TopTop
Begin typing your search above and press return to search.

സ്ത്രീ ഒറ്റയ്ക്ക് ജീവിച്ചാല്‍ ആര്‍ക്കാണു പ്രശ്നം? ഭൂപതിയുടെ ജീവിതം

സ്ത്രീ ഒറ്റയ്ക്ക് ജീവിച്ചാല്‍ ആര്‍ക്കാണു പ്രശ്നം? ഭൂപതിയുടെ ജീവിതം
ഒരു ഫേസ്ബുക്ക് ചര്‍ച്ചയില്‍ നിന്നാണ് ഭൂപതിയെ കുറിച്ച് ഞങ്ങള്‍ അറിയുന്നത്. വീട്ടില്‍ പുരുഷന്മാരില്ലെങ്കില്‍ ആര്‍ക്കും അവിടെ കയറി ഇറങ്ങാമെന്നും അവിടെയുള്ള സ്ത്രീ അഴിഞ്ഞാട്ടക്കാരിയും ആര്‍ക്കും വിധേയയാകണമെന്നുമുള്ള 'നാട്ടുനടപ്പ്' ചോദ്യം ചെയ്തുകൊണ്ടാണ് ഭൂപതി ഓരോ നിമിഷവും പൊരുതി ജീവിക്കുന്നത്. ആ സ്ത്രീക്ക് ചില കാര്യങ്ങള്‍ പറയാനുണ്ട്. നമ്മുടെ പൊതു സമൂഹം ഒന്നടങ്കം ചിന്തിക്കുകയും ചോദ്യം ചെയ്യുകയും മുന്നോട്ട് വരികയും ചെയ്യേണ്ട ഒരുപാട് കാര്യങ്ങള്‍. ഭൂപതി നമ്മുടെ ആരുടേയും സഹതാപം ആഗ്രഹിക്കുന്നില്ല, മറിച്ച്, ഓരോരുത്തരും ചുറ്റുപാടും ഒന്നു കണ്ണോടിക്കാനാണ് അവര്‍ പറയുന്നത്. ജീവിക്കാനായുള്ള ഒരു സ്ത്രീയുടെ പോരാട്ടങ്ങള്‍.
പാലക്കാട് അഗളി പഞ്ചായത്തിലെ ഭൂതവഴിയില്‍ താമസിക്കുന്ന ഭൂപതിയുമായി നടത്തിയ സംഭാഷണത്തില്‍ നിന്ന്.

കേട്ടെഴുത്തും ചിത്രങ്ങളും : കെ.ജി. ബാലു.


ഞാന്‍ ഭൂപതി. 25 വയസ്സ്. രണ്ടു തവണ വിവാഹിതയായി. രണ്ട് കുട്ടികള്‍. പാലക്കാട് ജില്ലയിലെ അഗളി ഗ്രാമപഞ്ചായത്തില്‍ പൊങ്കയം കോളനിയില്‍ താമസിക്കുന്നു. സ്വന്തം കാലില്‍ നില്‍ക്കാന്‍ ആഗ്രഹിച്ചുവെന്ന കുറ്റത്തിന് ജീവിതം തന്നെ മടുത്ത് മരണത്തോളം പോയി തിരിച്ചു വന്ന് സമാധാനത്തോടെ ജീവിക്കാനായി ഇപ്പോഴും പൊരുതുന്നു.


അച്ഛന്റെ അമ്മയുടെ കാലത്താണ് ഞങ്ങളുടെ കുടുംബം ഭൂതിവഴിയെന്ന സ്ഥലത്തെത്തുന്നത്. ഞാന്‍ ജനിച്ചതും വളര്‍ന്നതും പഠിച്ചതും ഇവിടെത്തന്നെയാണ്. 1989- ലാണ് ഞാന്‍ ജനിച്ചത്. എന്നാല്‍ സ്‌കൂള്‍ രേഖകളില്‍ അത് 1987 എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അങ്ങനെ മൂന്നാം വയസില്‍ ഞാന്‍ സ്‌കൂളില്‍ പോയിത്തുടങ്ങി. മറ്റെല്ലാകുട്ടികളും സര്‍ക്കാര്‍ സ്‌കൂളില്‍ പോയപ്പോള്‍ ഞാന്‍ പഠിച്ചത് സ്വകാര്യ സ്‌കൂളായ കോട്ടത്തറ ആരോഗ്യമാതാ ഹൈസ്‌കൂളിലായിരുന്നു.


അമ്മയെ വിവാഹം കഴിച്ച് കൊണ്ടുവരുമ്പോഴേയുള്ള പ്രശ്‌നങ്ങളാണ് ഇവിടെയുള്ളത്. ആദ്യമൊക്കെ നിസാര കാര്യങ്ങള്‍ക്കായിരുന്നു വഴക്ക്. ഞങ്ങളുടെ 'ആട് അവരുടെ അതിരിലെ കാട് തിന്നു' എന്നൊക്കെപ്പറഞ്ഞായിരിക്കും തുടക്കം. ഞാനും ചേച്ചിയും കുട്ടികളായിരുന്നപ്പോള്‍ അത് ഞങ്ങള്‍ക്ക് നേരെയായി. സ്‌കൂളില്‍ പോകുമ്പോള്‍ വഴിയില്‍ നാട്ടുകാരായ മറ്റ് കുട്ടികള്‍ ഞങ്ങളെ ഉപദ്രവിക്കുക പതിവായിരുന്നു. അതിന്റെ പേരിലാകും പിന്നെ വഴക്ക്. ഞങ്ങളുടെ കുടുംബത്ത് ആണ്‍കുട്ടികളില്ലാത്തത് അവര്‍ക്ക് ധൈര്യമായി. ചോദിക്കാനും പറയാനും ആരുമില്ലാത്ത അവസ്ഥ.ഭൂപതിയും കുട്ടികളും വീടിന് മുന്നില്‍


സ്‌കൂളില്‍ കലാ-കായിക മത്സരങ്ങളില്‍ മുമ്പില്‍ ഞാനുണ്ടായിരുന്നു. ഓട്ടമായിരുന്നു എന്റെ പ്രധാന ഇനം. അന്നൊന്നും പാടാനും ഞാന്‍ മോശമായിരുന്നില്ല. ഒറ്റക്ലാസില്‍ പോലും തോല്‍ക്കാതെ പത്താം ക്ലാസിലെത്തി. ആ സമയത്താണ് അച്ഛന് ആസ്മ കൂടിയത്. അച്ഛന്‍ ആശുപത്രിയിലായതോടെ കുടുംബത്തിന്റെ വരുമാനം നിന്നു. പിന്നെ അമ്മ കൂലിപ്പണിക്കു പോയി വേണം കാര്യങ്ങള്‍ മുന്നോട്ടു നീങ്ങാനെന്നു വന്നു. അച്ഛന്, ഞാന്‍ ആശുപത്രിയില്‍ കൂട്ടിരിക്കാന്‍ തുടങ്ങി. അതിനിടയില്‍ എനിക്ക് ടൈഫോയിഡ് പിടിപെട്ടതോടെ പഠനവും മുടങ്ങി. ആട്ടവും പാട്ടുമെല്ലാം നിന്നു.


പിന്നെ കുറച്ചുകാലം വീട്ടില്‍ തന്നെ നിന്നു. ഈ സമയം ചേച്ചി കല്യാണം കഴിഞ്ഞ് തമിഴ്‌നാട്ടിലേക്ക് താമസം മാറ്റിയിരുന്നു. അങ്ങനെ ഞാന്‍ ഒരു വര്‍ഷത്തോളം തിരുപ്പൂരില്‍ ബനിയന്‍ കമ്പനിയില്‍ ജോലിചെയ്തു. പക്ഷേ കാലാവസ്ഥ പിടിക്കാത്തതിനാല്‍ തിരിച്ചു വന്നു. സ്വന്തമായൊരു വരുമാനമില്ലാതെ ജീവിക്കാന്‍ കഴിയില്ലെന്ന് മനസിലായപ്പോള്‍, ഒരു വര്‍ഷത്തിന് ശേഷം അട്ടപ്പാടിയില്‍ പി.സി. ബേബിയുടെ ഡയമണ്ട് കട്ട് കമ്പനിയില്‍ ജോലിക്ക് ചേര്‍ന്നു. ഏതാണ്ട് ഒരു വര്‍ഷത്തിന് മേലെ അവിടെ ജോലിചെയ്തു.


ഈ സമയത്താണ് പെരുമാളിന്റെ ഒരു അകന്ന ബന്ധു അയാളുടെ വീട്ടില്‍ വിരുന്നു വന്നത്. ഞാന്‍ രാവിലെയും വൈകീട്ടും കമ്പനിയില്‍ പോയി വരുന്നത് കണ്ട ഇയാള്‍ പെരുമാളോട് എന്നെ വിവാഹം കഴിക്കാന്‍ താത്പര്യമുണ്ടെന്ന് പറഞ്ഞു. ഒരു ദിവസം വൈകീട്ട് ഞാന്‍ പണികഴിഞ്ഞു വരുമ്പോള്‍ പെരുമാള്‍ എന്നെ വഴിതടഞ്ഞ് അവനെ കെട്ടാനാവശ്യപ്പെട്ടു. 'എനിക്ക് നിങ്ങള്‍ ചെക്കന്മാരെയന്വേഷിക്കേണ്ടെന്ന് ' ഞാന്‍ പറഞ്ഞത് അയാള്‍ക്കിഷ്ടപ്പെട്ടില്ല. അന്ന് വൈകീട്ട് പെരുമാള്‍ അച്ഛനോട് എന്റെ വിവാഹക്കാര്യം പറഞ്ഞ് വഴക്കായി. 'എന്റെ മകള്‍ക്ക് ചെക്കനെ നോക്കാന്‍ ഞാനുണ്ടെന്ന് ' അച്ഛന്‍ പറഞ്ഞതോടെ പെരുമാള്‍ പിന്നെ അക്കാര്യം പറഞ്ഞ് വരാതായി.


പെരുമാളും ഞങ്ങളും ഒരേ സമുദായക്കാരാണ്. ഹിന്ദു വേടര്‍. പക്ഷേ അയാളെക്കുറിച്ച് നാട്ടില്‍ കേള്‍ക്കുന്നത് അത്ര നല്ലകാര്യങ്ങളല്ല. ഞങ്ങളുടെ കുടുംബത്തോട് അയാള്‍ക്കാണ് കൂടുതല്‍ പക. ഈ പ്രദേശത്തെ കൗണ്ടറുടെ കാര്യങ്ങള്‍ നോക്കുന്നതും വാറ്റും വിദേശമദ്യവും ഇവിടെ എത്തിക്കുന്നതും പെരുമാള്‍ വഴിയാണ്. പോലീസില്‍ ഇയാള്‍ക്ക് നല്ല പിടിപാടുണ്ട്. പണ്ട് ആനക്കൊമ്പ് ബിസിനസിന്റെ ഇടനിലയായിരുന്നുവെന്ന് കേട്ടിരുന്നു. ഇപ്പോള്‍ സ്ത്രീകളെ എത്തിച്ചുകൊടുക്കുന്ന ഏര്‍പ്പാടുണ്ടെന്നും കേള്‍ക്കുന്നു.


കുറച്ച് മാസങ്ങള്‍ കഴിഞ്ഞ് തിരുപ്പൂര്‍ കറുവന്‍പാളയത്ത് സിത്താര്‍ എക്‌സ്‌പോര്‍ട്ട്‌സില്‍ സൂപ്പര്‍വേസറായി ജോലികിട്ടിയപ്പോള്‍ ഞാനങ്ങോട്ട് പോയി. ഇതിനിടയ്ക്ക് അഹാഡ്‌സില്‍ താത്കാലിക ഡ്രൈവറായിരുന്ന തമിഴ്‌നാട് ട്രിച്ചി സ്വദേശി കാമരാജുമായി എന്റെ വിവാഹം നിശ്ചയിച്ചു.


2005-ല്‍ റെക്കോഡ് പ്രകാരം പതിനെട്ടാം വയസ്സില്‍ എന്റെ ആദ്യ വിവാഹം. വിവാഹശേഷം ഞങ്ങള്‍ തിരുപ്പൂരില്‍ ഒരു വാടക വീടെടുത്ത് താമസം തുടങ്ങി. കാമരാജിന് ബനിയന്‍ കമ്പനിയില്‍ സെക്യൂരിറ്റി ജോലികിട്ടി. പ്രശ്‌നങ്ങളൊന്നുമില്ലാതെയായിരുന്നു ഞങ്ങളുടെ കുടുംബ ജീവിതം. ഇതിനിടയില്‍ ആദ്യ കുട്ടി ജനിച്ചു, അജയന്‍.


മൂന്നു വര്‍ഷത്തോളം ഞങ്ങള്‍ അവിടെ ജീവിച്ചു. പക്ഷേ കാലാവസ്ഥ വീണ്ടും പ്രതികൂലമായി. തിരുപ്പൂരിലെ ചൂടും വെള്ളത്തിന്റെ കുറവും എല്ലാം കൂടി ഭക്ഷണം ശരീരത്തിന് പിടിക്കാതായപ്പോള്‍ ഞങ്ങള്‍ അഗളിക്ക് തിരിച്ചുവന്നു. തിരിച്ച് നാട്ടിലെത്തിയ ഞാന്‍, ഭാഗം വാങ്ങി കിട്ടിയ മൂന്നു സെന്റില്‍ ഇ.എം.എസ്. ഭവന പദ്ധതി ഉപയോഗിച്ച് രണ്ടു മുറികളുള്ള ഒരു വീടുപണിതു. ശിരുവാണിപ്പുഴയില്‍ നിന്ന് കല്ലും മണലും ഇവിടെവരെയെത്തിച്ചത് തലച്ചുമടായിട്ടായിരുന്നു.


ഞങ്ങള്‍ സന്തോഷമായി ജീവിക്കുന്നത് ഇവിടുള്ളവര്‍ക്ക് രസിച്ചില്ല. അവര്‍ പലകഥകളും പറയാന്‍ തുടങ്ങി. അതുവരെ മദ്യപിക്കാതിരുന്ന കാമരാജ് നാട്ടില്‍ തിരിച്ചെത്തിയതോടെ മദ്യപാനം തുടങ്ങി. അഹാഡ്‌സില്‍ ജോലിചെയ്തിരുന്നത് കൊണ്ട് കാമരാജിന് നാട്ടുകാരെ നേരത്തെ പരിചയമുണ്ടായിരുന്നു. ഈ പരിചയം പതുക്കെ വൈകുന്നേരത്തെ മദ്യപാന സദസുകളില്‍ കാമരാജിനെ പതിവുകാരനാക്കി. ചെക്കന്മാര്‍ക്ക് എന്നോടുണ്ടായിരുന്ന അസൂയ അവര്‍ കാമരാജിനോട് മദ്യപാനവേളയില്‍ പല കഥകളായി പറഞ്ഞു.ഭൂപതിയുടെ വീടിന് മുന്നിലെ തുറസായ സ്ഥലങ്ങള്‍. ഇവിടമാണ് രാത്രി നാട്ടുകാര്‍ മദ്യപാന സദസ്സാക്കുന്നത്


മദ്യപാന സദസുകളിലെ കഥകള്‍ വിശ്വസിച്ച അയാള്‍ രാത്രി വീട്ടില്‍ വന്ന് എന്നെയും മകനേയും തല്ലുന്നത് പതിവാക്കി. തലയിണ മുഖത്തിട്ട് മൂടി ശ്വസംമുട്ടിക്കുക, വായില്‍ തുണിതിരുകി തല്ലുക എന്നിവയായിരുന്ന അയാളുടെ പ്രധാന വിനോദങ്ങള്‍. രാത്രി മദ്യപിച്ച് ബഹളംവെക്കുന്നയാള്‍ രാവിലെ നാട്ടിലേക്ക് പോകും. പിന്നെ ദിവസങ്ങള്‍ കഴിഞ്ഞ് തിരിച്ചുവരും. ചിലപ്പോള്‍ മാസങ്ങളോളം വരില്ല. കുട്ടിയുടെ കാര്യമോര്‍ത്ത് ഞാന്‍ തന്നെ അയാളുടെ വീട്ടില്‍ പോയി വിളിച്ചുകൊണ്ടു വരും. വരുന്ന രണ്ടു ദിവസം കുഴപ്പമൊന്നുമില്ല. ദിവസങ്ങള്‍ കഴിഞ്ഞാല്‍ വീണ്ടും കമ്പനികൂടി കുടി തുടങ്ങും. രാത്രി വീട്ടില്‍ വന്ന് വഴക്കും. പിന്നെ പിന്നെ അയാള്‍ ഇതിന്റെ പേരില്‍ അച്ഛനെയും അമ്മയെയും വല്ലപ്പോഴും നാട്ടില്‍ വരുന്ന ചേച്ചിയേയും തല്ലാന്‍ തുടങ്ങി. ഇതിനിടയില്‍ ഞാന്‍ രണ്ടാമതും ഗര്‍ഭിണിയായി.


2010 ജൂണില്‍ മകള്‍ അജിതയെ പ്രസവിച്ച് രണ്ടുമൂന്നു മാസം കഴിഞ്ഞുകാണും; അന്നൊരു ദിവസം രാത്രിയില്‍ മദ്യപിച്ചെത്തിയ അയാള്‍ എന്റെയും രണ്ടുമാസം പ്രായമായ മകളുടെയും മേല്‍ മണ്ണെണ്ണയൊഴൊഴിച്ച് തീകൊളുത്താന്‍ ശ്രമിച്ചു. അയാള്‍ തീപ്പെട്ടിയെടുക്കുന്ന നേരത്തിന് ഞാന്‍ മകളെയും കൊണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു. അന്ന് അച്ഛന്‍ മാത്രമേ വീട്ടിലുണ്ടായിരുന്നൊള്ളൂ. അമ്മ നാട്ടില്‍ പോയിരിക്കുകയായിരുന്നു. എന്റെ കരച്ചില് കേട്ട് ഇളയച്ഛന്റെ മക്കളും അച്ഛനും മറ്റും ഓടി വന്നു. ആ സംഭവത്തിന് ശേഷം കാമരാജ് ഇവിടം വിട്ട് പോയി. ഞാന്‍ വിളിക്കാനൊന്നും ചെന്നില്ല. അഞ്ചു വര്‍ഷം നീണ്ട അയാളുമൊത്തുള്ള ദാമ്പത്യം അവിടെ തീര്‍ന്നു. പിന്നീടറിഞ്ഞു, അയാള്‍ മറ്റൊരു വിവാഹം കഴിച്ച് താമസിക്കുകയാണെന്ന്.


പക്ഷേ എന്റെ ജീവിതം വീണ്ടും വഴിമുട്ടി. ചെറിയ രണ്ടുകുട്ടികളുമായി എത്രകാലം അച്ഛനെയും അമ്മയെയും ആശ്രയിച്ച് കഴിയും? സ്വന്തമായി ഒരു ജോലി ചെയ്ത് ആരെയും ആശ്രയിക്കാതെ ജീവിക്കാനായിരുന്നു എനിക്കിഷ്ടം. പക്ഷേ പൊടിക്കുഞ്ഞുങ്ങളെയും കൊണ്ട് എനിക്ക് പണിക്കു പോകാനാകില്ല. അമ്മയ്ക്കും അച്ഛനും പ്രായമായിവരുന്നു. ചേച്ചിയാണെങ്കില്‍ തമിഴ്‌നാട്ടിലും.


2010 സെപ്തംബര്‍ 21-ന് ഉച്ചയോടെ ഞാനും അമ്മയും മകനേയും കൂട്ടി പതിവുപോലെ വെള്ളമെടുക്കാനായി റോഡിലേക്ക് പോയി. തിരിച്ചു വരുമ്പോള്‍ യാതൊരു പ്രകോപനവുമില്ലാതെ ചിന്നസ്വാമിയെന്നയാള്‍ എന്റെ മുടിക്കു കുത്തിപ്പിടിച്ച് റോഡിലേക്ക് തള്ളി. പെട്ടെന്ന് തന്നെ അവിടെയൊരാള്‍ക്കൂട്ടം രൂപപ്പെടുകയും അവര്‍ എന്നെ മര്‍ദ്ദിക്കുകയുമായിരുന്നു. എന്നെ മര്‍ദ്ദിക്കുന്നത് കണ്ട മകന്‍, ശെല്‍വിയുടെ സാരിയില്‍ പിടിച്ച് എന്നെ തല്ലല്ലെന്ന് പറഞ്ഞു കരഞ്ഞു. അഞ്ചു വയസുമാത്രമുള്ള കുട്ടിയാണെന്നുപോലും നോക്കാതെ ശെല്‍വി മകനെ കുനിച്ച് നിര്‍ത്തി കൈചുരുട്ടി അവന്റെ പുറത്ത് അഞ്ചാറ് ഇടി. ഇടികൊണ്ട അവന്‍ തളര്‍ന്നു വീണു. ഈ സമയം മകനേയുമെടുത്ത് അമ്മ പോലീസ് സ്‌റ്റേഷനിലേക്കോടി. അവിടെ ചെന്ന് പറഞ്ഞപ്പോള്‍, ' നിന്റെ മകള്‍ ചത്തിട്ടൊന്നുമില്ലല്ലോ.. രണ്ടെണ്ണം കിട്ടിയതല്ലേയുള്ളൂ... പരാതിയെഴുതിത്തന്നാല്‍ അന്വേഷിക്കാം'. എന്നതായിരുന്നു എ.എസ്.ഐ രാജന്റെ മറുപടി. അവിടെ നിന്ന് സഹായം കിട്ടില്ലെന്ന് മനസിലാക്കിയ അമ്മ മകനെയും കൊണ്ട് തിരിച്ചുവന്നു.


അമ്മ വരുമ്പോഴേക്ക് ആണും പെണ്ണുമടങ്ങുന്ന നാട്ടുകാര്‍ എന്റെ വസ്ത്രങ്ങളെല്ലാം വലിച്ചു കീറി. അടിച്ചും മാന്തിയും ചവിട്ടിയും ദേഹം മൊത്തം മുറിഞ്ഞ് ചോരയൊലിക്കുന്നുണ്ടായിരുന്നു. ഉടുത്തിരുന്ന ബ്ലൗസ് അവര്‍ വലിച്ചു കീറി. പാവാടയും ഷിമ്മീസും കീറി രക്തത്തില്‍ കുതിര്‍ന്നിരുന്നു. അമ്മ വന്നാണ് എന്നെ അവരുടെ ഇടയില്‍ നിന്നും താങ്ങിയെടുത്ത് വീട്ടിലേക്ക് കൂട്ടികൊണ്ടു പോയത്. അന്ന് വൈകീട്ട് അച്ഛന്‍ പണികഴിഞ്ഞ് വരുമ്പോള്‍ സുന്ദരന്‍ അച്ഛനെ വഴിയില്‍ തടഞ്ഞു നിര്‍ത്തി. 'മകളോട് മര്യാദയ്ക്ക് നടക്കണമെന്നും ഇല്ലെങ്കില്‍ കൊന്ന് പുഴയില്‍ ഒഴുക്കുമെന്നും' ഭീഷണി മുഴക്കി. കൗണ്ടറുടെ മണല്‍കടത്തിയ വണ്ടി പോലീസ് പിടിച്ചത് ഞാനറിയിച്ചിട്ടാണെന്ന് അയാള്‍ പറഞ്ഞു. 'നിന്റെ മകളുടെ നമ്പറില്‍ നിന്നാണ് പോലീസിന് ഫോണ്‍ ചെയ്തതെന്ന് ' അയാള്‍ തീര്‍ത്തുപറഞ്ഞു.


അച്ഛന്‍ വീട്ടില്‍ വന്നു പറയുമ്പോഴാണ് നാട്ടുകാരെന്നെ തല്ലിയതിന്റെ കാരണം മനസിലായത്. 2010 സെപ്തംബര്‍ 20ന് പാലക്കാട് ജില്ലയില്‍ വ്യാപകമായ മണല്‍ വേട്ട നടന്നിരുന്നു. അതിന്റെ ഭാഗമായി ശിരുവാണിപ്പുഴയില്‍ നിന്നും മണല്‍ കടത്തുകയായിരുന്ന കൗണ്ടറുടെ ജീപ്പും അന്നേ ദിവസം പോലീസ് പിടിച്ചെടുത്തിരുന്നു. കൗണ്ടറുടെ ജീപ്പ് പോലീസ് പിടിച്ചത് ഞാന്‍ വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണെന്നാണ് പെരുമാള്‍ പറഞ്ഞു നടക്കുന്നത്. 'എന്റെ മക്കളാണെ സത്യം, ഞാനല്ല ആ വിവരം പോലീസിനെ' അറിയിച്ചത്.


അന്നു രാത്രി ( സെപ്തംബര്‍ 21 ന് ) ഏതാണ്ട് പതിനൊന്നു മണിയോടെ വലിയ ശബ്ദം കേട്ടു പുറത്തിറങ്ങിയ ഞങ്ങള്‍ കണ്ടത്, നൂറുകണക്കിനാളുകള്‍ ടോര്‍ച്ചും വടികളുമായി ഞങ്ങളുടെ വീടിനുനേരെ വരുന്നതാണ്. അപ്പോള്‍ തന്നെ ഞാന്‍ അഗളി പോലീസ് സ്‌റ്റേഷനില്‍ വിളിച്ചു സംഭവം പറഞ്ഞു. വിചിത്രമായ മറുപടിയായിരുന്നു സ്റ്റേഷനില്‍ നിന്ന് ലഭിച്ചത്. 'സ്റ്റേഷന്‍ ഡ്യൂട്ടിയിലുള്ള പോലീസുകാര്‍ ഭക്ഷണം കഴിക്കാന്‍ പുറത്ത് പോയെ'ന്നും മാത്രമല്ല, 'നീയൊക്കെ വിളിച്ചു പറയുമ്പോഴേക്കും വരാനുള്ളതല്ല പോലീസ് ജീപ്പെ'ന്നുമായിരുന്നു അവരുടെ മറുപടി. അഗളിയിലെ ഏതൊരാള്‍ക്കുമറിയാം രാത്രി ഒമ്പതര പത്തു മണിയോടെ അഗളി - അട്ടപ്പടിയിലെ എല്ലാ കടകളും അടയ്ക്കുമെന്ന്. എന്നിട്ടും പതിനൊന്നു മണിക്ക് അവര്‍ ഭക്ഷണം കഴിക്കാന്‍ പോയി. മൂന്നാലു തവണ വിളിച്ചിട്ടും രക്ഷയില്ലെന്നു കണ്ട ഞാന്‍ പാലക്കാട് എസ്.പി. ഓഫീസിലേക്ക് വിളിച്ച് കാര്യം പറഞ്ഞു. അരമണിക്കൂറിനുള്ളില്‍ അഗളി സ്‌റ്റേഷനില്‍ നിന്നും പോലീസുകാരെത്തി.


പോലീസുകാര്‍ സ്ഥലത്തെത്തുമ്പോള്‍ സ്ത്രീകളും പുരുഷന്മാരും കൂട്ടംകൂടി മദ്യപിക്കുന്നുണ്ടായിരുന്നു. അത്രയും വലിയ ആള്‍ക്കൂട്ടത്തെ രാത്രികണ്ടാല്‍ ആരും ചോദിച്ചു പോകും 'ഇവിടെയെന്താണെന്ന് '; പക്ഷേ പോലീസുകാര്‍ക്ക് സംശയമൊന്നുമില്ലായിരുന്നു. ആള്‍ക്കൂട്ടത്തെ വകഞ്ഞുമാറ്റി ഇവിടെ കയറിവന്ന എ.എസ്.ഐ രാജന്‍ 'മകളെ മര്യാദയ്ക്ക് വളര്‍ത്തണം ഇല്ലെങ്കില്‍ ഇങ്ങനെയൊക്കെയുണ്ടാകും' എന്ന് അച്ഛനെ ഉപദേശിച്ചു. പോകുംവഴി, 'പരാതിയുണ്ടെങ്കില്‍ രാവിലെ സ്റ്റേഷനില്‍ കൊണ്ടു തന്നാല്‍ പരിശോധിക്കാമെന്നും' പറഞ്ഞു. ഇവിടെ നിന്നും തിരിച്ചിറങ്ങിയ പോലീസുകാര്‍, നാട്ടുകാരോട് 'രാത്രി വീടാക്രമിച്ചാല്‍ അത് വലിയ കേസാകും; അതുകൊണ്ട് അതിനു മുതിരരുതെന്ന് ' ഉപദേശിക്കാനും മറന്നില്ല. പുറത്ത് കൊലവിളി നടക്കുമ്പോള്‍ സഹായിക്കാനാരുമില്ലാതെ അച്ഛനുമമ്മയും ഞാനും കുട്ടികളും രാത്രി വീടിനകത്ത് ഉറങ്ങാതിരുന്ന് നേരം വെളുപ്പിക്കുകയായിരുന്നു.


പിറ്റേന്ന് രാവിലെ ഞാന്‍ സി.ഐ. മനോജിനെ പോയി കണ്ടു. എനിക്കുമുമ്പ് ആരോ പോലീസ് സ്‌റ്റേഷനിലെത്തി കാര്യങ്ങള്‍ പറഞ്ഞുപഠിപ്പിച്ച പോലെയായിരുന്നു അയാള്‍ സംസാരിച്ചിരുന്നത്. ഞാന്‍ ഭൂപതി, ഒരു പരാതി തരാന്‍ വന്നതാണെന്ന് പറഞ്ഞപ്പോഴേക്കും. 'നിന്നെക്കുറിച്ച് നാട്ടുകാര്‍ക്ക് നല്ല അഭിപ്രയമല്ലല്ലോ... നീയൊരു സ്ഥിരം പ്രശ്‌നക്കാരിയാണല്ലേ. ആള്‍ക്കാരെ കുറിച്ച് നുണക്കള്ളം പറയുന്നത് നിന്റെ സ്ഥിരം പരിപാടിയാണല്ലേ... നീ എവിടെ വേണമെങ്കിലും പരാതി കോടുത്തോ, പക്ഷേ ഇവിടെ ഞാനുള്ളപ്പോള്‍ നിന്റെ പരാതിയെടുക്കില്ലെന്ന് ' അയാള്‍ തീര്‍ത്തു പറഞ്ഞു. എന്റെ പരാതിയെന്താണെന്നു പോലും അയാള്‍ ചോദിച്ചിരുന്നില്ല.


അവിടെ നിന്ന് നീതികിട്ടില്ലെന്നുറപ്പായപ്പോള്‍ ഞാന്‍ പാലക്കാട് എസ്.പി ഓഫീസിലും വനിതാ സെല്ലിലും പരാതി നല്‍കി. വനിതാ സെല്ലിലെ പോലീസുകാരാണ് എന്നോട് 24-ആം തീയതി ഐ.ജി സന്ധ്യ അഹാഡ്‌സ് സന്ദര്‍ശിക്കാന്‍ വരുന്നുണ്ടെന്നും മാഡത്തിന് നേരിട്ടൊരു പരാതി കൊടുക്കാനും പറയുന്നത്. അങ്ങനെ 24-ആം തീയതി ഞാന്‍ അഹാഡ്‌സില്‍ പോയി സന്ധ്യാ മാഡത്തെ കണ്ടു. പരാതി നല്‍കി. അപ്പോള്‍തന്നെ അവര്‍ സി.ഐ. മനോജിനെ വിളിച്ചു വരുത്തി. എന്റെ മുന്നില്‍ വച്ച് സന്ധ്യാ മാഡം സി.ഐയോട് കാര്യങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍ അയാള്‍ തലകുനിച്ച് മുക്കിമുളിയായിരുന്നു ഉത്തരം പറഞ്ഞത്. കേസെടുക്കാന്‍ നിര്‍ദ്ദേശിച്ച അവര്‍ എത്രയും പെട്ടെന്ന് ഈ പരാതിയിന്മേല്‍ നടപടിയെടുക്കാനും സി.ഐയോട് നിര്‍ദ്ദേശിച്ചു. അതിനുശേഷം രണ്ടു വര്‍ഷത്തോളം നാട്ടുകാരുടെ ഭാഗത്തുനിന്ന് പ്രശ്‌നങ്ങളൊന്നുമുണ്ടായില്ല.


ആ സംഭവത്തില്‍ ഞാന്‍ ധനലക്ഷ്മി, ഭര്‍ത്താവ് സുന്ദരന്‍, അമ്മ ശെല്‍വി, ചിന്നസ്വാമി, പെരുമാള്‍, തങ്കമണി, രുഗ്മിണി തുടങ്ങി ഏഴു പേര്‍ക്കെതിരെ കേസു കൊടുത്തു. അവരെ മൂന്നാലു തവണ ഹിയറിങ്ങിന് വിളിപ്പിച്ചതായറിഞ്ഞു. എന്നാല്‍ പരാതിക്കാരിയായ എന്നെയിതേവരെ വിളിപ്പിച്ചിട്ടില്ല. ഈ പ്രശ്‌നങ്ങള്‍ക്കിടെയാണ് അഹാഡ്‌സിലെ ഉഷാ മാഡത്തെയും ബിന്ദു ടീച്ചര്‍, സുനിലേട്ടന്‍, പത്രക്കാരായ സന്തോഷ്, അജയന്‍ എന്നിവരെയും പരിചയപ്പെടുന്നത്. പത്രങ്ങളില്‍ അന്ന് അത് ഒരു പ്രധാന വാര്‍ത്തയായിരുന്നു. ഇവരെനിക്കു തന്ന മാനസീക പിന്തുണയില്‍ നിന്നാണ് ഇത്തരമൊരു പ്രശ്‌നത്തെ നേരിടാനെനിക്കു കഴിഞ്ഞത്.


2011-ല്‍ എസ്.ബി.ഐയില്‍ നിന്ന് രണ്ടു ലക്ഷം രൂപയുടെ ലോണെടുത്ത് ഞാന്‍ 'ഭൂപതി ബനിയന്‍ കമ്പനി' തുടങ്ങി. വേസ്റ്റ് ബനിയന്‍ വാങ്ങി നൂലിളക്കി ബനിയന്‍ വേസ്റ്റ് ഉണ്ടാക്കണം. അതിനായി മിഷ്യന്‍ പ്രവര്‍ത്തിക്കാന്‍ ത്രീ ഫേസ് വൈദ്യുതി കണക്ഷന്‍ വേണമായിരുന്നു. പാലക്കാട് ജില്ലാ കലക്ടര്‍ക്ക് വൈദ്യുതി കണക്ഷന്‍ അനുവദിക്കണമെന്ന് പറഞ്ഞ് ഞാനൊരു അപേക്ഷ കൊടുത്തു. പിറ്റേ ദിവസം എനിക്ക് വൈദ്യുതി കണക്ഷന്‍ അനുവദിച്ചു. അങ്ങനെ 2011 ജൂണ്‍ 13-ന് എം.എല്‍.എ ഷംസുദ്ദീന്‍, 'ഭൂപതി ബനിയന്‍ കമ്പനി' ഉദ്ഘാടനം ചെയ്തു. പാക്കറ്റിലാക്കിയ ബനിയന്‍ വേസ്റ്റിന് പത്തു രൂപ കിട്ടും. കിലോ കണക്കാണെങ്കില്‍ പായ്ക്ക് ചെയ്യാത്തതിന് എണ്‍പതും പാക്ക് ചെയ്തതിന് നൂറു രൂപയും കിട്ടും.


വളരെ നല്ല നിലയിലാണ് കമ്പനി പ്രവര്‍ത്തിച്ചത്. ഒറ്റയ്ക്കുള്ള പണിയായതിനാല്‍ രാവും പകലും ഞാന്‍ വീട്ടിലിരുന്ന് പണിയെടുത്തു. അന്ന് ഇരുപതിനായിരം രൂപവരെ എനിക്ക് ലോണ്‍ തിരിച്ചടയ്ക്കാനായി. ഞാന്‍ വീണ്ടും നന്നായി ജീവിക്കുന്നത് നാട്ടുകാര്‍ക്കിഷ്ടപ്പെട്ടില്ല. അവര്‍ ബനിയന്‍ വേസ്റ്റ് വാങ്ങാന്‍ വരുന്നവരെയും എന്നെയും ചേര്‍ത്ത് പല കഥകളും നാട്ടില്‍ പറയാന്‍ തുടങ്ങി. ബനിയന്‍ വേസ്റ്റ് വാങ്ങാന്‍ വരുന്ന ഡ്രൈവര്‍മാര്‍ എന്റെ കൂടെ അന്തിയുറങ്ങാനാണെത്തുന്നതെന്ന് അവര്‍ പറഞ്ഞു നടന്നു. ഇതേ തുടര്‍ന്ന് വീട്ടില്‍ വന്ന് ബനിയന്‍ വേസ്റ്റ് എടുക്കുന്നത് ഞാന്‍ വിലക്കി. ഇരുപതും ഇരുപത്തഞ്ചും കിലോ ബനിയന്‍ വേസ്റ്റ് തലച്ചുമടായി റോഡിലെത്തിച്ച് അവിടെനിന്ന് ബസിലും ഓട്ടോയിലുമായി ഞാനവ വില്‍ക്കാനായെത്തിച്ചു.


ഈയിടയ്ക്കാണ് അച്ഛന് കണ്ണ് ഓപ്പറേഷനായി കോട്ടത്തറ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്. അവിടെ വച്ച് കൊല്ലംകോട് മലയംപള്ളം സ്വദേശിയും ജീപ്പ് ഡ്രൈവറുമായ മനോമോഹന്‍ എന്നയാള്‍ എന്നെ കാണുകയും നാട്ടുകാരില്‍ നിന്ന് എന്റെ കഥ ചോദിച്ചു മനസിലാക്കുകയും ചെയ്തു. ഒരു ദിവസം ഇയാള്‍ പെണ്ണു ചോദിച്ച് വീട്ടില്‍ വന്നു. ഞാനും അമ്മയും അയാളോട് പറ്റില്ലെന്ന് തീര്‍ത്തു പറഞ്ഞു. പക്ഷേ അയാള്‍ വിടാതെ കൂടി. ഒടുവില്‍ അയാളുടെ ശല്യം സഹിക്കാതായപ്പോള്‍ വീട്ടില്‍ വന്ന അയാളെയും കൂട്ടി ഞാന്‍ പോലീസ് സ്‌റ്റേഷനില്‍ പോയി. പോലീസുകാര്‍ അയാളോട് എന്നെക്കുറിച്ചറിയുമോയെന്ന് ചോദിച്ചു. എല്ലാം അറിഞ്ഞ് പൂര്‍ണ്ണസമ്മതത്തോടെയാണ് വിവാഹത്തിന് തയ്യാറായതെന്നയാള്‍ പറഞ്ഞു. തുടര്‍ന്ന് സി.ഐ. മനോജിന്റെയും കൃഷ്ണന്‍ കുട്ടി സാറിന്റെയും മേല്‍നോട്ടത്തില്‍ ചെമ്മന്നൂര്‍ അമ്പലത്തില്‍ വച്ച് 2011 നവംബര്‍ 28 ന് എന്റെ രണ്ടാം വിവാഹം.


വിവാഹശേഷം വീണ്ടും കുടുംബ ജീവിതം ഏതാണ്ട് ശരിയായി തുടങ്ങുമ്പോഴാണ് 2011-നിലെ മണല്‍ കേസില്‍ സാക്ഷികളായി അമ്മയേയും മനോമോഹനെയും പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കുന്നത്. എ.എസ്.ഐ രാജനും കോണ്‍സ്ട്രബിള്‍ വിജയനും കൂടി മനോമോഹനോട് മോശമായി പെരുമാറി. എന്നെക്കുറിച്ച് അനാവശ്യങ്ങള്‍ പറയുകയും, 'വേലിചാടിക്കഴിഞ്ഞാല്‍ തിരിച്ചു പോക്കൂടെ' യെന്നും തുടങ്ങി തികച്ചും മോശമായ രീതിയില്‍ സംസാരിച്ചു. ഇതിന്റെ പേരില്‍ വീട്ടിലേക്ക് വരാതെ പാലക്കാടേക്ക് പോയ മനോമോഹന്‍ എന്നെ വിളിച്ച് പോലീസുകാര്‍ നിന്നെക്കുറിച്ച് മോശമായാണ് സംസാരിച്ചത്. അതിന്റെ കാരണമെന്താണെന്ന് ചോദിച്ചു. അത് പോലീസുകാരോട് ചോദിച്ചിട്ട് പറയാമെന്ന് പറഞ്ഞ് ഞാന്‍ ഫോണ്‍കട്ട് ചെയ്ത് നേരെ പോലീസ് സ്‌റ്റേഷനിലേക്ക് പോയി.ഭൂപതിയും അച്ഛനും അമ്മയും അമ്മയുടെ വീടിന് മുന്നില്‍


അവിടെ ചെന്ന് ഞാന്‍ മനോമോഹനുമായുള്ള പ്രശ്‌നം ഒത്തു തീര്‍പ്പാക്കണമെന്നാവശ്യപ്പെട്ടു. എന്നാല്‍ ഞാനൊരു സ്ത്രീയാണെന്നു പോലും നോക്കാതെ തീര്‍ത്തും വൃത്തികെട്ട രീതിയില്‍ എന്നെ തെറി വിളിക്കുകയായിരുന്നു പോലീസുകാര്‍ ചെയ്തത്. ഞാന്‍ തൂങ്ങിചാകുമെന്ന് പറഞ്ഞപ്പോള്‍, 'നീ ചത്താല്‍ പോലീസിനൊരു മൈരുമില്ലെ'ന്നാണ് എ.എസ്.ഐ രാജന്‍ പറഞ്ഞത്. ഇതു കേട്ട ഞാന്‍ പോലീസ് സ്‌റ്റേഷനില്‍ നിന്നിറങ്ങി വഴിവക്കത്തുകണ്ട മഞ്ഞരളിക്ക പറിച്ച് സ്റ്റേഷനില്‍ തിരിച്ചെത്തി. അവിടെ വച്ച് അത് തിന്നു. കുറച്ചു നേരം കഴിഞ്ഞപ്പോള്‍ ശരീരം വിയര്‍ത്ത് മുഖമൊക്കെ നീരുവന്ന് ക്ഷീണം തോന്നിത്തുടങ്ങി.


ഈ സമയം അവിടെയുണ്ടായിരുന്ന ഏലിയാസ് എന്ന കോണ്‍സ്ട്രബിള്‍ മോക്കെന്താ പറ്റിയതെന്ന് ചോദിച്ചു എന്റെയടുത്തുവന്നു. പൊടിമോന്‍ എന്ന കോണ്‍സ്ട്രബിളും എത്തി. (ഇരുവരും ആ സ്‌റ്റേഷനില്‍ അല്പം മനുഷ്യത്വമുള്ള പോലീസുകാരാണ്. ) എന്റെ മുഖഭാവവും ക്ഷീണവും കണ്ട അവര്‍ നിര്‍ബന്ധിച്ചപ്പോള്‍, വിഷക്കായ കഴിച്ചെന്ന് ഞാന്‍ സമ്മതിച്ചു. അപ്പോള്‍ തന്നെ അവരെന്നെ ആശുപത്രിയിലെത്തിച്ചു. 'കണ്ടവളൊക്കെ ചാകാന്‍ കിടക്കുമ്പോള്‍ കൊണ്ടു നടക്കാതെ നിങ്ങക്ക് വേറെ പണിയൊന്നുമില്ലേയെന്ന് ' അവരോട് എ.എസ്.ഐ രാജന്‍ ഇതിനിടയില്‍ ചോദിക്കുന്നുണ്ടായിരുന്നു. തുടര്‍ന്നു ഞാന്‍ കൊടുത്ത പരാതിയുടെ അടിസ്ഥാനത്തില്‍ എ.എസ്.ഐ രാജനും, കോണ്‍സ്ട്രബിള്‍ വിജയനും ആറുമാസത്തെ സസ്‌പെന്‍ഷന്‍.


നാട്ടില്‍ നിന്നു കുറച്ചുകാലത്തേക്ക് മാറി നില്‍ക്കാമെന്ന് തീരുമാനിച്ച് ഞാനും മനോമോഹനും കുട്ടികളെയും കൂട്ടി 2012 മാര്‍ച്ചില്‍ മലപ്പുറത്ത് താമസം തുടങ്ങി. ഇതിനിടയില്‍ ബനിയന്‍ കമ്പനി പൂട്ടിയിരുന്നു. അയാളുടെ ഒരു ബന്ധു അവിടെ കൂടെക്കൂടെ കാറുമായി വരുമായിരുന്നു. പിന്നെയാണ് ഇയാള്‍ക്ക് കഞ്ചാവ് മാഫിയയുമായി ബന്ധമുണ്ടെന്ന് അറിഞ്ഞത്. മനോമോഹനും ഈ കച്ചവടത്തില്‍ പങ്കുണ്ടായിരുന്നു. നാട്ടുകാരിയായ എന്നെ അയാള്‍ കെട്ടിയത് തന്നെ രഹസ്യമായി കഞ്ചാവ് കടത്താനായിരുന്നുവെന്ന് മനസിലായപ്പോള്‍ ഞാനെതിര്‍ത്തു. അതോടെ നിസാര പ്രശ്‌നങ്ങള്‍ക്ക് ബഹളംവെക്കാന്‍ തുടങ്ങി.


പക്ഷേ അപ്പോഴേക്കും ബനിയന്‍ വേസ്റ്റ് കമ്പനിയില്‍ നിന്ന് കിട്ടിയതും ബാങ്കില്‍ ലോണടയ്ക്കാന്‍ വച്ചിരുന്നതും കൂട്ടി എന്റെ കൈയിലുണ്ടായിരുന്ന 60,000 രൂപയും ഒന്നര പവന്റെ മാലയും അയാള്‍ കൈക്കലാക്കിയിരുന്നു. ഒന്നും രണ്ടു പറഞ്ഞ് വഴക്കടിച്ചു കൊണ്ടിരുന്ന അയാളെ മൂന്നാല് മാസത്തിനൊടുവില്‍ അയാളുടെ വീട്ടുകാര്‍ വന്ന് വിളിച്ചുകൊണ്ട് പോയി. ഒരു തവണ കാണാന്‍ ചെന്നെങ്കിലും കാണാനനുവദിച്ചില്ല. പണം നഷ്ടപ്പെട്ടതും ഉപേക്ഷിച്ചു പോയതും ചേര്‍ത്ത് ഞാനയാള്‍ക്കെതിരെ കേസുകൊടുത്തു. ആ കേസും നിലവിലുണ്ട്. 2012-ല്‍ ഒരു വര്‍ഷം തികയും മുമ്പേ എന്റെ രണ്ടാമത്തെ വിവാഹ ബന്ധവും തകര്‍ന്നു.


അതുകഴിഞ്ഞപ്പോഴേക്കും നാട്ടുകാര്‍ വരാന്‍ തുടങ്ങി. 'നീ രണ്ട് കെട്ടിയുപേക്ഷിച്ചതല്ലേ... രണ്ടു കുട്ടികളുണ്ടല്ലോ, അതുകൊണ്ട് ആരുമറിയില്ല. കൂടെ കിടന്നാല്‍ പൈസതരാം' എന്നൊക്കെ പറഞ്ഞ് കുടിച്ച് ലക്ക്‌കെട്ടും സ്വബോധത്തോടെയും നാട്ടുകാരായ ഓരോ ചെക്കന്മാരെന്നെ വഴിതടഞ്ഞു തുടങ്ങി. ഓരോരുത്തനോടും അതിനുതക്ക മറുപടി കൊടുക്കുന്നതുകൊണ്ടും ഓരോരോ കേസിനായി സ്ഥിരമായി പോലീസ് സ്‌റ്റേഷന്‍ കയറിയിറങ്ങുന്നതുകൊണ്ടും എല്ലാവര്‍ക്കും ചെറിയൊരു പേടി എന്നോടുണ്ടായിരുന്നു.


2013 ആയപ്പോഴേക്കും ജീവിതം കൈവിട്ടു തുടങ്ങിയിരുന്നു. വരുമാനമില്ല. കുട്ടികള്‍ വളരുന്നു. അച്ഛനുമമ്മയ്ക്കും പ്രായമേറുന്നു, അതിനിടയില്‍ നാട്ടുകാരുടെ ശല്യം. ആകെക്കൂടെ നിരാശയും. ജീവിതം തന്നെ മടുത്തുതുടങ്ങിയപ്പോഴാണ് ഒരു പത്രപരസ്യം കാണുന്നത്. സിനിമയിലേക്ക് പുതുമുഖങ്ങളെ ആവശ്യമുണ്ടെന്ന്. ഞാന്‍ അപേക്ഷിച്ചു. അങ്ങനെ ആദ്യമായി സിനിമയിലഭിനയിച്ചു. അതും വില്ലന്റെ സഹോദരിയായി. സംവിധാനം വിജയ് പ്രവീണ്‍. 'വരിഗിരാര്‍ സത്യമദന്‍' ഞാന്‍ അഭിനയിച്ച ആദ്യ സിനിമ. ഷൂട്ടിങ്ങും ഡബിങ്ങും കഴിഞ്ഞു. അടുത്തു തന്നെ റിലീസിങ്ങ് ഉണ്ടാകുമെന്നാണ് കേട്ടത്. ആദ്യ സിനിമയ്ക്ക് നല്ല പ്രതിഫലമൊന്നും കിട്ടിയില്ലെങ്കിലും അവിടെ വച്ച് തന്നെ രണ്ടാമതൊരു സിനിമ കൂടി കിട്ടി. ചക്രവര്‍ത്തിയാണ് സംവിധായകന്‍. ഇതില്‍ ഹീറോയിന്റെ കൂട്ടുകാരിയാണ്. അഞ്ചു ദിവസത്തെ ഷൂട്ട് ബാക്കിയുണ്ട്. രണ്ടാമത്തെ സിനിമയ്ക്ക് കുറച്ചു പൈസാ തന്നു.


ഈ സമയങ്ങളില്‍ നാട്ടുകാര്‍ക്കിടയില്‍ നിന്ന് പതിവായുള്ള കമന്റുകളും വഴിതടയലിലും കൂടുതലായ പ്രശ്‌നങ്ങളൊന്നും നേരിട്ടില്ല. അപ്പോഴേക്കും അതൊരു പതിവായി മാറിയിരുന്നു. കഴിഞ്ഞ വിഷുവിന് വീണ്ടും സ്വസ്ഥത ഇല്ലാതായി. മോന്‍ ചിലപ്പോള്‍ അമ്മയുടെ വീട്ടിലാണ് കിടക്കാറ്. അന്നു രാത്രിയും (2014 ഏപ്രില്‍ 14 -ന് ) അവന്‍ അമ്മയുടെ കൂടെ അവരുടെ വീട്ടിലായിരുന്നു. ടിവിയുടെ റീച്ചാര്‍ജ് തീര്‍ന്നത് കാരണം ഞാനും മകളും നേരത്തേ കിടന്നു. രാത്രി ഏതാണ്ട് പതിനൊന്നു മണിയായപ്പോള്‍ വീടിന്റെ ഓടിളകുന്ന ഒച്ചകേട്ട് ഞങ്ങള്‍ ഉണര്‍ന്നു. ചെത്തി തേക്കാത്ത ചുമരായത് കാരണം കട്ടിളയ്ക്കും ചുമരിനുമിടയിലെ വിടവില്‍ കൂടിയാരോ കമ്പ് കടത്തി വാതിലിന്റെ കൊളുത്തൂരാന്‍ ശ്രമിക്കുന്നതായി എനിക്കുതോന്നി. എന്റെ തോന്നല്‍ തെറ്റിയില്ല. എഴുന്നേറ്റ് ലൈറ്റിട്ടപ്പോള്‍ ഓടിനുമുകളിലും വാതിലിനു പുറത്തുമായി ആരോക്കെയോ അനങ്ങുന്ന ഒച്ചകേട്ടു.


ഭയന്ന മകളുടെയും എന്റെയും നിലവിളികേട്ട് അച്ഛനും അമ്മയും പിന്നെ ചെറിയച്ഛന്റെ മകന്‍ സുബ്രഹ്മണിയും ഓടി വന്നു. അവര്‍ വരുമ്പോള്‍ രണ്ടു പേര്‍ ഇറങ്ങിയോടുന്നതു കണ്ടു. തുടര്‍ന്ന് മറ്റൊരുവഴി ഇവരെ പിന്തുടര്‍ന്ന് അച്ഛനും മറ്റുള്ളവരും ചേര്‍ന്ന് ലക്ഷ്മണന്‍ എന്നയാളെ പിടികൂടി. മറ്റെയാള്‍, പെരിയതമ്പി ഓടി രക്ഷപ്പെട്ടു. രാത്രി പതിനൊന്നെ മുക്കാലിന് ഞാന്‍ പോലീസ് സ്‌റ്റേഷനിലേക്ക് വിളിച്ചു. 'ഡ്യൂട്ടി പോലീസ് രാത്രി ഭക്ഷണം കഴിക്കാന്‍ പോയി... നീയൊക്കെ വിളിക്കുമ്പോള്‍ വരാനുള്ളതല്ല പോലീസ് വണ്ടി'യെന്ന പതിവു പല്ലവി കൂടെ കേട്ടപ്പോള്‍ എനിക്ക് ദേഷ്യം വന്നു. 'എന്നാ നീയൊക്കെ കുടുംബത്തെയും വിളിച്ച് പോലീസ് വണ്ടിയില്‍ ടൂറടിക്കെന്ന് ' പറഞ്ഞ് ഞാന്‍ ഫോണ്‍ കട്ട് ചെയ്തു. പന്ത്രണ്ടരവരെ ഞങ്ങള്‍ കാത്തിരുന്നു. എന്നിട്ടും പോലീസ് വരാത്തതിനെ തുടര്‍ന്ന് അയാളെ കെട്ടഴിച്ചുവിട്ടു.
രാവിലെ ഡിവൈ.എസ്.പി മാത്യു സാറിനെ വിളിച്ച് ഞാന്‍ കാര്യം പറഞ്ഞു. തുടര്‍ന്ന് എ.എസ്.ഐ രാധാകൃഷ്ണന്‍ സംഭവം അന്വേഷിക്കാനായെത്തി. പോലീസ് തെളിവെടുത്ത് തിരിച്ചു പോകുമ്പോള്‍ നാട്ടുകാര്‍ താഴെത്തെ വഴിയില്‍ വച്ച് ചെറിയച്ഛന്റെ മകനെ തല്ലുകയായിരുന്നു. ഇതു ചോദിക്കാന്‍ ചെന്ന ചെറിയച്ഛനോട് എ.എസ്.ഐ ചൂടായി. ചെറിയച്ഛനോട് പരാതിയുണ്ടെങ്കില്‍ സ്റ്റേഷനില്‍ തരാന്‍ പറഞ്ഞ്, തല്ലിയവരോട് ഒന്നും പറയാതെ അയാള്‍ ജീപ്പില്‍ കയറിപ്പോയി.


പരാതി പറയാന്‍ സ്റ്റേഷനിലെത്തിയ എന്നോട് വനിതാ കോണ്‍സ്ട്രബിള്‍ ബീന, 'നിന്നെ വിശ്വസിക്കാമോ, നീ ഫോണ്‍ റെക്കോഡ് ചെയ്യുന്നുണ്ടോ'യെന്നു ചോദിച്ചു. ഞാന്‍ ഫോണ്‍ അവരുടെ നേരെ വലിച്ചെറിഞ്ഞ് റെക്കോഡ് ചെയ്യുന്നത് കാണിച്ചു തരാന്‍ ആവശ്യപ്പെട്ടു. വനിതാ സെല്ലിലും എസ്.പി ഓഫീസിലും ഫോണ്‍ റെക്കോഡ് തെളിവായി നീയല്ലേ നല്‍കിയത്; അതുകൊണ്ടു ചോദിച്ചതാണെന്നവര്‍ പറഞ്ഞു. ഈ സമയം കോണ്‍സ്റ്റബിള്‍ ജയകുമാര്‍ വന്ന് 'നീ പോലീസുകാരെ പഠിപ്പിക്കണ്ടായെന്നു' പറഞ്ഞു. 'അത് പറയാന്‍ നീയാരായെന്ന് ' ചോദിച്ച് ഞാനും ചൂടായി. തുടര്‍ച്ചയായി പോലീസ് സ്‌റ്റേഷനില്‍ കയറിയിറങ്ങി ഞാന്‍ സഹികെട്ടു നില്‍ക്കുകയായിരുന്നു.


സത്യത്തില്‍ ആദ്യത്തെ സംഭവങ്ങള്‍ക്ക് ശേഷം ഞങ്ങളെ സഹായിക്കാനാരുമില്ലെന്ന് മനസിലായപ്പോള്‍ ഞാന്‍ ഫോണ്‍ സംഭാഷണങ്ങളും പോലീസ് സ്‌റ്റേഷന്‍ സംഭാഷണങ്ങളും റെക്കോഡ് ചെയ്യാറുണ്ടായിരുന്നു. പാലക്കാട് എസ്.പി ഓഫീസിലും വനിതാസെല്ലിലും ഞാന്‍ തെളിവായി നല്‍കിയത് ഇങ്ങനെ റെക്കോഡ് ചെയ്ത സംഭാഷണങ്ങളായിരുന്നു. അതുകൊണ്ടുതന്നെ പോലീസുകാര്‍ക്കും എന്നോട് ചെറിയൊരു ഭയവുമുണ്ടായിരുന്നു.


പോലീസുകാര്‍ക്ക് ഭൂപതിയുടെ വക ഒരു കേസുകൂടി എന്നല്ലാതെ അവരില്‍ നിന്ന് ഇനിയും നീതി കിട്ടുമെന്ന് പ്രതീക്ഷ പുലര്‍ത്താന്‍ പോലും പറ്റിയ ഒരു മാനസീകാവസ്ഥയിലല്ല ഞാനിപ്പോള്‍. ജീവിക്കാന്‍ വേണ്ടി നാട്ടുകാരുടെ ഒരു സഹായവും ഞാനാവശ്യപ്പെടുന്നില്ല. കഴിയുന്നിടത്തോളം കാലം സ്വന്തമായി അദ്ധ്വാനിച്ചത് ഉണ്ണാനാണ് എനിക്കിഷ്ടം. അതിനായി മറ്റാര�

Next Story

Related Stories