TopTop
Begin typing your search above and press return to search.

ആധുനികതയുടെ വായനശാലയില്‍ : ചില ചിന്തകള്‍

ആധുനികതയുടെ വായനശാലയില്‍ : ചില ചിന്തകള്‍

യാക്കോബ് തോമസ്

വായനയെന്നതോ വായനശാലയെന്നതോ കേവലം വ്യക്തിപരമായ ഒരു പ്രവര്‍ത്തനമോ സാമൂഹ്യനിരപേക്ഷമായ ഒരിടമോ അല്ല. ഗ്രന്ഥകാരി/ന്‍, പ്രസാധകര്‍, വായനാ സന്ദര്‍ഭം, ഇടം തുടങ്ങിയ നിരവധി സാമൂഹിക ഘടകങ്ങള്‍ കൂടിച്ചേരുന്ന ഒരു പ്രക്രിയയാണിത്. അതിനാല്‍ വായനയും വായനശാലയും ഒരു സാമൂഹിക, സാംസ്‌കാരിക പ്രവര്‍ത്തനമാകുന്നു. ഓരോ പ്രദേശത്തേയും പ്രത്യേകമായൊരിടത്ത് സ്ഥിതി ചെയ്യുന്ന വായനശാലയെന്ന കെട്ടിടം, അതിനുള്ളില്‍ മനുഷ്യര്‍ തമ്മില്‍ നടക്കുന്ന വിനിമയങ്ങള്‍, സംവാദങ്ങള്‍, തര്‍ക്കങ്ങള്‍, മറ്റു പരിപാടികള്‍ തുടങ്ങിയവ വായനശാലയുടെ സാമൂഹിക മാനങ്ങളെ ഇരട്ടിപ്പിക്കുന്നു. വായനയില്‍ നടക്കുന്ന നിരന്തരമായ അര്‍ഥോത്പാദനങ്ങള്‍ (പാഠം)ക്കുള്ള വേദിയായി ഗ്രന്ഥാലയം മാറുന്നു. നിരവധി പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന, ജനങ്ങളെ തമ്മില്‍ കൂട്ടിയിണക്കുന്ന ഒരു വലിയ ശൃംഖലയുടെ ഒരു കണ്ണിയായി ഗ്രന്ഥാലയം മാറുന്നു. കൊളോണിയലിസത്തിലൂടെ സാധ്യമായ കേരളീയ ആധുനികതയുടെ ഒരു സവിശേഷ സന്ദര്‍ഭത്തിലാണ് വായനശാലകള്‍ പിറന്നത്. ആ ഇടമുണ്ടാക്കിയ സന്ദര്‍ഭങ്ങളിലൂടെയാണ് കേരളീയ നവോത്ഥാനം എന്ന സാമൂഹിക പ്രക്രിയ കേരളത്തില്‍ വേരുകളാഴ്ത്തിയത്.

ആധുനികതയുടെ ഇടം

പുസ്തകമെന്നത് ആധുനികതയുടെ ഒരു നിര്‍മിതിയാണ്. ശ്രമകരമായി എഴുതി ചുരുക്കം ചില പ്രതികള്‍ എടുത്ത സ്ഥാനത്ത് അച്ചുകളിലൂടെ നിരവധി പ്രതികള്‍ കുറഞ്ഞ സമയത്ത് സാധ്യമാക്കാനായപ്പോള്‍ ആശയ വിതരണം സ്‌ഫോടനാത്മകമായി വളര്‍ന്നു. അതുവഴി അച്ചടി മനുഷ്യ ഇടപെടലുകള്‍ക്ക് പുതിയ സാംസ്‌കാരിക മാനം നല്‍കി. അറിവെന്നത് വായനകളിലുടെ ശതഗുണീഭവിക്കുന്നുവെന്ന തിരിച്ചറിവ്, സാമൂഹ്യാധികാര ഘടനകള്‍ സ്ഥായിയാണെന്നുള്ള ധാരണകളെ അട്ടിമറിച്ചു. അങ്ങനെ അച്ചടിയും പുസ്തകവും ആധുനികതയുടെ കാലത്ത് (16-ആം നൂറ്റാണ്ടു മുതല്‍) അറിവിന്റെ ജനാധിപത്യവത്ക്കരണത്തിന് പ്രാഥമിക അടിത്തറ പാകി. ആ അടിത്തറയിലാണ് ശാസ്ത്രീയ-മാനവിക അന്വേഷണങ്ങള്‍ വര്‍ധിച്ചതും യൂറോപ്പിലും മറ്റിടങ്ങളിലും രൂപപ്പെട്ട പൊതുസ്ഥലലങ്ങളില്‍ സംവാദങ്ങള്‍ ശക്തമായതും.

കേരളം പോലെ ജാതിയിലധിഷ്ഠിതമായി ശ്രേണീകൃതമായി വിന്യസിക്കപ്പെട്ടിരിക്കുന്ന സാമൂഹിക ഘടനയ്ക്കുള്ളില്‍ കൊളോണിയലിസം നടപ്പാക്കിയ ആധുനികതയെന്നത് ജാതിയെ തകര്‍ക്കുന്ന ഇടപെടലായിരുന്നു. അതിന്റെ പ്രധാന ഘടകം പുസ്തകങ്ങളായിരുന്നു. ആധുനികത കേരള ജാതി - ഉപജാതി സമൂഹത്തെ മാറ്റിപ്പണിതത് ജാത്യേതരമായയ പൊതുവിടങ്ങളെ സൃഷ്ടിച്ചുകൊണ്ടായിരുന്നു. ഓരോ ജാതിക്കാരും അവരവര്‍ക്കു നിശ്ചയിച്ചിട്ടുള്ള ജാതിയിടങ്ങളില്‍ നിന്ന് (നായര്‍ - തറ, നമ്പൂതി - മന, കീഴാളര്‍ - ചാള) കുതറി എല്ലാ ജാതിക്കാര്‍ക്കും കൂടിച്ചേരാവുന്ന പൊതു സ്ഥലലങ്ങളിലേക്ക് മാറുവന്‍ ആധുനികത ആവശ്യപ്പെട്ടു. അതോടെ അതുവരെ വ്യക്തികളെ നിര്‍ണയിച്ചിരുന്ന ശരീരത്തിലെ ജാതി ചിഹ്‌നങ്ങള്‍ മായ്ക്കപ്പെടുകയും ആധുനിക വസ്ത്ര സംവിധാനങ്ങളിലേക്ക് ശരീരം പകര്‍ക്കപ്പെടുകയും ചെയ്തു. കുടുമ ധരിച്ചവര്‍ ക്രോപ്പു ചെയ്യുകയും കല്ലുമാല ധരിച്ചവര്‍ അതു വലിച്ചെറിയുകയും മാറു മറയ്ക്കാത്തവര്‍ ബ്ളൌസിടുകയും ചെയ്ത ആധുനികതയുടെ മുഹൂര്‍ത്തങ്ങളിലാണ് ഓലയ്ക്കും എഴുത്താണിക്കും പകരം പേപ്പറിലേക്കും അച്ചടിയിലേക്കും കേരള സമൂഹം കടന്നു വരുന്നത്. ജാതിസ്ഥലങ്ങള്‍ക്കു പകരം കടന്നു വരുന്ന ചായക്കടകള്‍, കവലകള്‍, തെരുവ്, പട്ടണം തുടങ്ങിയ പൊതുവിടങ്ങളിലും സ്‌കൂള്‍ പോലെയുള്ള മറ്റ് പെതു സ്ഥാപനങ്ങളിലും നടന്ന സംവാദങ്ങളും വാഗ്വാദങ്ങളും യോഗങ്ങളുമാണ് ദേശീയ ബോധവും രാഷ്ട്രീയ വേരുകളും ഇവിടെ വളര്‍ത്തിയത്. ആധുനികതയുടെ പത്രങ്ങളാണ് പുസ്തകങ്ങളേക്കാളുപരി മേല്‍പ്പറഞ്ഞ പൊതു സ്ഥലങ്ങളിലെ സംസാരങ്ങളുടെ അടിസ്ഥാനം. അവിടുത്തെ വായന തികച്ചും സാമൂഹികമായിരുന്നു. അറിവുള്ളവരും ഇല്ലാത്തവരും കൂടിച്ചേര്‍ന്ന ഇത്തരം കൂട്ടങ്ങളിലൂടെയാണ് കേരള നവോത്ഥാനം വേരുകള്‍ ആഴ്ത്തിയത്.

ജാതിയാണ് ഫ്യൂഡലിസത്തിന്റെ, അറിവിന്റെ രാഷ്ട്രീയത്തെ രൂപപ്പെടുത്തിയത്. അറിവിന്റെ, ഭാഷയുടെ കുത്തക ദൈവ പ്രതിപുരുഷനായ സവര്‍ണനിലാണെന്ന് പ്രഖ്യാപിക്കപ്പെടുയും കീഴാളരുടെയും സ്ത്രീകളുടെയും അറിവുത്പാദനങ്ങള്‍ നിഷേധാത്മകമായി കാണുകയും ചെയ്തു. ശൂദ്രര്‍ വ്യക്തമായി സംസാരിക്കുന്നതു പോലും ശിക്ഷാര്‍ഹമായ കുറ്റമായി കണ്ട അക്കാലത്തെ സവര്‍ണ കുത്തകയെ തകര്‍ക്കുന്ന അറിവുകള്‍ കീഴാളരില്‍ വ്യാപകമായിരുന്നു. ഇട്ടി അച്യുതന്‍ എന്ന ഈഴവ വൈദ്യന്റെ അറിവുകളാണ് ഹോര്‍ത്തൂസ് മലബാറിക്കസ് എന്ന കൃതിയായി മാറിയതെന്നത് കീഴാളരില്‍ വ്യാപകമായിരുന്ന അറിവുത്പാദന പ്രക്രിയയൊണ് കുറിക്കുന്നത്. എന്നാല്‍ ഈ അറിവുകള്‍ വിപുലമായ ഒരു സമൂഹത്തിന്റെ വായനയിലേക്ക് കടന്നു വരുന്നത് കേരളീയ ആധുനികതയിലാണ്.

ഓലയുടെ പാരായണങ്ങളില്‍ നിന്ന് അച്ചടി അധിഷ്ഠിതമായ വായനയിലേക്ക് കേരള സമൂഹം മാറിയിടത്താണ് അറിയാത്ത ലോകങ്ങള്‍ മലയാളിയില്‍ ആവേശിച്ചതും ലോകബോധം നവീകരണത്തിന് വിധേയമായതും. അതുവഴി ജാതിബദ്ധമായ ജീവിതത്തിനു പകരം ആധുനിക ദേശരാഷ്ട്ര ഘടനയുടെയും ജനാധിപത്യ ബോധത്തിന്റെയും ക്രമത്തിലേക്ക് മലയാളി മാറുന്നു. ഈ മാറ്റങ്ങള്‍ക്കിടയിലാണ് അതുവരെ അദൃശ്യരായിരുന്ന കീഴാളര്‍ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ശക്തമായി പ്രവേശിക്കുന്നത്.

നാരായണ ഗുരു, അയ്യന്‍കാളി തുടങ്ങിയ വ്യക്തികളും നിരവധി പ്രസ്ഥാനങ്ങളും നിരന്തരം ആഹ്വാനം ചെയ്തത് ആധുനിക ജ്ഞാനം നേടി ആധുനിക സമൂഹത്തിലിടം പിടിക്കാനായിരുന്നുു. ഈ ആധുനികീകരണം രണ്ട് ഘടകങ്ങളിലടിയുറച്ചതായിരുന്നു. 1. പുസ്തകാധിഷ്ഠിതമായ ആധുനിക വിദ്യാഭ്യാസം. 2. വായനശാലകള്‍. എഴുതാനും വായിക്കാനും പ്രത്യേക ജാതി എന്ന യുക്തിയെ തിരസ്‌കരിച്ച് എല്ലാവരും എഴുതുകയും വായിക്കുകയും ചെയ്യുന്ന ജനാധിപത്യപരമായ ആധുനികതയുടെ പുറത്താണ് കേരളീയ നവോത്ഥാനവും ഇടതുപക്ഷവും മറ്റും സംഭവിക്കുന്നത്. ഇതില്‍ ആധുനിക വിദ്യാഭ്യാസത്തിന്റെ അറിവുകള്‍ ആദ്യമെല്ലാം കൈയടക്കിയത് സവര്‍ണരായിരുന്നു. നീണ്ട സമരങ്ങളിലൂടെയാണ് കീഴാളര്‍ ക്ളാസ് മുറികളിലേക്ക് കയറിച്ചെന്നത്. ഇന്നും മലയാളിയില്‍ ഒഴിയാതെ നില്‍ക്കുന്ന ജാതി, സവര്‍ണ പ്രത്യയശാസ്ത്രങ്ങള്‍ ആധുനികീകരണത്തിന്റെ പിന്നോക്കം പോകലിനെയാണ് കാണിക്കുന്നത്.

എന്നാല്‍ ആധുനികീകരണം കൊണ്ടുവന്ന വായനശാലകളില്‍ കീഴാള ജനതയുടെ ഉത്ഥാനമാണ് നടന്നത്. സ്‌കൂളുകളിലും മറ്റും മേലാള പ്രത്യയശാസ്ത്രം പ്രവര്‍ത്തിച്ചിരുന്നപ്പോള്‍ ഗ്രാമീണമായയ വായനശാലകളില്‍ കീഴാള പ്രത്യയശാസ്ത്രമാണ് പ്രവര്‍ത്തിച്ചത്. സ്‌കൂളുകളെ അപേക്ഷിച്ച് ഇവിടങ്ങളില്‍ നടന്ന സംവാദങ്ങള്‍ മേലാളരെ വല്ലാതെ അലോസരപ്പെടുത്തിയിരുന്നതായി കാണാം. വൈലോപ്പിള്ളിയുടെ ഈ അനുഭവം വായനശാലകളിലെ ഉത്ഥനത്തെ കൃത്യമായി കുറിക്കുന്നുണ്ട്. 'അവര്‍ക്ക് (കീഴാളര്‍ക്ക്) റോഡരികത്ത് ഒരു വായനശാലയുണ്ടായിരുന്നു. ഒട്ടുമിക്ക പത്രങ്ങളും അവിടെ പറന്നെത്തും. ഓരോ ദിവസത്തെ സഹോദരന്‍ പത്രവും അവര്‍ക്കവരുടെ ബൈബിളിന്റെ ഏടുകളായിരുന്നു. എന്നോട് മമതയും മത്സരവും ഉണ്ടായിരുന്നതു കൊണ്ട് അന്നന്നത്തെ സഹോദരന്‍ പത്രം എന്റെ മുമ്പില്‍ കൊണ്ടു വച്ച് 'ഇതു വായിക്കെടോ' എന്നു പറയും... അവര്‍ക്കൊരു സമാജമുണ്ടായിരുന്നു. വിജ്ഞാന സൂര്യോദയം എന്നായിരുന്നില്ലേ പേര്? സമാജത്തിന്റെ വാര്‍ഷികം വായനശാലയിലോ റോഡരികത്തുള്ള മൈതാനത്തിലോ കൊണ്ടാടാറുണ്ട്. അയ്യപ്പന്‍ മാസ്റ്റര്‍ അവിടെ സ്ഥിരം പ്രസംഗകനാണ്... നാണം കുണുങ്ങിയായ ഞാന്‍ കൂടുംബ സംസ്‌കാരത്തിന്റെ ആധിപത്യത്തിനു കൂടി അടിപ്പെട്ട് ആ സമ്മേളനത്തില്‍ സന്നിഹിതനാകാതിരുന്നത് ഭാഗ്യക്കേടായി ഇന്നു തോന്നുന്നുു'. ജനകീയമായ വായനശാലകള്‍ക്ക് ഈ പ്രത്യയശാസ്ത്രമുണ്ടായിരുന്നുവെന്ന് വിശേഷാല്‍ ശ്രദ്ധേയമാണ്. കേരളീയ ആധുനികതയിലെ സാമുദായികത, ജനാധിപത്യവത്ക്കരണം എന്നിവയുടെ വേരുകള്‍ ഇവിടെയാണ് കിടക്കുന്നത്.

വായനശാലയിലെ സ്ത്രീ

ജാതിയില്‍ നിന്ന് സാമുദായികതയുടെ ജനാധിപത്യത്തിലേക്കും ആധുനിക ദേശരാഷ്ട്രത്തിലേക്കും വളര്‍ന്ന കേരള സമൂഹം ലിംഗപരമായ വലിയൊരു വിടവിനെ കേന്ദ്ര സ്ഥാനത്തു നിര്‍ത്തിയെന്നത് ഏറെ പരിശോധനയര്‍ഹിക്കുന്ന വസ്തുതയാണ്. ആധുനികത സാധ്യമാക്കിയ പൊതുവിടങ്ങളിലും ദേശീയ സമര വേദികളിലും എല്ലാ ജാതികള്‍ക്കും ഇടയിലുദിച്ചുവെങ്കിലും അതിന്റെ ആധിപത്യം പുരുഷന്മാരുടെ കൈയിലായിരുന്നു. പടിഞ്ഞാറ് സംഭവിച്ചതു പോലെ സ്ത്രീയെന്നത് കുടുംബത്തിനകത്ത് കഴിയേണ്ടവളാണെന്നുള്ള ചിന്ത വ്യവസ്ഥപ്പെടുകയും അടുക്കളയുടെ 'ഭാരിച്ച ഉത്തരവാദിത്തം' സ്ത്രീയുടെ മാത്രം ചുമതലയാക്കപ്പെടുകയും ചെയ്തു. പുരുഷന്‍ പുറത്ത് ജോലി ചെയ്ത് കുടുംബം നിലനിര്‍ത്തേണ്ടവനും മരുമക്കത്തായം ആധുനികതയിലൂടെ മക്കത്തായമായപ്പോള്‍ സ്ത്രീ ആധുനിക കുടുംബിനിയാക്കപ്പെട്ടു. ആധുനിക വിദ്യാഭ്യാസവും മറ്റും സിദ്ധിക്കാന്‍ സ്ത്രീക്ക് അവസരം ലഭിക്കുന്നുവെങ്കിലും പുരുഷനേക്കാള്‍ ഒരുപടി താഴെ നില്‍ക്കണമെന്ന കര്‍ശന വ്യവസ്ഥ സ്ത്രീയുടെ സ്വതന്ത്രന്തമായ എല്ലാ പ്രവര്‍ത്തനങ്ങളെയും താഴിട്ടു പൂട്ടിയിരുന്നു. കുടുംബത്തിന്റെയും മക്കളുടേയും ഉത്തരവാദിത്തങ്ങളില്‍ കുഴങ്ങിയിരുന്ന സ്ത്രീക്ക് വായിക്കാനുള്ള സമയം കിട്ടാക്കനിയാകുന്നു. എഴുതുക എന്നത് ചിന്തിക്കാന്‍ പോലും കഴിയാതാകുന്നു. അങ്ങനെ, വായനശാലകള്‍ പുരുഷന്മാരുടെ വിഹാരരംഗമാകുന്നു. സ്ത്രീകളുടെ വായന പുരുഷന്മാര്‍ വഴി ലഭിക്കുന്ന ഏതാനുംം പുസ്തകങ്ങളിലൊതുങ്ങുന്നു. ലളിതാംബിക അന്തര്‍ജനം കഠിന വേദനയോടെ കുറിച്ചിട്ട സ്ത്രീകളുടെ എഴുത്തിന്റേയും വായനയുടേയും പ്രശ്‌നം ഏതു സ്ത്രീയുടെ ആത്മകഥയിലും നിറഞ്ഞു നില്‍ക്കുന്നതു കാണാം.

'മുക്കുതലയില്‍ അക്കാലത്ത് ഒരു ചെറിയ വായനശാല എങ്ങനെയോ തുടങ്ങിയിരുന്നു. ആരായിരുന്നു അതിന്റെ ശ്രമക്കാര്‍? നിശ്ചയമില്ല. കവിതകളാണ് വായനശാലയില്‍ അധികവും... വൈകുന്നേരം ഒന്നോ രണ്ടോ മണിക്കൂര്‍ അതു തുറന്നിരിക്കും. വളരെ വളരെ ചുരുക്കം ആളുകളേ വായിക്കാന്‍ വരൂ. ആ വായനശാലയിലെ പുസ്തകങ്ങളാണ് ഏട്ടന്മാര്‍ എടുത്തുകൊണ്ടു വരിക. പതുക്കെ പതുക്കെ അതീവ രഹസ്യമായി ആ പുസ്തകങ്ങള്‍ ഞങ്ങള്‍ക്കും കൈമാറാന്‍ തുടങ്ങി. പത്തായപ്പുരയിലെ വലിയ മുറിയാണ് ഏട്ടന്മാരുടെ വാസസ്ഥലം. അവിടെയാണ് വായനശാലയിലെ പുസ്തകങ്ങള്‍ അവര്‍ സൂക്ഷിക്കുക. സന്ധ്യക്കു ശേഷം കുളിച്ച് സന്ധ്യ വന്ദനത്തിനു വരുമ്പോള്‍ അവര്‍ ഈ പുസ്തകങ്ങള്‍ മുണ്ടിനടിയില്‍ ഒളിപ്പിച്ചു കൊണ്ടു വരും... ചമത കഴിഞ്ഞ് ഏട്ടന്മാര്‍ പോയാല്‍ ഏടത്തിമാര്‍ പലകയ്ക്കടിയിലെ പുസ്തകം ആരും കാണാതെ വടക്കേ അറയിലെ കൂട്ടിലേക്കു മാറ്റും. പെണ്‍കുട്ടികള്‍ പുസ്തകം വായിക്കുന്നതു കുറ്റമാണ്. കൂട്ടില്‍ വച്ച പുസ്തകം കണ്ടു പിടിച്ചാലും ശിക്ഷയുണ്ടാകും. അതുകൊണ്ട് ആരും ഇല്ലാത്ത സമയത്ത് അറ അടച്ചിരുന്നാണ് ഏടത്തിമാര്‍ പുസ്തകം വായിക്കുക' എന്ന ദേവകി നിലയങ്ങോടിന്റെ അനുഭവത്തില്‍ എല്ലാ ജാതിയിലും പെട്ട സ്ത്രീകളുടെ പുസ്തക ബന്ധത്തിന്റെ നിഴല്‍പ്പാട് കാണാം.

എന്നാല്‍ ആധുനികീകരണ പ്രക്രിയകളും വിന്യാസവും ഈയവസ്ഥയെ പാടേ മറിച്ചിടുകയും വായനയും എഴുത്തും സ്ത്രീ പുരുഷ ഭേദമന്യേ തുല്യമായ ഒന്നായി ഗണിക്കപ്പെടുകയും ചെയ്തു. കലാലയങ്ങളിലെയും സര്‍വകലാശാലകളിലേയും ലൈബ്രറികള്‍ സ്ത്രീ പുരുഷന്മാര്‍ വിവേചനമില്ലാതെ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ ഗ്രാമീണ വായനശാലകളിലെ സ്ത്രീ സാന്നിധ്യം പഴയ അവസ്ഥകളില്‍ തന്നെ, പുരുഷാധിപത്യപരമായി തുടരുന്നത് ഏറെ ശ്രദ്ധിക്കേണ്ട ഒന്നാണ്. എന്തുകൊണ്ടാണിത്? ഒന്നു വ്യക്തം. നിലനില്‍ക്കുന്ന പുരുഷാധിപത്യത്തെ ഇല്ലാതാക്കാനുള്ള ഒരു 'വായന' കൂടെ നമ്മുടെ സാംസ്‌കാരിക രംഗത്തുണ്ടാകുന്നില്ല. അഥവാ നമ്മുടെ വായനാ വിഷയങ്ങള്‍ ഒന്നും തന്നെ നമ്മുടെ സാംസ്‌കാരിക ജീവിതത്തെ മാറ്റി മറിക്കുന്നില്ല. ആധുനികത സൃഷ്ടിച്ച ഈയവസ്ഥയെ, നമ്മുടെ നവോത്ഥാനത്തെ ഒരുഴുതു മറിക്കലിന് വിധേയമാക്കാന്‍ നമുക്കെന്നാണ് കഴിയുക എന്ന ചോദ്യം ഏറെ ഗൗരവകരമായി ഉന്നയിക്കേണ്ടിയിരിക്കുന്നു.


Next Story

Related Stories