TopTop
Begin typing your search above and press return to search.

സിനിമയുടെ 100 വര്‍ഷം : ബല്‍രാജ് സാഹ്നിയുടേതും

സിനിമയുടെ 100 വര്‍ഷം : ബല്‍രാജ് സാഹ്നിയുടേതും

സീതാറാം യെച്ചുരി

ഗ്ളാമറും വര്‍ണ വിസ്മയങ്ങളും സംഗമിക്കുന്ന മെഗാ ഇവന്റുകളോടെ ഇന്ത്യന്‍ സിനിമയുടെ ശതാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കമായിരിക്കുകയാണ്. 1913 - ല്‍ റിലീസായ ദാദ സാഹിബ് ഫാല്‍ക്കേയുടെ നിശബ്ദ ചിത്രം 'രാജാ ഹരിശ്ചന്ദ്ര' ആയിരുന്നു ആദ്യ ഇന്ത്യന്‍ സിനിമ. എന്നാല്‍ ചുരുങ്ങിയത് കാല്‍ നൂറ്റാണ്ടോളം ഹിന്ദി സിനിമ രംഗവും ജനപ്രിയ നാടക പ്രസ്ഥാനവും അതികായകനെ പോലെ വാണിരുന്ന ബല്‍രാജ് സാഹ്നിയുടെ ജന്മശതാബ്ദിയാണ് 2013 എന്ന വസ്തുത നമ്മളില്‍ അധികമാരും ഗൌനിക്കാതെ പോയ ഒന്നാണ്.

കഴിഞ്ഞ ഒരു നൂറ്റാണ്ടില്‍ ഇന്ത്യന്‍ ജനതയുടെ പൊതുബോധ നിര്‍മിതിയില്‍ നിര്‍ണായക പങ്കാണ് ഇന്ത്യന്‍ സിനിമാ രംഗം നിര്‍വഹിച്ചത്. കണ്ണഞ്ചിപ്പിക്കുന്ന വര്‍ണ്ണ കാഴ്ചകളും 'അവതാര' സമാനമായ നായക ബിംബങ്ങളുമൊക്കെ ഉണ്ടെങ്കിലും, അനീതിക്കും ചൂഷണത്തിനും എതിരെയുള്ള പോരാട്ടങ്ങളില്‍ അണി ചേരാനുള്ള ഇന്ത്യന്‍ ജനതയുടെ ബോധാവസ്ഥയെ ഉത്തേജിപ്പിക്കുന്നതില്‍ നിഷേധിക്കാനാവാത്ത പങ്കു വഹിച്ചിട്ടുണ്ട്. കേവലം ഹിന്ദി സിനിമ മാത്രമല്ല, ദക്ഷിണേന്ത്യന്‍ സിനിമകളും ഭോജ്പൂരി അടക്കമുള്ള പ്രാദേശിക ഭാഷാ ചിത്രങ്ങള്‍ക്കുമൊക്കെ സിനിമയുടെ 100 വര്‍ഷത്തില്‍ നിര്‍ണായക പങ്കുണ്ട്. അതു കൊണ്ടുതന്നെ 2013 കേവലം ഹിന്ദി സിനിമയുടെ മാത്രമല്ല, മറിച്ച്, വ്യത്യസ്ത ഭാഷാ സംസ്‌കാരങ്ങളില്‍ പടര്‍ന്ന് കിടക്കുന്ന ഇന്ത്യന്‍ സിനിമയുടെ തന്നെ ജന്മ ശതാബ്ദിയാണ്.

ഇന്ത്യന്‍ സാമൂഹിക മന:സാക്ഷിയുടെ സൂക്ഷിപ്പ് എന്ന പ്രക്രിയയില്‍ സിനിമ വലിയ പങ്കാണ് വഹിച്ചു പോന്നിട്ടുള്ളത്. സത്യജിത് റേ, ഋത്വിക് ഘട്ടക്, മൃണാള്‍ സെന്‍ തുടങ്ങിയവരുടെ സിനിമകള്‍ ബംഗാളില്‍ ഈ ദിശയില്‍ വലിയ മുന്നേറ്റം തന്നെ സൃഷ്ടിച്ചു. ദക്ഷിണേന്ത്യയിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. എന്റെ ജന്മ നാടായ ആന്ധ്രയിലും, വളര്‍ന്ന തമിഴ്നാട്ടിലുമൊക്കെ സിനിമയും 'താരങ്ങളും' രാഷ്ട്രീയ പ്രസ്ഥാനങ്ങളുമായി അഭേദ്യ ബന്ധമാണ് പുലര്‍ത്തിയിരുന്നത്. എന്‍.ടി രാമറാവു, എം.ജി രാമചന്ദ്രന്‍ എന്നിവരൊക്കെ ചില ഉദാഹരങ്ങള്‍ മാത്രം.

പുരോഗമന രാഷ്ട്രീയം മലയാള സിനിമയേയും നിര്‍ണായകമായി സ്വാധീനിച്ചിരുന്നു. സംവിധായകരായ പി ഭാസ്‌കരനും രാമു കാര്യാട്ടും, നടന്മാരായ മാധവന്‍ നായരും (മധു) പി.ജെ ആന്റണി തുടങ്ങിയവരൊക്കെ പുരോഗമന നാടക പ്രസ്ഥാനത്തിന്റെ സ്വധീനത്തില്‍ നിന്നു വന്നവരാണ്.

.

ബംഗാളി 'ഇഫക്റ്റ്' പെട്ടന്ന് തന്നെ ഹിന്ദി സിനിമയില്‍ പ്രതിഫലിച്ചു. സാമൂഹിക സാമ്പത്തിക പ്രശ്‌നങ്ങളെ മുന്‍നിര്‍ത്തി വന്ന 'ദോ ബിഗാ സമീന്‍' (ഭൂപരിഷ്‌കരണം), 'സുജാത' (തൊട്ടുകൂടായ്മ) എന്നീ സിനിമകളൊക്കെ ഇന്ത്യന്‍ സിനിമക്ക് ഒരു 'റിയലിസ്റ്റിക് ടച് ' നല്‍കിയതില്‍ ചിലത് മാത്രം.

തങ്ങളുടെ സൈനിക അതിക്രമത്തില്‍ കൊല്ലപെട്ട സിവിലിയന്മാരുടെ അവസ്ഥയെ അമേരിക്ക വിശേഷിപ്പിച്ചത് വളരെ അരോചകമായ ഒരു പദം ഉപയോഗിച്ചായിരുന്നു "കൊളാട്രല്‍ ഡാമേജ്". ഇന്ത്യന്‍ സമൂഹ മന:സാക്ഷി സൂക്ഷിപ്പിന് സിനിമയെ പാകമാക്കുന്നതിനു ഇന്ത്യന്‍ ഇടതുപക്ഷം നല്കിയ സംഭാവനകളെ വിശദീകരിക്കാന്‍ മേല്‍ ഉപയോഗിച്ച പദത്തിന്റെ നേര്‍ വിപരീത പദമാണ് നാം ഉപയോഗിക്കേണ്ടത്. "കൊളാട്രല്‍ ബെനിഫിറ്റ്" എന്ന്. ഹിന്ദി സിനിമയില്‍ ഈ പ്രക്രിയയുടെ കേന്ദ്ര ബിന്ദുവായിരുന്നു ബല്‍രാജ് സാഹ്നി. ഒരു പക്ഷെ, അര്‍ത്ഥ പൂര്‍ണമായ ഒരു യാദൃച്ഛികതയാകാം അദ്ദേഹം ജനിച്ചതും 1913-ലെ ഒരു മെയ് ദിനത്തിലായിരുന്നു എന്നത്. ജീവിത കാലമത്രയും രാജ്യത്തെ ചൂഷിതരുടെയും അടിച്ചമര്‍ത്തപ്പെട്ടവരുടേയും ഉന്നമനത്തിനും സോഷ്യലിസ്റ്റ് ഇന്ത്യ സാക്ഷത്കരിക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം മുഴുകി. ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായിരുന്ന റാവല്‍പിണ്ടിയില്‍ ജനിച്ച ബല്‍രാജ് ലാഹോര്‍ സര്‍ക്കാര്‍ കോളേജിലെ വിദ്യാഭ്യസത്തിനു ശേഷം തന്റെ ജീവിതം പത്ര പ്രവര്‍ത്തനത്തിന് വേണ്ടി മാറ്റി വച്ചു - ഇക്കാലമത്രയും അത് തന്നെ ആയിരുന്നു അദേഹത്തിന്റെ ആദ്യ 'ചോയ്സും'. അദേഹത്തെ കുറിച്ചുള്ള ഓര്‍മകളില്‍ തെളിയുന്ന ഒരു ചിത്രം ഉണ്ട്. ഷൂട്ടിംഗ് സെറ്റില്‍ നിന്ന് സെറ്റുകളിലേക്കുള്ള യാത്രയില്‍ കൊണ്ടു നടക്കാവുന്ന ഒരു ടൈപ്പ് റൈറ്റര്‍ അദ്ദേഹം കൂടെ കരുതുമായിരുന്നു. രണ്ടു സീനുകള്‍ക്കിടയിലുള്ള എല്ലാ ഇടവേളകളിലും ടൈപ് റൈറ്ററുമായിരിക്കുന്ന സാഹ്നിയെ മാത്രമേ ആളുകള്‍ക്ക് കാണാന്‍ കഴിയുമായിരുന്നുള്ളൂ.

രാജ്യത്തെ കോളോണിയല്‍ ശക്തികളില്‍ നിന്ന് മോചിപ്പിക്കുവാനും പാശ്ചാത്യ ലിബറലിസവും ഇന്ത്യന്‍ ദേശീയതയും ഒന്നിച്ചു കൊണ്ട് പോകുന്ന ഒരു വഴിയെ കുറിച്ചുള്ള അന്വേഷണത്തിനുമിടയില്‍ 1937 മുതല്‍ രബീന്ദ്രനാഥ് ടാഗോറിന്റെ ശാന്തിനികേതനില്‍ ഹിന്ദി അധ്യാപകനായി സാഹ്നി കഴിച്ചു കൂട്ടി. 1939-ല്‍ ഗാന്ധിജിയുടെ വാര്‍ധ അശ്രമത്തിലോട്ടു പോയ അദ്ദേഹം, ഒരു വര്‍ഷം അവിടെ ചിലവഴിച്ചു. അവിടെ നിന്ന് ലണ്ടനില്‍ എത്തിയ സാഹ്നി 4 വര്‍ഷക്കാലം ബിബിസിയില്‍ ഹിന്ദി റേഡിയോ ജേര്‍ണലിസ്റ്റും തിരക്കഥാകൃത്തുമായി ജീവിച്ചു. ഹിറ്റ്‌ലറുടെ ഫാസിസ്റ്റ് സേന ലണ്ടനു മേല്‍ ബോംബ് വര്‍ഷിക്കുന്ന കാലഘട്ടം കൂടിയായിരുന്നു അത്. ഈ സമയത്ത് ഇന്ത്യയില്‍ തിരിച്ചെത്തിയ സാഹ്നി ഫാസിസത്തെയും കൊളോണിയലിസത്തേയും ഒരു പോലെ എതിര്‍ക്കുന്ന പ്രസ്ഥാനത്തിന്റെ ഭാഗമാകാന്‍ തീരുമാനിച്ചു. ബ്രിട്ടനില്‍ നിന്നു തന്നെ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുമായി സഹകരിച്ചു തുടങ്ങിയ സാഹ്നി, അവിഭക്ത കമ്മ്യുണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നു. ഭാര്യ ദയമന്തിയുമൊത്ത് People's Theatre Association (IPTA) പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ ശിഷ്ട കാലം അദ്ദേഹം വിനിയോഗിച്ചു. താന്‍ ഉയര്‍ത്തിപ്പിടിച്ച രാഷ്ട്രീയ മൂല്യങ്ങള ജനങ്ങള്‍ക്കിടയില്‍ എത്തിക്കാനുള്ള ഒരു പ്രധാന ആയുധമായി പുരോഗമന നാടക പ്രസ്ഥാനം അദ്ദേഹം ഉപയോഗിച്ചു. ബംഗാള്‍ ക്ഷാമത്തെ മുന്‍നിര്‍ത്തി അദ്ദേഹം മുന്നോട്ട് വെച്ച ജനകീയ നാടക പ്രസ്ഥാനം തന്റെ സമകാലീനരായ പ്രശസ്ത കലാകാരന്മാരെ ഇപ്റ്റയുമായി അടുപ്പിച്ചു. ഇപ്റ്റയുടെ തെരുവ് നാടകങ്ങള്‍ക്ക് ശേഷം, ബംഗാള്‍ ക്ഷാമത്തില്‍ പെട്ട പാവങ്ങള്‍ക്ക് വേണ്ടി പൃഥ്വിരാജ് കപൂര്‍ പണപ്പിരിവു നടത്തുമായിരുന്നു. പ്രശസ്ത സാഹിത്യകാരന്‍ മുല്‍ക്കരാജ് ആനന്ദ്, ഖ്വാജാ അഹ്മദ് അബ്ബാസ്, അലി സര്‍ദാര്‍ ജഫ്രി, ഉദയ് ശങ്കര്‍, രവി ശങ്കര്‍, ചിത്തപ്രസോദ്, ശംഭു മിത്ര, എസ്.ഡി ബര്‍മന്‍, സലില്‍ ചൌധരി തുടങ്ങി തങ്ങളുടെ മേഖലയില വ്യക്തി മുദ്ര പതിപിച്ച നിരവധി ആളുകള്‍ അതില്‍ പെടും.


ലീലാ നായിഡുവും ബല്‍രാജ് സാഹ്നിയും അനുരാധ (1960)യില്‍

കാല്‍ നൂറ്റാണ്ട് നീളുന്ന തന്റെ സിനിമാ ജീവിതത്തില്‍ ബല്‍രാജ് സാഹ്നി 125-ലധികം സിനിമകളില്‍ വേഷമിട്ടു. സാഹ്നി വേഷമിട്ട ബിമല്‍ റോയിയുടെ 'ദോ ബിഗാ സമീന്‍', അമിയോ ചക്രബര്‍ത്തിയുടെ 'സീമ', രാജേന്ദ്ര സിംഗ് ബേദിയുടെ കഥയെ അടിസ്ഥാനമാക്കിയുള്ള 'ഗരം കോട്ട്', ഹേമന്‍ ഗുപ്തയുടെ 'കാബൂളിവാല', യാഷ് ചോപ്രയുടെ 'വക്ത്', അതു പോലെ തന്നെ അവസാനം വേഷമിട്ട എം.എസ് സത്യുവിന്റെ 'ഗരം ഹവ' എല്ലാം തന്നെ ആ തലമുറയുടെ മനസ്സില്‍ കൊത്തിവെക്കപെട്ട രൂപങ്ങളാണ്. 'ഗരം ഹവാ'യിലെ പെട്ടെന്ന് പ്രകോപിതനാകുന്ന, എന്നാല്‍ വിഭാജനാന്തരം പാകിസ്ഥാനിലോട്ടു പോകാന്‍ കൂട്ടാക്കാത്ത സത്യവിശ്വാസിയായ ഒരു മുസല്‍മാന്റെ ജീവിതം ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒന്നാണ്. ആ സിനിമയുടെ ഡബ്ബിങ്ങിനു ശേഷം ഒരു ദിവസം മാത്രമാണ് ബല്‍രാജ് സാഹ്നി ജീവിച്ചിരുന്നത്.

ശതാബ്ദി വേളയില്‍ ഇന്ത്യന്‍ സിനിമയെ കുറിച്ചുള്ള ഒരു ആത്മപരിശോധനക്കുകൂടി നമ്മള്‍ സമയം കണ്ടത്തേണ്ടിയിരിക്കുന്നു. കുന്നു കൂടിയ പണത്തിന്റെ സ്വാധീനം, 'ഫാന്‍സി' ജീവിതം, വര്‍ത്തമാനകാല ജീവിത യഥാര്‍ഥ്യങ്ങളില്‍ നിന്നുള്ള അകല്‍ച്ച ഇതെല്ലം തന്നെ രാജ്യത്തിന്റെ സമൂഹ മനസാക്ഷി സൂക്ഷിപ്പില്‍ നിന്ന് ഇന്ത്യന്‍ സിനിമയെ അകറ്റി. ഈ ഒരു പശ്ചാത്തലത്തില്‍ , യുവ തലമുറയില നിന്നുള്ള ഹിമാന്‍ഷു ധൂളിയ, സൂര്‍ജിത് സര്‍ക്കാര്‍, അശുതോഷ് ഗൌത്കര്‍, സുധീര്‍ മിശ്ര, വിശാല്‍ ഭരദ്വാജ്, അനുരരാഗ് കാശ്യപ് തുങ്ങിയവര്‍ ഇന്ത്യന്‍ സിനിമയ്ക്ക് പുതിയ വ്യാകരണവും ഉള്ളടക്കവും ഉണ്ടാക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ ആശാവഹമാണ്.


Next Story

Related Stories