TopTop
Begin typing your search above and press return to search.

ഉദാരീകരണം വേണ്ടെന്ന്‍ ചൈന പറയുമ്പോള്‍

ഉദാരീകരണം വേണ്ടെന്ന്‍ ചൈന പറയുമ്പോള്‍
പങ്കജ് മിശ്ര



ബ്രിട്ടിനിലും അമേരിക്കയിലും രൂപപ്പെട്ട ഉദാര ജനാധിപത്യ (liberal democracy) ത്തിലൂടെ ലോകം പുഷ്ടിപ്പെട്ടതെങ്ങയൈന്ന കഥയാണ് ആധുനിക ചരിത്രം. ഇതൊരു മായാഭാവയാണെന്നു തോന്നാം. പാശ്ചാത്യ ലോകത്തും പുറത്തും പ്രസിദ്ധീകരിക്കുന്ന രാഷ്ട്രീയ വിശകലനങ്ങളും ലേഖനങ്ങളും മാറുന്ന സമവാക്യങ്ങളിലേയ്ക്കു വിരല്‍ ചൂണ്ടുന്നു.


ഫ്രീഡം ഹൌസ് ഒടുവില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ട് ആഗോള തലത്തില്‍ ക്ഷയിച്ചു കൊണ്ടിരിക്കുന്ന ഉദാര ജനാധിപത്യത്തെക്കുറിച്ചാണു പറയുന്നത്. ഇന്ത്യയെ പോല കൃത്യമായി തിരഞ്ഞെടുപ്പു നടക്കുന്ന രാജ്യങ്ങളില്‍ പോലും ഉദാര ജനാധിപത്യം അപകടത്തിലാണ്.
സാര്‍വത്രിക ഉദാര ജനാധിപത്യത്തെക്കുറിച്ചുള്ള ആശയപരമായ മുന്‍വിധികള്‍ നാം ഉപേക്ഷിക്കേണ്ടതുണ്ട്. വൈവിധ്യമാര്‍ന്ന രാഷ്ട്രീയ രൂപങ്ങളുടെ ഉത്ഭവത്തെയും സാധ്യതകളെയും കുറിച്ചു മസിലാക്കാന്‍ അപ്പോള്‍ എളുപ്പമാകും.


പരിഷ്കരണ കാലത്ത് വ്യക്തിപരമായ കര്‍ത്തവ്യങ്ങളുടെയും വ്യാവസായിക മുതലാളിത്തത്തിന്റെയും അടിസ്ഥാത്തില്‍ രൂപപ്പെട്ട സാഹചര്യങ്ങളടക്കം ഉദാരീകരണത്തെയും ജാധിപത്യത്തെയും കുറിച്ചു രൂപപ്പെട്ട സാമൂഹ്യ, സാമ്പത്തിക പശ്ചാത്തലമാണു പാശ്ചാത്യ ലോകത്തും പടിഞ്ഞാറന്‍ യൂറോപ്പിലും നിര്‍ണായകമായത്.


മറ്റു പ്രദേശങ്ങളില്‍ ഇവയുടെ പുന:സൃഷ്ടി എളുപ്പമായിരുന്നില്ല. ആധുനികതയുടെ വഴിയിലേയ്ക്കു ചുവടു വച്ച ജപ്പാന്‍ സാമ്പത്തിക, സൈനിക ശക്തിയായത് ഉദാരീകരണത്തിന്റെയും മനുഷ്യാവകാശങ്ങളുടെയും അടിത്തറയിലായിരുന്നില്ല. അതിനു മുന്‍പ് ജര്‍മനിയുടെ വളര്‍ച്ചയും ശക്തമായ കേന്ദ്രീകൃത ഭരണവ്യവസ്ഥയുടെ ബലത്തിലായിരുന്നു.




ജര്‍മനിയും ജപ്പാനും ആംഗ്ളോ - അമേരിക്കന്‍ ലിബറലിസത്തിന്റെ ചുവടിലായിരുന്നില്ല. ഇന്‍ഡിവിജ്വലിസം, ലെയ്സേ ഫെയര്‍ സാമ്പത്തിക ശാസ്ത്രം, കേന്ദ്രീകൃത ഭരണശക്തിയോടുള്ള വിപ്രതിപത്തി എന്നിവയായിരുന്നു ആംഗ്ളോ - അമേരിക്കന്‍ ഉദാരീകരണത്തിന്റെ കരുത്ത്. ജപ്പാനിലും ജര്‍മനിയിലും സാമ്പത്തിക, സൈനിക കരുത്തില്‍ അടിച്ചമര്‍ത്തപ്പെട്ട വ്യക്തിപരമായ അവകാശങ്ങളാണു കാണാനായത്.
രാജ്യത്തെ ശക്തിപ്പെടുത്തുക, സൈന്യത്തെയും എന്ന മുദ്രാവാക്യത്തെ വെല്ലുവിളിക്കാന്‍ ജപ്പാന്‍കാര്‍ ധൈര്യപ്പെട്ടിരുന്നില്ല. തയ്ഷോയുടെ ജപ്പാനിലും വെയ്മറുടെ ജര്‍മനിയിലും താരതമ്യേന മെച്ചപ്പെട്ട സാഹചര്യങ്ങളില്‍ പോലും, തൊഴിലെടുക്കുന്ന പാവങ്ങളുടെ ഉന്നമനത്തിനു രാജ്യം കൈക്കൊള്ളേണ്ട നടപടികളെക്കുറിച്ചാണു ചര്‍ച്ചയുണ്ടായത്. ആധുനിക മുതലാളിത്തത്തിന്റെ അസമത്വങ്ങള്‍ക്ക് ഉദ്യോഗവൃന്ദത്തിന്റെ നിയന്ത്രണത്തിലുള്ള സമ്പദ്വ്യവസ്ഥയിലൂടെ പരിഹാരം കാണാനായിരുന്നു ശ്രമം.


ഇന്ത്യയിലെ മിതവാദികളും ഇതിനെ അനുകൂലിച്ചു. ജനാധിപത്യ പ്രാതിനിധ്യത്തിന് അടിവരയിടുമ്പോഴും ആദ്യ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രു ശക്തമായ കേന്ദ്രീകൃത ഭരണസംവിധാനത്തെയാണു പിന്തുണച്ചത്. എങ്കിലും അദ്ദേഹത്തിന്റെ ലിബറലിസം കുറെക്കൂടി സൌമ്യമായിരുന്നു. പൊതു താല്‍പര്യം മുന്‍നിര്‍ത്തി അഭിപ്രായസ്വാതന്ത്ര്യം ഭരണഘടനയുടെ ആധാരശിലയാക്കാന്‍ അദ്ദേഹം മുന്‍കയ്യെടുത്തു. ഈ സ്വാതന്ത്ര്യമെന്ത് എന്ന ചോദ്യമാണു പിന്നീടു പ്രസക്തമായത്. പ്രാദേശിക മുല്ല മുതല്‍ മുട്ടാളനായ രാഷ്ട്രീയക്കാരന്‍ വരെ പൊതുതാല്‍പര്യത്തിന്റെ പേരില്‍ കലാകാരന്മാരെയും എഴുത്തുകാരെയും ആക്രമിക്കാനും ഈ സ്വാതന്ത്ര്യം തന്നെ വിനിയോഗിച്ചു. ലിബറല്‍ ജനാധിപത്യം ഇന്ത്യയില്‍ ഇതിലേറെ ദുര്‍ബലമായ കാലമുണ്ടായിട്ടില്ല.




എന്നാല്‍ ലിബറലിസത്തിനും ജനാധിപത്യത്തിനും ഏറ്റവും വലിയ ഭീഷണിയുയര്‍ത്തുന്നതു ചൈനയാണ്. ജനാധിപത്യത്തിലൂടെയല്ലാതെ വന്‍ നേട്ടേങ്ങളാണ് അവര്‍ കൈവരിച്ചത്. ആഗോള സാമ്പത്തിക ക്രമത്തില്‍ അവര്‍ അനിഷേധ്യ സ്ഥാനത്താണ്. അടുത്ത കാലത്ത് അതിന് മാറ്റമുണ്ടാകാനുമിടയില്ല.


വൈദേശിക ആക്രമണങ്ങള്‍ക്കും ആഭ്യന്തര യുദ്ധത്തിനുമിടയില്‍ ന്യൂനപക്ഷ മിതവാദികളുടെ ശബ്ദത്തിന് അവിടെ പ്രാധാന്യം ലഭിക്കുക എളുപ്പമായിരുന്നില്ല. ഇരുപതാം നൂറ്റാണ്ടില്‍ ചൈനയുടെ മുഖ്യ വെല്ലുവിളി സ്വയം ശക്തിപ്പെടുത്തലും നിലനില്‍പുമായിരുന്നു.
എത്രയും വേഗം ഒരു കേന്ദ്രീകൃത രാജ്യത്തിനു രൂപം നല്‍കുക എന്നതായിരുന്നു അവരുടെ നേതാക്കളുടെ മുഖ്യ ദൌത്യം. പരസ്പരം കൊന്നു തിന്നുന്ന ആഗോള ക്രമത്തില്‍ സുരക്ഷിതത്വത്തിന്റെയും സ്ഥിരതയുടെയും സംവിധാനം അവര്‍ക്കു രൂപപ്പെടുത്തേണ്ടിയിരുന്നു. ജപ്പാനില്‍ നിന്നു വ്യത്യസ്തമായി രാജ്യത്തോടുള്ള കൂറിന്റെ അടിസ്ഥാത്തില്‍ ദേശീയത രൂപപ്പെടുത്തുകയായിരുന്നു അവര്‍. ചിയാങ് കൈഷേഖ് മുതല്‍ മാവോ സേതുങ് വരെയുള്ള നേതാക്കള്‍ ദേശീയതയുടെ സംസ്കാരം ജനങ്ങളില്‍ കുത്തിവയ്ക്കാന്‍ വ്യാപക പ്രചാരണ പരിപാടികള്‍ക്കു രൂപം നല്‍കി. രാജ്യത്തിനു നേരെയുള്ള ഒറ്റപ്പെട്ട വെല്ലുവിളികള്‍ ക്രൂരമായി അടിച്ചമര്‍ത്തപ്പെട്ടു. മാവോയുടെ പിന്‍ഗാമികളും ഡെങ് സിയാവോ പിങ്ങും സമ്പദ്വ്യവസ്ഥയെ ഉദാരീകരിക്കുന്നതിനൊപ്പം സ്വന്തം കാലില്‍ നില്‍ക്കാനുള്ള ദീര്‍ഘകാല നടപടികള്‍ക്കാണ് ഊന്നല്‍ നല്‍കിയത്. ഈ പദ്ധതിയില്‍ പൌരാവകാശങ്ങള്‍ക്കും ക്ഷേമത്തിനും പ്രാധാന്യം കുറവായിരുന്നു.


വികസനമാണ് ഏക സത്യമെന്നു ഡെങ് പ്രഖ്യാപിച്ചു. വികസനമുണ്ടായില്ലെങ്കില്‍ മറ്റുള്ളവര്‍ നമ്മെ തട്ടിക്കളിക്കും. ചൈനയുടെ സ്വപ്നത്തെ കുറിച്ച് സംസാരിച്ച പുതിയ നേതാവ് സി ജിന്‍പിങ്ങും ജനാധിപത്യ പരിഷ്കാരങ്ങള്‍ക്കു പകരം ഐക്യത്തിന്റെയും കരുത്തിന്റെയും പരമ്പരാഗത സൂത്രവാക്യങ്ങള്‍ക്കു തന്നെയാണ് ഊന്നല്‍ നല്‍കുന്നത്.




പ്രവാചകര്‍ പതിറ്റാണ്ടുകളായി ചൈനയുടെ പതനത്തെക്കുറിച്ചു മുന്നറിയിപ്പു നല്‍കുകയായിരുന്നു. അതൃപ്തരായ മധ്യവര്‍ഗത്തെ കേന്ദ്രീകരിച്ചായിരുന്നു അടുത്ത കാലത്തെ പ്രവചനങ്ങള്‍. കഴിഞ്ഞ വര്‍ഷത്തെ നേതൃമാറ്റത്തിനു പിന്നാലെ വിപ്ളവത്തിന്റെ തീജ്വാല പടരുമെന്നും പ്രവചനങ്ങളുണ്ടായി.
എന്നാല്‍ ഒരു സംഘടിത രാഷ്ട്രീയ നീക്കത്തിനു കെല്‍പില്ലാത്ത വിധം വിഘടിതമാണു ചൈയിലെ മധ്യവര്‍ഗം. സാമ്പത്തിക പുരോഗതിക്കിടെ പിന്നോക്കം പോയവരും പുരോഗതി തങ്ങളെ തേടിയെത്തുമെന്നു വിശ്വസിക്കുന്നു. സാമൂഹ്യ ക്ഷേമത്തെക്കുറിച്ചു വാചാലരാകുന്ന കമ്യൂണിസ്റ് പാര്‍ട്ടിക്കു തന്നെയാണ് ഇപ്പോഴും ആശയപരമായ കുത്തക. നവ കണ്‍ഫ്യൂഷിസത്തിലൂന്നിയ അച്ചടക്കത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും തത്വങ്ങളില്‍ നിന്ന് അതു പുതിയ ഊര്‍ജം സമാഹരി
ക്കുന്നു.


മധ്യവര്‍ഗത്തിന്റെ രാഷ്ട്രീയ താല്‍പര്യങ്ങളെ ദേശീയതയിലേയ്ക്കു വഴിതിരിച്ചു വിടുന്നതിലും പാര്‍ട്ടി വിജയിക്കുന്നു. പുതുതായി കൈവന്ന സഞ്ചാര, ഉപഭോഗ സ്വാതന്ത്ര്യങ്ങള്‍ അവരുടെ രാഷ്ട്രീയ മോഹങ്ങളെ വരുതിയില്‍ നിര്‍ത്തുകയും ചെയ്യുന്നു. ഈ സാഹചര്യത്തിലാണു ദുര്‍ബലരായ മിതവാദികള്‍ കൂടുതല്‍ വ്യക്തിസ്വാതന്ത്ര്യത്തിനു വേണ്ടി വാദിക്കുന്നത്.


ഈ സാഹചര്യത്തിലാണ്, വളരാനും പരിണമിക്കാനുമുള്ള ചൈയുടെ ബദല്‍മാര്‍ഗം പ്രസക്തമാകുന്നത്. സാങ്കേതിക മികവുള്ള ശക്തമായ ഭരണവര്‍ഗം വ്യക്തിസ്വാതന്ത്ര്യങ്ങള്‍ക്കു മേല്‍ ദേശീയ താല്‍പര്യത്തിന്റെ ചെങ്കൊടിയുയര്‍ത്തുന്നു.
എന്നാല്‍ ഇതു ലോകത്തിനുള്ള ബദലാണെന്നു തെറ്റിദ്ധരിക്കരുത്. ചൈനയുടെ സവിശേഷ ചരിത്രത്തിന്റെ പ്രത്യേക സൃഷ്ടിയാണിത്. ഈ മാതൃക നിലനില്‍ക്കുമോ, ഇതിന്റെ പരാജയം ചൈനയ്ക്കും ലോകത്തിനും എന്തു പ്രത്യാഘാതങ്ങളാവും സൃഷ്ടിക്കുക?


ജപ്പാനിലും ജര്‍മനിയിലും വൈകിയുണ്ടായ ആധുനികീകരണം ഏറെക്കുറെ വിജയമായിരുന്നെങ്കിലും യൂറോപ്പിലും ഏഷ്യയിലും അത് സമാധാനത്തിലേയ്ക്കു നയിച്ചില്ല. സാമ്പത്തിക പ്രതിസന്ധിയും സാമൂഹ്യ അസ്വസ്ഥതകളും സ്വേച്ഛാധികാരത്തിന്റെ പ്രശ്നങ്ങളിലേയ്ക്കാണു നയിച്ചത്.
അയല്‍ക്കാരോടു ചൈന കാട്ടുന്ന ധിക്കാര മനോഭാവവും നാട്ടിലെ വിമതരോടു പ്രയോഗിക്കുന്ന ഉരുക്കുമുഷ്ടിയും നല്ല ലക്ഷണങ്ങളല്ല. ആധുനീകതയിലേയ്ക്കു വൈകി മാത്രമെത്തിയ രാജ്യത്തെ ഉദാര ജനാധിപത്യത്തില്‍ നിന്ന് അകറ്റി നിര്‍ത്തുന്ന ഭരണവര്‍ഗം ഒരുപക്ഷേ, അപകടത്തിലേയ്ക്കു തന്നെയാണു ചുവടു വയ്ക്കുന്നത്.



(ബ്ളൂംബര്‍ഗ് ന്യൂസ്)


Next Story

Related Stories