TopTop
Begin typing your search above and press return to search.

ഇന്ത്യന്‍ ജനാധിപത്യത്തിലെ ആനയും ഹാനോയും

ഇന്ത്യന്‍ ജനാധിപത്യത്തിലെ ആനയും ഹാനോയും

ടീം അഴിമുഖം

ഒടുവില്‍ 1514 മാര്‍ച്ച് 19ന് വത്തിക്കാനില്‍ വെച്ച് പോപ് ലിയോ പത്താമന് ഹാനോയെ സമ്മാനമായി കൊടുക്കുമ്പോഴേക്കും ലിസ്ബണില്‍ നിന്ന് പുറപ്പെട്ട ഘോഷയാത്ര ജിബ്രാള്‍റ്റര്‍ കടലിടുക്കും പടിഞ്ഞാറന്‍ മെഡിറ്ററേനിയനും കടന്ന് റോമിന്‍റെ തെരുവുകളിലൂടെ സഞ്ചരിച്ച് നിരവധി ആഴ്ചകള്‍ പിന്നിട്ട് കഴിഞ്ഞിരുന്നു. ഹാനോയെ സമ്മാനമായി നല്കിയ നിമിഷം അത് തന്‍റെ തുമ്പിക്കൈ വെള്ളത്തില്‍ മുക്കി വിശിഷ്ടാതിഥികളുടെ മേല്‍ വെള്ളം ചീറ്റിച്ചു. അടുത്ത ദിവസം, പോര്‍ച്ചുഗലില്‍ നിന്നുള്ള മുതിര്‍ന്ന പ്രതിനിധികള്‍ എത്തി പോപ്പിന്‍റെ പാദങ്ങളില്‍ ചുംബിക്കുകയും ഇന്ത്യയെ അദ്ദേഹത്തിന്റെ കാല്‍ക്കീഴില്‍ സമര്‍പ്പിക്കുകയും ചെയ്തു.

കൊച്ചി രാജാവ് പോര്‍ച്ചുഗല്‍ രാജാവ് മാനുവേല്‍ ഒന്നാമന് സമ്മാനമായി നല്കിയ ഹാനോ എന്ന ഈ ആന പോര്‍ച്ചുഗലിന് ഇന്ത്യക്ക് മേലുള്ള ആധിപത്യത്തിന്‍റെ അടയാളമായി മാറി. സ്വാഭാവികമായും നമ്മുടെ ആനയില്‍ നിന്നായിരിക്കാം ഈ ഹാനോ എന്ന പേര് ഉണ്ടായിട്ടുണ്ടാവുക. മാത്രമല്ല വാസ്കോ ഡി ഗാമ ഇന്ത്യയിലെത്തിയതിന് ശേഷമുള്ള ആദ്യ വര്‍ഷങ്ങളില്‍ യൂറോപ്പിലേക്ക് കപ്പല്‍ കയറ്റി അയക്കപ്പെട്ടിട്ടുള്ള അനേകം ആനകളില്‍ ഒന്ന് മാത്രമായിരുന്നു ഇത്. പക്ഷേ യൂറോപ്പിലെ അധികാര ഭ്രാന്തരായ പോപ്പിനും അനുയായികള്‍ക്കും ലോകത്തെക്കുറിച്ചുള്ള തങ്ങളുടെ തെറ്റായ കാഴ്ചപ്പാടിന്‍റെ അടിസ്ഥാനത്തില്‍, ഹാനോ ഇന്ത്യയുടെ ചിഹ്നമായി മാറുകയും ആ രാജ്യം തങ്ങള്‍ കീഴടക്കി എന്ന് വിശ്വസിക്കുകയും ചെയ്തു.
മെയ് 16ന് തെരെഞ്ഞെടുപ്പ് ഫല പ്രഖ്യാപനം പുറത്തു വരുമ്പോഴുള്ള കഥയും മുകളില്‍ വിവരിച്ചതില്‍ നിന്ന് ഏറെ വ്യത്യസ്തമായിരിക്കില്ല. ഏത് സഖ്യമാണോ 272 എന്ന മാന്ത്രിക സംഖ്യ തികയ്ക്കുന്നത് അവര്‍ തെരഞ്ഞെടുപ്പില്‍ വിജയശ്രീലാളിതരായി പ്രഖ്യാപിക്കപ്പെടുകയും മാധ്യമങ്ങളും തെരഞ്ഞെടുപ്പ് പണ്ഡിതരും അവര്‍ സൃഷ്ടിച്ച തരംഗത്തെക്കുറിച്ചും ഗംഭീര വിജയത്തെക്കുറിച്ചും വാചാലരാവുകയും ചെയ്യും. ഇതാണ് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി നാം കേള്‍ക്കുന്ന കഥ. സമീപ ഭാവിയിലും ഇതില്‍ നിന്ന് വ്യത്യസ്തമായ കഥയൊന്നും കേള്‍ക്കാന്‍ സാധ്യതയില്ല.

ആധികാരത്തിലേക്ക് എത്തുന്ന രാഷ്ട്രീയ സഖ്യത്തിന് യഥാര്‍ഥത്തില്‍ അതിന് വേണ്ടുന്ന ഭൂരിപക്ഷം വോട്ട് ലഭിക്കുന്നുണ്ടോ? ജയിക്കുന്ന രാഷ്ട്രീയ സഖ്യം ബഹുഭൂരിപക്ഷം വോട്ടര്‍മാരുടെയും ആഗ്രഹങ്ങളെയും പ്രത്യാശയേയുമാണോ യഥാര്‍ഥത്തില്‍ പ്രതിനിധീകരിക്കുന്നത്?

2009ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ യുണൈറ്റെഡ് പ്രോഗ്രസീവ് അലൈന്‍സ് അധികാരത്തിലേക്ക് സ്വീപ്പ് ചെയ്യുകയായിരുന്നു എന്നാണ് പൊതുവേയുള്ള പറച്ചില്‍. എന്നാല്‍ യഥാര്‍ഥ്യം എന്താണ്? 71 കോടി വോട്ടില്‍ യു പി എ നേടിയത് 15 കോടി വോട്ട് മാത്രം. ഇന്ത്യന്‍ ജനസംഖ്യയുടെ 12.5 ശതമാനം മാത്രമേ ഇത് വരുകയുള്ളൂ. ഇതാണ് ഇവിടത്തെ ഏറ്റവും വലിയ ജനവിധി!

206 സീറ്റ് നേടി മികച്ച വിജയം സ്വന്തമാക്കിയ കോണ്‍ഗ്രസ് പാര്‍ടി 11 കോടി വോട്ടാണ് 2009ല്‍ നേടിയത്. ഇത് ആകെ പോള്‍ ചെയ്ത വോട്ടിന്‍റെ 28.55 ശതമാനവും ജനസംഖ്യയുടെ 9ശതമാനവും മാത്രമാണ്.
നമ്മള്‍ പിന്തുടരുന്ന ഫസ്റ്റ് പാസ്റ്റ് ദി പോസ്റ്റ് സിസ്റ്റത്തിന്‍റെ അടിസ്ഥാനത്തില്‍ ഒരു മണ്ഡലത്തില്‍ കൂടുതല്‍ വോട്ട് നേടുന്ന സ്ഥാനാര്‍ഥിയാണ് തെരഞ്ഞെടുക്കപ്പെടുക. 10 ശതമാനം വോട്ട് കിട്ടിയാലും (യു പിയിലെ ഒട്ടുമിക്ക മണ്ഡലങ്ങളിലും സംഭവിക്കുന്നത്) അയാള്‍ക്ക്/അവള്‍ക്ക് ഒരു പാര്‍ലമെന്‍റ് അംഗമാകാം.

2009-ലേത് പോലെ ബി എസ് പിക്ക് 27 ശതമാനം വോട്ട് കിട്ടിയേക്കാം. പക്ഷേ കോണ്‍ഗ്രസിനെക്കാളും കുറവ് സീറ്റ് മാത്രമേ കിട്ടുകയുള്ളൂ. കോണ്‍ഗ്രസിന് യു പി യില്‍ 18 ശതമാനം വോട്ടെ ഉള്ളൂ എന്നോര്‍ക്കണം. യു പിയില്‍ 2009-ലെ തെരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് 4.7 ശതമാനം വോട്ട് കുറഞ്ഞെങ്കിലും 2004-മായി തരതമ്യം ചെയ്യുമ്പോള്‍ സീറ്റിന്‍റെ കാര്യത്തില്‍ വലിയ നഷ്ടം ഉണ്ടായിട്ടില്ലെന്ന് കാണാം.

2004മായി താരതമ്യം ചെയ്യുമ്പോള്‍ അന്ന് ലഭിച്ച വോട്ടിനേക്കാളും നേരിയ 2.13 ശതമാനം വോട്ടിന്‍റെ വര്‍ദ്ധനവ് സീറ്റിന്‍റെ കാര്യത്തില്‍ എത്തുമ്പോള്‍ വമ്പിച്ച നേട്ടമായി കോണ്‍ഗ്രസിന് മാറുന്നുണ്ട്. കോണ്‍ഗ്രസിന് 61 സീറ്റെന്ന വന്‍ വിജയം നേടികൊടുത്തു എന്നത് തെറ്റായ തെരഞ്ഞെടുപ്പ് പ്രക്രിയയെയാണ് കാണിക്കുന്നത്. രാജ്യമൊട്ടാകെ പടര്‍ന്ന് കിടക്കുന്നതുകൊണ്ടും അത് എല്ലാ തരക്കാരായ ആളുകളെ ഉള്‍ക്കൊള്ളുന്നത് കൊണ്ടും കോണ്‍ഗ്രസിന് അതിന് കിട്ടുന്ന വോട്ട് സീറ്റാക്കി മാറ്റാന്‍ വളരെ എളുപ്പത്തില്‍ കഴിയുന്നുണ്ട്. പക്ഷേ ഇത് ഇന്ത്യന്‍ തെരഞ്ഞെടുപ്പ് സംവിധാനത്തില്‍ നിലനില്‍ക്കുന്ന മാരകമായ കുഴപ്പത്തെയാണ് കാണിക്കുന്നത്.
ഓരോ ഒരു ശതമാനം വോട്ടും കോണ്‍ഗ്രസ് പാര്‍ട്ടിക്ക് 2009ല്‍ നേടിക്കൊടുത്തത് ഏഴു സീറ്റാണ്. എന്നാല്‍ 1999-ല്‍ ഇതേ കോണ്‍ഗ്രസ് പാര്‍ടി ഓരോ ഒരു ശതമാനം വോട്ടിനും നേടിയത് 3 സീറ്റില്‍ കുറവ് മാത്രമാണ് എന്നോര്‍ക്കണം. നമ്മുടെ തെരഞ്ഞെടുപ്പ് എത്ര വിചിത്രമാണെന്ന് നോക്കുക.

കുറച്ചുകൂടി സമഗ്രമായ, എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഒരു തെരഞ്ഞെടുപ്പ് പ്രക്രിയയെക്കുറിച്ച് ഇന്ത്യ ചിന്തിക്കേണ്ടത് അത്യാവശ്യമായി തീര്‍ന്നിരിക്കുന്നു. ജനങ്ങള്‍ക്കിടയില്‍ സ്വാധീനവും വോട്ടും ഉള്ള പാര്‍ടികള്‍ക്ക്, തങ്ങളുടെ ശക്തി രാജ്യം മുഴുവന്‍ പരന്നു കിടക്കുന്നു എന്നത് കൊണ്ട് വളരെ കുറഞ്ഞ സീറ്റില്‍ ചുരുങ്ങിപ്പോവുന്ന സാഹചര്യത്തില്‍, അര്‍ഹമായ പ്രാതിനിധ്യം കിട്ടേണ്ടിയിരിക്കുന്നു. അത് പോലെ തന്നെ ന്യൂനപക്ഷങ്ങള്‍ക്ക് (മതത്തിന്‍റെ അടിസ്ഥാനത്തില്‍ മാത്രമല്ല ഭാഷാ-സംസ്കാര വിഭാഗങ്ങള്‍ക്കും) ഭരണത്തിന്‍റെ ഓരോ തലങ്ങളിലും അര്‍ഹമായ പ്രാതിനിധ്യം നല്കേണ്ടതാണ്. അല്ലെങ്കില്‍ നമ്മള്‍ നടപ്പിലാക്കുക ഗുജറാത്ത് മാതൃകയിലുള്ള ജനാധിപത്യമായിരിക്കും. ഗുജറാത്തില്‍ പത്ത് ശതമാനത്തോളം വരുന്ന മുസ്ലിം ജനവിഭാഗത്തെ പ്രതിനിധീകരിച്ച് രണ്ടു മുസ്ലിം എം എല്‍ എമാര്‍ മാത്രമാണ് നിയമസഭയില്‍ ഉള്ളത്. ആകെയുള്ള എം എല്‍ എ മാരുടെ ഒരു ശതമാനം മാത്രമാണ് ജനസംഖ്യയുടെ 10 ശതമാനംവരുന്ന ഒരു ജനവിഭാഗത്തെ പ്രതിനിധീകരിക്കുന്നത് എന്നോര്‍ക്കുക. അതിലേറ്റവും പരിതാപകാരം ഭരിക്കുന്ന ബി ജെ പിയില്‍ മുസ്ലിം വിഭാഗത്തില്‍ നിന്ന് ഒരു പ്രതിനിധിപോലും ഇല്ല എന്നുള്ളതാണ്. എങ്ങനെയാണ് അങ്ങനെ തിരഞ്ഞെടുക്കപ്പെടുന്ന ഒരു സമിതിക്ക് ന്യൂനപക്ഷങ്ങളോട് നീതി ചെയ്യാന്‍ സാധിക്കുക. ഇത്തരമൊരു മാതൃകയാണോ ഇന്ത്യ സ്വീകരിക്കേണ്ടത്?- ന്യൂനപക്ഷങ്ങള്‍ക്ക് യാതൊരു അവകാശവും നല്‍കാത്ത ഭൂരിപക്ഷത്തിന്‍റെ ജനാധിപത്യം.

ഇത്തരം ജാനാധിപത്യ മാതൃകയിലാണ് ആന ഹാനോ ആയി മാറുന്നത്. കോഴിക്കോട്ടെ ചന്തയിലെത്തിയ കുറച്ച് വെള്ളക്കാര്‍ തങ്ങള്‍ ഇന്ത്യ മഹാരാജ്യം തന്നെ കീഴടക്കി എന്ന് കരുതുന്നതും.


Next Story

Related Stories