TopTop
Begin typing your search above and press return to search.

ശീതം കൊണ്ടുവരും കാറ്റ്

ശീതം കൊണ്ടുവരും കാറ്റ്
കെ പി ജയകുമാര്‍
ചില സ്ഥലങ്ങളുണ്ട്, തിരിച്ചു ചെല്ലാമെന്ന ഉറപ്പിന്‍മേല്‍ മാത്രം തിരിച്ചുപോരാനാകുന്നിടം. കാന്തല്ലൂര്‍ അങ്ങനെയാണ്. കേരളത്തിലെ അവസാനത്തെ ഗ്രാമം. കൊടൈക്കനാല്‍ മലനിരകളെ തൊട്ട്; കീഴാന്തൂര്‍, മറയൂര്‍, കൊട്ടക്കമ്പൂര്‍, വട്ടവട ഗ്രാമങ്ങളാല്‍ അതിരിട്ട ശീതഗ്രാമം. ഇവിടേക്കുള്ള ഓരോ യാത്രയും അവസാനിക്കുന്നത് അടുത്ത വരവിനായുള്ള തിരിച്ചിറക്കത്തിലാണ്. എന്തോ ഒന്ന് മറന്നുവച്ചതുപോലെ പിന്നെയും പിന്നെയും തിരിച്ചുവന്നുകൊണ്ടേയിരിക്കും. കാലങ്ങളിലൂടെ ഋതുഭേദങ്ങളിലൂടെ...
ദശകങ്ങള്‍ക്കപ്പുറം വേനല്‍ കത്തിനിന്ന ഒരു മെയ്മാസത്തിലാണ് ആദ്യമായി കാന്തല്ലൂര്‍ മലമുകളിലേക്ക് യാത്രപോയത്. മൂന്നാറില്‍ നിന്ന് കണ്ണന്‍ദേവന്‍ കുന്നുകളിലൂടെ അമ്പത് കിലോമീറ്റര്‍ കിഴക്കോട്ട് യാത്രചെയ്താല്‍ ചന്ദനമരങ്ങള്‍ മറയിട്ട മറയൂര്‍ ഗ്രാമത്തിലെത്താം. അവിടെ നിന്നും പാമ്പാര്‍ നദി കടന്ന് മലമുകളിലേക്ക് പതിനഞ്ച് കിലോമീറ്റര്‍ യാത്ര ചെയ്താലാണ് കാന്തല്ലൂരിലെത്തുക. ആദ്യ യാത്ര ചന്ദന ഗ്രാമത്തിലേക്ക് എത്തുമ്പോഴേക്കും ഇരുള്‍ വീണ് തുടങ്ങിയിരുന്നു. ഞങ്ങള്‍ ഒരു ചെറു സംഘമാളുകള്‍. കൗമാരം വിട്ടൊഴിയാത്ത ഞാനായിരുന്നു കൂട്ടത്തില്‍ പയ്യന്‍. സമ്പൂര്‍ണ്ണ സാക്ഷരതായജ്ഞത്തിന്റെ ഭാഗമായുള്ള കലാജാഥയിലെ അംഗങ്ങളായിരുന്നു ഞങ്ങള്‍. പാമ്പാര്‍ പുഴക്ക് അക്കരെ ഒരു പള്ളി വക സ്ഥലത്താണ് ഞങ്ങള്‍ക്ക് താമസം ഒരുക്കിയിരുന്നത്. ചെന്ന ഉടനെ കുളിച്ച് ഭക്ഷണം കഴിച്ച് എല്ലാവരും ഉറക്കത്തിന് തയ്യാറെടുത്തു. നിലത്ത് പായവിരിച്ച് എല്ലാവരും നിരന്നു കിടന്നു. രാത്രി അത്രയൊന്നും വൈകിയിരുന്നില്ല. കുറച്ചു കഴിഞ്ഞപ്പോള്‍ പള്ളിയിലെ വികാരിയും സഹായിയും ഞങ്ങളെ കാണാന്‍ വന്നു. അദ്ദേഹം എല്ലാവര്‍ക്കും പുതയ്ക്കാനുള്ള വലിയ കരിമ്പടങ്ങള്‍ കൊണ്ടുവന്നിരുന്നു. 'ഈ മെയ് മാസത്തില്‍ എന്തിന് കമ്പിളിപ്പുതപ്പ്? ' എന്ന നോട്ടത്തിന്
'ഇതിവിടെ ഇരിക്കട്ടെ വേണമെങ്കില്‍ വിരിച്ചുകിടക്കാം. അല്ലെങ്കില്‍ല്‍ പുതയ്ക്കാം.' എന്ന് മറുപടി നല്‍കി വികാരിയും സഹായിയും യാത്രയായി. ജനാലപ്പഴുതിലൂടെ വീശിയടിക്കുന്ന കാറ്റിന്റെ കുളിരില്‍, കരിമ്പടം തലയ്ക്കുവച്ച് എല്ലാവരും ഉറങ്ങാന്‍ കിടന്നു. രാത്രി കനത്തു. കാറ്റിന് കുളിര് കൂടിക്കാടി വന്നു. ആദ്യം ഉടുത്തിരുന്ന മുണ്ട് പുതച്ച് ചുരുണ്ടു കിടന്നു. തണുപ്പ് പിന്നെയും കനംവെച്ചു. കരിമ്പടം നിവര്‍ത്തി അതിനുള്ളിലേക്ക് നൂണ്ടു കയറി. വെളുപ്പാന്‍ കാലമാവുമ്പോഴേക്കും ജനാലകളും കരിങ്കല്‍ ഭിത്തിയും ഭേതിച്ച് അകത്തുകടന്ന തണുപ്പ് കരിമ്പടത്തിനുള്ളിലേക്ക് ഊളിയിട്ടു. കൂടുതല്‍ ചുരുണ്ട് കരിമ്പടത്തിനുള്ളില്‍ ഒരു ഗോളമായി ഞാന്‍ ഉറക്കത്തിന് ചുറ്റും തെന്നിനീങ്ങി. പുലര്‍ച്ചക്ക് മുമ്പ് എല്ലാവരും എഴുന്നേറ്റു. പുറത്ത് ഞങ്ങള്‍ താമസിച്ചിരുന്ന കെട്ടിടം അല്ലാതെ മറ്റൊന്നും കാണാനുണ്ടായിരുന്നില്ല. കോടമഞ്ഞില്‍ സര്‍വ്വതും മൂടിക്കിടന്നു. ദിക്കറിയാതെ ഞങ്ങള്‍ പകച്ചു നിന്നു. ചിലര്‍ കരിയിലകള്‍ കൂട്ടി തീയിട്ടു. കരിമ്പടം മൂടിപ്പുതച്ചുകൊണ്ട് തീകാഞ്ഞു. ഏറെ നേരം കഴിഞ്ഞപ്പോള്‍ മഞ്ഞിന്റെ പടര്‍പ്പിനുള്ളില്‍ നിന്നും ഒരു മനുഷ്യരൂപം തെളിഞ്ഞുവന്നു. തലയില്‍ തൊപ്പിയും കാല്‍ സറായിയും നീളന്‍ കമ്പളി കോട്ടും കഴുത്തില്‍ മഫഌും ചുറ്റിയ ഒരു കുറിയ മനുഷ്യന്‍. അടുത്തെത്തിയപ്പോള്‍ ഞങ്ങള്‍ക്ക് ആളെ മനസ്സിലായി. തലേന്നു രാത്രി വികാരിയുടെ കൂടെ കരിമ്പടം ചുമന്നു വന്ന മനുഷ്യന്‍. 'ഉറക്കം എപ്പടി...? നല്ലാറ്ന്തതാ...? ' എന്ന തമിഴ് മലയാളം പേച്ചോടും പരിഹാസമോ സഹതാപമോ എന്നുവേര്‍ത്രിക്കാനാവാത്ത ചിരിയോടും കൂടി അയാള്‍ ചുമന്നുകൊണ്ടുവന്ന വലിയ കെറ്റില്‍ വരാന്തയില്‍ വച്ചു. കുറച്ച് സ്റ്റീല്‍ ഗ്ലാസുകളും. 'കാപ്പി...സുക്ക് കാപ്പി....തണുപ്പ്ക്ക് നല്ലത്....' ആവിപറക്കുന്ന ആ ചുക്കു കാപ്പിയില്‍ എത്രയാവര്‍ത്തി മുങ്ങിനിവര്‍ന്നു എന്നെനിക്കോര്‍മ്മയില്ല. ആ പുലര്‍ച്ചക്കുമുമ്പ്, മഞ്ഞാടമാറ്റി ഗ്രാമം തെളിഞ്ഞുവരുന്നതിനും മുമ്പ് കടുത്ത ജലദോഷവും പനിയും പിടിച്ച് ഞാന്‍ അവശനായിപ്പോയിരുന്നു. വികാരിയച്ചന്‍ കൊണ്ടുതന്ന ചില ഗുളികകളും അമൃതാഞ്ജനത്തിന്റെ ഒരു ഡപ്പിയും ഇടക്കിടെ ചുക്കു കാപ്പിയുമായി ഞാന്‍ ആ പകല്‍ താമസ സ്ഥലത്ത് ചെലവാക്കി....
ഇന്നും പാമ്പാര്‍ പുഴകടന്ന് കോവില്‍ കടവ് ഗ്രാമത്തിലൂടെ കാന്തല്ലൂരിലേക്കുള്ള കുന്നുകയറുമ്പോള്‍ അമൃതാഞ്ജനത്തിന്റെയും ചുക്കു കാപ്പിയുടെയും മണം കാറ്റിലൂടെ സ്മൃതിപ്പെട്ടുവരും. മറയൂര്‍ തടത്തില്‍ നിന്നും കാന്തല്ലൂര്‍ ഗ്രാമത്തിലേക്കുള്ള യാത്രയുടെ അതിര്‍ത്തിയാണ് കോവില്‍ കടവ്. കേരളത്തില്‍ നാല്പത്തിനാല് നദികളില്‍ കിഴക്കോട്ടൊഴുകുന്ന മൂന്ന് നദികളില്‍ ഒന്നാണ് പാമ്പാറ്. അട്ടപ്പാടിയിലൂടെ ഒഴുകുന്ന ഭവാനിയും വയനാട്ടിലൂടെ കടന്നുപോകുന്ന കബനിയുമാണ് മറ്റ് രണ്ട് നദികള്‍. ഈ നദീ തീരങ്ങള്‍ നമ്മുടെ പ്രാചീന സംസ്‌കാരങ്ങളുടെ തടഭൂമിയാണ്. കേരളത്തിലെ പ്രമുഖ ആദിവാസി സമൂങ്ങള്‍ ഈ നദീ തീരങ്ങളിലാണ് അധിവസിക്കുന്നത്. കോവില്‍ക്കടവില്‍ പാമ്പാറിന്റെ തീരത്താണ് തെങ്കാശിയപ്പന്‍ കോവില്‍ എന്ന ഗുഹാക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തെങ്കാശിയപ്പന്‍ എന്നാല്‍ ശിവന്‍. കോവിലിന്റെ കല്‍ഭിത്തികളില്‍ കേറിയിട്ടിരിക്കുന്ന പ്രാചീന ലിഖിതങ്ങള്‍. കോവിലിന് പുറത്ത് വളര്‍ന്നു നില്‍ക്കുന്ന ഒരു കല്ലാലിന്റെ പിന്നില്‍ അഴിയിട്ട ഒരറയ്ക്കുള്ളില്‍ താരതമ്യേന അപ്രധാനമായ ഒരു മൂര്‍ത്തിയുടെ വിഗ്രഹമുണ്ട്. ഏതോ ജൈന തീര്‍ത്ഥങ്കരന്റെ ശിലാരൂപം. കാലവും അതിലുറങ്ങുന്ന ചരിത്രവും ഇനിയും ഗണിച്ചെടുക്കപ്പെട്ടിട്ടില്ല. ഒരു പക്ഷെ, ഗുഹക്കുള്ളില്‍ നൂറ്റാണ്ടുകള്‍ തപമിരുന്നതാവണം ഈ തീര്‍ത്ഥങ്കരന്‍. ഗുഹ ക്ഷേത്രമാവുകയും, തെങ്കാശിയപ്പന്‍ ദേശത്തിന്റെ മൂര്‍ത്തിയാവുകയും ചെയ്തപ്പോള്‍, ഒരു ജൈന കാലം കോവിലിന്റെയും ചരിത്രത്തിന്റെയും ഓരത്തേക്ക് മാറിയതാവണം.
പാമ്പാറും പഴയ പ്രതാപത്തിന്റെ തിരുശേഷിപ്പുകളുമായി അവിടവിടെ തളം കെട്ടിക്കിടക്കുകയാണ് ഈ വേനലില്‍. കേവലം രണ്ട് ദശകങ്ങള്‍ക്കപ്പുറം ആദ്യമായി കാണുമ്പോള്‍ മധ്യവേനലിലും നിറഞ്ഞൊഴുകിയിരുന്നു പാമ്പാര്‍. കോവില്‍ കടവില്‍ നിന്നും കിഴുക്കാംതൂക്കായ പാറക്കെട്ടിലൂടെ താഴേക്ക് കൂപ്പുകുത്തുന്ന പാമ്പാറിന്റെ രൗദ്രഭാവം കാണണമെങ്കില്‍ വര്‍ഷകാലത്ത വരണം. കലങ്ങിമറിഞ്ഞെത്തുന്ന മലവെള്ളത്തിന്റെ നിലയ്ക്കാത്ത ഹുങ്കാരം. ഈ ജലക്കുത്തിലൂടെ കാന്തല്ലൂര്‍ മറയൂര്‍ തടത്തിലെ നിരവധി ജീവനുകള്‍ അടിതെറ്റി വീണുപോയിട്ടുണ്ട്. അവരില്‍ ചിലര്‍ സാഹസികരായിരുന്നു. പ്രണയത്താല്‍ തങ്ങളില്‍ കൊരുത്ത് ജലപാതാളത്തിലേക്ക് സ്വയമെറിഞ്ഞവര്‍, ഒരു കാല്‍ തെറ്റലിനിപ്പുറം ജീവിതം മടുത്തവര്‍, ചതിക്കപ്പെട്ടവര്‍, ചത്തവര്‍, കൊന്നവര്‍.... ചിലര്‍ ജലപാതാളത്തില്‍ നിന്ന് തിരിച്ചിത്തി കൊതിയോടെ ജീവിതം തിരിച്ചു ചോദിക്കും. ചിലപ്പോള്‍ അടങ്ങാത്ത ജീവതകാമനകളാല്‍ നമ്മെ വലിച്ചെടുത്ത് വെള്ളക്കുത്തിലേക്ക് എയ്തുമറയുമാത്മാവുകള്‍. കഥകളല്ല! ചിലര്‍ കണ്ടതിന്റെ സാക്ഷ്യം പറയും. അതിനാല്‍ ഉണങ്ങിക്കിടക്കുന്ന പുഴവഴിയിലൂടെ ഇന്നും പാമ്പാര്‍ മുറിച്ചു കടക്കുമ്പോള്‍ നാട്ടുകാര്‍ മുന്നറിയിപ്പ് തരും 'സൂക്ഷിക്കണം...പാറയില്‍ തെന്നരുത്....' കാലങ്ങളിലൂടെ ഒഴിക്കിപ്പോയ ജലസ്പര്‍ശത്താല്‍ മിനുത്തുപോയ പാറക്കെട്ടുകളില്‍ കാല്‍ വഴുതിയേക്കാം. വെള്ളച്ചാട്ടത്തിന്റെ ഓര്‍മ്മകള്‍ കൊത്തിയ പാറയിടുക്കുകളും ചുഴികളും ഒഴുക്കിന്റെ ഒളിയിടങ്ങളും ദുര്‍ഘടമാക്കിയ ചെങ്കുത്തായ ഒരു പാറയാണ് ഈ വേനലിലെ പാമ്പാര്‍.
പുഴകടന്ന് മലമുകളിലേക്ക് പോകുന്തോറും കാഴ്ചകള്‍ മാറി മറിയുന്നു. താഴെ അതിവിശാലമായി പറന്നുകിടക്കുന്ന മറയൂര്‍ തടം. തട്ടുതട്ടായി തിരിച്ച് മണ്ണൊരുക്കിയ കൃഷിയിടങ്ങള്‍. വിളവെടുപ്പു കഴിഞ്ഞ് തരിശായ കരിമ്പു പാടങ്ങള്‍. ഇടക്കിടെ വിളപാകം തെറ്റിയ കരിമ്പുകണ്ടങ്ങള്‍ പൂത്തുലഞ്ഞ് നില്‍ക്കുന്നുണ്ടാവും. ശര്‍ക്കരയുടെ നറുമണവുമായി കാറ്റ്. മുമ്പ് ഈ വഴിയോരങ്ങളില്‍ ശര്‍ക്കര പുരകള്‍ സമൃദ്ധമായിരുന്നു. ഇപ്പോള്‍ വിരലിലെണ്ണാവുന്നവ മാത്രം. പുല്ലുമേഞ്ഞ വലിയ ഷെഡുകളിലാണ് ശര്‍ക്കരയുണ്ടാക്കുന്നത്. കരിമ്പിന്‍ നീര് വലിയ ഇരുമ്പു പാത്രത്തില്‍ നിറച്ച് തിളപ്പിച്ച് വറ്റിച്ചെടുക്കുത്ത്, ചൂടുമാറുമുമ്പ് ഉരുട്ടിയെടുക്കുന്നതാണ് ശര്‍ക്കര. മായം ചേരാത്ത ശുദ്ധമായ മറയൂര്‍ ശര്‍ക്കര പ്രസിദ്ധമാണ്. കേരളത്തിലെ ഗ്രാമ നഗരങ്ങളിലെല്ലാം മറയൂര്‍ ശര്‍ക്കരക്ക് വലിയ പ്രിയമാണ്. എന്നിട്ടും കരിമ്പു കൃഷിക്കാരുടെ എണ്ണം അടിക്കടി കുറഞ്ഞുവരുന്നു. 'ശര്‍ക്കര നഷ്ടമാ....കൃഷിക്ക് ചെലവ് കൂടി....' എന്നാണ് പരമ്പരാഗത കരിമ്പു കര്‍ഷകരുടെ പുതുമുറയില്‍പ്പെട്ട മുരുകന്‍ പറഞ്ഞത്. മധുരമൂറുന്ന ഒരു കാര്‍ഷിക സംസ്‌കൃതിയും വ്യവസായവും ക്ഷയിച്ചുപോകുന്നതിന്റെ ആവലാതികള്‍ കേട്ടുകൊണ്ടാണ് കാന്തല്ലൂരിലേക്ക് ഓരോ തവണയും കയറിപ്പോവുന്നത്.
സമുദ്ര നിരപ്പില്‍ നിന്നും 5500 അടി ഉയരത്തിലാണ് കാന്തല്ലൂര്‍. എപ്പോഴും വീശുന്ന ശീതക്കാറ്റ്. ശൈത്യകാലാവസ്ഥയില്‍ വിളയുന്ന അപൂര്‍വ്വം പച്ചക്കറികളും പഴങ്ങളും. ഗ്രാമത്തില്‍ എല്ലാവരും കൃഷിക്കാരാണ്. ഓറഞ്ചുകള്‍ വിളഞ്ഞ തോട്ടങ്ങള്‍. ആപ്പിള്‍ മരങ്ങള്‍ പൂവിട്ട് നില്‍ക്കുന്നു. ക്യാരറ്റും ബീറ്റ്‌റൂട്ടും കാബേജും വിളയുന്ന പാടങ്ങള്‍. വെളുത്തുള്ളി കണ്ടങ്ങള്‍.ഡിസംബര്‍ അവസാനം എത്തുമ്പോള്‍ വിവിധയിനം ആത്തപ്പഴങ്ങളുടെ (സീതപ്പഴം)കാലമായിരുന്നു. രൂപവും ഗന്ധവും മധുരവുംകൊണ്ട് ഒന്നിനൊന്ന് വ്യത്യസ്തമായിരുന്നു എല്ലാം.
മാര്‍ച്ചില്‍, ഓറഞ്ച് പഴുക്കുകയും ആപ്പിള്‍ മരങ്ങളില്‍ കായ്ച്ച് കുലകളായി നില്‍ക്കുകയും ചെയ്തു. വീട്ടുമുറ്റത്തെ ബീച്ച് മരങ്ങളില്‍ 'പീച്ചും പഴങ്ങള്‍' പഴുത്ത് കുലചാഞ്ഞ് നിന്നു. വെളുത്തുള്ളി വിളവെടുത്ത് ഉണക്കാനായി തരംതിരിച്ച് വയ്ക്കുന്നു. വയലറ്റ് തവിട്ട് നിറങ്ങളില്‍ പുള്ളിക്കുത്തുകളുമായി കോഴിമുട്ടയുടെ ആകൃതിയില്‍ പാഷന്‍ ഫ്രൂട്ട്. കടും മഞ്ഞയിലും തവിട്ട് നിറത്തിലും വേറെയുമുണ്ട് ഇനങ്ങള്‍. തോട്ടങ്ങളില്‍ നിന്നും കൃഷിക്കാരോട് പച്ചക്കറികളും പഴങ്ങളും നേരിട്ട് വാങ്ങാം. കാന്തല്ലൂരില്‍ ചെന്നിറങ്ങുമ്പോള്‍ തോട്ടങ്ങളിലേക്ക് നമ്മളെ നയിക്കാന്‍ ചില ലോക്കല്‍ ഗൈഡുകള്‍ വരും. സ്ഥിരമായി കാണാറുള്ള തമിഴ് വൃദ്ധന്‍ ഇത്തവണയും വന്നു. വഴിയോരത്ത് സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ദൂരെ നിന്ന് പോലീസ് ജീപ്പ് കയറി വരുന്നതു കണ്ടു. വൃദ്ധന്‍ പൊടുന്നനെ എന്റെ അരികില്‍ നിന്ന് തെന്നിമാറി അരയില്‍ ഒളിപ്പിച്ചിരുന്ന രണ്ട് മൂന്ന് കുപ്പികള്‍ എടുത്ത് അടുത്തു കണ്ട് കുറ്റിക്കാട്ടിലേക്ക് വലിച്ചെറിഞ്ഞ് മിന്നല്‍ പിണര്‍പോലെ തിരിച്ചെത്തി. പോലീസ് ജീപ്പ് അടുത്തെത്തി. ' എന്താ....? ' ഏമാന്റെ കനപ്പെട്ട ചോദ്യം. 'ഒന്നുമില്ല സാര്‍...കേരളാവില്‍ നിന്ന് വന്നത് സാര്‍...ഓറഞ്ച് ആപ്പിള്‍ തോട്ടമെല്ലാം പാക്കണം....അതിനാകെ....' വിനീത വിധേയനായി അയാള്‍ പറഞ്ഞുതീര്‍ത്തു. 'ശരി...ശരി...' ജീപ്പ് ാേടി മറഞ്ഞു. എന്നെ വഴിയില്‍ ഉപേക്ഷിച്ച് അയാള്‍ കുപ്പിയുടെ പിന്നാലെ പോയി. തിരിച്ചെത്തിയപ്പോള്‍ തിരക്കി 'ഇന്ത ചാരായം എപ്പടി...?
'' സൂപ്പര്‍ സാര്‍...അതുമിതും ഇടാത് സാര്‍...പഴങ്കള്‍ മട്ടും താന്‍.... നമ്മക്ക് വേണ്ടി വാറ്റുന്നത്....' നഗരവാസികളുടെ സഹജമായ സംശയത്തെടെ ഞാന്‍ പിന്‍വാങ്ങി. സുരേഷിന്റെ ചെറിയ കൃഷിയിടത്തിലേക്ക്. കാന്തല്ലൂര്‍ ടൗണ്‍ തുടങ്ങുന്നിടത്താണ് സുരേഷിന്റെ വീട്. തിരുവിതാംകൂറില്‍ നിന്ന് കുടിയേറിയ കര്‍ഷകന്റെ മകനാണ് സുരേഷ്. ആ ചെറു കൃഷിയിടത്തില്‍ ഇല്ലാത്ത ഒരു സാധനവുമില്ല. ചക്കമുതല്‍ സ്‌ട്രോബറിവരെ എന്തു കിട്ടും. പൂക്കളുടെ അനവധി വിഭവങ്ങള്‍ വേറെയും. ജൈവകൃഷിയുടെ ആളാണ് സുരേഷ്. കൃഷിയെക്കുരിച്ച് ശാസ്ത്രീയമായി അറിവുള്ള ആള്‍. ഓറഞ്ച്, സ്‌ട്രേബറി, മരത്തക്കാളി, പാഷന്‍ ഫ്രൂട്ട് വൈനുകളും സ്‌ക്വാഷുകളും എപ്പോഴും ഉണ്ടാകുമവിടെ. കുറഞ്ഞ പൈസക്കാണ് വില്‍ക്കുന്നത്. യാത്രയുടെ മധുരവും ലഹരിയുമാണ് ഈ പാനീയങ്ങള്‍. അതിലുപരി കാന്തല്ലൂരിന്റെ കാര്‍ഷിക ജീവിതമരിയാന്‍ സുരേഷുമായി സംസാരിക്കണം.
കൃഷിയെ സ്‌നേഹിക്കുന്നവരും ഏകാന്തത ഇഷ്ടപ്പെടുന്നവരും കയറി വരുന്ന ഇടമാണ് ഇവിടേക്ക് കയറി വരുന്നു. ചിലര്‍ കൃഷിക്കാരായി ഇവിടെ തുടരുന്നു. ചിലര്‍ സര്‍വ്വം ത്യജിച്ച് സന്യാസത്തെ പ്രാപിക്കുന്നു. ചിലര്‍ യാത്രികരായി നിരന്തരം വന്നുപോകുന്നു. കാന്തല്ലൂര്‍ ഗ്രാമാതിര്‍ത്തിയിലെ മലഞ്ചെരുവിലെ മണ്‍ വീട്ടില്‍ നഗരം മടുത്ത ഷിഹാബുണ്ട്. കലയുടെയും നാഗരിക ജീവിതത്തിന്റെയും പൂര്‍വ്വാശ്രമം മടുത്ത തഥാഗതന്‍. എന്റെ സുഹൃത്തും ഫോട്ടോഗ്രാഫറുമായ അജിലാലിന്റെ സ്‌നേഹിതനാണ് ഷിഹാബ്. കഴിഞ്ഞ യാത്രയില്‍ ഷിഹാബിന്റെ ആശ്രമത്തില്‍ ചെന്നിരുന്നു. അന്ന് അയാള്‍ അവിടെ ഉണ്ടായിരുന്നില്ല. എങ്ങോ യാത്രയിലായിരുന്നു. ആരില്‍ നിന്നോ സന്യാസ ദീക്ഷ സ്വീകരിച്ചു എന്നാണ് അജിലാല്‍ പറഞ്ഞത്. നിറയെ പൂക്കള്‍ വിടര്‍ന്നു നില്‍ക്കുന്ന ആശ്രമ പരിസരം ധ്യാനത്തിലാണ്ട് കിടന്നു. കാറ്റിന് കനംവച്ചുതുടങ്ങി. മഞ്ഞ് താഴ്‌വാരങ്ങളെ മൂടിത്തുടങ്ങി. തിരിച്ചുപോകാന്‍ സമയമായിരിക്കുന്നു. വനവിദൂരതയിലെവിടെ നിന്നോ ഒരു പറ്റം മാടുകളെ ആട്ടിത്തെളിച്ചുകൊണ്ട് മറ്റേതോ കാലത്തില്‍ നിന്ന് വന്ന ഒരാളെപ്പെല തോന്നിക്കുന്ന ഗ്രാമവൃദ്ധന്‍ ഞങ്ങളെ കടന്നുപോയി. പക്ഷികളും കൂടണയുന്നതിന്റെ കലക്കങ്ങള്‍.... ഇനി തിരിച്ചിറക്കം.
മലകയിറങ്ങി വിശാലമായ ഒരു പാറപ്പുറത്തെത്തും. അവിടെ നിന്നാല്‍ മറയൂര്‍ താഴ്‌വാരം മുഴുവന്‍ കാണാം. പാറപ്പുറത്ത് അവിടവിടെയായി തകര്‍ന്നതും തകര്‍ക്കപ്പെട്ടതുമായ മുനിയറകള്‍. മധ്യശിലായുഗത്തില്‍ ആരംഭിച്ച് ഇരുമ്പിന്റെ ആവിര്‍ഭാവ ഘട്ടം വരെ നീലുന്ന ആയിരത്താണ്ടുകാലത്തെ മനുഷ്യവാസത്തിന്റെ ചരിത്രം പേറുന്നവയാണ് ഈ മുനിയറകള്‍. മുനിയറകള്‍ അധികവും ശവക്കല്ലറകളായിരുന്നുവെന്ന് ചരിത്രകാരന്‍മാര്‍ പറയുന്നു. വലിയ കരിങ്കല്‍ പലകകള്‍ പാറപ്പുറത്ത് പെട്ടിപോലെ ചേര്‍ത്തുണ്ടാക്കിയതും മണ്ണിലിറക്കി അറപോലെ വെച്ചുണ്ടാക്കിയതുമായ നൂറ് കണക്കിന് മുനിയറകള്‍ കാന്തല്ലൂര്‍ മറയൂര്‍ പ്രദേശങ്ങളിലുണ്ട്. രണ്ടായിരം മുതല്‍ മൂവായിരം വര്‍ഷത്തെ പഴക്കം ഇവയ്ക്കുണ്ടെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. വളരെ വ്യാപകമായൊരു പരിഷ്‌കൃതിയുടെ സൂചനയാണിത് നല്‍കുന്നത്. കേരളത്തില്‍ മാത്രമല്ല, ദക്ഷിണേന്ത്യന്‍ ഉപദ്വീപുമുഴുവന്‍ ഈ സംസകൃതിയുടെ അവശിഷ്ടങ്ങള്‍ കെണ്ടെത്താനായിട്ടുണ്ട്. മിക്കയിടങ്ങളിലും ശ്മശാനങ്ങളാണത്. കല്ലിന്റെയും മണ്ണിന്റെയും സ്വഭാവമനുസരിച്ച് വ്യത്യാസങ്ങളോടെ ദക്ഷിണേന്ത്യമുഴുവന്‍ വ്യാപിച്ചുകിടക്കുന്നു. എല്ലായിടത്തും ഇരുമ്പായുധങ്ങളുടെ സാന്നിധ്യവും കണ്ടെത്തിയിട്ടുണ്ട്്. ഇരുമ്പായുധങ്ങളുടെ കാര്യത്തില്‍ മാത്രമല്ല, ഇവര്‍ ഉപയോഗിച്ചിരുന്ന പലതരം മണ്‍പാത്രങ്ങളുടെ കാര്യത്തിലും ഈ പ്രദേശങ്ങളൊക്കെ തമ്മില്‍ അത്ഭുതകരമായ സാമ്യം തിരിച്ചറിയപ്പെട്ടിട്ടുണ്ട്്. എന്ന് ചരിത്രകാരനായ ഡോ. രാജന്‍ഗുരുക്കള്‍ ഈ ശിലാസ്മാരകങ്ങളെ പ്രാക്തനമായൊരു ജനവാസ സംസ്‌കൃതിയമായി ബന്ധിപ്പിക്കുന്നു. ശിലായുഗമനുഷ്യരുടെ സഞ്ചാരങ്ങളുടെയും വ്യാപനത്തിന്റെയും സ്മരണകള്‍ ഈ ശിലാലോഹ സ്മാരകങ്ങളില്‍ നിന്ന് വായിച്ചെടുക്കാനാവും. ഇനിയും പൂരിപ്പിക്കപ്പെടാതെ കിടക്കുന്ന നിരവധി ചോദ്യങ്ങള്‍ ഈ ശിലാകാലം ബാക്കിവയ്ക്കുന്നു. ആരാണിവ നിര്‍മ്മിച്ചത്? എന്തായിരുന്നു ഈ മനുഷ്യരുടെ ഉപജീവന രീതി? അവരുടെ യാത്രകളെയും വ്യാപനത്തെയും നിശ്ചയിച്ച ഘടകങ്ങള്‍? സാമൂഹ്യ രാഷ്ട്രീയ സാഹചര്യങ്ങള്‍? തുടങ്ങിയ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ ഇനിയും പൂര്‍ണ്ണമായും അഴിഞ്ഞികിട്ടിയിട്ടില്ല. പ്രാകൃത ഗോത്രവര്‍ഗ്ഗ ജീവിത സാഹചര്യം മുന്‍നിര്‍ത്തി ഈ ചോദ്യങ്ങളെ നേരിടാന്‍ പലരും ശ്രമിച്ചു കാണുന്നു. എ എല്‍ കൃഷ്ണയ്യരെപ്പോലുള്ള ചരിത്രകാരന്‍മാര്‍ ഇന്നത്തെ ആദിവാസികളുടെ പൂര്‍വ്വികരുമായി ഈ ശിലാകാലത്തെ ബന്ധിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. നായാട്ടുകാരായിരുന്നു ഈ ആദിമ മനുഷ്യരെന്ന് ചിലര്‍ നിരീക്ഷിക്കുന്നു. പശ്ചിമഘട്ടത്തിലേക്ക് വ്യാപിക്കുന്ന ഒരു നായാട്ട് ചരിത്രം ആരോപിക്കപ്പെടുന്നുമുണ്ട്. പ്രാകൃത കൃഷിക്കാരായും ഇടയ ഗോത്രക്കാരായും ചിലര്‍ നിരീക്ഷിക്കുന്നുണ്ട്. ഈ നിരീക്ഷണങ്ങളെ ചേര്‍ത്തുവച്ചുകൊണ്ട് ചില നിഗമനങ്ങളിലെത്തിച്ചേരാന്‍ കഴിഞ്ഞേക്കാം. എന്നാല്‍ ഈ പ്രദേശത്ത് ഇന്ന് അധിവസിക്കുന്ന തനത് ജനത എന്നുകരുതാവുന്ന വിവിധ ആദിവാസി ഗോത്ര സമൂഹങ്ങള്‍ ഈ ശിലായുഗ സംസ്‌കൃതിയുടെ തുടര്‍ച്ചയാണെന്ന് പറയാനാവില്ല. മധ്യശിലായുഗത്തില്‍ ആരംഭിച്ച് ഇരുമ്പ് യുഗത്തിലൂടെ കടന്നുപോയ ജനതയുടെ സാങ്കേതിക സാംസ്‌കാരിക വളര്‍ച്ചയുടെ തോതുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് വ്യക്തവുമാണ്. അപ്പോള്‍ തുടര്‍ച്ചയറ്റ ഒരു ചരിത്രത്തിന്റെ ശേഷിപ്പുകലാണ് ഈ മുനിയറകള്‍.


ഒരു ഗോത്രാധിപത്യ കാലത്തേക്കാണ് ഈ മുനിയറകള്‍ വില്‍ ചൂണ്ടുന്നത്. മുനിയറകള്‍ ഒരുപാട് പേരുടെ അധ്വാനമുണ്ടെങ്കിലേ നിര്‍മ്മിക്കാനാകു. സമൃദ്ധമായ ജനപഥങ്ങളും ഗോത്ര ഭരണവ്യവസ്ഥകലും നിലനിന്നിരുന്ന ഒരു കാലം ഈ കല്ലറക്കുള്ളില്‍ മയങ്ങിക്കിടപ്പുണ്ട്. താഴ്‌വാരങ്ങളില്‍ പാടങ്ങളുണ്ടാവുകയും നെല്ലും കൃഷിഭൂമിയും മുഖ്യസമ്പത്തായി മാറുകയും ചെയ്തതോടെ പരിഷ്‌കൃതിയുടെ സ്ഥാനം സമതല കേരളമായി തീര്‍ന്നു. ിവിടെ അധിവസിച്ചിരുന്ന ാദിമ ജനത ഒന്നുകില്‍ വലിയ സാമൂഹ്യ സാമ്പത്തിക രാഷ്ട്രീയ പരിവര്‍ത്തനങ്ങളുടെ ഭാഗമായി നാഗരികതയുടെ പതാകവാഹകരായിത്തീരുകയോ അതല്ലെങ്കില്‍ നാഗരിക സമൂഹത്തിന്റെ സാംസ്‌കാരിക ധാരയില്‍ ലയിക്കുകയോ ചെയ്തിരിക്കാം. ഇതേ കാരണങ്ങള്‍കൊണ്ടുതന്നെ ഗോത്രങ്ങള്‍ ശിഥിലമാവുകയോ ദലിതമാക്കപ്പെടുകയോ ചെയ്തിരിക്കാമെന്ന സാധ്യതയുമുണ്ട്. എന്തായാലും ചരിത്രത്തിലെ നീണ്ട മൗനത്തെ ഈ ശിലാഖണ്ഡങ്ങള്‍ അടയാളപ്പെടുത്തുന്നത്.


സൂര്യന്‍ മറഞ്ഞ് കഴിയുവോളം മലങ്കാറ്റിന്റെ കുളിരില്‍ ഈ മലമുകളില്‍ ഇങ്ങനെ ഇരിക്കാം. ചരിത്രത്തിന്റെ നിഗൂഢമായ അകളിലേക്ക് പിന്നെയും പിന്നെയും കയറി ഇറങ്ങുന്ന മനസ്സിന്റെ സഞ്ചാരങ്ങളിലേക്ക് ഇരുള്‍ വീഴ്ത്തി രാത്രി വന്നണയും. താഴെ മറയൂര്‍ തടങ്ങളില്‍ നക്ഷത്രമാലകള്‍ പോലെ വിളക്കുകള്‍ തെളിയും. രാത്രി സഞ്ചാരികള്‍ക്ക് വിലക്കുണ്ടെന്ന് ഫോരസ്റ്റ് വാച്ചര്‍ നേരത്തെ പറഞ്ഞിരുന്നു. ഇരുള്‍ വീണ വഴിയിലൂടെ ചരിത്രത്തില്‍ നിന്നും വര്‍ത്തമാനത്തിലേക്ക് തിരിച്ചിറക്കം. കാറ്റ് ശീതം കൊണ്ടുവരും. ഒരിറക്ക് ശ്വാസത്തിനാല്‍ ഒരു യാത്രയുടെ ഗന്ധം മുഴുവന്‍ ആവാഹിച്ച് അടുത്ത വരവിനായി മടങ്ങുന്നു.


Next Story

Related Stories