TopTop
Begin typing your search above and press return to search.

ഒരു കപ്പ് കാപ്പി കൂടി

ഒരു കപ്പ് കാപ്പി കൂടി

അഞ്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ഹിന്ദി ചലച്ചിത്രത്തിന്റെ പദ്ധതിയുമായി ഞാന്‍ മുംബൈയിലെ അറിയപ്പെടുന്ന പല നിര്‍മാതാക്കളെയും, സ്റ്റൂഡിയോകളെയും സമീപിച്ചിരുന്നു. കെ.കെ മേനോനെയും ആര്‍. മാധവനെയും മുഖ്യകഥാപാത്രങ്ങളാക്കിയുള്ള ചുരുങ്ങിയ ചെലവിലുള്ള ഒരു ചിത്രമായിരുന്നു അത്. ആരും തയ്യാറായില്ല. ഈ ദക്ഷിണേന്ത്യക്കാരെ വെച്ചുള്ള ചിത്രമൊക്കെ ബോളിവുഡില്‍ ചെലവാകില്ല എന്ന കാര്യത്തില്‍ അവര്‍ക്ക് സംശയമൊന്നുമുണ്ടായിരുന്നില്ല.

18 മാശങ്ങള്‍ക്ക് മുമ്പ് മറ്റൊരു ഹിന്ദി ചലച്ചിത്രത്തിന്റെ തിരക്കഥയുമായി ഞാന്‍ നടന്‍ പൃഥ്വിരാജിനെ കണ്ടു. അയാള്‍ ഏറെ താല്പര്യം പ്രകടിപ്പിച്ചു. പക്ഷേ, മുംബൈയില്‍ ആ ചിത്രത്തിനൊരു നിര്‍മാതാവിനെ കണ്ടെത്താന്‍ എനിക്കായില്ല. പ്രതികരണം ആദ്യത്തേതുപോലെതന്നെ. പൃഥ്വിരാജ് പിന്നീട് അനുരാഗ് കാശ്യപ് സഹ നിര്‍മാതാവായ 'അയ്യാ'യി കൂടി ഹിന്ദി ചലച്ചിത്രലോകത്ത് അരങ്ങേറി.

ഞാനിത് ചില നിര്‍മാതാക്കളോട് പറഞ്ഞപ്പോള്‍, റാണി മുഖര്‍ജിയാണ് ആ ചിത്രത്തിലെ നായകന്‍ എന്നു പറഞ്ഞാണ് അവര്‍ അപഹസിച്ചത്.

പൃഥ്വിരാജിന്റെ മറ്റൊരു ഹിന്ദി ചലച്ചിത്രം 'ഔറംഗസേബ്' ഇപ്പോള്‍ തീയേറ്ററുകളില്‍ എത്തിയിട്ടുണ്ട്.

ഇരട്ടവേഷം ചെയ്യുന്ന അര്‍ജുന്‍ കപൂറാണ് നായകന്‍. ഋഷി കപൂറിനും, ജാക്കീ ഷ്രോഫിനും ഒപ്പം സഹ നടന്റെ വേഷത്തിലാണ് പൃഥ്വിരാജ്.

80-കളില്‍ കമലഹാസനും രജനീകാന്തും, ഹിന്ദി ചലച്ചിത്രലോകത്ത് കയ്യാളിയിരുന്ന അതേ സ്ഥാനത്താണ് പൃഥ്വിരാജ് ഇപ്പോള്‍. പ്രാദേശിക വിപണിയില്‍ വില്‍പനാ മൂല്യമുള്ള താരം. പക്ഷേ ബോളിവുഡിന്റെ വെള്ളിവെളിച്ചത്തിലെത്താന്‍ കൊതിക്കുന്ന ഒരു താരമാണയാള്‍.

വേശ്യാലയത്തിലെത്തിയ ആവശ്യക്കാരെ പോലെയാണ് തെക്കേ ഇന്ത്യയിലെ ചലച്ചിത്ര വ്യവസായ ലോകത്തോട് ബോളിവുഡിന്റെ സമീപനം. പകര്‍പ്പുണ്ടാക്കാന്‍ (remake) കഴിയുന്ന വിജയിച്ച ചിത്രങ്ങള്‍ മാത്രമേ അവര്‍ക്ക് തെക്കേ ഇന്ത്യയില്‍ നിന്നും വേണ്ടൂ.

അടുത്തിടെ ബോളിവുഡില്‍ 100 കോടി വാരിയ മിക്ക വിജയ ചിത്രങ്ങളും ഇങ്ങനെയുള്ള പകര്‍പ്പുകളാണ്. സല്‍മാന്‍ ഖാന്റെ റെഡി (റെഡി), ബോഡീഗാര്‍ഡ് (ബോഡീഗാര്‍ഡ്), അജയ് ദേവ്ഗണിന്റെ സിംഘം (സിംഗം), അക്ഷയ് കുമാറിന്റെ റൌഡി റാത്തോഡ് (വിക്രമാര്‍കുടു) എന്നിവ ചില ഉദാഹരണങ്ങളാണ്. ഇവരുടെ വരാന്‍ പോകുന്ന ചിത്രങ്ങളും ഈ നിരയില്‍ പെട്ടവതന്നെ; സല്‍മാന്‍ ഖാന്റെ കിക്ക് (കിക്ക്), അക്ഷയ് കുമാറിന്റെ ബോസ്സ് (പോക്കിരി രാജ), പിസ്റ്റള്‍ (തുപ്പാക്കി), ഗബ്ബര്‍ (രമണ). തെക്കുനിന്നുള്ള ഏറ്റവും മികച്ച ചിത്രങ്ങളാണോ ഇവ? അല്ല,ഒരുപക്ഷേ ബോളിവുഡിലെ നിര്‍മാതാക്കള്‍ പറയുമ്പോലെ 'ധന്താ അച്ഛാ കിയാ ഹേ, തൊ ഹിറ്റ് ബന്‍ ജായേഗി'.

ചിലപ്പോളൊക്കെ നല്ല ചിത്രങ്ങളുടെ പകര്‍പ്പുണ്ടാക്കാറുണ്ടെങ്കിലും, അവയൊക്കെ പൊളിഞ്ഞു പോകാറാണ് പതിവ്. പ്രിയദര്‍ശന്‍റെ രങ്ഗ്രീസ് (നാടോടികള്‍) ഇതിനൊരു ഉദാഹരണമാണ്.

കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് നാഗേഷ് കുക്കന്നൂര്‍ പെരുമഴക്കാലം, ദോര്‍ എന്ന പേരില്‍ ഹിന്ദി രൂപാന്തരണം നടത്തിയിരുന്നു. വിമര്‍ശക ശ്രദ്ധ പിടിച്ചു പറ്റിയെങ്കിലും ബോക്‌സ് ഓഫീസില്‍ ചിത്രം പരാജയപ്പെട്ടു. ട്രാഫിക് ഹിന്ദിയിലെടുക്കുന്ന രാജേഷ് പിള്ളക്ക് ഇതിന് മാറ്റം വരുത്താന്‍ കഴിയും എന്നു പ്രതീക്ഷിക്കാം.

തെക്കുനിന്നും പിന്നെ ബോളിവുഡിന് ആവശ്യമുള്ളത് കാണാന്‍ അഴകുള്ള, മാദകത്തമുള്ള നടിമാരെയാണ്. അതുകൊണ്ടാണ് അസിന്‍, കാജല്‍, തപ്‌സീ, തമന്ന, ഇലീന എന്നിവരൊക്കെ അവിടെ ഈയിടെ അരങ്ങേറിയത്. വിരോധാഭാസം എന്താണെന്നുവെച്ചാല്‍, നടിമാരോടുള്ള ബോളിവുഡ് സമീപനം തെക്കേ ഇന്ത്യയിലെ ചലച്ചിത്ര വ്യവസായത്തിന്റെ അതേ സമീപനമാണ് അല്ലെങ്കില്‍ അതിന്റെ കണ്ണാടി പകര്‍പ്പാണ് എന്നു പറയാം. മുന്‍ പറഞ്ഞവരില്‍ അസിനൊഴിച്ച് എല്ലാവരും, അവരുടെ സൌന്ദര്യത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം തെക്കുള്ള നിര്‍മാതാക്കള്‍ തെരഞ്ഞെടുത്ത വടക്കേ ഇന്ത്യക്കാരാണ്.

പക്ഷേ, ഇവരാണോ ദക്ഷിണേന്ത്യയിലെ മികച്ച അഭിനേതാക്കള്‍? എന്തുകൊണ്ടാണ് തെക്കുനിന്നുള്ള മികച്ച അഭിനേതാക്കള്‍ക്ക് മുംബൈയില്‍ അവസരം കിട്ടാത്തത്? സൌന്ദര്യം വില്‍ക്കാന്‍ പറ്റും; നല്ല അഭിനയം പറ്റില്ലായിരിക്കും.

തെക്കുനിന്നുള്ള ചലച്ചിത്രങ്ങളുടെ ബൌദ്ധികമോ രാഷ്ട്രീയമോ ആയ സംവേദനക്ഷമത ബോളിവുഡിന് ആവശ്യമില്ല. അത്തരം സൂക്ഷ്മതകള്‍ക്ക് മുംബൈയിലും ഡല്‍ഹിയിലും സ്ഥാനമില്ല. ദുഖകരമായ, യാഥാര്‍ഥ്യബോധമുള്ള പര്യവസാനത്തെ അവര്‍ വെറുക്കുന്നു.

പകരം അവര്‍ക്ക് വേണ്ടത് വാചകമടിയും, എക്സാജ്റേറ്റ് ചെയ്ത സംഘട്ടനങ്ങളും ഒക്കെയാണ്. അന്യന്‍, മഗധീര, ശിവജി, എന്തിരന്‍, രാവണന്‍, ബദരീനാഥ് എന്നെ ചിത്രങ്ങളിലെ ത്രസിപ്പിക്കുന്ന സംഘട്ടന രംഗങ്ങള്‍ ഒരുക്കിയെടുത്ത സംഘട്ടന സംവിധായകന്‍ പീറ്റര്‍ ഹെയിനെപ്പറ്റി പറഞ്ഞുകേട്ട ഒരു കഥയുണ്ട്. സംഘട്ടന രംഗങ്ങളില്‍ പീറ്റര്‍ നിലത്ത് ധാരാളം അറക്കപ്പൊടി വാരിയിടും. അപ്പോള്‍, വില്ലന്മാര്‍ നിലത്ത് വീഴുന്ന സ്ളോമോഷന്‍ ക്ളോസ് അപ് ഷോട്ടില്‍ പൊടി പറക്കുന്നത് കാണാം. ഈ പരിപാടി പെരുത്തിഷ്ടമായ ബോളിവുഡ് സംവിധായകരും, നിര്‍മാതാക്കളും ഇതിനെ പീറ്റര്‍ പൌഡര്‍ ഇഫെക്റ്റ് എന്നാണ് വിളിക്കുന്നത്. ഇപ്പോള്‍ വരുന്ന എല്ലാ 100 കോടി ഹിന്ദി വിജയ ചിത്രങ്ങളിലും ഈ അറക്കപ്പൊടി പ്രയോഗം സുലഭമായി കാണാം.

ഇത് ബോളിവുഡിനെതിരെ മുദ്രാവാക്യം വിളിക്കുകയല്ല. ചലച്ചിത്ര വ്യവസായത്തിലെ ചില വസ്തുതകളെ ചൂണ്ടിക്കാണിച്ചു എന്നു മാത്രം. സത്യത്തില്‍ നിങ്ങള്‍ക്ക് തിരിച്ചും ചോദിക്കാം; എന്തുകൊണ്ടാണ് ബോളിവുഡിലെ നല്ല ചിത്രങ്ങളെ ദക്ഷിണേന്ത്യന്‍ ചലച്ചിത്രലോകം തെരഞ്ഞെടുക്കാത്തത്? നിര്‍മാതാക്കളുടെയും സംവിധായകരുടെയും പ്രതികരണം നേരത്തെ കിട്ടിയവയില്‍ നിന്നും ഒട്ടും വ്യത്യസ്തമാവില്ല. ഇതൊക്കെത്തന്നെയാണ് ഇന്ത്യയിലെ ചലച്ചിത്ര വ്യവസായത്തെപ്പറ്റി ഹോളിവുഡും ചിന്തിക്കുന്നത്. ചലച്ചിത്ര വ്യവസായത്തില്‍ ഇറങ്ങുന്ന പണത്തെപ്പറ്റി നമ്മളാദ്യം ആലോചിക്കണം. വേശ്യാലയത്തിലും, ചലച്ചിത്ര വ്യവസായത്തിലും പണം ഒരുപോലെ നിര്‍ണായകമാണ്. അല്ലെങ്കില്‍ ഒരു സാമ്പത്തിക വിദഗ്ധന്റെ ഭാഷയില്‍ ആവശ്യമാണ്, ലഭ്യതയെ നിശ്ചയിക്കുന്നത്.

ഇതിനൊരു മാറ്റമുണ്ടാവുമോ? ഉണ്ടാകും, പക്ഷേ സാവധാനം മാത്രമേ നടക്കൂ. വരുമാനം കൂട്ടാനുള്ള ആവശ്യം ഉയരുന്നതിനിടയില്‍, ബോളിവുഡ്, തെക്കേ ഇന്ത്യയില്‍ നിന്നുള്ള കഥകളേയും, കഴിവുള്ളവരേയും കൂടുതല്‍ തേടിക്കൊണ്ടിരിക്കും. അവഞ്ചറിലേത് പോലെ നാല് അമാനുഷ നായകന്മായരുള്ള ഒരു കഥ ആലോചിക്കു. ഹൃത്വിക്കും, മഹേഷ് ബാബുവും, സൂര്യയും, മമ്മൂട്ടിയും അണിനിരക്കുന്ന ഒരു ഇന്ത്യന്‍ സൂപ്പര്‍ ഹീറോ ചലച്ചിത്രമായാലോ. അല്ലെങ്കില്‍ ഒരു ഷാരൂഖ് ഖാന്‍ - രജനീകാന്ത് ചിത്രം? ഇത് അസംഭവ്യമായ ഒരു സാഹചര്യമല്ല. ഇന്ത്യയിലെ ചലച്ചിത്രങ്ങള്‍ക്ക് 500 കോടിയുടെയും, 100 കോടിയുടെയും കച്ചവടം നടത്തണമെങ്കില്‍ ഇതേ വഴിയുള്ളൂ.

വലിയ വിപണിയുടെ സാമ്പത്തിക ശാസ്ത്രമാണ് ഹോളിവുഡിനെ ഇന്ത്യയിലേക്കും, ചൈനയിലേക്കും ആകര്‍ഷിക്കുന്നതും. ഇര്‍ഫാന്‍ ഖാനും, അനില്‍ കപൂറും, അമിതാഭ് ബച്ചനും പോലുള്ള നടന്മാര്‍ ഹോളിവുഡിലെ വന്‍ മുതല്‍മുടക്കുള്ള 'ദ എമെയ്സിങ്ങ് സ്‌പൈഡര്‍മാന്‍, മിഷന്‍ ഇംപോസ്സിബിള്‍, ദ ഗോസ്റ്റ് പ്രോട്ടോക്കോള്‍, ദ ഗ്രെയ്റ്റ് ഗാറ്റ്‌സ്ബി തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിക്കുമ്പോള്‍ നമ്മളതിനെ നിസ്സാര വേഷങ്ങളെന്ന് പറഞ്ഞു തള്ളിക്കളയും.

പക്ഷേ ഒന്നുകൂടി ആലോചിക്കണം; എന്തിനാണ് ഇത്രയും വലിയ മുതല്‍ മുടക്കുള്ള ചിത്രങ്ങളില്‍ ഒരു ഇന്ത്യക്കാരന്‍ വേണമെന്ന് അവര്‍ ആഗ്രഹിക്കുന്നത്? എന്തുകൊണ്ട് ബ്രസീലിലും ഇന്തോനേഷ്യയിലും നിന്നും ആളുകളെ എടുക്കുന്നില്ല?ഇന്ത്യയിലെ ബോക്‌സ് ഓഫീസിലെ വാങ്ങല്‍ ശേഷിയല്ലേ അതിനു കാരണം?

ഇന്നിപ്പോള്‍ ഹോളിവുഡിന് ഇന്ത്യയുമായുള്ള ബന്ധം ചില നിസ്സാര വേഷങ്ങളും, ഭ്രമിപ്പിക്കുന്ന ചിത്രീകരണ സ്ഥലങ്ങളും ആകാം. പക്ഷേ, നാളെ പീറ്റര്‍ ജാക്‌സനോ, ജയിംസ് കാമറോണോ മഹാഭാരതത്തിന്റെ അന്താരാഷ്ട്ര രൂപാന്തരണത്തിന് ശ്രമിച്ചാലോ? തീര്‍ച്ചയായും, ലോഡ് ഓഫ് റിംഗ്‌സും, അവതാറും പോലുള്ള ആഗോള ശ്രദ്ധ അതിനും ലഭിക്കും എന്ന കാര്യത്തില്‍ സംശയമില്ല.

അതുപോലെതന്നെ, പുതിയ സാമ്പത്തിക സമവാക്യങ്ങളും, തെക്കുമായുള്ള (ഇന്ത്യയുടെ മറ്റ് ഭാഗങ്ങളുമായും) ബോളിവുഡിന്റെ ബന്ധത്തെ പുനര്‍ നിര്‍ണയിക്കും. ബോളിവുഡിലെ വലിയ നിര്‍മാണ കമ്പനികളെല്ലാം, യു ടി വി - ഡിസ്‌നി, ധര്‍മ, യശ് രാജ് ഫിലിംസ്, ഇറോസ്, വിയാകോം 18, ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസ്, എക്‌സെല്‍ തുടങ്ങിയവയെല്ലാം, തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വിപുലമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യയുടെ പല ഭാഗങ്ങളില്‍ നിന്നുള്ള കഥകളും, കഴിവും ആവശ്യപ്പെടും.

ബോളിവുഡിലെ പുതുനിര സംവിധായകര്‍ (2000-ത്തിന് ശേഷം അരങ്ങേറ്റം കുറിച്ചവര്‍) തെക്കേ ഇന്ത്യയുടെ സംവേദന ശീലങ്ങളെക്കുറിച്ച് കൂടുതല്‍ ബോധവാന്‍മാരാണ്. തെക്കേ ഇന്ത്യക്കാരെന്നാല്‍ അവര്‍ക്ക് വെറും മദ്രാസികളും, ഇഡലീ സാമ്പാറും മാത്രമല്ല.

കഥകള്‍ സഞ്ചരിച്ചുകൊണ്ടേയിരിക്കും. അത് മുംബൈയിലെ തെരുവുകളിലും, പ്രവാസി പഞ്ചാബികളുടെ വീടുകളിലും മാത്രമായി ഒതുങ്ങിപ്പോകില്ല എന്നു കരുതാം. കൂടുതല്‍ ഹിന്ദി ചലച്ചിത്രങ്ങള്‍ തെക്കേ ഇന്ത്യയിലെ യഥാര്‍ത്ഥ ലൊക്കേഷനുകളില്‍ ചിത്രീകരിക്കും എന്നും പ്രതീക്ഷിക്കാം (റാമോജിയിലോ പ്രസാദ് സ്റ്റുഡിയോയിലോ അല്ലാതെ).

അതുവരേക്കും കാപ്പിക്കൊപ്പമുള്ള കറുമുറെ കടിക്കായി കാത്തിരിക്കാം.


Next Story

Related Stories