TopTop
Begin typing your search above and press return to search.

നരേന്ദ്ര മോഡി: ദി മാന്‍, ദി ടൈംസ് : നീലാഞ്ജന്‍ മുഖോപാധ്യായ

നരേന്ദ്ര മോഡി: ദി മാന്‍, ദി ടൈംസ് : നീലാഞ്ജന്‍ മുഖോപാധ്യായ


നീലാഞ്ജന്‍ മുഖോപാധ്യായ

1990 - കളില്‍ ഞാന്‍ കണ്ട മനുഷ്യനില്‍ നിന്നും മോഡി എങ്ങനെ രൂപാന്തരപ്പെട്ടു എന്ന് മനസിലാക്കാനാണ് എന്റെ യാത്ര. അദ്ദേഹത്തിന്റെ ഭൂതകാലത്തിലുള്ള എന്തെങ്കിലും ഇപ്പൊഴും നിലനില്‍ക്കുന്നോ എന്നെനിക്ക് അറിയേണ്ടിയിരുന്നു. അതുകൊണ്ടു തന്നെ ഒരു തുറന്ന മനസോടെയുള്ള അഭിമുഖമായിരുന്നു മനസില്‍. 2002 - ലെ സംഭവങ്ങളില്‍ ഒരു സംശയത്തിന്റെ ആനുകൂല്യം മോഡിക്ക് അനുവദിക്കാന്‍ ഞാന്‍ ഒരുക്കവുമായിരുന്നു. കൂട്ടക്കുരുതി നടത്തിയവന്‍ എന്ന് വിളിക്കാനോ ആളുകള്‍ എന്തിനു അങ്ങനെയൊരു പട്ടം അദ്ദേഹത്തിന് ചാര്‍ത്തികൊടുത്തിരിക്കുന്നു എന്ന് ചോദിക്കാനോ ആയിരുന്നില്ല ഞാന്‍ പോയത്.

കുശലം പറച്ചിലുകള്‍ക്ക് ശേഷം അഭിമുഖം ആരംഭിച്ചു. കുട്ടിക്കാലത്തെപ്പറ്റിയും ആദ്യകാല രാഷ്ട്രീയഗുരുക്കന്മാരെപ്പറ്റിയും രാഷ്ട്രീയത്തില്‍ ഇറങ്ങിയതിനെപ്പറ്റിയും സംഘപരിവാറിലെ അദ്ദേഹത്തിന്റെ ഉത്തരവാദിത്തങ്ങളെപ്പറ്റിയും മറ്റു പല രാഷ്ട്രീയസംഭവങ്ങളെപ്പറ്റിയും സംസാരിച്ചപ്പോള്‍ സ്വതസിദ്ധമായ ശൈലിയില്‍ മോഡി വാചാലനായി. സമയം വേഗം കടന്നുപോയി. ഏകദേശം ഒരുമണിക്കൂര്‍ ആകാറായിരുന്നു. ഇടയ്ക്ക് ഓഫീസ്‌ അസിസ്റ്റന്റ്മാരിലോരാള്‍ കയറിവന്ന് ഒരു കടലാസ് ഏല്‍പ്പിച്ചു - ഒരു സന്ദര്‍ശകന്റെ പേര്. അല്പ്പസമയത്തെ ഇടവേള വേണമെന്ന് മോഡി ക്ഷമാപൂര്‍വ്വം ആവശ്യപ്പെട്ടു.

'മറ്റൊരു മീറ്റിംഗ് തീരുമാനിച്ചിരുന്നത് ഞാന്‍ മറന്നു', അദ്ദേഹം വിശദീകരിച്ചു.

ഏതാനും നിമിഷങ്ങള്‍ കഴിഞ്ഞപ്പോള്‍ അഭിമുഖം പുനരാരംഭിച്ചു. ആദ്യഭാഗം കഴിഞ്ഞപ്പോള്‍ തന്നെ മുഖ്യമന്ത്രിയാകുന്നതിനുമുന്‍പുള്ള ജീവിതത്തെയും രാഷ്ട്രീയത്തെയും പറ്റിയുള്ള ചോദ്യങ്ങള്‍ എല്ലാം ചോദിച്ചു കഴിഞ്ഞത് തികച്ചും ആകസ്മികമായിരുന്നു. പിന്നീട് 2002 - ലെ സംഭവങ്ങള്‍ സംബന്ധിച്ച ചോദ്യങ്ങളോടെ അഭിമുഖം പുനരാരംഭിക്കേണ്ടി വന്നു. ചോദ്യം കേട്ടപ്പോഴേ അദ്ദേഹം സംസാരിക്കാന്‍ വിസമ്മതിച്ചു. 2002 -ലെ സംഭവങ്ങളെ പറ്റി പറയാനുള്ളതെല്ലാം താന്‍ സുപ്രീം കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തോടും നാനാവതി കമ്മീഷനോടും പറഞ്ഞിട്ടുണ്ട് എന്നായിരുന്നു മറുപടി. ആ രേഖകള്‍ പരിശോധിച്ചശേഷം എനിക്ക് അതിലുള്ള വിവരങ്ങള്‍ ആവശ്യാനുസരണം ഉപയോഗിക്കാം എന്നും പറഞ്ഞു. ചോദ്യങ്ങളില്‍ നിന്ന് മോഡി ഒഴിഞ്ഞുമാറുന്നതുപോലെ തോന്നിയെങ്കിലും 2002 - ലെ കലാപവുമായി ബന്ധപ്പെട്ട നിയമക്കുരുക്കുകള്‍ കാരണമാവാം ഇതെന്ന് തോന്നി.

ഞാന്‍ ചില ചോദ്യങ്ങള്‍ കൂടി ചോദിച്ചുവെങ്കിലും പ്രതികരണം ഏതാണ്ട് ഇതേ രീതിയില്‍ തന്നെയായിരുന്നു. അഭിമുഖത്തിന് മുന്‍പ് തന്നെ ഇത് ഞാന്‍ പ്രതീക്ഷിച്ചിരുന്നതാണെങ്കിലും രണ്ടാം ഘട്ടത്തോടെയാണ് ഇത് കൂടുതല്‍ പ്രകടമായത്. ഗോധ്ര സംഭവത്തിന്റെ തിരിച്ചടിയെന്നോനമുണ്ടായ 2002-ലെ കലാപം മോഡി ആസൂത്രണം ചെയ്തതാണെന്ന് പാര്‍ട്ടിക്കുള്ളില്‍ തന്നെ വിമര്‍ശനങ്ങള്‍ ഉണ്ടായിയെന്ന് ഈ പുസ്തകം എഴുത്തുന്നതിന്റെ ഭാഗമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍ ചിലര്‍ പറഞ്ഞു. ഇത് വഴി മോഡിയെ മോശക്കാരനാക്കാനും അതുവഴി അദ്ദേഹത്തെ അധികാരത്തില്‍ നിന്ന്‍ ഇറക്കാനുമായിരുന്നു അവരുടെ ലക്ഷ്യം. എന്നാല്‍ ശത്രുക്കളുടെ ഈ തന്ത്രത്തെ കൌശലക്കാരനായ മോഡി തന്റെ ഗുണത്തിന് ഉപയോഗിക്കുകയാണ് ഉണ്ടായതതെന്നും ചിലര്‍ വാദിക്കുന്നു.

എന്നാല്‍ അത്തരം ചോദ്യങ്ങള്‍ ചോദിക്കാന്‍ ശ്രമിച്ചപ്പോഴെല്ലാം വിലക്കുകളാണ് ഉണ്ടായത്. തന്റെ രാഷ്ട്രീയലക്ഷ്യങ്ങള്‍, തന്ത്രങ്ങള്‍, തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആ ദശാബ്ദം എന്നിവയെപ്പറ്റിയുള്ള ചോദ്യങ്ങളോട് മോഡി വലിയ അസ്വസ്ഥത പ്രകടിപ്പിച്ചു. ആ പ്രത്യേക കാലഘട്ടത്തെപ്പറ്റി അഭിപ്രായം പറയാന്‍ മോഡി ആഗ്രഹിച്ചിരുന്നില്ലെന്നത് വ്യക്തം. പത്രപ്രവര്‍ത്തകരും ഗവേഷകരും എഴുത്തുകാരും എത്രയായാലും അവരുടെ അഭിപ്രായങ്ങളുമായി മുന്നോട്ടുപോകുമെന്നും അവര്‍ക്ക് കൂടുതല്‍ വിശദീകരണങ്ങള്‍ നല്‍കുന്നതില്‍ അര്‍ത്ഥമില്ലെന്നുമായിരുന്നു മോഡിയുടെ വിശദീകരണം. മാത്രമല്ല രാഷ്ട്രീയ വിജയത്തിലേക്കുള്ള മോഡിയുടെ പദ്ധതികള്‍ ഉരുത്തിരിഞ്ഞുവന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ തന്റെ രാഷ്ട്രീയ ഇഷ്ടാനിഷ്ടങ്ങള്‍ വെളിപ്പെടുത്തുന്നത് ബുദ്ധിയായിരിക്കില്ല എന്ന് മോഡി കരുതുന്നുണ്ടാവണം. തന്റെ മനസ്സില്‍ മോഡി ഉയര്‍ത്തിയിരിക്കുന്ന മതില്‍ മറികടക്കാന്‍ ആവുന്നതല്ലെന്നു പതിയെ വ്യക്തമായി. സംഭാഷണം അവസാനിപ്പിക്കാന്‍ നേരമായെന്നും അപ്പോഴാണ്‌ തോന്നിയത്. അഭിമുഖത്തിന്റെ അടുത്തഭാഗം വാക്ക് പറഞ്ഞതുപോലെ ഉടനുണ്ടായെക്കുമെന്ന പ്രതീക്ഷയില്‍ ഞാന്‍ നിറുത്തി.

ദൈര്‍ഘ്യമുള്ള ഒരു ആദ്യ അഭിമുഖം ലഭിച്ചതിന്റെ തൃപ്തിയിലാണ് ആ ശനിയാഴ്ച ഉച്ച തിരിഞ്ഞു ഞാന്‍ മോഡിയുടെ വീട്ടില്‍ നിന്ന് പുറത്തിറങ്ങിയത്. എങ്കിലും സെക്യൂരിറ്റി ബാരിക്കേടുകള്‍ കടന്നു മുന്നോട്ടു നടന്നപ്പോള്‍ തീര്‍ച്ചയായും ഞാന്‍ ആകെയൊന്ന് ഉലഞ്ഞിരുന്നു. 2002 - ലെ സംഭവങ്ങളുടെ പേരില്‍ മോഡിക്ക് സംശയത്തിന്റെ ആനുകൂല്യം നല്‍കാന്‍ തയ്യാറായാണ് ഞാന്‍ അവിടെ എത്തിയത്. എന്നാല്‍ മോഡിക്ക് ഇല്ല എന്ന് ഞാന്‍ ബോധപൂര്‍വ്വം വിശ്വസിക്കാന്‍ ശ്രമിച്ച ഒരു മുഖം കണ്ടു എന്നാണ് പുറത്തിറങ്ങിയപ്പോള്‍ തോന്നിയത്. അയാള്‍ക്ക്‌ ആ സംശയത്തിന്റെ ആനുകൂല്യം നല്‍കേണ്ടതില്ലെന്ന് കാറിലിരുന്നപ്പോള്‍ തോന്നി.***മോഡിയുടെ ജീവചരിത്രകാരന്‍ അയാളും ഗുജറാത്ത്‌ കലാപവുമായുള്ള ബന്ധത്തെപ്പറ്റി എഴുതാതിരിക്കുന്നത് ഒരു വിഭവസമൃദ്ധമായ ബംഗാളി സദ്യ കഴിച്ച ശേഷം മധുരം കഴിക്കാതിരിക്കുന്നത് പോലെയാണ്. മോഡിയെപ്പറ്റി ചിന്തിക്കുമ്പോഴെല്ലാം സ്വാഭാവികമായിത്തന്നെ ഓര്‍മയിലേക്ക് വരിക രക്തവും വിലാപവും നിറഞ്ഞ അസംഘ്യം ചിത്രങ്ങളാവും. എന്നാല്‍ മോഡി ചര്‍ച്ച ചെയ്യാന്‍ ഇഷ്ടപ്പെടാത്ത ഒരു വിഷയമാണിത്. തന്റെ രാഷ്ട്രീയ - നിയോജകമണ്ഡലങ്ങളില്‍ അയാള്‍ ഇതിനെപ്പറ്റി സംസാരിക്കുമെങ്കിലും അയാള്‍ മാത്രമാവും അപ്പോള്‍ സംസാരിക്കുക. ഒരു വേദിയുടെ അത്യുയരത്തിലും സുരക്ഷയിലും നിന്ന് കൊണ്ടുള്ള ഒരു പ്രകടനമായിരിക്കും എപ്പോഴും അത്. ഈ പുസ്തകത്തിന്റെ ആമുഖത്തില്‍ മോഡിക്ക് കലാപമെന്ന വാക്കിനോടുള്ള അതൃപ്തിയെപ്പറ്റി ഞാന്‍ പറയുന്നുണ്ട്. പല കാരണങ്ങള്‍ കൊണ്ട് കയ്പ്പേറിയ കാര്യങ്ങള്‍ ഞാന്‍ ആദ്യം തന്നെ പറയുന്നില്ല. ഇന്ത്യന്‍ ചരിത്രത്തിലെ ആ അഴുകിയ അധ്യായത്തെപ്പറ്റി പറയുന്ന നിരവധി വിവരണങ്ങള്‍ ഇപ്പോള്‍ നിലവിലുണ്ട്, ഇനി ഏറെ ഉണ്ടാവുകയും ചെയ്യും.

ഗോധ്ര സംഭവം നടക്കുന്നതിനു മുന്‍പ് തന്നെ അഞ്ചു മാസങ്ങളിലായി മൂന്ന് സംഭവങ്ങള്‍ ഉണ്ടായിക്കഴിഞ്ഞിരുന്നു. ചെറിയ ഒരു പ്രകോപനമുണ്ടായാല്‍പ്പോലും അതിന്റെ പ്രതികരണം വേഗത്തിലും ഭീകരവുമായിരിക്കുമെന്നു ഉറപ്പായിരുന്നു. ഇത് ഉറപ്പു വരുത്താനായി എണ്‍പതുകളില്‍ മുതല്‍ പല സംഘടനകളുടെ സംരക്ഷണയില്‍ നിലനിന്നുവരുന്ന സംവിധാനങ്ങള്‍ ഗുജറാത്തില്‍ തയ്യാറായിരുന്നു. ഇത്തരമൊരു അന്തരീക്ഷം സൃഷ്ടിച്ചെടുക്കാന്‍ സഹായകമായ ആദ്യത്തെ സംഭവം 2001 സെപ്റ്റംബര്‍ 11-ന് ഉണ്ടായ ഭീകരാക്രമണമാണ്. അതിനെത്തുടര്‍ന്ന് അമേരിക്ക ഭീകരവാദത്തിനെതിരെ യുദ്ധം പ്രഖ്യാപിക്കുകയും ചെയ്തു. (സാഹചര്യവശാല്‍ ഇതേ ദിവസമാണ് മോഡി മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കുന്നത്.)

രണ്ടാമത്തെ സംഭവം അതെ വര്‍ഷം ഡിസംബര്‍ പതിമൂന്നിന് ഇന്ത്യന്‍ പാര്‍ലമെന്റിനുനേര്‍ക്ക്‌ നടന്ന ഭീകരാക്രമണമാണ്. ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ഓപ്പറേഷന്‍ പരാക്രമ എന്ന പേരിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നു 1971നു ശേഷമുള്ള ഏറ്റവും വലിയ സായുധമുന്നേറ്റം ഉണ്ടാവുകയും അതിന്റെ പരിണതഫലമായി ഇന്ത്യന്‍ ഉപഭൂഖണ്ടം ലോകത്തിലെ ഏറ്റവും അപകടകരമായ സ്ഥലമായി മുദ്രകുത്തപ്പെടുകയും ചെയ്തു. ഈ മൂന്ന് സംഭവങ്ങള്‍ ഗുജറാത്തില്‍ അതിര്‍ത്തിരേഖകള്‍ തീര്‍ക്കുകയും മയങ്ങിക്കിടന്ന വര്‍ഗീയവികാരത്തെ ഉണര്‍ത്തുകയും ചെയ്തു.

സംസ്ഥാനത്തെ ചില ഹിന്ദുവിഭാഗങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്ന അപകര്‍ഷതാബോധത്തെ ഈ മൂന്ന്സംഭവങ്ങള്‍ ആളിക്കത്തിച്ചു. 1998 മുതല്‍ സംസ്ഥാനത്തെ വലച്ചുകൊണ്ടിരുന്ന പ്രകൃതിക്ഷോഭങ്ങളില്‍ ഉണ്ടായിരുന്ന പൊതു ഇടപെടലുകള്‍ മോഡിയുടെ മുഖ്യമന്ത്രിസ്ഥാനത്തിനും ഗോധ്ര കലാപത്തിനുമിടയിലുള്ള നാലുമാസം കൊണ്ട് ഇല്ലാതെയായി. മുസ്ലിം എന്ന വാക്ക് വെറുപ്പിന്റെ നിഘണ്ടുക്കളില്‍ ഒന്നാം സ്ഥാനത്തെത്തി. ഈ മൂന്ന് സംഭവങ്ങളിലും ഉള്ള മുസ്ലിം പങ്കാണ് ഇതിനു കാരണം. എന്തിന്, 2001 ജനുവരി 26-ന് ഉണ്ടായ ഭൂമികുലുക്കത്തിലെ 14,000 മരണങ്ങള്‍ പോലും മുസ്ലിം വിരോധം ഇല്ലാതാക്കിയില്ല. സംസ്ഥാനത്തിന്ടെ മറ്റുഭാഗങ്ങളിലേയ്ക്ക് കൂടി അക്രമങ്ങള്‍ അഴിച്ചുവിടാന്‍ ഹിന്ദുത്വ പരീക്ഷണശാലയെ സഹായിച്ച നിമിഷമായിരുന്നു ഗോധ്ര കൂട്ടക്കുരുതിയുടെത്.

***2002-ല്‍ ഗോധ്രക്ക് ശേഷമുണ്ടായ കലാപങ്ങളിലും മോഡി വലിയ ഖേദമൊന്നും പ്രകടിപ്പിച്ചില്ല. ഒരു ദശാബ്ദത്തിനുശേഷവും അയാള്‍ അതേ നിലപാട്‌ തുടരുന്നു. എന്നാല്‍ ഈ സംഭവം നടക്കുമ്പോള്‍ പോലും അയാളുടെ രാഷ്ട്രീയചേരിയില്‍ അയാളോളം നിര്‍ഭയനായ മറ്റാരുമില്ലായിരുന്നു. 2012 ഏപ്രില്‍ നാലിന് സ്ഥലത്തെത്തിയ വാജ്പേയി, തനിക്ക് നേരത്തെ എത്താന്‍ കഴിയാഞ്ഞതില്‍ ഖേദം പ്രകടിപ്പിച്ചു. അന്നുണ്ടായ സംഭവങ്ങളെ വാജ്പേയി ഇന്ത്യക്ക് മേല്‍ വീണ കറ എന്ന് വിശേഷിപ്പിക്കുകയും കാര്യങ്ങള്‍ കൈകാര്യം ചെയ്ത രീതിയില്‍ മോഡിയുടെ ഗവണ്മെന്റിനോടുള്ള അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. മോഡിയോട് എന്തെങ്കിലും പറയാനുണ്ടോ എന്ന് ചോദിച്ചപ്പോള്‍ മോഡി രാജധര്‍മ്മം പാലിക്കണമെന്ന ഉപദേശത്തോടെയാണ് വാജ്പേയി അവസാനിപ്പിച്ചത്. വാജ്‌പേയി തന്ന ഉപദേശത്തെപ്പറ്റി ഞാന്‍ ചോദിച്ചപ്പോള്‍ മോഡി അസ്വസ്ഥനായി.

വാജ്പേയി അങ്ങനെ പറയാനുണ്ടായ സാഹചര്യം മോഡി വിശദീകരിച്ചു. അതിന്റെ വീഡിയോ ഇന്‍റര്‍നെറ്റിലും യൂട്യൂബില്‍ പോലും ലഭ്യമാണെന്ന് മോഡി പറഞ്ഞു. അത് കണ്ടുനോക്കാനാണ് മോഡി ആവശ്യപ്പെട്ടത്. “അദ്ദേഹം പറഞ്ഞത് എന്ന് പ്രചരിക്കുന്നതൊന്നുമല്ല യഥാര്‍ഥത്തില്‍ അദ്ദേഹം പറഞ്ഞത്.”, മോഡി പറഞ്ഞു. വാജ്‌പേയി പറഞ്ഞത് ആവര്‍ത്തിച്ച ശേഷം തന്റെ സ്വതസിദ്ധമായ ചിരിയോടെ മോഡി പറഞ്ഞവസാനിപ്പിച്ചു, “അത്രയും നിസാരമായ ഒരു കാര്യമാണ് ഒരു കാര്യവുമില്ലാതെ ഇങ്ങനെ വളച്ചൊടിച്ചത്. മീഡിയ ഈ വീഡിയോ ക്ളിപ്പുകള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു...”

എത്രത്തോളം മോഡി അതിനെ നിസാരവല്ക്കരിക്കാന്‍ ശ്രമിച്ചാലും വാജ്‌പേയി മോഡിയെ കുറ്റപ്പെടുത്തി പറഞ്ഞതാണെന്ന് മോഡിയുടെ അനുയായികള്‍ പോലും സമ്മതിക്കും: “മുഖ്യമന്ത്രിയോട് പറയാന്‍ എനിക്ക് ആകെ ഒരു സന്ദേശമേയുള്ളൂ - രാജധര്‍മ്മം പാലിക്കുക. ഈ വാക്ക് വലിയ അര്‍ത്ഥമുള്ളതാണ്. ഞാനും അത് പാലിക്കാറുണ്ട്. കുറഞ്ഞ പക്ഷം ശ്രമിക്കാറെങ്കിലും ഉണ്ട്. ഒരു രാജാവിനോ ഭരണാധികാരിക്കോ തന്റെ പ്രജകളെ വേര്‍തിരിച്ചു കാണാനാകില്ല. ഇത് ജന്മത്തിന്റെ പേരിലോ ജാതിയുടെ പേരിലോ മതത്തിന്റെ പേരിലോ ചെയ്യാന്‍ പാടില്ല.”വാജ്പേയിയുടെ പ്രസംഗശൈലിയിലുള്ള നിര്‍ത്തുകള്‍ ഡെമോക്ളീസിന്റെ വാള്‍ പോലെ മോഡിയുടെ ശിരസിനു നേരെ തൂങ്ങിക്കിടന്നു. തൊട്ടരികെ ഇരുന്നു കൊണ്ട് ഈ വിമര്‍ശനം കൂടുതല്‍ കേള്‍ക്കാന്‍ കഴിയാതെ മോഡി പറഞ്ഞതായി വീഡിയോ ക്ളിപ്പില്‍ കാണാം: “ഞാനും അതുതന്നെയാണ് ചെയ്യുന്നത്.” മോഡിയെ താന്‍ വിശ്വസിക്കുന്നുവെന്നു വാജ്പേയി പറഞ്ഞപ്പോള്‍ മോഡി പല്ലിളിക്കുന്നതും കാണാം. പ്രധാനമന്ത്രി മോഡിയെ കുറ്റപ്പെടുത്തിയതല്ല എന്ന് കാണാന്‍ വേണ്ടി ഞാന്‍ വീഡിയോ ക്ളിപ്പ് കണ്ടുനോക്കി. വീണ്ടും ഒരു വട്ടം കൂടി അതു കണ്ടുകഴിഞ്ഞപ്പോള്‍ അതു വാജ്പേയിയുടെ സ്ഥിരം ശൈലിയിലുള്ള കുറ്റപ്പെടുത്തല്‍ തന്നെയായിരുന്നു എന്നാണു ഞാന്‍ ഉറപ്പിച്ചത്.

എന്നാല്‍ ഒരു സാക്ഷ്യപ്പെടുത്തലിന്റെ ആവശ്യമേന്താണ് മോഡിക്ക്? 2002 - ല്‍ ഉറപ്പിച്ച വര്‍ഗീയവികാരം ഗുജറാത്തില്‍ ഇപ്പോഴുമുണ്ടോ എന്ന ചോദ്യത്തില്‍ നിന്ന്‍ എന്തിനാണ് പത്തുവര്‍ഷത്തിനു ശേഷവും മോഡി വിഷയം മാറ്റാന്‍ ശ്രമിക്കുന്നത്? അയാളുടെ മറുപടി ഇതാണ്: “ഗുജറാത്തില്‍ അങ്ങനെയോന്നുമില്ല. ഗുജറാത്ത്‌ വിരോധികളായ ആളുകളാണ് അങ്ങനെ പറഞ്ഞു പ്രചരിപ്പിക്കുന്നത്. നാനൂറു വര്‍ഷം മുന്‍പ് ഏറ്റവും ചെറിയ ന്യൂനപക്ഷമായ പാഴ്സികള്‍ വന്ന നാടാണ് ഗുജറാത്ത്. അവര്‍ ഗുജറാത്തില്‍ വന്നു താമസിക്കുകയും ധനികരാവുകയും ചെയ്തു. നേരാണ്, ഗുജറാത്തില്‍ ദേശീയതയുടെയും ദേശസ്നേഹത്തിന്റെയും അന്തരീക്ഷമുണ്ട്. അതൊന്നും വര്‍ഗീയതയല്ല. ഇവിടെയാണ്‌ ഗാന്ധിയും സര്‍ദാര്‍ പട്ടേലും ഏറെ സ്നേഹിക്കപ്പെടുന്നത്. ബുദ്ധനും മഹാവീരനും ഉള്ള സ്വാധീനം തന്നെ ഇവിടെ അവര്‍ക്കുമുണ്ട്".

***ഗോധ്ര സംഭവത്തിനുശേഷമുള്ള മോഡിയുടെ പ്രവര്‍ത്തികള്‍ പ്രകോപനകരവും അക്രമാസക്തവുമായിരുന്നു - ഹിന്ദുത്വ അസഹിഷ്ണുതയുടെ പ്രകടനമായിരുന്നു അത്. എന്നാല്‍ വാക്കുകളില്‍ ആ അക്രമഭാവം അയാള്‍ അപ്പോള്‍ പ്രതിഫലിപ്പിച്ചിരുന്നില്ല. അതിനുപകരം അയാള്‍ ആ പ്രഷര്‍കുക്കറിനെ മെല്ലെ തിളയ്ക്കാന്‍ വിട്ടു. ഇതുകൊണ്ടാണ് ഗോധ്ര സംഭവത്തിനു ശേഷം അദ്ദേഹം പ്രവര്‍ത്തിക്കേണ്ട രീതിയില്‍ പ്രവര്‍ത്തിച്ചില്ല എന്ന ആരോപണമുണ്ടായത്. ഇതോടൊപ്പം തന്നെ, കര്‍സേവകരുമായി അയോധ്യയില്‍ നിന്ന് മടങ്ങുകയായിരുന്ന സബര്‍മതി എക്സ്പ്രസില്‍ അക്രമസാധ്യതയുണ്ടെന്നത് മുന്‍കൂട്ടി അറിഞ്ഞിട്ടും മോഡി കണ്ണടച്ചുവെന്ന മറ്റൊരു ആരോപണവും ഉണ്ട്. സെപ്തംബര്‍ 22-നു യാത്ര ആരംഭിച്ചുകഴിഞ്ഞപ്പോള്‍ തന്നെ ഇത്തരം ഒരു സാധ്യതയെപ്പറ്റി വിശ്വഹിന്ദു പരിഷത് പ്രവര്‍ത്തകരും ദാഹോദ്‌ സ്റേഷന്റെ പരിസരവാസികളും വിവരം നല്‍കിയിരുന്നതാണ്. ഫെബ്രുവരി 27-ന് സബര്‍മതി എക്സ്പ്രസിലെ S6 കോച്ചിനുനേരെ ഉണ്ടായ ആക്രമണം സംഭവിക്കുന്നത് എട്ടുമണിക്കും 8.20-നും ഇടയ്ക്കാണ്. ഈ വാര്‍ത്ത‍ തന്റെ പക്കലെത്താന്‍ ഒരു മണിക്കൂര്‍ സമയമെടുത്തുവെന്നാണ് ഔദ്യോഗിക അന്വേഷണമുണ്ടായപ്പോള്‍ മോഡി വാദിച്ചത്‌. കൃത്യമായി പറഞ്ഞാല്‍ ഒന്‍പതു മണിക്കാണ് താന്‍ വിവരമറിഞ്ഞതെന്നാണ് മോഡിയുടെ പക്ഷം. ഉദ്യോഗസ്ഥരും ചില മന്ത്രിമാരുമായി ഒരു കൂടിയാലോചന നടത്താന്‍ വീണ്ടും ഒന്നരമണിക്കൂര്‍ കൂടിയെടുത്തു. മോഡിയുടെ വസതിയില്‍ വെച്ച് നടന്ന ഈ യോഗത്തില്‍ അന്നത്തെ മന്ത്രി ഗോര്‍ധാന്‍ സദാഫിയയും മുതിര്‍ന്ന പോലീസ്‌ ഉദ്യോഗസ്ഥരും മറ്റു ഉന്നതോദ്യോഗസ്ഥരും പങ്കെടുത്തു.മൊബൈല്‍ ഫോണ്‍ സൌകര്യങ്ങള്‍ ഇന്ത്യയില്‍ ഉണ്ടായി ഒരു ദശാബ്ദത്തിലേറെ കഴിഞ്ഞാണ് ഗോധ്ര സംഭവം നടക്കുന്നത്. മോഡിയാവട്ടെ ബിജെപിയില്‍ ഏറ്റവും ആദ്യം ആധുനിക ടെക്നോളജികള്‍ ഉപയോഗിച്ചു തുടങ്ങിയ രാഷ്ട്രീയനേതാവും. ഒരു മണികൂര്‍ കഴിയാതെ മോഡി ഇതിനെപ്പറ്റി അറിഞ്ഞില്ല എന്നും ഉടനടി ഒരു മീറ്റിംഗ് വിളിച്ചുകൂട്ടാന്‍ തക്കതായ ഗൌരവം ഈ സംഭാവത്തിനില്ല എന്ന് മോഡി കരുതി എന്നും ഒക്കെ വിശ്വസിക്കാന്‍ പ്രയാസമാണെന്ന് മോഡി വിമര്‍ശകര്‍. വിമര്‍ശകര്‍ എടുത്തുപറയുന്ന മറ്റൊരു സംഗതി മന്ത്രിമന്ദിരങ്ങള്‍ എല്ലാം ഗാന്ധിനഗറിലെ അടച്ചുറപ്പുള്ള ഒരു കാമ്പസില്‍ ഒരു കൊച്ചു ടൌണ്‍ഷിപ്പ് പോലെ നിര്‍മ്മിച്ചിരിക്കുന്നതാണെന്നതും മുഖ്യമന്ത്രിയുടെ വസതിയിലെയ്ക്ക് ഇവയ്ക്കെലാം നടന്നുപോകാനുള്ള ദൂരമേ ഉള്ളൂ എന്നുമാണ്.

കരുതിക്കൂട്ടിയ ഈ ആക്രമണത്തില്‍ ഒരു മുഖ്യസൂത്രധാരന്റെ വേഷം മോഡി അണിഞ്ഞുവെന്നൊന്നും പറയാനാകില്ല. ഇങ്ങനെയൊരു കുറ്റം ആരോപിച്ചാല്‍ അത് യഥാര്‍ത്ഥത്തില്‍ ഫെബ്രുവരി 27-ന് മോഡിക്കുണ്ടായിരുന്ന വലിപ്പത്തെ പെരുപ്പിച്ചു കാണിക്കുകയാവും. രാഷ്ട്രീയപരമായി ഒരു പ്രമുഖസ്ഥാനത്ത്‌ നില്‍ക്കാനും മുങ്ങികൊണ്ടിരുന്ന പാര്‍ട്ടിയെ സംരക്ഷിക്കാനും മോഡി കഷ്ടപ്പെട്ടുകൊണ്ടിരുന്ന ഒരു സമയമാണത്. കൃത്യതയോടെ പ്രവര്‍ത്തിച്ചില്ലെങ്കില്‍ താന്‍ ഇല്ലാതാകുമെന്ന് മോഡിക്ക് ഉറപ്പായിരുന്നു. അയാളുടെ തന്ത്രം ഫലിക്കുക തന്നെ ചെയ്തു. അന്ന് വരെ സ്വന്തം പേരിന്റെയൊപ്പം അയോധ്യ ചേര്‍ക്കാന്‍ കഴിയാതിരുന്ന അയാള്‍ പെട്ടെന്ന് നായകനായി മാറി. കലാപസമയത്ത് അശ്ളീല ലഘുലേഖകള്‍ പ്രചരിച്ചിരുന്നു. അവ മോഡിയെ വാഴ്ത്തിപ്പാടുകയും മുസ്ലിമുകളുടെ നേര്‍ക്ക്‌ നടന്ന അതിക്രമങ്ങളില്‍ ആനന്ദിക്കുകയും ചെയ്തിരുന്നു. അഹമ്മദാബാദിലെ നരോദ പാട്യ പോലുള്ള സ്ഥലങ്ങളില്‍ നടന്ന ലൈംഗിക അതിക്രമങ്ങളെ ന്യായീകരിക്കുന്നതായിരുന്നു ഈ കുറിപ്പുകള്‍. ഇവയിലെല്ലാം മുസ്ലിം പുരുഷ ലൈംഗികത അധിക്ഷേപിക്കപ്പെടുകയും ഇത്തരം കലാപ അവസ്ഥകളില്‍ സ്ത്രീകളെ ചിത്രീകരിക്കുന്ന തരത്തില്‍ തന്നെ മുസ്ലിം സ്ത്രീകളെ വൃത്തികേടായി ചിത്രീകരിക്കപ്പെടുകയും ചെയ്തു. മുസ്ലിം സ്ത്രീ ശരീരങ്ങളുടെ മേല്‍ ഈ ഹിംസ നടത്തുന്നവര്‍ക്ക് അതിന് അധികാരമുണ്ട് എന്ന നിലയിലായിരുന്നു നോട്ടീസുകള്‍. ഇത്തരം കാര്യങ്ങള്‍ക്ക് സഹായകമായ സ്ഥാനത്താണ് മോഡിയുള്ളത് എന്നായിരുന്നു അദ്ദേഹത്തെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍.(പത്രപ്രവര്‍ത്തകനായ നീലാഞ്ജന്‍ മുഖോപാധ്യായുടെ 'നരേന്ദ്ര മോഡി: ദി മാന്‍ ദി ടൈംസ്' എന്ന പുസ്തകത്തില്‍ നിന്നും)വിവര്‍ത്തനം: പ്രഭാ സക്കറിയാസ്


Next Story

Related Stories