TopTop
Begin typing your search above and press return to search.

ഇളം മാംസം അഥവാ ശൈശവ വിവാഹം

ഇളം മാംസം അഥവാ ശൈശവ വിവാഹം

പ്രബുദ്ധ കേരളത്തിന്‌ കഴിഞ്ഞ ദിവസങ്ങളില്‍ ചര്‍ച്ച ചെയ്യാന്‍ കിട്ടിയ വിഷയമാണ് ശൈശവ വിവാഹം അഥവാ പതിനാറു വയസ്സുള്ള പെണ്‍കുട്ടികളുടെ ഉടമസ്ഥത നിശ്ചയിക്കല്‍.പരമോന്നത നീതീന്യായകോടതി ശൈശവ വിവാഹം എന്ന് വ്യാഖ്യാനിക്കുന്നത് പതിനെട്ടില്‍ താഴെയുള്ള പെണ്‍കുട്ടികളുടെയും ഇരുപത്തി ഒന്നില്‍ താഴെയുള്ള ആണ്‍കുട്ടികളുടെയും വിവാഹത്തെയാണ്. 2007ല്‍ നിലവില്‍ വന്ന ശൈശവ വിവാഹ നിരോധന നിയമത്തിന്‍റെ ആദ്യ വരി തന്നെ, ഇന്ത്യയിലെ എല്ലാ പൌരന്മാര്‍ക്കും ഒരുപോലെ ബാധകം ആണ് ഈ നിയമം എന്നാണു (കാശ്മീരിലെയും പോണ്ടിച്ചേരിയിലെയും ചില ഭാഗങ്ങളെ മാറ്റി നിര്‍ത്തിയിരിക്കുന്നത്‌ പ്രത്യേകം പറഞ്ഞിട്ടുണ്ട്.) അതല്ലാതെ ഒരു പ്രത്യേക മതത്തിനോ വിഭാഗത്തിനോ ഈ നിയമത്തില്‍ നിന്ന് ഇളവ്‌ ഇല്ല, എന്നിരിക്കെ ആണ് ഇങ്ങനെ ഒരു നിയമ വിരുദ്ധ സര്‍ക്കുലര്‍ ഒരു ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥന്‍ ഇറക്കുന്നത്. 1929ല്‍ നിലവില്‍ വന്ന നിയമത്തിന് ഉണ്ടായിരുന്ന പഴുതുകള്‍ അടച്ചുകൊണ്ടു തന്നെയാണ് ഈ പുതിയ ശൈശവ വിവാഹ നിരോധന നിയമം കൊണ്ട് വന്നത്. പതിനഞ്ചും പതിനെട്ടും എന്ന പ്രായപരിധി നിശ്ചയിച്ച 1929-ലെ നിയമം റദ്ദാക്കുകയും ചെയ്തിരുന്നു. പതിനെട്ട് വയസ്സില്‍ താഴെയുള്ളവരുമായി ലൈംഗീകബന്ധം പുലര്‍ത്തുന്നത് നിയമപരമായി ക്രിമിനല്‍ കുറ്റമായിട്ടു കണക്കാക്കുന്ന നിയമവും അടുത്തിടെ പാസ്സാക്കിയിരുന്നു. പതിനാറില്‍ വിവാഹം നിയമപരമാക്കിയ ഈ സര്‍ക്കുലറില്‍, അപ്പോള്‍ വരനെതിരെ ബലാത്സംഗ കുറ്റത്തിന് കേസെടുക്കും എന്ന് കൂടെ എഴുതി ചേര്‍ക്കേണ്ടി വന്നേനെ! കീറിമുറിച്ചു നോക്കിയാല്‍ ഇതിലെ നിയമവിരുദ്ധത പലമടങ്ങാണ്.

Sumeena Age 15 Nepal- www.tooyoungtowed.org

ശൈശവ വിവാഹമെന്ന സ്ത്രീ വിരുദ്ധത

“പതിനെട്ട് വയസ്സിനു താഴെ പ്രായമുള്ള പെണ്‍കുട്ടികളെ വിവാഹം കഴിപ്പിച്ചയക്കാന്‍ പാടില്ല. നിയമപരമായും മനുഷ്യത്വപരമായും അത് തെറ്റാണ്”.

ശൈശവ വിവാഹം ഒട്ടുമിക്ക പുരാതന സമൂഹങ്ങളിലും നിലനിന്നിരുന്നു എന്ന് ചരിത്രം പറയുന്നു. അന്നതിനുള്ള കാരണങ്ങള്‍ തന്നെയാണ് ഇന്നും ഗോപ്യമായുള്ളത് എങ്കിലും പെണ്‍കുട്ടികളെ പറ്റി സമൂഹത്തിന് ഉള്ള കാഴ്ച്ചപ്പാടാണ് ഇതില്‍ ഏറ്റവും പ്രധാനം. unicef നിരീക്ഷിക്കുന്നത് ഇന്ത്യന്‍ സമൂഹത്തില്‍ പെണ്‍കുട്ടികളെ ഒരു ബാധ്യത ആയാണ് കാണുന്നത് എന്നാണ്. വളരെ വാസ്തവവുമാണത്. നമ്മുടെ സമൂഹം വളരെ ചെറുപ്പത്തിലേ പെണ്‍കുട്ടികള്‍ മറ്റാരുടെയോ ഉടമസ്ഥതയില്‍ ഉള്ള, എന്നാല്‍ കുറച്ച കാലത്തേക്ക് സൂക്ഷിക്കാന്‍ തന്ന എന്തോ ഒരു വസ്തുവിനെ പോലെയാണ് കണക്കാക്കുന്നത്. അപ്പോള്‍ ഒരൊറ്റ ലക്‌ഷ്യം മാത്രം ആണ് മുന്നില്‍, എങ്ങനേയും അവളെ ഭര്‍ത്താവിന് കൊടുക്കുക. അവിടെ പെണ്ണിന്‍റെ വിദ്യാഭ്യാസം, സ്വയം പര്യാപ്തത, ആരോഗ്യം, മാനസിക വളര്‍ച്ച എന്നിവ തമസ്കരിക്കപ്പെടുന്നു.പ്രായം കുറയും തോറും സ്ത്രീധനം (മറ്റൊരു ക്രിമിനല്‍ കുറ്റം)കുറയും എന്നത് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളെ ചൂഷണം ചെയ്യാനുള്ള ഒരു മാര്‍ഗ്ഗമായും ഉപയോഗിച്ച് വരുന്നു. പണം അങ്ങോട്ട്‌ കൊടുത്തും പിഞ്ചു കുഞ്ഞുങ്ങളെ വാങ്ങിക്കൊണ്ട് പോയി ലൈംഗീക ചൂഷണങ്ങള്‍ നടത്തുന്നത് അന്താരാഷ്ട്ര തലത്തില്‍ തന്നെ വന്‍ മാഫിയകള്‍ ഉള്‍പ്പെടുന്ന ബിസിനസ്സ് ആണ്. അത്തരം കുറ്റവാളികള്‍ക്ക് മനുഷ്യക്കടത്തിനുള്ള വാതില്‍ തുറന്നു കൊടുക്കലാവും ശൈശവ വിവാഹം നിയമപരമാക്കുന്നത്.

ശൈശവ വിവാഹം സ്ത്രീയുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നത് കൃത്യമായും പുരുഷാധിപത്യ സമൂഹമാണ്. അവരുടെ ഗൂഡലക്ഷ്യങ്ങള്‍ നടപ്പിലാക്കാന്‍ ബുദ്ധിയും ചിന്തയും ഉറയ്ക്കുന്നതിനു മുന്‍പുള്ള കുട്ടികളെ അവരുപയോഗിക്കുന്നു.(പതിനാറ് എന്നുള്ളത് ആധുനിക ചിന്തയാണ്, ഇതിന്‍റെ ഉറവിടം പത്തിലും എട്ടിലും ഒക്കെ ആയിരുന്നു എന്ന് നമ്മള്‍ ഓര്‍ക്കണം. ഇന്നും നേപ്പാള്‍,അഫ്ഗാന്‍,യെമെന്‍ തുടങ്ങിയ രാജ്യങ്ങളില്‍ പെണ്‍കുട്ടികളുടെ വിവാഹം നടക്കുന്നത് ഒമ്പതും പത്തും വയസ്സുകളില്‍ ഒക്കെയാണ്.)

പുരാതനസമൂഹങ്ങളില്‍, മതവും ദൈവങ്ങളും അധികാരം കൈയ്യാളാന്‍ തുടങ്ങിയതും മൂലധനം സമ്പാദിച്ചു വെയ്ക്കേണ്ട ആവശ്യം ഉടലെടുക്കുകയും ചെയ്യുന്നിടത്താണ് പുരുഷാധിപത്യം വിവാഹം എന്ന സമ്പ്രദായത്തെ സ്ത്രീയെ കൈയ്യടക്കി വെക്കാനുള്ള ഒരു ഉപാധിയായി ഉപയോഗിച്ച് തുടങ്ങുന്നത്. കന്യകാത്വമായി ബന്ധപ്പെടുത്തിയും കൂടെ ആണ് ശൈശവ വിവാഹങ്ങള്‍ ഇത്രയും പ്രചാരത്തില്‍ വന്നത്. ഞാന്‍ സമ്പാദിച്ച മൂലധനം എന്റെ തന്നെ പിന്‍ തലമുറയ്ക്ക് പോകണം എന്ന് ഉറപ്പ് വരുത്തുക, എന്റെ ഭാര്യയുമായി ബന്ധപ്പെടുന്നത് ഞാന്‍ മാത്രമാണ് എന്ന് ഉറപ്പ് വരുത്തുക മുതലായ ചിന്താഗതികളുടെ പിന്‍ബലം ശൈശവ വിവാഹത്തിന് ആക്കം കൂട്ടിയിരിക്കണം. മറ്റൊരു പുരുഷനുമായി ബന്ധപ്പെടാത്ത സ്ത്രീ എന്നത് പുരുഷന്റെ ആവശ്യമായിരുന്നു, പുരുഷന്റെ മാത്രം. എന്നാല്‍ അത് സ്ത്രീയുടെ ചാരിത്ര ശുദ്ധിയായി ചിത്രീകരിച്ച് അത് സ്ത്രീകളുടെ ആവശ്യമാണ്‌ എന്ന് അവരുടെ ബോധത്തില്‍ അടിചെല്പ്പിച്ചത് പുരുഷകേന്ദ്രീകൃത സംവിധാനങ്ങള്‍ ആണ്. അവിടേയും ശൈശവ വിവാഹത്തിന്‍റെ ആവശ്യക്കാരന്‍ പുരുഷനാണ് എന്ന് കാണാം. ഇതില്‍ സ്ത്രീയ്ക്ക് യാതൊരു മെച്ചവുമില്ല എന്നാല്‍ ദോഷങ്ങള്‍ ഉണ്ട് താനും.

മതങ്ങള്‍ക്ക്‌ ശൈശവ വിവാഹം കൊണ്ട് രണ്ടാണ് ഗുണം. ഒന്ന് അടിസ്ഥാനപരമായി എല്ലാ മതങ്ങളും ആള്‍ബലം കൂട്ടാന്‍ ആവശ്യപ്പെടുന്നുണ്ട്, അത് നടപ്പിലാക്കാന്‍ ഏറ്റവും എളുപ്പം പ്രസവിക്കാന്‍ പ്രാപതയാകുന്ന സ്ത്രീയ ഒട്ടും വൈകിക്കാതെ ഒരു പ്രസവ യന്ത്രം ആക്കി മാറ്റുക എന്നതാണ്. (എത്ര ചെറുപ്പത്തിലേ പെറുന്നോ അത്രയും എണ്ണം പെറാമല്ലോ). രണ്ട് ചെറു പ്രായത്തില്‍ തന്നെ അവരെ സ്വജാതി-മത ബന്ധങ്ങളില്‍ തന്നെ കെട്ടിയിടാന്‍ ഉള്ള എളുപ്പ വഴിയാണ്. സ്വന്തമായി ചിന്തിക്കാനും പ്രവര്‍ത്തിക്കാനും ഉള്ള പ്രാപ്തി ആയിക്കഴിഞ്ഞാല്‍ അവര്‍ അന്യ ജാതി മതസ്ഥരുമായി ചേരാന്‍ തീരുമാനിച്ചാലോ? പുരുഷാധിപത്യ മുഖമുദ്ര ഇല്ലാത്ത ഒരു മതവും ഇല്ലാത്തത് കൊണ്ട് എല്ലാ മത യാഥാസ്ഥിതികരും ശൈശവ വിവാഹത്തെ പിന്താങ്ങും. ആര്‍ത്തവം തുടങ്ങിയ സ്ത്രീയെ, അതായത് പ്രസവിക്കാന്‍ തയ്യാറായ സ്ത്രീയെ പിന്നെ വീട്ടിലിരുത്തി സമയം കളയിക്കുന്നത് എന്തിന്! ആണ്കൊയ്മ ഇവിടെ സ്ത്രീയെ അവളുടെ ശരീരത്തില്‍ ഉള്ള ഒരേയൊരു അവയവത്തെ വെച്ച് മാത്രം അളക്കുന്നു. അവള്‍ വെറും അമ്മയാവുക എന്ന പ്രക്രിയയില്‍ മാത്രം ഒതുങ്ങുന്നു, ഒരു ശാസ്ത്രജ്ഞ ആകാനോ, പാട്ടുകാരി ആകാനോ, ചിത്രകാരി ആകാനോ, പൈലറ്റ് ആകാനോ ഒന്നും ഉതകുന്ന എന്തെങ്കിലും അവളുടെ ശരീരത്തില്‍ ഉണ്ടെന്ന് അവര്‍ ചിന്തിക്കുന്നത് തന്നെ ഇല്ല. വിവരസാങ്കേതിക വിദ്യയുടെ ഈ യുഗത്തിലും സ്ത്രീയെ ഗര്‍ഭപാത്രം തൂക്കി അളക്കുന്നത് അതിഭയങ്കര ക്രൂരതയാണ്. സമൂഹത്തെ നിയമിക്കാന്‍ സ്ത്രീയ്ക്കും പുരുഷനോടൊപ്പം തന്നെ തുല്യ സ്ഥാനം ആണുള്ളത്. അത് നിഷേധിക്കാന്‍ പാടുള്ളതല്ല, ഒരിക്കലും ഒരു പുരുഷനും അതിനൊരു അവകാശവുമില്ല.

പ്രായത്തില്‍ മൂത്തവരോട് ഇടപെടുമ്പോള്‍ പ്രായത്തില്‍ ചെറിയവര്‍ നിര്‍ബന്ധമായും പാലിക്കേണ്ട ഒന്നാണ് ബഹുമാനം എന്ന് എല്ലാ സമൂഹങ്ങളും പഠിപ്പിക്കുന്നുണ്ട്. സ്ത്രീ പുരുഷ വിവാഹ പ്രായത്തിലെ ഇളപ്പ ചെറുപ്പം നമ്മുക്കിത്‌ വ്യക്തമാക്കി തരുന്നു. അതുകൊണ്ടാണ് പ്രായക്കുറവുള്ള സ്ത്രീകളെ മാത്രം നോക്കി സ്വന്തമാക്കുന്നത് പുരുഷന്മാര്‍.,. അടങ്ങി ഒതുങ്ങി തന്നെ അനുസരിച്ച് തന്നെ ബഹുമാനിച്ചു തന്‍റെ ചൊല്‍പ്പടിക്ക് നിക്കുന്ന പെണ്ണിനെ ആണ് അവര്‍ നോട്ടമിടുന്നത്. ഇതില്‍ സാമ്പ്രദായിക വിവാഹ പരിധി മാത്രമല്ല ഉള്ളത്. അബോധാവസ്ഥയില്‍ ഉറച്ചു പോയ ഒരു പുരുഷകേന്ദ്രീകൃത ചിന്താഗതിയാണിത്. പുതിയ തലമുറയില്‍ പെട്ട പുരോഗമന ജീവിത രീതികള്‍ സ്വന്തമാക്കിയവര്‍ പോലും ജീവിത പങ്കാളിയെ അല്ലെങ്കില്‍ പ്രണയിക്കാന്‍ ഒരാളെ തിരഞ്ഞെടുക്കുമ്പോള്‍ ഈ പ്രായ വ്യത്യാസം അവരറിയാതെ അതില്‍ കടന്നു കൂടുന്നു. പ്രായം കുറഞ്ഞ പെണ്ണിനെ തന്നെ അവരും തിരഞ്ഞെടുക്കുന്നു.. വിധേയത്വം സ്ത്രീയില്‍ നിന്ന് ഏതൊരു പുരുഷനും ആഗ്രഹിക്കുന്നു അറിഞ്ഞോ അറിയാതെയോ. അതിന്‍റെ പ്രകട ഭാവമാണ് ശൈശവ വിവാഹങ്ങള്‍ ,. കൊച്ചു കുട്ടികളെ ആണല്ലോ അനുസരിപ്പിക്കാന്‍ എളുപ്പം. എത്യോപ്പ്യയിലെ ഒരു സ്ത്രീയുടെ അനുഭവം കേള്‍ക്കൂ,

"I was given to my husband when i was little and I dont even remember when I was given, because I was so little. It's my my husband who brought me up".(Kanas,18 At Interview, Ethiopia-www.tooyoungtowed.org)

തന്നെ വളര്‍ത്തിയത്‌ തന്‍റെ ഭര്‍ത്താവാണ് എന്നാണു അവര്‍ പറയുന്നത്, അതിനര്‍ത്ഥം അത്രയും ചെറുപ്പത്തില്‍ തന്നെ അവരെ അനുസരയുള്ള അടിമയാക്കാന്‍ പറഞ്ഞു വിട്ടിരുന്നു. സ്ത്രീകള്‍ എന്നും പുരുഷന് അനുസരിക്കപ്പെട്ടു കഴിയാനുള്ള മാര്‍ഗ്ഗം പുരുഷകേന്ദ്രീകൃത സമൂഹം ശൈശവ വിവാഹത്തിലൂടെ നിഗൂഢമായി നടപ്പിലാക്കി വന്നിരിക്കുന്നു. തിരിച്ചൊരു വാദം വെയ്ക്കാന്‍ തന്നെ പഴുതില്ല. കാരണം ഒരു സമൂഹത്തിലും ചെറിയ ആണ്‍ കുട്ടികളെ വലിയ സ്ത്രീകള്‍ക്ക്‌ വിവാഹം കഴിച്ചു കൊടുക്കുന്ന രീതിയില്ല. ഒരു സമൂഹത്തിലും ഒരു സ്ത്രീയും പ്രായത്തില്‍ കുറഞ്ഞ ആണിനെ തന്‍റെ പങ്കാളി ആയി ആദ്യ തിരഞ്ഞെടുപ്പ് നടത്തുന്നില്ല, പ്രത്യേക സാഹചര്യങ്ങളില്‍ അല്ലാതെ. എത്രെ പുരോഗമനം പറഞ്ഞാലും ഒരു ആണും തന്നിലും പ്രായത്തില്‍ കൂടുതലുള്ള പെണ്ണിനെ പ്രണയിച്ചു വിവാഹം കഴിക്കാന്‍ ശീലിച്ചിട്ടില്ല. അതിനു മാതൃകകള്‍ വളരെ കുറവാണ് താനും.


Suritha Age 16, Bishal Age 15 Nepal - www.tooyoungtowed.org

വിവാഹം കഴിക്കുന്നത് ലൈംഗീക ബന്ധത്തിന് വേണ്ടിയാണ് എന്ന് തോന്നിപ്പോകും വിധമാണ് ചില വാദങ്ങള്‍, ശൈശവ വിവാഹത്തെ ന്യായീകരിക്കാന്‍ ഉപയോഗിക്കുന്നത്. ലൈംഗീക ബന്ധത്തിനുള്ള പ്രായപരിധി നിശ്ചയിക്കാന്‍ ബില്ല് പാസ്സാക്കുന്ന സമയത്ത് അത് പതിനാറ് വേണം എന്നൊരു പക്ഷം ഉണ്ടായിരുന്നു. അതിന്‍റെ ചുവടു പിടിച്ചാണ് ചിലര്‍ പറയുന്നത് പതിനാറില്‍ ലൈംഗീക ബന്ധം നടത്താം എങ്കില്‍ പിന്നെ വിവാഹം കഴിപ്പിക്കുന്നതിനു എന്താണ് തെറ്റ്എന്ന് !!! പതിനെട്ട് വയസ്സ് തികഞ്ഞതിന് ശേഷം മാത്രമേ ഉഭയകക്ഷി സമ്മതത്തോടു കൂടെ ലൈംഗീക ബന്ധം പുലര്‍ത്താന്‍ കഴിയൂ എന്ന നിയമം വന്നത് മാറ്റി വെച്ചുകൊണ്ടാണ് ഇത്തരക്കാര്‍ ഈ വാദം ശക്തമാക്കുന്നത്. ഇനി പതിനാറ് വയസ്സില്‍ ലൈംഗീക ബന്ധം പുലര്‍ത്താം എന്ന നിയമം ഉണ്ടായിരുന്ന കാലത്ത് തന്നെ, ലൈംഗീക ബന്ധത്തിന്‍റെ സദാചാര വശങ്ങള്‍ എല്ലാം മാറ്റി വെച്ചാല്‍, അത് ഒരു പെണ്‍കുട്ടിയുടെ യാതൊരു മാനുഷിക അവകാശങ്ങളും ലംഘിക്കുന്നില്ല. അവള്‍ അതിനു മുന്‍പും പിന്‍പും സ്വതന്ത്രയാണ്. അവള്‍ക്കു പഠിക്കാനും വളരാനും സ്വയം പക്വത കൈവരിക്കാനും ജോലി നേടാനും സാമ്പത്തികമായി നിലനില്‍പ്പ്‌ ഉണ്ടാക്കാനും രാഷ്ട്രീയ തീരുമാനങ്ങള്‍ കൈക്കൊള്ളാനും കഴിയും. അവള്‍ ഒരിക്കലും ഒന്നിലും ബന്ധിക്കപ്പെടുന്നില്ല. വിവാഹം കഴിച്ചാല്‍, പതിനാറില്‍, അവളുടെ വിദ്യാഭ്യാസം മുടങ്ങാനുള്ള സകല സാധ്യതകളും ഉണ്ട്. വീണ്ടും പഠിപ്പിച്ചു എന്നിരുന്നാല്‍ തന്ന ഗര്‍ഭധാരണത്തോടെ അതും നില്‍ക്കും. അവള്‍ക്കു മുന്നോട്ടു ജീവിതം സ്വയംപര്യാപ്തമാക്കാനുള്ള എല്ലാ വഴികളും അടഞ്ഞു പോവുകയാണ്. ഗാര്‍ഹിക പീഡനം ഏറ്റവും കൂടുതല്‍ ഇന്ത്യയില്‍ ആണെന്നു കണക്കുകള്‍.,. ഇന്ത്യയില്‍ പകുതിയില്‍ കൂടുതല്‍ സ്ത്രീകള്‍ ശൈശവ വിവാഹത്തില്‍ പെട്ട് പോകുന്നു എന്നും കണക്കുകള്‍,. നിങ്ങള്‍ കൂട്ടിവായിക്കുക, ഈ കുട്ടികള്‍ ശാരീരികമായും (സെക്സ് മാത്രമല്ല ശാരീരക പീഡനം) മാനസികമായും പീഡിപ്പിക്കപ്പെടുകയാണ് ചെയ്യുന്നത് എന്നത് ഉറപ്പാണ്. ഒരിക്കലും ഒരുമിച്ചു ജീവിച്ചിട്ടില്ലാത്ത ഒരാളുമായി ആജീവനാന്തം കഴിയാനുള്ള മാനസിക തയ്യാറെടുപ്പ്‌ ഒരു പതിനാറ് വയസ്സുകാരി എന്ത് അടിസ്ഥാനത്തില്‍ ആണ് എടുക്കുക!

സ്ത്രീ പുരുഷന് ആസ്വദിക്കാന്‍ ഉള്ള ഉപകരണം ആണെന്ന പ്രതിധ്വനി ഈ വാദത്തിനുണ്ട്. അവള്‍ക്കു പതിനാറില്‍ ലൈംഗീക ബന്ധം ആവാമെങ്കില്‍ എനിക്കവളെ പതിനാറില്‍ എന്തുകൊണ്ട് പ്രാപിച്ചു കൂടാ എന്ന ചോദ്യം. ആസ്വാദ്യതയുടെ ഘടകവും ശൈശവ വിവാഹം നിലവില്‍ വന്നതിന് കാരണമാണ് എന്ന് കരുതേണ്ടിയിരിക്കുന്നു, പ്രത്യേകിച്ചും പടുകിഴവന്മാര്‍ ഇതിനു ധിറുതി വെയ്ക്കുന്നത് കാണുമ്പോള്‍,. മനുഷ്യ ലൈംഗീകതയുടെ വിഷയമാണ് എന്ന് പറയാന്‍ പറ്റില്ല, കാരണം അറുപതു വയസ്സുള്ള സ്ത്രീ ഒരിക്കലും ഒരു പതിനെട്ടുകാരനെ വിവാഹം കഴിച്ച് കൂടെ പോറ്റാനോ ബന്ധപ്പെടാനോ സമൂഹം സാധാരണഗതിയില്‍ അനുവദിക്കുന്നില്ല, നഖശിഖാന്തം എതിര്‍ക്കുന്നും ഉണ്ട്.


Rajani Age -5 India - www.tooyoungtowed.org

പതിനാറില്‍ നിന്ന് പതിനെട്ടില്‍ എത്തിയാല്‍ രണ്ട് വര്ഷം കൊണ്ട് എന്താണ് മെച്ചം എന്നതാണ് അടുത്ത വാദം. (ലൈംഗീക ചൂഷണം നടത്താന്‍ റാകിപ്പറക്കുന്ന കഴുകന് പതിനാറും പതിനെട്ടും തമ്മില്‍ പതിനായിരങ്ങളുടെ വ്യത്യാസം ഉണ്ടാകും എന്ന് ബുദ്ധിജീവികള്‍ക്ക് പറഞ്ഞു കൊടുക്കേണ്ടി ഇരിക്കുന്നു!! ) സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാം, ശരീരത്തിന് രണ്ട് വര്‍ഷത്തെ വളര്‍ച്ച കൂടുതല്‍ ഉണ്ടാകും, മനസ്സിനും. ഒരു തൊഴില്‍, ഔദ്യോഗിക ജീവിതം എന്നിവ മുന്നോട്ട് സ്വപനം കാണാനുള്ള ധൈര്യം കിട്ടിയേക്കാം, സാമ്പത്തികം ഉണ്ടെങ്കില്‍ തുടര്‍ന്ന് പഠിക്കാനും സ്വയം പര്യാപതയാകാനും ഉള്ള തീരുമാനം എടുക്കാന്‍ അവള്‍ക്കു കഴിഞ്ഞേക്കാം. അതിന്‍റെ സാധ്യതയെ തള്ളിക്കളയുന്നത് എന്തിന്! +2 പഠനം പൂര്‍ത്തിയാക്കിയാല്‍ ഒരു ലോണ്‍ എടുത്തായാലും പഠിക്കണം എന്ന നിശ്ചയദാര്‍ഢ്യത്തോടെ മുന്നോട്ട് പോകാന്‍ അവള്‍ക്കു കഴിഞ്ഞെങ്കിലോ! സ്വന്തം കാലില്‍ നിന്നിട്ട് മതി ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുന്നത് എന്ന് അവള്‍ക്കു തീരുമാനിക്കാന്‍ കഴിഞ്ഞെങ്കിലോ? അതിന്‍റെ സാധ്യതകള്‍ ഇല്ലാതാക്കാന്‍ അവളെ നിര്‍ബന്ധപൂര്‍വ്വം കൂട്ടിലടയ്ക്കാന്‍ എനിക്കോ നിങ്ങള്‍ക്കോ അവകാശമില്ല. സ്കൂളില്‍ അയക്കാന്‍ കഴിയില്ല എങ്കിലും(ജനാധിപത്യ ഭരണകൂടത്തിന് എല്ലാവര്ക്കും നിര്‍ബന്ധിത അടിസ്ഥാന വിദ്യാഭ്യാസം എന്നത് നടപ്പിലാക്കാന്‍ കഴിയുന്നില്ലേ എന്നൊന്നും ഇവിടെ ചോദിക്കരുത്, വിഷയം അതല്ലല്ലോ), മറ്റെന്തെങ്കിലും തൊഴില്‍ സാധ്യതകള്‍ കണ്ടെത്താനുള്ള ശ്രമം നടത്തുകയെങ്കിലും ആവാമല്ലോ!

ശൈശവ വിവാഹം ചര്‍ച്ചകളില്‍ നിറഞ്ഞപ്പോള്‍ പലരും വിദേശ രാജ്യങ്ങളുടെ നീണ്ട നിരയുമായി വന്നിരുന്നു. പല യൂറോപ്പ്യന്‍ അമേരിക്കന്‍ സ്ഥലങ്ങളിലും പ്രായം പതിനാറോ പതിനാലോ ഒക്കെയാണല്ലോ എന്ന് കാണിച്ചുകൊണ്ട്. അവിടെ ചില കാര്യങ്ങള്‍ വ്യക്തമാക്കാന്‍ ഉണ്ട് പുരോഗമന രാഷ്ട്രങ്ങളില്‍ പെണ്‍കുട്ടികള്‍ക്ക്‌ സ്വന്തമായി ജീവിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്, ഒരു സിംഗിള്‍ മദര്‍ ആയിരിക്കാനും അവര്‍ക്ക്‌ കഴിയും. അവര്‍ അച്ഛനമ്മമാരുടെ സ്വത്തിലോ സമ്പത്തിലോ ആല്ല ജീവിക്കുന്നത്, മറിച്ച് എന്തെങ്കിലും പണി ചെയ്തു അവര്‍ സ്വന്തം കാലില്‍ നില്‍ക്കാന്‍ നിര്‍ബന്ധിതര്‍ ആകുന്നുണ്ട്. അത്രയും ബാധ്യതകള്‍ ഉള്ള ഇടത്ത് അവരില്‍ ഭൂരിഭാഗവും പതിനാറില്‍ കെട്ടി ഇരുപതില്‍ നാല് പെറ്റ് അഞ്ചാമത്തെതിനെ പേറി നടക്കുന്ന ഗതികേട്‌ കാണുന്നുണ്ടോ?? എത്രെ യൂറോപ്പ്യന്‍ അമേരിക്കന്‍ സിറ്റികളില്‍ നാം ഇത് കാണുന്നുണ്ട്??? മതത്തിന്‍റെ സ്വാധീനമുള്ള സമൂഹങ്ങള്‍ ആണെങ്കില്‍ കൂടെയും അവരുടെ സ്വാതന്ത്ര്യത്തിന്‍റെ തോത് ഏഷ്യന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഉള്ള സ്ത്രീകളെ അപേക്ഷിച്ചു വളരെ കൂടുതല്‍ ആണ്. പിന്നെ ലിസ്റ്റില്‍ ഉള്ള യെമെന്‍, അഫ്ഗാനിസ്ഥാന്‍ ഇറാക്ക് ഇറാന്‍ തുടങ്ങിയ സെമിറ്റിക് മതങ്ങള്‍ നിയമമായി ഉള്ളയിടത്ത് പുരുഷാധിപത്യത്തിന്‍റെ തേര്‍വാഴ്ച അല്ലെങ്കില്‍ പിന്നെന്താണ് കാണുക!

പിന്നെ ലോകത്തില്‍ എല്ലായിടത്തും അല്ലെങ്കില്‍ ഭൂരിഭാഗം സമൂഹങ്ങളിലും പ്രാവര്‍ത്തികമാക്കുന്ന ഒരു കാര്യം യുക്തിയുക്തം ആയിരിക്കണം എന്ന് നിര്‍ബന്ധം ഒന്നുമില്ലല്ലോ!! “The fact that an opinion has been widely held is no evidence whatever that it is not utterly absurd; indeed in view of the silliness of the majority of mankind, a widely spread belief is more likely to be foolish than sensible: Bertrand Russell”


gulam Age-11, Faiz Age -40 Afganistan - www.tooyoungtowed.org

ശൈശവ വിവാഹം രാഷ്ട്രത്തിന് വന്‍ സാമ്പത്തിക നഷ്ടമാണ് വരുത്തുന്നത്. ഇത്തരത്തില്‍ സമൂഹത്തിലേക്ക് നിര്‍മ്മാണാത്മകമായി പ്രവര്‍ത്തിക്കാത്ത സ്ത്രീകള്‍ ഒരു ബാധ്യതയും പുരോഗമനത്തിന് തടസ്സവും തന്നെയാണ്. ഇവര്‍ക്ക്‌ ഉണ്ടാകുന്ന കുട്ടികളെ ശരിയായ രീതിയില്‍ പരിപാലിക്കാന്‍ കഴിയാതെ വരുക. അമ്മയുടേയും കുഞ്ഞിന്‍റെയും ആരോഗ്യവും ജീവനും അപകടത്തില്‍ ആവുക എന്ന റിസ്ക്‌കളും ഇതിലുണ്ട്. ശൈശവ വിവാഹം ശിശു മരണ നിരക്ക് കൂടാനുള്ള ഒരു കാരണമാണ് എന്ന് യൂഎന്‍ നിരീക്ഷിക്കുന്നു.


www.tooyoungtowe.org

ഇങ്ങനെ മതങ്ങള്‍ക്ക്‌ ആള്‍ബലം കൂട്ടാനുള്ള പ്രസവ യന്ത്രങ്ങള്‍ ആക്കാനുള്ളതാണോ സമൂഹത്തിലെ സ്ത്രീകള്‍ ? പുരുഷനമാരെ അനുസരിച്ച് കഴിയേണ്ട വെറും അടിമകള്‍ ആണോ സ്ത്രീകള്‍ ? എന്നും മറ്റൊരാളുടെ അധ്വാനത്തിന്റെ ഫലം കാത്തിരിക്കേണ്ട അഗതികള്‍ ആണോ സ്ത്രീകള്‍ ? സ്വന്തമായ നിലനില്‍പ്പ്‌, സ്വന്തമായ തീരുമാനം, തിരഞ്ഞെടുപ്പ്, എന്നൊന്നില്ലേ സ്ത്രീകള്‍ക്ക്??

സ്ത്രീ സംരക്ഷണം എന്ന മുഖംമൂടി ഇട്ടു ശൈശവ വിവാഹങ്ങള്‍ യാതൊരു തരത്തിലും നിലനിര്‍ത്താന്‍ പാടുള്ളതല്ല. സ്ത്രീയുടെ വ്യക്തി സ്വാതന്ത്ര്യം അടിച്ചമര്‍ത്തുന്ന രീതിയിലെ സദാചാര നിയമങ്ങള്‍ പുരുഷാധിപത്യത്തിന്റെ മുഖമുദ്രയാണ്. അത്, നവോത്ഥാനത്തിന്‍റെ ഈ യുഗത്തില്‍, ഇല്ലാതാക്കുക തന്നെ ചെയ്യണം.

“..പഴയ സദാചാരം പുനസ്ഥാപിതമാകണമെങ്കില്‍ ചില കാര്യങ്ങള്‍ അനുപേക്ഷണീയമാണ് . ഇപ്പോള്‍ തന്നെ അവയില്‍ ചിലത് നിര്‍വഹിക്കപ്പെട്ടിരുന്നുവെങ്കിലും ഇവ കൊണ്ട് മാത്രം ഫല പ്രാപ്തിയുണ്ടാക്കുകയില്ല എന്ന്‍ അനുഭവം കാണിക്കുന്നു. ആദ്യത്തെ ആവശ്യമായ കാര്യം പെണ്‍കുട്ടികളെ വിഡ്ഢികളും അന്ധവിശ്വാസികളും അജ്ഞരുമാക്കിത്തീര്‍ക്കത്തക്ക വിധത്തിലുള്ളതായിരിക്കണം അവരുടെ വിദ്യാഭ്യാസം എന്നതാണ്. പള്ളികളുടെ നിയന്ത്രണത്തിലുള്ള സ്കൂളില്‍ ഈ വ്യവസ്ഥ ഇപ്പോള്‍ തന്നെ നിറവേറ്റിയിട്ടുണ്ട്. ലൈംഗികവിഷയങ്ങളെപ്പറ്റി വിവരം നല്‍കുന്ന എല്ലാ പുസ്തകങ്ങളുടെ മേലും കര്‍ക്കശമായ നിയന്ത്രണം ഏര്‍പ്പെടുത്തണം എന്നതാണ് അടുത്തപടി. ഈ വ്യവസ്ഥയും ഇംഗ്ലണ്ടിലും അമേരിക്കയിലും സഫലമായി വരികയാണ് . കാരണം നിയമത്തില്‍ മാറ്റമൊന്നും വരുത്താതെ തന്നെ വര്‍ദമാനമായ ജാഗ്രതയോടെ പൊലീസ് സെന്‍സര്‍ഷിപ്പ് കര്‍ക്കശമാക്കി കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഈ വ്യവസ്ഥകള്‍ ഇപ്പോള്‍ തന്നെ നിലനില്‍ക്കുന്നത് കാരണം അവ തികച്ചും അപര്യാപ്തമാണ് . പുരുഷന്മാരുമായി തനിച്ചിരിക്കാനുള്ള എല്ലാ അവസരങ്ങളും യുവതികളില്‍ നിന്ന്‍ നീക്കം ചെയ്യുക മാത്രമാണ് ഒരേയൊരു പോംവഴി . വീടിനു പുറത്ത് ജോലി ചെയ്ത് ജീവിതമാര്‍ഗം തേടുന്നതില്‍ നിന്ന്‍ യുവതികളെ വിലക്കണം . അമ്മയോ അല്ലെങ്കില്‍ അമ്മായിയോ കൂടെയില്ലാതെ അവരെ ഒരിക്കലും പുറത്ത് പോകാന്‍ അനുവദിക്കരുത് . ഒരു തോഴിയെക്കൂടാതെ നൃത്തങ്ങള്‍ക്ക് പോകുന്ന ഖേദകരമായ നടപടി തികച്ചും തുടച്ച് നീക്കപ്പെടനം. 50 വയസ്സില്‍ താഴെയുള്ള അവിവാഹിതയായ ഒരു സ്ത്രീ മോട്ടോര്‍ കാര്‍ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാക്കണം . മാസത്തില്‍ ഒരിക്കല്‍ എല്ലാ അവിവാഹിതകളായ സ്ത്രീകളെയും പൊലീസ് ഡോക്ടറെക്കൊണ്ട് വൈദ്യ പരിശോധന നടത്തിക്കുന്നതും നന്നായിരിക്കും . പരിശോധനയ്ക്ക് ശേഷം കന്യകകള്‍ അല്ലായെന്ന്‍ കാണുന്നവരെ ദുര്‍ഗുണപരിഹാര പാഠശാലയിലേയ്ക്ക് വിടുന്നതും ഒരു പക്ഷെ നന്നായിരിക്കും . ഗര്‍ഭനിരോധന ഉപാധികളുടെ ഉപയോഗം , തീര്‍ച്ചയായും തുടച്ചു നീക്കേണ്ടതാണ് . അവിവാഹിതകളായ സ്ത്രീകളുമായുള്ള സംഭാഷണങ്ങളില്‍ നിത്യഹരിതത്തിന്‍റെ പ്രാമാണികതയെക്കുറിച്ച് സംശയം ചൊരിയുന്നത് നിയമവിരുദ്ധമായി പ്രഖ്യാപിക്കപ്പെടനം. ഈ നടപടികള്‍ നൂറോ അതിലധികമോ കൊല്ലം കര്‍ശനമായി പ്രാവര്‍ത്തികമാക്കിയാല്‍ ഉയര്‍ന്നു വരുന്ന അധാര്‍മികതയുടെ വെളിയേറ്റത്തെ തടയുന്നതില്‍ ഒരു പക്ഷെ എന്തെന്കിലം ചെയ്യുവാന്‍ കഴിഞ്ഞേക്കാം . എന്നാല്‍ ചില അധികാര ദുര്‍വിനിയോഗങ്ങള്‍ ഒഴിവാക്കുവാന്‍ വേണ്ടി എല്ലാ പോലീസുകാരും ഭിഷഗ്വരന്മാരും ഷണ്ഡരാക്കപ്പെടണം. ആണ്‍ സ്വഭാവത്തിന്‍റെ പ്രകൃത്യായുള്ള അധാര്‍മിക സ്വഭാവത്തെ കണക്കിലെടുക്കുമ്പോള്‍ ഈ നയം ഒരു പടി കൂടി മുന്നോട്ടു കൊണ്ട് പോകുന്നത് ഒരു പക്ഷെ ബുദ്ധിപൂര്‍വകമായിരിക്കും . മതാധികാരികള്‍ ഒഴികെ എല്ലാ പുരുഷന്മാരും വന്ധീകരണത്തിന് വിധേയരാകണമെന്ന് പ്രചരിപ്പിക്കാന്‍ സദാചാരവാദികളെ ഉപദേശിക്കണമേന്ന്‍ എനിക്ക് തോന്നിപ്പോകുന്നു” -വിവാഹവും സദാചാര മൂല്യങ്ങളും- റസല്‍.

സാമ്പത്തിക ഭദ്രത ഉള്ളതും ആരോഗ്യപരവുമായ ഒരു സമൂഹം, യുക്തിയുക്തമായി ചിന്തിക്കാന്‍ ശേഷിയുള്ള തലമുറകള്‍ എന്നിവയ്ക്ക് സ്ത്രീകളുടെ പങ്കാളിത്തം കുറച്ചു കാണരുത്.


Next Story

Related Stories