TopTop
Begin typing your search above and press return to search.

മധുരിക്കില്ല പതിനാറ് - ഡോ. ഖദീജ മുംതാസുമായുള്ള അഭിമുഖം

മധുരിക്കില്ല പതിനാറ് - ഡോ. ഖദീജ മുംതാസുമായുള്ള അഭിമുഖം

മുസ്ളീം പെണ്‍കുട്ടികളുടെ വിവാഹ പ്രായം 16 ആക്കണമെന്ന വിവാദ ഉത്തരവിന്റെ പശ്ചാത്തലത്തില്‍ ഡോ. ഖദീജാ മുംതാസ് ഞങ്ങളുടെ പ്രതിനിധി സജ്‌ന ആലുങ്ങലുമായി സംസാരിക്കുന്നു

[2010-ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ 'ബര്‍സ' എന്ന നോവലിലൂടെ മുസ്ളീം സമുദായത്തിലെ പൊള്ളത്തരങ്ങളെ ആവിഷ്കരിച്ച, അമ്മയും കുഞ്ഞും തമ്മിലുള്ള ആത്മബന്ധത്തെ കുറിച്ച് 'മാതൃകം' എന്ന പേരില്‍ അനുഭവക്കുറിപ്പുകള്‍ എഴുതിയ എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയും ഗൈനക്കോളജിസ്റ്റുമാണ് ഡോ. ഖദീജ മുംതാസ്]

16 വയസ്സില്‍ വിവാഹിതയാകുന്ന പെണ്‍കുട്ടികള്‍ നേരിടേണ്ടി വരുന്ന ശാരീരികവും മാനസികവുമായ വെല്ലുവിളികളെ കുറിച്ച്, ബാഹ്യ ഇടപെടലുകളുടെ സമ്മര്‍ദ്ദഫലമായി ഗവണ്‍മെന്റ് ഇറക്കിയ വിവാദ ഉത്തരവിനെ കുറിച്ച്, കപട സദാചാരത്തിന്റെ മുഖംമൂടി മുസ്ലീം പെണ്‍കുട്ടികളെ അണിയാന്‍ പ്രേരിപ്പിക്കുന്ന സമുദായ നേതാക്കളുടെ പ്രസ്താവനകളെ കുറിച്ച് ഡോ. ഖദീജ മുംതാസ്.

സജ്ന : വിവാഹപ്രായത്തില്‍ മതം പരാമര്‍ശിക്കുകയും പിന്നീട് വിവാദങ്ങളെത്തുടര്‍ന്ന് പിന്‍വലിക്കുകയും പരിഷ്‌ക്കരിക്കാന്‍ നിര്‍ബന്ധിതമാവുകയും ചെയ്ത ഉത്തരവ് വിദ്യാഭ്യാസപരമായി വളരെയധികം മുന്നിട്ടു നില്‍ക്കുന്ന കേരളം പോലുള്ള സംസ്ഥാനത്തിനു യോജിച്ചതാണോ?

ഡോ. ഖദീജാ മുംതാസ് : ഗവണ്‍മെന്റ് ഇറക്കിയ ഉത്തരവിനോട് എനിക്ക് ഒട്ടും യോജിപ്പില്ല. നിഷ്‌കളങ്കതയുടെ മുഖംമൂടി അണിഞ്ഞ് മുസ്ലീം പെണ്‍കുട്ടികളുടെ വിവാഹപ്രായം 16 ആക്കി കുറയ്ക്കാനുള്ള തന്ത്രമാണ് ഗവണ്‍മെന്റ് പ്രയോഗിച്ചത്. വിദേശത്തു പോകാനും മറ്റുമായി വിവാഹ രജിസ്ട്രേഷന് കഷ്ടപ്പെടുന്ന ദമ്പതികള്‍ക്ക് ഉപകാരപ്രദമാകുന്നത് തന്നെയാണ് ഈ ഉത്തരവ്. പക്ഷേ, ഇതില്‍ മുസ്ലീം പെണ്‍കുട്ടിയെന്ന് പ്രത്യേകം എടുത്തു പറഞ്ഞതിന്റെ പിന്നിലെ മനോനില ദുരൂഹമാണ്. ഒരു നിയമത്തെ മറികടന്നുള്ള ഉത്തരവായിട്ടും ഇതിന്റെ കാലാവധി പ്രത്യേകം പരാമര്‍ശിക്കാതെയാണ് പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ ഗവണ്‍മെന്റ് ശ്രമിച്ചത്.

: വ്യക്തി നിയമങ്ങളും ശൈശവ വിവാഹ നിരോധന നിയമവും തമ്മിലുള്ള വൈരുധ്യത്തെ എങ്ങെനെ നോക്കിക്കാണുന്നു?

ഡോ: മുസ്ലീം വ്യക്തി നിയമത്തില്‍ പെണ്‍കുട്ടി ഋതുമതിയായാല്‍ രക്ഷിതാവിന്റെ അനുമതിയോടെ വിവാഹം ചെയ്തയക്കാം. ഇവിടെ പ്രായത്തെക്കുറിച്ച് പരാമര്‍ശിക്കുന്നേയില്ല. മുസ്ലീം പെണ്‍കുട്ടികളുടെ കാര്യത്തില്‍ ശൈശവവിവാഹ നിരോധന നിയമം ബാധകമല്ല. വിവാഹം സിവില്‍ നിയമത്തിന്റെയും ശൈശവവിവാഹ നിരോധനം ക്രിമിനല്‍ നിയമത്തിന്റെയും പരിധിയില്‍ പെടുന്നതാണ്. ഒരിക്കലും സിവില്‍ നിയമം ക്രിമിനല്‍ നിയമത്തെ ഖണ്ഡിക്കുന്നതാകരുത്.


Dr.Khadeeja Mumthas

സ: ഒരു ഡോക്ടറെന്ന നിലയില്‍ അഭിമുഖീകരിക്കേണ്ടി വന്ന അനുഭവങ്ങള്‍ മാതൃകം എന്ന പേരില്‍ എഴുതിയിട്ടുണ്ടല്ലോ. ഇതിന്റെ വെളിച്ചത്തില്‍ ചെറുപ്രായത്തില്‍ അമ്മമാരായി മാറുന്ന കുട്ടികള്‍ നേരിടേണ്ടിവരുന്ന ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങള്‍ എന്തൊക്കെയാണ്?

ഡോ: വൈദ്യശാസ്ത്രത്തിന്റെ കണ്ണില്‍ ഒരു സ്ത്രീക്ക് ഗര്‍ഭിണിയാവാന്‍ അനുയോജ്യമായ പ്രായം 21 വയസ്സിനു ശേഷമാണ്. ഋതുമതിയായതുകൊണ്ടു മാത്രം പെണ്‍കുട്ടി വിവാഹത്തിനാവശ്യമായ പക്വത കൈവരിക്കുന്നില്ല. 16 വയസ്സു മുതല്‍ 21 വയസ്സുവരെ അവള്‍ ശാരീരികമായ വളര്‍ച്ചയുടെ പൂര്‍ണ്ണതയിലേക്കുള്ള പാതയിലാണ്. വളര്‍ച്ചക്ക് ധാരാളം പോഷകങ്ങളും ജീവകങ്ങളും ആവശ്യമായ കൗമാരപ്രായത്തില്‍ തന്നെ മറ്റൊരു ജീവനും കൂടി ഗര്‍ഭത്തില്‍ വഹിക്കേണ്ടിവരുന്ന അവസ്ഥ അത്യന്തം അപകടകരമാണ്. മൈക്രോസ്‌കോപ്പിക്ക് ഭ്രൂണത്തില്‍ നിന്ന് മൂന്നര കിലോ തൂക്കമുള്ള ഒരു കുഞ്ഞായി മാറുന്നത് ഒമ്പതു മാസം അമ്മയുടെ വയറ്റില്‍ കിടന്നാണ്. സാധാരണ മനുഷ്യന്‍ വളരുന്നതിന്റെ ആയിരം ഇരട്ടി വേഗത്തിലാണ് ഗര്‍ഭാവസ്ഥയിലുള്ള കുഞ്ഞിന്റെ കോശവിഭജനം നടക്കുന്നത്. ഗര്‍ഭത്തോടനുബന്ധിച്ചുള്ള രക്തസമ്മര്‍ദ്ദത്തിലെ ഏറ്റക്കുറച്ചില്‍, നിയന്ത്രിക്കാനാവാത്ത രക്തസ്രാവം, മുന്തിരിക്കുല ഗര്‍ഭം, കുഞ്ഞിനു തൂക്ക കുറവ് തുടങ്ങിയ പ്രശ്‌നങ്ങളെല്ലാം നേരിടേണ്ടി വരുന്നത് ചെറിയ പ്രായത്തില്‍ തന്നെ അമ്മയാകേണ്ടി വരുന്ന സ്ത്രീകളാണ്.

: ജീവതം തുടങ്ങും മുമ്പ് തന്നെ ഒരു സ്ത്രീ കുടുംബിനിയായി ഒതുങ്ങികൂടുന്നത് രാഷ്ട്രത്തിന്റെ സാമൂഹിക സാമ്പത്തിക വ്യവസ്ഥിതിയെ പ്രതികൂലമായി ബാധിക്കുന്നില്ലേ?

ഡോ : തീര്‍ച്ചയായും. രാഷ്ട്രത്തിന്റെ വികസനം സാധ്യമാകുന്നത് സ്ത്രീ പുരുഷ പങ്കാളിത്തത്തോടെയാണ്. പ്രായപൂര്‍ത്തിയാകുന്നതോടെ പ്രത്യുത്പാദനത്തിന് സജ്ജമായ ശരീരമായാണ് സമൂഹം സ്ത്രീയെ കാണുന്നത്. കുഞ്ഞുങ്ങളെ പെറ്റുവളര്‍ത്തി 35 വയസ്സാകുന്നതോടെ വൃദ്ധയായി മാറുന്ന സ്ത്രീ ഒരിക്കലും ഒരു വ്യക്തിയായി പരിണമിക്കുന്നില്ല. കുടുംബത്തിന്റെ നാലു ചുമരുകള്‍ക്കിടയില്‍ ഒതുങ്ങിക്കൂടാന്‍ നിര്‍ബന്ധിതയാകുന്ന അവള്‍ക്ക് തന്റെ സര്‍ഗ്ഗാത്മകവും ക്രിയാത്മകവുമായ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ അവസരം ലഭിക്കുന്നില്ല. സ്ത്രീ കാഴ്ച്ചപ്പാടിലൂടെയുള്ള രാഷ്ട്രവികസനത്തിന്റെ സാധ്യതയാണ് ഇതിലൂടെ നഷ്ടപ്പെടുന്നത്.

: 16 വയസ്സിലെ ലൈംഗിക ബന്ധം നിയമവിധേയവും വിവാഹം നിയമവിരുദ്ധവും. ഇതിനെ എങ്ങനെ കാണുന്നു?

ഡോ : ഇത് തികച്ചും വിവേചനപരമായ നിയമമാണ്. ചെറുപ്രായത്തിലെ ലൈംഗിക ബന്ധം ഗര്‍ഭാശയ കാന്‍സറിനു പ്രധാന കാരണമാണ്. കൂടാതെ ലൈംഗിക ശുചിത്വമില്ലായ്മയും അണുബാധയും കൂടുതല്‍ കുഞ്ഞുങ്ങളെ പ്രസവിക്കുന്നതും ഗര്‍ഭാശയ കാന്‍സറിന്റെ സാധ്യത വര്‍ധിപ്പിക്കുന്നു. മൂന്നാം ലോക രാജ്യങ്ങളിലാണ് ഇത് പ്രധാനമായും കാണപ്പെടുന്നത്. അണുകുടുംബ വ്യവസ്ഥയും വിവാഹ പ്രായം വര്‍ധിച്ചതും രോഗബാധിതരുടെ എണ്ണം കുറച്ചിട്ടുണ്ട്.

സ: ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് അവരുടെ സദാചാരം നിലനിര്‍ത്താനും അവര്‍ വഴിതെറ്റി പോകാതിരിക്കാനും 16 വയസ്സിലെ വിവാഹം ഉപകരിക്കുമെന്ന് സാമുദായിക സംഘടനകളുടെ പ്രസ്താവനയോടുള്ള താങ്കളുടെ സമീപനമെന്താണ്?

ഡോ : ഇതില്‍ സദാചാരത്തിന്റെയോ സംസ്‌കാരത്തിന്റെയോ പ്രശ്‌നം ഉദിക്കുന്നില്ല. 16 വയസ്സില്‍ പ്രത്യുത്പാദന ശേഷി കൈവരിക്കുന്നത് പെണ്‍കുട്ടി മാത്രമല്ല, ആണ്‍കുട്ടി കൂടിയാണ്. പക്ഷെ ഈ പ്രായത്തില്‍ ആണ്‍കുട്ടിയെകൊണ്ട് വിവാഹം കഴിപ്പിക്കുന്നില്ലല്ലോ നമ്മള്‍. പെണ്‍കുട്ടികള്‍ അവിഹിത ഗര്‍ഭം ധരിച്ചാലുണ്ടാകുന്ന നാണക്കേടിന്റെ പേരിലാണ് മതസംഘടനകള്‍ ഇങ്ങനെയൊരു പ്രസ്താവന നടത്തിയത്.


Dr. M.K Muneer (Minister for Panchayat and Social Welfare)

സ : മുസ്ലീം സമുദായത്തിന്റെ ഉന്നമനത്തിനു വേണ്ടി വാദിക്കുന്നവര്‍ തന്നെ മുസ്ലീം പെണ്‍കുട്ടികളുടെ അവകാശങ്ങള്‍ നിഷേധിക്കുന്ന നടപടി സ്വീകരിക്കുന്നു. ഇതിനു പിന്നില്‍ മുസ്ലീം സമുദായ നേതാക്കളുടെ സമ്മര്‍ദ്ദമുണ്ടെന്ന് കരുതുന്നുണ്ടോ?

ഡോ : ഗവണ്‍മെന്റ് ധൃതി പിടിച്ച് ഇങ്ങനെയൊരു ഉത്തരവു ഇറക്കിയതിനു പിന്നില്‍ ബാഹ്യ ഇടപെടലുകള്‍ നടന്നിട്ടുണ്ടെന്നാണ് കരുതുന്നത്. ഈ അടുത്തിടെ ഒരു മുസ്ലീം സംഘടന പെണ്‍കുട്ടി ഋതുമതിയായാല്‍ അവളെ വിവാഹം കഴിച്ചയക്കാം എന്നൊരു പ്രസ്താവന നടത്തി. ഗവണ്‍മെന്റ് ഇറക്കിയ തെറ്റായ ഉത്തരവിന്റെ പിറകേ കൂടി മുസ്ലീം പെണ്‍കുട്ടികളെ സദാചാരം പഠിപ്പിക്കാന്‍ ശ്രമിക്കുന്നത് എന്തിനാണെന്ന് എനിക്കു മനസ്സിലാകുന്നില്ല. പെണ്‍കുട്ടികള്‍ ഒമ്പതു പത്തു വയസ്സാകുമ്പോഴേക്കും പ്രായപൂര്‍ത്തിയാകുന്ന അവസ്ഥയാണ് ഇപ്പോള്‍ ഉള്ളത്. അതുകൊണ്ടുതന്നെ ഒമ്പതു വയസ്സാകുമ്പോഴേക്കും പെണ്‍കുട്ടികളെ കുടുംബിനിയാക്കി മാറ്റണോ? പതിനെട്ടു വയസ്സെന്ന വിവാഹ പ്രായത്തെ സമ്മര്‍ദ്ദങ്ങളുടെ ഫലമായി ലംഘിക്കാന്‍ ഒരു സമുദായത്തെ മാത്രം അനുവദിക്കേണ്ടതില്ല.

സ : വര്‍ഷങ്ങളായുള്ള പ്രവര്‍ത്തനങ്ങളിലൂടെ മുസ്ലീം സമുദായത്തെ പുരോഗമനത്തിലേക്ക് നയിക്കാന്‍ ഒരു വിഭാഗം പരിശ്രമിക്കുമ്പോള്‍ അതിനു വേണ്ട വിധം പരിഗണന നല്‍കാതെ, ഇങ്ങനെയൊരു ഉത്തരവു ഇറക്കി പഴയ കാലഘട്ടത്തിലേക്ക് തിരിച്ചു പോകാന്‍ ഭരണകര്‍ത്താക്കളെ പ്രേരിപ്പിച്ച ഘടകമെന്താണ്?

ഡോ: ഭരണകര്‍ത്താക്കളുടെ ഭാഗത്തു നിന്നുണ്ടായ ഈ സമീപനം എന്നെ അദ്ഭുതപ്പെടുത്തി. വസ്ത്രധാരണ രീതിയിലും വിദ്യാഭ്യാസ സംവിധാനത്തിലും മതാടിസ്ഥാനത്തില്‍ വന്ന മാറ്റങ്ങള്‍ ഇതുമായി കൂട്ടിവായിക്കാവുന്നതാണ്. ആള്‍കൂട്ടത്തില്‍ നിന്ന് ഓരോ വ്യക്തിയേയും മതാടിസ്ഥാനത്തില്‍ വേര്‍തിരിച്ചെടുക്കാന്‍ ഇന്നു വളരെയധികം എളുപ്പമാണ്. മതേതര സൗഹാര്‍ദ്ദത്തിന്റെ അന്തരീക്ഷം നമുക്ക് നഷ്ടപ്പെട്ടു കൊണ്ടിരിക്കുക്‌യാണ്. മത പ്രീണനവും ധ്രുവീകരണവുമാണ് ഓരോ മനസ്സിലും നടന്നുകൊണ്ടിരിക്കുന്നത്.


Kanthapuram A. P. Aboobacker Musalyar

സ : മതസംഘടനകള്‍ ശൈശവവിവാഹത്തെ പ്രോത്സാഹിപ്പിക്കുന്നതിനു പിന്നിലെ ലക്ഷ്യമെന്താണ് ?

ഡോ : മതത്തിന്റെ പിന്നില്‍ അണിനിരക്കാനുള്ള ആള്‍ബലം കൂട്ടാന്‍ വേണ്ടിയാണ് എല്ലാ മതസംഘടകളും ശ്രമിക്കുന്നത്. മുസ്ലീം സമുദായത്തില്‍ മാത്രമല്ല കൂടുതല്‍ പ്രസവങ്ങള്‍ നടക്കുന്നത്. കത്തോലിക്ക സഭയും നരേന്ദ്ര മോഡി സര്‍ക്കാരും പ്രസവത്തെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്. വിദ്യാഭ്യാസം കൂടുന്തോറും മുസ്ലീം പെണ്‍കുട്ടികള്‍ മറ്റു മതങ്ങളെ കുറിച്ച് കൂടുതല്‍ പഠിക്കുകയും അന്യ മതസ്ഥരെ വിവാഹം ചെയ്യാന്‍ താത്പര്യപ്പെടുകയും ചെയ്യും. ഈ ഭയം മൂലമാണ് മതസംഘടനകള്‍ ഇത്തരത്തില്‍ തീരുമാനമെടുക്കുന്നത്.

: ചെറുപ്രായത്തില്‍ വിവാഹം ചെയ്തതു മൂലം പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്ന പെണ്‍കുട്ടികളെ ചികിത്സിക്കേണ്ടി വന്നിട്ടുണ്ടോ?

ഡോ : തീര്‍ച്ചയായും. ഇങ്ങനെയുള്ളവരുടെ പ്രസവ സമയത്താണ് കൂടുതല്‍ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നിട്ടുള്ളത്. കുഞ്ഞു കുട്ടികളായതു കൊണ്ടുതന്നെ പലരും സഹകരിക്കാന്‍ മടിക്കും. പലരേയും സിസേറിയനു വിധേയമാക്കേണ്ടി വന്നിട്ടുണ്ട്. രക്ഷിതാക്കളുമായി സംസാരിക്കുമ്പോള്‍ അവര്‍ അവരുടെ നിസ്സഹായാവസ്ഥ പറയും. അതുകൊണ്ടു തന്നെ നമ്മുടെ പെണ്‍കുട്ടികളുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാന്‍ രക്ഷിതാക്കളും ഭരണകര്‍ത്താക്കളും ഒരുമിച്ച് പരിശ്രമിക്കേണ്ടിയിരിക്കുന്നു. 16 വയസ്സുള്ളവള്‍ വൈദ്യശാസ്ത്രത്തിനും സമൂഹത്തിലും കുട്ടി തന്നെയാണെന്ന സത്യം നമ്മള്‍ ഉള്‍ക്കൊള്ളണം.


Next Story

Related Stories