ മാത്രമേ ഇതൊക്കെ സ്വന്തം അക്കൌണ്ടില്‍ ഷെയര്‍ ചെയ്യുന്നത് ഒരു മഹാകാര്യമല്ല എന്ന് മനസിലാകൂ. നിങ്ങളുടെ മൂക്കിനെ ഒരു നിമിഷം അസ്വസ്ഥമാക്കുന്നത് ഈ രാജ്യത്തിന്റെ മണമാണ്. സ്വന്തമായി ഈ കാലത്തും ഒരു കക്കൂസ് ഇല്ലാത്ത കോടിക്കണക്കിന് മനുഷ്യരുള്ള ഈ നാട്ടില്‍ ഇത്തരം വീഡിയോകള്‍ ഇറക്കി കളിയാക്കരുത്.

ഞാന്‍ നേരിട്ട് കണ്ടിട്ടുണ്ട്; വൃത്തിയുടെയും വികസനത്തിന്റെയും പരമകോടിയായ കേരളത്തില്‍ നേരം പരപരാവെളുക്കുന്നതിനു മുന്‍പ് ഉണര്‍ന്ന് പാത്രത്തില്‍ വെള്ളവുമായി ഒതുങ്ങിയ ഇടം നോക്കി പോകുന്ന സ്ത്രീപുരുഷന്മാരെ. ഏറ്റവും പുതിയ യുഎന്‍ റിപ്പോര്‍ട്ട് (Progress on Drinking Water and Sanitation 2014) പ്രകാരം ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ആളുകള്‍ പരസ്യമായി മലമൂത്രവിസര്‍ജനം നടത്തുന്ന രാജ്യം ഇന്ത്യയാണ്. ഏതാണ്ട്‌ 597 മില്യന്‍ മനുഷ്യരാണ് പൊതുവിടങ്ങള്‍ വിസര്‍ജന ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത് എന്നാണ് കണക്ക്.

ഈ പറയുന്ന യുഎന്‍ റിപ്പോര്‍ട്ടില്‍ വേറെ ചില തമാശകള്‍ കൂടിയുണ്ട്. പൊതുവിടങ്ങളില്‍ മലമൂത്രവിസര്‍ജനം നടത്താറുള്ള രാജ്യങ്ങളില്‍ ശിശുമരണനിരക്ക് കൂടുതലാണ്, ദാരിദ്ര്യം കൂടുതലാണ്, ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള അന്തരം കൂടുതലാണ്. അതായത് ഈ നാട്ടില്‍ പരക്കെ ആളുകള്‍ പൊതുസ്ഥലങ്ങളില്‍ മൂത്രമൊഴിക്കുന്നത് അവരുടെ ഉള്ളില്‍ ഒരു അനാര്‍ക്കിസ്റ്റ് ഉള്ളതുകൊണ്ടും അവര്‍ക്ക് വ്യവസ്ഥയോട് പ്രതിഷേധിക്കേണ്ടതുകൊണ്ടുമല്ല, അവര്‍ കരുതിക്കൂട്ടി പൊതുസമൂഹത്തിന് ഒരു പണി കിടക്കട്ടെ എന്ന് കരുതിയുമല്ല ഇത് ചെയ്യുന്നത്. വേറെ നിവര്‍ത്തിയില്ലാത്തത് കൊണ്ടാണ്. ദാരിദ്ര്യം എന്ന ഒരു അവസ്ഥ നിലവില്‍ ഇപ്പോഴും ഉണ്ടെന്നേ.

മൂത്രപ്പുരയുടെ സൌന്ദര്യശാസ്ത്രം

പറയുന്നത് മൂത്രമൊഴിക്കലിനെപ്പറ്റിയാകുമ്പോള്‍ മൂത്രപ്പുരകളെപ്പറ്റിയും പറയണമല്ലോ. പൊതുകക്കൂസുകള്‍ ആദ്യമായി നിലവില്‍ വന്നത് പത്തൊന്‍പതാം നൂറ്റാണ്ടില്‍ പാരീസിലാണ്. 1830-1848 കാലത്താണ് നൂറുകണക്കിന് പൊതുശൌചാലയങ്ങള്‍ തുടങ്ങിയത്. ഫാക്റ്ററികള്‍ പോലെയുള്ള സംവിധാനങ്ങള്‍ വരുന്നതോടെയാണ് നിരത്തിയുള്ള യൂറിനലുകള്‍ കെട്ടിടങ്ങളുടെ ഭാഗമായി മാറുന്നത്. പിന്നീടങ്ങോട്ട് മൂത്രപ്പുരകള്‍ പലതരത്തില്‍ സാംസ്കാരികചിഹ്നമായി മാറി. രഹസ്യം, പരസ്യം എന്നിങ്ങനെയുള്ള വേര്‍തിരിവുകളുടെ ഒരു പ്രധാനചിഹ്നമായി മൂത്രപ്പുര മാറി. മൂത്രപ്പുരകള്‍ക്ക് അവയുടെ ആരംഭകാലം മുതല്‍ തന്നെ സ്വവര്‍ഗാനുരാഗബന്ധങ്ങള്‍ തേടുന്നവരുടെ ഒരു സംഗമസ്ഥാനമെന്ന പേരും വീണുകിട്ടിയിരുന്നു. പാരീസില്‍ മൂത്രപ്പുരകള്‍ തുടങ്ങിയ കാലം മുതല്‍ തന്നെ ആളുകള്‍ മൂത്രപ്പുരകളില്‍ എങ്ങനെ പെരുമാറുന്നു എന്ന് പരിശോധിക്കാന്‍ അധികൃതര്‍ ശ്രദ്ധിച്ചിരുന്നു. എന്തായാലും ഇരുപതാംനൂറ്റാണ്ടിന്റെ ചിത്രകലാ ചരിത്രത്തിലും വലിയ ഒരു പങ്കാണ് യൂറിനലിനുള്ളത്. 1917ല്‍ സൊസൈറ്റി ഓഫ് ഇന്‍ഡിപ്പെന്‍ഡന്റ് ആര്‍ട്ടിസ്റ്റ്സ് നടത്തിയ എക്സിബിഷനില്‍ ദുഷാംപ് പ്രദര്‍ശിപ്പിച്ചത് ഒരു യൂറിനലാണ്. അത് അന്നത്തെ വിവാദവിഷയമായി മാറിയിരുന്നു. ഫീസുകെട്ടിയ കലാകാരന് എന്തും പ്രദര്‍ശിപ്പിക്കാം എന്നായിരുന്നതുകൊണ്ട് യൂറിനല്‍ പ്രദര്‍ശനവസ്തുവായി. ഇന്ന് ഇരുപതാം നൂറ്റാണ്ടിലെ പ്രധാനനാഴികക്കല്ലായി കരുതപ്പെടുന്ന ഒന്നാണ് ദുഷാംപ് ഫൌണ്ടന്‍ എന്ന് പേരിട്ട ഈ യൂറിനല്‍. ഇതേ യൂറിനലിലേയ്ക്ക് മൂത്രമൊഴിക്കാന്‍ ശ്രമിച്ച പെര്‍ഫോര്‍മന്‍സ് ആര്‍ട്ടിസ്റ്റുകളും ഉണ്ടത്രേ.

അത് മൂത്രപ്പുരയുടെ കഥ. എന്നാല്‍ മൂത്രമൊഴിക്കാന്‍ ഇടമില്ലാത്ത മനുഷ്യരുടെ കഥ കഷ്ടമാണ്. ആ മനുഷ്യരെ തേടിപ്പിടിച്ച് ആക്രമിക്കുന്നത് ക്രൂരതയും അത് വീഡിയോയാക്കി വലിയ കാര്യം ചെയ്തുവെന്ന് കരുതുന്നത് ശുംഭത്തരവുമാണ്. ഈ നാട്ടില്‍ മൂത്രമൊഴിക്കുന്നതിന്റെ കാര്യം ഇങ്ങനെയാണെങ്കില്‍ ഭക്ഷണം, ശുദ്ധജലം എന്നിങ്ങനെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യേണ്ട കാര്യം പോലുമില്ലല്ലോ. നിങ്ങളുടെ പൌരബോധ വാട്ടര്‍ ടാങ്കര്‍ കൊണ്ടുപോയി ശുദ്ധജലത്തിന് കാത്തുനില്‍ക്കുന്ന മനുഷ്യരുടെ അരികില്‍ തുറന്നുകൊടുക്കൂ. എന്തെങ്കിലും ഒക്കെ പ്രയോജനം ഉണ്ടാകട്ടെ.


Next Story

Related Stories