TopTop
Begin typing your search above and press return to search.

മാനവികതയുടെ സിനിമാ മുഖവും അഴിമുഖവും

മാനവികതയുടെ സിനിമാ മുഖവും അഴിമുഖവും

സിനിമയെപ്പോലെ ജനകീയതയോടു മുഖാമുഖം നില്‍ക്കുന്ന ഒരു സാംസ്‌കാരികോല്പന്നമുണ്ടോ വേറേ. സകലകലകളുടെയും മാതാവ്. അപക്‌സ് ആര്‍ട്ട്, അള്‍ടിമേറ്റ് ആര്‍ട്ട് എന്നെല്ലാം സിനിമ വിശേഷിപ്പിക്കപ്പെടുന്നു. ഒരേസമയം അത് കലയുടെയും കച്ചവടത്തിന്റെയും അഴിമുഖലയമാകുന്നു. എല്ലാ കലകളെയും വിപണിയുടെ വിചാരധാരയില്‍ കൊരുത്തിടാനായ, എല്ലാ കച്ചവടങ്ങള്‍ക്കും കലയുടെ ചേരുവ നല്കാനായ, സിനിമ. അത് ബഹുജനഹിതാര്‍ത്ഥം പെരുമാറുന്നു, ബഹുജനഹിതങ്ങളെ ഉണ്ടാക്കുകയും ഊട്ടിയുറപ്പിക്കുകയും ചെയ്യുന്നു, ബഹുജനഹിതങ്ങളെ ഉന്മൂലനം ചെയ്യുന്നു. എല്ലാമെല്ലാം ചെയ്യാന്‍ പ്രാപ്തിയുള്ള അത്യുഗ്രശേഷിയുള്ള, സ്‌ഫോടാത്മക, നിത്യസ്പന്ദിത... സിനിമ നിശ്ചയമായും ഒരു അഴിമുഖം തന്നെയാണ്. മാനവികതയുടെയും അതിനുമേല്‍ അമരുന്ന അധികാരസ്ഥാപനത്വത്തിന്റെയും ദ്വിമുഖദര്‍ശനം. അപ്രമാദിത്വമാര്‍ന്ന അധികാരത്തിന്റെയും നിസ്സഹായമായ വിധേയത്വത്തിന്റെയും അഴിമുഖം. കണ്ണീരൊലിക്കുന്ന കവിളുകളില്‍ മന്ദഹാസം വിരിയിക്കുന്ന വിരുദ്ധവികാരങ്ങളുടെ വേലിയേറ്റക്കോള്.

മഴയിലൂടെ നടന്നാല്‍ കണ്ണീര്‍ ആളുകള്‍ കാണാതിരിക്കുമെന്ന തത്വദര്‍ശനം, മഴവെള്ളവും കണ്ണീര്‍പ്പെയ്തും ഒന്നാകുമെന്നറിഞ്ഞ ചാപ്ളിന്റെ ദൃശ്യഭാഷ. അലറുന്ന സിംഹവും അലറാത്ത സിംഹവും അലറിക്കുതിക്കുന്ന മൂന്നാം അര്‍ത്ഥത്തിന്റെ സടകുടഞ്ഞെഴുന്നേല്‍ക്കലാകുമെന്ന് ക്യാമറയ്ക്കു കത്രികകൊണ്ട് ജുഗല്‍ബന്ദി തീര്‍ത്ത ഐസന്‍സ്‌റ്റൈന്റെ കപ്പല്‍യാത്ര. കത്രിക കള്ളം കൂടുതല്‍ പറയുമെന്നും ക്യാമറ അതിലും കുറച്ചേ കള്ളം പറയൂ എന്നും വിചാരിച്ച വിറ്റോറിയാ ഡിസീക്കയുടെ സാഹസിക സൈക്കിള്‍സഞ്ചാരം. ഒരു വെടിയൊച്ചയ്ക്കും മറ്റൊരു വെടിയൊച്ചയ്ക്കുമിടയിലെ ജീവിതം ഒന്നോ രണ്ടോ ഒരുനൂറോ നിമിഷങ്ങളുടെ ലയനമോ വിഘടനമോ എന്ന് ആത്മഹാസത്തോടെ പകച്ചുനിന്ന ഗൊദാര്‍ദിന്റെ നെഞ്ചിടിപ്പിക്കുന്ന ശ്വാസാഘാതം. വേലിയേറ്റങ്ങളുടെ ആവര്‍ത്തികളിലൂടെ ആണ്, പെണ്ണ്, വീട്, നഗരം, അകം, പുറം എന്നിങ്ങനെ ദ്വന്ദങ്ങളുടെ ആകര്‍ഷണവും വികര്‍ഷണവും അതിന്റെ അരുണിമയില്‍ പകര്‍ത്തിയ മൈക്കലാന്‍ജലോ ആന്റോണിയോണിയുടെ ജലചലനങ്ങള്‍. കുന്നിനുമീതെ കപ്പല്‍ ചുമന്നുകയറ്റിയിട്ടും ദൈവകോപത്തിന്റെ വഴികളില്‍ വിറങ്ങലിച്ചുനോക്കിനിന്ന ഹെര്‍സോഗിയന്‍ നിഷേധങ്ങള്‍, യുദ്ധഭീതിയാല്‍ വിറകൊള്ളുന്ന ഭൂമിയുടെ പൊക്കിള്‍ക്കൊടിക്കു തണലായി ഒരു മരത്തൈ വേരുപിടിപ്പിക്കുന്ന താര്‍ക്കോവ്‌സ്‌കിയുടെ ഉന്മാദത്യാഗങ്ങള്‍. സിനിമയുടെ ജാനസ് മുഖങ്ങള്‍ ചരിത്രത്തില്‍നിന്ന് വര്‍ത്തമാനത്തിലൂടെ ഭാവിയിലേക്ക് അഴിമുഖപ്പാച്ചില്‍ നടത്തുകയാണ്.

അഴിമുഖം പരിസരമാകുന്ന സിനിമകളാണ് അഴിമുഖത്തിന്റെ വായനക്കാരുമായി ആദ്യമായി അഭിമുഖം നില്‍ക്കുമ്പോള്‍ മനസ്സിലേക്കു വരുന്നത്. അന്റോണിയോണിയുടെ റെഡ് ഡെസേര്‍ട്ട് എന്ന ചിത്രം പൊടുന്നനെ വരുന്നു. ഗിലിയാന എന്ന വീട്ടമ്മയുടെ മാനസികവ്യാപാരങ്ങളുടെ, ഉന്മാദവൃത്തിയുടെയും പശ്ചാത്തലത്തിലാണ് അന്റോണിയോണി ചെമ്മരുഭൂമി ഒരുക്കിയത്. അദ്ദേഹത്തിന്റെ പ്രിയപ്പെട്ട നടിയായ മോണിക്ക വിറ്റിയായിരുന്നു ഗിലിയാനയായി വന്നത്. അതിനുമുന്‍പ് സാഹസികവും ഗ്രഹണാത്മകവുമായ മുന്‍ചിത്രങ്ങളിലും വിറ്റി തന്നെയായിരുന്നു അദ്ദേഹത്തിന്റെ ഭ്രാന്തഭാവനയാര്‍ന്ന സ്ത്രീമുദ്ര.

റെഡ് ഡെസേര്‍ട്ട് ഭൂമിശാസ്ത്രപരമായ നിലനില്ക്കുന്ന ഒന്നാണെങ്കിലും ആ അവസ്ഥയിലല്ല അന്റോണിയോണിയുടെ സിനിമയില്‍ കാണപ്പെടുന്നത്. അതൊരു ഭൂമിശാസ്ത്രപരമായ മരുഭൂമിത്വമല്ല. ആനന്ദിന്റെ മരുഭൂമി പോലെ, മെല്ലെ ഒരു മനോരാജ്യത്തില്‍ ഉണ്ടായിവരുന്നതും അതു താനുള്‍പ്പെടുന്ന സത്യം സത്യമായ രാഷ്ട്രമായി, ലോകമായി മാറുന്നതുമാണ്. റെഡ് ഡെസേര്‍ട്ടില്‍ ഒരു അഴിമുഖമാണ് കഥാവികാസത്തിന്റെ പരിസരം. നിരന്തരം കാളംമുഴക്കുന്ന കൂറ്റന്‍ കപ്പലുകള്‍. കടലിലേക്ക് ഒഴുകിവന്നുചേരുന്ന നദികള്‍. നദികള്‍ക്ക് ജലമേകുന്ന, അവയുടെ സഞ്ചാരത്തിനു പാതവിരിക്കുന്ന തടാകങ്ങള്‍. ഇവയ്‌ക്കെല്ലാം മീതെ വന്നുകൂടുന്ന പുതിയ, വന്‍കിട ഫാക്ടറികള്‍. അവയുടെ ആകാശം പിളര്‍ക്കുന്ന പുകക്കുഴലുകള്‍. കാലത്തിന്റെ ഒരു അഴിമുഖപരിണാമവും അതിലൂടെ മനുഷ്യര്‍ നേരിടുന്ന വിപരിണാമവുമാണ് അന്റോണിയോണി ചലച്ചിത്രവല്‍ക്കരിക്കുന്നത്. ഗിലിയാന, കുറ്റം ചെയ്യാതെ വിചാരണയും ശിക്ഷാവിധിയും നേരിടുന്ന മനുഷ്യത്വത്തിന്റെ മുഖഭാവം തന്നെയാണ്. കപ്പലുകളുടെയും ഫാക്ടറികളുടെയും തീതുപ്പുന്ന നീളന്‍ പുകക്കുഴലുകളുടെ ഇടയില്‍, പുഴയ്ക്കും കടലിനും ഇടയില്‍ പെട്ടുപോയ പ്രകൃതി എന്ന സ്ത്രൈണസത്ത. അതിന്റെ നിര്‍ബന്ധിതമായ മാറ്റത്തിന്റെ സ്മൃതിനാശങ്ങള്‍തന്നെയാണ് ആ അഴിമുഖനഗരത്തില്‍ അവള്‍ നേരിടുന്നത്. ഒപ്പം, ഭര്‍ത്താവിനും മറ്റൊരു പുരുഷനുമിടയിലെ വൈകാരികമായ അഴിമുഖപ്പകര്‍ച്ചയുടെ തകര്‍ച്ചയെയും അവള്‍ നേരിടുന്നു. എല്ലാത്തിനുമൊടുവില്‍, ഫാക്ടറികളുടെ പുകക്കുഴലുകള്‍ നിര്‍ഗമിപ്പിക്കുന്ന മഞ്ഞനിറമാര്‍ന്ന വിഷപ്പുകയില്‍നിന്ന് അകന്നുനില്‍ക്കാന്‍ ഇപ്പോള്‍ പക്ഷികള്‍ പഠിച്ചിരിക്കുന്നു എന്ന നിര്‍മമമായ മന്ദഹാസത്തിലേക്ക് ഗിലിയാന എത്തിച്ചേരുന്നതു കാട്ടിക്കൊണ്ടാണ്, അല്ലെങ്കില്‍ അവളെയും നമ്മളെയും അങ്ങനൊരു കിരണദീപ്തിയിലേക്ക് വിളിച്ചുണര്‍ത്തിക്കൊണ്ടാണ് അന്റോണിയോണി മരുഭൂമിയുടെ കാഴ്ചയ്ക്ക് മറയിട്ടുമാറുന്നത്.

അറുപതുകള്‍ ആരംഭിക്കുമ്പോള്‍ മിഴിനീട്ടിയ റെഡ് ഡെസേര്‍ട്ടില്‍നിന്നു നമുക്ക് രണ്ടായിരത്തിപ്പതിനൊന്നില്‍ ഇറങ്ങിയ ലാ ഹാവ്രേ എന്ന സിനിമയിലേക്കു വരാം. ലാ ഹാവ്രേ എന്നാല്‍ ഹാര്‍ബര്‍ അഥവാ അഴിമുഖം എന്നുതന്നെ. അകി കൗറിസ്മാക്കി എന്ന ഫിന്നിഷ് സംവിധായകന്റെ ഫ്രെഞ്ച് ഫിന്നിഷ് സിനിമ. ഒരു ആഫ്രിക്കന്‍ ബാലനെ, പോലീസുകാരില്‍ നിന്ന്, അവരുടെ നരാധമവേട്ടയാടലില്‍ നിന്നു രക്ഷിച്ച് പോര്‍ട്ടു കടത്തിവിടാന്‍ യത്‌നിക്കുന്ന ഷൂ പോളീഷറായ വൃദ്ധന്റെ കഥ. അതോ, ആ വൃദ്ധരക്ഷകനാല്‍ അനുനയിക്കപ്പെടുന്ന ബാലന്റെ ഒളിച്ചോട്ടത്തിന്റെ വ്യഥിതകഥയോ.

ഈ ചിത്രം ഒരു സവിശേഷതരത്തില്‍ ചാര്‍ലി ചാപ്ളിന്റെ കിഡ് എന്ന സിനിമയുടെ മറുവായന തന്നെയായിത്തീരുന്നതു കാണാം. രണ്ടിടത്തും അനാഥരെയും രക്ഷകരെയും സൃഷ്ടിക്കുന്ന സാമൂഹികാവസ്ഥയുടെ അഴിമുഖത്താണു സിനിമകള്‍ നില്‍ക്കുന്നതെന്നു കാണാം. മനുഷ്യത്വം എന്നത് എത്ര ഭീകരതകളാല്‍ അധികാരികള്‍ മായ്ക്കാന്‍ ശ്രമിച്ചാലും മായാതെ നില്‍ക്കുന്ന ഒന്നാണെന്ന് സിനിമ നമുക്കു മുന്നില്‍ പറഞ്ഞുറപ്പിക്കുന്നു. ഒന്നര നൂറ്റാണ്ടിനുമപ്പുറം വിക്ടര്‍ യൂഗോ പാവങ്ങളില്‍ പറഞ്ഞുവച്ച രാഷ്ട്രീയസാമൂഹികാന്തരീക്ഷം ഫ്രാന്‍സില്‍ മാറിയിട്ടില്ലെന്നു കരുതേണ്ടിവരുമോ എന്നു തോന്നിപ്പോകും സിനിമ കണ്ടാല്‍. ഇരയാക്കപ്പെടുന്നവന്റേയും വേട്ടയാടുന്നവന്റെയും പുഴയ്ക്കും കടലിനുമിടയില്‍ രക്ഷകനാകുന്നവന്റെ അഴിമുഖമുനമ്പം. യൂഗോയെ കൃത്യമായും ഓര്‍മിപ്പിക്കുന്നൊരു സന്ദര്‍ഭവും കൗറിസ്മാകിയുടെ അഴിമുഖത്തിലുണ്ട്. ഴാങ് വാല്‍ ഴാങിനെ അറസ്റ്റു ചെയ്യാനുള്ള മടിക്കും എന്നാല്‍, തന്റെ ജോലിയോടു ധാര്‍മികത പുലര്‍ത്താനുള്ള ഇച്ഛയും തമ്മിലുള്ള സംഘര്‍ഷത്തില്‍പെടുന്ന ഇന്‍സ്‌പെക്ടര്‍ ഴാവേര്‍ എന്ന അഴിമുഖത്തിന്റെ പുനരാനയിക്കലാണത്. ഇവിടെ കൗറിസ്മാക്കിയുടെ അഴിമുഖത്തിലും ഒരു ഇന്‍സ്‌പെക്ടര്‍ അഭയാര്‍ത്ഥിബാലനെയും രക്ഷകനെത്തന്നെയും രക്ഷിക്കുന്നുണ്ട്. ഴാവേറിന്റെ പുനര്‍ജനി. അഴിമുഖം കണ്ട പുഴയുടെ ലയനടനം. പൊളിറ്റിക്കല്‍ ഫെയറി ടെയ്ല്‍ എന്നാണ് അകി കൗറിസ്മാക്കിയുടെ ലാ ഹാവ്രേ വിശേഷിപ്പിക്കപ്പെടുന്നത്. അത് മാനവികതയുടെ അഴിമുഖം തന്നെയുമാകുന്നു. സിനിമ എന്ന കച്ചവടകലയുടെ ആത്മാവുള്ള ആവിഷ്‌കാരം. നൂറ്റാണ്ടുകള്‍ കടന്നുപോകുമ്പോഴും ബാക്കിയാകുന്ന അധികാരവൈകൃതങ്ങളുടെ സാക്ഷ്യപത്രം. കടലിനെന്നപോലെ മനുഷ്യനും അതിരിടുന്ന വിലക്ഷണതയുടെ നേരേ നോക്കുന്ന കണ്ണുകള്‍.

യുദ്ധത്തിന്റെ, അധികാരമോഹത്തിന്റെ, ലോകചരിത്രഗതിയെ വഴിമാറ്റിവിട്ട വേലിയേറ്റത്തിന്റെ അടയാളമായ ചരിത്രത്തില്‍ ചോരയണിഞ്ഞുനില്‍ക്കുന്നു പേള്‍ ഹാര്‍ബര്‍. ഈ ഇടവും കഥയും ചരിത്രവും ഇടതടവില്ലാതെ സിനിമയ്ക്കു വിഷയമായിട്ടുണ്ട്.

മലയാളത്തിലേക്കു വരാം. ഇവിടെ, ഈ അഴിമുഖാവസ്ഥ ചലച്ചിത്രവല്‍ക്കരിക്കപ്പെട്ടിട്ടുണ്ടോ. മലയാളത്തില്‍ അഴിമുഖമെന്നും ഹാര്‍ബറെന്നും പേരിട്ട് സിനിമകളുണ്ടായിട്ടുണ്ട്. 1972ല്‍ പുറത്തിറങ്ങിയ, പി. വിജയന്‍ സംവിധാനം ചെയ്ത അഴിമുഖം. പിന്നെ, 1996ല്‍ പുറത്തുവന്ന ഹാര്‍ബര്‍ എന്ന മലയാളസിനിമ, അനില്‍ബാബു സംവിധാനം ചെയ്ത സിനിമ. ഇവ രണ്ടും പേരിലല്ലാതെ ആഴത്തില്‍ അഴിമുഖത്തിന്റെ ജീവിതാര്‍ത്ഥങ്ങളെ സാക്ഷാല്‍ക്കരിച്ചിട്ടില്ല.

എന്നാല്‍, പേരിലല്ലാതെ, പെരുമാറ്റത്തില്‍, പ്രമേയപരിസരത്തില്‍ കടലിന്റെയും നദികളുടെയും കായലിന്റെയും സംഗമവും അതിന്റെ വികാരപരിണാമങ്ങളും ജീവിതഭേദങ്ങളും സാക്ഷാല്‍ക്കരിക്കുന്നുണ്ട് മലയാളസിനിമയും. 1984ല്‍ പുറത്തുവന്ന അടിയൊഴുക്കുകള്‍ അത്തരമൊരു സ്മരണയാണ്. കേരളത്തിന്റെ പ്രധാനപ്പെട്ട അഴിയായ കൊച്ചഴിയുടെ, കൊച്ചിയുടെ കഥ. കൊച്ചിത്തുറമുഖത്ത്, ചാരംപൂണ്ടുകിടക്കുന്ന കപ്പലുകളെ ചൂണ്ടിക്കാട്ടി മമ്മൂട്ടി എംടി വാസുദേവന്‍ നായരോട് ആ നിറമുള്ള ജീവിതങ്ങള്‍ ഒരു സിനിമയ്ക്കു വിഷയമല്ലേ എന്നു കുശലം ചോദിച്ചതില്‍നിന്നാണ് അടിയൊഴുക്കുകളുടെ പിറവിയെന്നു പറഞ്ഞുകേട്ടിട്ടുണ്ട്. മമ്മൂട്ടി കാട്ടിയ ചെന്നിറങ്ങളെ എംടി ജീവിതതാക്ഷരങ്ങളില്‍ പടര്‍ത്തി. അവിടെ ചോരയും മണ്ണും ചെളിയും വെള്ളവും കൂടിക്കലര്‍ന്നു. അങ്ങനെ കരുണന്‍ എന്ന കഥാപാത്രവും അയാളുടെ ചുറ്റും കുറേ കഥാപാത്രങ്ങളും അവരുടെ ജീവിതങ്ങളും വിടര്‍ന്നു. കരുണന്‍ മമ്മൂട്ടിക്ക് മികച്ച നടനുള്ള ആദ്യത്തെ സംസ്ഥാനപുരസ്‌കാരവും നേടിക്കൊടുത്തു. ചോരകൊണ്ടു ചിത്രപ്പണി നടത്തിയ ചുവരുകളുള്ള മാളികളില്‍ വസിക്കുന്ന വഞ്ചകന്മാരായ മുതലാളിമാരും അവരുടെ മാളികകള്‍ പണിതുയര്‍ത്തിയ തൊഴിലാളികളും തമ്മിലുള്ള വര്‍ഗസംഘര്‍ഷം തന്നെയായിരുന്നു ഇതിവൃത്തം. ആ തരത്തിലും ചരിത്രത്തിലെ ഏറ്റവും വലിയ അഴിമുഖക്കാഴ്ചയുടെയും അതിന്റെ സമരോത്സുകമായ ബന്ധത്തിന്റെയും മാതൃകതന്നെ.

ചെമ്മീന്‍ മുതല്‍ അമരം വഴി, കടലും തിരകള്‍ക്കപ്പുറവും തീക്കടലും എന്നിങ്ങനെ കടലിനെ കഥാപാത്രമാക്കുന്ന എത്രയോ സിനിമകള്‍. കടല്‍പോലെ തിരയടിക്കുന്ന ജീവിതങ്ങളുടെ കഥകള്‍. അവയില്‍ കഥാപാത്രങ്ങള്‍ തന്നെ പലതരം അഴിമുഖങ്ങളായി വിഭജിക്കപ്പെടുന്നുണ്ട്. എന്നാലും ഓമനപ്പുഴക്കടലോരത്ത് കായലും കടലുമായി വേര്‍തിരിക്കാനാകാതെ നിന്ന രാധയെന്ന രാധാകൃഷ്ണനെ മറക്കാനാകില്ല. ആണിന്റെയും പെണ്ണിന്റെയും ശാരീരികവും മാനസികവും വൈകാരികവും വൈചാരികവുമായ ഭേദങ്ങളുടെ പകര്‍ച്ചകള്‍ പൂര്‍ത്തിയാകാതെ, പല ജലങ്ങളായി പകര്‍ന്നു ലയിച്ച രാധാകൃഷ്ണന്‍. അഴിമുഖങ്ങളില്‍ പന്തലിച്ച രണ്ടു വ്യത്യസ്തവന്‍നഗരങ്ങളുടെ പശ്ചാത്തലത്തില്‍ പടര്‍ന്നുകയറിയ സിനിമ അത്തരം ജീവിതങ്ങളുടെ ചെറുപുഴകളെ തിരസ്‌കരിക്കുന്ന സമൂഹമെന്ന വലിയ കടലിന്റെ ക്രൗര്യത്തെയും ഉള്ളിലേറ്റുന്നുണ്ട്.

ഇന്ന് നവമലയാളസിനിമയുടെ പ്രമേയഭൂമിക തന്നെ കൊച്ചിയാണ്. ആ സിനിമകളില്‍ പലതും രണ്ടു ജീവിതങ്ങളുടെ, ഒരു വലിയ ജീവിതത്തിന്റെയും അതില്‍ ലയിക്കാന്‍ യത്‌നിക്കുകയും പരാജയപ്പെടുകയും ചെയ്യുന്ന ഒരു ചെറിയ ജീവിതത്തിന്റെയും ചിത്രങ്ങളായി പരിണമിക്കുന്നുണ്ട്. അന്നയും റസൂലും, ചാപ്പാ കുരിശ് എന്നിവ വ്യക്തമായും ഈ പ്രമേയസമാനതയെ ഉദാഹരിക്കുന്നുണ്ട്. ഫ്രൈഡേയും ആമേനുമെല്ലാം ജീവിതങ്ങളെ ജലത്തിലെഴുതുന്ന കഥകള്‍ തന്നെയുമാകുന്നു. അന്നയും റസൂലിലെയും അന്നയും റസൂലും പുഴയുടെയും കടലിന്റെയും ലയനേച്ഛയാണ്. അങ്ങനെ അവര്‍ രണ്ടു ശരീരങ്ങളായി നില്‍ക്കുമ്പോഴും, സമൂഹം, മതം എന്നീ വലിയ ശരീരങ്ങളുടെ നേരേ ഒഴുകിയൊടുങ്ങി ഇല്ലാതാകുന്ന ഒരൊറ്റ ചെറിയ ശരീരം കൂടിയാകുന്നുണ്ട്. ഇതേ സാഹചര്യത്തില്‍ത്തന്നെയാണ് ചാപ്പാ കുരിശിലെ അന്‍സാരി, അര്‍ജുന്‍ ദ്വന്ദ്വവും നില്‍ക്കുന്നത്. ചേര്‍ച്ചയുടെയും ചേരായ്മയുടെയും ഒഴുക്കുകളുടെ ചുഴികളും മലരികളും വീണ്ടും വീണ്ടും കാണാകുന്നു. ജലം ഈ കാലത്തിന്റെ പതാകയുടെ നിറമായിത്തീരുന്നു.

കാണിയും സിനിമയും കൂടിച്ചേരുന്ന, എഴുത്തുകാരനും വായനക്കാരനും കൂടിച്ചേരുന്ന, ഇച്ഛയും സംഘര്‍ഷവും കൂടിച്ചേരുന്ന, ആണും പെണ്ണും കൂടിച്ചേരുന്ന, ഇരുളും വെളിച്ചവും കൂടിച്ചേരുന്ന, നേരും നുണയും കൂടിച്ചേരുന്ന, ക്യാമറയും കത്രികയും കൂടിച്ചേരുന്ന ഈ വിചിത്രമായ അഴിമുഖത്തു നമുക്ക് ഒരേസമയം ഒഴുക്കും ഒളിപ്പോരുമാകാം. ആദ്യത്തെ അഭിവാദനം.


Next Story

Related Stories