TopTop
Begin typing your search above and press return to search.

ചാനല്‍പ്പക്ഷിയുടെ ഇരുതലവാള്‍ച്ചിറകുകള്‍

ചാനല്‍പ്പക്ഷിയുടെ ഇരുതലവാള്‍ച്ചിറകുകള്‍

മലയാള സിനിമ കടന്നു പോകുന്നത്, അല്ലെങ്കില്‍ അഭിമുഖീകരിക്കുന്നത് അതിന്റെ വാണിജ്യ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണെന്നു പറയേണ്ടിവരും. ചാനല്‍റൈറ്റുകളുമായി ബന്ധപ്പെട്ടു രൂപം കൊണ്ടു തുടങ്ങിയിട്ടുള്ള വലിയ പ്രശ്‌നം മലയാളസിനിമയുടെ, കമ്പോളസിനിമയുടെ അന്ത്യം കുറിക്കാന്‍ വരെ പ്രാപ്തിയുള്ളതോ, ദൂരവ്യാപകവും വമ്പിച്ചതുമായ പ്രത്യാഘാതങ്ങളും പ്രതിഫലനങ്ങളും ഉണ്ടാക്കാന്‍ പോന്നതോ ആയ സംഗതിയായി വളര്‍ന്നു വരാനുള്ള ലക്ഷണങ്ങളാണു കാണുന്നത്. മലപോലെ വന്നത് എലിപോലെ പോയെന്നും വരാം. അതല്ല, മല പര്‍വതമായി മാറിയാലും ദോഷകരമെന്നതു പോലെ ഗുണപരമായ വശങ്ങളും അതിനുണ്ടായിക്കൂടെന്നുമില്ല.

മലയാളസിനിമയുടെ വാണിജ്യോപഭോക്താവ് പ്രധാനമായും ചാനലുകളായി മാറിക്കഴിഞ്ഞിട്ട് കാലം കുറച്ചായി. ആഗോളവല്‍ക്കരണത്തെത്തുടര്‍ന്നുണ്ടായ സാമൂഹികവും സാമ്പത്തികവുമായ വ്യതിയാനവും വിപണിയുടെ തുറന്ന സ്വഭാവവും അതിനു കാരണമായിട്ടുണ്ട്. എണ്‍പതുകളുടെ മദ്ധ്യകാലംവരെ തിയറ്ററുകള്‍ മാത്രമായിരുന്നു സിനിമയുടെ വിപണി. ഇതിനെ നമുക്കു നേരിട്ടുള്ള വിപണി എന്നുതന്നെ വിളിക്കാം. എ ക്ളാസ്, ബി ക്ളാസ്, സി ക്ളാസ് എന്നിങ്ങനെ വര്‍ഗീകരിച്ച തിയറ്ററുകളുടെ വമ്പിച്ച ശൃംഖല കേരളത്തിലുണ്ടായിരുന്നു. ജില്ലാ തലസ്ഥാനങ്ങളിലും വന്‍കിടനഗരങ്ങളിലും നിലകൊണ്ട മികച്ച സൗകര്യങ്ങളുള്ള, പ്രധാനമായും എയര്‍കണ്ടീഷനര്‍ സൗകര്യമുള്ള തിയറ്ററുകളെ എ ക്ളാസ് തിയറ്ററുകളായി നാം കരുതി. ഇടത്തരം നഗരങ്ങളിലുള്ള കോണ്‍ക്രീറ്റോ മെച്ചപ്പെട്ട ആസ്ബസ്റ്റോസോ ഒക്കെയായ മേല്‍പ്പുരകളോടു കൂടിയ, എന്നാല്‍ എയര്‍കണ്ടീഷനര്‍ സൗകര്യമില്ലാത്ത തരം തിയറ്ററുകളെ നാം ബി ക്ളാസ് എന്നും അതിനുമപ്പുറം ഗ്രാമീണമേഖലയിലുള്ള ഓലയോ മറ്റോ മേഞ്ഞ് കോണ്‍ക്രീറ്റ് ഉപയോഗിക്കാതുള്ള കൊട്ടകകളെയാണ് സി ക്ളാസ് എന്നതു കൊണ്ട് വര്‍ഗീകരിച്ചിരുന്നത്. റിലീസ് ചിത്രങ്ങള്‍ എ ക്ളാസ് തിയറ്ററുകളെ മാത്രം ലക്ഷ്യമാക്കിയാണ് പ്രധാനമായും വന്നിരുന്നത്. അവിടെ വിജയം നേടാനും ജനപ്രിയാമാകാനും കഴിഞ്ഞിരുന്ന സിനിമകള്‍ക്ക് മുടക്കുമുതല്‍ ആദ്യഘട്ടത്തില്‍ത്തന്നെ തിരിച്ചുപിടിക്കാനാകുമായിരുന്നു. എന്നാല്‍ അവിടെ പരാജയപ്പെടുന്ന ചിത്രങ്ങള്‍ക്ക് ബി, സി ക്ളാസുകളെ ആശ്രയിക്കേണ്ടിയിരുന്നു, അഥവാ, ആ ആശ്രയം ബാക്കിയുണ്ടായിരുന്നു.

എ ക്ളാസില്‍ തന്നെ വിജയിച്ച സിനിമകള്‍ക്ക് പലപ്പോഴും ബി, സി ക്ളാസുകളില്‍ ദീര്‍ഘകാലം ലഭിക്കുന്ന വരുമാനം ഒരു അധികലാഭമായി പരിണമിച്ചിരുന്നു. എ ക്ളാസില്‍ പരാജയപ്പെടുന്ന സിനിമകള്‍ക്കുപോലും ബി ക്ളാസിലോ സി ക്ളാസിലോ നടക്കുന്ന പ്രദര്‍ശനങ്ങളുടെ വരുമാനത്തിലൂടെ മുടക്കുമുതല്‍ തിരിച്ചുപിടിക്കാനോ പരാജയഭാരം ലഘൂകരിക്കാനോ സാധിച്ചിരുന്നു. മറ്റൊന്ന്, പുനര്‍റിലീസ് സാദ്ധ്യതകളാണ്. എ ക്ളാസില്‍ തന്നെയും പല സിനിമകളും ഒന്നോ രണ്ടോ വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും റിലീസ് ചെയ്തിരുന്നു. അതിരാത്രം, ആവനാഴി, ചെപ്പ്, വടക്കന്‍ വീരഗാഥ തുടങ്ങിയ സിനിമകള്‍ ഇങ്ങനെ റിലീസ് ചെയ്തിരുന്നു. സി ക്ളാസിലും മറ്റും ഇത്തരം ആവര്‍ത്തനറിലീസുകള്‍ സ്ഥിരമായിരുന്നു. പ്രത്യേകിച്ചും പഴയകാല സിനിമകള്‍. പൊന്നാപുരം കോട്ട, ശകുന്തള, കുമാരസംഭവം തുടങ്ങിയ സിനിമകള്‍ സ്ഥിരമായി വീണ്ടും വരുമായിരുന്നു. അവയില്‍തന്നെ പൊന്നാപുരം കോട്ട പുതിയ കോപ്പിയുമായെത്തിയും കാശുവാരിയിരുന്നു.

ഇതൊക്കെക്കൊണ്ടുതന്നെ, സിനിമകള്‍ നിര്‍മാണകാലത്തുതന്നെ, വ്യത്യസ്തമായ അഭിരുചിയും കാഴ്ചാശീലവുമുള്ളവരെന്ന് നാം മുന്‍കൂട്ടി വിധിയെഴുതിയ ബി ക്ളാസ്, സി ക്ളാസ് പ്രേക്ഷകരുടെ രുചിശീലങ്ങളെക്കൂടി കണക്കിലെടുത്തുകൊണ്ടും താലോലിക്കാനുദ്ദേശിച്ചുകൊണ്ടുമാണ് നിര്‍മിക്കപ്പെട്ടിരുന്നത്. അഴകിയ രാവണനില്‍ ചോദിക്കുന്നതുപോലെ രണ്ടു പാട്ട്, മൂന്നു ഫൈറ്റ്, ഒരു ബലാല്‍സംഗമെങ്കിലും എന്നൊരു ഫോര്‍മുല തന്നെ ഈ തിയറ്റര്‍, വിതരണശൃംഖലയുടെ സ്വഭാവത്തിന് അനുസൃതമായി ഉണ്ടായി വന്നതാണ്. ഇതില്‍ ചില അടികളൊക്കെയുമുണ്ടായേക്കാം. ഒരു വടക്കന്‍ വീരഗാഥ എന്ന ചിത്രം അതിന്റെ ബജറ്റിന്റെ വന്മ കാരണം ഇരുന്നൂറു ദിവസം ചില പ്രധാനകേന്ദ്രങ്ങളില്‍ പ്രദര്‍ശിപ്പിച്ചിട്ടും ബി,സി ക്ളാസുകളിലും ഓടിയിട്ടും, പുനര്‍റിലീസു നടത്തിയിട്ടും ഒന്നും അതിന്റെ മുടക്കുമുതല്‍ തിരിച്ചുപിടിക്കാനാകാതെ ധനനഷ്ടം വന്നതായി പണ്ടൊരിക്കല്‍ അതിന്റെ നിര്‍മാതാവ് പി വി ഗംഗാധരന്‍ പറഞ്ഞത് അത്തരമൊരു അടിപതറലാണ്. അതു പക്ഷേ, വാണിജ്യപരം മാത്രം. അതേസമയം, ഇതെന്റെ നീതി, പെണ്‍സിംഹം എന്നിങ്ങനെയുള്ള സിനിമകള്‍ കുറഞ്ഞ മുതല്‍മുടക്കുള്ളവയായതിനാല്‍, അവയുടെ ക്വാളിറ്റി ഏറെ താഴെയായിരുന്നിട്ടും ദീര്‍ഘകാലം കൊണ്ട് മുടക്കുമുതല്‍ തിരിച്ചുപിടിച്ചവയായി. ഇത്തരം സിനിമകളൊരുക്കാന്‍ കഴിയുന്ന പി ജി വിശ്വംഭരന്‍, ശശികുമാര്‍, ബേബി തുടങ്ങിയ സംവിധായകര്‍ക്ക് നിരന്തരം പടം ചെയ്യാന്‍ അവസരവും കിട്ടി.

എണ്‍പതുകളുടെ മദ്ധ്യത്തോടെ, ഗള്‍ഫ് മലയാളികളില്‍ നിന്ന് വിഡിയോ പ്ളെയറുകളും വീഡിയോ കാസെറ്റുകളും നമ്മുടെ ഇടയില്‍ വ്യാപകമായിത്തുടങ്ങി. കാസെറ്റുകള്‍ ആദ്യം ഗള്‍ഫില്‍നിന്നാണു വന്നത്. അത് മലയാളസിനിമയുടെ വിദേശവിപണിയുടെ തുടക്കമായിരുന്നു. ഓവര്‍സീസ് റൈറ്റ് എന്ന വിപണി. അത് അത്ര വലിയൊരു വിപണിയൊന്നുമായിരുന്നില്ലെങ്കിലും വിശ്വസ്തമായൊരു വിപണിയായിരുന്നു. ഇന്നും അങ്ങനൊരു വിപണി ഉണ്ട്. അതു വിപുലമായി മാറുകയും കാസെറ്റുകള്‍ക്കപ്പുറം (ഇന്നത്തെ അവസ്ഥയില്‍ സിഡി, ഡിവിഡി മുതലായവകള്‍ക്കപ്പുറം) വിദേശത്തെ തിയറ്ററുകളിലോ വാടകഹാളുകളിലോ ഉള്ള പ്രദര്‍ശനങ്ങള്‍ കൂടിയായി മാറി.

നാട്ടിലും വീഡിയോ കസെറ്റുകള്‍ വ്യാപകമായി. പിന്നീടതു സിഡി, ഡിവിഡി, ബ്ളൂ - റേ എന്നിവകള്‍ക്കു വഴിമാറി. വീഡിയോ റൈറ്റ് എന്നത് ഒരു ചെറിയ വിപണിയായി മാറി. പണ്ടുകാലം മുതലേ ഉള്ള മറ്റൊരു റൈറ്റാണ് ഓഡിയോ റൈറ്റ്. പാട്ടുകളുടെ വിപണനാവകാശമാണത്. ഇടക്കാലത്ത് ഓഡിയോ വിപണി പാടേ തളര്‍ന്നെങ്കിലും ഇന്ന് വീണ്ടും അതു പിടിച്ചുകയറാന്‍ ശ്രമിക്കുന്നു. എന്നാലും ഓഡിയോ അവകാശം കൊണ്ട് സാധിക്കുന്നത്, അതതു സിനിമകളിലെ പാട്ടുകളുമായി ബന്ധപ്പെട്ട സംഗതികളുടെ സാങ്കേതികവിദഗ്ദ്ധരുടെ പ്രതിഫലം കണ്ടെത്താനാകുക എന്നതില്‍ കവിഞ്ഞ് ഒന്നുമില്ല. എണ്‍പതുകളുടെ മദ്ധ്യത്തില്‍ ശബ്ദരേഖാ വ്യവസായം ഉണ്ടായെങ്കിലും പിന്നീട് അത് തീര്‍ത്തും ഇല്ലാതായി.

വീഡിയോ റൈറ്റ്, ഓഡിയോ റൈറ്റ്, ഓവര്‍സീസ് റൈറ്റ് എന്നിവകളിലൂടെ സിനിമയുടെ മുടക്കുമുതലിന്റെ പത്തുമുതല്‍ ഇരുപത്തഞ്ചു ശതമാനം വരെയേ പരമാവധി കണ്ടെത്താനാകൂ എന്നതാണ് സത്യം. ഒരുകോടി മുതല്‍മുടക്കുള്ള പടത്തിന് പത്തുലക്ഷം മുതല്‍ ഇരുപത്തഞ്ചുലക്ഷം വരെ കണ്ടെത്താനായേക്കാം. ഒന്നും ലഭിക്കാതെയും വന്നേക്കാം.

ബി ക്ളാസ്, സി ക്ളാസ് തിയറ്ററുകളുടെ അന്ത്യം തൊണ്ണൂറുകളുടെ പകുതിയോടെ വ്യാപകമായി. റിലീസിന്റെ രണ്ടാം മാസത്തിലോ മൂന്നാംമാസത്തിലോ ബി ക്ളാസ് തിയറ്ററിലും ആറാം മാസം മുതല്‍ ഒരു കൊല്ലം വരെയുള്ള സമയപരിധിയില്‍ സി ക്ളാസിലും വന്നിരുന്ന സിനിമകള്‍ പിന്നീട് അത് രണ്ടാം വാരം മുതല്‍ ബി ക്ളാസിലും രണ്ടാം മാസം മുതല്‍ സി ക്ളാസിലും എന്ന മട്ടിലായി. ഇന്ന് സൗകര്യമുള്ള ഏതു തിയറ്ററിലും റിലീസ് എന്ന മട്ടില്‍ വൈഡ് റിലീസ് വരെ നിലവില്‍ വന്നിട്ടുണ്ട്. എന്നാല്‍ അതിനെതിരെ എ ക്ളാസ് തിയറ്ററുകള്‍ പ്രക്ഷോഭത്തിലുമാണ്.

ഇതിനെല്ലാം ഇടയിലാണ് ചാനലുകള്‍ ഈ വിപണിയില്‍ ഇടിച്ചുകയറുന്നത്. മുന്‍പ് ദൂരദര്‍ശന്‍ മാത്രമുണ്ടായിരുന്നപ്പോള്‍ അവര്‍ ആഴ്ചയിലൊരിക്കല്‍ കാണിക്കാന്‍ സിനിമകള്‍ പ്രദര്‍ശനാവകാശം വാങ്ങിയിരുന്നു. ചാനലുകളുടെ തള്ളിക്കയറ്റവും അവയുടെ മുഖ്യവിനോദവസ്തു സിനിമയുമായതോടെ ധാരാളം ചാനലുകള്‍ക്ക് ധാരാളം സിനിമ ആവശ്യമായി. അവര്‍ നല്ല വിലനല്കി സിനിമകളുടെ അവകാശവും പ്രദര്‍ശനാവകാശവും സ്വന്തമാക്കി. ഇതു കനത്തുവന്നതോടെ, സിനിമാവ്യവസായത്തിന്റെ നിലനില്പുതന്നെ ചാനല്‍ റൈറ്റിനെ അധികരിച്ചായി.

ഇതോടെ താരസമ്പ്രദായവും കനത്തുതിടംവെച്ചു. ഒരു താരത്തിന്റെ വിലയെന്നത് ആ താരത്തിന്റെ സിനിമയ്ക്കു ലഭിക്കുന്ന ചാനല്‍വിലയുടെ അനുപാതമായി. മമ്മൂട്ടി മുതല്‍ പൃഥ്വിരാജ് വരെയുള്ള താരങ്ങളുടെ സിനിമകള്‍ക്ക് രണ്ടു കോടിമുതല്‍ ആറു കോടി വരെ ചാനലുകള്‍ വിലയേകി. അതിനനുസരിച്ച് അവരുടെ വിലയും വര്‍ധിച്ചു. സൂക്ഷിച്ചു കളിക്കുന്നവര്‍ക്ക് പടം റിലീസ് ചെയ്യാതെ തന്നെ പെട്ടിപ്പുറത്ത് ലാഭം കൊയ്യാനായി. അല്ലാത്തവര്‍ക്ക് കൈ പൊള്ളുന്ന അവസ്ഥയും ഉണ്ടായി.

ന്യൂ ജനറേഷന്‍ സാങ്കേതികസൗകര്യങ്ങളുടെ വര്‍ദ്ധനയോടെയും വിദേശസിനിമകള്‍ കണ്ടു പരിചയിച്ചുള്ള അഭിരുചിവിപ്ളവത്തിന്റെ പശ്ചാത്തലത്തിലും മലയാളത്തിലും സിനിമ മാറി. താരമേല്‍ക്കോയ്മ അവസാനിച്ചു. പുതിയ താരങ്ങള്‍ ഉദയം ചെയ്തു. വിപണിസമവാക്യങ്ങള്‍ മാറി. അപ്പോഴും ചാനല്‍വില സിനിമയുടെ അന്തിമവിലയായും പദ്ധതിയുടെ സാക്ഷാല്‍ക്കാരസാദ്ധ്യതയുടെ ആദ്യത്തെ അടയാളമായും തിടംവച്ചുവന്നു.

പക്ഷേ, സാങ്കേതികപ്പുതുമകളാല്‍, സിനിമ പിന്നേയും ജനകീയമായി. അഞ്ചുലക്ഷം രൂപയ്ക്കും സിനിമയെടുക്കാമെന്ന് കൃഷ്ണനും രാധയുമെന്ന സിനിമയിലൂടെ സന്തോഷ് പണ്ഡിറ്റ് തെളിയിച്ചതോടെ സിനിമയുടെ മൂല്യസിദ്ധാന്തം തന്നെ മാറി. അഞ്ചു ലക്ഷം രൂപയ്ക്ക് കൃഷ്ണനും രാധയും സാധിക്കുമെങ്കില്‍ പതിനഞ്ചോ ഇരുപതോ ലക്ഷം രൂപയ്ക്ക് നല്ല സിനിമതന്നെ സാദ്ധ്യമാകുമെന്നതാണ് അവസ്ഥ. പുതിയ താരങ്ങളും അനേകമനേകം നടീനടന്മാരും വരികയും അപരിചിതമുഖങ്ങള്‍ ആസ്വാദനത്തിനു തടസ്സമാകാത്തവിധം അഭിരുചിയില്‍ വ്യതിയാനം സംഭവിക്കുകയും ചെയ്തതോടെ, വലിയൊരു സാദ്ധ്യത തെളിഞ്ഞുവന്നെങ്കിലും ന്യൂ ജനറേഷന്‍ സിനിമക്കാര്‍ എന്നു സ്വയം അഭിമാനിച്ചുകൊണ്ട് കടന്നുവന്ന ഒരു കൂട്ടം പേര്‍ ചേര്‍ന്നു സിനിമയെ, അതിന്റെ വാണിജ്യസാദ്ധ്യതകളെ, ഹൈജാക്കു ചെയ്യുന്ന കാഴ്ചയാണു കണ്ടത്. ചാനല്‍റൈറ്റ് മുതലാക്കിക്കൊണ്ട് അതില്‍ത്തന്നെ അവിഹിത ഇടപെടല്‍ നടത്തിക്കൊണ്ട് നടത്തിയ പഴംകുറ്റികളുടെയും പുതുക്കുറ്റികളുടെയും ഞാണില്ലാതെയുള്ള ഞാണിന്മേല്‍ക്കളി ഇപ്പോള്‍ അനിവാര്യമായ പതനത്തിലെത്തിയിരിക്കുന്നു.

കഴിഞ്ഞ വര്‍ഷം 125 സിനിമകള്‍ പുറത്തുവന്ന് റെക്കോഡിട്ടു. ഇത്തവണ ആദ്യത്തെ മൂന്നുമാസം അന്‍പതു സിനിമകള്‍ വന്നു. ഈ പ്രവണത തുടര്‍ന്നാല്‍ ഈ വര്‍ഷം 200 സിനിമകളെങ്കിലും റിലീസാകാന്‍ സാദ്ധ്യത കല്പിക്കപ്പെട്ടു. എന്നാല്‍ രണ്ടാമത്തെ മൂന്നുമാസം 38 സിനിമയായി റിലീസ് കുറഞ്ഞു. ആഴ്ചയില്‍ ആറു സിനിമകള്‍ വരെ റിലീസ് ചെയ്ത് തിയറ്ററുകള്‍ വീര്‍പ്പുമുട്ടി നിന്ന അവസ്ഥയില്‍ കഴിഞ്ഞ ഏതാനും ആഴ്ചകളായി, ഒന്നും രണ്ടും സിനിമകളായി സംഗതി പരിമിതപ്പെട്ടു.

കാരണം, അതിഭീകരമായി സിനിമകള്‍ എടുക്കുന്ന അവസ്ഥയില്‍ ചാനലുകള്‍ അവരുടെ വാങ്ങല്‍ ശേഷിക്ക് അതീതമായി പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ നിര്‍ബന്ധിതരായി. എല്ലാ ചാനലുകള്‍ക്കും കൂടി, ഇവിടത്തെ തിയറ്ററുകള്‍ക്കെല്ലാം കൂടി നൂറു സിനിമകള്‍ തന്നെ ധാരാളമായിരിക്കെ, അധികമായെത്തുന്ന നൂറു സിനിമകളെ ഉള്‍ക്കൊള്ളാനുള്ള വിപണി ഇവിടെ ഇല്ലെന്നു തിരിച്ചറിയപ്പെട്ടു. അതിനുപുറമേ, ട്രായിയുടെ നിര്‍ദേശപ്രകാരം പരസ്യങ്ങളില്‍ ചാനലുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തേണ്ട സാഹചര്യവും ഉരുത്തിരിയുന്നു. മറ്റൊന്ന്, ഏറ്റവും പ്രധാനപ്പെട്ടത്, സിനിമാറൈറ്റ് വാങ്ങലുമായി ബന്ധപ്പെട്ട തസ്തികകളിലിരുന്നവര്‍ നടത്തിയതായി പറയപ്പെടുന്ന സ്വജനപക്ഷപാതവും അഴിമതിയുമാണ്. സ്വകാര്യലാഭമുദ്ദേശിച്ചു നടത്തിയ ചില ക്രയവിക്രയങ്ങള്‍ സിനിമാക്കാര്‍ക്ക് താല്കാലികലാഭം സൃഷ്ടിച്ചെങ്കിലും ചാനലുകള്‍ക്ക് ദോഷകരമായി. ഇത് ഫലത്തിലിപ്പോള്‍ സിനിമയ്ക്കു തന്നെ, സിനിമാ വ്യവസായത്തിനു തന്നെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ദോഷമാകും.

ഇങ്ങനെയെല്ലാം ചാനല്‍റൈറ്റിന്റെ കാര്യത്തില്‍ വലിയ പ്രതിസന്ധിയാണുണ്ടാകാന്‍ പോകുന്നത്. ഇതു വലിയ താരങ്ങളുടെ, സാങ്കേതികപ്രവര്‍ത്തകരുടെ സിനിമകളുടെ കാര്യത്തില്‍പ്പോലും പ്രതിഫലിക്കുന്ന വിധത്തിലാണു വളരുന്നത്. സിനിമ ഒന്നുകില്‍ അതിന്റെ നിര്‍മാണച്ചെലവുകള്‍ വെട്ടിച്ചുരുക്കാന്‍ നിര്‍ബന്ധിതമാകും. അതു ഫലത്തില്‍ ഗുണവശങ്ങളെ ഉല്പാദിപ്പിക്കുമോ എന്നത് കണ്ടറിയേണ്ട കാര്യം.

ഏതായാലും ചാനല്‍ വിപണി എന്ന ഒരൊറ്റ മേഖലയെ മാത്രം ആശ്രയിച്ചു നിലകൊണ്ട സിനിമ അനുഭവിക്കേണ്ട അനിവാര്യമായ പ്രതിസന്ധിയാണിത്. ചാനലുകള്‍ സിനിമ വേണ്ടെന്നു വച്ചാല്‍ ഇല്ലാതാകുന്ന ഒന്നായി സ്വയം പരിമിതപ്പെട്ടുകൊണ്ട് സിനിമാവ്യവസായം നടത്തിയ ആപല്‍ക്കരമായ സ്വയംചെയ്തിയുടെ ഭീകരമായ വിപരീതഫലവുമാണിത്. ഇവിടെ ഗുണപരമായി മാറാവുന്ന ഒരേയൊരു കാര്യം ഇതരവിപണികള്‍ കണ്ടെത്താന്‍ സാധിക്കുന്ന നല്ല സിനിമയുടെ വളര്‍ച്ചയാണ്. കമ്പോളസിനിമയുടെ തളര്‍ച്ചയെ പുതിയ ഇടമാക്കിക്കണ്ടുകൊണ്ട് അത്തരം സാദ്ധ്യതകളെ പുനരുജ്ജീവിപ്പിച്ചെടുക്കാന്‍ പ്രാപ്തിയുള്ളവര്‍ കടന്നുവരാനിത് ഇടയാക്കിയേക്കാം.

അമേരിക്കന്‍ കമ്പോളസിനിമയുടെ ആധിപത്യത്തെത്തുടര്‍ന്ന് ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലെ കമ്പോളസിനിമ ഏറെക്കുറേ പൂര്‍ണമായും നശിച്ചുപോയതും എന്നാല്‍, ഈ ഇടം ഉപയോഗപ്പെടുത്തി അവിടത്തെ ആര്‍ട് ഹൗസ് സിനിമ പുനരുജ്ജീവനം നേടിയതും ഒരു ചരിത്രവസ്തുതയാണ്. ഇപ്പോഴെങ്കിലും ചാനല്‍പ്പക്ഷിയുടെ പുറത്തെ ആകാശസഞ്ചാരം ഒരു വാള്‍ത്തലനടപ്പാണെന്ന് മനസ്സിലാക്കാന്‍ വാണിജ്യസിനിമ തയ്യാറായാല്‍ വേറേ വഴികള്‍ തേടാന്‍ അതിനാകും. ഇന്‍സ്‌പെക്ടര്‍ ബല്‍റാമില്‍ മമ്മൂട്ടിയോടു മുരളി പറയുന്നുണ്ട്. വീ ആര്‍ വോക്കിംഗ് ഓണേ റേസേഴ്‌സ് എഡ്ജ്. സൂക്ഷിക്കണം, എടുത്തുചാടിയാല്‍ നമ്മള്‍ തന്നെയാകും പെടുക എന്ന്. ഈ ഡയലോഗ് മലയാള കമ്പോളസിനിമയുടെ പൂമുഖത്ത് എഴുതിവയ്‌ക്കേണ്ട കാലമാണിത്.

(ചിത്രങ്ങള്‍ക്ക് കടപ്പാട് : forumkeralam.com, snehasallapam.com)


Next Story

Related Stories