TopTop
Begin typing your search above and press return to search.

സോളാര്‍ : നോക്കേണ്ടവര്‍ കണ്ണടച്ചുവെന്ന് തെളിവുകള്‍

സോളാര്‍ : നോക്കേണ്ടവര്‍ കണ്ണടച്ചുവെന്ന് തെളിവുകള്‍

ടീം അഴിമുഖം

കേരളത്തില്‍ സൗരോര്‍ജ പദ്ധതി വ്യാപിപ്പിക്കാന്‍ ടീം സോളാര്‍ കമ്പനിക്ക് പ്രോത്സാഹനം നല്‍കിയവരും കമ്പനിയില്‍ നിക്ഷേപം നടത്തിയവരും കമ്പനിയെ കുറിച്ച് പ്രാഥമികാന്വേഷണം പോലും നടത്തിയില്ലെന്നതിന് തെളിവ്. 2011 ജനുവരിയില്‍ എറണാകുളത്ത് രജിസ്ട്രാര്‍ ഓഫ് കമ്പനി അഫയേഴ്‌സില്‍ രജിസ്റ്റര്‍ ചെയ്ത Team Solar Renewable Energy Solutions (P) Ltd. എന കമ്പനിയുടെ മൊത്തം ആസ്തി വെറും മൂന്നു ലക്ഷം രൂപ മാത്രമാണ്. ഇതാകട്ടെ, കമ്പനിയുടെ ഓഹരി സബ്‌സ്‌ക്രൈബ് ചെയ്യാന്‍ വേണ്ടി ബിജു രാധാകൃഷ്ണനും സരിത എസ്. നായരും ചേര്‍ന്ന് നിക്ഷേപിച്ചതാണ്.

'അഴിമുഖ'ത്തിന് ലഭിച്ച രേഖകള്‍ അനുസരിച്ച് കമ്പനിയില്‍ രണ്ട് ഓഹരി ഉടമകള്‍ മാത്രമേയുള്ളൂ. കമ്പനിയുടെ 51 ശതമാനമായ 1530 ഓഹരികള്‍ ബിജു രാധാകൃഷ്‌ന്റെയും ബാക്കി 49 ശതമാനമായ 1470 ഓഹരികള്‍ സരിത എസ്. നായരുടേയും പേരിലാണ്. ഇവര്‍ രണ്ടു പേരുമാണ് കമ്പനിയുടെ ഡയറക്ടര്‍മാര്‍. കമ്പനി രൂപീകരണത്തിനു മുമ്പ് ഇരുവര്‍ക്കും പങ്കാളിത്തമുള്ള ബിസിനസ് സംരംഭമായി ഇവര്‍ സോളാര്‍ പദ്ധതികളൊന്നും തന്നെ നടത്തിയിരുന്നതിനും രേഖകളില്ല.

കേരളത്തില്‍ കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെ നിക്ഷേപകരെ പറ്റിച്ച് കോടികള്‍ തട്ടിയെടുത്തു എന്നതാണ് കേസ്. എന്നാല്‍ ഇവരുടെ വാക്കുകള്‍ വിശ്വസിച്ച് ലക്ഷക്കണക്കിന് രൂപ ഇറക്കിയ കേരളത്തിലെ പ്രമുഖരൊന്നും ഈ കമ്പനിയെ കുറിച്ച് പ്രാഥമികാന്വേഷണം പോലും നടത്തിയില്ല എന്നു വ്യക്തമാണ്. കാരണം 2011 ജനുവരിയില്‍ രജിസ്റ്റര്‍ ചെയ്ത ഈ കമ്പനി ഇതുവരെ ബാലന്‍സ് ഷീറ്റോ, ലാഭ നഷ്ടക്കണക്കോ മറ്റു വിശദാംശങ്ങളോ രജിസ്ട്രാര്‍ ഓഫ് കമ്പനി അഫയേഴ്‌സില്‍ സമര്‍പ്പിച്ചതായി രേഖകളില്ല. 2012 സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോള്‍ നിയമപ്രകാരം കമ്പനിയെ സംബന്ധിച്ച രേഖകള്‍ സമര്‍പ്പിക്കേണ്ടതായിരുന്നു. എന്നാല്‍ ഇന്നു വരെ അത്തരം രേഖകള്‍ സമര്‍പ്പിച്ചതായി തെളിവില്ല.

പരാതിക്കാരിലൊരാളായ ശ്രീധരന്‍ നായര്‍ മജിസ്‌ട്രേറ്റിനു മുമ്പാകെ നല്‍കിയ മൊഴി വിശ്വസിച്ചാല്‍ കേരളത്തില്‍ സൗരോര്‍ജ പദ്ധതിയുടെ വികസനം സംബന്ധിച്ച് സരിത എസ്. നായരുടെ സാന്നിധ്യത്തില്‍ തന്നെ മുഖ്യമന്ത്രി സംസാരിച്ചിരുന്നു. എന്നാല്‍ താന്‍ സൗരോര്‍ജ പദ്ധതിയെ കുറിച്ച് താന്‍ സംസാരിച്ചിട്ടില്ലെന്നാണ് മുഖ്യമന്ത്രിയുടെ വാദം. അത് അന്വേഷണത്തില്‍ തെളിയേണ്ട കാര്യം. എന്നാല്‍ സരിതയോടൊപ്പം ചേര്‍ന്ന് സൗരോര്‍ജ പദ്ധതിയുടെ പേരില്‍ 40 ലക്ഷം രൂപ തട്ടിച്ചതിന്റെ പേരില്‍ അറസ്റ്റിലായത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കൊപ്പം നിഴല്‍ പോലെ കൂടെയുണ്ടായിന്ന പി.എ ടെനി ജോപ്പനാണ്. അത് വളരെ പ്രധാനവുമാണ്.

കാരണം, കേരളത്തിലെ മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിതി ചെയ്യുന്ന, ഭരണസിരാ കേന്ദ്രമായ സെക്രട്ടറിയേറ്റില്‍ ടീം സോളാറിന്റെ പേരില്‍ രണ്ടു പേര്‍ സ്ഥിരം കയറി ഇറങ്ങിയിരുന്നത് അധികൃതര്‍ അറിഞ്ഞില്ലെന്ന് വിശ്വസിക്കാന്‍ പാടാണ്. ഇവരുടെ കമ്പനിയുടെ ആസ്തി ബാധ്യതകളെ കുറിച്ച് ഒരാളും അന്വേഷിച്ചുമില്ല എന്നത് വളരെ ദുരൂഹമാണ്. ജനങ്ങള്‍ കബളിപ്പിക്കപ്പെടാനുള്ള സാധ്യതകള്‍ ഇല്ലാതാക്കുക എന്നതും സര്‍ക്കാരിന്റെയും ഭരണ സംവിധാനത്തിന്റെയും പോലീസിന്റെയുമൊക്കെ ഉത്തരവാദിത്തമാണ്. എന്നാല്‍ മന്ത്രിമന്ദിരങ്ങളിലും പോലീസ് ക്ലബിലുമൊക്കെ സോളാര്‍ പാനല്‍ സ്ഥാപിച്ചത് ടീം സോളാര്‍ ആണെന്നത് എത്രത്തോളം ഉത്തരവാദിത്തമുള്ളവരാണ് നമ്മുടെ ഭരണകര്‍ത്താക്കള്‍ എന്നു തെളിയിക്കുന്നു.

ഒന്നും രണ്ടും രൂപയല്ല ഇത്തരം പദ്ധതികളില്‍ ജനങ്ങള്‍ നിക്ഷേപിക്കുന്നത്. അതിന് തേക്ക്, മാഞ്ചിയം മുതല്‍ ഇങ്ങേയറ്റത്ത് വെള്ളിമൂങ്ങ വരെ തുടരുന്ന തട്ടിപ്പ് പരമ്പരയുടെ തെളിവുകള്‍ കണ്‍ മുന്നില്‍ തന്നെയുണ്ട്. ഇത്തരം പദ്ധതികളില്‍ ലക്ഷങ്ങളും കോടികളും മുടക്കാന്‍ ഇറങ്ങിത്തിരിക്കുന്നവര്‍ പരിശോധിക്കേണ്ട മിനിമം കാര്യങ്ങള്‍ പോലും നിക്ഷേപകരും പാലിച്ചിട്ടില്ലെന്നും സോളാര്‍ തട്ടിപ്പ് തെളിയിക്കുന്നു. ഇവരില്‍ ആരെങ്കിലും ഈ കമ്പനിയുടെ രേഖകള്‍ പരിശോധിച്ചിരുന്നെങ്കില്‍ കേരളത്തിലെ പലര്‍ക്കും ലക്ഷങ്ങള്‍ നഷ്ടപ്പെടില്ലായിരുന്നു. ഇപ്പോഴത്തെ രാഷ്ട്രീയ പ്രതിസന്ധിയും ഒഴിവാക്കാമായിരുന്നു.


Next Story

Related Stories