TopTop
Begin typing your search above and press return to search.

അക്കങ്ങള്‍ക്കിടയിലെ കറുത്തവരുടെ ജീവിതം : ഒരു അമേരിക്കന്‍ യഥാര്‍ഥ്യം

അക്കങ്ങള്‍ക്കിടയിലെ കറുത്തവരുടെ ജീവിതം : ഒരു അമേരിക്കന്‍ യഥാര്‍ഥ്യം

ലോറന്‍സ്‌ ഡി ബോബോ
(ദി റൂട്ട്)ബരാക്‌ ഒബാമയെയോ ഒപ്രാ വിന്‍ഫ്രിയെയോ മൈക്കല്‍ ജോര്‍ദാനെയോ പോലെയുള്ള ചുരുക്കം ചിലയാളുകളെ മാറ്റി നിറുത്തിയാല്‍ ആഫ്രിക്കന്‍ അമേരിക്കക്കാരെ പൂര്‍ണ്ണമായി ഉള്‍ക്കൊള്ളാന്‍ അമേരിക്കയ്ക്ക് വലിയ താല്പര്യമൊന്നുമില്ല എന്ന് കുറ്റം പറയാന്‍ തോന്നുന്നവര്‍ പറഞ്ഞേക്കും. കറുത്തവര്‍ഗ്ഗക്കാരുടെ പൂര്‍ണ്ണപൌരത്വത്തിലെയ്ക്കുള്ള യാത്ര ഒരു പാട് പരുക്കന്‍ കൂട്ടിച്ചേര്‍പ്പുകളും നിര്‍ണ്ണായക വഴിത്തിരിവുകളും നിറഞ്ഞതാണ്. അത് ഇപ്പോഴും ഒരു അപൂര്‍ണ്ണയാത്രയായി തുടരുന്നു.ഈ യാത്രയിലെ ഏറ്റവും അടുത്തകാലത്തെപ്പറ്റി ചിന്തിച്ചുകൊണ്ട് തുടങ്ങാം. കറുത്തവര്‍ഗ്ഗക്കാരുടെ നേതൃത്വവും സംഘടനകളും ഇന്നും ഏറ്റവുമധികം പരിശ്രമിക്കുന്നത് കൂടിയ നിരക്കിലുള്ള ദാരിദ്ര്യവും തൊഴിലില്ലായ്മയും പരിഹരിക്കുന്നതിനും സ്കൂളുകളില്‍ നിന്ന് കുട്ടികള്‍ പഠനം നിറുത്തുന്നതും മോശം പ്രകടനം കാഴ്ചവയ്ക്കുന്നതും തടയുന്നതിനുമാണ്. ദുഖകരമെന്നു പറയട്ടെ, കറുത്തവര്‍ഗ്ഗ ആക്ടിവിസ്റ്റുകളുടെയും സിവില്‍ റൈറ്റ്സ് ആക്ടിവിസ്റ്റുകളുടെയും സംഘങ്ങള്‍ ഇന്നും പലയിടങ്ങളിലും വോട്ടവകാശത്തിനായി പോരുതുന്നുണ്ട്; അവിശ്വാസത്തോടെ സമീപിക്കുന്ന യു എസ് സുപ്രീം കോടതിയുടെ മുന്നില്‍ പോലും. കറുത്തവര്‍ഗ്ഗക്കാര്‍ക്ക്‌ പൂര്‍ണ്ണ പൌരത്വം ലഭിക്കുന്നതിനു വഴിമുടക്കികളായി കിടക്കുന്നതില്‍ വര്‍ണ്ണാടിസ്ഥാനത്തില്‍ ആളുകളെ വിലയിരുത്തുന്നതും തോന്നുമ്പോലെയുള്ള ദേഹപരിശോധനകളും കൂട്ടത്തോടെ തടവിലാക്കലുകളും മയക്കുമരുന്നിനെതിരെയുള്ള യുദ്ധവും ഒക്കെ ഉള്‍പ്പെടുന്നു.

എന്നാല്‍ അമേരിക്കയിലെ കറുത്തവര്‍ഗ്ഗക്കാരുടെ സ്ഥിരമായ പരിതാപാവസ്ഥയ്ക്ക് മുഖ്യകാരണമാകുന്നത് ഇതൊന്നുമല്ല. പല റിപ്പോര്‍ട്ട്കളും സൂചിപ്പിക്കുന്നത് പോലെ, അമേരിക്കയിലെ കറുത്തവര്‍ഗ്ഗക്കാരുടെ ദുര്‍ഘടയാത്രയിലെ ഏറ്റവും പ്രധാനപ്രശ്നം ധന - അന്തരമാണ്. മുന്‍നിര സാമൂഹികശാസ്ത്രജ്ഞരായ മെല്‍വിന്‍ ഒലിവറും തോമസ്‌ ഷാപ്പിരോയും 1995ല്‍ അവരുടെ പുസ്തകമായ “കറുത്ത ധനം / വെളുത്ത ധനം: വര്‍ണ്ണ അസമത്വത്തിന് പുതിയ മാനം” എന്നതിലൂടെ അക്കാദമിക പഠനത്തിലും പോളിസി നിര്‍മ്മാണത്തിലും പുതിയ പാതകള്‍ തുറന്നു. അവരുടെ പഠന പ്രകാരം കറുത്തവരും വെളുത്തവരും തമ്മിലുള്ള ധന അന്തരം 11: 1 എന്ന അനുപാതത്തിലാണ്. വെളുത്തവരുടെ കയ്യിലുള്ള ഓരോ ഡോളറിനും പകരമായി കറുത്തവര്‍ക്ക് ഉള്ളത് വെറും പത്തു സെന്റുകള്‍ മാത്രമാണ്.അതിനുശേഷം ഈ അന്തരം ക്രമാതീതമായി വര്‍ധിച്ചുവെന്നാണ് രണ്ട് പുതിയ പഠനറിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 2004ലെ 11 : 1 അനുപാതത്തില്‍ നിന്നും 2009 ആയപ്പോള്‍ വെളുത്തവരും കറുത്തവരും തമ്മിലുള്ള ധന അന്തരം 20 : 1 എന്ന അനുപാതത്തില്‍ ആയതായാണ് സാമ്പത്തിക മാന്ദ്യത്തിന്റെ കാലത്ത് പ്യൂ റിസര്‍ച്ച് സെന്റര്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. മാന്ദ്യം മൂലം കറുത്തവര്‍ഗ്ഗക്കാര്‍ക്ക് അവരുടെ ധനത്തിന്റെ 53 ശതമാനം നഷ്ടപ്പെട്ടു. ആകെ മൂല്യം 2005ലെ $12,124 എന്നതില്‍ നിന്ന് 2009ല്‍ $5,677 ആയി ചുരുങ്ങി. എന്നാല്‍ വെളുത്തവര്‍ക്ക് ഇത് $134,992ല്‍ നിന്ന് $113,149 മാത്രമാണ്.
ബരാക് ഒബാമകറുത്തവര്‍ഗ്ഗക്കാരുടെ ധനത്തിന്റെ ഭൂരിഭാഗവും വീടുമായി ബന്ധപ്പെടുത്തിയാണെന്നതും മാന്ദ്യം വന്നതോടെ വീടുകള്‍ക്ക് മൂല്യം നഷ്ടപ്പെട്ടതാണ് ഈ ധനനഷ്ടത്തിന്റെ കാരണം എന്നുമാണ് മനസിലാക്കാന്‍ കഴിയുക. ബ്രാന്‍ദിസ്‌ സര്‍വകലാശാലയില്‍ നിന്നുള്ള ഒരു പുതിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 1984ലെ കറുപ്പ് - വെളുപ്പ്‌ ധന അന്തരം $85,070യില്‍ നിന്നും ഇരുപത്തഞ്ചു വര്‍ഷം കൊണ്ട് $236,500 ആയി ഉയര്‍ന്നു.ഇതിന്റെ പ്രസക്തി എന്താണ്? വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും ഒരു പ്രത്യേക ജീവിതചുറ്റുപാട് നിലനിര്‍ത്താനും ജീവിതത്തിലെ പ്രധാനലക്ഷ്യങ്ങള്‍ നേടാനും അത്യന്താപേക്ഷിതമായ ഘടകമായി സാമൂഹികശാസ്ത്രജ്ഞര്‍ കരുതുന്നത് ധനത്തെയാണ്. ഒരു വീട്ടില്‍ തൊഴില്‍ നഷ്ടമോ ഗുരുതരമായ രോഗമോ ഉണ്ടായാല്‍ അതിനെ മറികടക്കാന്‍ സഹായിക്കുന്നത് ധനമാണ്. കുട്ടികളെ കോളേജില്‍ അയക്കാനും ബിസിനസ് തുടങ്ങാനും മറ്റ് മുതല്‍ മുടക്കുകള്‍ നടത്തുന്നതിനും അടിത്തറ നല്‍കുന്നതും അത് തന്നെയാണ്.കൂടുതല്‍ കൂടുതല്‍ ആളുകള്‍ സാമ്പ്രദായിക പെന്‍ഷനുകള്‍ ഇല്ലാത്ത അവസ്ഥയിലാവുകയും ആളുകള്‍ കൂടുതല്‍ ജോലികള്‍ മാറേണ്ടി വരുകയും തൊഴിലില്ലാത്ത സമയങ്ങള്‍ കൂടുതലാവുകയും ജോലികള്‍ ലഭിക്കാനായി ഉയര്‍ന്ന വിദ്യാഭ്യാസവും പരിശീലനവും അത്യാവശ്യമാവുകയും ചെയ്യുന്ന ഒരു സമ്പദ്ഘടനയാണ് ഇപ്പോള്‍ ഉള്ളത്. അത്തരമൊരു സാഹചര്യത്തില്‍ ഈ മാറ്റങ്ങളുമായി പൊരുത്തപ്പെടാന്‍ സാമ്പത്തിക മൂലധനം അത്യാവശ്യമാണ്. ഈ മാറ്റങ്ങളിലൂടെ നീന്തിക്കയാറാനായി കറുത്തവരെക്കാള്‍ കൂടുതല്‍ സാധ്യതകള്‍ ഉള്ളത് വെളുത്തവര്‍ക്കാണ്.
ഒപ്രാ വിന്‍ഫ്രീഇതാണ് കാര്യം: വിവേചനത്തോടെയുള്ള സാമൂഹിക നയങ്ങളും ദൈനംദിന വര്‍ണ്ണ വിവേചനവും നിമിത്തമാണ് കറുത്തവരും വെളുത്തവരും തമ്മില്‍ സമ്പത്തിന്റെ കാര്യത്തില്‍ ഇത്ര ഭീമമായ അന്തരം ഉണ്ടായത്. അടിമത്തം ഈ കഥയുടെ ഭാഗമാണെങ്കില്‍ കൂടി അതിനെപ്പറ്റി ഇപ്പോള്‍ പറയുന്നില്ല. സേവിംഗ്സ് നിരക്കുകള്‍, കുടുംബഘടന, എന്തിന് വിദ്യാഭ്യാസം നേടിയത് പോലും ഈ കഥയിലെ ചെറിയ ഘടകങ്ങളാകുന്നുണ്ട്. പല സന്ദര്‍ഭത്തിലും യു എസ് സാമൂഹിക നയങ്ങള്‍ വെളുത്തവരെ അനുകൂലിച്ചുകൊണ്ട് ആഫ്രിക്കന്‍ അമേരിക്കക്കാര്‍ക്കെതിരെ ഒളിഞ്ഞും തെളിഞ്ഞും പ്രവര്‍ത്തിച്ചിട്ടുണ്ടെന്നതാണ് യഥാര്‍ത്ഥ പ്രശ്നം.വയോജന ഇന്‍ഷുറന്‍സും സോഷ്യല്‍ സെക്യൂരിറ്റിയും തുടക്കത്തില്‍ മിക്ക ആഫ്രിക്കന്‍ അമേരിക്കക്കാരെയും അവഗണിച്ചിരുന്നു. ഇത്തരം പുതിയകാല പോളിസികള്‍ തുടങ്ങിയ സമയത്ത് കാര്‍ഷിക - ഗാര്‍ഹിക ജോലിക്കാരായിരുന്ന ആഫ്രിക്കന്‍ അമേരിക്കന്‍ ആളുകളില്‍ ഭൂരിഭാഗവും അവഗണിക്കപ്പെട്ടു. അത് പോലെ, തൊഴിലില്ലായ്മാ ഇന്‍ഷുറന്‍സും GI ബില്‍ ആനുകൂല്യങ്ങളും തദ്ദേശഭരണത്തിന്റെ തീരുമാനത്തിനു വിടുകയും അതിന്റെ ഫലമായി മിക്ക സംസ്ഥാനങ്ങളിലും ഇവ നിലവില്‍ വന്നപ്പോള്‍ ആഫ്രിക്കന്‍ അമേരിക്കക്കര്‍ക്കുള്ള സംരക്ഷണങ്ങള്‍ ഇല്ലാതാവുകയും ചെയ്തു.
മൈക്കല്‍ ജോര്‍ദാന്‍ഇന്നത്തെ ഊര്‍ജസ്വലരായ അമേരിക്കന്‍ മധ്യവര്‍ഗ്ഗത്തെ നിര്‍മ്മിക്കാന്‍ സഹായിച്ച പല പുതിയകാല സാമൂഹ്യ നയങ്ങളും പഠിച്ചുകൊണ്ട് പ്രശസ്ത രാഷ്ട്രീയപണ്ഡിതനായ ഇറാ കാട്ട്സ്‌നെല്‍സന്‍ തന്റെ പുസ്തകമായ "When Affirmative Action Was White: An Untold History of Racial Inequality in Twentieth-Century America"ല്‍ ഇപ്രകാരം എഴുതി: “... പല കറുത്തവര്‍ഗ്ഗക്കാരും വിട്ടുപോയി. വര്‍ണ്ണവിവേചനം ഓരോ പ്രോഗ്രാമിലും ഉണ്ടാക്കിയ കേടുപാടുകള്‍ വളരെ വലുതായിരുന്നു. എല്ലാം ഒരുമിച്ചു കണക്കിലെടുത്താല്‍ ഈ പൊതു നിയമങ്ങളുടെ അനന്തരഫലം ഭീകരമായിരുന്നു.”ധന സമ്പാദനവുമായി ബന്ധപ്പെട്ട പോളിസി വേര്‍തിരിവുകളിലെ ഏറ്റവും പ്രധാനപ്പെട്ടത് എങ്ങനെ സോഷ്യല്‍ പോളിസി കറുത്തവര്‍ഗ്ഗക്കാര്‍ക്ക്‌ വീടുകളുടെ ഉടമസ്ഥതാവകാശം നിഷേധിച്ചു എന്നതും എങ്ങനെ വര്‍ണ്ണാടിസ്ഥാനത്തില്‍ താമസസ്ഥലങ്ങള്‍ വേര്‍തിരിച്ചു എന്നതുമാണ്. ഈ കഥകള്‍ ഒളിവറും ഷാപിരോയും എഴുതിയ പുസ്തകത്തില്‍ ഉള്‍പ്പെടെ പലയിടത്തും പറഞ്ഞുകഴിഞ്ഞതാണ്.

ഇന്ന് ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന സംഗതി താമസസ്ഥലങ്ങളുടെ വേര്‍തിരിവ് എങ്ങനെ ന്യൂനപക്ഷവിഭാഗങ്ങളെ ലക്ഷ്യമിട്ടുകൊണ്ടുള്ള തട്ടിപ്പ് വായ്പ്പാ പദ്ധതികള്‍ക്ക് തുടക്കമിട്ടു എന്നതാണ്. സാമ്പത്തിക മാന്ദ്യത്തിനു മറുപടിയായി കൂടുതല്‍ വായ്പകളും വീട് നഷ്ടപ്പെടലുകളും നടന്നതായി പഠനങ്ങള്‍ സൂചിപ്പിക്കുന്നു. 2006നും 2008നുമിടയില്‍ രാജ്യത്തെ നൂറ് വലിയ മെട്രോപ്പോളിറ്റനുകളില്‍ നിന്നുള്ള കണക്കുകള്‍ വിശകലനം നടത്തിയ സാമൂഹികശാസ്ത്രജ്ഞരായ ജേക്കബ്‌ രൂഹും ഡഗ്ളസ് മാസിയും കണ്ടെത്തിയത് ഒരു മെട്രോപ്പോളിട്ടനില്‍ കറുത്തവരുടെ എണ്ണത്തിന് ആനുപാതികമായാണ് വായ്പ്പാ മുടക്കങ്ങളും എന്നാണ്.ഈ ചരിത്രം സകലര്‍ക്കും അറിവുള്ളതാണ്, എന്നാല്‍ ഇതിന്റെ ശരിയായ പരിഹാരങ്ങള്‍ സംസാരിക്കപ്പെടുകയോ പൊതുവേദികളില്‍ ഗൌരവത്തോടെ ചര്‍ച്ച ചെയ്യപ്പെടുകയോ ചെയ്യാറില്ല. രാഷ്ട്രീയം എല്ലായ്പ്പോഴും കൂടിക്കുഴഞ്ഞ ഒരു വിഷയമാനെന്നത് നേര്. ഏറ്റവും നന്നായി കൈകാര്യം ചെയ്‌താല്‍ പോലും അതൊരിക്കലും പൂര്‍ണ്ണതയില്‍ എത്തില്ല. എന്നാല്‍ ജനങ്ങള്‍ ഒരിക്കലും തങ്ങളുടെ സ്വന്തം ചരിത്രത്തെയും സാഹചര്യങ്ങളെയും തെറ്റായി മനസിലാക്കിവയ്ക്കാന്‍ പാടില്ല. അമേരിക്കയും അമേരിക്കയുടെ സാമൂഹിക നയങ്ങളുമാണ് കറുത്തവര്‍ക്കും വെളുത്തവര്‍ക്കും ഇടയില്‍ ധന അന്തരം സൃഷ്ടിച്ചത്.

പോളിസി അജണ്ടയോ പരിഹാരങ്ങളോ എളുപ്പമാണെന്നല്ല പറയുന്നത്. നിഷേധിക്കാനാവാത്തതും തെളിഞ്ഞതുമായ ഒരു ധാര്‍മ്മിക ഉത്തരവാദിത്തം ഇവിടെ ഉണ്ടെങ്കിലും ഇന്നത്തെ സാമൂഹിക സാഹചര്യത്തില്‍ അതിനൊരു രാഷ്ട്രീയശബ്ദം നല്‍കാന്‍ സാധ്യമല്ല എന്നതാണ് യഥാര്‍ഥ്യം.പണ്ഡിതനും ആക്ടിവിസ്റ്റും എഴുത്തുകാരനുമായ ഡബ്ള്യൂ ഇ ബി ദുബ്വ ഈ സാഹചര്യത്തെ കൃത്യമായി മനസിലാക്കിയ ഒരാളാണ്. 1903ല്‍ തന്റെ “Souls of Black Folk” എന്ന പുസ്തകത്തില്‍ അദ്ദേഹം കറുത്തവര്‍ഗ്ഗക്കാര്‍ അഭിമുഖീകരിക്കുന്ന നീതികെടിന്റെ ആഴം ചിത്രീകരിക്കുന്നുണ്ട്. “സ്വന്തം ദാരിദ്ര്യത്തോടെ, ഒരു സെന്റു പോലുമില്ലാതെ, ഭൂമിയില്ലാതെ, പണിയായുധങ്ങളോ പണമോ ഇല്ലാതെ അദ്ദേഹം ധനികരും ഭൂവുടമകളും കഴിവുറ്റവരുമായ തന്റെ അയല്‍ക്കാരുമായി ഒരു മത്സരത്തിനൊരുങ്ങി. ദാരിദ്രനായിരിക്കുക എന്നാല്‍ ബുദ്ധിമുട്ടാണ്, എന്നാല്‍ ഡോളറുകളുടെ നാട്ടില്‍ ഒരു ദരിദ്രവംശത്തിലായിരിക്കുക എന്നാല്‍ ബുദ്ധിമുട്ടിന്റെ അടിത്തട്ടിലാണത്.” തീര്‍ച്ചയായും.ഒരു വശത്ത് സ്പഷ്ടമായ വിജയവും - ഒബാമ, വിന്‍ഫ്രി, ജോര്‍ദാന്‍ എന്നിവരുടെ - മറുവശത്ത് കറുത്തവരും വെളുത്തവരും തമ്മിലുള്ള ഭീമമായ ധനാന്തരവും പരിഗണിച്ചു നമ്മള്‍ എന്താണ് മനസിലാക്കേണ്ടത്? ഏതു വര്‍ഗ്ഗത്തില്‍ പെട്ട വ്യക്തിയായാലും അയാള്‍ക്ക്‌ അനിതരസാധാരണമായ കഴിവുണ്ടെങ്കില്‍ ഉയരാനുള്ള പാത അമേരിക്ക തെളിച്ചുകൊടുക്കും എന്ന് പറഞ്ഞേക്കാം. എന്നാല്‍ തലമുറകളായി അമേരിക്ക അതിന്റെ അടിച്ചമര്‍ത്തപ്പെട്ടവരോട് നീതികേട്‌ കാണിക്കുന്നുവെന്നാണ് അക്കങ്ങള്‍ സൂചിപ്പിക്കുന്നത്. എങ്കിലും ചില വര്‍ഗ്ഗങ്ങളില്‍ അംഗമായാല്‍ നീതികേട്‌ കൂടെപ്പിറപ്പാണ് എന്നാണു തോന്നുന്നത്.(ലോറന്‍സ്‌ ഡി ബോബോ ഹാര്‍വാര്‍ഡ്‌ സര്‍വകലാശാലയിലെ സാമൂഹികശാസ്ത്രവിഭാഗത്തില്‍ പ്രൊഫസറാണ്)Next Story

Related Stories