TopTop
Begin typing your search above and press return to search.

എഫ്‌ജി‌എന്‍‌ജി

കടല്‍ താണ്ടി വരുമോ കിളികള്‍ ഇനി ഇവിടേക്ക

ഈ പുഴയെ കുറീച് കൂടി ഓര്‍ക്കുക

ഒരു പുഴ മനുഷ്യന്റെ കൊള്ളരുതായ്മ കൊണ്ട്. ഇത് നമ്മുടെയെല്ലാം കൊള്ളരുതായ്മ കൊണ്ട്.

നിറഞ്ഞൊഴുകുന്ന പുഴയ്ക്കു നടുവിലൂടെ ഒരു കാക്കയും കൊക്കും കൊക്കുരുമ്മി ഒഴുകുന്നു. വര്‍ഗ്ഗശത്രുക്കള്‍ എങ്ങനെ ഒരുമിച്ചു എന്നു കരുതി നോക്കുമ്പോഴാണ്, ഒഴുകുകയൊന്നുമല്ല, ഒരു മൃഗത്തിന്റെ ജഡാവശിഷ്ടത്തിന്റെ മേല്‍ കയറിയിരുന്ന് കൊത്തിവലിക്കുകയാണ് എന്ന് മനസ്സിലായത്. കാക്കകളുടെ എണ്ണം കൂടിയപ്പോള്‍ കൊക്ക് സ്ഥലം വിട്ടു. അപ്പോഴേക്കും പരുന്തുകള്‍ ഒന്നും രണ്ടുമായി എത്തി. പിന്നെ കാക്കകളും പരുന്തുകളും തമ്മിലായി അവകാശത്തര്‍ക്കം.

ചത്തമൃഗങ്ങള്‍, അറവുശാലയില്‍നിന്നുള്ള മൃഗാവശിഷ്ടങ്ങള്‍, പ്ളാസ്റ്റിക് കുപ്പികളും കവറുകളും, തെര്‍മോകോള്‍ കഷണങ്ങള്‍, ഉപയോഗശൂന്യമായ ഒരു ഫ്രിഡ്ജ്, ഒരു ചാക്കുനിറയെ ഇലക്ട്രിക് വയറുകള്‍.... ഈ ലിസ്റ്റ് എത്ര വേണമെങ്കിലും നീട്ടാം. കടലുണ്ടി പക്ഷിസങ്കേതമെന്നറിയപ്പെടുന്ന കടലുണ്ടിക്കടവിന്റെ അല്ലെങ്കില്‍ കടലുണ്ടിപ്പുഴ കടലിനോടു ചേരുന്ന കണ്ടല്‍ക്കാടുകള്‍ നിറഞ്ഞ അഴിമുഖത്തിന്റെ വര്‍ത്തമാനമാണ് ഇവിടെ കുറിച്ചത്. ഇതിലെന്തു പ്രത്യേകത എന്ന് വായിക്കുന്നവര്‍ക്ക് സ്വാഭാവികമായും തോന്നാം. കേരളത്തിലെ ഏതൊരു പുഴയുടേയും കടവിന്റേയും വര്‍ത്തമാനമാണിത്, സംശയമില്ല.

കടലും ദേശാടനക്കിളികളും കണ്ടലും ചേര്‍ന്നാല്‍ കടലുണ്ടിയായി. കടലിലേക്ക് ഉന്തിനില്‍ക്കുന്ന എന്ന അര്‍ത്ഥത്തില്‍ 'കടലുന്തി' യില്‍ നിന്നാണ് കടലുണ്ടി ഉണ്ടായത്. ഭൂമിശാസ്ത്രപരമായ ഈ പ്രത്യേകത തന്നെയാണ് കടലുണ്ടിയുടെ പാരിസ്ഥിതികമായ പ്രാധാന്യത്തിനും കാരണം. കടലിലേക്ക് ഉന്തിനില്‍ക്കുന്ന ഈ പ്രദേശത്തേക്കാണ് കടലുണ്ടിപ്പുഴ വന്നുചേരുന്നത്. കടലും കടലുണ്ടിപ്പുഴയും കൈകോര്‍ക്കുന്ന വിശാലമായ ഈ അഴിമുഖം പലതരത്തിലുള്ള കണ്ടലുകളാലും സമ്പന്നമാണ്. അങ്ങനെ ഇവിടം ദേശാടനക്കിളികളുടെ ഇഷ്ടസങ്കേതമായി.

സെപ്തംബര്‍ മുതല്‍ മെയ് വരെയാണ് കടലുണ്ടിയിലെ പക്ഷികളുടെ ദേശാടനകാലം. സൈബീരിയ, യൂറോപ്പ്, ഇന്ത്യയുടെ വിവിധ ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നായി വ്യത്യസ്ത ഇനത്തില്‍പ്പെട്ട നൂറോളം പക്ഷികളെ കടലുണ്ടിയില്‍ കണ്ടെത്തിയിട്ടുണ്ട്. കടലുണ്ടി ആള, കറുപ്പ് തലയന്‍ കടല്‍കാക്ക, തവിട്ടുതലയന്‍ കടല്‍കാക്ക, ചേരക്കാലി, പച്ചക്കാലി, പലതരം മണല്‍ക്കോഴികള്‍, തെറ്റികൊക്കന്‍, പലതരം നീര്‍കാക്കകള്‍ ഇതൊക്കെ അവയില്‍ ചിലതുമാത്രം. വിഖ്യാത പക്ഷിനിരീക്ഷകന്‍ സലിം അലി 'ബേര്‍ഡ്‌സ് ഓഫ് കേരള'യില്‍ പരാമര്‍ശിക്കാത്ത പത്തോളം പക്ഷികളെ കടലുണ്ടിയില്‍ കണ്ടെത്തിയിട്ടുണ്ട്.

കുറ്റിക്കണ്ടല്‍, നക്ഷത്രക്കണ്ടല്‍, പ്രാന്തന്‍ കണ്ടല്‍, കണ്ണാംമ്പൊട്ടി, മച്ചിന്‍തോല്‍, ചുള്ളിക്കണ്ടല്‍ ഇവയൊക്കെ കടലുണ്ടിയില്‍ കാണപ്പെടുന്ന പാരിസ്ഥിതിക പ്രാധാന്യമുള്ള കണ്ടലിനങ്ങളും അനുബന്ധ സസ്യങ്ങളുമാണ്.

ഏതാനും വര്‍ഷങ്ങളായി കടലുണ്ടിയിലേക്കുള്ള പക്ഷികളുടെ വരവ് ഭീമമായ രീതിയില്‍ കുറഞ്ഞിട്ടുണ്ടെന്ന് പക്ഷിനിരീക്ഷകനും കമ്മ്യൂണിറ്റി റിസര്‍വിലെ ജീവനക്കാരനുമായ ചന്ദ്രശേഖരന്‍ പറയുന്നു. കടലുണ്ടിപ്പുഴയിലെ മാലിന്യങ്ങളുടെ അളവ് ക്രമാതീതമായി വര്‍ദ്ധിക്കുന്നതാണ് ദേശാടനക്കിളികളുടെ വരവ് കുറയുന്നതിന് കാരണമായി പൊതുവെ ചൂണ്ടിക്കാണിക്കുന്നതെങ്കിലും കടലുണ്ടി റിസര്‍വ് മേഖലയുടെ ചുമതലയുള്ള സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ പി. പ്രഭാകരന്‍ പലകാരണങ്ങളുടെ സാധ്യതയിലേക്ക് വിരല്‍ ചൂണ്ടുന്നു.

''വേനല്‍ക്കാലത്ത് കടലുണ്ടിപ്പുഴയുടെ ഒഴുക്ക് കുറയുന്നത് കടലില്‍ നിന്ന് പൂഴി അടിച്ചുകയറുന്നതിന് കാരണമാവുകയും അത് സ്വാഭാവികമായ ചെളിത്തട്ടിന്റെ നാശത്തിനിടയാക്കുകയും ചെയ്യുന്നു. ഈ ചെളിത്തട്ടിലുണ്ടാകുന്ന നാനാജാതി ചെറുകീടങ്ങളാണ് ദേശാടനക്കിളികളുടെ ഇഷ്ടഭക്ഷണം. കടലിനും കടലുണ്ടിപ്പുഴയ്ക്കുമിടയില്‍ സമീപകാലത്ത് നിലവില്‍വന്ന കടലുണ്ടിക്കടവ്പാലം, പുതുതായി നിര്‍മ്മിക്കപ്പെട്ട റെയില്‍പ്പാലം, സമീപ പ്രദേശങ്ങളിലെ മൊബൈല്‍ ടവറുകളുടെ സാന്നിധ്യം, ആഗോളമായിത്തന്നെ സംഭവിക്കുന്ന കാലാവസ്ഥാ വ്യതിയാനം ഇതെല്ലാം പക്ഷികളുടെ വരവ് കുറയുന്നതിന് കാരണമായിട്ടുണ്ടാകും''.

എന്നാല്‍ കടലുണ്ടി പക്ഷിസങ്കേതത്തിനടുത്ത് ചായക്കട നടത്തുന്ന മണി എന്നറിയപ്പെടുന്ന സുബ്രഹ്മണ്യേട്ടന് പറയാനുള്ളത് മറ്റൊന്നാണ്. കടലുണ്ടിയിലെ കയര്‍ വ്യവസായത്തിന്റെ തകര്‍ച്ചയാണ് ദേശാടനക്കിളികളുടെ വരവ് കുറയുന്നതിന് കാരണമായി മണിയേട്ടന്‍ ചൂണ്ടിക്കാണിക്കുന്നത്. ''മുമ്പൊക്കെ ധാരാളം കയര്‍ യൂണിറ്റുകള്‍ ഉണ്ടായിരുന്നു. വെള്ളം ഇറങ്ങിക്കഴിഞ്ഞാല്‍ ചെളിയില്‍ ചകിരി പൂഴ്ത്തും. ആ ചകിരിയില്‍ ധാരാളം പൂഴിത്തിരകളുണ്ടാകും. ഈ ഇരകള്‍ ദേശാടനക്കിളികളുടെ ഇഷ്ടഭക്ഷണമായിരുന്നു. പലേ കാരണങ്ങള്‍ പറഞ്ഞ് അധികാരികള്‍ ചകിരി പൂഴ്ത്തല്‍ നിരോധിച്ചു. അതാണ് കിളികളുടെ വരവ് കുറയുന്നതിന് കാരണമായത്''.

'മണിയേട്ടന്‍ പറയുന്നതിനെ അവിശ്വസിക്കേണ്ട കാര്യമില്ല. പക്ഷേ, ചകിരി പൂഴ്ത്തല്‍ കണ്ടലിന്റെ ശ്വസനവേരുകളുടെ നാശത്തിനും മത്സ്യസമ്പത്ത് കുറയുന്നതിനും കാരണമാകും. ചകിരി ദ്രവിക്കുമ്പോഴുണ്ടാകുന്ന ഹൈഡ്രജന്‍ സള്‍ഫൈഡ് എന്ന വിഷവാതകം പരിസ്ഥിതിയെ അങ്ങേയറ്റം പ്രതികൂലമായി ബാധിക്കുന്ന ഒന്നാണ്'' പി. പ്രഭാകരന്‍ പറയുന്നു.

ദേശാടനക്കിളികളുടെ എണ്ണത്തില്‍ കുറവുവന്നു എന്ന വാദത്തോട് പക്ഷിനിരീക്ഷകനും ഫോട്ടോഗ്രാഫറുമായ വിജേഷ് വള്ളിക്കുന്ന് പൂര്‍ണ്ണമായും യോജിക്കുന്നില്ല. ''പക്ഷികള്‍ വരുന്ന കാലത്തിന് വ്യത്യാസം വന്നിട്ടുണ്ടാകാം. ഇപ്പോള്‍ പലഘട്ടങ്ങളായാണ് ദേശാടനക്കിളികള്‍ എത്തുന്നത്. മാത്രമല്ല സമീപത്തുള്ള വയലുകളിലും തുരുത്തുകളിലുമൊക്കെ ഇവയെ കാണാറുമുണ്ട്''. അറവുമാലിന്യങ്ങള്‍ കൊണ്ടിടുന്നതുവഴിയുണ്ടാകുന്ന കാക്കകളേയും പരുന്തുകളേയും നിയന്ത്രിക്കാനായില്ലെങ്കില്‍ അത് ദേശാടനക്കിളികള്‍ക്ക് ഭീഷണിയാകുമെന്ന കാര്യത്തില്‍ അദ്ദേഹവും യോജിക്കുന്നു.

കടലുണ്ടിക്കടവിനെ വൃത്തിയാക്കാനുള്ള ശ്രമങ്ങള്‍ പലവട്ടം കമ്മ്യൂണിറ്റി റിസര്‍വിന്റേയും സന്നദ്ധസംഘടനകളുടെയും നേതൃത്വത്തില്‍ നടന്നിട്ടുള്ളതായി ജീവനക്കാരന്‍ കൃഷ്‌ണേട്ടന്‍ പറയുന്നു. ''എത്ര വൃത്തിയാക്കിയാലും അതിലധികം മാലിന്യങ്ങള്‍ അടുത്തദിവസം തന്നെ കടലും പുഴയും ചേര്‍ന്ന് ഇവിടെ കൊണ്ടിടും. നിലമ്പൂര്‍ വനമേഖലയിലെ ചേരക്കമ്പത്തുനിന്നാണ് കടലുണ്ടിപ്പുഴയുടെ ഉത്ഭവം. അവിടെ നിന്ന് ഇവിടെ വരെയുള്ള മാലിന്യങ്ങള്‍ കടവിലാണ് വന്നടിയുന്നത്. അതുകൂടാതെ ട്രെയിനില്‍നിന്നുള്ള ഭക്ഷണാവശിഷ്ടങ്ങളും മറ്റും യാതൊരു സങ്കോചവും കൂടാതെ പുഴയിലേക്കു തള്ളും. പലപ്പോഴും തോണിക്കാരുടെയോ മുക്കുവരുടേയോ തലയിലേക്കാവും അതുചെന്നു വീഴുക''.

കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിറ്റി റിസര്‍വ് മേഖലയാണ് കടലുണ്ടി. 153 ഹെക്ടറാണ് അതിന്റെ വ്യാപ്തി. 1997-ലാണ് ആ പ്രഖ്യാപനമുണ്ടായത്. ഒരു ഓഫീസും നാലു ജീവനക്കാരുമുണ്ടെങ്കിലും കൃത്യമായ കാഴ്ചപ്പാടിന്റെയും മൂലധനത്തിന്റെയും അഭാവത്തില്‍ എല്ലാം നോക്കുകുത്തിയാവുന്നു. ഡോ. എസ്. ശങ്കറിന്റെ നേതൃത്വത്തിലുള്ള പഠനസംഘം കടലുണ്ടിയില്‍ നടപ്പാക്കേണ്ട പദ്ധതികളെക്കുറിച്ചുള്ള ഒരു രൂപരേഖ കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിനു സമര്‍പ്പിച്ചിരുന്നെങ്കിലും അവരത് സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് തള്ളുകയാണുണ്ടായത്.

ഒരിക്കല്‍ പലനിറങ്ങളിലുള്ള പതിനായിരക്കണക്കിന് പക്ഷികളാല്‍ സ്വര്‍ഗ്ഗസമാനമായിരുന്ന ഒരിടം പ്ളാസ്റ്റിക് മാലിന്യങ്ങളാലും അറവുമാലിന്യങ്ങളാലും നരകമായിത്തീര്‍ന്നിരിക്കുന്നു. ഒരു പുഴയെ, പാരിസ്ഥിതിക പ്രാധാന്യമുള്ള ഒരു പ്രദേശത്തെ വീണ്ടെടുക്കുക ഒരു ലേഖനം തയ്യാറാക്കുന്നതുപോലെയോ അത് വായിച്ച് വികാരം കൊള്ളുന്നതുപോലെയോ അത്ര എളുപ്പമുള്ള കാര്യമല്ല. അതിന് കൂട്ടായ പരിശ്രമവും കരുതലും ആവശ്യമാണ്. ഇനി എന്നാണ് ആ കരുതല്‍ നമുക്കുണ്ടാവുക.


Next Story

Related Stories