TopTop
Begin typing your search above and press return to search.

എ.കെ.ജി മുതല്‍ കോടീശ്വരന്‍മാര്‍ വരെ; എം.പിമാരെ കാത്ത് പാര്‍ലമെന്‍റ്

എ.കെ.ജി മുതല്‍ കോടീശ്വരന്‍മാര്‍ വരെ; എം.പിമാരെ കാത്ത് പാര്‍ലമെന്‍റ്
ടീം അഴിമുഖം


1952-ല്‍ ലോക്‌സഭയില്‍ എത്തിയപ്പോള്‍ എ.കെ.ജിക്ക് ഒരു കാര്യം ബോധ്യമായി. താന്‍ എത്തിച്ചേര്‍ന്നിരിക്കുന്നത് ഒരു മായാലോകത്തിലാണ്. ചെയ്തുശീലിച്ച രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഏറെ വ്യത്യസ്തമാണ് പാര്‍ലമെന്റിലെ അന്തരീക്ഷം. ചുറ്റും സേവകര്‍, ആജ്ഞാനുവര്‍ത്തികള്‍. വര്‍ഗസമരത്തില്‍ നിന്ന് ശ്രദ്ധ പാളിപ്പോകാനുള്ള സാഹചര്യങ്ങള്‍ ഏറെ. പിന്നീടദ്ദേഹം തനിക്കു ശേഷം വന്ന സഹ എം.പിമാരോട് സ്ഥിരമായി പറയുമായിരുന്നത്രെ. 'പാര്‍ലമെന്റില്‍ തൊഴിലാളിവര്‍ഗ താത്പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുക എന്നതാണ് ഏറ്റവും വിഷമകരമായ ദൗത്യം'. ഇന്ത്യന്‍ ബൂര്‍ഷ്വാസിയുടെ ഒരു കെണിയാണ് പാര്‍ലമെന്റ് എന്നു പോലും പല ഘട്ടങ്ങളിലും അദ്ദേഹം സംശയിച്ചിരുന്നു. പ്രലോഭനങ്ങളില്‍ വീഴരുതെന്ന് അദ്ദേഹം തുടരെ തുടരെ പാര്‍ട്ടി എം.പിമാരേയും നേതൃത്വത്തെയും ഓര്‍മിപ്പിച്ചിരുന്നു താനും.


കാലം മാറി. 62 വര്‍ഷങ്ങള്‍ക്ക് ഇപ്പുറം 'പരീക്ഷണത്തെ അതിജീവിച്ച ഒരു വമ്പന്‍ സംവിധാനം' (Time tested establishment)മായി ഇന്ത്യന്‍ പാര്‍ലമെന്റ് മാറി. രാജ്യസഭയിലും ലോക്‌സഭയിലുമായി എണ്ണൂറോളം എം.പിമാര്‍. ആയിരക്കണക്കിന് ഉദ്യോഗസ്ഥര്‍. എന്നും ഒരേ നിലയില്‍ നിലനില്‍ക്കുന്ന ഒരു മികച്ച സംവിധാനം.


16-ാം ലോക്‌സഭയുടെ തെരഞ്ഞെടുപ്പ് ആരവങ്ങള്‍ ഒട്ടൊക്കെ അവസാനിച്ചു കഴിഞ്ഞു. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഫലം പുറത്തുവരും. ആഴ്ചകള്‍ക്കു മുമ്പു തന്നെ 16-ാം ലോക്‌സഭയില്‍ പുതിയ എം.പിമാരെ സ്വീകരിക്കുന്നതിനായി പാര്‍ലമെന്റ് സെക്രട്ടറിയേറ്റ് ഒരുങ്ങിക്കഴിഞ്ഞു. തെരഞ്ഞെടുക്കപ്പെടുന്ന എം.പിമാരെ വിമാനത്താവളത്തില്‍ നിന്നും റെയില്‍വേ സ്‌റ്റേഷനുകളില്‍ നിന്നും ബസ് സ്റ്റാന്‍ഡുകളില്‍ നിന്നുമൊക്കെ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് എത്തിക്കാനുള്ള പ്രത്യേക വാഹനങ്ങള്‍ അടങ്ങിയ ഒരു സംവിധാനം പാര്‍ലമെന്റ് സെക്രട്ടറിയേറ്റ് തയാറാക്കി കഴിഞ്ഞു.ലോക് സഭ


പാര്‍ലമെന്റിലെ ഒന്നാം നിലയിലുള്ള 63-ാം നമ്പര്‍മുറി ഒരു കണ്‍ണ്‍േട്രാള്‍ റൂം ആയാണ് പ്രവര്‍ത്തിക്കുന്നത്. തെരഞ്ഞെടുത്തു എന്നു കാണിക്കുന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രമാണപത്രവുമായി വരുന്ന എം.പിമാര്‍ക്ക് വലിയ സ്വീകരണമാണ് സെക്രട്ടറിയേറ്റ് ഒരുക്കിയിട്ടുള്ളത്. എം.പിമാര്‍ക്കും അവരുടെ പങ്കാളികള്‍ക്കുമുള്ള ഐഡന്റിറ്റി കാര്‍ഡ് തയാറാക്കലാണ് ആദ്യ ജോലി. തുടര്‍ന്ന് ഇവരുടെ താമസ സൗകര്യങ്ങള്‍ ഒരുക്കലാണ്. സാധാരണ ഗതിയില്‍ അതാത് സംസ്ഥാനങ്ങളുടെ ഭവനുകളിലായിരിക്കും (ഡല്‍ഹിയിലെ കേരള ഹൗസ് പോലെ) എം.പിമാര്‍ക്ക് താമസസൗകര്യം ലഭിക്കുക. ഇതിന്റെ വാടക പാര്‍ലമെന്റ് തന്നെ നല്‍കും. സംസ്ഥാന സര്‍ക്കാര്‍ മന്ദിരങ്ങള്‍ തികഞ്ഞില്ലെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ ഗസ്റ്റ് ഹൗസുകള്‍ അതും തികഞ്ഞില്ലെങ്കില്‍ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ മുറി ഒക്കെ എം.പിമാര്‍ക്കായി തയാറാക്കും. (മുന്‍ വിദേശകാര്യമന്ത്രി എസ്.എം കൃഷ്ണയും സഹമന്ത്രി ശശിതരൂരും പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിച്ച വിവാദം ഓര്‍ക്കുക). ഇതിന്റെ ചെലവും പാര്‍ലമെന്റ് തന്നെയാണ് വഹിക്കുന്നത്.


ഈ പ്രവര്‍ത്തനങ്ങള്‍ തെരഞ്ഞെടുപ്പ് ഫലം വരുന്ന 16-ന്റെ പിറ്റേന്നു തന്നെ തുടങ്ങൂം. ജൂണ്‍ ആദ്യവാരത്തിലായിരിക്കും 16-ാം ലോക്‌സഭയുടെ ആദ്യ സമ്മേളനം നടക്കുക. ജൂണ്‍ അവസാനത്തോടെയെങ്കിലും പകുതി എം.പിമാര്‍ക്കെങ്കിലും ഫ്‌ളാറ്റുകളും മന്ദിരങ്ങളും അനുവദിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പാര്‍ലമെന്റ് അധികൃതര്‍. 15-ാം ലോക്‌സഭയിലെ പല എം.പിമാരും ഇപ്പോള്‍ തന്നെ ഒഴിഞ്ഞുതുടങ്ങിയിരിക്കുന്നു. ജൂലൈ ആകുന്നതോടു കൂടി 90 ശതമാനം എം.പിമാരും തങ്ങളുടെ ഔദ്യോഗിക വസതികള്‍ സി.പി.ഡബ്ല്യു.ഡിക്ക് വിട്ടുകൊടുക്കുമെന്നാണ് കരുതപ്പെടുന്നത്. പാര്‍ട്ടിയുടെ അംഗബലവും അംഗത്തിന്റെ സീനിയോറിറ്റിിയും അനുസരിച്ചാണ് സാധാരണ ഗതിയില്‍ വീടുകളും ഫ്‌ളാറ്റുകളും അനുവദിക്കുക.മന്ത്രിമാര്‍ക്ക് അനുവദിക്കുന്ന ബംഗ്ലാവുകളിലൊന്ന്


ഇതില്‍ ഏറ്റവും ലളിതമെന്ന് കരുതപ്പെടുന്ന വിത്തല്‍ഭായി പട്ടേല്‍ ഹൗസി (വി.പി ഹൗസ്)ല്‍ ഒരു എം.പിക്ക് ലഭിക്കുക മൂന്ന് ഒറ്റമുറി ഫ്‌ളാറ്റുകളാണ്. അതു പോരാത്തവര്‍ക്ക് സുവര്‍ണ ജയന്തി തുടങ്ങിയ മൂന്നും നാലും മുറികളുള്ള വലിയ ഫ്‌ളാറ്റുകള്‍ നല്‍കും. മീനാബാഗിലേയും സൗത്ത് ബ്ലോക്കിലേയും നോര്‍ത്ത് ബ്ലോക്കിലേയും ഫ്‌ളാറ്റുകളും താരതമ്യേനെ വലുതാണ്. മന്ത്രിമാര്‍ക്കും പാര്‍ട്ടിയിലെ പ്രമാണിമാരായ എം.പിമാര്‍ക്കും ബംഗ്ലാവുകളാണ് അനുവദിക്കുക. ഇവയില്‍ ചിലത് മൂന്നു മുതല്‍ അഞ്ച് ഏക്കര്‍ വരെ വിസ്തൃതിയുള്ള കോംപൗണ്ടുകളിലാണ് സ്ഥിതി ചെയ്യുന്നത്.


പാര്‍ലമെന്റില്‍ ഒരു ചിക്കന്‍ ബിരിയാണിയുടെ വില 36 രൂപയാണ്. 12 രൂപയ്ക്ക് മികച്ച 'താലി' ലഭിക്കും. ഇതിനൊക്കെ പുറമെ എം.പിമാര്‍ക്ക് മാസവരുമാനത്തില്‍ അരലക്ഷത്തോളം രൂപ ശമ്പള ഇനത്തില്‍ കിട്ടും. കമ്മിറ്റികളിലും മറ്റ് ഔദ്യോഗിക യോഗങ്ങളിലും പങ്കെടുക്കുമ്പോള്‍ ദിവസം 2000 രൂപ അലവന്‍സായി അനുവദിച്ചിട്ടുണ്ട്. മണ്ഡല, ഓഫീസ് അലവന്‍സാകട്ടെ 40,000 രൂപ വീതമാണ്. (സി.പി.എം എം.പിമാര്‍ ഒഴിച്ചുള്ളവരുടെ കാര്യമാണ് പറയുന്നത്. സി.പി.എം എം.പിമാരുടെ വരുമാനത്തിന്റെ 70 ശതമാനത്തോളം പാര്‍ട്ടിയിലേക്ക് ലെവിയായി അടയ്ക്കും.)


34 സൗജന്യ വിമാന ടിക്കറ്റുകളാണ് ഒരു എം.പിക്ക് ഒരു വര്‍ഷം ലഭിക്കുന്നത്. ഇത് പാര്‍ലമെന്റ് നടപടികളില്‍ പങ്കെടുക്കാന്‍ മാത്രമാണ്. കമ്മിറ്റികള്‍ക്കും മറ്റും എത്തുന്നതിന് വേറെ ലഭിക്കും. വാഹന വായ്പയ്ക്കു പുറമെ ടാബ്ലറ്റ്, സ്മാര്‍ട്ട് ഫോണ്‍, കമ്പ്യൂട്ടറുകള്‍ തുടങ്ങിയവയൊക്കെ വാങ്ങൂന്നതിനുള്ള സഹായവും എം.പിമാര്‍ക്ക് ലഭ്യമാണ്. ഒരു എം.ടി.എന്‍.എല്‍ കണക്ഷനും ഇതിനു പുറമെയുണ്ട്. ഇക്കാര്യങ്ങളൊക്കെ 17-നു തന്നെ തുടങ്ങിക്കഴിഞ്ഞിരിക്കും.രാജ്യ സഭ


ഒരു എം.പിയെ സംബന്ധിച്ചിടത്തോളം പാര്‍ലമെന്റില്‍ ഇരിക്കുക മാത്രമല്ല പണി. വിവിധ തരത്തിലുള്ള ഏതാണ്ട് 40-ഓളം കമ്മിറ്റികളാണ് നിലവിലുള്ളത്. ഇവയില്‍ പലതിലും - ചിലപ്പോള്‍ നാലു കമ്മിറ്റികളില്‍ വരെ- എം.പിമാര്‍ അംഗമാകേണ്ടി വരും. പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി, പബ്ലിക് അണ്ടര്‍ടേക്കിംഗ് കമ്മിറ്റി, എസ്റ്റിമേറ്റ് കമ്മിറ്റി തുടങ്ങിയവയിലേക്കുള്ള അംഗത്വത്തിന് ചിലപ്പോള്‍ തെരഞ്ഞെടുപ്പ് വരെ നടക്കാറുണ്ട്. ഈ കമ്മിറ്റികളുടെ അധ്യക്ഷന്മാരെ നിയമിക്കുന്നത് ലോക്‌സഭാ സ്പീക്കറും രാജ്യസഭാ ചെയര്‍മാനുമാണ്. അതാത് പാര്‍ട്ടികളുടെ അംഗബലം നോക്കിയാണ് കമ്മിറ്റിയിലെ വീതംവയ്പ്. സഭ ഇല്ലാത്തപ്പോഴുംആഴ്ചയില്‍ ഒരിക്കലെങ്കിലും എം.പിമാര്‍ ഡല്‍ഹിയില്‍ ഉണ്ടാകും എന്ന രീതിയിലാണ് കമ്മിറ്റി മീറ്റിങ്ങുകള്‍ ഒരുക്കിയിട്ടുള്ളത്.


എം.പിമാരെ ഏറ്റവും 'ആക്റ്റീവ്' ആയി നിലനിര്‍ത്താനാണ് ലോക്‌സഭാ അധികൃതര്‍ ശ്രമിക്കാറ്. പല എം.പിമാര്‍ക്കും അവരുടെ സൗകര്യാര്‍ഥം സെക്രട്ടറിമാരെ നിയമിക്കാം. ഇതില്‍ ഒരാള്‍ മുതല്‍ 10 പേരെ സെക്രട്ടറിയാക്കി നിയമിക്കുന്ന എം.പിമാരുമുണ്ട്. കൂടുതല്‍ ചോദ്യങ്ങള്‍ ചോദിക്കുന്നതിനും കൂടുതല്‍ സബ്മിഷനുകള്‍ ഉന്നയിക്കുന്നതിനും കൂടുതല്‍ ചര്‍ച്ചകളില്‍ ഇടപെടുന്നതിനും പലപ്പോഴും എം.പിമാര്‍ക്കിടയില്‍ ഒരു 'മത്സരം' തന്നെ കാണാറുമുണ്ട്.


ഇങ്ങനെയൊക്കെയായിട്ടും പല പാര്‍ലമെന്ററി കമ്മിറ്റികളിലേയും ചര്‍ച്ചകളും അതില്‍ നിന്ന് ഉരുത്തിരിഞ്ഞു വരുന്ന നിര്‍ദേശങ്ങളും പലപ്പോഴും സര്‍ക്കാര്‍ ചവറ്റുകുട്ടയില്‍ തള്ളാറാണ് പതിവ്. മിനിമം 100 ദിവസമെങ്കിലും വര്‍ഷത്തില്‍ സഭ ചേര്‍ന്നിരിക്കണമെന്ന അലിഖിത നിയമവും ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല. അതായത്, മികച്ച സംവിധാനമാണെങ്കിലും പാര്‍ലമെന്റിന്റെ ശക്തി നാള്‍ക്കുനാള്‍ കുറഞ്ഞുവരുന്നതായാണ് അനുഭവപ്പെടുന്നത് എന്നുസാരം.


എ.കെ.ജി പരിഭ്രമിച്ചിരുന്നതു പോലെ പാര്‍ലമെന്റ് ഇന്ന് ശതകോടീശ്വരന്മാരുടെ ഒരു ക്ലബ് ആയി മാറിയിരിക്കുന്നു. ജനകീയ പ്രശ്‌നങ്ങള്‍ പലപ്പോഴും ഇവിടെ വേണ്ട രീതിയില്‍ ചര്‍ച്ച ചെയ്യപ്പെടാറില്ല. അതാത് സമ്മേളന കാലത്ത് മാധ്യമങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്ന സെന്‍സേഷണല്‍ല്‍ പ്രശ്‌നങ്ങളാണ് പലപ്പോഴും ഒരു സമ്മേളനത്തിന്റെ അജണ്ട തന്നെ തീരുമാനിക്കുന്നത് എന്നതാണ് ഇപ്പോഴത്തെ വസ്തുത.


കാലക്രമേണെ വന്ന പല സര്‍ക്കാരുകള്‍ക്കും പാര്‍ലമെന്റിന്റെ സുതാര്യമായ പ്രവര്‍ത്തനത്തില്‍ വലിയ താത്പര്യം ഉണ്ടായിരുന്നില്ല. പല കമ്മിറ്റികളും ചേരുന്നത് ഒരു വഴിപാടു പോലെ നടന്നുപോകുന്നു എന്നുമാത്രം. 16-ാം ലോക്‌സഭയില്‍ എങ്കിലും പാര്‍ലമെന്റ് എന്ന സംവിധാനം കുറെക്കൂടി ശക്തമായി മുന്നോട്ടുകൊണ്ടു പോകേണ്ടതിന്റെ ആവശ്യം എം.പിമാര്‍ക്ക് ബോധ്യപ്പെടേണ്ടതാണ്. കാരണം ഗുജറാത്തില്‍ 23 ദിവസം മാത്രമാണ് ഒരു വര്‍ഷം നിയമസഭ സമ്മേളിക്കാറ്. കഴിഞ്ഞ യു.പി.എ സര്‍ക്കാരിന്റെ കാലത്ത് പാര്‍ലമെന്റിന് ഏറെ കോട്ടങ്ങള്‍ സംഭവിച്ചു കഴിഞ്ഞു. കൂടുതല്‍ കോട്ടങ്ങള്‍ ഉണ്ടാവാതെ നോക്കേണ്ടത് ജനങ്ങളുടെ കൂടെ ഉത്തരവാദിത്തമാണ്.


Next Story

Related Stories