TopTop
Begin typing your search above and press return to search.

ലോഹിതദാസ് : പാതയോരത്തെ സഞ്ചാരി

ലോഹിതദാസ് : പാതയോരത്തെ സഞ്ചാരി

2009 ജൂണ്‍ 28 - നാണ് ലോഹിതദാസ് എന്ന തിരക്കഥാകൃത്ത് അകാലത്തില്‍, അവിചാരിതമായി മരണപ്പെടുന്നത്. 1987- ല്‍ തനിയാവര്‍ത്തനം എന്ന സിനിമയ്ക്കു തിരക്കഥയെഴുതിക്കൊണ്ട് രംഗത്തുവന്നശേഷമുള്ള രണ്ടു പതിറ്റാണ്ടുകള്‍ സിനിമയില്‍ രചയിതാവെന്ന നിലയിലും സംവിധായകനെന്ന നിലയിലും ലോഹി സദാ സജീവമായിരുന്നു. വളരെ അപൂര്‍വമായി മാത്രം പരാജയങ്ങള്‍ നേരിട്ട തിരക്കഥാകൃത്താണ് ലോഹി. എഴുതാപ്പുറങ്ങളും വിചാരണയും മാലയോഗവും ചകോരവും പോലെ ചില സിനിമകള്‍ വന്‍വിജയമാകാതിരുന്നപ്പോള്‍പ്പോലും അവ മുന്നോട്ടുവച്ച പ്രമേയങ്ങളുടെ സവിശേഷതകള്‍ കൊണ്ടു ശ്രദ്ധ നേടി. തനിയാവര്‍ത്തനം മുതല്‍ കസ്തൂരിമാന്‍ വരെയുള്ള സിനിമകള്‍ വന്‍വിജയങ്ങളായി. അവയില്‍ത്തന്നെ കിരീടം, മൃഗയ, ഹിസ് ഹൈനസ് അബ്ദുള്ള, ഭരതം, കമലദളം, കുടുംബപുരാണം, സസ്‌നേഹം, വീണ്ടും ചില വീട്ടുകാര്യങ്ങള്‍ എന്നിങ്ങനെ അനേകം സിനിമകള്‍ വന്‍വിജയമായിത്തീര്‍ന്നു. മൃഗയ, മഹായാനം തുടങ്ങിയ ചിത്രങ്ങള്‍ക്കും മികച്ച നടനുള്ള സംസ്ഥാനപുരസ്‌കാരവും ഭരതത്തിന് മികച്ച നടനുള്ള ദേശീയപുരസ്‌കാരവും ലഭിച്ചു.

ലോഹിയുടെ മരണവാര്‍ഷികസമയത്ത് അദ്ദേഹത്തിന് ഒരു സ്മൃതിരേഖ ചമയ്ക്കുകയെന്നതല്ല ഈ ലഘുലേഖനത്തിന്റെ ഉദ്ദേശ്യം. ലോഹിതദാസ് എന്ന രചയിതാവ് മലയാളസിനിമയില്‍ സൃഷ്ടിച്ച ഒരു നവമാര്‍ഗത്തെ കാര്യമായി രേഖപ്പെടുത്തുക എന്ന കാലികപ്രസക്തിയുള്ള കര്‍മമാണ് ഇതിന്റെ ലക്ഷ്യം. രണ്ടു തരത്തിലാണ് മലയാളത്തിലെ തിരക്കഥാരംഗത്ത് ലോഹി സ്വയം സവിശേഷമായി അടയാളപ്പെടുന്നത്. ഒന്ന് സാഹിത്യവുമായി ബന്ധപ്പെട്ട കാര്യമാണെങ്കില്‍, രണ്ടാമത്തെത്, സാമൂഹികവും ജാതീയവുമായ ശ്രേണിബന്ധങ്ങളെ വേറൊരു രീതിയില്‍ കാണാന്‍ അദ്ദേഹം നടത്തിയ ശ്രമങ്ങളും അദ്ദേഹത്തിന്റെ വേറിട്ട കഥാപാത്രവല്‍ക്കരണങ്ങളുമാണ്.

ഒന്നാമത്തെ കാര്യം നോക്കാം.

മലയാളത്തിലെ തിരക്കഥാരംഗം വളരെ സജീവമായും, അതിന്റെ തുടക്കം മുതല്‍ സാഹിത്യത്തെ ഉപജീവിച്ചാണു നിലകൊണ്ടതെന്ന ചരിത്രം വളരെ വ്യക്തമാണ്. നീലക്കുയിലെന്ന ചിത്രത്തിലൂടെയാണ് മലയാളസിനിമയുടെ വളര്‍ച്ചയാരംഭിക്കുന്നത്. ആ ചിത്രത്തിനു തിരക്കഥയെഴുതിയത് സാഹിത്യത്തില്‍ ലബ്ധപ്രതിഷ്ഠനായ ഉറൂബായിരുന്നു. അതെത്തുടര്‍ന്ന് ഉറൂബ് ഏതാനും സിനിമകള്‍ക്കു കൂടി തിരക്കഥയെഴുതി. സിനിമയുടെ വളര്‍ച്ചയിലെ മറ്റൊരു നാഴികക്കല്ലു സ്ഥാപിച്ച ഓളവും തീരവും എംടി വാസുദേവന്‍ നായരുടെ തിരക്കഥയാണ്. മറ്റൊരു പ്രധാനപ്പെട്ട സാഹിത്യകാരന്‍. ഇതിനിടെ, തകഴി, ബഷീര്‍, ദേവ്, വര്‍ക്കി, തോപ്പില്‍ഭാസി, എസ്എല്‍പുരം, നാഗവള്ളി ആര്‍എസ് കുറുപ്പ്, ജഗതി എന്‍കെ ആചാരി, തിക്കുറിശ്ശി എന്നിങ്ങനെയുള്ള സാഹിത്യകാരന്‍മാരുടെ രചനകള്‍ സിനിമകളായിക്കൊണ്ടേയിരുന്നു. ജി.വിവേകാനന്ദന്‍ (കള്ളിച്ചെല്ലമ്മ) മുതല്‍ സി രാധാകൃഷ്ണനും (പ്രിയ) മലയാറ്റൂര്‍ രാമകൃഷ്ണനും (യക്ഷി) വരെയുള്ളവരും ഇടയ്ക്കു മിന്നിമാഞ്ഞുകൊണ്ടിരുന്നു.

മറ്റൊരു രചനാകോളിളക്കം സംഭവിക്കുന്നത് എഴുപതുകളുടെ രണ്ടാം പാതിയില്‍ പത്മരാജന്റെ കടന്നുവരവോടെയാണ്. സാഹിത്യത്തില്‍ ഇളംപ്രായത്തില്‍ത്തന്നെ വരവറിയിക്കുകയും ഏറ്റവും പ്രായംകുറഞ്ഞ സാഹിത്യ അക്കാദമി സമ്മാനിതനാകുകയും ചെയ്ത ആളാണു പത്മരാജന്‍. ഇങ്ങനെ, തിരക്കഥയെന്നത് സാഹിത്യത്തിന്റെ തന്നെ മറ്റൊരു രൂപമായി മാറിയ, കരുതപ്പെട്ട ഒരു സര്‍ഗധാരയിലേക്കാണ് ലോഹിതദാസിന്റെ കടന്നുവരവ്. ഗൗരവമായ ചലച്ചിത്രരചനകളുടെ കാര്യത്തില്‍, സ്വതവേ എഴുത്തുകാരല്ലാത്ത തിരക്കഥാകൃത്തുക്കളായി വിജയം വരിച്ചവര്‍ അധികമില്ല. ലോഹിതദാസിനു പുറമേ, ശ്രീനിവാസന്‍, വേണു നാഗവള്ളി തുടങ്ങി വിരലിലെണ്ണാവുന്നവരെ മാത്രമേ ഈ ഗണത്തില്‍ പെടുത്താനാകൂ. അവരില്‍ വേണു നാഗവള്ളി സാഹിത്യപാരമ്പര്യമുള്ള കുടുംബത്തില്‍നിന്നു വരുന്നയാളാണു താനും.

ഇവിടെത്തന്നെയാണ് ജാതീയശ്രേണിയുടെ, സാംസ്‌കാരികതയും അടയാളപ്പെടുന്നത്. ഉറൂബില്‍ തുടങ്ങി എംടിയിലൂടെ പത്മരാജനിലേക്ക് നീളുന്ന നായര്‍ രചയിതാക്കളുടെ വംശാവലിയെ കുറുകേ കടക്കുന്ന എഴുത്തുകാരുടെ നിരയിലെ പ്രധാനപ്പെട്ട പേരുകള്‍ കൂടിയാണ് ശ്രീനിയുടെയും ലോഹിയുടെയും. ജഗതി എന്‍.കെ.ആചാരിയില്‍ തുടങ്ങുന്ന മറ്റൊരു ധാരയുടെ വികാസം കൂടിയാണത്. പാറപ്പുറത്തിനെപ്പോലെ അപൂര്‍വം ചിലര്‍ മാത്രമാണ് മേല്‍പ്പറയുന്ന നായര്‍ പ്രാമുഖ്യത്തിനെതിരെ നീന്തി വിജയം വരിച്ചിട്ടുള്ളത്. അല്ലെങ്കില്‍പ്പിന്നെ, ഓഥ്യൂര്‍ തിയറിയുടെ പ്രകാശനമെന്നു പറയാവുന്ന ചലച്ചിത്രങ്ങളൊരുക്കിയ അടൂരും ടി.വി.ചന്ദ്രനും പോലെയുള്ളവര്‍. ലോഹിയും ശ്രീനിയും തെളിയിച്ച പാതയില്‍ പിന്നീട് പല കടന്നുവരവുകളും ഉണ്ടായി എന്നുതന്നെ പറയാം.

ഇപ്പറഞ്ഞ രണ്ടുപേര്‍ - ശ്രീനിയും ലോഹിയും. ഇവരില്‍ ശ്രീനിവാസന്‍ പലപ്പോഴും തന്നിലെ നായരേതരസ്വത്വത്തെ പരിഹസിച്ചുകൊണ്ടും നായരേതര മലയാളിയുടെ അപകര്‍ഷങ്ങളെ ആഘോഷിച്ചുകൊണ്ടും നായര്‍ മലയാളി നായകത്വവത്തിനു അടങ്ങിജീവിക്കുന്ന കഥാപാത്രങ്ങളെയാണ് സൃഷ്ടിച്ചിട്ടുള്ളതെന്നു കാണാം. ഇത് ആദ്യകാല പ്രിയദര്‍ശന്‍ സിനിമകളില്‍ തുടങ്ങുന്നതാണ്. പിന്നീട് ഇതു കുറഞ്ഞുവരുന്നതല്ല നാം കാണുന്നത്, കൂടിവരുന്നതാണ്. തന്നിലെ സ്വത്വത്തെ അങ്ങനെ അടയാളപ്പെടുത്തിക്കഴിയുന്നതോടെ താന്‍ തിരക്കഥയെഴുതിയ ഉദയനാണു താരത്തിലെ തെങ്ങുമ്മൂടു രാജപ്പനെന്ന ചതിയനെയും ഗോളാന്തരവാര്‍ത്തയിലെ കാരക്കൂട്ടില്‍ ദാസനെന്ന ഒറ്റുകാരനെയും നിര്‍മിച്ച് യഥാക്രമം ഉദയനും രമേശന്‍ നായര്‍ക്കും മുന്നില്‍ ഇരയാക്കുന്നതിനു പുറമേ, മറ്റുള്ളവരുടെ രചനകളില്‍ രൂപംകൊള്ളുന്ന, തേന്മാവിന്‍ കൊമ്പത്തിലെ അപ്പക്കാളയെയും കിണ്ണം കട്ട കള്ളനിലെ നുണയനെയും എടുത്തണിയുകയും ചെയ്യുന്നു.

ഇവിടെയാണ് ലോഹിതദാസ് എന്ന എഴുത്തുകാരന്‍ വേറിട്ട പാതയില്‍, അല്ലെങ്കില്‍ മുഖ്യപാതയ്ക്കു സമാന്തരമായ വിമതപാതയില്‍, അതുമല്ലെങ്കില്‍ മുഖ്യപാതയുടെ തന്നെ പ്രാന്തത്തിലൂടെ നടക്കുന്നത്.

രണ്ടുതരം സിനിമകളാണ് ലോഹിയില്‍നിന്ന് ഉണ്ടായിട്ടുള്ളതെന്ന് സാമാന്യമായി പറയാം. വരേണ്യനായകരെ പ്രഘോഷിക്കുകയും വരേണ്യലാവണ്യബോധങ്ങളെ പരിലാളിക്കുകയും ജനപ്രിയമസാലകളെ ചേരുവകളാക്കുകയും ചെയ്യുന്ന, ജനകീയസിനിമാസാമ്പ്രദായികതയില്‍ അഭിരമിക്കുന്ന തരം സിനിമകള്‍. അവ അദ്ദേഹത്തിനു മുന്നില്‍ വരുന്ന ആവശ്യങ്ങള്‍ക്കനുസരിച്ചു രൂപം കൊണ്ടതാണെന്നു തന്നെ പറയാനാകും. ലോഹിയുടെ സിനിമകളുടെ പട്ടിക പരിശോധിച്ചാല്‍ അത്തരം സിനിമകളെ വേറിട്ടു ക്രമപ്പെടുത്താനാകും. ഹിസ് ഹൈനസ് അബ്ദുള്ള, ഭരതം, കമലദളം എന്നീ ത്രയം അതില്‍ പ്രധാനമാകുന്നു. അതു കഴിഞ്ഞാല്‍ ദശരഥം, ജാതകം, വാല്‍സല്യം, അരയന്നങ്ങളുടെ വീട്, വിചാരണ, ആധാരം, കുട്ടേട്ടന്‍, മുക്തി, നിവേദ്യം, കാരുണ്യം എന്നിങ്ങനെയുള്ള സിനിമകള്‍ ഇപ്പറഞ്ഞ ധാരയില്‍ പെടുന്നു. ഇവയില്‍ ഹിസ് ഹൈനസ് അബ്ദുള്ള, മോഹന്‍ലാല്‍ സ്വന്തമായി നിര്‍മാണവിതരണക്കമ്പനി ആരംഭിച്ചപ്പോള്‍ പറഞ്ഞ് എഴുതിക്കപ്പെട്ടതാണ്. അതേ കമ്പനിക്കായി രണ്ടാമത്തെ സിനിമ ഉടനെ ചെയ്യേണ്ടിവന്ന ലോഹിക്ക്, ഷൂട്ടിംഗിനു തൊട്ടുമുന്‍പാണ് താനുദ്ദേശിച്ച കഥയ്ക്ക് മറ്റൊരു സിനിമയുടെ കഥയുമായി അടുത്ത ചേര്‍ച്ചയുണ്ടെന്ന വിവരം ലഭിക്കുന്നത്. തിരക്കിട്ട് സൃഷ്ടിച്ച പുതിയ കഥയാണ് ഭരതത്തിന്റേത്. കമലദളവും മോഹന്‍ലാലിന് നര്‍ത്തകനായി അഭിനയിക്കാന്‍ പാകത്തിനൊരു കഥാപാത്രമെന്ന സമ്മര്‍ദ്ദത്തില്‍ രചിക്കപ്പെട്ടതാണ്. വാല്‍സല്യത്തിന്റെ കാര്യവും തഥൈവ! കൊച്ചിന്‍ ഹനീഫയ്ക്കു മമ്മൂട്ടി ഒരു ഡേറ്റു കൊടുത്തു, ഒരു വാക്കിന്റെ പുറത്ത്. തിരക്കഥ ഹനീഫ എഴുതരുത്. പകരം അതിന് ലോഹിയെ ചുമതലപ്പെടുത്തണം. അങ്ങനെ, ഹനീഫ ഉദ്ദേശിച്ച ധ്യാനം എന്ന പടം മാറ്റിയാണ് ലോഹിയുടെ വാല്‍സല്യം സംഭവിക്കുന്നത്. അതായത്, ആവശ്യത്തിനുവേണ്ടി എഴുതിയ പ്രഫഷണല്‍ തിരക്കഥ. ഇവയൊഴിച്ചാല്‍, നായര്‍ - മേനോന്‍ കഥകള്‍ പറയുന്ന ദശരഥവും കുട്ടേട്ടനുമെല്ലാം അത്തരം സമുദായങ്ങള്‍ക്കുള്ളില്‍, കുടുംബബന്ധങ്ങള്‍ക്കുള്ളില്‍ നിലനില്ക്കുന്ന അപചയങ്ങളും ആ സമുദായങ്ങള്‍ നേരിടുന്ന സാംസ്‌കാരികജീര്‍ണതയും അടയാളപ്പെടുത്താന്‍ യത്‌നിക്കുന്നവയാണ്. ഹിസ് ഹൈനസ് അബ്ദുള്ളയിലെ അബ്ദുള്ളയെ അനന്തനായി മാറ്റിയെടുക്കുന്ന രാസവിദ്യ അപലപനീയമാണെങ്കിലും ഒരു അബ്ദുള്ളയെ ഹിസ് ഹൈനസ് ആയി വാഴിക്കുവാനുള്ള പരോക്ഷചിന്തയായും അതിനെ വാദത്തിനു കൊള്ളിക്കാം.

ഇത്തരം സിനിമകള്‍ക്കപ്പുറം, തന്റെ പ്രബലമായ രണ്ടാം ധാരയിലാണ് ലോഹിയിലെ വ്യത്യസ്ത രചയിതാവിനെ നമുക്കു കാണാനാകുക. എഴുതാപ്പുറങ്ങളില്‍, ആദാമിന്റെ വാരിയെല്ലിനു ശേഷം ആദ്യമായി ഒരു സ്ത്രീപക്ഷനോട്ടത്തെ ലോഹി കൊണ്ടുവരുന്നു. വാരിയെല്ലിലെപ്പോലെ തന്നെ മൂന്നു സ്ത്രീകളുടെ കഥകളായി നിര്‍രേഖീയാഖ്യാനം നിര്‍വഹിക്കുന്ന സിനിമയാണത്. പിന്നീട് ലോഹി എഴുതുന്ന ഒട്ടനേകം തിരക്കഥകളിലൂടെയാണ് മലയാളസിനിമ അന്നോളം (പിന്നീടും ഇന്നോളവും) തമാശയ്ക്കല്ലാതെ, പ്രാന്തീകൃതസമുദായങ്ങളിലെ ആളുകളെ നായകസ്ഥാനത്തേക്കും അവരുടെ കഥകളെ മുഖ്യാഖ്യാനത്തിലേക്കും കൊണ്ടുവരുന്നത്.

നാലുതവണയാണ് അദ്ദേഹം ലോറിത്താവളത്തിലെ മനുഷ്യരുടെ കഥകള്‍ പറഞ്ഞിട്ടുള്ളത്. മഹായാനത്തില്‍ തുടങ്ങുന്ന ആ കഥകള്‍ ചക്രത്തിലെത്തിനില്‍ക്കുന്നു. മഹായാനം, വളയം, ആധാരം, ചക്രം എന്നീ സിനിമകളില്‍ ഇതുകാണാം. അതുപോലെ മൃഗയയില്‍ അദ്ദേഹം പുലയക്രിസ്ത്യാനിയായ ചേറുമകന്‍ വാറുണ്ണി എന്ന വേട്ടക്കാരനെ അവതരിപ്പിക്കുന്നു. അമരത്തില്‍ അരയനെ നായകസ്ഥാനത്തു പ്രതിഷ്ഠിക്കുന്ന ലോഹി അവരുടെ അരയജീവിതചിത്രം സമഗ്രമായി വരയാന്‍ ശ്രമിക്കുന്നുണ്ട്. വെങ്കലത്തില്‍ മൂശാരിയുടെയും സല്ലാപത്തില്‍ ആശാരിയുടെയും നായകത്വങ്ങളെ പ്രതിഷ്ഠിക്കുന്നതു കാണാം. കന്മത്തില്‍ കരുവാന്‍ജന്മങ്ങളെ രേഖപ്പെടുത്തുന്നു. ഭൂതക്കണ്ണാടി പുള്ളുവ ജീവിതപശ്ചാത്തലത്തിലാണു വിരിയുന്നത്.

ഇതിനുപുറമേ, അപരജന്മങ്ങളെ കൊണ്ടുവരാനും അദ്ദേഹം ഉദ്യമിക്കുന്നുണ്ട്. ചക്കരമുത്തില്‍ പൊട്ടനെ നായകനാക്കുന്നു. ജോക്കറില്‍ സര്‍ക്കസ് കോമാളിയെയും കസ്തൂരിമാനിലെ ചേരിനിവവാസിനിയെയും അരയന്നങ്ങളുടെ വീട്ടില്‍ ഉത്തരേന്ത്യയിലെ തൂപ്പുകാരനെയും കാരുണ്യത്തിലും മാലയോഗത്തിലും ധനത്തിലും മെഡിക്കല്‍ റെപ്പിനെയും കാട്ടുന്നു. മാലയോഗത്തിലും സല്ലാപത്തിലും ആണ് ചെത്തുകാരന്‍ എന്ന വേഷം ഒരു മനുഷ്യനായി കഥാപാത്രയോഗ്യത നേടുന്നത്. ഗര്‍ഭപാത്രം വാടകയ്ക്കു കൊടുക്കേണ്ടിവരുന്ന സ്ത്രീയെ ദശരഥത്തില്‍ അവതരിപ്പിക്കുന്ന ലോഹി ഹിസ് ഹൈനസ് അബ്ദുള്ളയില്‍ വാടകക്കൊലയാളിയായി വേഷം കെട്ടേണ്ടിവരുന്ന ഊരുതെണ്ടിയായ മുസ്ലിമിനെ പ്രതിനിധാനമാക്കുന്നു. തനിയാവര്‍ത്തനത്തിലും ഭൂതക്കണ്ണാടിയിലും ഭ്രാന്തിനെ അപഗ്രഥിക്കുന്നു. അതിന്റെ വൈയക്തികവും സാമൂഹികവുമായ മാനങ്ങളെ പരിശോധിക്കുന്നു. സൂത്രധാരനില്‍ ഗണികാത്തെരുവും അവിടത്തെ ജീവിതങ്ങളും അടുത്തുപിടിച്ചുനോക്കുന്നു. ആധാരത്തില്‍ താഴേക്കിട മുസ്ലിമിനെ നായകനാക്കുകയും അവനെ കുറ്റവിമുക്തനാക്കുകയും ചെയ്യുന്നു. ഹിസ് ഹൈനസ് അബ്ദുള്ളയിലും ആധാരത്തിലും മുസ്ലിം - ഹിന്ദു വിവാഹമെന്ന ആശയത്തെയും മുന്നോട്ടുവയ്ക്കുന്നു. ജാതകത്തില്‍ ജാതകദോഷമെന്ന അനാചാരത്തെ പരിഹസിക്കുന്നു. ചെങ്കോലില്‍ ഗുണ്ടകളുടെ ജീവിതം കണ്ടറിയുന്നു.

ചെത്തുകാരന്‍, അരയന്‍, കരുവാന്‍, ആശാരി, മൂശാരി, പുലയന്‍, പുള്ളുവന്‍, ഉള്ളാടന്‍, നായാടി, മുസ്ലിം, ദരിദ്രന്‍, ദലിത് ക്രൈസ്തവന്‍, മീന്‍കാരന്‍ തുടങ്ങിയ ജാതികളെ സിനിമയുടെ മുഖ്യധാരയിലേക്കു കൊണ്ടുവരിക മാത്രമല്ല, അവിടെ ഒന്നാംകസേരയിട്ട് അവരെ ഇരുത്തുക കൂടി ചെയ്തു എന്നതാണ് ലോഹിയുടെ രചനകളെ ചരിത്രപരമായ പ്രാധാന്യമുള്ള സാംസ്‌കാരിക ഇടപെടലുകളാക്കുന്നത്. തീര്‍ച്ചയായും ഇവയിലോരോ സിനിമയും രാഷ്ട്രീയപരമായ പ്രശ്‌നങ്ങളാല്‍, കുഴപ്പങ്ങളാല്‍ വലയിതങ്ങളാണ്. അതുകൊണ്ടുപക്ഷേ, ലോഹി നിര്‍വഹിച്ച ധര്‍മം അപ്രധാനമാകുന്നില്ല.

തിരക്കഥാകൃത്തിനെ സംവിധായകനുമേല്‍ അപ്രമാദിയാക്കുക എന്നത് ചലച്ചിത്രദര്‍ശനപരമായി നോക്കിയാല്‍ അപായകരമാണ്. പക്ഷേ, സാഹിത്യത്തില്‍ പരാജയപ്പെട്ട്, നാടകത്തില്‍ രക്ഷപ്പെട്ട്, സിനിമയിലേക്കുവന്ന, അവിടെ സാഹിത്യത്തിന്റെ കാല്പനികതയും നാടകത്തിന്റെ അതിഭാവുകത്വവും തന്നെ ഉപയോഗപ്പെടുത്തി വിജയം വരിക്കുകയും ചെയ്ത ലോഹിയും മറ്റൊരു തരത്തില്‍ മുന്‍കാലതിരക്കഥാകൃത്തുക്കള്‍ സൃഷ്ടിച്ച ഈ അപ്രമാദിത്വം തുടരുന്നതു കാണുമ്പോള്‍ കൗതുകമുണ്ട്. അത് എംടിയും മറ്റും സൃഷ്ടിച്ചതില്‍നിന്നു വ്യത്യസ്തവുമാണ്. എംടി മുതല്‍ ശ്രീനി വരെ നീളുന്ന എഴുത്തുകാരില്‍നിന്നു വിഭിന്നമായി, അതിലും താഴെ ക്രമപ്പെട്ട ജാത്യവസ്ഥയില്‍നിന്നു വന്ന്, അവര്‍ക്കൊപ്പം കസേര നേടിയ ആദ്യത്തെ പ്രമുഖ രചയിതാവാണ് ലോഹി. തന്റെ തിരക്കഥയാണ് സിനിമയെ സൃഷ്ടിക്കുന്നതെന്നു തിരിച്ചറിയുന്ന ലോഹി, അത്തരമൊരു അഭിമാനബോധത്തിലേക്കു മാറുന്നതുമറിയാം. തന്നെ തിരക്കഥാകൃത്താക്കിയ സിബി മലയിലുമായിപ്പോലും ഇത്തരത്തില്‍ ഉടക്കി മാറുന്നൊരു ലോഹിയെ നമുക്ക് കാണാനാകും. വളയത്തിന്റെ ഷൂട്ടിംഗിനിടയില്‍, തിരക്കഥ മുഴുവനായും കിട്ടാത്തതില്‍ അസ്വസ്ഥനായ സിബിക്ക് രണ്ടുദിവസംകൊണ്ടു തിരക്കഥയെഴുതിക്കൊടുത്ത് സ്ഥലംവിട്ടിട്ടുണ്ട് ലോഹി.

ഐ.വി ശശിയെപ്പോലൊരു വലിയ സംവിധായകനോടുപോലും സിനിമയുടെ കഥ പറയുമ്പോള്‍, നാട്ടിലെ പുലിശല്യമവസാനിപ്പിക്കാന്‍ എത്തുന്ന വേട്ടക്കാരന്‍ പുലിയെക്കാള്‍ വലിയ ശല്യമാകുന്നതിന്റെ കഥ എന്ന ഒറ്റവാക്യത്തില്‍ കഥ പറഞ്ഞുതീര്‍ക്കുന്നതില്‍ക്കാണുന്ന തന്റേടം രസകരമാണ്. മോഹന്‍ലാലും ദിലീപും ഇന്ന് കാനില്‍ ജഡ്ജുവരെയായി നില്‍ക്കുന്ന വിദ്യാബാലനും അഭിനയിച്ചുതുടങ്ങിയ ചക്രമെന്ന ചിത്രം പാതിയില്‍ മുടങ്ങിയതും അതുപോലൊരു കഥയാണ്. തിരക്കഥ അന്നത്തേതു മാത്രം എഴുതിനല്കിയ ലോഹിയോട് സംവിധായകന്‍ കമല്‍ തിരക്കഥയുടെ ഗതി തനിക്കറിയണമെന്ന് ശഠിച്ചു. കമലും ലോഹിയുമൊന്നിക്കുന്ന ആദ്യസന്ദര്‍ഭമായിരുന്നു അത്. എന്നാല്‍, തിരക്കഥ തനിക്ക് ഇങ്ങനെയേ എഴുതാനാകൂ, തന്റെ എഴുത്തില്‍ വിശ്വാസമുണ്ടെങ്കില്‍ സിനിമ തുടരാമെന്ന മട്ടായിരുന്നു ലോഹി സ്വീകരിച്ചത്. ഇതു സമ്മതിക്കാനാവുകയെന്നത് സംവിധായകനെ സംബന്ധിച്ച് പ്രയാസമായതുകൊണ്ട് കമല്‍ പദ്ധതിയില്‍ നിന്നു പിന്‍വാങ്ങി. പിന്നീട്, അതേ കഥ പൃഥ്വിരാജിനെയും വിജീഷിനെയും വച്ച് (മോഹന്‍ലാലിന്റെ സ്ഥാനത്താണ് അന്ന് തുടക്കക്കാരനായ പൃഥ്വിയെ പ്രതിഷ്ഠിക്കുന്നത്. ദിലീപിന്റെ സ്ഥാനത്ത് വിജീഷിനെയും) അതേ കഥ അതേ പേരില്‍ സിനിമയായി സ്വയം സംവിധാനം ചെയ്യുന്നത് അങ്ങേയറ്റത്തെ ആത്മവിശ്വാസത്തോടെയാണ്. ഇങ്ങനെ, സ്വന്തം ഇടത്തെ തിരിച്ചറിയുകയും ഉപയോഗിക്കുകയും ചെയ്തുകൊണ്ട് മലയാളസിനിമയില്‍, സ്വന്തം ചരിത്രവഴി സൃഷ്ടിച്ച ആളായി ലോഹിയെ വിലയിരുത്താം. എല്ലാ പ്രശ്‌നഭരിതപ്രകരണങ്ങള്‍ക്കുമപ്പുറം ലോഹി പ്രധാനപ്പെട്ട എഴുത്തുകാരനാകുന്നത് അങ്ങനെയാണ് എന്ന് അദ്ദേഹത്തിന്റെ മരണസ്മൃതിസന്ദര്‍ഭത്തില്‍ രേഖപ്പെടുത്താന്‍ മാത്രമാണ് ഈ കുറിപ്പ്.

2007 നിവേദ്യം

2006ചക്കരമുത്ത്

2003ചക്രം

2003കസ്തൂരിമാന്‍

2001സൂത്രധാരന്‍

2000ജോക്കര്‍

1999അരയന്നങ്ങളുടെ വീട്

1999വീണ്ടും ചില വീട്ടുകാര്യങ്ങള്‍

1998കന്മദം

1998ഓര്‍മ്മച്ചെപ്പ്

1997കാരുണ്യം

1997ഭൂതക്കണ്ണാടി

1996തൂവല്‍ക്കൊട്ടാരം

1996സല്ലാപം

1995സാദരം

1994സാഗരം സാക്ഷി

1994ചകോരം

1993പാഥേയം

1993വാല്‍സല്യം

1993ചെങ്കോല്‍

1993വെങ്കലം

1992കൗരവര്‍

1992ആധാരം

1992കമലദളം

1992വളയം

1991കനല്‍ക്കാറ്റ്

1991അമരം

1991ഭരതം

1991ധനം

1990കുട്ടേട്ടന്‍

1990ഹിസ് ഹൈനസ് അബ്ദുള്ള

1990മാലയോഗം

1990സസ്‌നേഹം

1989മഹായാനം

1989മുദ്ര

1989ദശരഥം

1989ജാതകം

1989കിരീടം

1988മുക്തി

1988വിചാരണ

1988കുടുംബപുരാണം

1987എഴുതാപ്പുറങ്ങള്‍

1987തനിയാവര്‍ത്തനം


Next Story

Related Stories