TopTop
Begin typing your search above and press return to search.

ബ്രിട്ടനിലെ റോയല്‍ കുഞ്ഞും സാമൂതിരിയുടെ അധികാര പെന്‍ഷനും

ബ്രിട്ടനിലെ റോയല്‍ കുഞ്ഞും സാമൂതിരിയുടെ അധികാര പെന്‍ഷനും
ടീം അഴിമുഖം


പശ്ചിമ ലണ്ടനിലെ സെന്റ് മേരീസ് ആശുപത്രിയില്‍ കഴിഞ്ഞയാഴ്ചയായിരുന്നു ജോര്‍ജ് രാജകുമാരന്റെ ജനനം. പലരേയും സംബന്ധിച്ചിടത്തോളം ചരിത്ര സംഭവം. കഴിഞ്ഞ 60 വര്‍ഷമായി ഇംഗ്ലണ്ടിലെ രാജ്ഞിയെന്ന പദവി വഹിക്കുന്ന എലിസബത്ത് രാജ്ഞിയുടെ മൂന്നാം തലമുറ പിന്മുറക്കാരനായാണ് കേയ്റ്റിനും വില്യം രാജകുമാരനും കുഞ്ഞ് പിറന്നത്.


ബ്രിട്ടനിലെ മാത്രമല്ല, ലോകത്തിലെ തന്നെ മാധ്യമങ്ങളുടെ ഉത്കണ്ഠയ്ക്കും കാത്തിരിപ്പിനും വിരാമമിട്ടുകൊണ്ടായിരുന്നു രാജകുമാരന്റെ ജനനം. ലോകാവസാനം വരാന്‍ പോകുന്നു എന്ന രീതിയിലായിരുന്നു പലരുടേയും റിപ്പോര്‍ട്ടുകള്‍. മാനവരാശിയെ രക്ഷിക്കാനുള്ള മിശിഹ എത്തിയിരിക്കുന്നു എന്നുവരെ പോയി റിപ്പോര്‍ട്ടുകള്‍.


എന്നാല്‍ അത്ര ചരിത്രപരവും അത്ര പ്രധാന്യവും അര്‍ഹിക്കുന്നതാണോ ഇത്? പരമ്പരാഗതമായി തുടരുന്ന ഒരു വിഡ്ഡിത്തത്തെ മഹത്വവത്ക്കരിക്കുകയാണോ ലോകം? ചോദ്യങ്ങള്‍ പലതാണ്.
ലോകത്തുണ്ടായിട്ടുള്ള ശാസ്ത്രീയ മുന്നേറ്റങ്ങളില്‍ ബ്രിട്ടീഷ് സാമ്രാജ്യത്തിന് വലിയ പങ്കുണ്ട്. ആവി എഞ്ചിന്‍, റെയില്‍വേ, സമുദ്രാന്തര കേബിളുകള്‍, ആധുനിക വാസ്തുവിദ്യാ സാങ്കേതിക വിദ്യ, നഗരാസൂത്രണം തുടങ്ങി ലോകത്തിന്റെ പുരോഗതിയില്‍ വലിയൊരു സ്ഥാനം തന്നെ. ആധുനിക വിദ്യാഭ്യാസം, ശാസ്ത്രീയ ജ്ഞാനം, ഭരണ നിര്‍വഹണ സംവിധാനങ്ങള്‍ തുടങ്ങിയവ ആഫ്രിക്ക, ഏഷ്യ, അമേരിക്ക തുടങ്ങി ലോകം മുഴുവന്‍ വ്യാപിപ്പിക്കുന്നതിലും ബ്രിട്ടീഷ് സാമ്രാജ്യത്തിന് പങ്കുണ്ട്. എന്നാല്‍ തദ്ദേശീയ സംസ്‌കാരത്തെയും അറിവുകളെയും കീഴ്‌പ്പെടുത്തിക്കൊണ്ടും നശിപ്പിച്ചു കൊണ്ടും കൂടിയായിരുന്നു ഇതെന്നും ഓര്‍ക്കണം.


എന്നാല്‍ ഈ 'റോയല്‍ ബേബി'യുടെ പേരിലുണ്ടായിട്ടുള്ള കോലാഹാലങ്ങള്‍ അമ്പരിപ്പിക്കുന്നതും അതിലേറെ നടുക്കമുളവാക്കുന്നതുമാണ്. ഏതെങ്കിലും ഒരു പ്രത്യേക കുടുംബത്തില്‍ പിറന്നു എന്നതിന്റെ പേരില്‍ കുട്ടിക്ക് പ്രത്യേക പരിഗണനയും അധികാരവും മറ്റ് ആനുകൂല്യങ്ങളുമൊക്കെ ഈ 21- ആം നൂറ്റാണ്ടിലുംഅനുവദിക്കുന്നത് ഒരു വിധത്തിലും അംഗീകരിക്കാന്‍ കഴിയുന്നതല്ല. ഒരു പ്രത്യേക കുടുംബത്തില്‍ പിറക്കുന്നു എന്നതിന്റെ പേരില്‍ അവനെ / അവളെ രാജാവും രാജ്ഞിയുമായി വാഴിക്കുന്നതിലെ യുക്തിയും ചോദ്യം ചെയ്യപ്പെടേണ്ടതു തന്നെയാണ്.
രാജാക്കന്മാരുടേയും രാജ്ഞിമാരുടേയും വലിയൊരു പരമ്പര ചരിത്രത്തിലുണ്ടായുണ്ട്. അതേ സമയം, ലോകത്തിന്റെ വലിയൊരു ഭാഗം ഈ പരമ്പരാഗത ചരിത്രത്തില്‍ നിന്നു പുറത്തു വന്നിട്ടുമുണ്ട്. എന്നാല്‍ യൂറോപ്പിന്റെ വലിയൊരു ഭാഗം ഇന്നും ഈ പഴഞ്ചന്‍ സമ്പ്രദായത്തെ മുറുകെപ്പിടിക്കുന്നു. ആധുനിക സമൂഹമെന്നും സംസ്‌കാര സമ്പന്നരെന്നുമുള്ളത് പുറമെ പറയേണ്ടതല്ല. തുല്യത വെറുമൊരു വാക്കുമല്ല, മറിച്ച് അത് പ്രയോഗത്തില്‍ കൊണ്ടു വരണമെങ്കില്‍ ഇത്തരം കാലഹരണപ്പെട്ട സമ്പ്രദായങ്ങളെ കൂടി തിരസ്‌കരിക്കാന്‍ തയാറാകണം. കുറഞ്ഞത് 10 യൂറോപ്യന്‍ രാജ്യങ്ങളെങ്കിലും തങ്ങളുടെ രാജ്യത്തിന്റെ അധിപരായി രാജകുടുംബങ്ങളെ ഇന്നും വാഴിച്ച് അംഗീകരിക്കുന്നുണ്ട്. ബ്രിട്ടന്‍, നെതര്‍ലാന്‍ഡ്, ബെല്‍ജിയം, ലക്‌സംബര്‍ഗ്, ലെച്ച്‌റ്റെന്‍സ്റ്റീന്‍, മൊണോക്കോ, നോര്‍വേ, സ്വീഡന്‍, ഡന്മാര്‍ക്ക്, സ്‌പെയിന്‍ തുടങ്ങിയ രാജ്യങ്ങള്‍ ഉദാഹരണം.


സാമ്പത്തിക, വിദ്യാഭ്യാസ മേഖലകളിലൊക്കെ വളരെ മുമ്പന്തിയില്‍ നില്‍ക്കുന്ന ഈ യൂറോപ്യന്‍ രാജ്യങ്ങളും രാജാക്കന്മാരുടേയും രാജ്ഞിമാരുടേയും ആശ്രിതത്വം ഇന്നും പിന്തുടരുകയും ചെയ്യുന്ന രാജ്യങ്ങളുമൊക്കെ നമ്മുടെ 'പാവം ഇന്ത്യ'യില്‍ നിന്ന് കുറച്ചു പാഠങ്ങള്‍ പഠിക്കേണ്ടതുണ്ട്. അതായത്, 'രാജകീയ അടിമത്ത'വുമായി സ്വാതന്ത്ര്യം, തുല്യത എന്നിവ ഒരിക്കലും ഒത്തുപോകില്ല എന്നതു തന്നെ.
നമ്മുടെ നാടിന്റെ ചരിത്രം തന്നെ നോക്കുക. രാജക്കന്മാരുടേയും രാജ്ഞിമാരുടേയും ഇന്ത്യ എന്ന ഭൂതകാലം, ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ അധിനിവേശത്തിന് ഇരയായ നാട്. എന്നാല്‍ ഇന്ത്യ ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് - അതില്‍ എത്രതന്നെ പോരായ്മകളുണ്ടെങ്കിലും. രാജ്യത്തെ പരമോന്നത പദവികള്‍ അലങ്കരിച്ചവരില്‍ രാജവംശക്കാര്‍ മാത്രമല്ല, കേരളത്തില്‍ നിന്നുള്ള ഒരു ദളിതനുണ്ട്, തമിഴ്‌നാട്ടില്‍ നിന്നുള്ള ഒരു മുസ്ലീമുണ്ട്, പഞ്ചാബില്‍ നിന്നുള്ള ഒരു സിഖുകാരനുണ്ട് - അങ്ങനെയൊരു നിര മറ്റിടങ്ങളില്‍ ചൂണ്ടിക്കാണിക്കുക എളുപ്പമല്ല. സമത്വത്തിന്റെ യഥാര്‍ഥ ആഘോഷം ഇതൊക്കെയാണ്. അട്ടപ്പാടിയിലെ ആദിവാസി കോളനിയില്‍ ഒരു കുഞ്ഞ് ജനിക്കുന്നതും പ്രിന്‍സ് രാജകുമാരനും കെയ്റ്റിനും കുഞ്ഞുണ്ടാകുന്നതും തമ്മില്‍ യാതൊരു വ്യത്യാസവുമില്ല. വ്യത്യാസമുണ്ടാകാന്‍ പാടില്ല താനും.
ഈയൊരു സമത്വ ബോധത്തിന് എതിരും ഭരണഘടനാ ലംഘനവുമാണ് സാമൂതിരി കുടുംബത്തിന് പെന്‍ഷന്‍ നല്‍കാനുള്ള കേരള സര്‍ക്കാര്‍ തീരുമാനം. സാമൂതിരി കുടുംബത്തിലെ 826 പേര്‍ക്ക് 2500 രൂപാ വച്ച് മാസം നല്‍കുന്നതിലൂടെ തീര്‍ത്തും പിന്തിരിപ്പനായ സാമൂഹിക്രമങ്ങളെ തിരികെ കൊണ്ടു വരാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. മനുഷ്യരാശി ഇത്രകാലം കൊണ്ട് ആര്‍ജിച്ച സമത്വ സങ്കല്‍പ്പത്തെ അട്ടിമറിക്കുന്നതും ഏറെക്കാലത്തെ ചര്‍ച്ചകള്‍ക്കു ശേഷം നമ്മുടെ രാഷ്ട്രീയ സംവിധാനം ദേശീയതലത്തില്‍ തന്നെ ഒഴിവാക്കിയ പ്രിവിപേഴ്‌സ് പോലെയുള്ള സമ്പ്രദായങ്ങളെ പിന്‍വാതിലൂടെ കൊണ്ടുവരുന്നതുമാണിത്. സാമൂതിരി അടക്കമുള്ള നാട്ടുരാജാക്കന്മാരില്‍ നിന്ന് നാടു തിരിച്ചു പിടിച്ചത് ദേശീയ പ്രസ്ഥാനത്തോടൊപ്പം രൂപപ്പെട്ട ഫ്യൂഡല്‍ വിരുദ്ധ ജനാധിപത്യ മുന്നേറ്റങ്ങളാണ്. ഈ മുന്നേറ്റങ്ങളെ തള്ളിപ്പറയുക കൂടിയാണ് ഭൂമിയും സ്വത്തുവകകളും സാമൂതിരി കുടുംബത്തിന് അര്‍ഹതപ്പെട്ടതായിരുന്നുവെന്ന് അംഗീകരിക്കുക വഴി സര്‍ക്കാര്‍ ചെയ്യുന്നത്. ചിറയ്ക്കല്‍ രാജകുടുംബം ലക്ഷദ്വീപിന് വിലയിട്ടിരിക്കുന്നതും ഈയൊരു 'ട്രെന്‍ഡ്' സമൂത്തിലെ ഫ്യൂഡല്‍ മൂല്യബോധങ്ങള്‍ തലപൊക്കുന്നതിന്റെ സൂചനകൂടിയാണ് കാണിക്കുന്നത്. ബ്രിട്ടീഷ് രാജകുടുംബത്തില്‍ കുഞ്ഞുണ്ടായതിന് നല്‍കുന്ന പ്രാധാന്യവും സാമൂതിരിയുടേയും ചിറയ്ക്കല്‍ കുടുംബത്തിന്റെയുമടക്കമുള്ളവരുടെ അധികാരാവകാശങ്ങള്‍ തിരികെ കൊണ്ടുവരാനുള്ള ഏതൊരു ശ്രമവും ഒരുപോലെ അപലപിക്കേണ്ടതുണ്ട്.


Next Story

Related Stories