TopTop
Begin typing your search above and press return to search.

ചെന്നൈ കടല്‍ കരൈ വരൈ ചെല്ലും..

ചെന്നൈ കടല്‍ കരൈ വരൈ ചെല്ലും..

ചെന്നൈ കടല്‍ കരൈ വരൈ ചെല്ലും... അടുത്ത മിന്‍തൊടര്‍ വണ്ടി ഇരണ്ടാവത് നടൈ മേടയില്‍ ഇരുന്ത് പുറപ്പെടും!

ഓടി പാഞ്ഞു പടികളിറങ്ങി ചാടി കേറുമ്പോഴും എന്നും ആ അനൗണ്‍സ്‌മെന്റ് ശ്രദ്ധിച്ചിരുന്നു . മനസ് മടുപ്പിക്കുന്ന, ഒരു വകപോലും മനസിലാക്കാന്‍ പറ്റാത്ത സ്ഥിരം റെയില്‍വേ അനൗണ്‍സ്‌മെന്റിന്റ്‌റെ ഛായ ഇല്ലായിരുന്നു ഈ വിളിച്ചു പറയലിന്. രസകരമായൊരു താളമുണ്ട് അതിന്. സ്വപ്നങ്ങളുടെ കടല്‍ കരയിലേക്കുള്ള മായാജാലവണ്ടിയുടെ പ്രതീതിയാണ് എനിക്ക് ചെന്നൈ സബേര്‍ബന്‍ ട്രെയിന്‍! ഇത് പോകുന്നത് നടന്നാലും നടന്നാലും തിരകാണാന്‍ പറ്റാത്ത മറീന ബീച്ചിലേക്കാണെന്നത് അറിയാഞ്ഞിട്ടല്ല.

പ്രായത്തിന്റെയും കയ്യിലിരിപ്പിന്റെയും തല്ലുകൊള്ളിതരങ്ങള്‍ കാരണം പന്ത്രണ്ടാം ക്ളാസ്സിലെ മാര്‍ക്ക് കുറേയടി താഴേക്കിറങ്ങി. നമുക്കൊരു പറ്റുപറ്റിയാല്‍ പിന്നെ തലയില്‍ കേറിയിരുന്നു ഭരണഘടന തിരുത്തി എഴുതുന്ന പ്രസിഡന്റ്‌സ് റൂള്‍ നിലവില്‍ വന്നു. കിടിലന്‍ ഒരു അടിയാണ് കിട്ടിയതെങ്കിലും ജന്മാവകാശമായ വാശിയും അഹങ്കാരവും വിട്ടുകൊടുക്കാന്‍ പറ്റില്ലല്ലോ. അതുകൊണ്ട് ഉറച്ച പ്രഖാപനം കാച്ചി 'ഞാന്‍ കേരളത്തില്‍ പഠിക്കില്ല'.

മൂന്നു മൂന്നര വര്‍ഷത്തെ ചെന്നൈ ജീവിതത്തില്‍ ഏറ്റവും പ്രിയപെട്ടത് ഈ മായാജാലവണ്ടിയും അതിനുള്ളിലെ 100 ഡസിബലിനു മുകളില്‍ ഉള്ള കുശലം പറച്ചിലുകളും ആണ്. ചിലപ്പോള്‍ അത് മറ്റൊരു വാഗണ്‍ ട്രാജഡിക്കുള്ള പുറപ്പാടിലാണെന്നു തോന്നും, തിങ്ങി ഞെരിഞ്ഞും ഒറ്റക്കാലില്‍ തപസു ചെയ്തും തൂങ്ങികിടന്നും കുശലം പറയുന്നവര്‍, എല്ലാ തരക്കാരും ഉണ്ടവിടെ, അമ്മുമ്മ മുതല്‍ പേരക്കുട്ടി വരെ. ചെവിയുടെ തനതായ അടപ്പുപോലെ ഹെഡ്‌ഫോണും ആയാണോ ഇവരെല്ലാം ജനിച്ചത്! അതില്ലാത്ത പോക്കറ്റുകളില്‍ നിന്നെല്ലാം നമ്മുടെ തമിഴ് മന്നന്റെ ഡപ്പാം കൂത്ത് ജനകീയ സേവനമായി മുഴങ്ങുന്നുണ്ടാവും! തങ്ങളേക്കാള്‍ പെരിയ ബാഗും ആയി മഞ്ഞയും ചുമപ്പും റിബണ്‍ കെട്ടിയ കൊച്ചു സുന്ദരിമാര്‍, ഓരോ കച്ചവടക്കാര്‍ വരുമ്പോഴും കയ്യിലുള്ള 2 രൂപ വീണ്ടും വീണ്ടും എണ്ണിനോക്കി, ഒടുക്കം സന്തോഷത്തോടെ സമോസക്കാരന്‍ ചേട്ടന് അതു കൊടുത്തു. ഓറഞ്ച് കൂടയുമായി വന്ന പാട്ടിയുടെ ബ്ളൌസിനിടയിലെ മൊബൈല്‍ വൈബ്രേഷന്‍ അവരുടെ മുലകളെ അസ്വസ്ഥമാക്കിയിരുന്നത് ചിരിയോടെ നോക്കിയിരിക്കുന്ന പത്താം ക്ളാസ്സുകാരന്‍. ഉദ്യോഗസ്ഥന്‍മാരാകട്ടെ പലതരം. ടൈ കെട്ടിയ അണ്ണന്‍മാരും നീലയും നീലയും ഇട്ട അണ്ണന്മാരും ഉരുമ്മിയിരുന്നു പോകുന്നു. എന്റെ കണ്ണില്‍ മായാജാലവണ്ടിയാണ് ഇന്ത്യാ മഹാരാജ്യത്തെ ദി മോസ്റ്റ് ജസ്റ്റ് ഇന്‍സ്റ്റിറ്റുഷന്‍!! കൗതുകം വിട്ടുമാറാത്ത ചിരിയോടെ ഉദിച്ചു നില്കുന്ന മഞ്ഞ താലിചരടുകള്‍, ഇതു കണ്ടില്ലേ എന്ന ഭാവത്തില്‍ എപ്പോഴും ഊറി ചിരിക്കുന്ന ഉടമസ്ഥയും. മറുവശത്തെ ഉടമസ്ഥയുടെ ചരടാകട്ടെ പഴക്കവും മടുപ്പും ബാധിച്ച് നരച്ചു കുരച്ചു, മുഖത്ത് ഈ ചപ്ളാച്ചി ചരടിന്റെ ബാധ്യതകള്‍ ക്യു നില്‍ക്കുന്നുണ്ടായിരുന്നു. റയ്മണ്ട് പാന്റും കളര്‍ പ്‌ളസ് ഷര്‍ട്ടും ഇട്ട മോസ്റ്റ് മോഡേണ്‍ താത്തമാരുടെ നെറ്റിയിലെ രണ്ടിഞ്ചിലധികം ഉള്ള ഭസ്മക്കുറി സീബ്ര ലൈനുകളെ ഓര്‍മപ്പെടുത്തി. സോഫിസ്റ്റികേറ്റട് വേഷഭൂഷാദികളില്‍ നിന്നും ഹൈ സ്റ്റാന്‍ഡേര്‍ഡ് കുശലം പറച്ചിലില്‍ നിന്നും വേറിട്ട് നിന്ന സീബ്ര ലൈനുകള്‍ തമിഴക പ്രൗഡി വിളംബരം ചെയ്തുകൊണ്ടേയിരുന്നു. ടിപ്‌ടോപായി പട്ടുസാരിയിലും കോട്ടന്‍ ചുരിദാറിലും എത്തുന്ന പലപ്രായക്കാരായ ഉദ്യോഗസ്ഥമാരും, ഒരുക്കം പകുതിക്കുവെച്ചു നിര്‍ത്തി ഓടിക്കേറി മല്ലിപ്പൂ വാങ്ങി ചൂടി ഒരുക്കം പൂര്‍ത്തിയാക്കുന്നവരും. സങ്കോചം തീരെയില്ലാതെ പുസ്തകം വായിച്ചും ദേശീയ ആഹാരമായ ഇഡലി കഴിച്ചും, തികഞ്ഞ ആത്മവിശ്വാസം പ്രകടിപ്പിക്കുന്ന ശരീരഭാഷയോടെ രംഗം പ്രസന്നമാക്കുന്നു ഇവര്‍. എന്നെപോലെ പണിയില്ലാത്ത ഒരു കൂട്ടം യുവാക്കളാകട്ടെ വലിയ ലക്ഷ്യം ഒന്നുമില്ലാതെ എപ്പോഴും വണ്ടിയുടെ താളത്തിനുള്ളില്‍ ഉണ്ടാകും.

ആണെന്നോ പെണ്ണെന്നോ ഉള്ള വ്യത്യാസമില്ലാതെ തിരക്കില്‍ തൊട്ടും ഉരുമ്മിയും കെട്ടിപ്പിടിച്ചും, ഇടക്കൊന്നു ഞോണ്ടിയും അതിനുള്ള തല്ലു വാങ്ങിയും വാങ്ങാതെയും ഉള്ള ഒരു യാത്ര. അതിന്റെതായ ബാലന്‍സിംഗ് മെക്കാനിസം ഉണ്ട് അതിന്. പ്രണയവും ദു:ഖവും വഴക്കും കുരുത്തക്കേടുകളും വിശപ്പും സന്തോഷവും എല്ലാം കയറിയിറങ്ങി പോകുന്ന വണ്ടി. മുന്‍പെത്ര കെട്ടിപ്പിടിച്ചിട്ടുണ്ടെങ്കിലും തിരക്കുള്ള വണ്ടിയില്‍ ചേര്‍ന്നിരിക്കുമ്പോള്‍ ഉണ്ടാകുന്ന, ഫിലോസഫി മറന്നു പോകുന്ന പ്രണയത്തിന്റെ സുഖം ഞാനും അനുഭവിച്ചിട്ടുണ്ടെന്ന് പറയാതെ വയ്യ!

ഇതൊക്കെ ആണെങ്കിലും ഇപ്പറഞ്ഞ സുഖമുള്ള വിളിച്ചു പറയല്‍ കൊണ്ടെത്തിക്കുന്ന കടല്‍ക്കര കാണാന്‍ ഒരു വര്‍ഷമെടുത്തു. ഹോസ്റ്റല്‍ മുറിയിലേക്കുള്ള ഓരോ ആക്രി സാധനം വാങ്ങാന്‍ വേണ്ടിയും റെയില്‍വേ ഓവര്‍ ബ്രിഡ്ജ് കടന്നു മാര്‍ക്കറ്റില്‍ പോകുമ്പോളും, എന്റെ കടല്‍കരയെ കുറിച്ചുള്ള ചിത്രം ഓരോന്നായിരുന്നു. പടങ്ങളിലെ, ഇളം നീല വെള്ളവും പഞ്ചാര മണലുമുള്ള കടല്‍ത്തീരം പോലെയാകുമോ? ഇനി നമ്മുടെ കോഴിക്കോട് പോലെ മതിലുകെട്ടിയ ബീച്ച് ആയാല്‍ മോശം. കാലുകള്‍ കറുപ്പികുന്ന കറുമ്പന്‍ തീരമായാലോ? മനം മയക്കുന്ന ഈ വിളംബരം കൊണ്ടെത്തിക്കുന്ന കടല്‍ത്തീരം എന്തായാലും മോശമാകില്ല! പക്ഷേ കുട്ടിചാത്തനിസം എന്നപോലെ എന്റെ യാത്രകളൊക്കെ പകുതിക്കും മുക്കാലിനും വെച്ച് നിന്നു. അങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ! ആദ്യവര്‍ഷത്തെ അവസാന പരീക്ഷണമായിരുന്ന ഇന്ത്യന്‍ കോണ്‍സ്റ്റിറ്റുഷന്‍ പരീക്ഷയില്‍ നിന്നും ആര്‍ജിച്ചെടുത്ത ഫ്രീഡം ഓഫ് മൂവ്‌മെന്റ് പ്രാവര്‍ത്തികമാക്കാന്‍ തന്നെ തീരുമാനിച്ചു. കൂട്ടുപ്രതികള്‍ ഇല്ലാത്ത ആദ്യത്തെ നഗരം ചുറ്റല്‍. 7 രൂപ ടിക്കെറ്റും എടുത്തു ലേഡീസ് കംപാര്‍ട്ട്മെന്റിലെ ജനലിനരികില്‍ ഇരുന്നു. അന്നത്തെ കടല്‍ കരയുടെ ചിത്രം വരെച്ചെടുക്കുന്നതില്‍ നിന്നും ശ്രദ്ധയകറ്റികൊണ്ട്, കുറെ അമ്മമ്മാര്‍ വന്നിരുന്നു. ഏകദേശം ഒരേ പ്രായമുള്ള മക്കളുണ്ടാകണം അവര്‍ക്ക്. ഈ പെണ്‍കുട്ടികള്‍ എന്തൊക്കെയാണ് കാണിച്ച് കൂട്ടുന്നത്.....!!!? ജീന്‍സിന്റെ കൂടെയെന്താ ഇറക്കമുള്ള എന്തെങ്കിലും ഇടാന്‍ പാടില്ല എന്നുണ്ടോ? സ്വന്തം പുരുഷനെ ഇവര്‍ സ്വയം തിരഞ്ഞെടുത്താല്‍ ശരിയാകുമോ? അതിനി ഏതു മതം, ഏതു നാട് ? ആകെ കോലാഹലം! അത് പറഞ്ഞു തീരും മുന്‍പേ എന്നെ നോക്കി ദേഷ്യം ഇല്ലാതെ, എന്നാല്‍ എന്തുചെയ്യും നിങ്ങളെ കൊണ്ടൊക്കെ എന്ന ഭാവത്തില്‍ ഒന്ന് ചിരിച്ചു. ഇട്ടിരുന്ന ടി ഷര്‍ട്ട് അങ്ങ് പിടിച്ചു വലിച്ചു വലുതാക്കാന്‍ പറ്റിയിരുന്നെങ്കില്‍ എന്നോര്‍ത്ത് ഞാനും ചമ്മി ചിരിച്ചു! അവസാനത്തെ സ്‌റ്റോപ്പ് എത്തിയെങ്കിലും കടലിന്റെ ലാഞ്ചന പോലും ഇല്ല. അപ്പോള്‍ അതാ ഓട്ടോ അണ്ണന്മാര്‍ വിളിക്കുന്നു ബീച്ച് ബീച്ച്...

അയ്യോ! ഇതൊരു നീണ്ടു നിവര്‍ന്ന മൈതാനം അല്ലെ, കടലെവിടെ???


Next Story

Related Stories