UPDATES

ഇന്ത്യ

വെള്ളത്തില്‍ രാഷ്ട്രീയം കലര്‍ത്തരുത്

ടീം അഴിമുഖം

ഇന്ത്യയിലും ലോകത്താകമാനവും ജലം ഒരു തര്‍ക്കവിഷയമായി വരികയാണ്. ഇന്ത്യയുടെ വിദേശകാര്യ ഇടപെടലുകളിലും ജലം പങ്കിടുന്നത് ഒരു സങ്കീര്‍ണവിഷയമാണ്. ചൈനയും പാക്കിസ്ഥാനും ബംഗ്ലാദേശുമായി ജലം പങ്കിടുന്ന കാര്യം വരുമ്പോള്‍ വിഷയം ഏറെ പ്രാധാന്യമുള്ളതാകുന്നു. തര്‍ക്കങ്ങള്‍ രാജ്യങ്ങള്‍ തമ്മിലായാലും സംസ്ഥാനങ്ങള്‍ തമ്മിലായാലും തങ്ങളെ മോശമായി പരിഗണിക്കുന്നുവെന്ന് താണപ്രദേശത്തുള്ളവര്‍ സ്ഥിരമായി പരാതി പറയാറുണ്ട്‌.

എന്നാല്‍ ഇന്ത്യയില്‍ അന്തര്‍സംസ്ഥാന തര്‍ക്കങ്ങള്‍ രാഷ്ട്രീയപ്രേരിതമാകുന്നതും അതില്‍ വോട്ടു ബാങ്ക് രാഷ്ട്രീയം ഉണ്ടാകുന്നതും നിര്‍ഭാഗ്യകരം തന്നെയാണ്. മുല്ലപ്പെരിയാര്‍ പ്രശ്നം സംബന്ധിച്ച ഏറ്റവും പുതിയ പ്രതിഷേധങ്ങള്‍ ഇതിന്റെ ഏറ്റവും പുതിയ മുഖമാണ്. സ്വന്തം രാഷ്ട്രീയതാല്‍പ്പര്യങ്ങള്‍ സാധിക്കാനായി രാഷ്ട്രീയപാര്‍ടികള്‍ പ്രശ്നങ്ങളെ എങ്ങനെ ഊതിപ്പെരുപ്പിക്കുന്നു എന്നതിന്റെ നല്ല ഉദാഹരണമാണ് കാവേരി നദീജല തര്‍ക്കം. മുല്ലപ്പെരിയാര്‍ പ്രശ്നം കോടതികളുടെയും ട്രിബ്യൂണലുകളുടെയും പരിധിയില്‍ മാത്രം ഒതുങ്ങിനിന്ന ഒന്നല്ല, പൊതുവേദികളില്‍ പൊരുതപ്പെട്ട ഒരു വിഷയമാണത്. തമിഴ്-കന്നടിഗ സ്വത്വങ്ങളുടെയും താല്‍പ്പര്യങ്ങളുടെയും ഇടയില്‍ മൂര്‍ച്ഛിച്ചുവന്ന ഈ വിഷയം പലപ്പോഴും അസ്വസ്ഥതകള്‍ക്ക് കാരണമായി. രണ്ടുസംസ്ഥാനത്തെയും രാഷ്ട്രീയപാര്‍ട്ടികള്‍ അവരുടെ നിലപാടുകള്‍ സ്ഥിരമായി പ്രസ്താവിച്ചുകൊണ്ടിരിക്കുകയും അവരുടെ മുന്‍വിധികളെ പെരുപ്പിച്ചുകാണിക്കുകയും ഉപ-ദേശീയ രാഷ്ട്രീയഭാവനകളെ തൃപ്തിപ്പെടുത്തുകയും ചെയ്തുവന്നു. ഈ രാഷ്ട്രീയം തര്‍ക്കങ്ങള്‍ക്ക് വഴിവയ്ക്കുകയും തര്‍ക്കങ്ങള്‍ രാഷ്ട്രീയത്തിന് വഴിവയ്ക്കുകയും ചെയ്തു. ഇത്തരം രാഷ്ട്രീയത്തിന്റെ ഒരു പ്രധാനപരിണതഫലം കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും സംഭവിക്കുന്ന പാര്‍ട്ടികളുടെ സംയോജിക്കലുകളാണ്. തര്‍ക്കങ്ങള്‍ ഉണ്ടാകുന്നതിന്റെയും തുടരുന്നതിന്റെയും അവസാനിക്കുന്നതിന്‍റെയും ഒക്കെ ചുക്കാന്‍ പിടിക്കുക ഈ രാഷ്ട്രീയമാണ്. ഇതിനൊപ്പം പ്രാദേശികപാര്‍ട്ടികളുടെ ഇടപെടലുകളും അവയ്ക്കുള്ളില്‍ ഉള്ള വ്യത്യസ്ത താല്‍പ്പര്യങ്ങളും സംസ്ഥാനങ്ങള്‍ തമ്മില്‍ വളര്‍ന്നു വരുന്ന മത്സരവും ഒക്കെ ഈ രാഷ്ട്രീയത്തിന് മൂര്‍ച്ച കൂട്ടുന്നു. ഭരണഘടനാപരവും ഭരണപരവുമായ പ്രതിസന്ധികള്‍ക്കും ഈ രാഷ്ട്രീയം വഴിവയ്ക്കുന്നുണ്ട്. 91ല്‍ ട്രൈബ്യൂണലിന്റെ ഓര്‍ഡറിനെ മറികടന്ന് കര്‍ണാടക ഓര്‍ഡിനന്‍സ് ഇറക്കിയതും 2004ല്‍ ഹരിയാനയുമായുള്ള  ജലപങ്കാളിത്ത ഉടമ്പടികളെ റദ്ദാക്കാന്‍ പഞ്ചാബ് തീരുമാനിച്ചതും ഒക്കെ ഉദാഹരണങ്ങളാണ്.
 

നിയമപരമായ അവ്യക്തതകളില്‍ കടിച്ചുതൂങ്ങിയാണ് ഈ രാഷ്ട്രീയം നിലനില്‍ക്കുന്നത്. ജലസംബന്ധിയായ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന്റെ ചരിത്രസാഹചര്യങ്ങള്‍ തന്നെയാണ് ഇതിനുത്തരവാദി. ഇപ്പോഴുള്ള നിയമസംവിധാനങ്ങള്‍ കൊളോണിയല്‍ കാലത്തെ അന്തര്‍പ്രവിശ്യാ ജലതര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന്റെ അതേ മാനദന്ധങ്ങളാണ് പാലിക്കുന്നത്. ഫെഡറല്‍ കോടതിയുടെ അധികാരപരിധിയില്‍ നിന്ന് അന്തര്‍പ്രവിശ്യാ ജലതര്‍ക്കങ്ങളെ ഒഴിവാക്കണമെന്ന് 1934ലെ ഭരണഘടനാപരിവര്‍ത്തനകമ്മിറ്റി പറയുന്നു. കോടതിനടപടികളിലൂടെ ജലതര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ശ്രമിച്ചുപരാജയപ്പെട്ടതിനാലാണ് ഇങ്ങനെയൊരു നിര്‍ദേശമുണ്ടായത്. എന്നാല്‍ ഇമ്പീരിയല്‍ സ്റേറ്റ് അതിന്റെ അധികാരം നിലനിര്‍ത്താനായി നിര്‍മ്മിച്ചെടുത്ത ഒരു സംവിധാനവുമാകാം അത്. തര്‍ക്കങ്ങള്‍ പരിഹരിക്കാനുള്ള അധികാരം ഗവര്‍ണര്‍ ജനറലിന് നല്‍കണമെന്നാണ് കമ്മിറ്റി ശുപാര്‍ശ ചെയ്തത്. ബ്രിട്ടീഷ് ഇന്ത്യാപ്രവിശ്യകളിലെയും നാട്ടുരാജ്യങ്ങളിലെയും തര്‍ക്കങ്ങള്‍ തീര്‍ക്കുന്നതിന് ഒരേപോലെ ഗവര്‍ണര്‍ ജനറലിന് അധികാരം ലഭിച്ചിരുന്നു. ജലതര്‍ക്കങ്ങളെ സുപ്രീംകോടതിയുടെ അധികാരപരിധിയില്‍ നിന്ന് മാറ്റിനിര്‍ത്തുക എന്നത് ഗവണ്‍മെന്‍റ് ഓഫ് ഇന്ത്യ ആക്റ്റ് 1935ലും ഡ്രാഫ്റ്റ് ഭരണഘടനയിലും തുടര്‍ന്നു.
 

കാവേരി നദീതര്‍ക്കത്തില്‍ പതിനേഴുവര്‍ഷത്തിനുശേഷം 2007ലാണ് അവസാനം ട്രിബ്യൂണലിന്റെ വിധി ഉണ്ടായത്. അതിനുശേഷവും പ്രശ്നം പരിഹരിക്കപ്പെട്ടതേയില്ല. 2012ല്‍ പ്രശ്നം കൂടുതല്‍ ഗുരുതരമായപ്പോള്‍ സുപ്രീംകോടതിക്ക് ജലം പങ്കിടല്‍ ദിവസേനയെന്നോണം പരിശോധിക്കേണ്ട അവസ്ഥയാണുണ്ടായത്. ഇതില്‍ കര്‍ണാടക-തമിഴ്‌നാട്‌ സംസ്ഥാനങ്ങള്‍ക്ക് വലിയ അതൃപ്തിയുണ്ടാവുകയും ചെയ്തിട്ടുണ്ട്. ഈ രണ്ടുസംസ്ഥാനങ്ങളും സ്വീകാര്യമായ ഒരു നടപടിക്കുവേണ്ടിയുള്ള ശ്രമങ്ങള്‍ തുടരുകയാണ്. നിയമപരമായ അവ്യക്തതകളും കൃത്യതയുള്ള സമ്പ്രദായങ്ങളുടെ അഭാവവുമാണ് നടപടികള്‍ സ്വീകരിക്കാന്‍ തടസ്സമായി നില്‍ക്കുന്നത്. ട്രിബ്യൂണലിന് നടപടികള്‍ നിര്‍ദേശിക്കാനാവുമോ എന്നും വ്യക്തമല്ല. എന്നാല്‍ സുപ്രീംകോടതിക്ക് ഇതില്‍ അധികാരമില്ലാത്തതിനാല്‍ ട്രിബ്യൂണലിന്റെ വിധി നടപ്പില്‍ വരുത്താന്‍ സഹായിക്കാമെന്നല്ലാതെ തര്‍ക്കങ്ങളില്‍ ഇടപെടാന്‍ കഴിയില്ല. നടപടികളുമായി മുന്നോട്ടുപോകാന്‍ സംസ്ഥാനങ്ങള്‍ക്കും കഴിയുന്നില്ല. രാഷ്ട്രീയസമവാക്യങ്ങള്‍-കേന്ദ്രത്തിലും പ്രാദേശിക പാര്‍ട്ടികളിലും നടക്കുന്നവ- തന്നെയാണ് ജലതര്‍ക്കങ്ങളുടെ ഗതി നിര്‍ണ്ണയിക്കുന്നത്. മാത്രമല്ല ശക്തിപ്രാപിച്ചുവരുന്ന പ്രാദേശിക പാര്‍ട്ടികളും സംസ്ഥാനങ്ങള്‍ തമ്മിലുള്ള മത്സരവും ഘടകങ്ങളാകുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍