TopTop
Begin typing your search above and press return to search.

ബോളിവുഡിലെ മലയാളി - മധു മുതല്‍ പൃഥ്വിരാജ് വരെ

ബോളിവുഡിലെ മലയാളി - മധു മുതല്‍ പൃഥ്വിരാജ് വരെ

അന്‍വര്‍ അബ്ദുള്ള

ലോകസിനിമയുടെ വാണിജ്യ തലസ്ഥാനം ഹോളിവുഡ് ആകുന്നതുപോലെ ഇന്ത്യന്‍ സിനിമയുടെ വാണിജ്യതലസ്ഥാനം മുംബൈ ആണ്. ഇന്ത്യന്‍ കച്ചവടസിനിമയുടെ ആരംഭകാലത്ത് കൊല്‍ക്കൊത്തയും മുംബൈയ്ക്ക് തുല്യമായ സ്ഥാനം വഹിച്ചിരുന്നു. എന്നാല്‍, സ്റ്റുഡിയോ കാലത്തിന്റെ പ്രതാപം അസ്തമിക്കുകയും താരകേന്ദ്രിതവ്യവസ്ഥ നിലവില്‍വരികയും ചെയ്തപ്പോള്‍, ബംഗാളി അടിസ്ഥാനമുള്ള നടന്മാര്‍ മികച്ച നടന്മാരെന്ന അവസ്ഥയിലേക്കു മാറുകയും മുംബൈ കേന്ദ്രിതനടന്മാര്‍ അഭിനയശേഷിയേക്കാള്‍ പ്രധാനമായി ആള്‍ക്കൂട്ട ആകര്‍ഷണങ്ങളായ ബിംബങ്ങളായി മാറുകയും ചെയ്തു. ഇങ്ങനെ താരകേന്ദ്രിതമായ കച്ചവടസിനിമയുടെ പറുദീസയായി മുംബൈ മാറി. ഹോളിവുഡിനോട് ഇണങ്ങുന്ന വിധത്തില്‍ ബോളിവുഡ് എന്ന ഇല്ലാത്ത ഒരു സ്ഥലപ്പേര് വ്യാജമായും അനുകരണാത്മകമായും സൃഷ്ടിച്ചുകൊണ്ട് ബോളിവുഡ് എന്ന സാംസ്‌കാരികസംസ്ഥാനം നിലവില്‍ വരികയായിരുന്നു. ബോളിവുഡിനെ ഒരു പ്രത്യേക ഇന്ത്യന്‍ സംസ്ഥാനമായി കാണണമെന്നു കാവ്യാത്മകമായി പറഞ്ഞത് ജാവേദ് അക്തറാണ്.

ഇന്ത്യയില്‍ തന്നെ സിനിമയുടെ വാണിജ്യകേന്ദ്രങ്ങള്‍, ഇന്‍ഡസ്ട്രികള്‍ വേറേയും പ്രബലമായുണ്ട്. ഉത്തരേന്ത്യയിലെ പ്രാദേശികമായ എല്ലാ സിനിമാപ്രാദേശികതകളെയും ആവോളം വിഴുങ്ങിക്കൊണ്ട് ബോളിവുഡ് ഉയര്‍ന്നുനില്‍ക്കുമ്പോള്‍, പരസ്പരം കലരാന്‍ പ്രയാസമായ തെന്നിന്ത്യയിലെ സ്ഥിതി അതല്ല. മറാത്തയിലും ഒഡിഷയിലുമൊക്കെ വളരെ ഫലവത്തായ ചലച്ചിത്രസംസ്‌കാര സാദ്ധ്യതയുണ്ടായിരുന്നുവെങ്കിലും അവയെ ബോളിവുഡ് അട്ടിമറിച്ചു. രണ്ടിടത്തും പ്രതി ബോളിവുഡ് ഒറ്റയ്ക്കല്ല. കൂട്ടുപ്രതിയായി തെലുഗുസിനിമയെന്ന കരുത്താര്‍ന്ന ഇന്‍ഡസ്ട്രിയുണ്ട്.

ഏതായാലും തെന്നിന്ത്യയാണ് ബോളിവുഡിനെയും പരസ്പരം തന്നെയും വികര്‍ഷിച്ചുനിന്നതും വിമതസ്വഭാവം കാട്ടിയതും. മറാത്തയിലും ഒഡിഷയിലുമെല്ലാം, കച്ചവടസിനിമ പാളിപ്പോയ അവസ്ഥയില്‍, ലോകത്തെവിടെയും മറ്റൊരു ഇന്‍ഡസ്ട്രി പ്രാബല്യവും ആധിപത്യവും സ്ഥാപിച്ചാല്‍ പ്രാദേശികസിനിമ എന്തുവഴി സ്വീകരിക്കുമോ, അതുതന്നെ സ്വീകരിക്കുകയും ചെയ്തു. അവയെല്ലാം മികച്ച സിനിമകളുടെ സമാന്തരവഴികളില്‍ നീങ്ങി. എന്നാല്‍, തെന്നിന്ത്യയിലെ പ്രബലമായ നാല് വാണിജ്യസിനിമാകേന്ദ്രങ്ങളും അഭിരുചിനിര്‍മാണത്തിന്റെയും പൊതുബോധത്തെ ബോധവല്‍ക്കരിക്കുന്നതിലും ഉള്ളിണക്കം പ്രകടിപ്പിക്കുമ്പോഴും വേറിട്ട ഇന്‍ഡസ്ട്രികളായിത്തന്നെ കരുത്താര്‍ജിച്ചു നിലകൊണ്ടു. നാലു വ്യവസായങ്ങളും വലിയ താരങ്ങളെ സൃഷ്ടിച്ചു. അവയില്‍ തമിഴ്‌സിനിമയാണ് ബോളിവുഡിനെപ്പോലും അതിശയിക്കുകയും സ്വാധീനിക്കുകയും ചെയ്യുന്ന താരനിര്‍മാണം കൊണ്ടു സമ്പന്നമായത്. എം.ജി.ആര്‍, ശിവാജി ഗണേശന്‍, ജെമിനി ഗണേശന്‍ എന്നിങ്ങനെയുള്ള താരങ്ങള്‍ തങ്ങളുടെ പ്രാദേശികതയില്‍ അഭിരമിച്ചപ്പോള്‍ അടുത്ത തലമുറയില്‍ ഉയിരാര്‍ന്ന കമല്‍ ഹാസന്‍, രജനീകാന്ത് എന്നീ താരങ്ങള്‍ താരപ്രഭയില്‍ ബോളിവുഡ് താരങ്ങളെപ്പോലും വെല്ലുവിളിച്ചു. എന്തിരന്റെ റിലീസ് ദിവസം ചാനല്‍ചര്‍ച്ചയില്‍ അമിതാഭ് ബച്ചന്‍ പറഞ്ഞത്, ഇന്ത്യയിലെ ഏറ്റവും വലിയ സൂപ്പര്‍താരം രജനികാന്ത് ആണെന്നായിരുന്നു. അതു വെറുമൊരു പുകഴ്ത്തലായിരുന്നില്ല.

തമിഴ്‌സിനിമ കഴിഞ്ഞാല്‍ തെലുഗു സിനിമയിലെ താരങ്ങളാണ് ബോളിവുഡിനുപോലും വിസ്മയം സൃഷ്ടിക്കുന്ന പൊലിമ നേടിയത്. എന്‍ടിആര്‍ തമിഴകത്തെ എംജിആറിനെപ്പോലെ അകത്തേക്കൊതുങ്ങിയെങ്കിലും ചിരഞ്ജീവി, നാഗാര്‍ജുന, വെങ്കിടേഷ് മുതല്‍ പുതിയ തെലുഗുതാരങ്ങള്‍ വരെ ദേശീയശ്രദ്ധ നേടുന്ന താരങ്ങളായി. താരത്തിളക്കത്തില്‍ കന്നഡയ്ക്ക് അത്രയൊന്നും കേമത്തം പറയാനില്ല. രാജ്കുമാറും അംബരീഷും വിഷ്ണുവര്‍ദ്ധനുമെല്ലാം അങ്ങനെയൊരു ദേശീയതലം ആര്‍ജിക്കാനായില്ല.

മലയാളത്തില്‍ പ്രേംനസീര്‍, സത്യന്‍, മധു എന്നിവരുടെ താരകാലത്ത് തെന്നിന്ത്യന്‍ പടര്‍ച്ചയ്ക്കപ്പുറം ഒരു ഗതിമുന്നേറ്റം സാദ്ധ്യമായിട്ടേയില്ല. എന്നാല്‍, റെക്കോഡ് പ്രകടനത്തിലൂടെ നസീര്‍ ദേശീയശ്രദ്ധ പിടിച്ചുപറ്റി. മധുവാകട്ടെ, നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലെ പഠനശേഷം ആദ്യമായി സ്‌ക്രീനില്‍ വരുന്നതുതന്നെ ഹിന്ദിസിനിമയിലൂടെയാണ്. കെ.എ.അബ്ബാസ് സംവിധാനം ചെയ്ത സാഥ് ഹിന്ദുസ്ഥാനി എന്ന ചിത്രത്തിലൂടെ. ഇതേ സിനിമയിലൂടെയാണ് സാക്ഷാല്‍ അമിതാഭ് ബച്ചനും അഭിനയസപര്യ സമാരംഭിച്ചത് എന്നോര്‍ക്കണം.

നസീര്‍ യുഗത്തിനുശേഷം വന്ന സോമന്‍, സുകുമാരന്‍, ജയന്‍ യുഗവും മലയാളത്തില്‍ത്തന്നെ തത്തിത്തിരിഞ്ഞുനില്ക്കുകയായിരുന്നു. അക്കാലത്തെ ചില സിനിമകള്‍ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യപ്പെട്ടപ്പോഴും ഇവിടത്തെ താരങ്ങള്‍ തഴയപ്പെട്ടു. കെ.എസ്.സേതുമാധവന്റെ ജൂലി റീമേക്ക് ഒരുദാഹരണം. സേതുമാധവനും ഐ.വി.ശശിയും ഹിന്ദിയില്‍ സിനിമകള്‍ ചെയ്യാന്‍ അവസരങ്ങള്‍ ലഭിച്ചിരുന്നെങ്കിലും അവരാരും മലയാളത്തിലെ തങ്ങളുടെ താരങ്ങളെ അങ്ങോട്ട് കയറ്റുമതി ചെയ്തില്ല, അല്ലെങ്കില്‍ അതിനവര്‍ക്ക് അവസരം ലഭിച്ചില്ല.

മലയാളത്തില്‍നിന്ന് ബോളിവുഡെന്ന മായികപ്രപഞ്ചത്തിലേക്ക് പ്രവേശം കിട്ടിയത് സത്യത്തില്‍ നടിമാര്‍ക്കായിരുന്നു എന്നു വേണം പറയാന്‍. പത്മിനിക്ക് മാസ്റ്റര്‍ ഷോമാനായ രാജ്കപൂറിന്റെ സിനിമകളില്‍ പ്രവേശം ലഭിച്ചു. തമിഴകത്തുനിന്നും തെലുഗുസിനിമയില്‍നിന്നും അനേകം നായികമാര്‍ ആദ്യകാലംതൊട്ടേ ഹിന്ദിയിലേക്കു ചേക്കേറി. വൈജയന്തിമാലമുതല്‍ അതാരംഭിക്കുന്നു. ചിലപ്പോഴെങ്കിലും ഉത്തരേന്ത്യന്‍ നടിമാര്‍ക്ക് തെന്നിന്ത്യയില്‍ കഴിവുതെളിയിച്ചിട്ട് ബോളിവുഡില്‍ എത്തേണ്ട അവസ്ഥയും വന്നു. സിമ്രന്‍ മുതല്‍ തമന്ന വരെയുള്ളവര്‍ അതിനുദാഹരണമാണ്.

തെന്നിന്ത്യയില്‍നിന്ന് ഇന്ന് സീനിയര്‍ സൂപ്പര്‍താരങ്ങളെന്നു വിളിക്കാവുന്ന മിക്കവാറും എല്ലാ താരനടന്മാരും ഹിന്ദിയില്‍ അല്പകാലം ഭാഗ്യം പരീക്ഷിക്കുകയോ ഒരു പയറ്റുപയറ്റിമാറുകയോ ചെയ്തവരാണ്. എണ്‍പതുകളില്‍ ആരംഭിച്ച്, രണ്ടായിരത്തിയഞ്ചുവരെ നിലനിന്ന താരയോഗകാലം അനുഭവിച്ചവരാണ് അവരെല്ലാം. ഇവരില്‍ പ്രധാനികള്‍ കമല്‍ഹാസനും രജനീകാന്തുമാണ്. ഇവരുടെ റിമേക്കുകള്‍ ആദ്യം വരികയും തൊട്ടുപിന്നാലെ, എണ്‍പതുകളുടെ മദ്ധ്യത്തോടെതന്നെ ഇരുവരും ഹിന്ദിയില്‍ തങ്ങളുടെ ശ്രമം നടത്തുകയും ചെയ്തു. ഇവര്‍ക്കുപുറമേ, തെലുഗില്‍നിന്ന് ചിരഞ്ജീവി, നാഗാര്‍ജുന, വെങ്കിടേഷ്, തമിഴില്‍നിന്ന് വിക്രം, സൂരിയ എന്നിവരൊക്കെ ബോളിവുഡില്‍ സാന്നിദ്ധ്യമറിയിച്ചിട്ടുണ്ട്. ഇക്കൂട്ടത്തില്‍ മാധവന്റെ പേര് വേറിട്ടുപറയണം. ഹിന്ദിസീരിയലുകളിലൂടെ തുടക്കം കുറിച്ച മാധവന്‍ തെന്നിന്ത്യക്കാരനെന്ന തന്റെ സ്വത്വത്തെ അപരമാക്കിക്കൊണ്ടാണ് പലപ്പോഴും ഹിന്ദിമേഖലയില്‍ നില്‍ക്കുന്നത്. അതിനുപുറമേ, നായകനെന്ന നിലയിലല്ല, രംഗ് ദേ ബസന്തി, ത്രീ ഇഡിയറ്റ്‌സ് പോലുള്ള സിനിമകളിലെ നായകക്കൂട്ടായ്മയിലെ അംഗം എന്ന നിലയിലാണ് മാധവന്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടിട്ടുള്ളത്.

കമല്‍ ഹാസന്റെയും രജനീകാന്തിന്റെയും ബോളിവുഡ് സിനിമകള്‍ വിജയം വരിച്ചിട്ടുപോലും അവര്‍ക്ക് അവിടെ പിടിച്ചുനില്‍ക്കാന്‍ സാധിച്ചില്ലെന്നതാണ് ചരിത്രം. കമല്‍ഹാസന്റെ അഭിനയമികവു പുറത്തുകാട്ടുന്ന സിനിമകളേക്കാള്‍, കമലിനെ അടയാളപ്പെടുത്തുന്ന സ്വത്വപ്രച്ഛന്നതകളുടെ ആഘോഷം തീര്‍ക്കുന്ന സിനിമകളേക്കാള്‍, ബോളിവുഡില്‍ അദ്ദേഹത്തിനു വിജയമേകിയത് അമിതവൈകാരികതയുടെ, തെന്നിന്ത്യന്‍ പ്രകടനപരതയാര്‍ന്ന, നനുത്ത പ്രേമകഥകളായിരുന്നു എന്നു കാണണം. കമലിന്റെ വിജയം വരിച്ച സിനിമകളില്‍പ്പലതും തമിഴ് സിനിമയുടെതന്നെ, അതേ തമിഴ് സംവിധായകന്‍ തന്നെ നിര്‍വഹിച്ച റീമേക്കുകളാണ്. ഏക് ദൂജേ കേലിയേ (കെ. ബാലചന്ദര്‍), സാദ്മ (ബാലു മഹേന്ദ്ര) എന്നിവ അത്തരത്തില്‍ ഓര്‍ക്കാം. വ്യത്യസ്തമായ ഒരു ചിത്രം സാഗറാണ്. രമേഷ് സിപ്പിയാണതിന്റെ സംവിധായകന്‍. പക്ഷേ, ആ ചിത്രവും ഉന്നം വെച്ചത് ഒരു തെന്നിന്ത്യന്‍ സ്വഭാവത്തിലൂന്നിയ പ്രേമശോകത്തിന്റെ, തപ്തനിശ്വാസപ്രകടനങ്ങളുടെ ഊഷ്മളതകളെയാണ്. മേല്‍പ്പറഞ്ഞ മൂന്നു സിനിമകളും പ്രേമത്തിന്റെ അതിവൈകാരികഭാവങ്ങളെ ആവിഷ്‌കരിക്കുന്നു. സാദ്മയിലും സാഗറിലും പ്രേമം പറയാന്‍ മടിക്കുന്ന നായകനാണുള്ളത്. സാഗറിലത് ഉത്തരേന്ത്യന്‍ ശരീരഭാഷയും സ്വത്വപ്രകാശനവുമുള്ള മറ്റൊരു നായകന്റെ മുന്നിലെ അപകര്‍ഷമാര്‍ന്ന താഴ്മയും കൂടിയാകുന്നുണ്ട്.

രജനീകാന്ത് എന്ന നടന്‍ നായകനായ ഹിന്ദിച്ചിത്രങ്ങള്‍ കുറവ്. അല്ലെങ്കില്‍ ഒറ്റയ്ക്ക് സിനിമയെ നയിച്ച അവസ്ഥകള്‍ കുറവ്. പ്രധാനപ്പെട്ട ചിത്രങ്ങളിലെല്ലാം അദ്ദേഹം ഒരു രണ്ടാം നായകനോ മാനറിസങ്ങള്‍ക്കു മുന്‍തൂക്കമുള്ള ഒരു സ്‌പെഷ്യല്‍ കാരക്ടറോ ആയിരുന്നു. ഗിരഫ്താര്‍ മുതല്‍ ഭ്രഷ്ടാചാര്‍ വരെയുള്ള സിനിമകളില്‍ ഈ അവസ്ഥ പ്രകടമാണ്. പലപ്പോഴും നിര്‍ണായകസന്ദര്‍ഭങ്ങളില്‍ മരണം ഏറ്റുവാങ്ങേണ്ടിവരുന്ന ത്യാഗിയുടെ വേഷം. എണ്‍പതുകളുടെ അവസാനം വന്ന ഭ്രഷ്ടാചാറിനു ശേഷം രജനീകാന്ത് അത്രയൊന്നും കാര്യമായി ബോളിവുഡില്‍ സാന്നിദ്ധ്യം അറിയിച്ചിട്ടില്ല. ആദങ്ക് ഹേ ആദങ്ക് എന്ന അമീര്‍ ഖാന്‍ ചിത്രത്തിലൊരു വേഷം, ബുലന്ദി എന്ന അനില്‍കപൂര്‍ ചിത്രത്തിലൊരു വേഷം, ഹം എന്ന അമിതാഭ് ബച്ചന്‍ ചിത്രത്തിലൊരു വേഷം, ചാല്‍ബാസ് എന്ന സണ്ണി - ശ്രീദേവി ചിത്രത്തിലൊരു വേഷം എന്നിങ്ങനെ അദ്ദേഹം തന്നെത്തന്നെ പരമിതപ്പെടുത്തുന്നതോ ബിംബപ്പെടുത്തുന്നതോ കാണാം. ഏറ്റവുമൊടുവില്‍ റാ വണ്‍ എന്ന ഷാരുഖ് ഖാന്‍ പടത്തില്‍ എന്തിരനായി പ്രത്യക്ഷപ്പെടുന്നതുവരെ അതു കാണാം.

മറാത്തക്കാരനായിരുന്നിട്ടും തന്റെ തമിഴകസ്വത്വത്തെയാണ് രജനി ബോളിവുഡിനുമുന്നില്‍ വെളിപ്പെടുത്തിയത്. ഹിന്ദി മാതൃഭാഷയായിരുന്നിട്ടും രജനിയുടെ ഹിന്ദി ബോളിവുഡിന്റെ ഹിന്ദിയായില്ല. പകരം തെന്നിന്ത്യയുടെ ഹിന്ദിയായി. തെന്നിന്ത്യന്‍ ആയ റാ വണിലെ കഥാപാത്രത്തിന് ആരാധ്യനാകുന്ന എന്തിരനായുള്ള അദ്ദേഹത്തിന്റെ പുതിയ അവതാരം കൃത്യമായും ആ അവസ്ഥയുടെ അര്‍ത്ഥമോതുന്നുമുണ്ട്.

ചിരഞ്ജീവിയുടെയും വെങ്കിടേഷിന്റെയും മാനറിസങ്ങളോ ഇടിപിടികളോ ബോളിവുഡിന്റെ അനുശീലങ്ങളോടോ അഭിരുചികളോടോ കാര്യമായൊന്നും ഒത്തുപോയിട്ടില്ല. ക്രിമിനല്‍, അംഗാരേ പോലുള്ള ഭേദപ്പെട്ട പടങ്ങളും വേഷങ്ങളും ബച്ചന്‍ - ശ്രീദേവി ചിത്രമായ ഖുദാ ഗവായിലെ വേഷവും ഒക്കെക്കിട്ടിയിട്ടും നാഗാര്‍ജുനയ്ക്കും അവിടെ ഒരു ഇടമുറപ്പിക്കാന്‍ സാധിച്ചില്ല. രക്തചരിത്രയിലൂടെ അവിടേക്ക് ഇടിച്ചുകയറിയ സൂരിയയ്‌ക്കോ അശോകയിലൂടെ സാദ്ധ്യതകള്‍ തേടിയ അജിത്തിനോ രാവണിലൂടെ ശ്രമമാരംഭിച്ച ചിയാന്‍ വിക്രമിനോ അവിടെയൊരു കസേര അവകാശമായില്ല. ഇങ്ങനെയെല്ലാമുള്ള അവസ്ഥയിലാണ് പൃഥ്വിരാജിന്റെ ബോളിവുഡ് പ്രവേശവും അതുമായി ബന്ധപ്പെട്ട കോലാഹലങ്ങളും.

പൃഥ്വിക്കു മുന്‍പ് മലയാളത്തില്‍നിന്ന് ആരാണ് ബോളിവുഡില്‍ എത്തിയിട്ടുള്ളത്. മധുവിന്റെ കാര്യം ഒരു അപവാദം. ഗോപി മുതല്‍ മുരളി വരെയുള്ളവര്‍ ഹിന്ദിയിലെ സമാന്തരസിനിമകളിലും നവധാരാസിനിമകളിലും സാന്നിദ്ധ്യമറിയിച്ചിട്ടുണ്ട്. ഗോപി ഗോവിന്ദ് നിഹലാനിയുടെ ആഘാതിലാണ് എത്തിയത്. മുരളി ആഭാസ് എന്നൊരു സിനിമയില്‍ അഭിനയിച്ചു. ആഭാസം എന്നല്ല അതിന്റെ അര്‍ത്ഥമെന്നും ഭാസിപ്പിക്കുന്നത്, തോന്നിപ്പിക്കുന്നത് എന്നതാണ് അര്‍ത്ഥമെന്ന് മലയാളവും ഹിന്ദിയും തമ്മിലുള്ള വൈഭിന്ന്യം ഉയര്‍ത്തുന്ന അര്‍ത്ഥവ്യതിയാനത്തെ മുന്‍നിര്‍ത്തി മുരളി തന്നെ പറഞ്ഞിരുന്നു, പറയേണ്ടിവന്നിരുന്നു. ഇങ്ങനെയൊക്കെ ഇടയ്ക്കും തലയ്ക്കും ഒരു മലയാളിസാന്നിദ്ധ്യത്തിനപ്പുറം ബോളിവുഡിലെ ജനപ്രിയജനുസ്സില്‍ പെടുന്ന മുഖ്യധാരാസിനിമയിലേക്കുള്ള പ്രവേശം ആദ്യം നേടുന്ന താരം മമ്മൂട്ടിയായിരിക്കണം. പാര്‍വതി മേനോന്‍ എന്നൊരു മലയാളിസംവിധായികയുടെ ത്രിയാത്രിയിലാണ് ആദ്യമതു സംഭവിക്കുന്നത്. ആ ചിത്രത്തില്‍ ശങ്കരാടിയും മമ്മൂട്ടിക്കൊപ്പമുണ്ടായിരുന്നു. ത്രിയാത്രിയല്ല പക്ഷേ, മമ്മൂട്ടിയെ അടയാളപ്പെടുത്തുന്നത്. ഇക്ബാല്‍ ദുറാനി എന്നൊരു സംവിധായകന്റെ ധര്‍ത്തിപുത്തര്‍ എന്ന ചിത്രമാണ് മമ്മൂട്ടിയുടെ, ഒരു മലയാളിതാരത്തിന്റെ ആദ്യത്തെ ജനപ്രിയബോളിവുഡ് സിനിമ. അതു തീരെയും ജനപ്രിയമായില്ലെന്നതു വേറേ കഥ. ഏതായാലും ധര്‍ത്തിപുത്തര്‍ പുറത്തുവരുംവരെ വന്‍പിച്ച ബഹളങ്ങളായിരുന്നു ഇവിടത്തെ ഫിലിം ജേണലുകളും പത്രങ്ങളും. അന്നുപിന്നെ, ദൈവം സഹായിച്ച് ചാനലുകളും സോഷ്യല്‍ മീഡിയ നെറ്റ് വര്‍ക്കുകളും ഇല്ലായിരുന്നു. ബഹളം മറ്റൊന്നുമല്ല. മമ്മൂട്ടിയെ തലപ്പൊക്കമുള്ള ബോളിവുഡ് ഷോ ഗുരു മഹേഷ് ഭട്ട് തന്റെ പുതിയ ചിത്രത്തിലേക്കു കാസ്റ്റു ചെയ്തു എന്നതായിരുന്നു വാര്‍ത്തകളിലൊന്ന്. അര ഡസന്‍ ബോളിവുഡ് ചിത്രങ്ങളിലേക്കു മമ്മൂട്ടി കരാറായി എന്നതായിരുന്നു മറ്റൊരു വാര്‍ത്ത. പില്‍ക്കാലത്ത് നസീറുദ്ദീന്‍ ഷാ മമ്മൂട്ടിയെ നായകനാക്കി ബോളിവുഡില്‍ സിനിമ സംവിധാനം ചെയ്യുന്നു എന്നും കേട്ടു. പഴയ നെഹ്‌റു ട്രോഫി കമന്ററിയില്‍ പറയുന്നതിനെ പാരഡി ചെയ്താല്‍.... അവിടെ ഒന്നും തന്നെ സംഭവിച്ചില്ല... പന്ത് ഗോളിയുടെ തലയ്ക്കു പതിനഞ്ചു വാര മുകളിലൂടെ പുറത്തേക്കു പോയി... അത്രമാത്രം. മമ്മൂട്ടി പിന്നീട് ബാപ്പാദിത്യറാവു എന്ന സംവിധായകന്റെ ഷഫക് (ഏക് ദിന്‍ അഞ്ജാനേ മേ) എന്നൊരു പടത്തിലഭിനയിച്ചതായി കേട്ടിരുന്നെങ്കിലും അതു റിലീസായോ ഇല്ലയോ എന്നതുപോലും പിന്നീട് ആരും കാര്യമായി അറിഞ്ഞില്ല. രവീണ റ്റാന്‍ഡനായിരുന്നു ആ ചിത്രത്തില്‍ നായിക. അതേ സംവിധായകന്റെ സൗ ഛൂട്ട് ഏക് സച്ച് എന്നൊരു സിനിമയിലും മമ്മൂട്ടി അഭിനയിച്ചു. അതൊരു സമാന്തരധാരാസിനിമയായിരുന്നു.

പിന്നെ, മോഹന്‍ലാലിന്റെ ഊഴമായിരുന്നു. ലാലിന് സുഖമായി ബോളിവുഡില്‍ പ്രവേശിക്കാനാകുമായിരുന്നു. കാരണം, പ്രിയന്റെ അവിടത്തെ വിജയം തന്നെ. എന്നാല്‍, അതിന് ലാല്‍ തുനിഞ്ഞില്ല. ഒടുവില്‍ രാംഗോപാല്‍ വര്‍മയുടെ കമ്പനി എന്ന ചിത്രത്തിലൂടെയാണ് ലാല്‍ ബോളിവുഡില്‍ സാന്നിദ്ധ്യമറിയിച്ചത്. അതും മലയാളിയായ ഒരു ഐപിഎസ് ഉദ്യോഗസ്ഥനായി. വര്‍മയുടെ ആഗിലും പ്രിയന്റെ തേജിലും ലാല്‍ അഭിനയിച്ചെങ്കിലും ഒരു സിനിമയിലും നായകന്റെ വേഷമായിരുന്നില്ല. ഈ താരഗോപുരങ്ങള്‍ക്കു വെളിയില്‍ മനോജ് കെ ജയന്‍ മുതല്‍ ഇന്ദ്രജിത്ത് വരെ ഹിന്ദിയില്‍ ചെറുകിട സിനിമകളുടെ ഭാഗമായിട്ടുണ്ട്.

നടിമാരില്‍ പത്മിനി മുതല്‍ അവരുടെ ബന്ധുവായ ശോഭനവരെ. പിന്നെ, ഒരു പ്രധാനപേര് അസിന്റേതാണ്. മേല്‍പ്പറഞ്ഞ പലതരം സാംസ്‌കാരികസംഘര്‍ഷങ്ങളുടെ ഭാഗമായി ബോളിവുഡ് മലയാളികള്‍ക്ക് ബാലികേറാമലയോ സ്വപ്നസ്വര്‍ഗമോ ആയിനില്‍ക്കുന്നതിനിടെയാണ് അസിന്റെ വിജയം സംഭവിക്കുന്നത്. അസിന്‍ എന്ന താരശരീരം, ഉടല്‍രൂപം മലയാളിയുടെ മലയാളിത്തസങ്കല്പങ്ങളെ അനുസരിക്കുന്ന ഒന്നായിരുന്നില്ല. ദീപസ്തംഭം മഹാശ്ചര്യം എന്ന സിനിമയില്‍നിന്ന് പുറത്താകുകയും സത്യന്‍ അന്തിക്കാടിന്റെ നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വകയില്‍ ഉള്‍പ്പെട്ടെങ്കിലും അപമാനിക്കപ്പെടുംവിധം മോശം അഭിപ്രായങ്ങള്‍ക്കു പാത്രമാകുകയും ചെയ്ത അസിനാണ് പിന്നീട് ബോളിവുഡില്‍ ആദ്യമായി മലയാളിവിജയം കുറിക്കുന്നത്. തമിഴിലും കന്നഡയിലും തെലുഗുവിലും വിജയം നേടിയ ശേഷമാണ് അസിന്‍ ബോളിവുഡിലെത്തുന്നത്. ഗജിനി എന്ന തമിഴ് ചിത്രമാണ് അതിനു കാരണം.

ഹിന്ദിയിലേക്കു മാറ്റാന്‍ ഗജിനി തമിഴില്‍ കണ്ട ആമിര്‍ ഖാന് കല്പനയായി എത്തിയ അസിനെ പിടിച്ചു. എന്നാല്‍, അതേ പടത്തിലെ രണ്ടാമത്തെ മലയാളി സാന്നിദ്ധ്യമായിരുന്ന നയന്‍താരയെ തഴയുകയും ചെയ്തു. നയന്‍താരയുടെ ആ ചിത്രത്തിലെ ശരീരം തികച്ചും തെന്നിന്ത്യനായ ഒരു ഉടല്‍ഭാവനയെ മാത്രം സംതൃപ്തിപ്പെടുത്തുമ്പോള്‍, അസിന്റെ സീറോ സൈസ് ശരീരവും തനിമകളെ തള്ളിക്കളയുന്ന ചെറുമാനറിസങ്ങളും ഒരു ബോളിവുഡിനും അംഗീകരിക്കാനാകുന്ന വിധത്തില്‍ വേറിട്ടതായിരുന്നു. അങ്ങനെ മലയാളിസ്വത്വത്തെ പുറംതള്ളിക്കൊണ്ട് അസിന്‍ ബോളിവുഡിന് സ്വീകാര്യയായി. അവിടെയും മാദ്ധ്യമങ്ങള്‍ക്കു മുന്നില്‍ ഒരു പുതിയ പൊതുബോധത്തെ അവതരിപ്പിക്കാന്‍ അസിനും അതിനെ പരിചരിക്കാന്‍ മാദ്ധ്യമങ്ങളും വ്യഗ്രതകാട്ടി. നേവല്‍ അന്തരീക്ഷമുള്ള വളര്‍ച്ചാ പരിസരമായിരുന്നതുകൊണ്ട് തനിക്ക് ഹിന്ദിയുമായുണ്ടായിരുന്ന അടുത്ത ബന്ധമാണ് ബോളിവുഡില്‍ ഒരു വിജയത്തിനു വഴിയൊരുക്കിയതെന്നായിരുന്നു ആ മാദ്ധ്യമപ്രചാരണസംഗതി. അതേസമയം ഹിന്ദിയേ അറിയാത്ത മുരുകദോസ് എന്നയാളാണ് ആ സിനിമയ്ക്കു പിന്നില്‍ മുഴുവന്‍ പ്രവര്‍ത്തിച്ചത് എന്നത് വലിയൊരു തമാശയായി നില്‍ക്കുന്നു. താനും അമീര്‍ ഖാനുമൊക്കെ ഹിന്ദിയില്‍ തമാശ പറഞ്ഞു ചിരിക്കുമ്പോള്‍ മുരുകദോസ് വിഷണ്ണനായി ഇരിക്കുന്ന ചിത്രമൊക്കെ അസിന്റെ പ്രചാരണത്തിലുണ്ടായിരുന്നു.

ഇത്രയുമൊക്കെ ആയിരിക്കുമ്പോഴും മലയാളിനായകോദയത്തിനു പറ്റിയൊരിടമല്ല ബോളിവുഡ് എന്ന് എങ്ങനെയോ പ്രചാരം വന്നിരുന്നു. അര്‍ദ്ധമലയാളിത്തമോ വിദൂരമലയാളിത്തമോ പറയാവുന്ന ജോണ്‍ ഏബ്രഹാം, വിദ്യാബാലന്‍, മലൈക അറോറ തുടങ്ങിയവരുടെ വിജയത്തിനപ്പുറം ഒരു പൂര്‍ണമലയാളിയുടെ വിജയം ഏറെക്കുറേ അപ്രാപ്യമെന്ന്, എന്തിന് മലയാളി... കമലും രജനിയും അടക്കമുള്ള തെന്നിന്ത്യന്‍ പുരുഷതാരങ്ങള്‍ക്കുതന്നെ അപ്രാപ്യമെന്ന് കേള്‍വികൊണ്ട പോര്‍നിലത്തിലാണ് പൃഥ്വിരാജ് എത്തുന്നത്. ദേശീയക്രിക്കറ്റ് ടീമും ദേശീയ ജനപ്രിയ സിനിമാമേഖലയായ ബോളിവുഡും മലയാളിക്ക് എത്താക്കൊമ്പായിരുന്നിടത്ത് ശ്രീശാന്തും പൃഥ്വിയും വരുന്നു. ഇപ്പോള്‍ ശ്രീശാന്ത് ഒരു പതനത്തിലാകുമ്പോള്‍ വീണ്ടും വാഴ്ചയെന്നത് ക്രിക്കറ്റില്‍ മലയാളിക്ക് അന്യമാകുന്നു (അവിടെയും ഭാഗികമലയാളിബന്ധമുള്ള അനില്‍ കുംബ്ളേ, അബി കുരുവിള, റോബിന്‍ ഉത്തപ്പ, അജയ് ജഡേജ തുടങ്ങിയവര്‍ ശോഭിച്ചിരുന്നിതൊരു രാജ്ഞി കണക്കയേ നീ...).

ഇവിടേക്കാണ് പൃഥ്വിരാജ് അയ്യയെന്ന ചിത്രത്തിലൂടെ എത്തുന്നത്. അയ്യ പരാജയമായിത്തീര്‍ന്നെങ്കിലും ഔറംഗസേബ് എന്ന അടുത്ത ചിത്രത്തിലേക്ക് കരാറാകാനും പൃഥ്വിക്കു സാധിച്ചു. സാധാരണ ആദ്യചിത്രം പരാജയപ്പെടുന്നതോടെ തെന്നിന്ത്യന്‍ താരം തന്റെ തട്ടകത്തിലേക്കു മടങ്ങുന്നതിനു പകരം പൃഥ്വി അവിടെത്തന്നെ കൂടുതല്‍ ബലവത്തായി പിടിച്ചുനില്‍ക്കാനുള്ള ശ്രമങ്ങളാരംഭിക്കുന്നു. മുംബൈയില്‍ പാതി താമസമാക്കുന്നു. ഫറാ ഖാന്റെ പുതിയ സിനിമയായ ന്യൂ ഇയറില്‍ ഷാരുഖ് ഖാനൊപ്പം അഭിനയിക്കുവാന്‍ പോകുന്നു എന്ന വാര്‍ത്ത പരത്തുന്നു. ഇങ്ങനെയിങ്ങനെ ഒരു ദേശീയതാരവലിപ്പത്തിലേക്ക് ഉയരാനുള്ള ചിറകുവീശലിലാണ് ഇപ്പോള്‍ പൃഥ്വിരാജ്. അതിനൊപ്പംതന്നെ, മലയാളത്തിലും മുന്‍പെങ്ങുമില്ലാത്തവിധത്തിലുള്ള സ്വീകാര്യത ആര്‍ജിക്കുവാന്‍ ഈ നടന് ഇന്നു കഴിയുന്നു. സിംഹാസനം, ഹീറോ തുടങ്ങിയ ചവറുകള്‍ അഭിനയിക്കുകയും തള്ളിക്കളയപ്പെടുകയും ചെയ്ത തൊട്ടുമുന്‍പത്തെ അവസ്ഥയില്‍നിന്ന് പൊടുന്നനെയാണ് വളരെ മെച്ചപ്പെട്ടൊരു അവസ്ഥയിലേക്ക് അദ്ദേഹം കടന്നുകയറുന്നത്. വ്യത്യസ്തങ്ങളും സാഹസികങ്ങളുമായ ചിത്രങ്ങളും കഥാപാത്രങ്ങളും മാത്രം തെരഞ്ഞെടുത്തുകൊണ്ട് മറ്റൊരു സഞ്ചാരപഥം തന്നെ ഇവിടെ അദ്ദേഹം അന്വേഷിക്കുന്നു. രാജപ്പന്‍ തെങ്ങുംമൂട്, പൃഥ്വിരാജപ്പന്‍ എന്നെല്ലാമുള്ള പരിഹാസങ്ങള്‍ക്കതീതമായി പറന്നുയര്‍ന്ന പൃഥ്വിരാജ് ആശംസകളും ആശിസ്സുകളും അഭിനന്ദനങ്ങളും പരക്കെ നേടുന്നു. അയാളും ഞാനും തമ്മില്‍, സെല്ലുലോയ്ഡ്, മുംബൈ പോലീസ് എന്നിങ്ങനെ തുടരെ മൂന്നു ഹിറ്റുകള്‍ നല്കിക്കൊണ്ട്, ന്യൂ ജനറേഷന്‍ തരംഗത്തിനിടെ നഷ്ടപ്പെട്ട തന്റെ ഹീറോ ഇമേജും നല്ല നടന്‍ ഇമേജും അദ്ദേഹം തിരികെ സ്വന്തമാക്കിയിരിക്കുന്നു. ഒപ്പം രണ്ടാമത്തെ സംസ്ഥാനപുരസ്‌കാരവും നേടി ഇമേജ് വ്യത്യസ്തമാക്കാനും സാധിച്ചു. ഇപ്പോള്‍ മലയാളത്തില്‍ പൃഥ്വിരാജ് എന്ന നടന്‍ ശരിക്കും സേഫ് ആണ്. സ്‌റ്റെഡി ആണ്. ഒപ്പം ഹിന്ദിയില്‍ വളരെ ശ്രദ്ധേയമായ നീക്കങ്ങള്‍ നടത്തുന്നു. ഇതിനിടെ, ആരംഭത്തില്‍ തനിക്കു കിട്ടിയ വലിയൊരു തളളിച്ചയ്ക്കു കാരണമായ തമിഴിനെ പൃഥ്വി പൂര്‍ണമായും തള്ളിക്കളയുകയും ചെയ്തിരിക്കുകയാണ്. ഒന്നുരണ്ടു തെലുഗുപദ്ധതികളില്‍ തലവെച്ചെങ്കിലും ആ ഇടത്തെയും അദ്ദേഹം നിരസിക്കുകയാണ്. മലയാളം, തമിഴ്, തെലുഗ്, ഹിന്ദി എന്നീ നാലു വ്യത്യസ്തങ്ങളായ, എന്നാല്‍ ഉള്ളില്‍ ഒരേ സാംസ്‌കാരികവിപണിമൂല്യങ്ങളെ ഉള്‍ക്കൊള്ളുന്ന സിനിമാവ്യവസായഭൂമികകളിലെ പൃഥ്വിയുടെ നിലയും നീക്കവും ഏറ്റവും നിര്‍ണായകമാണ്. എങ്ങനെയാണ് പൃഥ്വിയെന്ന താരശരീരം, നടനുടല്‍, ശബ്ദം, ഭാഷ, രീതികള്‍, ശരീരഭാഷ ഒക്കെ ഈ വ്യത്യസ്തഇടങ്ങളില്‍, സവിശേഷിച്ച് ഹിന്ദിയില്‍ സ്വയം അടയാളപ്പെടുത്തുന്നത് എന്നത് കൗതുകം പകരുന്ന കാര്യമാണ്.

(ലേഖനത്തിന്റെ തുടര്‍ഭാഗം ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്. പൃഥ്വിരാജിന്റെ ബോളിവുഡ് വഴി ഇതുവരെയുള്ള തെന്നിന്ത്യന്‍ താരങ്ങളില്‍നിന്ന് വ്യത്യസ്തമാകുന്നതെങ്ങനെയെന്നു കൂടി ആ തുടര്‍ച്ചയില്‍ നിരീക്ഷിക്കപ്പെടുന്നു.)


Next Story

Related Stories