TopTop

ഭീതിയുടെ മുള്‍മുനയില്‍ കറാച്ചി

ഭീതിയുടെ മുള്‍മുനയില്‍ കറാച്ചി


അര്‍സ്ലാ ജാവൈദ്

കഴിഞ്ഞ ബുധനാഴ്ച്ച രാത്രി, കറാച്ചിയുടെ കിഴക്ക് പ്രദേശത്തുള്ള കൊറാങ്ങി പട്ടണത്തില്‍ ഒരു അക്രമി വലിച്ചെറിഞ്ഞ ഗ്രെനേഡ് പൊട്ടി പാകിസ്ഥാന്‍ പാരാ മിലിട്ടറി റേഞ്ചര്‍ ഫോഴ്‌സിലെ നാലു പേര്‍ കൊല്ലപെടുകയുണ്ടായി. ചരിത്രപരമായ ജനാധിപത്യ വിജയത്തെകുറിച്ച് എപ്പോഴും വീമ്പിളക്കുമ്പോഴും 18 ദശലക്ഷം ജനങ്ങള്‍ തിങ്ങി പാര്‍ക്കുന്ന കറാച്ചി നഗരം ഓരോ നിമിഷവും അക്രമത്തിലേക്ക് ആഴ്ന്നു കൊണ്ടിരിക്കുന്നു. കൂടി വരുന്ന അസ്ഥിരതയ്‌ക്കൊപ്പം മോശമായി കൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധി കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുന്നുണ്ട്. ഇതു രണ്ടും കൈവിട്ടു പോകുന്ന ഒരു നഗരത്തില്‍ ശാന്തിയും സമാധാനവും നിലനിറുത്താനാവതെ സര്‍ക്കാരും സുരാക്ഷാ സംവിധാനങ്ങളും പരാജയത്തിന്റെ വക്കിലാണ്. ഉടന്‍ നടക്കാന്‍ പോകുന്ന തിരഞ്ഞെടുപ്പിന്റെ വെളിച്ചത്തില്‍ അക്രമ പരമ്പര കൂടാനാണു സാധ്യത.

പാകിസ്ഥാന്‍ മനുഷ്യാവകാശ കമ്മീഷന്‍റെ കണക്കനുസരിച്ച് കറാച്ചിയില്‍ 2012-ല്‍ മാത്രം 2,284-ഓളം പേര്‍ അക്രമങ്ങളില്‍ കൊല്ലപെടുകയുണ്ടായി. ചില മാധ്യമ കണക്കുകള്‍ പ്രകാരം ബോംബ് സ്‌ഫോടനങ്ങളിലും മറ്റുള്ള ആക്രമണങ്ങളിലും ഈ കൊല്ലം മാത്രം 72 ദിവസത്തിനുള്ളില്‍ അഞ്ഞൂറോളം പേരാണു കൊല്ലപെട്ടത്. സാധാരണക്കാരും പോലീസുകാരും അര്‍ദ്ധ സൈനികരും, പത്രപ്രവര്‍ത്തകരും അഭിഭാഷകരുമൊക്കെ അക്രമങ്ങള്‍ക്ക് ഇരകളായി.

പാകിസ്ഥാനില്‍ ജനസംഖ്യയുടെ ഇരുപതു ശതമാനത്തിന്നടുത്തു മാത്രമുള്ള ന്യൂനപക്ഷമായ ഷിയാകള്‍ക്കെതിരയി അടുത്ത കാലത്ത് സുന്നികള്‍ നടത്തുന്ന അക്രമങ്ങളില്‍ ഗണ്യമായ വര്‍ധനയാണുണ്ടായിട്ടുള്ളത്. ഈ ആക്രമണങ്ങള്‍ കൂടുതലും തെക്കുപടിഞ്ഞാറുള്ള ബലൂചിസ്ഥാന്‍ പ്രവശ്യയിലാണ് കേന്ദ്രീകരിച്ചിട്ടുള്ളതെങ്കിലും കറാച്ചിയിലും ആക്രമങ്ങളും കൊലകളും ഗോത്രവര്‍ഗ്ഗ സ്പര്‍ദ്ധകളും നടക്കുന്നുണ്ട്. അബ്ബാസ് ടൌണില്‍ ഒരു ഷിയാ ഇമാംബാറയിലുണ്ടായ അതിശക്തമായ ബോംബു സ്‌ഫോടനത്തില്‍ രണ്ടു അപ്പാര്‍ട്ടുമെന്റുകള്‍ തകര്‍ന്ന് 50 പേര്‍ കൊല്ലപ്പെടുകയും 200-ലെറെ പേര്‍ക്ക് പരിക്കേല്ക്കുകയും നിരവധിയാളുകള്‍ തെരുവിലാവുകയും ചെയ്തു. മാര്‍ച്ച് മൂന്നിന്നുണ്ടായ ഈ സംഭവത്തോടെ കറാച്ചി നഗരം സ്തംഭിച്ചിരുന്നു. അക്രമത്തിന്നു ശേഷം നഗരം കത്തിയെരിയുമ്പോള്‍ എത്താതിരുന്ന നിയമ പാലകര്‍ അവരുടെ അസാന്നിധ്യം കൊണ്ട് ശ്രദ്ധേയമായത് നഗരത്തിലെ സുരക്ഷാ സംവിധാനങ്ങളുടെ അവസ്ഥയെയും ജനങ്ങളെ ആക്രമണകാരികളില്‍ നിന്നും രക്ഷിക്കാനുള്ള സര്‍ക്കാരിന്റെ പ്രതിബദ്ധതയെയും കുറിച്ച് പ്രധാനപെട്ട ചില ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. പിറ്റേ ദിവസം നടന്ന മയ്യത്തു പുറപ്പാടില്‍ ലഹളയുണ്ടായി രണ്ടു പേര്‍ കൊല്ലപ്പെടുകയും ഒരു ഡസനോളം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പ്രതികളെന്ന് സംശയിക്കുന്നവരെ അധികൃതര്‍ ഇപ്പോഴും അറസ്റ്റു ചെയ്യുന്നുണ്ട്. അടുത്തകാലത്ത് ബലൂചിസ്ഥാനിലെ ക്വറ്റയില്‍ ഹസാര ഷിയകള്‍ക്കെതിരെ വിപുലമായ രീതിയില്‍ ആക്രമണം അഴിച്ചുവിട്ട ലഷ്‌കര്-ഇ-ജാങ്ങ്വിയോ, തെഹരിക്-ഇ-താലിബാന്‍ പാകിസ്താനോ ആണ് ഇതിനു പുറകില്‍ എന്ന് കരുതുന്നവര്‍ ധാരാളമുണ്ട്.

മാര്‍ച്ച് ആറിന് കറാച്ചി നഗരം വെറും ഇരുപത്തി രണ്ടു മിനുട്ട് കൊണ്ട് അടച്ചിടേണ്ടി വന്നു. അന്ന് ഏഴോളം ജീവനുകളാണ് പലയിടത്തായി അക്രമങ്ങളില്‍ പൊലിഞ്ഞത്. പലയിടത്തുനിന്നും ആക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. പ്രശ്‌നബാധിത പ്രദേശങ്ങളെയും തടസ്സമുള്ള വഴികളെകുറിച്ചും തല്‍സമയ അപ്‌ഡേറ്റുകള്‍ കൊണ്ട് സോഷ്യല്‍ മീഡിയ നിറഞ്ഞു. ഇതിനിടയില്‍ അബ്ബാസ് ടൌണിലെ കുറ്റവാളികളെ പിടികൂടുന്നതു വരെ എല്ലാ വ്യാപാരസ്ഥാപനങ്ങളും വിദ്യാഭ്യാസസ്ഥാപനങ്ങളും അടച്ചിടാന്‍ കറാച്ചിയിലെ ഏറ്റവും വലുതും സ്വാധീനമുള്ള രാഷ്ട്രീയകക്ഷിയായ മുത്തഹിദ ഖുഅമി മുവ്‌മെന്‍റ് ആഹ്വാനം ചെയ്തു. അനിശ്ചിത കാല സമരം കറാച്ചിയുടെ സമ്പദ് വ്യവസ്ഥയെ കൂടുതല്‍ കഷ്ടത്തിലാക്കുമെന്നു ഭൂരിഭാഗം കറാച്ചി നിവാസികളും ഭയപ്പെട്ടു.'എനിക്ക് ആറുപേരടങ്ങുന്ന ഒരു കുടുംബത്തിനു ഭക്ഷണം കണ്ടെത്തണം. ദിവസേനയുള്ള ഈ പണിമുടക്കുകള്‍ സാരമായി തന്നെ എന്നെ പോലുള്ളവരെ ബാധിക്കും. എനിക്ക് കച്ചവടം നടത്താന്‍ കഴിയാത്തപ്പോള്‍ എന്റെ കുടുംബം പട്ടിണി കിടക്കേണ്ടി വരുന്നു.' കറാച്ചിയിലെ ല്യാരിയിലുള്ള ഷാനവാസ് ഷഹസാദ് എന്ന ദിവസക്കൂലിക്കാരനായ പഴക്കച്ചവടക്കാരന്റെ പരിവേദനം. വ്യാപാര സ്ഥാപനങ്ങളും പൊതുഗതാഗതവും പെട്ടന്നുതന്നെ അടച്ചു, ആശുപത്രികള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശങ്ങള്‍ കൊടുത്തു. ചെറിയ അക്രമങ്ങളായ മോഷണവും പിടിച്ചുപറിയും കാര്‍ തട്ടിയെടുക്കലുമൊക്കെ നിത്യേന നടക്കുന്ന കറാച്ചി പടുകുഴിയിലേക്ക് കൂടുതല്‍ ആഴ്ന്നു പോവുന്ന പോലെ.

ഈ മാസം ആദ്യം, ഹൈ ഫാഷന്‍ ഇടമായ ഡോള്‍മെന്‍ മാളില്‍ നിന്നും ഒരു പെണ്‍ കുട്ടിയെ തട്ടിക്കൊണ്ടു പോയത് നടുക്കത്തോടെ വെളിപെടുതുന്നത് കറാച്ചിയിലെ സമ്പന്ന കേന്ദ്രങ്ങളില്‍ പോലും സുരക്ഷാ സംവിധാനം നേരിടുന്ന തകര്‍ച്ചയാണ്. സോഷ്യല്‍ മീഡിയയില്‍ നിറയെ കുപ്രസിദ്ധമായ 'ബ്ലാക്ക് പ്രാഡോ'യെ പറ്റിയുള്ള കിംവദന്തികളാണ്. കറാച്ചിയുടെ വരേണ്യ ഇടങ്ങളായ ഡിഫെന്‍സ്, ക്ലിഫ്ട്ടണ്‍, സംസമ എന്നിവിടങ്ങളിലാണ് ബ്ലാക്ക് പ്രാഡോ ഇരകളെ കണ്ടെത്തുന്നത്. കറുത്ത ഗ്ലാസ്സുകളുള്ള കറുത്ത പ്രാഡോയില്‍ ദിവസേനെ രണ്ടു പെണ്‍ കുട്ടികളെ വീതം തട്ടികൊണ്ടു പോവുന്ന സംഘമാണ് ഇത്. സമ്പന്ന ഭവനങ്ങളിലെ പെണ്കുട്ടികളെ കൂട്ട ബലാല്‍സംഗം ചെയ്യുകയും, അത് വിഡിയോയില്‍ പകര്‍ത്തുകയും പിന്നീട് ഭീഷിണിപ്പെടുത്തുകയും ചെയ്യുന്നു എന്ന കേട്ടുകേള്‍വികള്‍ക്ക് ഒരു പഞ്ഞവുമില്ലങ്കിലും ഔദ്യോഗികമായി പരാതിയൊന്നും ഇതുവരെ ലഭിച്ചിട്ടില്ല.

ഈ സംഭവങ്ങള്‍ കെട്ടുകഥയോ യഥാര്‍ത്യമൊ ആവട്ടെ. അക്രമ പരമ്പരകളും നീചമായ കുറ്റകൃത്യങ്ങളും കറാച്ചിവാസികളെ തങ്ങളുടെ ചലനങ്ങളെ സൂഷ്മതയോടെ ശ്രദ്ധിക്കാന്‍ ഇടയാക്കി. നഗരത്തിന്റെ സമ്പന്ന മേഖലകളില്‍ ജീവിക്കുന്ന പലരും സ്വയം പ്രതിരോധ ക്ലാസ്സുകളില്‍ ചേര്‍ന്നു, പ്രത്യേകിച്ച് സ്ത്രീകള്‍. തിരഞ്ഞെടുപ്പ് അടുത്തു നില്‍ക്കുന്ന ഈ അവസരത്തില്‍ നഗരത്തിലെ ക്രമസമാധാനം ഇതിലും അപകടകരമായ നിലയിലേക്ക്, ബോംബു സ്‌ഫോടനങ്ങളും, ലക്ഷ്യംവെച്ചുള്ള കൊലകളും, തട്ടിക്കൊണ്ടു പോകലുകളും നീചമായ കുറ്റകൃത്യങ്ങളും പെരുകുക തന്നെ ചെയ്യുമെന്ന് ഭൂരിഭാഗം പേരും പേടിക്കുന്നുണ്ട്. കറാച്ചിയിലെ അക്രമങ്ങള്‍ വര്‍ദ്ധിച്ചപ്പോള്‍, മാര്‍ച്ച് 9-നു എക്‌സ്പ്രസ്സ് ട്രിബ്യുണ്‍ നടത്തിയ ഒരു വോട്ടെടുപ്പില്‍ പ്രതികരിച്ച 1,078 പേരില്‍ 69 ശതമാനം ആളുകളും കറാച്ചിയുടെ ക്രമസമാധാനനില പരിഗണിച്ചു തോക്കുകള്‍ വാങ്ങുവാന്‍ സന്നദ്ധരാണെന്നാണ് വെളിപ്പെടുത്തിയത്.

കറാച്ചിയുടെ സമാധാനന്തരീക്ഷം തകര്‍ന്നതോടെ ഇവിടുത്തെ നിക്ഷേപകാന്തരീക്ഷവും തകര്‍ന്നു. പല വ്യാപാരങ്ങളും വിദേശരാജ്യങ്ങളിലെക്ക് ചേക്കേറി. ഏകദേശം 5,000-ത്തോളം വ്യാപാരസ്ഥാപനങ്ങളും കച്ചവടകാരും പൂര്‍ണമായും അടച്ചു പൂട്ടി. രാജ്യത്തിന്റെ സാമ്പത്തിക വ്യാവസായിക കേന്ദ്രമായി കരുതുന്ന കറാച്ചിയില്‍ ഉണ്ടായ ഇത്തരത്തില്‍ ഒരു നീക്കം ഏറെ ദോഷം ചെയുന്നതാണ്. സ്‌റ്റേറ്റ് ബാങ്കിന്റെ കണക്കുപ്രകാരം, 2008-ല്‍ നേരിട്ടുളള വിദേശ നിക്ഷേപം (എഫ്ഡിഐ) 540 കോടി ഡോളര്‍ ആയിരുന്നു. പിപിപിയുടെ അഞ്ചു കൊല്ലത്തെ ഭരണം കൊണ്ട് പ്രത്യേകിച്ചു മാറ്റമൊന്നും സാമ്പത്തികാവസ്ഥയ്ക്ക് ഉണ്ടായില്ല. 2012 സാമ്പത്തിക വര്‍ഷം എഫ്ഡിഐ വെറും $820 മില്യണ്‍ ആയി കുറഞ്ഞു പോരാത്തതിനു പാകിസ്ഥാനി റുപിയില്‍ 63 ശതമാനം മൂല്യ ശോഷണവും സംഭവിച്ചു.

ജനങ്ങള്‍ അക്രമകാരികള്‍ക്കും കുറ്റവാളി സംഘങ്ങള്‍ക്കുമെതിരെ പട്ടാള നടപടികള്‍ ആവശ്യപ്പെട്ടിരുന്നു. പക്ഷെ സര്‍ക്കാര്‍ അതിനെ ശക്തമായി എതിര്‍ത്തു. തെരഞ്ഞെടുപ്പിന്റെ സാഹചര്യത്തില്‍ പിപിപി സര്‍ക്കാര്‍ പട്ടാളത്തിന്റെ സഹായം തേടാഞ്ഞത് സമാധാനനിയമ പരിപാലനത്തില്‍ തങ്ങളുടെ കഴിവ്‌ കേടു സമ്മതിച്ചു കൊടുക്കലാവും എന്നുള്ളത് കൊണ്ടാണെന്നാണ് ഒരുപാട് പേര്‍ കരുതുന്നത്. സൈനിക വൃത്തങ്ങള്‍ പറയുന്നത് അനുസരിച്ച് ചീഫ് ഓഫ് ആര്‍മി സ്റ്റാഫ് ജനറല്‍ കിയാനി കറാച്ചിയിലെ മോശമായികൊണ്ടിരിക്കുന്ന സാഹചര്യങ്ങളെ കുറിച്ചു ഇങ്ങനെ പ്രതികരിച്ചിരുന്നു എന്നാണ്. 'എത്രയും പെട്ടന്നു ഉചിതമായ നടപടി എടുത്തില്ലെങ്കില്‍ ഭയജനകവും അരക്ഷിതവുമയ അവസ്ഥയില്‍ നിന്നും കറാച്ചിയിലെ സ്ഥിതി പിടിച്ചാല്‍ കിട്ടാത്ത നിലയിലേക്ക് മാറും.'

കറാച്ചിയിലെ അക്രമങ്ങള്‍ ഒരു പ്രത്യേക കാരണത്തില്‍ നിന്നുണ്ടാവുന്നതല്ല. ഈ നഗരത്തെ ബാധിച്ച പ്രശ്‌നങ്ങളില്‍ പ്രധാനം ഇവിടുത്തെ അക്രമകാരികളും, വര്‍ഗ്ഗഗോത്ര മതഭേദ സ്പര്‍ദ്ധകളും, ഭൂമാഫിയകളും, ക്രിമിനല്‍ സംഘങ്ങളും സാദാ കുറ്റവാളികളുമെല്ലാം ഉള്‍പ്പെടും. പ്രധാനപെട്ട ഭരണ പരിഷ്‌കാരങ്ങളിലും കൃത്യമായ ചുമതലാ നിര്‍വഹണത്തിലുമുള്ള നേതൃത്വത്തിന്റെ വിമുഖത കറാച്ചിയിലെ ഭീതികരമായ അവസ്ഥ മോശമാക്കനേ സഹായിച്ചിട്ടുള്ളൂ. പരിമിതമായ പരിശീലനവും പ്രചോദനവും മാത്രമുള്ള പോലീസിനെ പോലുള്ള നിയമപാലക സംവിധാനങ്ങള്‍ ഇവിടെ പൂര്‍ണ പരാജയമാണ്. പോലീസിലാണെങ്കില്‍ ക്രിമിനലുകള്‍ എന്നു ആരോപിക്കപെടുന്നവരും, അനധികൃതമായി കടന്നു കൂടിയവരും എല്ലാം ചേര്‍ന്നുള്ള സംവിധാനമാണ് നിലവിലുള്ളത്. ഇന്റലിജന്‍സ് ഏജന്‍സികള്‍ തമ്മില്‍ ഏകോപനമില്ലാത്തതും മുന്‍കരുതല്‍ നടപടികള്‍ എടുക്കാനാവാത്തതുമൊക്കെ ക്രമസമാധാനം കൂടുതല്‍ തകരുന്നതിലേക്കാണ് കാര്യങ്ങള്‍ എത്തിച്ചിട്ടുള്ളത്.

മെയ് 11നു ശേഷം പുതുതായി ഭരണത്തില്‍ വരാന്‍ പോകുന്ന സര്‍ക്കാരിനും മോശമായി കൊണ്ടിരിക്കുന്ന കറാച്ചിയുടെ സുരക്ഷയെ ഭേദമാക്കാന്‍ കഴിയുമെന്നു പാകിസ്ഥാനികള്‍ കരുതുന്നില്ല. മിക്ക തീവ്രവാദി സംഘടനകള്‍ക്കും പാകിസ്ഥാനിലെ ഏറ്റവും വലിയ പ്രവശ്യയായ പഞ്ചാബില്‍ ശക്തമായ അടിത്തറയുണ്ട്. കറാച്ചിയില്‍ അക്രമങ്ങള്‍ അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അടുത്തു നടക്കുന്ന തിരഞ്ഞെടുപ്പ് എത്രത്തോളം സമാധാനപരവും, സുതാര്യവും സത്യസന്ധവും ആവുമെന്നത് സംശയത്തിന്റെ നിഴലിലാണ്. പ്രശ്‌ന പരിഹാരത്തിനുള്ള ഒരേ ഒരു പോംവഴി കുറച്ചു കാലത്തേക്ക് പട്ടാളത്തെ കൊണ്ടുവന്നു തിരഞ്ഞെടുപ്പ് വരെയെങ്കിലും സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കുക എന്നതാണ്. പക്ഷേ പട്ടാളത്തിന്റെ അധികാര മോഹത്തിന്റെ ചരിത്രം കാരണം അത്തരമൊരു സാധ്യത വിരളമാണ്. പാക്കിസ്ഥാനില്‍ കാലാവധി തികക്കുന്ന ആദ്യത്തെ ജനാധിപത്യ ഭരണകൂടം രാജ്യത്ത് ചരിത്രം സൃഷ്ടിച്ചു എന്നതില്‍ സംശയമൊന്നുമില്ല. പക്ഷേ മോശം ഭരണവും, തുടരെയുള്ള അക്രമങ്ങളും കുറ്റകൃത്യങ്ങളുമൊക്കെ സാധാരണ ജനങ്ങളെ സംബന്ധിച്ചു ജനാധിപത്യത്തില്‍ ഇത്തരം ഒരു നേട്ടത്തിനു നല്‍കേണ്ടിവന്ന വിലയെ കുറിച്ച് ചോദ്യങ്ങളുയര്‍ത്തുന്നു.

(അര്‍സ്ലാ ജാവൈദ് ഫോറിന്‍ പോളിസി മാസികയുടെ സൌത്ത് ഏഷ്യ അസി. എഡിറ്ററാണ്)Next Story

Related Stories