TopTop
Begin typing your search above and press return to search.

ഇറാന്‍ തെരഞ്ഞെടുപ്പിന്‍റെ നിറം മങ്ങുന്നു

ഇറാന്‍ തെരഞ്ഞെടുപ്പിന്‍റെ നിറം മങ്ങുന്നു
ജേസണ്‍ റെസായിയന്‍ഇറാനില്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പിനുള്ള അന്തിമ സ്ഥാനാര്‍ഥി പട്ടിക, പുരോഹിത സഭയായ ഗാര്‍ഡിയന്‍ കൌണ്‍സില്‍ പ്രഖ്യാപിച്ചതോടെ മത്സരരംഗത്തുള്ള എട്ട് സ്ഥാനാര്‍ഥികള്‍ പ്രചാരണത്തിന്റെ അന്തിമഘട്ടത്തിലാണ്. പൊതുയോഗങ്ങളും, റേഡിയോ, ടെലിവിഷന്‍ പരിപാടികളുമൊക്കെയായി പ്രചാരണം ചൂടുപിടിക്കുന്നു. ജൂണ്‍ 14നാണ് തെരഞ്ഞെടുപ്പ്.


അഹമ്മദി നെജാദിന്റെ ഭരണത്തിലെ കെടുകാര്യസ്ഥത അവസാനിപ്പിക്കുമെന്ന വാചകമടിയിലെ വിശദാംശങ്ങളില്‍ ചെറിയ മാറ്റങ്ങളല്ലാതെ സ്ഥാനാര്‍ഥികള്‍ തമ്മില്‍ പ്രത്യേകിച്ച് വകഭേദങ്ങളൊന്നും ഇല്ലെന്നു കരുതുന്നവര്‍ ഏറെയാണ്. എങ്കിലും പ്രചാരണ ജാഥകളും മറ്റും ഇറാന്‍ സമൂഹത്തിന്റെ വിവിധ മുഖങ്ങള്‍ വെളിവാക്കുന്നുണ്ട്.


2009ലെ തെരഞ്ഞെടുപ്പുകാലത്തെ അപേക്ഷിച്ച് ഒട്ടും നിറപ്പകിട്ടും ആവേശവുമില്ലാത്ത ഒരു തെരഞ്ഞെടുപ്പാണ് ഇപ്പോള്‍ നടക്കുന്നത്. സാമ്പത്തിക ഉപരോധം മൂലം കടലാസിന് നേരിടുന്ന ക്ഷാമം ചൂണ്ടിക്കാണിച്ച്, കടലാസ് ഉപഭോഗം ഗണ്യമായി കുറക്കാന്‍ അച്ചടിശാലകള്‍ക്കും, പ്രസാധകര്‍ക്കും നിര്‍ദേശം നല്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ തലസ്ഥാന നഗരിയില്‍പ്പോലും മുന്‍ തെരഞ്ഞെടുപ്പുകളില്‍നിന്നും വ്യത്യസ്തമായി പോസ്റ്റുറുകളോ, ലഘുലേഖകളോ അത്രയൊന്നും കാണാനാകില്ല.


സ്ഥാനാര്‍ഥികള്‍ തമ്മില്‍ നടത്തുന്ന നേരിട്ടുള്ള സംവാദവും ഇത്തവണയില്ല. ഇത്തരം സംവാദങ്ങള്‍ കഴിഞ്ഞ തെരഞ്ഞെടുപ്പിനെ ആവേശഭരിതമാക്കുകയും, ഒരുപക്ഷേ അതിനുശേഷമുണ്ടായ അസ്വസ്ഥതകള്‍ക്ക് ഒരു പരിധി വരെ കാരണമാവുകയും ചെയ്തിട്ടുണ്ടെന്ന് പലരും കരുതുന്നുണ്ട്. അതുകൊണ്ട്, അമേരിക്കയിലേതുപോലെ ഒരു കൂട്ടം ആളുകള്‍ ചേര്‍ന്നുള്ള ചര്‍ച്ചാ രീതിയിലാണ് ഇത്തവണ സംവാദം.

പ്രമുഖരായ രണ്ടു സാധ്യതാ സ്ഥാനാര്‍ഥികളായിരുന്ന, മുന്‍ പ്രസിഡന്റ്‌ അലി അക്ബര്‍ ഹാഷെമീ റഫ്‌സഞ്ചാനിയെയും, അഹമ്മദി നെജാദിന്റെ സഹായി എസ്ഫാന്തിയര്‍ റഹീം മഷെയിയെയും, ഗാര്‍ഡിയന്‍ കൌണ്‍സില്‍ അയോഗ്യരാക്കിയതോടെ ശേഷിക്കുന്നവരില്‍ ശ്രദ്ധാകേന്ദ്രം, ഇറാന്റെ മുഖ്യ ആണവ ചര്‍ച്ചാ മധ്യസ്ഥന്‍ സയീദ് ജലീലിയാണ്. കഴിഞ്ഞ വെള്ളിയാഴ്ച ടെഹ്‌റാന്‍ മൈതാനത്ത് നടന്ന ജാഥയും, പൊതുയോഗവും ഇറാന്‍ പൊതുസമൂഹത്തില്‍ അത്ര സുപരിചിതനല്ലാത്ത ജലീലിയെ പുറം ലോകത്തിന് ഒന്നു കാണാന്‍ കിട്ടുന്നതിന് ഇടയാക്കി. വേദിക്ക് പുറത്ത് ജലീലിയുടെ ചിത്രങ്ങളും തൂക്കി തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് സംഭാവനയും, അതോടൊപ്പം അഭിപ്രായങ്ങളും ആരായുന്നവര്‍. എന്തുകൊണ്ട് ജലീലിക്ക് വോട്ട് ചെയ്യണമെന്ന് പറയുന്ന ലഘുലേഖകള്‍ വിതരണം ചെയ്യുന്നവര്‍.


ഏതാണ്ട് 3,000ത്തോളം പ്രവര്‍ത്തകര്‍ മൈതാനത്ത് കൂടിയിട്ടുണ്ട്. ഈ വര്‍ഷത്തെ ഏറ്റവും വലിയ പ്രചാരണ യോഗം. 'ചെറുത്തു നില്‍പ്പാണ് പുരോഗതിയിലേക്കുള്ള വഴി' എന്നെഴുതിയ ഒരു ബാനറും അവര്‍ ഉയര്‍ത്തിയിരിക്കുന്നു.1979-ലെ ഇസ്‌ളാമിക വിപ്ളവത്തിന്റെ പ്രതീക്ഷകളും, ആദര്‍ശങ്ങളും ഇപ്പോളും കൊണ്ടുനടക്കുന്ന ആളുകള്‍ ആ കൂട്ടത്തിലുണ്ട്. 1980-ല്‍ തുടങ്ങി എട്ട് വര്‍ഷം നീണ്ട ഇറാഖുമായുള്ള യുദ്ധത്തില്‍ പോരാടിയവരും, അന്ന് വേണ്ടപ്പെട്ടവരെ നഷ്ടപ്പെട്ടവരും ഒക്കെ അവര്‍ക്കിടയിലുണ്ട്. യുദ്ധത്തില്‍ ജലീലിയുടെ ഒരു കാല്‍ നഷ്ടപ്പെട്ടു. നിരവധി മുന്‍ സൈനികര്‍ പൊതുയോഗത്തിനെത്തിയിരുന്നു.

'അടുത്ത ഇറാന്‍ പ്രസിഡന്റ് ആരായാലും ഇസ്‌ളാമിക വിപ്ലവത്തിന്റെ പാതയിലൂടെ മുന്നോട്ടുപോവുകയും, വിപ്ളവത്തിന്റെ ലക്ഷ്യങ്ങള്‍ നേടാന്‍ എല്ലാ സാധ്യതകളും ഉപയോഗിക്കുകയും വേണം,' ജലീലി പറഞ്ഞു. ജലീലി ഇന്നുവരെ അഭിസംബോധന ചെയ്തതില്‍ വച്ച് ഏറ്റവും വലിയ ജനക്കൂട്ടമാണത്. 'ഉപരോധങ്ങളുടെ രൂപത്തില്‍ അമേരിക്കയുമായി ഞങ്ങള്‍ ശരിക്കുള്ള യുദ്ധത്തിലാണ്. ഇത് ജലീലി മനസ്സിലാക്കുന്നുണ്ട്.' തന്റെ കുഞ്ഞുമായി യോഗത്തിനെത്തിയ ഓണ്‌ലൈന്‍ എഡിറ്റര്‍ ഹസന്‍ റൂസിതലാബ് പറഞ്ഞു. 'ഞങ്ങളുടെ സാമ്പത്തിക പ്രതിസന്ധി ആഭ്യന്തരമായി പരിഹരിക്കണം. അതിന് ഇവിടുത്തെ സാധ്യതകള്‍ ഉപയോഗിക്കേണ്ടതുണ്ട്.'


എന്നാല്‍, ഇസ്‌ളാമിക പരിശുദ്ധിയെക്കുറിച്ചും, സാമ്പത്തിക ചെറുത്തുനില്‍പ്പിനെക്കുറിച്ചുമുള്ള സന്ദേശങ്ങള്‍ക്ക് ഇറാനിലെ നഗര സമൂഹത്തില്‍ അത്ര സ്വീകാര്യതയില്ല. 'ഇത്തരം ആളുകള്‍ അധികാരത്തിലെത്തിയാല്‍ എന്തു സംഭവിക്കും എന്നാണെന്റെ ആശങ്ക. ഇതിന്റെയൊക്കെ കാലം കഴിഞ്ഞെന്നാണ് ഞങ്ങള്‍ കരുതിയത്,'പേര് വെളിപ്പെടുത്തരുതെന്ന നിബന്ധനയോടെ ഒരു വഴിയാത്രക്കാരി പറഞ്ഞു. ഞാന്‍ കണ്ട മറ്റൊരുപാട് ഇറാന്‍കാരെപ്പോലെ തന്നെ അവരും വോട്ട് ചെയ്യാന്‍ പോകില്ലെന്നാണ് പറഞ്ഞത്.


ടെഹ്‌റാനിലെ തെക്കുകിഴക്കന്‍ മൂലയിലുള്ള ഒരു പള്ളിയില്‍ മധ്യവര്‍ഗത്തില്‍പ്പെട്ട, മധ്യവയസ്കരായ ഇരുന്നൂറോളം പുരുഷന്മാര്‍ വൈകുന്നേരത്തെ പ്രാര്‍ഥനക്കായി കൂടിയിരിക്കുന്നു. ദീര്‍ഘകാലം വിദേശകാര്യ മന്ത്രിയായ, ജോണ്‌ ഹോപ്കിന്‌സ് സര്‍വകലാശാലയില്‌ നിന്നും പഠനം കഴിഞ്ഞ ഒരു ഡോക്ടര്‍ കൂടിയായ അലി അക്ബര്‍ വെലായതി അവരോടു സംസാരിക്കുകയാണ്. തന്റെ വിദേശകാര്യ നയതന്ത്ര അനുഭവങ്ങളുടെ പേരില്‍ ഇറാന്‍കാര്‍ തനിക്ക് വോട്ട് ചെയ്യണമെന്നാണ് വെലായതി അഭ്യര്‍ഥിക്കുന്നത്. വെലായതിയുടെയും, ജലീലിയുടെയും അനുയായികള്‍ സാമൂഹികമായി ഒരേ വിഭാഗത്തില്‍പ്പെട്ടവരാണ്. രണ്ടു സ്ഥാനാര്‍ഥികളുടെയും പ്രചാരണ പരിപാടികളില്‍ പങ്കെടുക്കുന്ന 20-കളിലുള്ള ചെറുപ്പക്കാര്‍ - ഇസ്‌ളാമിക വിപ്ളവത്തിനും ഒരു ദശാബ്ദത്തിനിപ്പുറം ജനിച്ചവരാണവര്‍ - അവിടെയുള്ള സ്ത്രീകളോട് ശിരോവസ്ത്രം ശ്രദ്ധിക്കാനും, മാന്യമായി വസ്ത്രധാരണം നടത്താനും പറയുന്നു.


മത്സരരംഗത്തുള്ള 8 സ്ഥാനാര്ഥിനകളില്‍ ഒരേയൊരു പുരോഹിതനായ, മുന്‍ ആണവ ചര്‍ച്ചാ മധ്യസ്ഥന്‍ കൂടിയായ ഹസന്‍ റൌഹാനിയാണ് ഏറ്റവും ഉദാര നിലപാടുകള്‍ മുന്നോട്ടുവെക്കുന്നത്. ഇറാന്റെ അന്താരാഷ്ട്ര പ്രതിച്ഛായ മെച്ചപ്പെടുത്തുക, രാജ്യത്തെ ഗോത്ര, വംശ ന്യൂനപക്ഷങ്ങളുടെ ആശങ്കകള്‍ പരിഹരിക്കുക, അമുസ്ളീങ്ങളുടെയും, സ്ത്രീകളുടെയും പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യുക എന്നിങ്ങനെ ഇറാന്റെ രാഷ്ട്രീയ സംവാദ ഭൂമികയില്‍ അത്യപൂര്‍വമായി മാത്രം പ്രത്യക്ഷപ്പെടുന്ന വിഷയങ്ങളിലാണ് റൌഹാനിയുടെ പ്രസംഗങ്ങള്‍ ഊന്നുന്നത്. കഴിഞ്ഞ ദിവസം, ഇറാനിലെ ഏറ്റവും വലിയ ന്യൂനപക്ഷ വിഭാഗമായ അസേരി തുര്‍ക്കുകളുടെ ഒരു സംഘവുമായി റൌഹാനി കൂടിക്കാഴ്ച നടത്തി.


'പരിഷ്‌ക്കരണവാദികള്‍ക്കൊപ്പമാണോ എന്നറിയാന്‍ റൌഹാനിയുടെ നിലപാടുകള്‍ എന്താണെന്ന് അറിയണമായിരുന്നു. അങ്ങനെയാണെങ്കില്‍, ഞാന്‍ റൌഹാനിക്ക് വോട്ട് ചെയ്യും' 27വയസ്സുള്ള ഓഫീസ് ജോലിക്കാരിയായ റോമിന പറഞ്ഞു. സര്‍ക്കാര്‍ അടിച്ചമര്‍ത്തല്‍ ഭയന്ന് തന്റെ മുഴുവന്‍ പേര് വെളിപ്പെത്താന്‍ അവര്‍ തയ്യാറായില്ല.


ഒഴുക്കോടെ ഇംഗ്ളീഷ് സംസാരിക്കുന്ന പ്രചാരകരുള്ള റൌഹാനിയുടെ സംഘം മറ്റുള്ള സ്ഥാനാര്‍ഥികളെക്കാള്‍, ചിട്ടയായ പ്രവര്‍ത്തപനമാണ് കാഴ്ചവെക്കുന്നത്. എന്നാല്‍ ട്വിറ്ററില്‍ ജലീലിക്ക് 950 പേരുടെ പിന്തുണയുള്ളപ്പോള്‍, റൌഹാനിയുടേത് 300ആണ്. എന്തായാലും, പുരോഹിത വാഴ്ച്ചയുടെയും പൌരാവകാശങ്ങളെ മതശാസനങ്ങളുടെ പേരില്‍ അടിച്ചമര്ത്തു ന്നതിന്റെയും വേനല്ക്കാടലം അവസാനിക്കാന്‍ ഇറാന്‍കാര്‍ ഈ തെരെഞ്ഞെടുപ്പിനും അപ്പുറം യഥാര്‍ത്ഥ ജനാധിപത്യ മുന്നേറ്റങ്ങള്‍ക്കായി കാത്തിരിക്കേണ്ടതുണ്ട്.(വാഷിംഗ്ടണ്‍ പോസ്റ്റ്)

Next Story

Related Stories