TopTop
Begin typing your search above and press return to search.

ആറുമാസം - മലയാളസിനിമയ്ക്ക് സ്തുതി (ആമേന്‍)

ആറുമാസം - മലയാളസിനിമയ്ക്ക് സ്തുതി (ആമേന്‍)

അന്‍വര്‍ അബ്ദുള്ള

മലയാളസിനിമ എണ്ണത്തിന്റെ കാര്യത്തില്‍ കുതിപ്പു തുടരുകയാണ്. ആദ്യമൂന്നുമാസം കൊണ്ടുതന്നെ അരസെഞ്ച്വറിയടിച്ച് ഞെളിഞ്ഞുനില്‍ക്കുകയായിരുന്ന അത് രണ്ടാമത്തെ മൂന്നുമാസത്തില്‍ ചില പ്രശ്‌നങ്ങള്‍കൊണ്ട് അല്പമൊന്നു തളര്‍ന്നെങ്കിലും മൊത്തം എണ്‍പത്തെട്ടു സിനിമകളുമായി അരങ്ങു തകര്‍ക്കുന്നു. മുന്‍ദശകത്തില്‍ ഒരു വര്‍ഷം അത്രയും സിനിമ പുറത്തിറങ്ങിയാല്‍ അദ്ഭൂതമായിരുന്നു. കഴിഞ്ഞ വര്‍ഷം 125ല്‍പ്പരം സിനിമകള്‍ പുറത്തുകൊണ്ടുവന്നുകൊണ്ട് റെക്കോഡിട്ട മലയാളസിനിമ ഇത്തവണ ഇസിന്‍ബയേവയെപ്പോലെ സ്വന്തം റെക്കോഡിനെത്തന്നെ തല്ലിപ്പൊട്ടിക്കുന്ന സ്ഥിതിയാണ്.

മാനാഞ്ചിറ ടെസ്റ്റില്‍ ലഞ്ചിനുമുന്‍പ് സെഞ്ച്വറിയടിച്ച രാമയ്യനെപ്പറ്റി വി.കെ.എന്‍ പറയുന്നത്, അല്ലേലും ഉച്ചയൂണിനുമുന്‍പ് ഒരു നൂറടിച്ചില്ലെങ്കില്‍ ദളവയ്ക്ക് ഏനക്കേടാണെന്നാണ്. ഇങ്ങനെ, കണ്ണുംപൂട്ടി നൂറുപൂശിയിട്ട് കാര്യമുണ്ടോ മലയാളസിനിമ എന്ന് കാര്യമായി ചിന്തിക്കാന്‍ ഈ അരക്കൊല്ലം കണിയൊരുക്കുന്നു. ജനുവരിയില്‍ പതിനാറു സിനിമകളാണു പുറത്തുവന്നത്. മലയാളിയെങ്കിലും തെലുഗുസിനിമകളിലൂടെ പ്രശസ്തനായ രാജേഷ് ടച്ച്‌റിവറിന്റെ 'എന്റെ'യാണ് ഈ വര്‍ഷത്തെ ആദ്യറിലീസ്. ജോഷി 'റണ്‍ ബേബി റണ്ണി'നുശേഷം മോഹന്‍ലാലിനെ ഓട്ടിച്ചിട്ടു ഷൂട്ടുചെയ്ത 'ലോക്പാലാ'യിരുന്നു ജനുവരിയുടെ അന്തകവിത്ത്. ജനുവരിയുടെ പെട്ടി പൊട്ടിച്ചുനോക്കിയാല്‍, സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയും ദിലീപും പാപ്പര്‍ താരങ്ങളായിപ്പോയ 'കമ്മത്ത് ആന്റ് കമ്മത്ത്' ജനുവരിയുടെ നഷ്ടമായി കണക്കാക്കാം. വെറും നഷ്ടമല്ല, കൊടുംനഷ്ടം. പടം പണം തിരിച്ചുപിടിച്ചെന്ന് അണിയറക്കാര്‍ അവകാശപ്പെടുന്നുണ്ട്. എന്നാലും ചാനലുകള്‍ എത്രതന്നെ വാരിക്കോരിക്കൊടുത്താലും കമ്മത്തിനെ കമത്തിയെടുക്കാന്‍ പറ്റുമോ എന്നത് സംശയംതന്നെയാണ്. പ്രേക്ഷകര്‍ക്കുണ്ടായ നഷ്ടം വേറേ കൂട്ടണം. പുറമേ, കമ്മത്ത് ഇരുനടന്മാര്‍ക്കും മലയാളസിനിമയ്ക്കുതന്നെയും സാംസ്‌കാരികമായുണ്ടാക്കുന്ന പെരുംചേതം വേറേയും. മമ്മൂട്ടിയെപ്പോലൊരു നടന്‍ മൂന്നു പതിറ്റാണ്ടു നീണ്ട കാലം കൊണ്ടുണ്ടാക്കിയ കള്‍ചറല്‍ കാപ്പിറ്റലിലാണ് ഇതുപോലെയുള്ള സിനിമകള്‍ വന്‍വിള്ളല്‍ വീഴ്ത്തുന്നത്.

അതേസമയം, ജനുവരിയുടെ മുടിനിറയെ ജമന്തിപ്പൂക്കള്‍ ചൂടിയത് പ്രേമത്തിന്റെ ചൂടും മരണത്തിന്റെ ചൂരുമായെത്തി, കൊച്ചിയുടെ നഗരഹൃദയംകൊണ്ട് സ്പന്ദിച്ച ജീവിതചിത്രം 'അന്നയും റസൂലു'മാണ്. ചിത്രത്തിന്റെ സൂക്ഷ്മവായനകളില്‍, അഗാധഘടനയില്‍ കുറ്റപത്രസാദ്ധ്യത ചുമ്മാ പരന്നുനിരന്നുകിടക്കുന്നു എന്നത് ഒരു കണക്കെടുപ്പുവേളയില്‍ തല്‍ക്കാലം മറക്കുക.

സൂര്യനെല്ലി പീഡനക്കേസിന്റെ സുപ്രീംകോടതി വിധി വന്ന കാലത്ത് ആ കേസിന്റെ പിന്തുടര്‍ച്ചയെ അനുസ്മരിപ്പിക്കുന്ന 'ലിസമ്മയുടെ വീടും' പ്രദര്‍ശനത്തിനെത്തി. വിഷയഗൗരവം ഗുണപരമായെങ്കിലും ചിത്രഗാത്രത്തിന്റെ വിലക്ഷണത ജനത്തെ അകറ്റി. 'ബോംബേ മാര്‍ച്ച് പന്ത്രണ്ടാ'യിരുന്നു ബാബു ജനാര്‍ദ്ദനന്റെ ആദ്യസംവിധാനസംരംഭം. ആ ചിത്രം പനോരമയില്‍ ഇടം പിടിച്ചെങ്കിലും ഗുണവശം കഷ്ടിതന്നെ. 'തലപ്പാവും' 'വാസ്തവ'വും പോലെയുള്ള തിരക്കഥകളുടെ രചയിതാവിന് അത്രപോലും ഔന്നത്യം സ്വയം സംവിധാനം ചെയ്യുമ്പോള്‍ സാദ്ധ്യമാകുന്നില്ലെന്നതു വ്യക്തം. പുതുതലമുറയുടെ എക്‌സ്‌ക്ളൂസിവ് സിനിമയെന്നു പറയാവുന്ന 'നീ കൊ ഞാ ചാ' കാണികളെയും കൊന്നു, സ്വയം ചാകുകയും ചെയ്തു. ഒരു സ്വാഭാവികമരണം.

ബോബന്‍ സാമുവല്‍ സംവിധാനം ചെയ്ത് ബിജു മേനോന്‍ - കുഞ്ചാക്കോ ബോബന്‍ എന്നിവര്‍ നായകനും നായികയുമായെത്തിയ 'റോമന്‍സ്' തറവളിപ്പുകൊണ്ട് തളാപ്പുകെട്ടിയെങ്കിലും ജനത്തെ കൈയിലെടുത്തു. ജനുവരിയുടെ പണപ്പെട്ടി കിലുക്കിയത് റോമന്‍സാണ്. റോമന്‍സില്‍ പഴയ മന്ദമരുതി കൊലക്കേസിന്റെ ലാഞ്ഛനകള്‍ വന്നതുകൊണ്ടാകാം വിശ്വാസികളുടെ പേരില്‍ ആരൊക്കെയോ ചിത്രത്തിനെതിരെ കേസുമായി നീങ്ങിയെങ്കിലും അതൊന്നും സിനിമയുടെ വിജയത്തെ ബാധിച്ചില്ല. പക്ഷേ, വൈ.വി രാജേഷ് എന്ന തിരക്കഥാകൃത്ത് തന്റെ മുന്‍സിനിമകളിലെന്നപോലെ പറഞ്ഞുപഴകിയ തമാശകള്‍ ഏച്ചുകെട്ടിയ രംഗങ്ങള്‍ മാലകോര്‍ത്തുണ്ടാക്കിയ ഈ സിനിമ മലയാളസിനിമയ്ക്ക് ഗുണപരമായ ഒരു മുന്നേറ്റമല്ല, പിന്നിറക്കമാണു സമ്മാനിക്കുക. അതു തീര്‍ത്തും നിസ്സാരമല്ലതാനും.

ഏറെ സാമൂഹികപ്രാധാന്യമുള്ള ചിത്രമായിരുന്നു 'എന്റെ'. ഗോവന്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യയില്‍ മികച്ച നടിയായ അഞ്ജലി പാട്ടീലായിരുന്നു നായിക. എന്നിട്ടുമെന്നിട്ടും ജനം ചിത്രം എന്റെ എന്നു പറഞ്ഞില്ല. സാമൂഹികപ്രസക്തി വേണോ ഫഹദ് ഫാസില്‍ വേണോ എന്ന ചോദ്യത്തിന് രണ്ടാമത്തെ ഉത്തരം പറഞ്ഞുതുടങ്ങുന്ന നവതരംഗത്തിരമാലയിലേക്കാണ് രാജേഷ് ടച്ച്‌റിവര്‍ ഒഴുകിയൊടുങ്ങിയത്. രഞ്ജിനി ഹരിദാസ് നായികയായ എന്‍ട്രി, കോളിവുഡിലേക്കും ബോളിവുഡിലേക്കും ഇരട്ട ടിക്കറ്റെടുത്തിരിക്കുന്ന നിശാന്റെ 'അന്നുമിന്നുമെന്നും' ക്രിക്കറ്റിന്റെ ജനപ്രിയതകൊണ്ട് കാണിയുടെ കണ്ണുകെട്ടാന്‍ മോഹിച്ചെത്തിയ 'മൈ ഫാന്‍ രാമു', ലാലിന്റെ താരമൂല്യം കൊണ്ട് ചാനല്‍വിലയെണ്ണിയെത്തിയ 'മാഡ് ഡാഡ്', ഐസക്ക് ന്യൂട്ടന്‍ സണ്‍ ഓഫ് ഫിലിപ്പോസ്, ഫിലിംപെട്ടിയിലെ നിത്യനിദ്രയില്‍നിന്നുണര്‍ന്നെത്തിയ പ്രേതം 'പ്ളെയേഴ്‌സ്' തുടങ്ങിയവയും വന്നു. നിന്നില്ല, പോയി. 'യാത്രക്കൊടുവില്‍', 'നഖങ്ങള്‍', 'ഒരു യാത്രയില്‍' എന്നീ ചിത്രങ്ങളും വണ്ട് വീണുകെട്ട വിളക്കുകളായി. ജനുവരിയില്‍ റോമന്‍സ് മികച്ച സാമ്പത്തികവിജയം നേടി. അന്നയും റസൂലും അപ്രതീക്ഷിതവിജയമായി. കമ്മത്ത് ബോക്‌സോഫീസ് ദുരന്തമായി. ലോക്പാല്‍ കിനാവിന്റെ കണ്ണീരായി.

ഇനി ഫെബ്രുവരിയിലേക്ക്

പതിനൊന്നു സിനിമകളുമായാണ് മാസത്തില്‍ കുഞ്ഞനായ ഫെബ്രുവരി തിടമ്പേറ്റിനിന്നത്. വിനയന്‍ വാന്‍ഹെല്‍സിംഗ് ആയ 'ഡ്രാക്കുള'മുതല്‍ ജോയ് മാത്യുവിന്റെ 'ഷട്ടര്‍' വരെ. വിനയന്റെ അഭിമാനചിത്രമായിരുന്നു ഡ്രാക്കുള. സംഗതി പാവം ഡ്രാക്കുളയ്ക്ക് അപമാനമായെങ്കിലും അന്തംവിട്ട വിജയമാണ് ചിത്രം നേടിയത്. ചിത്രം കണ്ട് പാതി ജനം ചിരിച്ചു, ബാക്കി ജനം മരിച്ചു. എന്നാലും പ്രധാനകേന്ദ്രങ്ങളില്‍ പലേടത്തും അന്‍പതു ദിവസങ്ങള്‍ തികച്ച ഡ്രാക്കുള വിനയന് മധുരപ്രതികാരമായി. ട്രിവാന്‍ഡ്രം ലോഡ്ജില്‍ തെറികൊണ്ട് മറതീര്‍ത്ത വി.കെ.പ്രകാശ് 'നത്തോലി'യെന്ന വലിയ മീനുമായാണെത്തിയത്. ക്രാഫ്റ്റിന്റെ കുതന്ത്രം കൊണ്ട് കാക്കിരിപൂക്കിരിയാക്കിയ സിനിമ ഫഹദ് ഫാസിലെന്ന തിമിംഗിലത്തിന്റെ ജനപ്രിയതകൊണ്ടു കാണികളെ വലയില്‍ക്കുരുക്കി. ശരാശരി വിജയം നേടാന്‍ നത്തോലിക്കായി.

ഏറ്റവും മികച്ച സിനിമയ്ക്കുള്ള സംസ്ഥാനപുരസ്‌കാരം നേടിയ 'സെല്ലുലോയ്ഡ്' ആണ് ഫെബ്രുവരിയുടെ ചിത്രം. മലയാളസിനിമയുടെ പിതാവെന്നു കണക്കാക്കുന്ന ജെ.സി.ഡാനിയേലിന്റെ ജീവിതകഥ കൂടിയായിരുന്ന സെല്ലുലോയ്ഡ് കമലിനെപ്പോലും അമ്പരപ്പിച്ചുകൊണ്ട് വിജയം നേടി. നിരൂപകരുടെ കൈ അയച്ചുള്ള സഹായവും സെല്ലുലോയിഡിനു തുണയായി. സിക്‌സ് പാക്കിനു മീതെ അസ്ഥികൂടത്തിന്റെ എക്‌സ്‌റേ ഫിലിം കെട്ടിവെച്ച് അഭിനയിച്ചിട്ടും പൃഥ്വിരാജിന് മികച്ച നടനുള്ള അവാര്‍ഡും കിട്ടി. ഡാനിയേലിനെ പിടികിട്ടി. പാവം റോസിയെ ഇപ്പോഴും ആര്‍ക്കും വേണ്ട. സംസ്ഥാനപുരസ്‌കാരനിര്‍ണയത്തില്‍ സെല്ലുലോയ്ഡ് മികച്ച സിനിമയായി. വീതംവെപ്പില്‍ സെല്ലുലോയ്ഡിന് മികച്ച കഥയ്‌ക്കോ തിരക്കഥയ്‌ക്കോ സംവിധാനത്തിനോ സംഭാഷണത്തിനോ ക്യാമറയ്‌ക്കോ ഒന്നും ഒരവാര്‍ഡും കിട്ടിയില്ല. ചുരുക്കിപ്പറഞ്ഞാല്‍ മികച്ച സിനിമയ്ക്ക് മികച്ചതായി ഒന്നുംതന്നെയില്ലാത്ത അവസ്ഥ. അതൊരു തമാശയായെന്നു പറഞ്ഞാല്‍ പൂര്‍ണം. സിനിമയുടെ മികവ് എങ്ങനെ ജ്യൂറിമക്കള്‍ക്ക് മനസ്സിലായി എന്നു ചോദിച്ചാല്‍ മൗനം വിദ്വല്‍ജിഹ്വ! ബാക്കിയെല്ലാം സ്വാഹ!

ഫെബ്രുവരിയുടെ കറുത്ത കുതിരയായത് ഷട്ടറാണ്. ലോകസിനിമയുടെ ഷട്ടര്‍ ഉയര്‍ത്തുന്ന ഭാരോദ്വഹനമെന്ന് അണിയറക്കാര്‍ പറ കൊട്ടുന്നത് സത്യമല്ലെങ്കിലും മലയാളിക്ക് ഷട്ടര്‍ ഒരു പുതിയ കാഴ്ചയും ഉള്‍ക്കാഴ്ചയുമായി. ചിത്രം നേടിയ അപ്രതീക്ഷിതവിജയം മലയാളസിനിമയ്ക്ക് ഗുണകരമായി. ജോയ് മാത്യു ഒരുക്കിയ ഷൂട്ട് ഔട്ട് അറ്റ് ഐ.വി.ശശിയും ജനം ആസ്വദിച്ചു. ജനമല്ലേ, അവര്‍ എന്തും അസ്വദിച്ചോളുമെന്ന് സിനിമക്കാര്‍ക്കറിയാം.

കാലത്തു പത്തുമുപ്പതിനു ചെയ്ത ലോക്കല്‍ കോള്‍ നിശാനു നിരാശയായി. ചിത്രം മനു സുധാകരനെന്ന സംവിധായകന്‍ സാങ്കേതികമികവോടെ ഒരുക്കിയെങ്കിലും ഒരുപാടു ഹോളിവുഡ്, ബോളിവുഡ്, പപ്പടബോളിവുഡ് പടങ്ങളുടെ ഇതിവൃത്തപുരാണമായിട്ടാണ് കാണികള്‍ക്ക് അതനുഭവപ്പെട്ടത്. തന്റെ കൈയിലുണ്ടായിരുന്ന ഒരുവട്ടം വെടിക്കുള്ള മരുന്ന് പലവട്ടം പൊട്ടിച്ച അനൂപ് മേനോന്‍ തോക്കും ഉണ്ടയുമില്ലാതെ വെടിവെയ്ക്കുന്ന കാഴ്ചയാണ് 'ഡേവിഡ് ആന്റ് ഗോലിയാത്ത്' സമ്മാനിക്കുന്നത്. ലോകത്ത് ബൈബിളും ഖുര്‍ആനും മഹാഭാരതവും ഉള്ളിടത്തോളം കാലം പക്ഷേ, അദ്ദേഹത്തിന് പടത്തിനു മുട്ടുണ്ടാവുകയില്ല എന്നതുറപ്പ്. മുഖത്തു ഭാവം വരുത്താനുള്ള പ്ളാസ്റ്റിക് സര്‍ജറിയുണ്ടെങ്കില്‍ അദ്ദേഹത്തിലെ നടന് അത് ഉപകാരമാകും. 'പകല്‍നക്ഷത്രങ്ങള്‍' കണ്ടപ്പോള്‍ ഇതുകൊള്ളാമല്ലോ മേനോനേ എന്നു തോന്നിപ്പോയതിന് മലയാളസിനിമേ, മാപ്പ്.

പെട്ടിപൊട്ടിച്ചു പുറത്തുചാടിയ ബാലചന്ദ്രകുമാറിന്റെ കൗബോയ് എന്ന ഭൂതം, ടിനി ടോമിനെ നായകനാക്കിയ ഹൗസ് ഫുള്‍, സൗമ്യവധക്കേസ് വിവരിച്ച ബ്രേക്കിംഗ് ന്യൂസ്, തമിഴില്‍ ചരിത്രവിജയമായ വഴക്ക് എന്നിന്റെ മലയാളപതിപ്പ് ബ്ളാക്ക് ബട്ടര്‍ഫ്‌ളൈ, നിര്‍മാതാവിനു നേരും കാണികള്‍ക്ക് നൊമ്പരവുമായി ഭവിച്ച ഒരു നേരിന്റെ നൊമ്പരം എന്നീ ചിത്രങ്ങളും ഫെബ്രുവരിക്കാഴ്ചകളായി. ഷട്ടര്‍ ഏറ്റവും വലിയ സാമ്പത്തികവിജയം നേടി. സെല്ലുലോയ്ഡ് അഭിമാനമായി എന്നൊക്കെ ചുമ്മാ ഗുണ്ടടിക്കാം!

ഇനി മാര്‍ച്ച്.

കാണികളെ കിളിപോയ അവസ്ഥയില്‍ത്തള്ളിക്കൊണ്ടാണ് മാര്‍ച്ച് പിറന്നത്. ആനയും അജയകുമാറും ഒത്ത കുട്ടീംകോലും കളി കണ്ടുകൊണ്ട് മാര്‍ച്ചിന് ഒടുക്കമായി. ഇതിനിടെ ഇരുപതു ചിത്രങ്ങള്‍. സൂകരപ്രസവത്തിന്റെ റെക്കോഡുപോലും മലയാളസിനിമ തകര്‍ക്കുന്ന സ്ഥിതിവിശേഷം.

ഈ ക്വാര്‍ട്ടറിന്റെയല്ല, ഈ കൊല്ലത്തിന്റെയല്ല, ഈ കാലത്തിന്റെ തന്നെ കാര്‍ണിവലായി മാറിയ 'ആമേനാ'ണ് മാര്‍ച്ചിന്റെ മാനംകാത്തത്. ലിജോ ജോസ് പല്ലിശ്ശേരി ഒരുക്കിയ ആമേന്‍ കുട്ടനാടന്‍ ഗാഥയായി. മാജിക്കല്‍ റിയലിസം മലയാളത്തില്‍ മൊഴിയുന്നു, എന്തൊരു മാജിക്ക് എന്ന് നിരൂപകര്‍ സ്തുതിചൊല്ലി. പ്രേക്ഷകര്‍ അങ്ങനെതന്നെയെന്ന് ആമേന്‍ ചൊല്ലി. മരിച്ച മകന്റെ ചോര പെരുംദൂരംതാണ്ടി പെറ്റമ്മയുടെ കാല്‍വിരലുകളില്‍ വന്നുമുട്ടുന്നതായിരുന്നു കൊളംബിയന്‍ മാജിക്കല്‍ റിയലിസമെങ്കില്‍, ഇവിടെയത് തള്ളത്താറാവ് താനിട്ട മുട്ട വീണത് കുളത്തിലോ കുപ്പക്കാട്ടിലോ എന്നറിയാതെ മാനത്തുനോക്കി വായും പൊളിച്ചുനില്‍ക്കുന്ന രൂപത്തിലാണ്. എംപി സുകുമാരന്‍ നായരെടുത്ത ശയനത്തില്‍ മാര്‍ക്വേസിന്റെ മാന്‍ വിത് ഇനോര്‍മസ് വിംഗ്‌സിന്റെ മാന്ത്രികത കാണാതെ പോയതെന്തേ എന്ന സംശയം ബാക്കി. ഏതായാലും ആമേനു സ്തുതി.

ആമേനു പിന്നില്‍ അല്പമെങ്കിലും വിജയതീരമണഞ്ഞത് ജയറാം മുകേഷ് ജോഡിയുടെ 'ലക്കി സ്റ്റാറാ'യിരിക്കും. അഭിപ്രായം നേടിയില്ലെങ്കിലും ഓര്‍ഡിനറിയുടെ പിന്‍ബലത്തില്‍ ഒരു ഓഡിനറി വിജയം 'ത്രീ ഡോട്‌സ്' നേടി. മറ്റു മാര്‍ച്ചു ചിത്രങ്ങള്‍ പരാജയത്തിന്റെ പവിലിയനിലേക്ക് മാര്‍ച്ചുനടത്തി. വിവാദചിത്രം 'പാപ്പിലിയോ ബുദ്ധ' തിയറ്ററുകളിലെത്തിയത് ശുഭസൂചനയായെന്നു വിലയിരുത്താം. സര്‍ക്കാര്‍ വകവരുത്താന്‍ ശ്രമിച്ചിട്ടും ആ ശ്രമത്തെ വകവരുത്തിയതിനും കൈ കൂപ്പാം.

വ്യത്യസ്തമായ പരിചരണംകൊണ്ടും ജനുസ്സുഗുണംകൊണ്ടും ശ്രദ്ധേയമായ ചിത്രമായിരുന്നു 'കിളിപോയി'. സ്റ്റോണര്‍ സിനിമയെന്ന നിലയില്‍ മലയാളത്തിലെ ആദ്യത്തെ കാര്യമായ ശ്രമം. ഛോട്ടാ മുംബൈ പോലുള്ള ഭാഗികശ്രമങ്ങളെ കാണാതിരുന്നുകൂടാ. എന്നാലും കഞ്ചാവിനെ ആത്മാവാക്കുന്നത് ഇതാദ്യം. ഒപ്പം സ്പൂഫു ചെയ്യുന്നതില്‍ പാര്‍ശ്വികമായിട്ടല്ല, കാര്യമായിട്ടുതന്നെ ഉദ്യമം മുന്നോട്ടുകൊണ്ടുപോകുകയും ചെയ്തു. എന്നാല്‍, ജനത്തെ ഉദ്ദേശ്യം ബോദ്ധ്യമാക്കുന്ന വിധത്തിലുള്ള ആഴം ധ്വനിപ്പിക്കാന്‍ കിളിപോയ വഴിക്കു കഴിഞ്ഞില്ല. ഫലം പടുപരാജയം. എങ്കിലും കിളിപോയിയെ ഒരു മോശം പടമെന്ന് എഴുതിത്തള്ളാന്‍ വയ്യ.

ആറു വര്‍ഷത്തെ മൗനം ഭേദിച്ച് രഞ്ജന്‍ പ്രമോദു വന്ന റോസ് ഗിറ്റാറിനാല്‍ പടുമുളയായി. റോസ് ഗിറ്റാറിനാല്‍ ആരോ തലയ്ക്കടിച്ച പ്രതീതിയാണ് കാണികള്‍ക്കു കിട്ടിയത്. രഞ്ജന്‍ പ്രമോദിനാല്‍ ഇനിയൊരു ആക്രമണം ഉടനുടനുണ്ടാകില്ലെന്നുറപ്പുവരുത്തിയാണ് ബോക്‌സോഫീസ് ഗിറ്റാറിനെ യാത്രയയച്ചത്.

ദലിതജീവിതങ്ങളുടെ കഥകള്‍ അഭ്രപാളികളില്‍ തുടരെയെത്തിയ മാസമായിരുന്നു മാര്‍ച്ച്. പപ്പിലിയോ ബുദ്ധയ്ക്കു പുറമേ സമാനപ്രമേയങ്ങളുള്ള മഹാത്മാ അയ്യങ്കാളി, പൂമ്പാറ്റകളുടെ താഴ്വാരം എന്നീ ചിത്രങ്ങളുമെത്തി. പത്മകുമാറിനു മറ്റൊരു പരുന്തായിമാറി പാതിരാമണല്‍. മോഹന്‍ലാല്‍, ആസിഫ് അലി, ഫഹദ് ഫാസില്‍ എന്നിങ്ങനെയൊരു ഹോളി ട്രിനിറ്റിയുമായാണ് സലാം ബാപ്പുവിന്റെ റെഡ് വൈന്‍ എത്തിയത്. കാണികളെ ഉന്മത്തരാക്കാന്‍ വീഞ്ഞിനായില്ല. റെഡ് വൈന്‍ പ്രതീക്ഷ കാത്തില്ലെങ്കിലും സലാം ബാപ്പു പ്രതീക്ഷയുണര്‍ത്തുന്നു.

പഴയകാലത്തിന്റെ കുഴിതാണ്ടിയെത്തിയ യാത്ര തുടരുന്നു അധികം യാത്ര തുടര്‍ന്നില്ല. നവസാങ്കേതികയുഗത്തിന്റെ കഥ പറഞ്ഞ ഒമേഗ അല്പമോടിയെങ്കിലും ഓടിത്തളര്‍ന്നു. ഡോള്‍സ്, കാണാപ്പടം, ഗുഡ് ഐഡിയ, റേഡിയോ എന്നിങ്ങനെ ചില ചിത്രങ്ങളും വന്നുപോയി. ആന്‍ ഒളിംപിക്‌സിനോടിയ റബേക്ക ഉതുപ്പ് വളരെ പിന്നിലായി ഓടിയെത്തി. ഓം പ്രകാശ് ചൗട്ടാല മുതല്‍ ഓം പ്രകാശ് വരെയുള്ളവര്‍ വില്ലന്മാരല്ല, നായകന്മാരാണ് എന്നു നമുക്കറിയാം. അതിന് അടിവരയിട്ടു മുത്തൂറ്റ് പോള്‍ ജോര്‍ജ് വധക്കേസിലെ പ്രതിയായ ഓം പ്രകാശ് നായകനായ പകരം. ഇതിനൊക്കെ പുറമേ, ഇതു മന്ത്രമോ തന്ത്രമോ കുതന്ത്രമോ എന്നു കാണികളോടു ചോദിക്കുന്ന ഒരു സിനിമയും മാര്‍ച്ചില്‍ വന്നു. ഇതുവരെ ഉത്തരം കിട്ടിയില്ലെങ്കില്‍ പ്രിയ സംവിധായകനോട് പറഞ്ഞുതരാം. ഇതാണു മാരണം.

മാര്‍ച്ചിനു ശേഷം വിഷുപ്പിറയില്‍ സകലസൂപ്പര്‍ താരങ്ങളും വിരുന്നുവന്ന ആദ്യത്തെ ഉത്സവകാലം. മമ്മൂട്ടിയുടെ ലാല്‍ജോസ് പടം ഇമ്മാനുവല്‍, ദിലീപിന്റെ ബെന്നിപ്പടം സൗണ്ടു തോമ, സിദ്ദീഖ് - (മോഹന്‍) ലാല്‍ പടം ലേഡീസ് ആന്റ് ജെന്റില്‍മാന്‍ എന്നിവയാണു വിഷുവിനു പടക്കവുമായി എത്തിയത്. അതില്‍ കമ്പനിക്കു തീപ്പിടിച്ച് വാണം തലകുത്തനെ പോകുന്നതു കണ്ടത് സിദ്ദീഖിന്റെ മോഹന്‍ലാല്‍ ചിത്രമായ ലേഡീസ് ആന്റ് ജന്റില്‍മാന്റെ കാര്യത്തിലാണ്. ഇമ്മാനുവല്‍ ശരാശരിയില്‍ തട്ടിമുട്ടിനിന്നു. പ്രമേയത്തിന്റെ സാമൂഹികമാനമാണ് ഇമ്മാനുവലിനു കരുത്തേകിയത്. എമണ്ടന്‍ ചിരിയാണു സൗണ്ട് തോമ ലക്ഷ്യം വച്ചത്. ആദ്യത്തെ അക്ഷരം വിട്ടുള്ള ചിരിയായി സംഗതി കലാശിച്ചു. മണ്ടന്‍ ചിരിയുടെ എമണ്ടന്‍ പുനരവതരണം. ലേഡീസ് ആന്റ് ജന്റില്‍ മാന്‍ മലയാളത്തിലെ ഏറ്റവും മോശം ചിത്രങ്ങളില്‍ ഒന്നായി. സിദ്ധീഖിന്റെയും മോഹന്‍ലാലിന്റെയും ഏറ്റവും മോശം ചിത്രങ്ങളിലൊന്നും. ചിത്രം സിദ്ദീഖിന്റെ വിപണിമൂല്യത്തിലും ലാലിന്റെയും ജനപ്രിയതയിലും കണ്ണുവച്ചുണ്ടായതാണ്. പടം പെട്ടിയിലിരിക്കെത്തന്നെ പെരുംലാഭം നേടിയെന്നു കണക്കുകളുദ്ധരിക്കപ്പെട്ടു. എങ്കില്‍പ്പിന്നെ എന്തിനീ മാരകരാക്ഷസീയതയെ പാവം കാണികളുടെ പുറത്തേക്കു തോണ്ടിയെറിഞ്ഞു എന്നേ ചോദിക്കാനുള്ളൂ.

ഏപ്രിലില്‍ പതിനൊന്നു പടങ്ങള്‍. ഇമ്മാനുവല്‍, സൗണ്ടു തോമ, ലേഡീസ് ആന്റ് ജന്റില്‍മാന്‍ എന്നീ വന്‍പടങ്ങള്‍ക്കു പുറമേ ക്ളൈമാക്‌സ്, സിം, അകം, 72 മോഡല്‍, ഓഗസ്റ്റ് ക്ളബ്, പ്രോഗ്രസ് റിപ്പോര്‍ട്ട്, എന്റെ പുതിയ നമ്പര്‍, ശ്വാസം എന്നിവ കൂടി. സില്‍ക്ക് സ്മിതയുടെ കഥയെന്നാണ് ക്ളൈമാക്‌സ് സ്വയം അവകാശപ്പെട്ടത്. പുഴുവില്‍നിന്നാണല്ലോ സില്‍ക്കുണ്ടാകുന്നത്. ക്ളൈമാക്‌സ് സില്‍ക്കായില്ല, പുഴുപ്രായത്തില്‍ അവശേഷിച്ചു. ടെലിവിഷന്‍ ഷോയായ മറിമായത്തിന്റെ മായക്കാഴ്ചയില്‍വന്ന സിം ജനത്തെ കൈയിലുമെടുത്തില്ല, അവരുടെ ബോധത്തെ കണക്കിലുമെടുത്തില്ല. രാജസേനന്‍ തന്റെ പെര്‍ഫോമന്‍സ് തുടരുന്നു. അതു തുടരുകയും ചെയ്യും.

മെയില്‍ പതിനഞ്ചു ചിത്രങ്ങളെത്തി. ഭാര്യ അത്ര പോരാ, ഹോട്ടല്‍ കലിഫോര്‍ണിയ, മുംബൈ പോലീസ്, നേരം, മാണിക്യത്തമ്പുരാട്ടിയും ക്രിസ്മസ് കരോളും, മുസാഫിര്‍, ആറു സുന്ദരികളുടെ കഥ, ഒറീസ, വല്ലാത്ത പഹയന്‍, ആട്ടക്കഥ, ഇംഗ്ളീഷ്, കരുമന്‍ കാശപ്പന്‍, വണ്‍സ് അപ്പോണേ ടൈം, അപ് ആന്റ് ഡൗണ്‍, അഭിയും ഞാനും എന്നിവയാണവ. അല്‍ഫോന്‍സ് പുത്രന്റെ നേരം മാര്‍ക്കറ്റിംഗിന്റെ വിജയമായി. ഭാര്യ അത്ര പോരാ മുന്‍മാതൃകയുടെ ചിറകിലേറി അന്തസ്സില്ലാത്ത വിജയം നേടി. മുംബൈ പോലീസും വിജയിച്ചു. മറ്റെല്ലാം പരാജയങ്ങളായി. മുംബൈ പോലീസാണ് മേയ് ഹിറ്റ്. വിജയവും അഭിനന്ദനവും നേടി ഈ ചിത്രം.

ഹണിബീ, പിഗ്മാന്‍, ടീന്‍സ്, ഏബീസീഡി, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, താംക്യൂ, മണിബാക്ക് പോളിസി, മിസ്റ്റര്‍ ബീന്‍, അഞ്ചു സുന്ദരികള്‍, അയാള്‍, ഗോഡ് ഫോര്‍ സെയില്‍, പൈസാ പൈസാ എന്നിങ്ങനെ പതിമൂന്നു സിനിമകളാണു ജൂണില്‍ റിലീസായത്. ആസിഫലിക്ക് തകര്‍ച്ചകളില്‍ കരകയറ്റമായ ഹണിബീയാണ് മികച്ച വിജയം നേടിയത്. വിമതം എത്തിച്ചേരേണ്ടത് മതത്തിലേക്കാണെന്ന് ഹണീബീ പറയുന്നു. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് കടുത്ത ഇടതുവിരുദ്ധത പ്രകടിപ്പിച്ചു. ചലച്ചിത്രസ്വഭാവമുള്ള പടം പക്ഷേ, ജനപ്രിയമായില്ല. ഗോഡ് ഫോര്‍ സെയിലും നല്ല ശ്രമമായിട്ടും ജനം പിന്തുണച്ചില്ല. അഞ്ചുസുന്ദരികളിലെ ചില സിനിമകള്‍ ചിലര്‍ക്കിഷ്ടമായി. ഏബീസിഡി ബുദ്ധികെട്ട പടമെങ്കിലും ഉല്ലാസം പകര്‍ന്നു.

എണ്‍പത്തെട്ടു ചിത്രങ്ങളില്‍ എട്ടു ചിത്രങ്ങള്‍ മാത്രമാണ് ചാനല്‍പ്പറവകളുടെ ചിറകിലേറാതെ പണം കൊയ്തുകൂട്ടിയത്. ആമേന്‍, അന്നയും റസൂലും, ഷട്ടര്‍. സൗണ്ടു തോമ, ഭാര്യ അത്ര പോരാ, മുംബൈ പോലീസ്, നേരം, ഹണിബീ എന്നിവ. നത്തോലി ഒരു ചെറിയ മീനല്ല, ലക്കി സ്റ്റാര്‍, ഡ്രാക്കുള, സെല്ലുലോയ്ഡ്, റെഡ് വൈന്‍, ത്രി ഡോട്‌സ്, ഇമ്മാനുവല്‍, ഹോട്ടല്‍ കാലിഫോര്‍ണിയ, ഏബീസിഡി എന്നീ ചിത്രങ്ങള്‍ ശരാശരി വിജയം നേടി. ഇവയും മറ്റു ചില ചിത്രങ്ങളും അവകാശവില്പനകളിലൂടെ ലാഭം ഉറപ്പിക്കും. ലിജോ ജോസ് പല്ലിശ്ശേരി പ്രതീക്ഷയുണര്‍ത്തുകയാണ്. ജോയ് മാത്യൂ, രാജീവ് രവി എന്നിവരും കാലം കാത്തുവയ്ക്കുന്ന പ്രതിഭകള്‍. ജയന്‍ ചെറിയാന്‍, ദീപു അന്തിക്കാട്, സലാം ബാപ്പു, വിനയ് ഗോവിന്ദ്, അല്‍ഫോന്‍സ് പുത്രന്‍, ലാല്‍ ജൂനിയര്‍ എന്നിവരാണ് പ്രതീക്ഷയേകുന്ന നവസംവിധായകര്‍.

സന്തോഷ് ഏച്ചിക്കാനം, ജോയ് മാത്യു, വി.സി വിജീഷ്, മാമ്മന്‍ രാജന്‍ എന്നിവരെ തിരക്കഥാരംഗത്തെ പ്രതീക്ഷയായിത്തന്നെ കാണാം. പി.എസ് റഫീക്കാണു തിരക്കഥയിലെ താരമായത്. ഛായാഗ്രഹണത്തില്‍ ആമേന് ദൃശ്യവ്യാകരണം തന്നെ ഒരുക്കിയ അഭിനന്ദന്‍ രാമാനുജം ശ്രദ്ധേയനായി. സംഗീതത്തില്‍ കെയും. അഭിനയത്തില്‍ ഫഹദ് ഫാസില്‍ മികച്ചുനിന്നു. മറ്റുള്ളവരെല്ലാം അതിനുമുന്നില്‍ പകച്ചു നിന്നു. ആമേനിലെ നടീനടന്മാരെല്ലാം മികച്ച പ്രകടനം കാഴ്ചവച്ചു. മമ്മൂട്ടിക്ക് കമ്മത്ത് പാരയായി. ഇമ്മാനുവല്‍ കഷ്ടിച്ച് രക്ഷയായി. മോഹന്‍ലാലിന്റെ ലോക്പാലും റെഡൈ്വനും ഗുണകരമായില്ല. ദിലീപ് മിമിക്രി തുടരുന്നു. നടികളില്‍ രചന നാരായണന്‍കുട്ടിയാണു പ്രതീക്ഷാപ്രതീകം. സെല്ലുലോയിഡിലെ മമത, പൃഥ്വിരാജ്, ചാന്ദിനി, കിളിപോയിയിലെ അജു വര്‍ഗീസ്, ഡേവിഡ് ആന്റ് ഗോലിയാത്തിലെ പി ബാലചന്ദ്രന്‍, പപ്പിലിയോ ബുദ്ധയിലെ സരിത, ഷട്ടറിലെ ലാല്‍, സജിത മഠത്തില്‍, വിനയ് ഫോര്‍ട്ട്, ഇമ്മാനുവലിലെ നെടുമുടി വേണു, ഹണി ബീയിലെ ബാബുരാജ്, ഭാസി, ഭാവന, ഏബീസിഡിയിലെ ലാലു അലക്‌സ്, അയാളിലെ ലെന എന്നിവരുടെ അഭിനയത്തെ എടുത്തുപറഞ്ഞു പുകഴ്ത്തുന്നു.

സുകുമാരിയുടെ വിയോഗമാണ് കണക്കെടുപ്പിലെ നികത്താനാകാത്ത നഷ്ടം.


Next Story

Related Stories