TopTop
Begin typing your search above and press return to search.

അരാഷ്ട്രീയക്കാരോട് ചിലത് പറയേണ്ടതുണ്ട്

അരാഷ്ട്രീയക്കാരോട് ചിലത് പറയേണ്ടതുണ്ട്

വി.ടി ബല്‍റാം

രാഷ്ട്രീയത്തെക്കുറിച്ച് ചോദിച്ചാല്‍ ഇന്ന് നമ്മുടെ നാട്ടില്‍ ഏത് കൊച്ചുകുട്ടിയുടേയും സ്വാഭാവികമായ അഭിപ്രായം അത് അഴിമതിക്കാരുടെ വിഹാരരംഗമാണെന്നതായിരിക്കും. യഥാര്‍ത്ഥത്തില്‍ രാഷ്ട്രീയരംഗത്ത് പ്രവര്‍ത്തിക്കുന്നവരോടുള്ള അവമതിപ്പ് നമ്മുടെ നാട്ടില്‍ മാത്രമല്ല, ലോകത്തെമ്പാടുമുള്ള ഒരു പൊതുമനോഭാവമാണെന്നാണ് തോന്നുന്നത്. അഭ്യസ്ഥവിദ്യരായ ചെറുപ്പക്കാരുടെ ഇടയിലാണെന്ന് തോന്നുന്നു ഈ മനോഭാവം കൂടുതലായി കാണുന്നത്.

എന്നാല്‍ പറയപ്പെടുന്നപോലെ അത്രയധികം അഴിമതിയില്‍ മുങ്ങിയവരാണോ മുഴുവന്‍ രാഷ്ട്രീയക്കാരും? രാഷ്ട്രീയത്തെ ഒരു പ്രൊഫഷന്‍ എന്ന് സാമ്പ്രദായികമായ അര്‍ത്ഥത്തില്‍ വിശേഷിപ്പിക്കാന്‍ കഴിയില്ല. എങ്കിലും ഒരു മേഖല എന്ന നിലയില്‍ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്നവരുടെ കാര്യമെടുത്താല്‍ത്തന്നെ അവരുടെ ഇടയില്‍ ഏതെങ്കിലും വസ്തുനിഷ്ഠമായ പഠനം ഇക്കാര്യത്തില്‍ നടന്നിട്ടുണ്ടോ എന്നറിയുകയുമില്ല. ഏതായാലും വ്യക്തിപരമായ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ പറയുകയാണെങ്കില്‍ മറ്റേതൊരു മേഖലയേക്കാളും അഴിമതിക്കാരുടെ എണ്ണം ശതമാനക്കണക്കില്‍ രാഷ്ട്രീയക്കാരുടെ ഇടയില്‍ കുറവാണെന്നാണെനിക്ക് തോന്നുന്നത്.

കേരളത്തില്‍ സത്യത്തില്‍ എത്ര രാഷ്ട്രീയപ്രവര്‍ത്തകരുണ്ട്? അഞ്ഞൂറോ ആയിരമോ ഉണ്ടാകുമായിരിക്കും എന്ന് ഒറ്റനോട്ടത്തില്‍ തോന്നിയേക്കാം. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇതിനുമെത്രയോ ഇരട്ടിയാളുകളാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്. അവരില്‍ ബഹുഭൂരിപക്ഷവും ജീവിക്കാന്‍ വേണ്ടി മറ്റേതെങ്കിലും ജോലി ചെയ്യുമ്പോള്‍ത്തന്നെയാണ് പൊതുപ്രവര്‍ത്തനത്തിലുള്ള താത്പര്യം കാരണം തങ്ങള്‍ക്കിഷ്ടപ്പെട്ട രാഷ്ട്രീയപാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളില്‍ക്കൂടി വ്യാപൃതരാവുന്നത്. കേരളത്തില്‍ ആയിരത്തോളം പഞ്ചായത്തുകളുണ്ടെന്ന് നമുക്കറിയാം. തങ്ങളുടെ ഗണ്യമായ സമയം രാഷ്ട്രീയപ്രവര്‍ത്തനത്തിനായി നീക്കിവെക്കുന്ന പ്രവര്‍ത്തകരുടേയും നേതാക്കന്മാരുടേയും എണ്ണമെടുത്തുനോക്കുകയാണെങ്കില്‍ അത് ഓരോ പഞ്ചായത്തിലും ഓരോ പാര്‍ട്ടിക്കും ഏതാണ്ട് അമ്പതെങ്കിലും വരും. പാര്‍ട്ടി ഭാരവാഹികള്‍ക്കുപുറമേ ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, സഹകരണസ്ഥാപനങ്ങളിലെ ഭാരവാഹികള്‍, പോഷക സംഘടനാ നേതാക്കള്‍ തുടങ്ങിയവരുടെ ഏറ്റവും കുറഞ്ഞ കണക്കാണിത്. പ്രധാനപ്പെട്ട നാല് പാര്‍ട്ടികളുടേയും കാര്യമെടുത്താല്‍ ഇത് ആകെ ഇരുന്നൂറോളം വരും. അതായത് സംസ്ഥാനത്തെ ആയിരത്തോളം പഞ്ചായത്തുകളിലായി ഏതാണ്ട് രണ്ട് ലക്ഷത്തോളം രാഷ്ട്രീയപ്രവര്‍ത്തകര്‍!

ഇവരില്‍ ബഹുഭൂരിപക്ഷവും അഴിമതിക്കാരാണോ? അല്ലെന്നാണ് വീണ്ടുമെനിക്ക് തോന്നുന്നത്. മറ്റേതൊരു മേഖലയേയും പോലെ ഇവിടെയും കുറച്ചുപേര്‍ കാണുമായിരിക്കും. എന്നാല്‍ സമൂഹം വളരെയധികം ബഹുമാനിക്കുന്ന മറ്റ് പല തൊഴില്‍ത്തുറകളിലുള്ളതിനേക്കാള്‍ പലപ്പോഴും എത്രയോ ഭേദമാണ് രാഷ്ട്രീയത്തിലെ അവസ്ഥ എന്ന് വസ്തുനിഷ്ഠമായി ചിന്തിച്ചാല്‍ മനസ്സിലാക്കാവുന്നതേ ഉള്ളൂ. നമ്മുടെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ എത്ര ശതമാനം പേര്‍ അഴിമതിക്കാരാണ്? മരുന്നു കമ്പനിക്കാരില്‍ നിന്നും പാരിതോഷികങ്ങള്‍ സ്വീകരിക്കാത്തവരും അവര്‍ക്കുവേണ്ടി പാവപ്പെട്ട രോഗികളെ അനാവശ്യ ടെസ്റ്റുകള്‍ക്കും മറ്റും വിധേയരാക്കാത്തവരുമായി എത്ര ശതമാനം ഡോക്ടര്‍മാര്‍ നമ്മുടെ നാട്ടിലുണ്ട്? ഏറ്റവും പവിത്രമായി കരുതപ്പെടുന്ന അധ്യാപനജോലിയിലേക്കുപോലും നമ്മുടെ നാട്ടില്‍ ഭൂരിപക്ഷം പേരും വന്‍തുക കോഴയായി നല്‍കിയാണ് കടന്നുവരുന്നത് എന്നത് നമുക്ക് കാണാതിരിക്കാന്‍ കഴിയുമോ?

ഇവിടെയാണ് പലപ്പോഴും അധികാരവുമായി വളരെയധികം നേരിട്ട് ബന്ധപ്പെടാന്‍ അവസരം ലഭിക്കുന്നവരാണ് രാഷ്ട്രീയപ്രവര്‍ത്തകര്‍ എന്നത് പ്രത്യേകമായി ഓര്‍ക്കേണ്ടത്. അധികാരം ദുഷിപ്പിക്കുമെന്നത് ലോകതത്ത്വമാണെന്നും അതിന്റെ മറവില്‍ അത് കൈകാര്യം ചെയ്യുന്നവരുടെ അഴിമതിയെ നമുക്ക് ന്യായീകരിക്കാന്‍ കഴിയുമെന്നും വാദിക്കുകയല്ലിവിടെ. എന്നാലും മറ്റ് പലരും ലഭ്യമായ പരിമിതമായ അവസരങ്ങള്‍ പോലും അഴിമതിക്കായി ദുരുപയോഗപ്പെടുത്തുമ്പോള്‍ പ്രലോഭനങ്ങളെ വലിയൊരളവുവരെ അതിജീവിക്കുന്ന ആളുകളുടെ എണ്ണം രാഷ്ട്രീയത്തില്‍ മറ്റ് പലയിടത്തേക്കാളും ഭേദമാണ് എന്ന് അരാഷ്ട്രീയതയുടെ മഞ്ഞക്കണ്ണട മാറ്റിവെച്ച് കാര്യങ്ങളെ നോക്കാന്‍ തയ്യാറായാല്‍ നമുക്ക് ബോധ്യമാവുന്നതേ ഉള്ളൂ.

എന്നാല്‍ ക്രിക്കറ്റിലെ വാതുവെയ്പ്പിന്റെ നൂറ് ഉദാഹരണങ്ങള്‍ തെളിവുസഹിതം പുറത്തുവന്നാലും അധികമാരും അതിന്റെ പേരില്‍ ക്രിക്കറ്റ് എന്ന കളിയെ കുറ്റം പറയുന്നില്ലെന്നും സിനിമയിലെ നടീനടന്മാര്‍ തട്ടിപ്പുകേസിലും മാന്‍വേട്ടക്കേസിലും ആനക്കൊമ്പുകേസിലുമൊക്കെ പ്രതികളായാലും അവര്‍ ജനമനസ്സുകളില്‍ താരങ്ങള്‍ തന്നെയായി വിരാജിക്കുന്നുവെന്നതും കാണാതിരുന്നുകൂടാ. അപ്പോള്‍ ചുരുക്കം ചില ആളുകളുടെ അഴിമതിയുടെ പേരില്‍ രാഷ്ട്രീയക്കാരോടു പൊതുവില്‍ തോന്നുന്ന അകാരണമായ വിരോധവും ഒരു പരിധിവരെ നമ്മുടെ അരാഷ്ട്രീയ മനസ്സിന്റെ സൃഷ്ടിയാണെന്ന് പറഞ്ഞാല്‍ തെറ്റാവുമോ?

സമൂഹത്തെ മുന്നില്‍ നിന്ന് നയിക്കാനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കുന്ന രാഷ്ട്രീയ നേതാക്കള്‍ അഴിമതി അടക്കമുള്ള കാര്യങ്ങളില്‍ മറ്റുള്ളവരേക്കാള്‍ സംശുദ്ധി നിലനിര്‍ത്തണമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. തങ്ങളുടെ കാര്യം മാത്രമല്ല, ചുറ്റുമുള്ളവരുടെ കാര്യങ്ങളുടേയും ഉത്തരവാദിത്തം അവര്‍ ഏറ്റെടുക്കേണ്ടതായിട്ടുണ്ട്. സീസറിന്റെ ഭാര്യയും സംശയത്തിനതീതയായിരിക്കണമെന്നാണല്ലോ പ്രമാണം. രാഷ്ട്രീയരംഗത്തെ അഴിമതി ഇല്ലാതാക്കുന്നതിനുള്ള ഇന്‍സ്റ്റിറ്റിയൂഷണല്‍ മെക്കാനിസങ്ങളെ ശക്തിപ്പെടുത്തുകയാണ് നാം ചെയ്യേണ്ടത്. വിവരാവകാശ നിയമത്തിനു ശേഷം സേവനാവകാശനിയമവും തെരഞ്ഞെടുപ്പ് പരിഷ്‌ക്കരണങ്ങളുമൊക്കെ ആ ദിശയിലുള്ള ശരിയായ ചുവടുവെയ്പ്പുകളാണ്.

എന്നാല്‍ യാഥാര്‍ത്ഥ്യബോധമില്ലാത്ത അമിത ശുദ്ധിവാദം എത്രമാത്രം ഗുണം ചെയ്യുമെന്നുകൂടി നാം ചിന്തിക്കണം. സദാചാരത്തിന്റെ കാര്യത്തിലടക്കമുള്ള സമൂഹത്തിലെ ഭൂരിപക്ഷത്തിന്റെ കാഴ്ചപ്പാടുകള്‍ രാഷ്ട്രീയക്കാര്‍ക്ക് മേല്‍ ഏകപക്ഷീയമായി അടിച്ചേല്‍പ്പിക്കാനുള്ള ശ്രമവും ഈയിടെയായി വര്‍ദ്ധിച്ചുവരുന്നുണ്ട്. ഇതും നമ്മുടെ മുന്നോട്ടുള്ള പ്രയാണത്തിന് എത്രമാത്രം ഗുണം ചെയ്യുമെന്ന് വിലയിരുത്തപ്പെടേണ്ടതുണ്ട്. സമൂഹത്തിന്റെ പൊതുബോധങ്ങള്‍ക്കൊപ്പം ഒഴുകിനടക്കേണ്ടവരല്ല യഥാര്‍ത്ഥത്തില്‍ രാഷ്ട്രീയപ്രവര്‍ത്തകര്‍, സമൂഹത്തെ മുന്നില്‍ നിന്ന് നയിക്കേണ്ടവരാണ്. ശബരിമലയില്‍ തീപ്പിടുത്തമുണ്ടായപ്പോള്‍ 'ഒരമ്പലം കത്തിയാല്‍ അത്രയും അന്ധവിശ്വാസം കുറഞ്ഞു' എന്ന് പ്രതികരിക്കാന്‍ കഴിഞ്ഞ സി.കേശവനേപ്പോലുള്ള രാഷ്ട്രീയക്കാര്‍ ഇനിയെപ്പോഴെങ്കിലും ഉണ്ടാകുമോ എന്ന് പ്രതീക്ഷയില്ല. അത്രക്കൊന്നുമില്ലെങ്കിലും ശരിയെന്ന് തോന്നുന്ന അഭിപ്രായങ്ങള്‍ ഉയര്‍ത്താന്‍ ഒരു സംവാദത്തിനായെങ്കിലും ഉയര്‍ത്താന്‍ രാഷ്ട്രീയപ്രവര്‍ത്തകര്‍ക്ക് കഴിയേണ്ടതുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ മറ്റാര്‍ക്കുമില്ലാത്ത കാണാവിലക്കുകളാണ് രാഷ്ട്രീയക്കാര്‍ക്കുമേല്‍ 'പ്രബുദ്ധ'കേരളം അണിയിച്ചിരിക്കുന്നത്. പറയുന്ന ഓരോ വാക്കിനേയും വിവാദമാക്കി സംവാദസാദ്ധ്യതകളെ മുളയിലേ നുള്ളുന്ന പ്രവണതയാണ് നമ്മുടെ എണ്ണമറ്റ മാധ്യമങ്ങളുടേയും ഭാഗത്തുനിന്ന് കാണാന്‍ കഴിയുന്നത്.

ജനാധിപത്യം, മതേതരത്ത്വം, തുല്ല്യനീതി, നിയമ വാഴ്ച, വ്യക്തി സ്വാതന്ത്ര്യം, സ്വകാര്യത, മനുഷ്യാവകാശങ്ങള്‍, ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ എന്നിവയെല്ലാംതന്നെ ഒരു സമൂഹത്തിന്റെ ആധുനികതയുടെ അളവുകോലുകളാണ്. അത്തരത്തിലുള്ള മൂല്ല്യങ്ങളെ ആര്‍ജ്ജിക്കാനുള്ള തുറന്ന സമീപനങ്ങളാണ് ഒരു സമൂഹത്തെ മുന്നോട്ടുകൊണ്ടുപോകുന്നത്. എന്നാല്‍ ദൌര്‍ഭാഗ്യവശാല്‍ ലിബറല്‍ മൂല്ല്യങ്ങളോടുള്ള മതാധിഷ്ഠിത എതിര്‍പ്പാണ് നാമിന്ന് പലപ്പോഴും കാണുന്നത്. അമിതമായി അടിച്ചേല്‍പ്പിക്കപ്പെടുന്ന ലൈംഗിക സദാചാരശാഠ്യങ്ങളേയും ഇങ്ങനെയേ കാണാന്‍ കഴിയൂ. ഇതിന്റെയൊക്കെ ഭാഗമായി മൌലികമായ അഭിപ്രായങ്ങള്‍ ഉയര്‍ത്താന്‍ പോയിട്ട് മറ്റ് പലരും ഉയര്‍ത്തുന്ന അത്തരം അഭിപ്രായങ്ങളോടൊപ്പം നില്‍ക്കാന്‍ പോലും രാഷ്ട്രീയപ്രവര്‍ത്തകര്‍ മടിച്ചാല്‍ അതിന്റെ നഷ്ടം പൊതുസമൂഹത്തിനാണ്. ലോകമെമ്പാടുമുള്ള ആധുനിക സമൂഹങ്ങളിലൊക്കെ സജീവമായി ചര്‍ച്ചചെയ്യുന്ന ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശസംരക്ഷണമൊക്കെ കേരളത്തിലേയും ഇന്ത്യയിലേയും രാഷ്ട്രീയസമൂഹത്തിനു ഇന്നും വര്‍ജ്ജ്യമായിത്തുടരുന്നതിന്റെ കാരണവും ഇതൊക്കെത്തന്നെ.

ആരോഗ്യകരമായ രാഷ്ട്രീയ സംവാദങ്ങള്‍ തന്നെയാണ് സമൂഹത്തെ രൂപപ്പെടുത്തുന്നത്. അരാഷ്ട്രീയതയെ വാരിപ്പുണരാന്‍ വെമ്പല്‍കൊള്ളുന്ന നമ്മുടെ സമൂഹത്തെ നാമോര്‍മ്മിപ്പിക്കേണ്ടതും അത് മാത്രമാണ്.


Next Story

Related Stories