TopTop
Begin typing your search above and press return to search.

ഗാസയില്‍ നിന്നോരു അറബ് \'സ്റ്റാര്‍ സിംഗര്‍\'

ഗാസയില്‍ നിന്നോരു അറബ് \സ്റ്റാര്‍ സിംഗര്‍\

വില്യം ബൂത്ത്‌

വെസ്റ്റ് ഏഷ്യയില്‍ ടെലിവിഷന്‍ റേറ്റിംഗ് കുത്തനെ ഉയര്‍ത്തിയ പരിപാടിയാണ് 'അറബ് ഐഡല്‍'. ഒരു പലസ്തീനിയന് അഭയാര്‍ഥി കുടുംബത്തില്‍ നിന്നുള്ള യുവാവാണ് ഈ പരിപാടിയിലെ താരം. കക്ഷിക്ക് ആരാധകര്‍ നല്‍കിയ ഓമനപ്പേരാണ് “റോക്കറ്റ്‌”.

അറബ് ഐഡലിന്റെ രണ്ടാമത്തെ സീസണില്‍ പങ്കെടുക്കുന്ന മൊഹമ്മദ്‌ അസാഫ് എന്ന ഈ ഇരുപത്തിമൂന്നുകാരന്‍ തന്റെ നാടോടി ദേശഭക്തിഗാനങ്ങളും പ്രണയഗീതങ്ങളും കൊണ്ടാണ് കാണികളുടെ മനം കവര്‍ന്നിരിക്കുന്നത്. കാത്തിരിപ്പും സങ്കടവും പ്രണയവും എല്ലാം ഇയാളുടെ പാട്ടുകളില്‍ വിഷയമാകുന്നു. ആള്‍ ഇപ്പോള്‍ ഫൈനല്‍ റൌണ്ടില്‍ എത്തിനില്‍ക്കുകയാണ്.

“ഗാസയില്‍ സാധാരണക്കാരും ഉണ്ടെന്ന് അറിയുക. ഗാസ തീവ്രവാദികളും കുറ്റവാളികളും മാത്രമുള്ള സ്ഥലമല്ല, അവിടെ നല്ല മനുഷ്യരും ഉണ്ട്. ഒരു പാലസ്തീനിയന് സ്വപ്നമാണ് അസാഫ്.”, സുഹൃത്തായ അലാ നബ്രീസ്‌ പറയുന്നു.

ഇത് വിരസമായ പറച്ചിലാണ്, നബ്രീസ്‌ സമ്മതിച്ചു. എന്നാല്‍ അത് സത്യവുമാണ്. “ആരെങ്കിലുമൊക്കെ തങ്ങളുടെ സ്വപ്നം കയ്യെത്തിപ്പിടിക്കുന്നത് കാണാനാണ് ഗാസയിലെ യുവത്വത്തിന്റെ ആഗ്രഹം.”

അസാഫിന്റെ ആരാധകര്‍ ഈ യുവഗായകന് അടിമുടി അനുമോദനങ്ങള്‍ ചൊരിയുകയാണ്. അസാഫാകട്ടെ മാതാപിതാക്കളാണ് തന്റെ എല്ലാമെല്ലാം എന്ന്‍ ടിവിയിലൂടെ പറയുകയും ചെയ്തു. ഒരു ദിവസം അസാഫ് പാടാനെത്തിയത് കഫിയേ എന്ന പലസ്തീനിയന്‍ സ്കാര്‍ഫ് അണിഞ്ഞുകൊണ്ടാണ്. ഇത് പലസ്തീന്‍കാരുടെ പോരാട്ടത്തിന്റെയും അഭിമാനത്തിന്റെയും ചിഹ്നമാണ്. അതുമാത്രമല്ല അസാഫിനെ കണ്ടാല്‍ ഒരു പരസ്യചിത്രത്തില്‍ നിന്നിറങ്ങിവന്ന സുന്ദരനെപ്പോലെയുണ്ടെന്ന് ആരാധകര്‍.

“പെണ്‍കുട്ടികള്‍ ഇവിടെ വീട്ടിലൊന്നും തിരക്കി വരാറില്ല, പക്ഷെ ഇന്റര്‍നെറ്റും ഫേസ്ബുക്കും നിറയെ അവരാണ്”, ഒരു കണക്കു ടീച്ചര്‍ കൂടിയായ അസാഫിന്റെ അമ്മ പറഞ്ഞു.

"പലസ്തീനിയന്‍ ജനതയെ ഒന്നിപ്പിക്കാന്‍ രാഷ്ട്രീയക്കാരെക്കാള്‍ നന്നായി അസാഫ് പ്രവര്‍ത്തിക്കുന്നുണ്ട്”, പലസ്തീന്‍ സര്‍വകലാശാലയിലെ സഹപാഠിയും സുഹൃത്തുമായ അഹമദ്‌ അവാസ് പറയുന്നു.

പരിപാടിയില്‍ അസാഫ് രാഷ്ട്രീയം പൂര്‍ണ്ണമായും ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ വെസ്റ്റ്‌ബാങ്കിലെ ഇസ്രായേല്‍ അധിനിവേശത്തെപ്പറ്റിയും ഗാസയിലെ പരിതാപകരമായ അവസ്ഥയെപ്പറ്റിയും അസാഫ് മാധ്യമങ്ങളോട് സംസാരിച്ചിട്ടുണ്ട്. പ്രമുഖ പലസ്തീന്‍ പോരാളിയും നിരാഹാര സമരനായകനുമായ സമീര്‍ ഇസാവിയാണ് തന്റെ പ്രചോദനം എന്ന് അസാഫ് പലസ്തീനിയന്‍ മാന്‍ വാര്‍ത്താഏജന്‍സിയോട് പറഞ്ഞു. സ്ഫോടകവസ്തുക്കള്‍ കൈവശം വെച്ചതിനും വധശ്രമത്തിനും ഇസാവി അറസ്റ്റിലായത്‌ രണ്ടായിരത്തിരണ്ടിലാണ്. ഒരിക്കല്‍ ജയില്‍മോചിതനായ അയാള്‍ പരോള്‍ നിയമം ലംഘിച്ച്ചതിന്റെ പേരിലാണ് കഴിഞ്ഞ വര്‍ഷം വീണ്ടും അറസ്റ്റിലായിരുന്നു.

“എന്റെ സംഗീതത്തെയും ദേശസ്നേഹത്തെയും വേര്‍തിരിക്കാനാകില്ല” - അസാഫ് പറയുന്നു.

എന്നാല്‍ ഷോ തുടങ്ങുന്നതിനും പ്രശസ്തനാകുന്നതിനുമൊക്കെ മുന്‍പ് ഗാസയിലെ ഹമാസ്‌ തീവ്രവാദിസംഘടന അസാഫിനെ പീഡിപ്പിച്ചിരുന്നതായാണ് സുഹൃത്തുക്കള്‍ പറയുന്നത്. യുവാക്കള്‍ തലമുടി കൃത്യമായി വെട്ടുന്നുണ്ടോ എന്നും ലോവേസ്റ്റ് ജീന്‍സ്‌ ധരിക്കുന്നുണ്ടോ എന്നുമൊക്കെ ഹമാസ്‌ പോലീസ്‌ പരിശോധിക്കാറുണ്ട്.

തിളക്കമുള്ള ഉടുപ്പുകളും മേനിപ്രദര്‍ശനവും പാശ്ചാത്യരീതിയിലുള്ള പരസ്യങ്ങളുമോക്കെയായി അറബ് ഐഡല്‍ ഹമാസിന് ഇഷ്ടപ്പെട്ടിരിക്കാന്‍ സാധ്യതയില്ല. എങ്കിലും ഇതേവരെ അവര്‍ ഈ പരിപാടിയെ എതിര്‍ത്തൊന്നും പറഞ്ഞിട്ടില്ല.

ഇപ്പോഴും അറബ് ഐഡല്‍ നടക്കുന്ന രണ്ടുമണിക്കൂര്‍ സമയം ഗാസയിലെ തെരുവുകള്‍ ഒഴിഞ്ഞുകിടക്കും.

അറബ് ഐഡലിന്റെ പ്രചോദനം അതിന്റെ ബ്രിട്ടീഷ്, അമേരിക്കന്‍ പരിപാടികളാണ്. മൊറോക്കോ മുതല്‍ ഇറാക്ക് വരെയുള്ള സ്ഥലങ്ങളില്‍ നിന്നുള്ള യുവാക്കള്‍ പോപ്‌ ഗായകരായ വിധികര്‍ത്താക്കളുടെ ഒരു പാനലിനുമുന്നില്‍ തങ്ങളുടെ ഹൃദയം തുറന്നു പാടുന്നു. വിധികര്‍ത്താക്കള്‍ ചിലപ്പോഴൊക്കെ പ്രശംസ ചൊരിയുകയും ചിലപ്പോള്‍ കോട്ടുവായിടുകയും ചെയ്യുന്നു.

പരിപാടിയുടെ അമേരിക്കന്‍ രൂപം പോലെ തന്നെ ആളുകളെ രസിപ്പിക്കുന്നതാണ് ഇതും. എന്നാല്‍ അറബ് ഐഡല്‍ അല്‍പ്പം കൂടി രാഷ്ട്രീയ ചുവയുള്ളതാണ്. ഒരു സിറിയന്‍ ഗായകന്‍ തന്റെ രാജ്യത്തിന്റെ “വേദനാ വസന്തത്തെപ്പറ്റി”യാണ് പാടിയത്. പര്‍വാസ് ഹുസൈന്‍ എന്ന ഗായികയോട് ഒരു വിധികര്‍ത്താവ് പറഞ്ഞത് താന്‍ കുര്‍ദിസ്ഥാനില്‍ നിന്നാണ് എന്ന് പറയരുത്, ഇറാക്കില്‍ നിന്നാണ് എന്നുമാത്രം പറഞ്ഞാല്‍ മതി എന്നാണ്. (ഇറാക്കിലെ കുര്‍ദിഷ് ജനത അറബ് ജനതയില്‍ നിന്ന് വേറിട്ട്‌ നില്‍ക്കുന്ന ഒരു കൂട്ടമായാണ് സ്വയം കരുതുന്നത്.)

വിധികര്‍ത്താവായ ലബനീസ് ഗായകന്‍ രഗീബ്‌ അലാമ, അസാഫിനെ റോക്കറ്റ് എന്ന് വിളിച്ചതോടെയാണ് ഈ പേര് വീണത്‌. അസാഫിന്റെ ശബ്ദത്തെ ഉദ്ദേശിച്ചാണ് പേര് ഇട്ടതെങ്കിലും ഗാസയില്‍ നിന്നുള്ള ഒരു യുവാവിന് അത് ദ്വയാര്‍ത്ഥമുള്ള പേരാണ്. ഇസ്രായേലുമായി വര്‍ഷങ്ങള്‍ നീണ്ട പോരാട്ടത്തില്‍ തീപ്പന്തങ്ങളും സ്ഫോടനങ്ങളും കണ്ടുവളര്‍ന്നതാണ് അസാഫിന്റെ ബാല്യം.

ഒരു തവണ വിധികര്‍ത്താവായ ആലം എന്ന യു.എ.ഇ സുന്ദരി അസാഫിനോട് പറഞ്ഞു, “നീ പാടുമ്പോള്‍ നീ ഒരു താരമാണെന്നും ഞാന്‍ ഏതോ വലിയ പാട്ടു കച്ചേരി കേള്‍ക്കാന്‍ വന്നിരിക്കുകയാണെന്നുമാണ് തോന്നുക.”

യൂനിസെഫിന്റെ അംബാസിഡറും ലെബനീസ്‌ ഗായികയുമായ വിധികര്‍ത്താവ് നാന്‍സി അജ്റാം ഒരിക്കല്‍ അസാഫിന്റെ മനോഹരമായ ശബ്ദം കേട്ട് കരഞ്ഞു. “നീ ഒരു യഥാര്‍ത്ഥഗായകനാണ്”, ഒരു നെടുവീര്‍പ്പോടെ അവര്‍ പറഞ്ഞു.

ഗാസയിലെ തെരുവുകളില്‍ നിറയെ അറബ് ഐഡലില്‍ വിളിച്ച് അസാഫിന് വോട്ടുചെയ്യാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള പോസ്റ്ററുകളാണ്.

ഷോ നടത്തുന്ന ദുബായ് കേന്ദ്രീകരിച്ചുള്ള സാറ്റലൈറ്റ്‌ ബ്രോഡ്കാസ്റ്ററുമായി ഒരു റെക്കോര്‍ഡിംഗ് കോണ്‍ട്രാക്ട് ആണ് വിജയിക്ക് ലഭിക്കുക. ഒപ്പം ലഭിക്കുന്ന ഷെവര്‍ലെ കൊര്‍വറ്റെ ഗാസാത്തെരുവുകളില്‍ ഒരു അസാധാരണകാഴ്ചയായിരിക്കും.

മിഡില്‍ ഈസ്റ്റില്‍ ഏറ്റവും പ്രചാരമുള്ള രാജ്യം എന്തായാലും അമേരിക്കയായിരിക്കില്ല. എന്നാല്‍ പരിപാടിയുടെ സ്പോണ്‍സര്‍മാര്‍ ഷെവര്‍ലെ മാത്രമല്ല, പെപ്സിയും ട്വിക്സും കെന്റക്കി ഫ്രൈഡ്‌ ചിക്കനും ഉള്‍പ്പെടും. കഴിഞ്ഞയാഴ്ച വരെ ഗാസയില്‍ ഈജിപ്തിലൂടെ തുരങ്കമാര്‍ഗം കടത്തിക്കൊണ്ട് വന്ന കെന്റക്കി ഫ്രൈഡ്‌ ചിക്കന്‍ കിട്ടിയിരുന്നു.

അസാഫിന്റെ വീട്ടില്‍ അസാഫിന്റെ മൂത്ത ചേട്ടന്‍ വിരുന്നുകാരെ സ്വീകരിക്കുന്ന തിരക്കിലാണ്. സ്വീകരണമുറി നിറയെ ഖുറാന്‍ വചനങ്ങളും അസാഫിന്റെ ചിരിക്കുന്ന മുഖമുള്ള പോസ്റ്റുകളും. അസാഫിന്റെ മാതാപിതാക്കള്‍ ഷോ നടക്കുന്ന ബെയ്റൂട്ടിലേക്ക് പോയിരിക്കുകയാണ്.

“മൊഹമ്മദിന് അഞ്ചു വയസുള്ളപ്പോഴാണ് അവന്‍ ആദ്യമായി ഒരു വലിയ വേദിയില്‍ പാടുന്നത്. യാസര്‍ ആരാഫാത്തിനെ ആദരിക്കാന്‍ കൂടിയ ഒരു സദസ്സിലായിരുന്നു അത്.” മുന്‍ പലസ്ടീനിയന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ നേതാവ് കൂടിയായ ശാദി അസാഫ് പറഞ്ഞു. “ഇത്ര ചെറുപ്പത്തിലെ ഇത്ര നന്നായി പാടിയ കുട്ടിയെ എല്ലാവരും അന്ന്‍ അനുമോദിച്ചിരുന്നു.”

കുടുംബവീട്ടില്‍ എല്ലാവരും അസാഫിനെപ്പറ്റി വളരെ സ്നേഹത്തോടെയാണ് സംസാരിക്കുന്നത്. ഗാസയിലായാലും പുറത്തായാലും അഭയാര്‍ഥിക്കുട്ടികളായതുകൊണ്ട് അവര്‍ക്ക് വിജയിക്കാന്‍ കഴിയില്ലെന്ന ധാരണ അസാഫ് തിരുത്തിയെന്നാണ് അവര്‍ പറയുന്നത്.

അറബ് ഐഡലില്‍ പങ്കെടുക്കാന്‍ വേണ്ടി റാഫാ ക്രോസിംഗിലൂടെ അസാഫ് ഈജിപ്ത്തിലെത്താന്‍ ശ്രമിച്ചതിനെപ്പറ്റിയും അധികൃതര്‍ അവനു അനുമതി നിഷേധിച്ചതിനെപ്പറ്റിയും ഒടുവില്‍ പണം കൊടുത്തു യാത്രാനുമതി നേടിയതിനെപ്പറ്റിയുമൊക്കെ മൊഹമ്മദ്‌ അബു ജാബര്‍ എന്ന സുഹൃത്ത്‌ വാചാലനാകുന്നു. ഒരു മണികൂര്‍ വൈകി അസാഫ്‌ എത്തിയപ്പോഴെയ്ക്കും വേദി അടച്ചിരുന്നു.

അമ്മ അവനോടു ഫോണിലൂടെ മതില്‍ചാടിക്കടക്കാന്‍ പറഞ്ഞുവെന്നും അവന്‍ ചാടിയെന്നും ഒക്കെയാണ് കഥ. അവനോടു സെക്യൂരിറ്റിജീവനക്കാര്‍ക്ക്‌ അനുകമ്പ തോന്നിയെങ്കിലും ഓഡിഷന് ഒഴിവില്ലായിരുന്നു. വഴിയരികില്‍ നിന്ന് പാടാന്‍ തുടങ്ങിയ അസാഫിന്റെ പാട്ടുകേട്ട് അവന്‍ ജയിച്ചേക്കും എന്ന് തോന്നിയ മറ്റൊരു മത്സരാര്‍ഥി തന്റെ ടിക്കറ്റ് അസാഫിന് നല്‍കി പിന്‍വാങ്ങുകയാണ് ഉണ്ടായത്.

“അറബ് ഐഡല്‍” വിജയിയെ ജൂണ്‍ 21ന് തെരഞ്ഞെടുക്കും.

(വാഷിംഗ്ടണ്‍ പോസ്റ്റ്)


Next Story

Related Stories