TopTop
Begin typing your search above and press return to search.

പ്രവാസം മതിയാക്കുന്ന ഖത്തര്‍ പണം

പ്രവാസം മതിയാക്കുന്ന ഖത്തര്‍ പണം

റോബെര്‍ട്ട് ടറ്റില്‍, അലാ ഷാഹീന്‍

ഖത്തറിന്റെ എണ്ണപ്പണം യൂറോപ്പിലെയും അമേരിക്കയിലെയും വിപണികളില്‍ നിക്ഷേപത്തിന്റെ മണിക്കിലുക്കവുമായി നടന്ന നാളുകള്‍ തീരുകയാണ്. യൂറോപ്പിലെ കമ്പനികളിലും, ലണ്ടനിലെ വന്‍ നിര്‍മ്മാണ പദ്ധതികളിലും, പശ്ചിമേഷ്യയിലെ പുതുവസന്ത കലാപങ്ങളിലും, ഫ്രാന്‍സില്‍ ഒരു പന്തുകളി കിരീടത്തിലുമൊക്കെ മുതല്‍മുടക്കിയതിനു ശേഷം ഖത്തര്‍ സ്വന്തം നാട്ടില്‍ പണമിറക്കാന്‍ തയ്യാറെടുക്കുകയാണ്.

ബ്രിട്ടീഷ് ബാങ്ക് ബാര്‍ക്‌ളീസിലും, ജര്‍മ്മന്‍ കാര്‍ നിര്‍മ്മാണ കമ്പനി വോക്‌സ്വാഗനിലും മറ്റും പ്രതിവര്‍ഷം 60 ബില്ല്യണ്‍ ഇറക്കിയിരുന്ന, ലോകത്തെ ഏറ്റവും സമ്പന്ന രാഷ്ട്രമായ ഖത്തറിന്റെ പണമൊഴുക്ക് കുറച്ചൊന്നു മന്ദീഭവിക്കുകയാണ്. എണ്ണ ഉത്പാദനത്തിലും, ആഗോള വിലയിലും വന്ന കുറവാണ് ഇതിന്റെ പ്രധാന കാരണം. ഈ പശ്ചാത്തലത്തില്‍ 2022 - ല്‍ ആതിഥ്യം വഹിക്കാന്‍ പോകുന്ന ഫുട്ബോള്‍ ലോകകപ്പിന് മുന്നോടിയായി ഏതാണ്ട് 200 ബില്ല്യണ്‍ ഡോളറിന്റെ അടിസ്ഥാന സൌകര്യ വികസന പദ്ധതികളില്‍ പണം ചെലവാക്കാന്‍ ഖത്തര്‍ തീരുമാനിച്ചിരിക്കുന്നു. പുതിയ പാതകള്‍, ശീതീകരിച്ച മൈതാനങ്ങള്‍, മെട്രോ പാത എന്നിവയെല്ലാം ഇതിലുള്‍പ്പെടും.

പിന്മാറ്റം തന്ത്രപരവും, ആലോചിച്ചുള്ളതുമാണ്. ലോക മൂലധന വിപണിയില്‍ ഖത്തറൊഴുക്കിയ അളവില്ലാത്ത പണം അവരെ മേഖലയിലെ നേതൃസ്ഥാനത്ത് എത്തിച്ചെന്നതാണ് വാസ്തവം. സൌദി അറേബ്യയും, ഈജിപ്തും അതുവരെ കയ്യാളിയിരുന്ന സ്ഥാനത്തെക്കാണ് ഖത്തര്‍ കയറിവന്നത്. മേഖലയിലെ അറബ് വസന്തത്തിലും ഖത്തറിന്റെ സാന്നിധ്യം ഒളിഞ്ഞും തെളിഞ്ഞും പലരും കണ്ടു. അതുകൊണ്ടുതന്നെ ഖത്തറിന്റെ സഹായത്തോടെ കലാപങ്ങള്‍ നടന്ന രാജ്യങ്ങളില്‍ ഈയിടെ നടന്ന പ്രതിഷേധങ്ങളില്‍ കത്തിച്ചത് ഖത്തര്‍ പതാകകളാണ്. കഴിഞ്ഞ വര്‍ഷം ഫ്രാന്‍സിലെ ഉള്‍പ്രദേശങ്ങളില്‍ നിക്ഷേപമിറക്കാനുള്ള ഖത്തറിന്റെ പദ്ധതിയുടെ ലക്ഷ്യത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് അവിടെ ആവശ്യമുയര്‍ന്നിരുന്നു.

'വലിയ വിദേശനയ പരിപാടികളെക്കാള്‍ ആഭ്യന്തര പ്രശ്‌നങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ നേതൃത്വത്തിനുമേല്‍ സമ്മര്‍ദ്ദമുണ്ട്,' ഗള്‍ഫ് സൈനിക വിശകലന കേന്ദ്രത്തിന്റെ ഡയറക്ടര്‍ തിയോഡര്‍ കരസിക് പറയുന്നു.

കഴിഞ്ഞ വര്‍ഷം, സ്വിസ് ഖനന കമ്പനി എക്‌സ്ട്രാറ്റയെ 31 ബില്ല്യണ്‍ ഏറ്റെടുത്തത്തില്‍ തുക ഉയര്‍ത്താന്‍ അവര്‍ ഗ്ളെന്‍കോര്‍ ഇന്റര്‍നാഷണലിനെ നിര്‍ബന്ധിതരാക്കി. ലിബിയയിലും, സിറിയയിലും വിമതര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച ഖത്തര്‍ സര്‍ക്കാര്‍, ഈജിപ്തിലെ ഇസ്‌ളാമിക കക്ഷി നേതൃത്വത്തിലുള്ള സര്‍ക്കാരിന് 8 ബില്ല്യണ്‍ ഡോളറിന്റെ ധനസഹായവും നല്കി. പ്രസിഡണ്ട് ബഷര്‍ അല്‍ അസദിനെ പുറത്താക്കാന്‍ പോരാടുന്ന വിമതര്‍ക്ക് പിന്തുണയുമായി 3 ബില്ല്യണ്‍ ഡോളര്‍ ഖത്തര്‍ ചെലവഴിച്ചു എന്ന് മെയ് 17നു ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട് ചെയ്തിരുന്നു. സിറിയന്‍ വിമതര്‍ക്ക് നയതന്ത്ര കാര്യാലയം അനുവദിച്ച ആദ്യ അറബ് രാഷ്ട്രവുമാണ് ഖത്തര്‍.

ഇത്തരം വിമത സംഘങ്ങളെ കയ്യയച്ചു സഹായിച്ചത് മേഖലയിലെ ശക്തികേന്ദ്രമായ സൌദി അറേബ്യയയുമായി നേതൃമത്സരത്തിന് ഖത്തറിനെ പ്രപ്തരാക്കി. 'ഖത്തറിന്റെ പ്രധാന നയതന്ത്ര ഉപകരണം പണമാണ്', ദോഹയിലെ റോയല്‍ യുണൈറ്റഡ് സര്‍വീസസ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകന്‍ മൈക്കല്‍ സ്റ്റീവന്‍സ് പറഞ്ഞു. 'വലിയ ഭീഷണികളുയര്‍ത്താത്ത, ഖത്തറിനെ പോലൊരു ചെറിയ രാജ്യത്തിന് ഇപ്പോള്‍ പ്രാധാന്യമുണ്ട്. ശരിയായ സമയത്ത് ശരിയായ രാജ്യമാണ് ഖത്തറിപ്പോള്‍.'

അന്താരാഷ്ട്ര നാണയ നിധിയുടെ കണക്ക് പ്രകാരം പ്രതിശീര്‍ഷ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ അടിസ്ഥാനത്തില്‍ 183 ബില്ല്യണ്‍ ഡോളറിന്റെ ഖത്തര്‍ സമ്പദ് വ്യവസ്ഥ അതിനെ ലോകത്തെ ഏറ്റവും ധനിക രാഷ്ട്രമാക്കുന്നു. പണം കുമിഞ്ഞുകൂടി കിടക്കുന്നെണ്ടെങ്കിലും, വാതക കയറ്റുമതിയില്‍ വന്ന കുറവും എണ്ണ വരുമാനം കുറഞ്ഞതും വളര്‍ച്ചാ നിരക്കിനെ പിന്നോട്ടടിപ്പിക്കുന്നുണ്ട്. പ്രത്യേകിച്ചും രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയുടെ പകുതിയും ആശ്രയിച്ചിരിക്കുന്നത് പെട്രോളിയം ഉത്പന്നങ്ങളുടെ പുറത്താണെന്നും കാണണം. 2012 വരെ 5 വര്‍ഷക്കാലം18 ശതമാനത്തോളം ഉയര്‍ന്ന എണ്ണ വില ഈ വര്‍ഷം 5.8 ശതമാനമാണ് താഴോട്ട് പോയത്. ദ്രവീകൃത പ്രകൃതി വാതകത്തിന്റെ ലോകത്തിലെ ഏറ്റവും വലിയ കയറ്റുമതി രാഷ്ട്രമായ ഖത്തറിന്റെ ബജറ്റ് മിച്ചം 2015-ഓടെ കമ്മിയായി മാറുമെന്ന് സിറ്റിഗ്രൂപ് കണക്കാക്കുന്നു. 2017ല്‍ കറണ്ട് അക്കൌണ്ടില്‍ കുറവ് വരുമെന്ന് ഐ.എം.ഫും പ്രവചിക്കുന്നു.

ഖത്തറിന്റെ സ്വാധീനത്തിലുള്ള അസംതൃപ്തിയും ചെലവ് ചുരുക്കലില്‍ നിഴലിക്കുന്നുണ്ട്. 2011-ല്‍ ലിബിയയിലെ അന്നത്തെ ഭരണാധികാരി മൊഹമ്മര്‍ ഗദ്ദാഫിക്കെതിരെ നാറ്റോ സേനയോടൊപ്പം ചേര്‍ന്ന് ഖത്തറിന്റെ യുദ്ധവിമാനങ്ങളും ആക്രമണം നടത്തിയിരുന്നു. അതേ ലിബിയന്‍ തലസ്ഥാനമായ ബെന്‍ഗാസിയില്‍ ഈ മാസം നടന്ന പ്രതിഷേധങ്ങളില്‍ കത്തിച്ചത് ഖത്തര്‍ പതാകയും, ഖത്തര്‍ എമിര്‍ ഷെയ്ക്ക് ഹമദ് ബിന്‍ ഖാലിഫ അല്‍ താനിയുടെ ചിത്രങ്ങളുമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 10 ശതമാനം വോട്ട് നേടിയ മുസ്ലീം ബ്രദര്‍ഹൂഡിനെ ഖത്തര്‍ സഹായിക്കുന്നു എന്നാണ് പ്രതിഷേധക്കാര്‍ ആരോപിക്കുന്നത്.

മുസ്ലീം ബ്രദര്‍ഹൂഡിനെ സഹായിക്കുന്ന ഖത്തര്‍ നിലപാടില്‍ പ്രതിഷേധിച്ച് ഈജിപ്തിലും പ്രതിഷേധക്കാര്‍ ഖത്തര്‍ പതാക കത്തിച്ചു. ബ്രദര്‍ഹൂഡ് സര്‍ക്കാര്‍ ഈജിപ്തിനെ ഖത്തറിന് വില്‍ക്കുകയാണെന്ന് ഈജിപ്തിലെ മുസ്ലീം ബ്രദര്‍ഹൂഡ് വിരുദ്ധ സമരക്കാര്‍ കുറ്റപ്പെടുത്തുന്നു. ടുണീഷ്യയിലും സമാന പ്രതിഷേധങ്ങള്‍ അരങ്ങേറി. ഒരു ബില്ല്യണ്‍ ഡോളര്‍ സഹായം നല്കിയ അറബി രാജ്യത്തെ അപമാനിക്കരുതെന്നാണ് ടുണീഷ്യന്‍ പ്രസിഡന്റ് മോന്‍സേഫ് മാര്‍സൂക്കി തന്റെ നാട്ടുകാരോട് അഭ്യര്‍ത്ഥിച്ചത്.

എണ്ണ വിലയിലും, പ്രകൃതി വാതക കയറ്റുമതിയിലും ഉണ്ടായ വര്‍ധനയാണ് ഈ അറബി രാജ്യത്തിന്റെ അഭൂതപൂര്‍വ്വമായ സാമ്പത്തിക മുന്നേറ്റത്തിന് പിന്നില്‍ . 2008-നും 2012-നും ഇടയില്‍ പ്രതിവര്‍ഷം മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ 8 ശതമാനം മിച്ചം വെക്കാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നു. അറബ് മേഖലയിലെ രണ്ടാമത്തെ വലിയ സാമ്പത്തിക ശക്തിയായ യു എ ഇക്കു മിച്ചം വെക്കാന്‍ സാധിച്ചത് വെറും 2.5 ശതമാനമാണെന്ന് ഓര്‍ക്കണം. ഇക്കാലയളവില്‍ വിദേശത്തുള്ള ഖത്തര്‍ നിക്ഷേപം പ്രതിവര്‍ഷം ശരാശരി 60 ബില്ല്യണ്‍ ഡോളറായിരുന്നു.

2009-ല്‍ യൂറോപ്പിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ലണ്ടനിലെ ഷാര്‍ഡിന്റെ 95 ശതമാനം ഖത്തര്‍ സ്വന്തമാക്കി. ഒരു വര്‍ഷത്തിന് ശേഷം ഖത്തര്‍ നിക്ഷേപക അതോറിറ്റിയുടെ ഭാഗമായ ഖത്തര്‍ ഹോള്‍ഡിങ്, ലണ്ടനിലെ ഹാരോഡ്‌സ് ഡിപ്പാര്‍ട്‌മെന്റ് സ്‌റ്റോര്‍ 1.5 ബില്ല്യണ്‍ പൌണ്ടിന് വാങ്ങി. ആസ്തികളുടെ കണക്കില്‍ ബ്രിട്ടണിലെ രണ്ടാമത്തെ വലിയ ബാങ്കായ ബര്‍ക്ളീസ്, സ്വീറ്റ്സ്ലര്‍ലണ്ടിലെ ക്രെഡിറ്റ് സ്യൂസി ഗ്രൂപ്, ലോകത്തിലെ രണ്ടാമത്തെ വലിയ ആഭരണ വില്‍പ്പനക്കാരായ ടിഫാനി & കമ്പനി എന്നിവയിലെല്ലാം ഖത്തര്‍ ഓഹരി സ്വന്തമാക്കി. 2008-ലെ സാമ്പത്തിക മാന്ദ്യ കാലത്താണ് ബാര്‍ക്‌ളീസിന് പിന്തുണയുമായ് ഖത്തറെത്തിയത്. ഇപ്പോള്‍ ബാങ്കില്‍ 4 ബില്ല്യണ്‍ വരുന്ന 6.3 ശതമാനം ഓഹരിയുടമയാണ് ഖത്തര്‍. വോക്‌സ്വാഗനില്‍ നിക്ഷേപിച്ച പണം പോഷേയുമായുള്ള അതിന്റെ ലയനത്തിന്റെ ഭാഗമായിരുന്നു. 17 ശതമാനം വരുന്ന അതിന്റെ ഓഹരി ഖത്തറിന്റെ പക്കലാണ്. മൂല്യം ഏതാണ്ട് 10 ബില്ല്യണ്‍ ഡോളര്‍ വരും.

ഫ്രാന്‍സില്‍, പാരിസ് സെയിന്റ്‌ ജേര്‍മെയിന്‍ ഫുട്ബോള്‍ ക്ളബ്ബിനെ 2011-ല്‍ ഖത്തര്‍ വാങ്ങി. ഡേവിഡ് ബെക്കാം, സ്ളാട്ടന്‍ ഇബ്രാഹിമോവിച്ച് തുടങ്ങിയ വമ്പന്‍ കളിക്കാരെ വന്‍തുക നല്കി വാങ്ങുകയും ചെയ്തു. കഴിഞ്ഞ19 വര്‍ഷത്തിനിടയില്‍ ഇതാദ്യമായി ടീം, ഫ്രഞ്ച് ചാമ്പ്യന്‍മാരായതോടെ പണമൊഴുക്കിന് ഫലവും കണ്ടു.

1.9 ദശലക്ഷം ജനസംഖ്യയുള്ള ഈ രാജ്യത്തിന് തങ്ങളുടെ ആഭ്യന്തര ആവശ്യത്തേക്കാള്‍ അധികം വരുന്ന സാമ്പത്തിക സ്രോതസ്സുകളെ വിദേശ നിക്ഷേപത്തിനായി വിന്യസിക്കേണ്ടതുണ്ടെന്നും അന്താരാഷ്ട്ര സാമ്പത്തിക വിദഗ്ദ്ധരില്‍ പലരും കരുതുന്നുണ്ട്.

എന്നാല്‍, ഈ കുതിപ്പ് കുറയാന്‍ പോവുകയാണെന്ന് സിറ്റിഗ്രൂപ്പ് മുന്‍കൂട്ടി കാണുന്നു. എണ്ണ ഉത്പാദനത്തില്‍ വരുന്ന കുറവും, പ്രകൃതി വാതക ഉത്പാദനത്തിനുള്ള സര്‍ക്കാര്‍ നിയന്ത്രണവും, 2015 - 2017കാലത്ത് ചെറിയ തോതിലുള്ള ബജറ്റ് കമ്മി സൃഷ്ടിക്കുമെന്നാണ് മാര്‍ച്ചില്‍ പുറത്തിറക്കിയ റിപ്പോര്‍ടില്‍ പറയുന്നത്. സര്‍ക്കാരില്‍ നിന്നും ധനനിധിയിലേക്കുള്ള ഒഴുക്ക് നിലച്ചേക്കും. സര്‍ക്കാരിന്റെ ബജറ്റ് കമ്മി നികത്താന്‍ ഈ ധനനിധി ഉപയോഗിക്കുകയും ചെയ്യാനിടയുണ്ടെന്നും റിപോര്‍ട്ട് പറയുന്നു.

അടുത്ത ഫുട്ബോള്‍ മഹാമഹത്തിന് തയ്യാറെടുക്കുന്ന ഖത്തര്‍, സൌരോര്‍ജ മൈതാനങ്ങളും, നിരവധി ഹോട്ടലുകളും, 35 ബില്ല്യണ്‍ ഡോളര്‍ ചെലവ് വരുന്ന തീവണ്ടി, മെട്രോ പാതകളും നിര്‍മ്മിക്കുകയാണ്. ഈ ചെലവുകള്‍ ഖത്തര്‍ സമ്പദ് രംഗത്തെ 2015നും 2018നും ഇടയില്‍ 16 ശതമാനത്തോളം വളര്‍ത്തുമെന്നാണ് കരുതുന്നത്. 2014-ലേക്കുള്ള ബജറ്റ് 18 ശതമാനം പദ്ധതിചെലവ് കൂട്ടുമ്പോള്‍ 6 ശതമാനത്തിന്റെ വരുമാന വര്‍ധനയും പ്രതീക്ഷിക്കുന്നു. ഇത് ധന മിച്ചത്തെ 6.6 ശതമാനമാക്കി ചുരുക്കും.

ഒരുപാട് പണം വാരിക്കോരി ചെലവഴിച്ച് സമ്പദ് വ്യവസ്ഥയെ പൊണ്ണത്തടിയനാക്കുന്നതും വിപരീതഫലമായിരിക്കും ചെയ്യുക. എന്തായാലും, ഖത്തറിലെ എണ്ണപ്പണം തല്‍ക്കാലത്തേക്ക് വിദേശ വിപണികളില്‍നിന്നും സ്വന്തം മണ്ണിലേക്ക് തിരിച്ചെത്തുകയാണ്.


Next Story

Related Stories