TopTop
Begin typing your search above and press return to search.

മോദിയണ്ണന്‍റെ 56 ഇഞ്ച് കണ്ട്ക്കാ?

മോദിയണ്ണന്‍റെ 56 ഇഞ്ച് കണ്ട്ക്കാ?

ഹിന്ദി സിനിമയിലെ സര്‍വ്വ മസില്‍മാന്മാരും നാണിച്ച് ഒളിച്ചിരിപ്പാണ്. വലിയ മസില്‍മാന്മാരാണെന്ന് അഹങ്കരിച്ച് ക്യാമറയ്ക്കു മുന്നില്‍ ഉടുപ്പു വലിച്ചഴിച്ച് മസില്‍ പെരുക്കം കാട്ടി നടന്ന സര്‍വ്വ സൂപ്പര്‍ നായകന്മാരും ഇപ്പോള്‍ ആരാധകരുടെ പോയിട്ട് നായിക നടിമാരുടെ മുഖത്തു പോലും നോക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. മൂന്നു ഖാന്മാര്‍ മുതല്‍ ഋതിക് റോഷന്‍ വരെ സര്‍വ്വ എണ്ണവും ക്യാമറ കണ്ടാല്‍ ഓടിയൊഴിക്കുന്ന അവസ്ഥയിലും. ടൈറ്റ് ഫിറ്റ് ബനിയനു പകരം അറബിക്കുപ്പായം വല്ലതും കിട്ടുമോയെന്ന അന്വേഷണത്തിലാണിവര്‍ എന്നാണ് ബോളിവുഡില്‍ കേള്‍വി.


സാക്ഷാല്‍ ബോളിവുഡിന്റെ അവസ്ഥ ഇതാണെങ്കില്‍ കമല്‍ഹാസനും സൂര്യയും എന്തിന് നമ്മുടെ പൃഥിരാജിന്റെയും ഒക്കെ അവസ്ഥ പറയണോ. ഇനി മേലില്‍ നടന്മാര്‍ ഉടുപ്പഴിച്ച് ഒരു രംഗത്തും അഭിനയിക്കില്ലെന്ന് ദൃഢപ്രതിജഞ എടുക്കാന്‍ പോകുന്നു എന്നൊക്കെ കേട്ടു. എന്തായിരുന്നു ഇവരുടെയൊക്കെ ഒരു അഹങ്കാരം. അതു തീര്‍ന്നല്ലോ. ഒറ്റയടിക്കല്ലേ സാക്ഷാല്‍ നരേന്ദ്ര മോദി അതു തീര്‍ത്തു കൊടുത്തത്. മോദിയുടെ 56 ഇഞ്ചു നെഞ്ചിനു മുന്നില്‍ ഇവരൊക്കെ കാറ്റു കുത്തിവിട്ട ബലൂണ്‍ പോലെയല്ലേ ചൊട്ടിപോയത്. ബോളിവുഡ് മുതല്‍ ഗുസ്തി ചാമ്പ്യന്മാര്‍ വരെ ഞെട്ടിപ്പോയെന്നാണ് കേള്‍വി. നിരന്തരം പിന്നാലെ നടന്നിട്ടും മസില്‍ ഇല്ലാത്തതിന്റെ പേരില്‍ മാത്രം സുന്ദരിമാരാല്‍ അവഗണിക്കപ്പെട്ടതും പെടുന്നതും പെടാനിരിക്കുന്നതുമായ ഇന്ത്യയിലെ സര്‍വ്വ കാമുകന്മാരും എന്തായാലും മോദിക്ക് വോട്ടു ചെയ്യുമെന്ന് ഉറപ്പായി. പുറമേയുളള രൂപത്തിലല്ല ഞെഞ്ചളവിലാണ് കാര്യമെന്ന് മോദി ബോധ്യപ്പെടുത്തി കൊടുത്തില്ലേ?
അല്ലേലും മസില്‍മാന്മാരായ സിനിമാ നടന്മാര്‍ക്ക് പ്രത്യേകിച്ച് സല്‍മാന്‍ ഖാന് പണ്ടേ ഇത്തിരി അഹങ്കാരം കൂടുതലാണെന്നാണ് കോളേജില്‍ പഠിക്കുന്ന ആമ്പിളളാര്‍ പറയുന്നത്. അസൂയയാണെന്ന് പെമ്പിളളാര്‍ പറയുമായിരിക്കും പക്ഷേ ആമ്പിളളാരിതെങ്ങനെ സഹിക്കും. ആരാധികമാരുടെ എണ്ണത്തില്‍ 48-ആം വയസിലും സല്‍മാന് ഒരു കുറവുമില്ല. രാവിലെ നാലു മുട്ടയും കടല വെളളത്തിലട്ടതും ഒക്കെ തിന്ന് ജിമ്മില്‍ പോയി വിയര്‍ത്ത് ചെറിയ ചില മുഴകളുമൊക്കെയായി വരുന്ന പയ്യന്മാരെ പെമ്പിളളാര്‍ താരതമ്യം ചെയ്യുന്നത് സല്‍മാനോടല്ലേ. ഇനി സല്‍മാനെ കുറിച്ച് പറയുന്ന പെണ്ണിന്റെ മുഖത്ത് നോക്കി ചോദിക്കാമല്ലോ എത്രയാണ് ഈ അണ്ണന്റെ നെഞ്ചളവെന്ന്. വെറും 46 ഇഞ്ച്. അയ്യയ്യേ നാണക്കേട്. ഞങ്ങളുടെ നേതാവ് മോദിയണ്ണന്റെ നെഞ്ചളവിനേക്കാള്‍ പത്തിഞ്ച് കുറവ്. എന്നു വച്ചാല്‍ 25.4 സെന്റീമീര്‍ കുറവ്. പുറമേ കാണുന്ന രൂപത്തില്ല കാര്യം എന്ന് മനസിലായല്ലോ, നെഞ്ചളവിലാണ് കാര്യം.


പണ്ട് കുറേക്കാലം മസിലും പെരുപ്പിച്ചു നടന്ന സഞ്ജയ് ദത്തിന്റെ നെഞ്ചളവ് 44 ഇഞ്ചു മാത്രം. ഗജിനിയില്‍ നെഞ്ചു മുഴുവന്‍ പോസ്റ്റര്‍ പതിച്ചു നടന്ന അമീര്‍ ഖാന്റെ ഞെഞ്ചളവു കേട്ടാല്‍ ആരും നാണിച്ചു പോകും. അയ്യോ കഷ്ടം, വെറും 40 ഇഞ്ച്. എന്തിന് ഇടിയുടെ ആശാനായിരുന്ന മൈക്ക് ടൈസണു പോലും 43 ഇഞ്ചേ അളവുണ്ടായിരുന്നുളളു. മോദിയണ്ണനെ വെല്ലാന്‍ ലോകത്തു തന്നെ ഇപ്പോള്‍ ഒരാളേയുളളു. അയാളങ്ങ് അമേരിക്കയിലൊണ്. നമ്മുടെ ആര്യനാട് ശിവങ്കരന്‍ എന്ന അര്‍നോള്‍ഡ് ഷ്വാര്‍സ്‌നേഗര്‍. സിനിമാ നടനായിരുന്നെങ്കിലും കാലിഫോര്‍ണിയയില്‍ രണ്ടു തവണ ഗവര്‍ണായിരുന്നു ആ ദേഹം എന്നതു മറക്കരുത്. ശിവശങ്കരയണ്ണനോട് താരതമ്യപ്പെടുത്തിയാലും മോദിയണ്ണന്‍ തന്നെ കേമന്‍. ശങ്കരണ്ണന് പൊക്കം ആറ് അടി രണ്ടിഞ്ച്; മോദിയണ്ണന് പൊക്കം അഞ്ചടി ഏഴിഞ്ച് - പക്ഷെ ഞെഞ്ചളവില്‍ കുറവ് ഒരിഞ്ചു മാത്രം. അപ്പോ ആരാ കേമന്‍!


അഞ്ചടിയേഴിഞ്ചുളള ഒരു ഇന്ത്യന്‍ പുരുഷന് 56 ഇഞ്ച് നെഞ്ച് ഒരിക്കലും ഉണ്ടാകില്ലെന്നും പരമാവധി പോയാല്‍ ഒരു 37, 38 വരെയൊക്കെയേ പോകൂ എന്നും ചില മോദി വിരോധികളായ വിദഗ്ധര്‍ പറഞ്ഞേക്കാം. അവര്‍ക്കെന്തറിയാം, ഇതാളു വേറെയാണ്. ബാല്‍ നരേന്ദ്ര കഥവായിച്ചാല്‍ മനസിലാകും രജനികാന്ത് സിനിമയെ വെല്ലുന്ന മോദിക്കുട്ടന്റെ പ്രകടനം. മോദിയൊരു മൃഗമാണെന്ന് പറഞ്ഞ് ആക്ഷേപിച്ചിരുന്ന പലരും ഇപ്പോള്‍ മൃഗമെന്ന് ഉദ്ദേശിച്ചത് സിംഹത്തെയാണെന്ന് ആണയിട്ടു പറയുന്ന കാലമാണെന്നത് മറക്കണ്ടാ.
മോദിയണ്ണന്‍ ഇങ്ങനെയാണ്; കണ്ടാല്‍ പറയില്ല. ഒരു ലുക്കില്ലെന്നേയുളളു. മുടിഞ്ഞ നെഞ്ചളവാണ്. നീളന്‍ കുര്‍ത്തയിടുന്നതു കൊണ്ട് അറിയാത്തതാണ്. ഉടുപ്പുരിഞ്ഞൊരു വരവു വന്നാലുണ്ടല്ലോ സാക്ഷാല്‍ ശിവശങ്കരയണ്ണന്‍ പോലും നാണിച്ചു മാറിനില്‍ക്കും. കുട്ടിയായിരുന്ന കാലത്തു തന്നെ (ബാല്‍ നരേന്ദ്ര) കുളത്തിലെ മുതലകളെ പേടിപ്പിച്ചിട്ടുളളവനാണ്. ബാല്‍ നരേന്ദ്ര നീന്താന്‍ ഇറങ്ങിയാല്‍ മുതലകള്‍ ഓടിയൊളിക്കുമായിരുന്നു എന്നാണ് അന്ന് മുതലയോടി പോകുന്നത് പലവട്ടം നേരിട്ടു കണ്ട മോദിയുടെ നാട്ടുകാരായ സുഹൃത്തുക്കള്‍ ചാനലുകള്‍ തോറും പറയുന്നത്. ഈ മുതലകളുടെ അവസ്ഥയിലാണ് ഇന്ത്യയിലെ പാവം നടന്മാരും. മോദി ഇറങ്ങിയതോടെ ഓടി ഒളിക്കേണ്ട അവസ്ഥയിലാണ്. ഇനി നടിമാരെല്ലാം കൂടി നായകനായി നിങ്ങളെയാരെയും വേണ്ട മോദിയെ മതിയെന്നെങ്ങാനും പറയുമോ എന്ന പേടിയിലാണ് നായകനടന്മാര്‍.


പിന്നില്‍ക്കുത്ത്

അല്ലേലും മോദിയിങ്ങനെയാണ്, മറ്റുളളവര്‍ അഭിമാനത്തോടെ പറയുന്നത് പലതും തനിക്കുണ്ടെങ്കിലും അതൊന്നും വിളിച്ചു കൂവില്ല; എളിമകൊണ്ടാണ്. ഭാര്യയുടെ വിഷയം തന്നെ അങ്ങനെയായിരുന്നല്ലോ. ഒരുമിച്ചു പൊറുത്തോ ഇല്ലയോ എന്നതൊക്കെ വേറെ വിഷയം; കന്യകനാണോ അല്ലയോ എന്നൊന്നുമല്ലല്ലോ നാമനിര്‍ദേശ പത്രികയ്ക്ക് ഒപ്പമുളള അപേക്ഷയില്‍ ചോദിച്ചിട്ടുളളത്. വിവാഹിതനാണോയെന്നല്ലേ? പക്ഷെ പല തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചെങ്കിലും ഈ കോളത്തില്‍ ആണെന്നോ അല്ലെന്നോ എഴുതിയില്ല. ഇപ്പോഴാണ് അദേഹം സര്‍വ്വരേയും ഞെട്ടിച്ച് വിവാഹിതനാണെന്ന് വെളിപ്പെടുത്തിയത്. നെഞ്ചു വിരിവിന്റെ കാര്യവും ഇതു പോലെ പറയാതിരുന്നതാണ്. ഇനി എന്തെല്ലാം വെളിപ്പെടാനിരിക്കുന്നു വിഭോ!
Next Story

Related Stories