TopTop
Begin typing your search above and press return to search.

മലയാളസിനിമയുടെ ഇടതുപക്ഷാഘാതങ്ങള്‍

മലയാളസിനിമയുടെ ഇടതുപക്ഷാഘാതങ്ങള്‍

അന്‍വര്‍ അബ്ദുള്ള

ഇടത് എന്ന വാക്ക് എന്തിനെയാണു സൂചിപ്പിക്കുന്നത്. ലോകരാഷ്ട്രീയവീക്ഷണങ്ങളെയും അവയുടെ പ്രയോഗങ്ങളെയും രാഷ്ട്രീയചിന്തയെയും ഇടതായും വലതായും നാം വിലയിരുത്തുന്നു. സോഷ്യലിസ്റ്റ് ആശയങ്ങളെയും പ്രയോഗപദ്ധതികളെയും വിലയിരുത്തലുകളെയും ജീവിതരീതിയെയും പൊതുവിലാണ് ഇടതെന്നു വിശേഷിപ്പിക്കാറുള്ളത്. എങ്കിലും കമ്യൂണിസ്റ്റ് രാഷ്ട്രീയദര്‍ശനത്തെ പിന്‍പറ്റി പ്രവര്‍ത്തിക്കുന്ന, ഇന്ത്യ പോലൊരു രാജ്യത്താണെങ്കില്‍, ജനാധിപത്യത്തിന്റെ ചട്ടക്കൂടിനും ഭരണസംവിധാനത്തിനും അകത്തു പ്രവര്‍ത്തിക്കുന്ന, മുഖ്യധാരാ കമ്യൂണിസ്റ്റു മാര്‍ക്‌സിസ്റ്റു പാര്‍ട്ടികളെ ഇടതുപാര്‍ട്ടികളെന്നു വിശേഷിപ്പിക്കുന്നു. ഇന്ത്യയിലിത് കമ്യൂണിസ്റ്റുപാര്‍ട്ടി ഓഫ് ഇന്ത്യയാണ്. 1964-ലെ പിളര്‍പ്പിനു ശേഷം ഈ മാതൃപാര്‍ട്ടി ദുര്‍ബലമാകുകയും പിളര്‍ന്ന ഘടകമായ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്) എന്ന പാര്‍ട്ടിയും അതിന്റെ പോഷകസംഘടനകളും പ്രാബല്യം നേടുകയും ചെയ്തതോടെ, പ്രധാനപ്പെട്ട മുഖ്യധാരാ ഇടതുപാര്‍ട്ടി അതായി. രണ്ടാമത്, സിപിഐയും. ഫോര്‍വേഡ് ബ്ളോക്ക്, സമതാപാര്‍ട്ടി, റവല്യുഷനറി സോഷ്യലിസ്റ്റ് പാര്‍ട്ടി, ജനാധിപത്യസംരക്ഷണസമിതി, കമ്യൂണിസ്റ്റു മാര്‍ക്‌സിസ്റ്റുപാര്‍ട്ടി തുടങ്ങി, പ്രാദേശികതലത്തില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നതും ദേശീയതലത്തില്‍, ചെറുതെങ്കിലും പാര്‍ലമെന്ററി സാന്നിദ്ധ്യമറിയിക്കുന്നതുമായ അനേകം ചെറുപാര്‍ട്ടികളെയും മുഖ്യധാരയിലാണു പെടുത്തുന്നത്. ഇതിനു പുറമേ, പാര്‍ലമെന്ററി രാഷ്ട്രീയപ്രയോഗത്തെ പുറന്തള്ളി, ഭരണകൂടവിരുദ്ധമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവയടക്കമുള്ള ഇടതുപാര്‍ട്ടികളെ തീവ്രഇടതുപക്ഷം എന്ന പേരില്‍ നാം വിളിക്കുന്നു.


ഇഎംഎസ് നമ്പൂതിരിപ്പാട്

ഇതുപോലെ വലതുപക്ഷത്തിനും പല മുഖങ്ങളുണ്ട്. കോണ്‍ഗ്രസ് പാര്‍ട്ടിയെ പ്രധാനമായും വലതുപക്ഷമെന്നു വിളിക്കുന്നു. ബിജെപി പോലുള്ള ഹൈന്ദവഅജന്‍ഡയുള്ള പാര്‍ട്ടികളെ തീവ്രവലതുപക്ഷമെന്നു വിളിക്കുന്നു. സോഷലിസ്റ്റ് ആശയത്തിനു വിരുദ്ധമായി വലതുപാര്‍ട്ടികള്‍ അടിസ്ഥാനപരമായി സാമുദായികമായ പ്രത്യയശാസ്ത്രത്തെ പിന്‍പറ്റുന്നതാണു കണ്ടുവരുന്നത്. ഒപ്പം കുത്തക മൂലധനാധിഷ്ഠിതമായ ഒരു സാമൂഹിക സാമ്പത്തികക്രമം നടപ്പില്‍ വരുത്തുക എന്ന അജന്‍ഡയും വലതുരാഷ്ട്രീയത്തിനുള്ളതായി കണ്ടെടുക്കാം.

ഇവ തമ്മില്‍ കലരാറുണ്ട്. കോണ്‍ഗ്രസിന്റെയും കോണ്‍ഗ്രസ് മന്ത്രിസഭകളുടെയും നേതൃത്വം വഹിച്ചിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവും ഇന്ദിരാഗാന്ധിയുമൊക്കെ സോഷലിസ്റ്റ് ആശയഗതികളാല്‍ പ്രചോദിതരായിരുന്നു. അതുപോലെ, ഇടതുപാര്‍ട്ടികളുടെ പ്രായോഗിക രാഷ്ട്രീയപദ്ധതികളിലും അവയുടെ ആവിഷ്‌കരണത്തിലും നടത്തിപ്പിലും സാമുദായികതാല്പര്യങ്ങളും കുത്തകമൂലധനതാല്പര്യങ്ങളും നിഴലിടുകയോ പ്രാമുഖ്യം നേടുകയോ ചെയ്യുന്ന അവസരങ്ങളില്‍ വലതുസ്വഭാവമായി അതു കണക്കാക്കപ്പെടും. ഇടതുപക്ഷം ഇന്ത്യയില്‍ കഴിഞ്ഞ കാല്‍നൂറ്റാണ്ടുകാലമായി നേരിടുന്ന വെല്ലുവിളി അതിന്റെ ആന്തരികഘടനയില്‍ കടന്നുകൂടുന്ന വലതുതാല്പര്യങ്ങളാണ്. അതു പുറത്തുനിന്നു നേരിടുന്ന വിമര്‍ശവും ആക്ഷേപവും അതില്‍ കടന്നുകൂടുന്ന വലതുതാല്പര്യങ്ങളുമായി ബന്ധപ്പെട്ടാണ്. ഇടതുപക്ഷത്തിന്റെ ബുദ്ധിജീവിനേതൃത്വത്തിന്റെ നിരന്തരമായ അദ്ധ്വാനം വേണ്ടിവരുന്നത് ഈ വിമര്‍ശങ്ങളെയും ആരോപണങ്ങളെയും ആക്ഷേപങ്ങളെയും പരിശോധിക്കുകയും പ്രതിരോധിക്കുകയും ചെയ്യുന്നതിനാണ്. വലതുമൂല്യങ്ങളുടെ കടന്നുവരവെന്ന് ആരോപിക്കപ്പെടുന്ന വസ്തുതകളെ പരിശോധിച്ച്, അവയെ അങ്ങനെയല്ലെന്നു വിലയിരുത്തി, സമൂഹസമക്ഷം സമര്‍ത്ഥിക്കുകയോ തിരിച്ചാണു കണ്ടെത്തുന്നതെങ്കില്‍ അതിനു വേണ്ട തിരുത്തലുകള്‍ വരുത്താന്‍ പ്രചോദിപ്പിക്കുകയോ ഒക്കെ വേണ്ടിവരുന്നു. ഇഎംഎസ് നമ്പൂതിരിപ്പാട്, സി.ഉണ്ണിരാജ, പി.ഗോവിന്ദപ്പിള്ള തുടങ്ങിയ ഇടതു സൈദ്ധാന്തികരെപ്പറ്റി വലതുവീക്ഷണം പുലര്‍ത്തുന്നവര്‍ക്കുള്ള സ്ഥിരം ആക്ഷേപങ്ങളിലൊന്ന്, ഇവര്‍ എന്തിനെയും നവമാര്‍ക്‌സിസ്റ്റോ ട്രെഡീഷനല്‍ മാര്‍ക്‌സിസ്‌റ്റോ ആയ വീക്ഷണങ്ങളിലൂന്നി, തരംപോലെ വ്യാഖാനിക്കും എന്നതായിരുന്നു. ഏതു സൈദ്ധാന്തികക്കെണിയില്‍നിന്നും ഇവര്‍ പാര്‍ട്ടിയെ രക്ഷിക്കുകയും അണികളെ പാര്‍ട്ടിക്കു തെറ്റു പറ്റിയിട്ടില്ലെന്നു ബോദ്ധ്യപ്പെടുത്തുകയും ചെയ്യുന്നു എന്ന്.

ഇവരില്‍ ചിലര്‍ രാഷ്ട്രീയപ്രവര്‍ത്തനത്തെ വിശകലനം ചെയ്യാന്‍ മാത്രം നിയുക്തരാകുമ്പോള്‍ ചിലര്‍ അതിനൊപ്പം കലാസാഹിത്യമേഖലയിലും മാര്‍ക്‌സിസ്റ്റുവീക്ഷണത്തോടെ അപഗ്രഥനം നടത്തുന്നു. പി.ഗോവിന്ദപ്പിള്ള സാഹിത്യത്തെയും കലയെയും സിനിമയെയും മാര്‍ക്‌സിസ്റ്റു വീക്ഷണത്തില്‍ അപഗ്രഥിക്കുന്ന നിരൂപകനായിരുന്നു. സിനിമയുടെ കാര്യത്തില്‍ വി.കെ.ജോസഫ് മുതല്‍ ജി.പി.രാമചന്ദ്രന്‍ വരെയുള്ളവര്‍ ഈ ഗണത്തില്‍ വരുന്നു. ചിലര്‍ പാര്‍ട്ടിക്കുള്ളില്‍ പ്രവര്‍ത്തിച്ചുകൊണ്ടും മറ്റു ചിലര്‍ ഒരു രാഷ്ട്രീയാദര്‍ശമെന്ന നിലയില്‍ സിദ്ധാന്തത്തോടും അതിന്റെ പ്രയോക്താക്കള്‍ എന്ന നിലയില്‍ പാര്‍ട്ടികളോടും അനുഭാവം പുലര്‍ത്തിക്കൊണ്ടും.

ഇതിനപ്പുറത്ത്, വിശാല വലതുപക്ഷം, വിശാല ഇടതുപക്ഷം എന്നിങ്ങനെ ഈ രാഷ്ട്രീയാദര്‍ശങ്ങളെ പിന്‍പറ്റുകയോ അനുഭാവപ്പെടുകയോ ചെയ്യുന്നവരുടെ വിപുലമായ രാഷ്ട്രീയ ഇടം രൂപപ്പെട്ടുകിടക്കുന്നുണ്ട്. സംഭവങ്ങളോടും പ്രശ്‌നങ്ങളോടും ഒറ്റയൊറ്റയായ കലാവസ്തുക്കളോടും രാഷ്ട്രീയനീക്കങ്ങളോടും പ്രശ്‌നാധിഷ്ഠിതമായി, സാഹചര്യാധിഷ്ഠിതമായി പ്രതിപ്രവര്‍ത്തിക്കുന്ന ചിന്തയും പ്രയോഗവും ആണത്. പൊതുവില്‍ കലാനിരൂപകര്‍ വിശാലഇടതുപക്ഷസ്വഭാവം പുലര്‍ത്തുന്നതായാണു കാണുന്നത്. സ്വതന്ത്ര ഇടതുപക്ഷചിന്തയെന്നോ ഉദാര (വിശാല) ഇടതുചിന്തയെന്നോ ഇതിനെ വിളിക്കാം.

നവവിനിമയസങ്കേതങ്ങളുടെ കടന്നുവരവോടെ, അവയുടെ ആധിപത്യം സ്ഥാപിക്കലോടെ ഇക്കാര്യങ്ങള്‍ കൂടുതല്‍ വിശാലമായി തെളിയുന്നുണ്ട്. തീവ്ര ഇടത്, ഇടത്, മൃദു വലത്, തീവ്ര വലത് എന്നീ സംവര്‍ഗങ്ങള്‍ക്കപ്പുറം ദലിത്, മുസ്ലിം, സ്ത്രീ ഐഡന്റിറ്റി രാഷ്ട്രീയധാരകളും ഇന്നു സജീവമാണ്. ദലിത്, മുസ്ലിം, സ്ത്രീവാദരാഷ്ട്രീയങ്ങള്‍ എന്തൊക്കെ, വിപരീതവാദങ്ങളുള്ളപ്പോഴും പൊതുവില്‍ ഇടതുധാരയുടെ പാര്‍ശ്വധാരകളായി കണക്കാക്കപ്പെട്ടുപോരുന്നു.


പി ഗോവിന്ദപ്പിള്ള

മലയാളസിനിമയും ഇടതുരാഷ്ട്രീയവും

കേരളീയജീവിതത്തിന്റെ സമസ്തമേഖലകളിലും ആഴത്തില്‍ സ്വാധീനം സൃഷ്ടിച്ചതാണ് ഇടതുപക്ഷരാഷ്ട്രീയം. പുന്നപ്ര വയലാര്‍ സമരങ്ങള്‍, 57ലെ ഇഎംഎസ് മന്ത്രിസഭ, വിമോചനസമരം, മന്ത്രിസഭയെ പിരിച്ചുവിടല്‍, മുന്നണിസംവിധാനം എന്നിങ്ങനെ വലിയ കോളിളക്കങ്ങളൊക്കെ സൃഷ്ടിച്ച സാമൂഹിക ചലനമാണത്. പ്രസ്ഥാനം, പ്രയോഗം, പ്രത്യയശാസ്ത്രം എന്നീ നിലകളിലൊക്കെ ഇടതുരാഷ്ട്രീയം മലയാളിയുടെ ജീവിതത്തില്‍ നിത്യസ്പന്ദമാണ്. ജനപ്രിയകലയായ സിനിമയെയും അത് എല്ലാ നിലയിലും സ്വാധീനിച്ചിട്ടുണ്ട്. മലയാളത്തിലെ ഇടതുരാഷ്ട്രീയസിനിമയുടെ ചരിത്രം അതു വ്യക്തമാക്കുന്നു. മലയാളസിനിമയുടെ ശൈശവകാലത്തുതന്നെ നവലോകം പോലുള്ള സിനിമകളില്‍ ഈ രാഷ്ട്രീയ ധ്വനികള്‍ കാണാം. എന്നാലും പുന്നപ്ര വയലാര്‍, ഈങ്കുലാബ് സിന്ദാബാദ് തുടങ്ങിയ സിനിമകളിലാണ് അതു തെളിഞ്ഞുകാണുന്നത്. നേരിട്ടു രാഷ്ട്രീയ സിനിമയാകുന്നില്ലെങ്കിലും സമൂഹത്തിലെ പലതരം ഉച്ചനീചത്വങ്ങളെയും ഇടതുദര്‍ശനപരമായി നോക്കിക്കാണുന്ന തോപ്പില്‍ ഭാസിയുടെ നാടകങ്ങള്‍ പലതും സിനിമയായപ്പോള്‍, ഒരു പ്രസ്ഥാനമെന്ന നിലയില്‍ രാഷ്ട്രീയസിനിമ മലയാളത്തില്‍ ശക്തി പ്രാപിച്ചു. തകഴിയുടെ നോവലുകളുടെ ചലച്ചിത്രാവിഷ്‌കാരവും പ്രധാനമാണ്. എഴുപതുകളില്‍ പി.എ.ബക്കര്‍, പവിത്രന്‍, രവീന്ദ്രന്‍ തുടങ്ങിയ സംവിധായകരുടെ ചിത്രങ്ങളെത്തി. അവ തീവ്ര ഇടതുധാരയെയാണു അടയാളപ്പെടുത്തിയത്. എണ്‍പതുകളുടെ ആരംഭത്തിലെത്തിയ ടി.ദാമോദരന്‍ – ഐ വി ശശി ചിത്രങ്ങള്‍ ഇടതുരാഷ്ട്രീയത്തെ വിമര്‍ശപരമായി നോക്കിക്കാണുന്ന പുതിയൊരു ധാരയ്ക്കു തുടക്കം കുറിച്ചു. അങ്ങാടി മുതല്‍ അടിമകള്‍ ഉടമകള്‍ വരെയുള്ള സിനിമകള്‍ പക്ഷേ, ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിലെ അന്തര്‍നാടകങ്ങളും അപചയങ്ങളുമാണ് പറഞ്ഞത്. ട്രേഡ് യൂണിയന്‍ കഥ തന്നെയാണു പറയുന്നതെങ്കിലും അതിലൂടെ പാര്‍ട്ടിയുടെ ആത്മാവു നേരിടുന്ന ജീര്‍ണതയെ രേഖപ്പെടുത്തുന്ന ചിത്രമായി അടൂര്‍ ഗോപാലകൃഷ്ണന്റെ മുഖാമുഖം. ചിത്രത്തെക്കുറിച്ച് പക്ഷേ, പാര്‍ട്ടിയുടെ കലാസൈദ്ധാന്തികന്‍ കൂടിയായ പി.ഗോവിന്ദപ്പിള്ള പറഞ്ഞത് ഇത് ഭഗവാന്‍ മക്രോണിയുടെ പുനരവതാരമാണ് എന്നാണ്.


ലാല്‍സലാം

എണ്‍പതുകളുടെ അവസാനം വന്ന, വേണു നാഗവള്ളിയുടെ ലാല്‍സലാമെന്ന ചിത്രമാണ് ഇടതുരാഷ്ട്രീയപ്രസ്ഥാനത്തിന്റെ ചരിത്രവര്‍ത്തമാനങ്ങളെ നേരിട്ടു സംബോധന ചെയ്തത്. പാര്‍ട്ടിയുടെ ചരിത്രത്തില്‍ ഇരട്ടമുഖങ്ങളെ പ്രതിനിധീകരിച്ച വര്‍ഗീസ് വൈദ്യന്റെ മകന്‍ ചെറിയാന്‍ കല്പകവാടിയുടെതായിരുന്നു ലാല്‍സലാമിന്റെ കഥ. ടി.വി.തോമസ്, കെ.ആര്‍.ഗൗരിയമ്മ, വര്‍ഗീസ് വൈദ്യന്‍ എന്നീ യഥാര്‍ത്ഥ ജീവിതങ്ങളെ ഓര്‍മപ്പെടുത്തിയ ഡി.കെ., സേതുലക്ഷ്മി, നെട്ടൂര്‍ സ്റ്റീഫന്‍ എന്നീ കഥാപാത്രങ്ങളിലൂടെ ലാല്‍സലാം പാര്‍ട്ടിയുടെ അകത്തളങ്ങളിലെ കഥ പറഞ്ഞു. ചിത്രം ഏറെ വിവാദങ്ങളും ക്ഷണിച്ചുവരുത്തി. കെ.ആര്‍. ഗൗരിയമ്മയുടെ പാര്‍ട്ടിവിടലും ജെ.എസ്.എസ്. രൂപീകരണവും കേരളത്തില്‍ ഏറെ ചലനമുണ്ടാക്കിയ രാഷ്ട്രീയനീക്കങ്ങളായിരുന്നു. ഈ അവസരത്തിലാണ് ബാബു ചേര്‍ത്തല സംവിധാനം ചെയ്ത ചീഫ് മിനിസ്റ്റര്‍ കെ.ആര്‍. ഗൗതമി എന്ന ചിത്രം വരുന്നത്. ലാല്‍സലാമില്‍ സേതുലക്ഷ്മിയെ അവതരിപ്പിച്ച ഗീത തന്നെയാണ് കെ.ആര്‍. ഗൗതമിയുമായത്. എന്നാല്‍, ചിത്രം ശ്രദ്ധിക്കപ്പെട്ടില്ല. അക്കാലത്ത് ഗൗരിയമ്മയെക്കുറിച്ച് ബാലചന്ദ്രന്‍ ചുള്ളിക്കാടെഴുതിയ കവിത പോലെ ഈ ചിത്രവും ചരിത്രത്തിന്റെ ചവറ്റുകുട്ടയില്‍വീണു. എന്നാല്‍, പ്രിയദര്‍ശന്റെ അദൈ്വതം എന്ന ചിത്രം ഇടതുപ്രമേയം സ്വീകരിച്ച് വിജയിച്ച ചിത്രമാണ്. ഇടതുരാഷ്ട്രീയം ഇഷ്ടവിഷയമാക്കിയ ടി.ദാമോദരന്റെതായിരുന്നു തിരക്കഥ. സത്യപ്രതിജ്ഞ, ജനം തുടങ്ങി കുറേയേറെ ചിത്രങ്ങളില്‍ അക്കാലത്ത് ഇടതുരാഷ്ട്രീയം സൂചിതമായെങ്കിലും ജനാധിപത്യമെന്ന ചിത്രമാണ് കാര്യമായി ഒരു ഇടതുകഥയെ പ്രമേയമാക്കിയത്. കെ.മധു സംവിധാനം ചെയ്ത ചിത്രത്തില്‍ സുരേഷ് ഗോപി അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേരുതന്നെ നായനാര്‍ എന്നായിരുന്നു. അല്പകാലത്തിനുശേഷം, മമ്മൂട്ടിയുടെ സ്റ്റാലിന്‍ ശിവദാസ് വന്നെങ്കിലും നായനാര്‍ക്കു സൃഷ്ടിക്കാന്‍ കഴിഞ്ഞ ചലനം സ്റ്റാലിനു സാദ്ധ്യമായില്ല.

ഇതിനിടെ, എടുത്തു പറയേണ്ട ചില ഉദ്യമങ്ങള്‍ സമാന്തരസിനിമയില്‍ നടന്നിരുന്നു. അവയില്‍ ഏറ്റവും പ്രധാനപ്പെട്ടത് കയ്യൂര്‍ പ്രമേയമാക്കി ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത മീനമാസത്തിലെ സൂര്യനും പി.എ.ബക്കര്‍, പി. കൃഷ്ണപിള്ളയുടെ ജീവിതം പ്രമേയമാക്കി സൃഷ്ടിച്ച സഖാവ് എന്ന ചിത്രവും ഷാജി എന്‍ കരുണ്‍ എ.കെ.ജിയുടെ ജീവിതം പ്രമേയമാക്കിയൊരുക്കിയ എ.കെ.ജി. എന്ന ചിത്രവുമാണ്. കാനില്‍ സമ്മാനിതമായ മുരളീനായരുടെ മരണസിംഹാസനം ഇടതുരാഷ്ട്രീയത്തെ വിമര്‍ശിക്കുന്ന ചിത്രമായിരുന്നു. ടി.വി.ചന്ദ്രന്റെ ഓര്‍മകളുണ്ടായിരിക്കണം ആണ് എടുത്തുപറയേണ്ട മറ്റൊരു ചിത്രം. വിമോചനസമരകാലത്തെ വിളംബരം ചെയ്യുന്ന മറ്റു പ്രധാനപ്പെട്ട സിനിമയൊന്നും മലയാളത്തിലുണ്ടായിട്ടില്ല. ലാല്‍സലാമിന്റെ പാത പിന്തുടര്‍ന്ന് വേണുനാഗവള്ളി ഒരുക്കിയ ചിത്രമാണ് രക്തസാക്ഷികള്‍ സിന്ദാബാദ്. എന്നാല്‍, അത് സിപിഎം, സിപിഐ രാഷ്ട്രീയത്തെയെന്നതിനപ്പുറം, അതിനും ദിശാബോധം പകര്‍ന്ന ഇടതുപ്രസ്ഥാനാരംഭത്തെക്കൂടിയാണ് ഇഴചേര്‍ക്കുന്നത്. കെ.സി.എസ്. മണി, ദിവാന്‍ സര്‍ സിപിയെ വധിക്കാന്‍ ശ്രമിച്ച യഥാര്‍ത്ഥ സംഭവത്തെയാണ് വേണു നാഗവള്ളി ഉപജീവിച്ചത്. ചിത്രം പക്ഷേ, പരാജയമായി. കണ്ണൂരിലെ അക്രമരാഷ്ട്രീയത്തെ ചിത്രവല്‍ക്കുന്ന സിനിമകളാണ് കണ്ണൂര്‍, വീണ്ടും കണ്ണൂര്‍, ഇരുവട്ടം മണവാട്ടി തുടങ്ങിയവ.


കെആര്‍ ഗൌരിയമ്മ

മാദ്ധ്യമങ്ങളുടെ വലതുസ്വഭാവം

മലയാളത്തില്‍ നവതലമുറസിനിമകളുടെ ആവിര്‍ഭാവത്തോടെ ഇടതുപക്ഷരാഷ്ട്രീയം പലവിധ വിമര്‍ശനങ്ങളെ നേരിടുന്നുണ്ട്. മുന്‍പ് മുഖാമുഖം, ഓര്‍മകളുണ്ടായിരിക്കണം, കഥാപുരുഷന്‍ പോലുള്ള സിനിമകളില്‍ ഇടതുരാഷ്ട്രീയം സൈദ്ധാന്തികമായ വിമര്‍ശനമാണു നേരിട്ടത്. ടി.ദാമോദരന്‍ തിരക്കഥയെഴുതിയ കമ്പോളസിനിമകള്‍ സൈദ്ധാന്തികമായും പ്രയോഗപരമായും ഇടതിന്റെ ആന്തരികാപചയത്തെയും അതില്‍ കടന്നുകൂടിയിട്ടുള്ള വലതുപ്രവണതകളെയും വിമര്‍ശവിധേയമാക്കി. പുതുനിരസിനിമകള്‍, സൈദ്ധാന്തികമായോ, വിചാരപരമോ ആയിട്ടല്ല ഇടതുരാഷ്ട്രീയത്തെ വിമര്‍ശിക്കുന്നതെന്നതാണ് പ്രധാനപ്പെട്ട വ്യത്യാസം. അവ അനുഭവപരമായും വൈയക്തികമായും എന്ന ഭാവേന പൊതുമാദ്ധ്യമങ്ങള്‍ പുലര്‍ത്തുന്ന സമീപനത്തെ പിന്‍പറ്റുകയും അത്തരം മാദ്ധ്യമങ്ങള്‍ ഉല്പാദിപ്പിക്കുകയും ഊട്ടിയുറപ്പിക്കുകയും ചെയ്യുന്ന പൊതുബോധത്തെ പരിലാളിക്കുകയും ചെയ്യുന്നു.

മലയാളത്തില്‍ പലതരത്തില്‍പ്പെട്ട ഒന്നരഡസന്‍ പത്രങ്ങള്‍ നിലവിലുണ്ട്. ഇവയുടെ ഭാഗമായും അല്ലാതെയും പുറത്തിറങ്ങുന്ന നൂറിലധികം മുഖ്യധാരാ ആനുകാലികങ്ങളും ഉണ്ട്. ഇവയ്ക്കു പുറമേ, ഏതാണ്ട് ഒന്നരഡസനോളം ചാനലുകള്‍ ഉണ്ട്. അവയില്‍ അര ഡസനിലേറെ വാര്‍ത്താചാനലുകളാണ്. ഇവയില്‍ പലതും മുഖ്യധാരാപത്രങ്ങളുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്നവയുമാണ്.

കേരളത്തിലെ മുഖ്യധാരാമാദ്ധ്യമങ്ങളില്‍ ഏറിയകൂറും വലതു രാഷ്ട്രീയസ്വഭാവത്തോടെ പ്രവര്‍ത്തിക്കുന്നവയാണ്. ഇവയെ ഇടതുപക്ഷ വിചാരഗതിക്കാര്‍ കുത്തകമാദ്ധ്യമങ്ങളെന്നു വിളിക്കുന്നു. മുന്‍പ് ഇടതുപാര്‍ട്ടി പ്രവര്‍ത്തകര്‍ ഇവയെ ബൂര്‍ഷ്വാ മാദ്ധ്യമങ്ങളെന്നു വിളിച്ചിരുന്നു. ഇപ്പോള്‍ മാദ്ധ്യമസിന്‍ഡിക്കേറ്റ് എന്ന പേരിലും ഇവര്‍ വിശേഷിപ്പിക്കപ്പെടുന്നുണ്ട്.

ഏറ്റവും പ്രചാരമുള്ള മനോരമ, മാതൃഭൂമി എന്നീ പത്രങ്ങളും ഏഷ്യാനെറ്റ്, സൂര്യ, മാതൃഭൂമി, മനോരമ ചാനലുകളും വലതു ചായ്‌വോടെയാണു പ്രവര്‍ത്തിക്കുന്നത്. സിപിഎം, സിപിഐ എന്നീ മുഖ്യധാരാരാഷ്ട്രീയപാര്‍ട്ടികള്‍‍ നേരിട്ടു നേതൃത്വം വഹിക്കുന്ന ദേശാഭിമാനി, ജനയുഗം എന്നീ പത്രങ്ങളും ഇതേ പേരിലുള്ള വാരികകളും കൈരളി, വീ, പീപ്പിള്‍ എന്നീ ചാനല്‍സംയുക്തവും മാത്രമാണ് ഇടതുസ്വഭാവം പുലര്‍ത്തുന്നവയായിട്ടുള്ളത്. മുസ്ലിം പ്രതിനിധാനമുള്ള തേജസ്, വര്‍ത്തമാനം, ചന്ദ്രിക, സിറാജ്, മാധ്യമം എന്നീ പത്രങ്ങളും മീഡിയ വണ്‍ എന്ന ചാനലും ഉണ്ടെങ്കിലും ഇവ പരസ്പരവിരുദ്ധമായ ആശയഗതികളെ പിന്‍പറ്റുന്നവയും മാധ്യമമൊഴിച്ചുള്ളവ വലതുധാരകള്‍ സജീവമായി കലര്‍ന്ന സ്വഭാവം പുലര്‍ത്തുന്നതുമാണ്.

ഇങ്ങനെ ഏറ്റവും കൂടുതല്‍ പ്രചാരമുള്ള മാദ്ധ്യമങ്ങളിലൂടെ നിര്‍ണീതമാകുന്ന ഒരു പൊതുബോധമുണ്ട്. ഇത് ഇടതുചിന്തയ്‌ക്കെതിരായി പ്രവര്‍ത്തിക്കുന്നു. ഇടത്, ഇടതുചിന്ത, ഇടതുപദ്ധതി, ഇടതുപ്രയോഗം എന്നിങ്ങനെയുള്ള എല്ലാ ആശയങ്ങളെയും അവയുടെ വൈഭിന്ന്യം കണക്കിലെടുക്കാതെ, മുഖ്യധാരാ ഇടതുപക്ഷ പ്രായോഗികരാഷ്ട്രീയപാര്‍ട്ടികളില്‍ കൊണ്ടുപോയി കെട്ടുന്ന സ്വഭാവവും ഈ മാദ്ധ്യമങ്ങള്‍ പുലര്‍ത്തിപ്പോരുന്നു. മതേതരവും ചരിത്രപരവും പുരോഗമനാത്മകവും നവീനസ്വഭാവം പുലര്‍ത്തുന്നതും സമനീതിബോധത്തില്‍ അധിഷ്ഠിതവും മൂലധനവ്യാപനത്തിനെതിരെ നിലകൊള്ളുന്നതുമായ സ്വതന്ത്രചിന്തകളെയെല്ലാംതന്നെ മുഖ്യധാരാ ഇടതുപക്ഷത്തില്‍ക്കൊണ്ടുപോയി കെട്ടിക്കൊണ്ട് മാദ്ധ്യമങ്ങള്‍ സൃഷ്ടിക്കുന്ന പൊതുബോധം കേരളീയ സാമൂഹികസാഹചര്യത്തില്‍ വളരെ പ്രബലമായിക്കഴിഞ്ഞിരിക്കുന്നു. ഇതിനുപുറമേ, അരാജകപരമോ നിഷേധാത്മകമോ നിരാസത്തില്‍ ഊന്നിയതോ ആയ എന്തുതരം രാഷ്ട്രീയചിന്തയെയും പ്രയോഗശ്രമങ്ങളെയും സിദ്ധാന്തങ്ങളെയും പദ്ധതികളെയും ഈ വലതുപക്ഷമാദ്ധ്യമങ്ങള്‍ തീവ്രഇടതുപ്രയോഗത്തിന്റെ സ്വഭാവമാരോപിച്ച് രാജ്യദ്രോഹപരവും വിദ്ധ്വംസകസ്വഭാവമുള്ളതും ആക്കി ചിത്രീകരിക്കുന്നു. പോലീസിന്റെയും ഭരണകൂടത്തിന്റെയും ഭാഷ്യങ്ങളെ സ്വന്തം കണ്ടുപിടിത്തങ്ങളായി അവതരിപ്പിച്ചുകൊണ്ടാണ് അവര്‍ ഈ പൊതുബോധനിര്‍മിതിയും അതിന്റെ പരിപാലനവും നടത്തുന്നത്. ഇങ്ങനെയൊക്കെ സങ്കീര്‍ണമായ സാഹചര്യത്തിലാണ് നവസിനിമകളിലെ ഇടതുരാഷ്ട്രീയവിമര്‍ശത്തെക്കുറിച്ചുള്ള ചര്‍ച്ചയും ചിന്തയും പ്രസക്തവും സംഗതവുമാകുന്നത്.

സമകാലികസിനിമയും ഇടതുവിമര്‍ശനവും

ഈയിടെ ഇറങ്ങിയ ധാരാളം ചിത്രങ്ങളില്‍ ഇടതുപ്രയോഗവിമര്‍ശം കടന്നുവരുന്നുണ്ട്. ചിലതില്‍ അവതന്നെ പ്രധാനപ്രമേയപരിസരങ്ങളാകുമ്പോള്‍‍ മറ്റു ചിലതില്‍ അവ ഭാഗികമായി ചിത്രശരീരത്തിന്റെ രൂപഭാവഘടനയെ നിര്‍ണയിക്കുന്നു.

അറബിക്കഥ (തിരക്കഥ - ഇക്ബാല്‍ കുറ്റിപ്പുറം, സംവിധാനം - ലാല്‍ ജോസ്) എന്ന ചിത്രത്തോടെയാണ് പുതുസിനിമകളിലെ ഇടതുവിമര്‍ശധാര കാര്യമായി തുടങ്ങുന്നതെന്നു നിര്‍ണയിക്കാം. അതിനുശേഷം ഈയടുത്തകാലത്തു റിലീസായ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് (മുരളി ഗോപി - അരുണ്‍ കുമാര്‍ അരവിന്ദ് ) , ഗോഡ് ഫോര്‍ സെയില്‍ (രചന, സംവിധാനം - ബാബു ജനാര്‍ദ്ദന്‍) എന്നീ സിനിമകളില്‍ ഇടതുരാഷ്ട്രീയം തന്നെ മുഖ്യമായും ചര്‍ച്ചയ്ക്കു വിഷയമാക്കുന്നുണ്ട്.

ലിസമ്മയുടെ വീട്, പാലേരി മാണിക്യം - ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ, വീണ്ടും കണ്ണൂര്‍, എന്നീ സിനിമകളില്‍ വളരെ സജീവമായി ഇടതുരാഷ്ട്രീയം വിഷയമാകുന്നു. ഇമ്മാനുവല്‍, ട്രാഫിക്, വെനീസിലെ വ്യാപാരി, റെഡ് വൈന്‍, ഇന്ത്യന്‍ റുപ്പി, മണി ബാക്ക് പോളിസി, മലര്‍വാടി ആര്‍ട്‌സ് ക്ളബ് തുടങ്ങിയ പല സിനിമകളിലും ഇടതുരാഷ്ട്രീയത്തെപ്പറ്റിയുള്ള വിമര്‍ശപാഠങ്ങളും ആക്ഷേപസൂചകങ്ങളും ഉണ്ട്.

ഇടതുപക്ഷകക്ഷികളുടെ ആദ്യകാലവളര്‍ച്ചയുടെ പിന്നിലുണ്ടായ അവിഹിതബന്ധങ്ങളുടെ കഥ കൂടിയാണ് രഞ്ജിത്തിന്റെ പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ എന്ന ചിത്രം പറയുന്നത്. ടി.പി.രാജീവന്റെ ഇതേപേരിലുള്ള നോവലിനെ അവലംബിച്ചുണ്ടായ സിനിമ പക്ഷേ, പാര്‍ട്ടിവിരുദ്ധതയുടെ പേരില്‍ പതിവുപോലെ വിമര്‍ശിക്കപ്പെട്ടു. ഐക്യകേരളത്തിലെ ആദ്യത്തെ കൊലപാതകക്കേസ് ആദ്യത്തെ കമ്യൂണിസ്റ്റു മന്ത്രിസഭ അന്വേഷണം നേര്‍വഴിക്കു നടത്താതെ അട്ടിമറിച്ചതിന്റെ കഥയാണ് പാലേരി മാണിക്യം പറയുന്നത്. സ്വകാര്യാവശ്യത്തിനല്ലെങ്കിലും പാര്‍ട്ടിഫണ്ടിലേക്ക് അവിഹിതമായി പണം സമ്പാദിച്ചുകൊണ്ട് ആ കേസ് പാര്‍ട്ടിയുടെ പാലേരി പ്രാദേശികനേതൃത്വം പൂഴ്ത്തിക്കളയുന്നത്. ഇങ്ങനെ ഇടതുപക്ഷത്തിന്റെ ജനവഞ്ചനയ്ക്കും അഴിമതിക്കും സ്വജനപക്ഷപാതത്തിനും സുദീര്‍ഘ ഭൂതകാലചരിത്രമുണ്ടെന്ന് പാലേരിമാണിക്യം പറഞ്ഞുവയ്ക്കുന്നു. ആ ചിത്രത്തില്‍ അലിഗഡ് സര്‍വകലാശാലയില്‍നിന്നു വിദ്യാഭ്യാസം നേടിയെത്തുന്ന മുസ്ലിം കഥാപാത്രമാണ് മാണിക്യത്തിന്റെ കൊലപാതകി. ഹിന്ദുസ്ഥാനി സംഗീതപ്രിയനും തീവ്രഇടതുചിഹ്നങ്ങള്‍ ശരീരത്തില്‍ സൂക്ഷിക്കുന്നവനുമായ ആ കൊലപാതകിയെ സൃഷ്ടിക്കുന്നതുവഴി ഇന്നത്തെ പൊതുബോധത്തെ, ഭരണകൂടഭാഷ്യങ്ങളെയും തൃപ്തിപ്പെടുത്തുകയും ശരിവയ്ക്കുകയും ചെയ്യുന്നുണ്ട് രഞ്ജിത്ത്. അതുതന്നെയാണ് ഇടതുവിമര്‍ശത്തിലും കാണാനാകുന്നത്.

മറ്റൊരു നിര്‍ണായകസന്ദര്‍ഭം ന്യൂ ജനറേഷന്‍ സിനിമയിലെ വന്‍കാല്‍വെയ്പ് എന്നു വിശേഷിപ്പിക്കപ്പെട്ട ട്രാഫിക്കിലാണുള്ളത്. സുദേവന്‍ എന്ന പോലീസ് കോണ്‍സ്റ്റബിള്‍ കൈക്കൂലിക്കേസില്‍ പുറത്താകുന്നു. അയാള്‍ തിരിച്ചു സര്‍വീസില്‍ കയറുന്നത് ഭരണകക്ഷിയായ മുഖ്യധാരാ ഇടതുപക്ഷ പ്രാദേശിക നേതൃത്വത്തിനു കൈക്കൂലി നല്കിക്കൊണ്ടാണ്. അതിനു പുറമേ, അയാള്‍ നായരാണെന്നതും നേതാവു പരിഗണിക്കുന്നു. സാമുദായികപരിഗണനകള്‍ക്കു വഴങ്ങുകയും അഴിമതി നിര്‍വഹിക്കുകയും ചെയ്യുന്ന ഒന്നാണ് ഇടതുപാര്‍ട്ടിയെന്ന് ഏകപക്ഷീയമായും പൊതുബോധത്തിനും മുഖ്യധാരാമാദ്ധ്യമനിര്‍മിതിക്കും അനുസൃതമായി ട്രാഫിക്ക് വിധിയെഴുതുന്നതുവെന്ന് ഇക്കാര്യത്തെപ്പറ്റി അസുരന്മാരായ അറബികള്‍ എന്ന ലേഖനത്തില്‍ (പച്ചബ്ളൌസ് - പ്രോഗ്രസ് ബുക്‌സ്) ജി.പി.രാമചന്ദ്രന്‍ നിരീക്ഷിക്കുന്നു. പൊതുവേ നവസിനിമയുടെ രാഷ്ട്രീയപരിസരവും പദ്ധതിയും ഇടതുവിരുദ്ധവും വലതുകേന്ദ്രിതവുമാണെന്ന് ജി.പി.രാമചന്ദ്രന്‍, സി.എസ്.വെങ്കിടേശ്വരന്‍, സെബിന്‍ ഏബ്രഹാം ജേക്കബ്, കെ.പി.ജയകുമാര്‍, കെ.ആര്‍.രണ്‍ജിത്ത്, ബി.അബുബക്കര്‍, പി.എസ്.രാധാകൃഷ്ണന്‍ തുടങ്ങിയ നിരൂപകര്‍ വിലയിരുത്തിയിട്ടുണ്ട്.

ഗോഡ് ഫോര്‍ സെയില്‍, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്നീ ചിത്രങ്ങള്‍ ഇടതുപക്ഷവും തീവ്രവലതു, ഹൈന്ദവ പ്രത്യയശാസ്ത്രപാര്‍ട്ടികളും മാത്രമായി കേരളത്തിന്റെ രാഷ്ട്രീയമണ്ഡലത്തെ പരിമിതപ്പെടുത്തിക്കൊണ്ട്, ഇടതിനെ വിമര്‍ശിക്കുന്നു. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് വ്യക്തമായും ഇടതിനെ സമ്പൂര്‍ണമായി വിചാരണ ചെയ്യുകയും ശിക്ഷവിധിക്കുകയും അതു നടപ്പാക്കുകയും ചെയ്യുന്നു. ഭ്രാന്തമായ ഏകപക്ഷീയ ആക്രമണത്തിലൂടെ ഇടതിനെ ഉന്മൂലനം ചെയ്യുക എന്നതാണ് അതിന്റെ അജന്‍ഡ. പാര്‍ട്ടിയുടെ തൊഴിലാളിയനുകൂലമൂല്യങ്ങളെ പുനസ്ഥാപിക്കാനെന്ന നാട്യത്തില്‍ സിനിമ പകരം വയ്ക്കുന്നത് തീവ്ര വലതുപ്രത്യയശാസ്ത്രത്തെയും പ്രയോഗത്തെയുമാണ്. ഗോഡ് ഫോര്‍ സെയിലില്‍ രണ്ടും വിമര്‍ശവിധേയമാകുന്നെങ്കിലും അവസാനരംഗത്തില്‍ വീണ്ടും നായകരൂപം ഹൈന്ദവ ആത്മീയരൂപകത്തിലേക്ക് മടങ്ങിയെത്തുന്നതു കാട്ടിക്കൊണ്ട് അപായസൂചന നല്കുന്നു. സത്യത്തില്‍ ഈ രണ്ടു ചിത്രങ്ങളും കോണ്‍ഗ്രസിന്റെ സാന്നിദ്ധ്യത്തെ ഏകപക്ഷീയമായി റദ്ദുചെയ്തുകൊണ്ട്, ഇടതല്ലെങ്കില്‍ തീവ്രവലത് എന്ന സമവാക്യത്തെ നിര്‍മിക്കുന്നുണ്ട്.

അറബിക്കഥയിലും ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിലും ഇടതുപക്ഷത്തെ പ്രധാനനേതാവായ പിണറായി വിജയനു തുല്യമായ കഥാപാത്രങ്ങളെ കൊടും അഴിമതിക്കാരും കൊലപാതക പ്രവണരുമാക്കി ചിത്രീകരിച്ചുകൊണ്ട് നാട്ടുകാരുടെ വിചാരണ ആവശ്യപ്പെടുന്നു. അറബിക്കഥ, വെട്ടിനിരത്തല്‍ സമരത്തെ വിലക്ഷണമായ ഒരു വിഡ്ഢിത്തമായി അളക്കുന്നു. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റില്‍ അവസാനവിചാരണയില്‍ ചെഗുവേര റോയ് കൈതേരി സഹദേവനോട് മകന്‍ വിദേശത്തു പഠിക്കുന്നതിനെപ്പറ്റി ചോദിക്കുന്നു.


ടി ദാമോദരന്‍

ഇമ്മാനുവലില്‍ മനുഷ്യച്ചങ്ങലയിലൊക്കെ പങ്കെടുത്ത ഇമ്മാനുവല്‍ നിത്യജീവിതത്തില്‍ പാര്‍ട്ടിയുടെ കുട്ടിനേതാക്കളുടെ അഴിമതി കണ്ട് ഞെട്ടുന്നു. മാര്‍ക്‌സിന്റെ ഫോട്ടോ ചുവരില്‍ വെച്ചിരുന്ന കാലത്ത് പരാജയപ്പെട്ട ജോസഫേട്ടന്‍ ഗുജറാത്തിലെ അഹമ്മദാബാദില്‍ പോയി രക്ഷപ്പെട്ട് തിരിച്ചെത്തി നല്ല തോതില്‍ സാംസ്‌കാരികവിപണി കണ്ടെത്തുന്നു. വൈയക്തിമായ നന്മയാണു ബാക്കിയുണ്ടാകുക എന്ന മട്ടില്‍ സംഘബോധത്തെ തള്ളിപ്പറയുന്നു. കൂടുതല്‍ നന്മയാര്‍ന്ന സംഘബോധം ഫാന്‍സ് അസോസിയേഷനുകളുടെ മേല്‍ കെട്ടിവെച്ചാണ് ട്രാഫിക് നില്‍ക്കുന്നത്. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് ഇടതു നേരിടുന്ന സകല അപചയങ്ങളും അതിനുളളിലെ അധികാരവടംവലിയുമായി ബന്ധപ്പെട്ട കൊലപാതകരാഷ്ട്രീയം കാരണമാണെന്നു കരുതുന്നു.

റെഡ് വൈനിലും വൈയക്തിക നന്മയുള്ള ഒരു നേതാവിനെ കാട്ടിക്കൊണ്ട്, അയാളെ കൊലപ്പെടുത്തിക്കൊണ്ട് എല്ലാം ഇങ്ങനെയൊക്കെ മാറിക്കഴിഞ്ഞിരിക്കുന്നു എന്ന് അടയാളപ്പെടുന്നു. ഇടതുപക്ഷാദര്‍ശത്തെ ക്രിസ്തീയദര്‍ശനവുമായി കൂട്ടിയിണക്കി, ആദര്‍ശാത്മകവും മതാധിഷ്ഠിതവുമായി പ്രബോധനപാതയാക്കാന്‍ റെഡ്‌വൈനും ഇമ്മാനുവലും ശ്രമിക്കുന്നുണ്ട്. മണി ബാക്ക് പോളിസിയില്‍ അറബിക്കഥയില്‍ കണ്ട അതേ കോമാളിവേഷത്തില്‍ ശ്രീനിവാസനെ കാണാം. കോമാളികള്‍ക്ക് ആരെയും അടിസ്ഥാനമില്ലാതെ വിമര്‍ശിക്കാം എന്ന വരേണ്യമായ വിദൂഷകപാരമ്പര്യത്തെയാണ് ഇത്തരം സന്ദര്‍ഭങ്ങളില്‍ ശ്രീനിവാസനെ ഉപയോഗിച്ച് മലയാളസിനിമ നടത്താറുള്ളത്. മണി ബാക്ക് പോളിസിയില്‍ പണക്കാരനാകാന്‍ സാധിക്കാതെ, അസൂയമൂത്ത പാവപ്പെട്ട വിഡ്ഢികളാണ് സോഷലിസ്റ്റു സരണിയില്‍ ചേര്‍ന്ന് അക്രമവ്യവസ്ഥയുണ്ടാക്കുന്നതെന്നു പറയുന്നു. അവര്‍ അവസരം കിട്ടിയാല്‍ മുതലാളിത്തത്തിന്റെ ആസ്വാദകരാകുമെന്നു അടിവരയിടുന്നു.

ഇടതുപക്ഷം വിമര്‍ശാതീതമാണെന്ന വിഡ്ഢിത്തമല്ല ഇവിടെ പറയുന്നത്. പക്ഷേ, ഇടതുപക്ഷത്തെ പൂര്‍ണമായും റദ്ദു ചെയ്യുകയോ നിരാകരിക്കുകയോ ചെയ്യുകയും പകരമായ തീവ്രവലതുപക്ഷത്തെ ഉയര്‍ത്തിക്കാട്ടുകയും ചെയ്യുന്നത് നിഗൂഢമായ സ്ഥാപിതതാല്പര്യത്തിന്റെ, വിപണിപദ്ധതിയുടെ പ്രയോഗമാണെന്നു കാണേണ്ടതുണ്ട്. ഹൈന്ദവപ്രത്യയശാസ്ത്രം മുസ്ലിംകളെ ഉന്മൂലനം ചെയ്യുമ്പോള്‍, അവരോടൊപ്പം നില്‍ക്കുന്നതുപോലെ, സ്വകാര്യകോര്‍പറേറ്റുകള്‍ക്കായി പൊതുമേഖലാസംവിധാനങ്ങളെ അടച്ചുപൂട്ടുമ്പോള്‍ ഒക്കെ, ഇരയാക്കപ്പെടുന്നവരുടെ പ്രത്യയശാസ്ത്രപരമോ പ്രവര്‍ത്തനപരമോ ആയ വീഴ്ചകളെ മറന്നുകൊണ്ട് അവരെ സൈദ്ധാന്തികമായും വൈകാരികമായും പിന്താങ്ങുക എന്ന രാഷ്ട്രീയസാമൂഹികധര്‍മം ബുദ്ധിജീവികളില്‍നിന്ന് സമൂഹം ആവശ്യപ്പെടുന്നുണ്ട്. അതുതന്നെയാണ് ഇവിടെ ഇടതുചിന്താപ്രയോഗസാദ്ധ്യതകളും ആവശ്യപ്പെടുന്നത്. ഇടതുപക്ഷം പലതരം അപചയങ്ങളും ജീര്‍ണതകളും സൈദ്ധാന്തികവും പ്രായോഗികവുമായ പാളിച്ചകളും ഉള്‍ക്കൊള്ളുന്നുണ്ട്. പക്ഷേ, പലപ്പോഴും ഒരു സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ലമെന്ററി പാര്‍ട്ടി എന്ന നിലയില്‍ സമകാലിക ദേശീയ - പ്രാദേശിക രാഷ്ട്രീയമണ്ഡലത്തില്‍ അതിന്റെ പങ്കും വേഷവും എന്തെന്നു മനസ്സിലാക്കുന്ന പുതിയൊരു സമീപനമാണ് ആവശ്യം. അതിനുപകരം, അത്തരമൊരു നേര്‍രേഖിതമായ മനസ്സിലാക്കലിനെ തടസ്സപ്പെടുത്തുന്ന മാദ്ധ്യമസമീപനങ്ങളും അവ നിര്‍മിക്കുകയും നിലനിര്‍ത്തുകയും ചെയ്യുന്ന പൊതുബോധവും ചേര്‍ന്നുണ്ടാക്കുന്ന അവസ്ഥയില്‍, ജന്മനാ തന്നെ, വലതുപ്രകൃതം പേറുന്ന നവതലമുറ മലയാളസിനിമകളുടെ കൊഞ്ഞനംകുത്തലുകള്‍ക്കു വിധേയമാകാന്‍ പലതരം ധാരകളെ പേറുന്ന വിശാല ഇടതുബോധത്തെ വിട്ടുകൊടുക്കാനാവില്ല. ഇടത് എന്നത് ഒരു മാനസികാവസ്ഥയാണ്. അതൊരു രാഷ്ട്രീയജീവിതവീക്ഷണമാണ്. അല്ലാതെ ഇടത് എന്നത് മുഖ്യധാരാ ഇടതുപാര്‍ട്ടികളും അരാജകവാദികളും മാത്രം രണ്ട് വിപരീതചേരിയില്‍ നില്‍ക്കുന്ന ഏകപക്ഷീയമോ വിപരീതധ്രുവങ്ങള്‍ മാത്രമുളളതോ ആയ ഒരു സംവര്‍ഗമല്ല.

Next Story

Related Stories