TopTop
Begin typing your search above and press return to search.

വെല്ലുവിളിക്കാനും പ്രകോപിപ്പിക്കാനും ഇനി കോച്ചേരി അച്ഛനില്ല

വെല്ലുവിളിക്കാനും പ്രകോപിപ്പിക്കാനും ഇനി കോച്ചേരി അച്ഛനില്ല

1971ല്‍ വൈദിക പട്ടം കിട്ടിയ ഉടനെ കോച്ചേരി അച്ഛന്‍ എന്ന് എല്ലാവരും സ്നേഹത്തോടെ വിളിക്കുന്ന ഫാദര്‍ തോമസ് കോച്ചേരി നേരെ പോയത് ഇന്ത്യ- ബംഗ്ലാദേശ് അതിര്‍ത്തിയിലേക്കാണ്. അവിടത്തെ ബംഗ്ലാദേശ് അഭയാര്‍ഥികള്‍ കഴിയുന്ന റായ്ഗഞ്ച് അഭയാര്‍ഥി ക്യാമ്പിലേക്ക്. പിന്നീട് അവിടെ നിന്ന് തിരിച്ചെത്തിയ അച്ഛന്‍ തിരുവനന്തപുരത്തെ പൂന്തുറയിലെ മത്സ്യതൊഴിലാളികളുടെ ഇടയിലാണ് കാണപ്പെട്ടത്. പരമ ദരിദ്രരായ മത്സ്യതൊഴിലാളികളുടെ ഒപ്പം ജീവിച്ചും മത്സ്യ ബന്ധനത്തില്‍ ഏര്‍പ്പെട്ടുമാണ് കോച്ചേരി അച്ഛന്‍റെ പൂന്തുറയിലെ ജീവിതം. പിന്നീട് ഒപ്പം ചേര്‍ന്ന മെഡിക്കല്‍ മിഷന്‍ സിസ്റ്റര്‍മാരുടെ ഗ്രൂപ്പുമായി ചേര്‍ന്ന് 1972-79 കാലഘട്ടത്തില്‍ മത്സ്യ തൊഴിലാളികളുടെ ഇടയിലെ ആരോഗ്യ-സാക്ഷരത പ്രവര്‍ത്തനങ്ങളിലൂടെ അച്ഛന്‍ തന്‍റെ പ്രവര്‍ത്തനങ്ങളെ വിപുലീകരിച്ചുകൊണ്ടിരുന്നു. 1989ല്‍ തീരദേശ പരിസ്ഥിതി സംരക്ഷണ മുദ്രാവാക്യം ഉയര്‍ത്തിക്കൊണ്ട് കൂടംകുളം ആണവ നിലയത്തിനെതിരെ അച്ഛന്‍റെ നേതൃത്വത്തില്‍ നടത്തിയ കന്യാകുമാരി മാര്‍ച്ച് ഇന്ത്യയിലെ ആണവ വിരുദ്ധ സമരങ്ങളിലെ നാഴികക്കല്ലായി മാറി. വൈദിക ജീവിതത്തിന്‍റെ മുഴുവന്‍ പങ്കും സമൂഹത്തിന്‍റെ ഏറ്റവും അടിത്തട്ടില്‍ കഴിയുന്ന ജനവിഭാഗങ്ങള്‍ക്കിടയില്‍ ജീവിച്ച ഫാദര്‍ തോമസ് കോച്ചേരിയെ ജനകീയ മുന്നേറ്റങ്ങളില്‍ അദ്ദേഹത്തിന്റെ കൂടെ പ്രവര്‍ത്തിച്ച തിരുവല്ല ഡൈനാമിക് ആക്ഷന്‍ ഗ്രൂപ്പിന്‍റെ നേതാവ് ഫിലിപ് ജോണ്‍ ഓര്‍മ്മിക്കുന്നു (തയ്യാറാക്കിയത് സാജു കൊമ്പന്‍).


1970കളുടെ പകുതിയിലാണ് ഞാന്‍ കോച്ചേരി അച്ഛനെ പരിചയപ്പെടുന്നത്. കൃത്യമായി പറഞ്ഞാല്‍ അടിയന്തിരാവസ്ഥയുടെ കാലത്ത്. കടുത്ത മനുഷ്യാവകാശ ധ്വംസനങ്ങളുടെയും അടിച്ചമര്‍ത്തലിന്‍റെയും ഭരണകൂട നടപടികള്‍ക്ക് എതിരെ കേരളത്തിനകത്തും പുറത്തും ശക്തമായ പ്രതികരണങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുകയായിരുന്നു. അപ്പോള്‍. ഞാന്‍ തിരുവല്ല ആസ്ഥാനമായുള്ള ഡൈനാമിക് ആക്ഷന്‍ എന്ന സംഘടനയില്‍ പ്രവര്‍ത്തിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ദേശീയ അടിസ്ഥാനത്തില്‍ മനുഷ്യാവകാശ വൈദിക സമിതി രൂപീകരിക്കപ്പെടുന്നത്. ഫാദര്‍ എം ജെ ജോസഫ്, പൌലൊസ് മാര്‍ പോലൊസ്, ഡോ: എം എം തോമസ് തുടങ്ങിയവരെല്ലാം സജീവമായുണ്ട്. അക്കൂട്ടത്തില്‍ ഒരാളായിട്ടാണ് കോച്ചേരി അച്ഛനെ ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും. അപ്പോള്‍ അച്ഛന്‍ തീരദേശ മേഖലകളില്‍ മത്സ്യ തൊഴിലാളികളുടെ ഇടയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയായിരുന്നു.


പിന്നീട് കായംകുളത്ത് വച്ചു നടന്ന ഗ്രാമീണ വനിതാ പ്രസ്ഥാനത്തിന്‍റെ പരിശീലന പരിപാടിയില്‍ റിസോഴ്സ് പേര്‍സണായി അച്ഛന്‍ എത്തി. അന്ന് രഹസ്യ പോലീസ് അച്ചന്‍റെ പ്രസംഗം കുറിച്ചെടുക്കാന്‍വേണ്ടി പരിപാടിയില്‍ എത്തിയിരുന്നു. കോണ്‍ഗ്രസ് ഗുണ്ടകളുടെ ആക്രമണം പരിപാടിക്ക് നേരെ ഉണ്ടായപ്പോള്‍ അതിനെ ശാരീരിക ആക്രമണമായി മാറാതെ നോക്കിയത് അച്ഛനായിരുന്നു.


കോച്ചേരി അച്ഛന്‍റെ പ്രധാന പ്രവര്‍ത്തന മേഖല മത്സ്യ തൊഴിലാളികളുടെ സാമൂഹ്യ ജീവിതം തന്നെയായിരുന്നു. 1981-82 കാലഘട്ടത്തില്‍ മത്സ്യ തൊഴിലാളികളുടെ സാമൂഹ്യ പിന്നോക്കാവസ്ഥ, തൊഴില്‍ അവകാശങ്ങള്‍, നീതി നിഷേധങ്ങള്‍ എന്നിവയ്ക്കെതിരെ ഹൈവേ പിക്കറ്റിംഗ്, റെയില്‍ തടയല്‍ തുടങ്ങിയ സമര മുറകളിലൂടെ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ ഉയര്‍ത്തിക്കൊണ്ട് വരാന്‍ കോച്ചേരി അച്ഛന്‍റെ നേതൃത്വത്തിനായി. മത്സ്യ തൊഴിലാളികളുടെ ഇടയില്‍ ശക്തമായ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനത്തിന് തുടക്കമിട്ടത് അച്ഛനാണ്. അഞ്ചു തെങ്ങ് ബോട്ട് വര്‍ക്കേഴ്സ് യൂണിയനായിരുന്നു ഇതിന്‍റെ ആദ്യരൂപം. അച്ഛനായിരുന്നു യൂണിയന്‍റെ പ്രസിഡണ്ട്. പരമ്പരാഗത മത്സ്യതൊഴിലാളികളെ സഹായിക്കാന്‍ വേണ്ടി ഉണ്ടാക്കിയ അഞ്ചുതെങ് റിഫിനാന്‍സിംഗ് ഡെവലപ്മെന്‍റ് കോര്‍പ്പറേഷന്‍ പദ്ധതിയിലെ അഴിമതിക്കെതിരെ അനിശ്ചിതകാല നിരാഹാര സമരം തിരുവനന്തപുരം സെക്ടട്ടേറിയറ്റ് നടയില്‍ അച്ഛന്‍റെ നേതൃത്വത്തില്‍ ആരംഭിച്ചത് യൂണിയന്‍ പ്രവര്‍ത്തനത്തെ ശക്തിപ്പെടുത്തി. പിന്നീട് അച്ഛന്‍മാരുടെയും കന്യാസ്ത്രീകളുടെയും സാന്നിധ്യം കൊണ്ട് പ്രത്യേക മത വിഭാഗത്തിന്‍റെ നിറം സംഘടനയ്ക്ക് വരും എന്ന് തോന്നിയ ഘട്ടത്തിലാണ് കേരള സ്വതന്ത്ര മത്സ്യ തൊഴിലാളി ഫെഡറേഷന്‍ രൂപീകരിക്കപ്പെടുന്നത്. ഇത് പിന്നീട് പല സംസ്ഥാനങ്ങളില്‍ നിന്നുള്ള സംഘടനകളെ ഉള്‍പ്പെടുത്തിക്കൊണ്ട് നാഷണല്‍ ഫിഷ് വര്‍ക്കേര്‍സ് ഫോറം എന്ന ദേശീയ തലത്തിലുള്ള പ്ലാറ്റ്ഫോമിന്‍റെ രൂപീകരണത്തിലേക്കും നയിച്ചു. 1982 മുതല്‍ 1996 വരെ നാഷണല്‍ ഫിഷ് വര്‍ക്കേര്‍സ് ഫോറത്തിന്‍റെ അദ്ധ്യക്ഷനായി കോച്ചേരി അച്ഛന്‍ പ്രവര്‍ത്തിച്ചു.


മത്സ്യ തൊഴിലാളികളുടെ ദേശീയ പ്ലാറ്റ്ഫോം സജീവമായതോടെ സമരം മാത്രമല്ല ആവിശ്യമായ നിയമ നിര്‍മ്മാണങ്ങള്‍ ഗവണ്‍മെന്‍റിനെക്കൊണ്ട് നടത്തിക്കുക കൂടി ആവിശ്യമാണെന്ന് അച്ഛന്‍ മനസിലാക്കുകയും അതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവമാകുകയും ചെയ്തു. ഇതിന് മുഖ്യധാര ട്രേഡ് യൂണിയനുകളുടെ സഹകരണാടിസ്ഥാനത്തിലുള്ള ബന്ധം സൃഷ്ടിക്കാനും അച്ഛന് കഴിഞ്ഞു. മാത്രമല്ല മത്സ്യ തൊഴിലാളികളുടെ സാമൂഹ്യ ഉന്നമനം ലക്ഷ്യമിട്ട് നിരന്തരമായി എഴുത്തുകയും ദേശീയ തലത്തിലും ആഗോള തലത്തിലുമുള്ള നിരവധിയായ സമ്മേളനങ്ങളിലും മീറ്റിംഗുകളിലും പ്രബന്ധങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തുകൊണ്ട് പ്രസ്ഥാനത്തിന് വേണ്ട ബൌദ്ധികാടിത്തറ പണിയാന്‍ ഫാദര്‍ നിരന്തരം ശ്രമിച്ചുകൊണ്ടിരുന്നു.


മത്സ്യ ബന്ധനം മുതല്‍ സംസ്കരണം വരെ കടലില്‍ വച്ച് നടത്തുന്ന ഭീമന്‍ കപ്പലുകളെ തടയേണ്ടത് മത്സ്യ തൊഴിലാളികളുടെ മാത്രം ആവിശ്യമല്ല. മറിച്ച് മത്സ്യം കഴിക്കുന്നവരുടേത് കൂടിയാണ് എന്ന വിശാലമായ കാഴ്ചപ്പാടില്‍ ജലം സംരക്ഷിക്കൂ ജീവന്‍ സംരക്ഷിക്കൂ എന്ന മുദ്രാവാക്യം ഉയര്‍ത്തിയുള്ള പ്രചാരണ സമര പ്രവര്‍ത്തനങ്ങള്‍ക്ക് അച്ഛന്‍ നേതൃത്വം കൊടുത്തു. വന്‍ കപ്പലുകളെ കടലില്‍ തടയുന്നതുല്‍പ്പടെയുള്ള സമര മാര്‍ഗങ്ങള്‍ സമരക്കാര്‍ അവലംബിക്കുകയുണ്ടായി. മത്സ്യ തൊഴിലാളികളുടെ പ്രശ്നം ഒരു പരിസ്ഥിതി പ്രശ്നമായി ഉയര്‍ത്തിക്കൊണ്ട് വന്ന്‍ കടലിന്‍റെ കോര്‍പ്പറേറ്റ് വത്ക്കരണത്തിനെതിരായി സമരം മാറുകയും ചെയ്തു.


അവസാന കാലത്ത് സമര ഭൂമികളില്‍ എത്താന്‍ സാധിക്കാത്തത്തില്‍ കോച്ചേരി അച്ഛന് നല്ല മനോ വിഷമം ഉണ്ടായിരുന്നു. എങ്കിലും ചെങ്ങറ ഭൂ സമരം ഉള്‍പ്പെടെയുള്ള പ്രാന്തവത്ക്കരിക്കപ്പെട്ടവരുടെ പ്രക്ഷോഭങ്ങളില്‍ ഐക്യധാര്‍ഢ്യം പ്രകടിപ്പിച്ച് തന്‍റെ അധസ്ഥിത പക്ഷ നിലപാട് അവസാന നാളുകളിലും അച്ഛന്‍ ഉയര്‍ത്തിപ്പിടിച്ചിരുന്നു. മനുഷ്യ വിമോചനം എന്നത് സമൂഹത്തിലെ മര്‍ദിതരുടെയും അധസ്ഥിതരുടെയും വിമോചനമാണ് എന്ന ദൈവചിന്തയാണ് കോച്ചേരി അച്ഛനെ നയിച്ചിരുന്നത്.


സമരരംഗത്തേക്ക് മുന്‍പിന്‍ നോക്കാതെ ചാടി ഇറങ്ങുകയും അധികാരികളെ വെല്ലുവിളിക്കുകയും പ്രകോപിപ്പിക്കുകയും ചെയ്യുന്ന ഫാദര്‍ തോമസ് കോച്ചേരിയുടെ സാന്നിധ്യം ഇനി ഉണ്ടാകില്ലെന്നത് സാമൂഹ്യ പ്രസ്ഥാനങ്ങളെ സംബന്ധിച്ചിടത്തോളം വലിയ നഷ്ടമാണ്.


Next Story

Related Stories