UPDATES

കേരളം

ഭരണഘടനയും നിയമവും അവിടെ നില്‍ക്കട്ടെ; ഞങ്ങളുടെ പേടി ആരുമാറ്റും?

സാജു കൊമ്പന്‍

പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട ചര്‍ച്ചകളും പ്രക്ഷോഭങ്ങളും വിവാദങ്ങളുംകൊണ്ട് ചൂട് പിടിച്ച ഇടുക്കി ശാന്തമാകുന്നു എന്ന് കരുതിയിരിക്കുമ്പോഴാണ് തികച്ചും ഏകപക്ഷീയം എന്ന് കേരളം ആരോപിക്കുന്ന മുല്ലപ്പെരിയാര്‍ സംബന്ധിച്ച സുപ്രീം കോടതി വിധി എത്തിയിരിക്കുന്നത്. സംസ്ഥാനത്തെ അഞ്ചു ജില്ലകളിലായി ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവനും സ്വത്തിനും ഭീക്ഷണിയാകും എന്ന ആശങ്കയ്ക്ക് കനം വെപ്പിക്കുന്നതാണ് പുതിയ വിധി. വര്‍ഷങ്ങള്‍ നീണ്ട വ്യവഹാരം ഒടുവില്‍ രാജ്യത്ത് നിലനില്‍ക്കുന്ന നിയമത്തിന്‍റെയും ഭരണഘടനയുടെയും തെളിവുകളുടെയും പഠന റിപ്പോര്‍ട്ടുകളുടെയും അടിസ്ഥാനത്തില്‍ ഇഴകീറി പരിശോധിച്ച് (?) വിധി പുറപ്പെടുവിച്ചിരിക്കുകയാണ് സുപ്രീം കോടതിയുടെ ഭരണഘടന ബെഞ്ച്. പക്ഷേ 116 വര്‍ഷം പഴക്കമുള്ള ഒരു ഡാമിന് കീഴേ ജീവിക്കുന്ന ജനസമൂഹത്തിന്‍റെ ഭയപ്പാടിനെ എന്തുകൊണ്ട് കോടതി മുന്‍ഗണന നല്‍കിയില്ല എന്ന യഥാര്‍ഥ്യം വിധിയില്‍ മുഴച്ചു നില്‍ക്കുന്നു. ഇതിന്‍റെ ആദ്യ പ്രതികരണമെന്ന നിലയില്‍ മുല്ലപ്പെരിയാര്‍ സമരസമിതി സംസ്ഥാനമൊട്ടാകെയും ഭരണമുന്നണിയായ യു ഡി എഫ് ഇടുക്കിയിലും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ്.

അണക്കെട്ടിലെ ജലനിരപ്പ് 142 അടിയാക്കണമെന്ന 2006ലെ സുപ്രീംകോടതി വിധിയെ തുടര്‍ന്ന് കേരള നിയമ സഭ പാസാക്കിയ ജലസേചന-ജലസംരക്ഷണ ഭേദഗതി നിയമം റദ്ദാക്കിയതാണ് പുതിയ സുപ്രീംകോടതി വിധിയിലെ ഏറ്റവും സുപ്രധാനമായ ഭാഗം. സുപ്രീംകോടതിയുടെ അധികാര പരിധിയിലേക്ക് ലെജിസ്ലേറ്റീവ് കടന്നു കയറാന്‍ ശ്രമിച്ചതിന്‍റെ ദൃഷ്ടാന്തമായിട്ടാണ് കോടതി ഇതിനെ കാണുന്നത്. കോടതിയുടെ തീര്‍പ്പുകള്‍ പുനപരിശോധിക്കാനുള്ള അധികാരം കോടതിക്ക് മാത്രമേയുള്ളൂ. യാതൊരു വസ്തുതകളുടെയും പിന്‍ബലമില്ലാതെ ജനാഭിപ്രായത്തിന്‍റെ അടിസ്ഥാനത്തില്‍ നിര്‍മ്മിക്കപ്പെടേണ്ടതല്ല നിയമം എന്ന നിരീക്ഷണമാണ് കോടതി നടത്തുന്നത്. മുല്ലപ്പെരിയാര്‍ പ്രശ്നം രണ്ട് സംസ്ഥാനങ്ങള്‍ തമ്മിലുള്ള തര്‍ക്കമായത് കൊണ്ടു തന്നെ ഏതെങ്കിലും സംസ്ഥാനമോ കേന്ദ്ര ഗവണ്‍മെന്‍റോ നടത്തുന്ന നിയമ നിര്‍മ്മാണങ്ങളിലൂടെ പരിഹരിക്കാവുന്ന ഒന്നല്ല ഇത് എന്നും കോടതി വിലയിരുത്തുന്നു. ശാസ്ത്രീയ വസ്തുതകള്‍ പരിശോധിച്ചാണ് അണക്കെട്ടിന്‍റെ സുരക്ഷയെ സംബന്ധിച്ച വിധി കോടതി പുറപ്പെടുവിച്ചിരിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടുന്നു.

തങ്ങളുടെ വാദങ്ങള്‍ ഒന്നൊന്നായി കോടതി നിരത്തുമ്പോള്‍ ഇനിയെന്ത് എന്ന് പകച്ചു നില്‍ക്കുകയാണ് കേരള സര്‍ക്കാര്‍. ഡാമിന്‍റെ സുരക്ഷ സംബന്ധിച്ച് കൂടുതല്‍ ശാസ്ത്രീയമായ പഠനങ്ങള്‍ വേണമെന്ന് ആവശ്യപ്പെടുന്നതിന് പകരം പുതിയ ഡാം എന്ന അപ്രായോഗിക നിര്‍ദേശം മുന്നോട്ട് വച്ചതാണ് ഈ തിരിച്ചടിക്ക് കാരണമെന്ന് നിയമ വിദഗ്ധര്‍ കേരള സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നു. ഒപ്പം 2006-ല്‍ വേണ്ടത്ര ഹോം വര്‍ക്ക് ചെയ്യാതെയും ധൃതി പിടിച്ചും ഡാം സുരക്ഷയ്ക്ക് വേണ്ടി നിയമ ഭേദഗതി കൊണ്ടു വന്നതും തെറ്റായിപ്പോയി എന്ന വിലയിരുത്തലുമുണ്ട്.

സുപ്രീം കോടതിയുടെ ദൃഷ്ടി ഭരണഘടനാലംഘനം എന്ന ഒറ്റ പ്രശ്നത്തില്‍ കേന്ദ്രീകരിച്ചത് ചിലപ്പോള്‍ കേരളംകൊണ്ടുവന്ന പുതിയ നിയമം ഉണ്ടാക്കിയ പ്രകോപനമായിരിക്കാം. അതുകൊണ്ട് തന്നെയാണ് പരിഗണിച്ച ഒരു വിഷയത്തിലും കേരളത്തിന് അനുകൂലമായ വിധി സമ്പാദിക്കാന്‍ കേരളത്തിന് കഴിയാതെ പോയതും. എന്തായാലും എത്രയും പെട്ടെന്ന് പുന:പരിശോധന ഹര്‍ജി നല്‍കാനുള്ള തീരുമാനത്തിലാണ് കേരള സര്‍ക്കാര്‍. കേരളത്തിലെ ജനങ്ങളുടെ സുരക്ഷയെ കോടതി പരിഗണിച്ചില്ല എന്ന ശക്തമായ പരാതിയാണ് കേരള സര്‍ക്കാര്‍ ഉന്നയിക്കുന്നത്. പക്ഷേ തങ്ങള്‍ സമര്‍പ്പിച്ച നിഷ്പക്ഷ സമിതികളുടെ പഠന റിപ്പോര്‍ട്ടുകള്‍ മുഖവിലയ്ക്കെടുക്കാത്ത കോടതിയുടെ മുന്‍പില്‍ ഇനി എന്ത് വസ്തുകളുടെ പിന്‍ബലത്തില്‍ പോകും എന്ന കാര്യത്തില്‍ കേരളത്തിന് ആശങ്കയുണ്ട്. ഒപ്പം ഭരണഘടന അനുസരിച്ച് സംസ്ഥാനവിഷയമായ ജലസംബന്ധമായ കാര്യങ്ങളില്‍ നിയമസഭ എടുത്ത തീരുമാനത്തെ റദ്ദാക്കാനുള്ള തീരുമാനം ഭരണഘടനപര്‍മായി തന്നെ നിലനില്‍ക്കാത്ത ഒരു കാര്യമാണ് എന്നും കേരളം വിലയിരുത്തുന്നു. ഒരു നാട്ടിലെ ജനതയുടെ സുരക്ഷ സംബന്ധിച്ച വിഷയങ്ങള്‍ പരിഹരിക്കുക എന്നത് ഗവണ്‍മെന്റിന്റെ പ്രാഥമികമായ ഉത്തരവാദിത്തമാണ്. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനെ തടയുകയും ഇനിയൊരു ജുഡീഷ്യല്‍ പ്രക്രിയയ്ക്കു പഴുത് നാല്‍കാത്ത വിധം അടഞ്ഞ വിധി പുറപ്പെടുവിക്കുകയാണ് സുപ്രീംകോടതി ചെയ്തിരിക്കുന്നത്. ഡാമിന്‍റെ ബലക്ഷയം അപകടകരമാം വിധം പ്രത്യക്ഷപ്പെടുന്ന ഘട്ടത്തിലല്ലാതെ ഇനിയൊരു പരിഹാരം മാര്‍ഗം കണ്ടെത്താന്‍ പറ്റാത്ത സാഹചര്യമാണ് കോടതി വിധി ഉണ്ടാക്കിയിരിക്കുന്നത്.

ഏത് ഘട്ടത്തിലും തമിഴ്നാടിന് ജലം നല്കാന്‍ കേരളം തയ്യാറാണ് എന്ന്‍ അറിയിച്ചിട്ടും കേരളത്തിന്‍റെ ആശങ്കയെ എന്തുകൊണ്ട് കോടതി പരിഗണിച്ചില്ല എന്നത് ദുരൂഹമാണ്. ഡെല്‍ഹി, റൂര്‍ക്കി ഐ ഐ ടികള്‍ നടത്തിയ പഠനങ്ങള്‍ തെളിവായി സ്വീകരിച്ചില്ല എന്നു മാത്രമല്ല 2006-നു ശേഷമുണ്ടായ ഭൂകമ്പങ്ങളും സുരക്ഷ സംബന്ധിച്ച് പുതിയ സാഹചര്യം സൃഷ്ടിച്ചിട്ടുണ്ട് എന്ന് കാണാനും കോടതി തയ്യാറായിട്ടില്ല. സുരക്ഷ സംബന്ധിച്ച ആശങ്കകളുമായി ബന്ധപ്പെട്ട് ഒരു സുരക്ഷാ സമിതി ഉണ്ടാക്കണമെന്ന നിര്‍ദേശത്തിനപ്പുറം കേരളം നേരത്തെ തന്നെ പരാതികള്‍ ഉന്നയിച്ചിട്ടുള്ള കേന്ദ്ര ജല കമ്മീഷന്‍റെ റിപ്പോര്‍ട്ടിലെ പല കാര്യങ്ങളും ആവര്‍ത്തിക്കുന്ന സുപ്രീം കോടതിയുടെ ഉന്നതാധികാര സമിതി നല്കിയ റിപ്പോര്‍ട്ടിനപ്പുറം ഡാമിന്റെ ബലക്ഷയം സംബന്ധിച്ച് കൂടുതല്‍ ശാസ്ത്രീയമായ പരിശോധന നടത്താനുള്ള ഉത്തരവായിരുന്നു സുപ്രീംകോടതി നാല്‍കേണ്ടിയിരുന്നത്. ഇതിന് ഉപോത്ബലകമായി ഇതിന് മുന്‍പ് ലോകത്തുണ്ടായിട്ടുള്ള സമാന സാഹചര്യങ്ങളില്‍ എടുത്തിട്ടുള്ള സമീപനങ്ങളും കോടതി പരിശോധിക്കേണ്ടിയിരിന്നു.

ഭരണഘടനയുടെയും നിയമത്തിന്‍റെയും അടിസ്ഥാനത്തില്‍ മാത്രം പരിഹരിക്കാവുന്നതല്ല മുല്ലപ്പെരിയാര്‍ ഡാമിന് സമീപവും പെരിയാറ്റിന്‍റെ കരയിലും ജീവിക്കുന്നവരുടെ ഭയം. അതിന് പ്രായോഗികതയോടെയും സംയമനത്തോടെയുമുള്ള പരിഹാര നിര്‍ദേശങ്ങളാണ് ആവിശ്യം. അല്ലെങ്കില്‍ കോടതി ഒരു ജനതയെ തോല്‍പ്പിച്ചു എന്ന് ചരിത്രം രേഖപ്പെടുത്തുക തന്നെ ചെയ്യും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍