TopTop
Begin typing your search above and press return to search.

ലണ്ടന്‍ : നടന്നെത്താവുന്ന ദൂരങ്ങള്‍

ലണ്ടന്‍ : നടന്നെത്താവുന്ന ദൂരങ്ങള്‍

ഷാഫി റഹ്മാന്‍

ലണ്ടനില്‍ എല്ലാവര്‍ക്കും ഒരിടമുണ്ട്. ഓരോ നഗരത്തിലും ഓരോരുത്തരും പകുത്തെടുക്കുന്ന ഒരുതുണ്ട് ഭൂമി. എന്റേത് ആല്‍ഡ്വിച്ചില്‍ നിന്നും തുടങ്ങി വാട്ടര്‍ലൂ പാലത്തില്‍ കൂടി കയറി, തെംസിനരികിലൂടെ തിരിഞ്ഞു എലിഫന്റ് & കാസില്‍ വഴി ബറോയിലെ ഡോവര്‍ തെരുവില്‍ ചെന്നവസാനിക്കുന്നു. തീവണ്ടികള്‍ ഇരമ്പിപ്പോകുന്നത് കേള്‍ക്കാം, എന്നാലും നിങ്ങള്‍ നടക്കും. ഇത് നിങ്ങളുടെ ഒരുതുണ്ട് ഭൂമിയാണ്. ഓരോ ഇഞ്ചും കാലടികള്‍ കൊണ്ട് അളന്നെടുക്കുന്ന തരത്തില്‍. അത് മജ്ജകളെ തണുപ്പിക്കുന്ന ശൈത്യത്തിലും, ഇരുളാത്ത രാവുകളുള്ള ജൂണിലും, ഓഗസ്റ്റിലെ പച്ചിലചാര്‍ത്തുകളുടെ ഉന്മാദത്തിലും ആകാം.

Here you believe you are a warrior traveller, injected into mighty heart of cosmopolitan big city. Never keep your chin to the ground. Look up, you see stuff in London.

ചുറ്റിക്കാണുന്നതിന് ലണ്ടന് അതിന്റെതായ നിയമങ്ങളുണ്ട്. പ്രത്യേകിച്ചും ആളുകളെ നോക്കുമ്പോള്‍. രണ്ടര സെക്കന്റില്‍ കൂടുതല്‍ ആളുകള്‍ കണ്ണില്‍ നോക്കില്ല. ആളുകളുടെ മുഖത്ത് നോക്കുന്നു, ചുറ്റും നോക്കുന്നു, ഉടനെ നിങ്ങള്‍ അടുത്ത അടിവെച്ചു നടന്നു നീങ്ങുകയായി. ചിലപ്പോഴൊക്കെ ഈ രണ്ടര സെക്കന്റിന്റെ നിയമം ലംഘിച്ച് നിങ്ങള്‍ നോക്കാന്‍ ശ്രമിക്കും, തുറിച്ചു നോട്ടം. നോക്കുന്നത് കാണിക്കാതെ കാര്യങ്ങള്‍ നോക്കാനുള്ള വലിയ മിടുക്കുള്ളവരാണ് ലണ്ടന്‍കാര്‍. എതിര്‍ദിശയില്‍ നോക്കുന്നു എന്നു നടിച്ചാണ് അവര്‍ റോഡ് മുറിച്ച് കടക്കുക. അതാണ് 'ലണ്ടന്‍ വേഗം'. ലണ്ടന്‍ വേഗത്തില്‍ നടന്നാല്‍ ട്രാഫിക് ലൈറ്റില്‍ കുടുങ്ങുന്ന ഇവിടുത്തെ ചുവപ്പന്‍ ബസുകളെ തോല്‍പ്പിക്കാം. അതാ, ഇപ്പോള്‍ കടന്നു പോകുന്ന ബറോയിലേക്കുള്ള 188-ആം നമ്പര്‍ ബസ്. കുറച്ചു മിനുട്ടുകള്‍ക്കകം ട്രാഫിക് ലൈറ്റില്‍ കുടുങ്ങിക്കിടക്കുന്ന അതേ188-ആം നമ്പറിനെ മറികടന്ന് നിങ്ങള്‍ നടക്കും.

ആല്‍ഡ്വിച്ചും കിംഗ്‌സ് വേയും ഈ നഗരത്തിന്റെ ഹൃദയമാണ്. ലണ്ടന്‍ കൌണ്ടി കൌണ്‍സിലിന്റെ സെന്‍ട്രല്‍ ലണ്ടനിലെ ആദ്യ ബൃഹദ്‌നഗരവികസനപദ്ധതിയായ ഇത് 1905-ലാണ് തുറന്നത്. ഇരുവശവും തണല്‍മരങ്ങള്‍ നിറഞ്ഞ വിശാലമായ തെരുവുകളും, ഓഫീസ് കെട്ടിടങ്ങളും, തടസമില്ലാതെ ഒഴുകുന്ന വാഹനഗതാഗതവും ഒക്കെയുള്ള ഒരു ആധുനിക നഗരമായി ലണ്ടനെ മാറ്റാനുള്ള കൌണ്‍സിലിന്റെ ശ്രമങ്ങളുടെ തുടക്കമായിരുന്നു അത്. ഹോള്‍ബോണിനും, ഫ്ളീറ്റ് സ്ട്രീറ്റിനും ഇടയിലൂടെ ഒരു പുതിയ വഴി വന്നു. സ്ട്രാണ്ടില്‍ നിന്നും ചേരികള്‍ തുടച്ചുനീക്കി. പിന്നെ സൌത്ത് എന്റില്‍ ചരിത്ര പ്രസിദ്ധമായ സെയിന്റ് ക്ളെമന്റ് ഡെയിന്‍സ് പള്ളിക്കൊപ്പം ഒരു പുതിയ തെരുവ് മൂലയും. ഇനി, ബി ബി സിയുടെ ഓഫീസ്. അടുത്തത് ഇന്ത്യാ ഹൌസ്, കഴിഞ്ഞ നൂറ്റാണ്ടില്‍ സാമ്രാജ്യ സൌഭാഗ്യങ്ങള്‍ക്ക് മുകളില്‍ സൂര്യനസ്തമിക്കും വരെ ഗ്രെയ്റ്റ് ബ്രിട്ടന്‍ ലോകഭരണം നടത്തിയ കേന്ദ്രം.

അന്നുണ്ടാക്കിയ ഏറ്റവും വിശാലമായ തെരുവിന്, വടക്ക്, ഹോള്‍ബോണിലേക്ക് പോകുന്നത്, എഡ്വാര്‍ഡ് ഏഴാന്റെ ബഹുമാനാര്‍ഥമാണ് കിംഗ്‌സ് വേ എന്നു പേരിട്ടത്. നൂറടി നീളമുള്ള (30 മീറ്റര്‍) ഇത് ലണ്ടനിലെത്തന്നെ ഏറ്റവും വീതിയുള്ള തെരുവാണ്. അടിമുടി ആധുനികനായ ഈ പാതയുടെ അടിയിലൂടെ ഇലക്ട്രിക് ട്രാമുകള്‍ പോകുന്ന ഒരു തുരങ്കവുമുണ്ട്. പാതയ്ക്കിരുവശവുമുള്ള സ്ഥലങ്ങളെല്ലാം അന്ന് ഊഹക്കച്ചവടക്കാര്‍ കൂടിയായ കെട്ടിട നിര്‍മാതാക്കള്‍ക്ക് പാട്ടത്തിന് കൊടുത്തു. ലണ്ടന്റെ പുതിയ വാണിജ്യ ജില്ലയായി ഇതിനെ മാറ്റുകയായിരുന്നു ലക്ഷ്യം. പ്രദേശത്തെ ആദ്യത്തെ ഡൊമിനിയന്‍ ആസ്ഥാനം 1918-ല്‍ പണി തീര്‍ത്ത ആസ്‌ട്രേലിയ ഹൌസ് ആണ്. ഇന്ത്യാ ഹൌസ് പണിതീരുന്നത് പിന്നേയും രണ്ടു വര്‍ഷം കഴിഞ്ഞാണ്. പക്ഷേ, ബാക്കിയുള്ള സ്ഥലമൊക്കെ അമേരിക്കയിലെ വന്‍കിട കമ്പനികള്‍ കയ്യടക്കി. ഹോട്ടല്‍ വാര്‍ഡോഫ് പണിതത് അമേരിക്കക്കാരാണ്. ഈ തെരുവിന്റെ അങ്ങേവശത്തിരുന്നു ബ്രിട്ടന്‍ ഇന്ത്യ ഭരിച്ചപ്പോള്‍, ഇപ്പുറമുള്ള ഈ ഹോട്ടലിലിരുന്നാണ് രണ്ടു കെംബ്രിഡ്ജ് വിദ്യാര്‍ഥികള്‍ പാകിസ്ഥാന്‍ എന്ന പേരിനു രൂപം കൊടുത്തത്. ഒന്നര ദശാബ്ദം കഴിയുമ്പോള്‍ ഇന്ത്യാ ഉപഭൂഖണ്ഡത്തിന്റെ കഴുത്തിലൂടെ കത്തി പായിച്ചുകൊണ്ട് അതൊരു പുതിയ രാജ്യത്തിന്റെ പേരായി മാറി. 1911-ല്‍ പണിത കൊഡാക്ക് ആസ്ഥാനം ലണ്ടനിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടങ്ങളിലൊന്നായിരുന്നു.

വാട്ടര്‍ലൂ പാലത്തിന് ചുറ്റും എല്ലാം മങ്ങിയ കാഴ്ചകളാണ്. താഴ്ന്നു പോകുന്ന കനമേറിയ മേഘങ്ങള്‍. ദൂരക്കാഴ്ചകളും, ചക്രവാളവുമില്ലാത്ത മൂടിക്കെട്ടിയ ലോകം. നിരാശ നിങ്ങളെ എളുപ്പം വിഴുങ്ങും. പക്ഷേ, ലണ്ടന്‍ വേഗത്തില്‍ സൂര്യന്‍ തേരുരുട്ടുന്നതോടെ മായാജാലം പോലെ കാര്യങ്ങള്‍ മാറുകയായി. ബിഗ് ബെന്‍, സോമര്‍സെറ്റ് ഹൌസ്, സെയിന്റ്‌ പോള്‍ കത്തീഡ്രലിന്റെ മകുടം, പിന്നെ ഷേക്‌സ്പിയര്‍ ഗ്ളോബിന്റെ ഒരു ഭാഗവും. കാനറി വാര്‍ഫീലില്‍ നിന്നും എച്ച്.എസ്.ബി.സിയുടെ കെട്ടിടത്തിന്റെ വെളിച്ചം കണ്ടെന്ന് എന്റെ സുഹൃത്ത് അവകാശപ്പെട്ടു. അന്നേ ദിവസത്തെ അടുത്ത നുണക്കായി ഞാന്‍ ക്ഷമയോടെ കാത്തിരുന്നു.

പാലത്തില്‍ നിന്നും ഒരു മോതിരം പെറുക്കിയെടുത്ത് ഒരു സ്ത്രീ എന്റെ നേരെ തിരിഞ്ഞു ചോദിച്ചു : 'ഇത് സ്വര്‍ണമാണോ?' ഞാന്‍ മറുപടി പറയും മുമ്പേ അവരുറപ്പിച്ചു പറഞ്ഞു : 'സ്വര്‍ണം തന്നെ'. 'ഇത് നിങ്ങളെടുത്തോളു. ഞാന്‍ സ്വര്‍ണം ധരിക്കാറില്ല, പെന്തക്കോസ്തുകാരിയാ. പത്ത് പൌണ്ട് തന്നാല്‍ മതി'. മുക്കുപണ്ടം കാട്ടി നമ്മളെ പറ്റിക്കാനാ നോട്ടം. അതുവേണ്ടെന്ന് ഞാന്‍ അവരോടു ചിരിച്ചുകൊണ്ടുതന്നെ പറഞ്ഞു. അവരൊരു ബള്‍ഗേറിയന്‍ കുടിയേറ്റക്കാരിയാണ്. ചുരുട്ടിപ്പിടിച്ച കൈ മാതിരിയോരു തലയുള്ള അവര്‍ ടെമ്പിള്‍ ഭൂഗര്‍ഭ സ്‌റ്റേഷന് പുറത്താണ് താമസം. വീടില്ല. പക്ഷേ ഇത്രയും കഷ്ടപ്പെട്ടതല്ലേ, ഒരു ആശ്വാസത്തിന് ഞാന്‍ അവര്‍ക്കൊരു സാന്‍വിച്ച് വാങ്ങിക്കൊടുത്തു. 'മോതിരം ഞാന്‍ കളയില്ല. ആരെങ്കിലുമൊരാള്‍ കുരുങ്ങാതിരിക്കില്ല', ഒരു വരണ്ട ചിരിയോടെ അവര്‍ പറഞ്ഞു.

വാട്ടര്‍ലൂ സ്‌റ്റേഷനില്‍ ഒരു മാസം 90 ദശലക്ഷത്തിലേറെ യാത്രക്കാരാണ് കയറിയിറങ്ങി പോകുന്നത്. ലണ്ടനിലെ ഏറ്റവും തിരക്കുള്ള സ്‌റ്റേഷനുകളിലൊന്നാണിത്. ജനം സ്‌റ്റേഷനു ചുറ്റും ഒഴുകുകയാണ്. പുറത്ത് പത്രവില്പനക്കാര്‍ യാത്രക്കാരെ ആകര്‍ഷിക്കാനുള്ള ഉത്സാഹത്തിലാണ്. “I am so handsome. Even train stops here", ഒരുത്തന്‍ തൊണ്ടപൊട്ടിക്കുന്നു.

ജെറോം കെ ജെറോമിന്റെ Three Men in a Boat എന്ന1889-ലെ ഹാസ്യ നോവലില്‍ നായകന്മാര്‍ കൂട്ടം തെറ്റി നട്ടം തിരിയുന്നത് വാട്ടര്‍ലൂ സ്‌റ്റേഷനില്‍ വെച്ചാണ് :

"We got to Waterloo at eleven, and asked where the eleven-five started from. Of course nobody knew; nobody at Waterloo ever does know where a train is going to start from, or where a train when it does start is going to, or anything about it. The porter who took our things thought it would go from number two platform, while another porter, with whom he discussed the question, had heard a rumour that it would go from number one. The station-master, on the other hand, was convinced it would start from the local".

സ്‌റ്റേഷനപ്പുറത്തുള്ള സെയിന്‍സ്ബറി സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുന്നവരുടെ തിക്കും തിരക്കുമാണ്. തട്ടുകടകള്‍ നിറയെ സാധനങ്ങളാണ്. പക്ഷേ മനുഷ്യനാവശ്യമുള്ളതൊന്നും കിട്ടില്ല. ലണ്ടന്‍കാര്‍ എന്തെങ്കിലും വാരിവലിച്ച് തിന്നുന്നവരാണെന്ന് തോന്നും നിരത്തിവെച്ച സാധനങ്ങള്‍ കണ്ടാല്‍. തിന്നുമടുത്തില്ലേ എന്ന്‍ പൊതിഞ്ഞുവെച്ച കോഴിയും കൂട്ടുകാരും വരെ ചോദിക്കും. മൊറോക്കന്‍ ചിക്കന്‍, ചൈനീസ് ചിക്കന്‍, ഹണി ചിക്കന്‍, ടര്‍ക്കി മീറ്റ്‌ബോള്‍, ഉരുളക്കിഴങ്ങും, തക്കാളിയും പേരുമാറ്റി മധുരിച്ചും, കീറിയും, അങ്ങനെ പുണ്യപുരാതനകാലം മുതല്‍ തരുന്ന ഒരേ വിഭവങ്ങള്‍. ചിലപ്പോളൊക്കെ ഒരുമണിക്കൂര്‍ നേരം അതിനുള്ളില്‍ ചുറ്റിനടന്നാലും ഒന്നും വാങ്ങാതെ ഇറങ്ങിപ്പോരേണ്ടിവരും.

ഗൃഹാതുരത്വം ഭക്ഷണത്തോടൊപ്പം തുടങ്ങുന്നു എന്ന് പറഞ്ഞത് ചെഗുവേരയാണ്. ഒപ്പമുള്ള സഖാക്കള്‍ വിപ്ളവ ചര്‍ച്ചയുടെ കാടുകയറുമ്പോള്‍ അര്‍ജന്‍റീനയിലെ ചിംചൂരി സോസിലിട്ട പോത്തിറച്ചി കഷ്ണങ്ങളെക്കുറിച്ച് ഓര്‍ത്ത് വിഷമിക്കുമായിരുന്നു ചെ. എലിഫന്റ് & കാസിലില്‍ നാടിന്റെ ഒരു ചെറിയ ഓര്‍മ വീണ്ടെടുക്കാം. വയനാട്ടിലും, കോഴിക്കോടും നിന്നുള്ള ചില ഉത്സാഹികള്‍ ഒരു കേരള ഭക്ഷണശാല നടത്തുന്നുണ്ട്. രണ്ടു പൌണ്ട് കൊടുത്താല്‍ ബീഫ് കറിയും, നെയ്‌ചോറും, ഒരു വട്ടച്ചെമ്പില്‍ പെരുത്ത സന്തോഷവും കിട്ടും. അവിടെയൊന്ന് എത്തിപ്പെടാന്‍ വളഞ്ഞുപുളഞ്ഞ ഭൂഗര്‍ഭ പാതകളിലൂടെ പോയാല്‍ ഒരു തുറന്ന ചന്തയിലെത്തും. ചിലപ്പോളൊക്കെ ഭൂഗര്‍ഭ പാതയുടെ ഇരുണ്ട ഇടവഴികളില്‍ കൂറ്റന്‍ ആഫ്രിക്കന്‍ ചെണ്ടകള്‍ കൊട്ടുന്ന ശബ്ദം കേള്‍ക്കാം. അടികൊണ്ടു പാഞ്ഞുനടക്കുന്ന ഒരു ഫുട്‌ബോളിന്റെ പ്രതിധ്വനിയും എപ്പോളുമുണ്ടാകും. രാത്രി 9 മണി കഴിഞ്ഞാല്‍ പിന്നെ ആരും അതുവഴി പോകാന്‍ ധൈര്യപ്പെടാറില്ല. ചുമര്‍ ചിത്രങ്ങളും, ചുമരില്‍ പടര്‍ന്ന കാല്‍വണ്ണ കനമുള്ള വള്ളികളും രാത്രികളില്‍ ഒറ്റക്കാവും.

എലിഫന്റ് & കാസിലില്‍ ഡ്രഗ് അഡിക്റ്റുകള്‍ക്ക് 'സ്റ്റഫ്' വില്ക്കുന്നൊരു കടക്കാരനുണ്ട്. കലാകാരന്മാരും, കവികളും, മറ്റ് പലരും അവിടെ ചുറ്റിത്തിരിയും. സ്റ്റഫിന്, 'ക്ളാസ്സ് എ മരുന്ന്' എന്നാണ് പേര്. 'ക്ളാസ്സ് എ കൂട്ടം' എന്ന് സ്വയം വിളിക്കുന്നതില്‍ അവര്‍ക്ക് തെല്ലഭിമാനം ഉണ്ടുതാനും. പിന്നെയുള്ളത് മരിജുവാന വില്‍ക്കുന്ന കക്ഷികളാണ്. കച്ചവടക്കാരും, ആവശ്യക്കാരും ദിവസം മുഴുവനുമുണ്ട്. തുടക്കക്കാരും, പുതുക്കക്കാരും അടുത്തുള്ള മൂത്രപ്പുരയിലേക്ക് പോകില്ല. തൃശ്ശൂര്‍ ടൌണ്‍ ഹാളില്‍ 'മാസ് ഫിലിം സൊസൈറ്റി' കാണിച്ചിരുന്ന കിഴക്കന്‍ യൂറോപ്യന്‍ സിനിമകളിലെപ്പോലെയുള്ള പൊതു കക്കൂസുകള്‍. ഇരിക്കാനുള്ള തട്ടൊക്കെ പൊട്ടിപ്പൊളിഞ്ഞാണ് കിടക്കുന്നത്. ആണും പെണ്ണും കുത്തിയിരുന്നു സ്റ്റഫ് ഉപയോഗിക്കുന്നു. മാന്യന്‍മാരായ മരുന്നടിക്കാര്‍ കക്കൂസില്‍ കയറില്ല. അവര്‍ സ്വയം വിശേഷിപ്പിക്കുന്നത് 'YET' എന്നാണ്. ഇനിയും കക്കൂസിനുള്ളിലേക്ക് ജ്ഞാനസ്‌നാനം ചെയ്യപ്പെടാത്തവര്‍. സന്ദര്‍ശകര്‍ക്കായി കക്കൂസിലെ ചുവരുകളില്‍ മരിജുവാനയില്‍ മുങ്ങിയ കവിഹൃദയങ്ങള്‍ കുറിച്ചിട്ട കവിതകളുണ്ട് :

Everybody got a bong

And smoked lot of weed

Then everybody would get along

And end all of our greed

ഒരു പെണ്‍കുട്ടി താളത്തില്‍ എഴുതിയിരിക്കുന്നു.

I planted a seed

It grew into some weed

I bought it ferts, nutes and lights

And my little plant became such a sight!

I watered it well from my little pale

Then went to sex it.goddamn, its a male

ബറോവിലെത്തുമ്പോള്‍ സംഗതികള്‍ ഉഷാറാകുന്നു. റോമന്‍ അധിനിവേശത്തിന്റെ ആദ്യ താവളങ്ങളിലൊന്ന് ഇവിടമായിരുന്നു. ലണ്ടനെ അവര്‍ ലണ്ടോനിയം എന്നു വിളിച്ചു. ബറോവിലെ കൃഷിക്കാരുടെ ചന്തയില്‍ ധാരാളം വിനോദസഞ്ചാരികളെത്താറുണ്ട്. അനുസരണയുള്ള വിനോദസഞ്ചാരികളോട് വഴികാട്ടി പറയും "On your right..on your left.. ladies and gentlemen..

എന്നാല്‍ ബ്ളാക് ഹോഴ്‌സ് മദ്യശാല ഒരിയ്ക്കലും വിനോദസഞ്ചാരികളെ ആകര്‍ഷിക്കാറില്ല. മദ്യശാലയ്ക്ക് പുറത്തുള്ള കറുത്ത പലകയില്‍ ചോക്കുകൊണ്ട് എഴുതിവെച്ചിരിക്കുന്നു: 'വിദ്യാര്‍ഥികള്‍ക്ക് പത്തു ശതമാനം കിഴിവ്.' ബഹളക്കാരായ കുടിയന്‍മാര്‍ക്ക് കരീബിയക്കാരനായ ഉടമസ്ഥന്‍ കരീബിയന്‍ സ്‌പെഷല്‍, ജെര്‍ക്ക് ചിക്കനും, വില കുറഞ്ഞ മദ്യവും വിളമ്പുന്നു. മുട്ടോളമുള്ള കാലുറക്ക് മുകളില്‍ നടുവെട്ടിയ പാവാടയിട്ട അയാളുടെ ചിലിക്കാരി കൂട്ടുകാരിക്ക് സകലോരോടും ദേഷ്യമാണ്.

'നിങ്ങളുടെ വിദ്യാര്‍ഥി കിഴിവ് പരിപാടി വിജയിക്കുന്നുണ്ടോ?'' എനിക്കീ സ്ഥലമേ കണ്ടുകൂട. ഇതുപോലുള്ള കക്ഷികള്‍ നിരന്നിരിക്കുമ്പോള്‍ ഒരു വിദ്യാര്‍ഥിയും വരില്ല. ഇത് പഴയകാല 'Black and white horror movie' പോലെയാണ്. മദ്യശാലയില്‍ ചിതറിയിരിക്കുന്ന കറുത്തവരും, വെള്ളക്കാരുമായ കൂട്ടത്തെനോക്കി അവള്‍ പറഞ്ഞു.

'നിങ്ങള്‍ ലണ്ടനെ വെറുത്താല്‍, നിങ്ങള്‍ ജീവിതത്തെ വെറുക്കുന്നു,' അവളെ ദേഷ്യം പിടിപ്പിക്കാന്‍ മേശയോട് ചാഞ്ഞുനിന്ന ഒരുത്തന്‍ പറഞ്ഞു.

She rounds up her lip like nozzle of a hair drier, the thing londoners do when they prepare to spew swear words. Befor she says anything her boyfriend grabs her and kiss her on the mouth.

In London everyone has little tricks to shut up others. In London every carves their own world.


Next Story

Related Stories