TopTop
Begin typing your search above and press return to search.

ഇന്ത്യന്‍ ട്രെയിന്‍ യാത്രികര്‍ക്ക് ഒരു കൈപ്പുസ്തകം

ഇന്ത്യന്‍ ട്രെയിന്‍ യാത്രികര്‍ക്ക് ഒരു കൈപ്പുസ്തകം

ജയന്ത് തദിനട

സ്ളീപ്പര്‍ ക്ളാസില്‍ യാത്രചെയ്തില്ലെങ്കില്‍ നിങ്ങള്‍ ഇന്ത്യ കണ്ടിട്ടില്ല!

എനിക്ക് ബസുകള്‍ ഇഷ്ടമല്ല. ഒരു വോള്‍വോ ബസില്‍ രാത്രി മുഴുവന്‍ അവര്‍ തരുന്ന സൌജന്യ മിനറല്‍ വാട്ടറും കുടിച്ച് യാത്ര ചെയ്യുന്നതിനേക്കാള്‍ താല്പര്യം ഒരു സ്ളീപ്പര്‍ കമ്പാര്‍ട്ട്മെന്റില്‍ റിസര്‍വേഷനില്ലാതെ ടോയിലറ്റിനടുത്ത് ഒരു ടൈംസ് ഓഫ് ഇന്ത്യ പത്രം വിരിക്കാനാണ്. ഞാന്‍ അങ്ങനാണ്!

എയറോപ്ളേനുകള്‍ പറക്കുന്ന ബസ്സുകളാണ്. അതിലെ യാത്ര ബസ്‌ യാത്രയെക്കാള്‍ കഷ്ടവും. ഓരോ പുതിയ യാത്രയുടെ ഉത്സാഹവും എയര്‍പോര്‍ട്ടിലെ സെക്യൂരിറ്റിചെക്ക് എത്തുമ്പോഴേയ്ക്കും അകാലചരമമടയുകയാണ് പതിവ്.

ട്രെയിനുകളാവട്ടെ അതിമനോഹരമാണ്. യാത്ര അവസാനം വരെ സുഖകരമാണ്. വേണമെങ്കില്‍ നടക്കാം, കിടക്കാം, വാതിലിനടുത്ത് നില്‍ക്കാം. അതിമനോഹരമായ വഴിയോരക്കാഴ്ചകള്‍ കാണാം, രസികന്മാരായ സഹയാത്രികരെ പരിചയപ്പെടാം, അല്ലെങ്കില്‍ ജനലിനടുത്തിരുന്ന്‍ പുസ്തകം വായിക്കാം, അപരിചിതരുമായി ഭക്ഷണവും കഥകളും പങ്കിടാം, അങ്ങനെ എന്തെല്ലാം! ശരി, ഒരു ട്രെയിന്‍ യാത്രയെപ്പറ്റിയുള്ള ഏറ്റവും നല്ല ചിത്രമായിരുന്നു ആ വിവരിച്ചത്. എന്നാല്‍ സത്യം അതല്ലല്ലോ. എല്ലാ ട്രെയിന്‍ യാത്രകളും അത്ര സുന്ദരമല്ല. ഒരു ശരാശരി ട്രെയിന്‍ യാത്ര ഇങ്ങനെയാണ്...

പ്രതീക്ഷയുടെ ആദ്യ അഞ്ചുനിമിഷം

പതിനേഴിനും ഇരുപത്തിയൊന്‍പതിനും മദ്ധ്യേ പ്രായമുള്ള എല്ലാ ഇന്ത്യന്‍ പുരുഷന്മാരും ഈ അനുഷ്ഠാനം കൃത്യമായി പാലിക്കാറുണ്ട്. പ്രതീക്ഷയുടെ ഈ അഞ്ചുമിനിട്ട് ആണ് ഇന്ത്യന്‍ ഫാന്റസികളുടെ അവസാനവാക്ക് - (അല്ലല്ല, സവിതാ ഭാബിയല്ല!) ട്രെയിനില്‍വെച്ച് പരിചയപ്പെടുന്ന ഒരു സുന്ദരിയുമായി പ്രണയത്തിലാവുക! ഒന്നുരണ്ടു സിനിമകളിലൊക്കെ ഇങ്ങനെ സംഭവിച്ചിട്ടുള്ളതൊഴിച്ചാല്‍ ഇത്തരമൊരു സംഭവം ഇന്നുവരെ ഉണ്ടായിട്ടേയില്ല.

ട്രെയിനില്‍ കയറുന്നതിനു കൃത്യം അഞ്ചുമിനുറ്റ് മുന്‍പാണ് ഒരു സുന്ദരിയെ ട്രെയിനില്‍ വെച്ച് കണ്ടുമുട്ടി പ്രേമിക്കുന്നതിന്റെ സാധ്യതയുണ്ടല്ലോ എന്ന് ഇന്ത്യന്‍ പുരുഷന്‍ ഓര്‍മ്മിക്കുക. ഈ സാധ്യത പത്തുദശലക്ഷത്തില്‍ ഒന്നുമാത്രമുള്ള സാധ്യതയാണെങ്കില്‍ കൂടി അത് ഇന്ത്യന്‍ പുരുഷനെ ഒന്നുത്തേജിപ്പിക്കും. കുട്ടികളുമായി “ഹൌ ഐ മെറ്റ് യുവര്‍ മദര്‍” കഥകള്‍ പറയുന്നതിനെപ്പറ്റി സ്വപ്നം കണ്ട് കക്ഷി ഒന്നൊഴുകി നടക്കും. വാതിലിനരികില്‍ ഒട്ടിച്ചിരിക്കുന്ന റിസര്‍വേഷന്‍ ചാര്‍ട്ടില്‍ നോക്കി തന്റെ സീറ്റിനരികില്‍ വയസരും തന്നെപ്പോലെ തന്നെയുള്ള മറ്റു ഇന്ത്യന്‍ പുരുഷന്‍മാരുമാണ് എന്ന് തിരിച്ചറിയുന്ന നിമിഷം ഈ ചടങ്ങ് അവസാനിക്കും.

റിസര്‍വേഷന്‍

സ്ളീപ്പറില്‍ രാത്രി യാത്ര ചെയ്യുമ്പോള്‍ കൂടെയുള്ളവര്‍ വൈകുന്നേരം ഏഴരയ്ക്കേ ഭക്ഷണം കഴിച്ച് നടുവിലുത്തെ ബര്‍ത്തൊക്കെ ഉയര്‍ത്തി ലൈറ്റും കെടുത്തി കൂര്‍ക്കംവലി തുടങ്ങിയിട്ടുണ്ടാവും. (ടിവിയുടെ ഉപയോഗം മാറ്റിനിറുത്തിയാല്‍ നാം ഇപ്പോഴും ഗുഹാമനുഷ്യര്‍ തന്നെയാണെന്ന് ഇത് തെളിയിക്കുന്നു)

ഒരിക്കല്‍ സമയം വെറും ഏഴുമണി ആയതേയുണ്ടായിരുന്നുള്ളൂ. കൂടെയുള്ള ഒരു യാത്രക്കാരന്‍, M54 മിഡില്‍ ബര്‍ത്ത്‌ ഉയര്‍ത്താന്‍ ആവശ്യപ്പെട്ടു. എന്റെ തലയുടെ മുകളില്‍ തൂങ്ങിനില്‍ക്കാന്‍ പോകുന്ന ഒരു മിഡില്‍ ബര്‍ത്തിനെപ്പറ്റി ഓര്‍ത്തുകൊണ്ട് ഞാന്‍ അയാളോട് ചോദിച്ചു, “എങ്ങനെ ഇത്രയും നേരത്തെ ഉറങ്ങാന്‍ കഴിയുന്നു?”

അയാള്‍ മറുപടി പറഞ്ഞു, “മോനെ, ഞാന്‍ ഒരു സ്ളീപ്പര്‍ ടിക്കറ്റ് മേടിച്ചപ്പോള്‍ ഞാന്‍ ഒരു ബര്‍ത്ത്‌ മുഴുവനുമാണ് ബുക്ക് ചെയ്തത്. അത് എനിക്ക് മുഴുവനായും ഉപയോഗിക്കണം.”

അയാളുടെ സീറ്റിലിരുന്ന ഒറിയ പയ്യന്‍ ഉപചാരപൂര്‍വ്വം സീറ്റില്‍നിന്ന് എണീറ്റുമാറിയപ്പോഴേ റിസര്‍വേഷന്‍ മുഴുവനായി “ഉപയോഗിച്ചു” കഴിഞ്ഞെന്ന് വിശദീകരിക്കാന്‍ ഞാന്‍ ശ്രമിച്ചു.

“എന്റെ റിസര്‍വേഷന്‍ ഞാന്‍ പിന്നെ വെറുതെ കളയണോ?” അയാള്‍ കടുപ്പിച്ച് പറഞ്ഞു.

ഇന്ത്യന്‍ 'പൈസ മുതലാക്കല്‍ ബുദ്ധി'യോട് വാദിച്ചു ജയിക്കാന്‍ പാടാണ്. റിസര്‍വേഷന്‍ എന്നാല്‍ റിയല്‍ എസ്റ്റേറ്റ് പോലെ മതിലു കെട്ടിത്തിരിച്ച് സംരക്ഷിക്കേണ്ടതാണെന്ന വിശ്വാസത്തില്‍ മാന്യദേഹം ഉറച്ചുനിന്നു. ഇന്ത്യ മാത്രമായിരിക്കും റിസര്‍വേഷന്‍ “വെറുതെ കളയുന്ന”ഏക സ്ഥലം. ഏഴ് നാല്‍പ്പതായപ്പോഴെയ്ക്കും കമ്പാര്‍ട്ടുമെന്റില്‍ ഉള്ളവരെല്ലാം ഉറങ്ങാന്‍ തയ്യാറായിക്കഴിഞ്ഞു. അതുകൊണ്ടായിരിക്കും ചിലപ്പോള്‍ ഇതിനെ “സ്ളീപ്പര്‍ ക്ളാസ്‌” എന്ന് വിളിക്കുന്നത്‌.

പ്ളീസ്‌ അഡ്ജസ്റ്റ്‌ കുടുംബം

M33-യിലെ അച്ഛന്‍, F29-ലെ അമ്മ, M6-ലും F3-ലുമായി രണ്ടുകുട്ടികള്‍, F61-ല്‍ ഒരു മുത്തശ്ശി; ഇത്രയും പേരടങ്ങുന്നതാണ് പ്ളീസ്‌ അഡ്ജസ്റ്റ്‌ കുടുംബം. മുഴുവന്‍ കുടുംബത്തിനുംകൂടി ആകെയുള്ളതാവട്ടെ ഒരു കണ്‍ഫേംഡ്‌ ബര്‍ത്തും. എന്നാല്‍ അവര്‍ ഒരു കുടുംബമാണ്, ഇത് ഇന്ത്യയാണ്, ഇവിടെ കുടുംബമാണ് ആദ്യം വരിക. സാമൂഹിക പ്രോട്ടോക്കോള്‍ പ്രകാരം നിങ്ങള്‍ നിങ്ങളുടെ ബെര്‍ത്തിന്‍മേലുള്ള അവകാശം വെടിഞ്ഞ് കതകിനടുത്ത് പോയി നിന്ന്‍ ‘പ്ളീസ്‌ അഡ്ജസ്റ്റ്‌’ ചെയ്യേണ്ടതാകുന്നു!

M33 കയറിവരുന്നതേ കുറെ സാമാനങ്ങളും ചുമന്നുകൊണ്ടാണ്. കയറിവരുന്ന വരവില്‍ തന്നെ എല്ലാവരോടും കാലുമാറ്റാന്‍ ആവശ്യപ്പെടുകയും ലഗേജ്‌ വയ്ക്കാന്‍ സ്ഥലമുണ്ടോ എന്ന് തിരക്കുകയും ചെയ്യുന്നുണ്ട്. ബെര്‍ത്തിനടിയില്‍ നിന്നു ഒരു വലിയ സൂട്ട്കേസ്‌ വലിച്ചുചാടിച്ച് അയാള്‍ ചോദിച്ചു, “ഇതാരുടെയാണ്?”

“എന്റെ!” ഞാന്‍ മറുപടി പറഞ്ഞു.

സീറ്റിനടിയിലെ പകുതിയോളം സ്ഥലം ഉപയോഗിച്ചതിന് M33 എന്നെ ദഹിപ്പിച്ചൊരു നോട്ടം നോക്കി. പണ്ട്രണ്ടു വലിയ സഞ്ചികളും നാല് എക്സ്ട്രാ ആളുകളെയും ഒരുസീറ്റിനടിയിലും കയറാത്ത ഒരു വലിയചാക്ക് അരിയും ചുമന്നുകൊണ്ട് വന്ന ആളാണ്‌ ‘ഇത്രയധികം സാധനങ്ങള്‍ എന്തിനുകൊണ്ട് വന്നു’ എന്ന ഭാവത്തില്‍ എന്നെ നോക്കിപ്പേടിപ്പിക്കുന്നത്!

F29 ഏതൊരു നല്ല ഇന്ത്യന്‍ ഭാര്യയേയും പോലെ കുഞ്ഞ് F3യെ ഒക്കത്തെടുത്ത് അനുസരണയോടെ ഭര്‍ത്താവിന്റെ പിന്നില്‍ നിന്നിരുന്നു. ഇടയ്ക്കിടെ അവര്‍ M33 കൃത്യമായി ഉള്ള ഇട ഉപയോഗിച്ച് സാധനങ്ങള്‍ വയ്ക്കാത്തതില്‍ വിമര്‍ശിക്കുന്നുണ്ടായിരുന്നു. F61, F29ന്റെ അഭിപ്രായങ്ങളോട് യോജിക്കുന്നുണ്ടായിരുന്നു. അതില്‍നിന്നു എനിക്ക് മനസിലായത് F61 ഞാന്‍ ധരിച്ചത് പോലെ F29ന്റെ അമ്മായിയമ്മയല്ല, അമ്മയാണ് എന്നാണ്.

ഇതിനിടെ മിടുക്കനായ M6 ഉടന്‍തന്നെ ഒരു ‘വിന്‍ഡോ സീറ്റ്‌ കൈക്കലാക്കല്‍’ സമരം ആരംഭിച്ചിരുന്നു. ചെറിയതായത് കൊണ്ടും വെറും ആറുവയസുമാത്രം ഉള്ളതുകൊണ്ടും വിന്‍ഡോ സീറ്റ് M6ന് അവകാശപ്പെട്ടതാണല്ലോ. ഇത്തരം കുബുദ്ധികള്‍ മനസ്സില്‍ മെനഞ്ഞുകൊണ്ട് അവന്‍ നിഷ്കളങ്കമായ മുഖവുമായി എന്റെ അടുത്തെത്തി ഏറ്റവും നിഷ്കളങ്കമായ ഒച്ചയില്‍ ഞാന്‍ എന്ത് പുസ്തകമാണ് വായിക്കുന്നത് എന്ന് ചോദിച്ച് കുശലം പറഞ്ഞു.

അഞ്ചുമിനുറ്റ് കഴിഞ്ഞ് അവന്‍ എന്റെ മടിയില്‍ ഇരുന്ന് ജനലിലൂടെ അപരിചിതര്‍ക്ക് ടാറ്റ കൊടുക്കുകയാണ്. ആര്‍ക്കറിയാം, എന്റെ ബാഗില്‍ ഇരിക്കുന്ന ചോക്ലേറ്റിനെ അപ്പോള്‍ തന്നെ അവന്‍ കണ്ണുവെച്ചുകഴിഞ്ഞിരിക്കണം!

ബാക്കിയുള്ള കുടുംബംഗങ്ങള്‍ എല്ലാവരും എതിര്‍വശത്തിരിക്കുകയും മറ്റുയാത്രക്കാര്‍ ‘പ്ളീസ്‌ അഡ്ജസ്റ്റ്‌’ ചെയ്യുകയും ചെയ്തു.

ട്രെയിന്‍ യാത്ര ചെയ്യുന്ന ഭാര്യ

എന്റെ ലോവര്‍ ബെര്‍ത്തിന് നേരെ എതിര്‍വശത്താണ് കുഞ്ഞിനെയുമായി യാത്രചെയ്യുന്ന യുവ അമ്മയായ F27 ഇരിക്കുന്നത്. കുറച്ചുദിവസം സ്വന്തം വീട്ടില്‍ താമസിച്ചശേഷം ഭര്‍ത്താവിന്റെ അരികിലേയ്ക്ക് തിരിച്ചുപോവുകയാവണം. കുട്ടിയുമായി തനിച്ചുയാത്ര ചെയ്യുന്നത് കൊണ്ട് സ്വാഭാവികമായും മാതാപിതാക്കളും ഭര്‍ത്താവും വേവലാതിയിലാണ്. തത്ഫലമായി ഓരോ പത്തുമിനുറ്റ് കൂടുമ്പോഴും ഏതു സ്റ്റേഷന്‍ കഴിഞ്ഞുവെന്നും കുട്ടി ഉറങ്ങുകയാണോ എന്നും അന്വേഷിച്ചുകൊണ്ട് ഭര്‍ത്താവ്‌ വിളിച്ചുകൊണ്ടേയിരുന്നു.

സ്റ്റേഷനുകളെപ്പറ്റി എനിക്ക് കൂടുതലൊന്നും പറയാന്‍ കഴിയില്ല. എന്നാല്‍ ഇങ്ങനെ തുടരെ വിളിക്കുന്നതില്‍നിന്നു കുട്ടിയുടെ അച്ഛന്‍ പിന്മാറുകയോ ഫോണ്‍ സൈലന്റ് മോഡില്‍ ഇടുന്നതിന് അമ്മ ശ്രമിക്കുകയോ ചെയ്തിരുന്നെങ്കില്‍ ഒരു പക്ഷെ നിര്‍ത്താതെ കരയുന്നത് നിറുത്തി കുട്ടി ഉറങ്ങിയേനെ. (മാതാപിതാക്കളോട് ഒരുവാക്ക്: ഓരോ പത്തു മിനിറ്റ് കൂടുമ്പോഴും ഒരേ റിംഗ്ടോണ്‍ തന്നെ കേള്‍ക്കുന്നത് കുഞ്ഞുങ്ങള്‍ക്ക്‌ പോലും വെറുപ്പാണ്)

മാതൃത്വമെന്ന ജോലി ഏറെ ശ്രമകരമായതുകൊണ്ട് F27 തളര്‍ന്നിട്ടുണ്ടാവണം. രാജ്യത്തിലെ മറ്റു സ്ളീപ്പര്‍ ക്ളാസ്‌ മനുഷ്യരെപ്പോലെ അവരും ഏഴരയായപ്പോഴേ ഉറങ്ങി. പിറ്റേന്ന് പല്ലുതേക്കാതെ ഉറക്കച്ചടവോടെ കുറ്റിത്താടിയും പഴഞ്ചന്‍ ടീഷര്‍ട്ടും അലക്കാത്ത ഷോട്ട്‌സും ഇട്ട് വണ്ടിയുടെ താക്കോല്‍ അക്ഷമയോടെ വിരലിലിട്ടു കറക്കി ബാച്ചിലര്‍ ജീവിതം ഒന്നുകൂടി ആഘോഷിച്ചതിന്റെ ഹംഗോവറുമായി പെട്ടികള്‍ ചുമന്നു നടക്കാന്‍ എത്തുന്ന ഭര്‍ത്താവിനെ സ്വപ്നം കാണുകയാവും അവര്‍.

ഏകാകിയായ ടെക്കി

വെള്ളിയാഴ്ച രാത്രികളിലും ഞായറാഴ്ച രാത്രികളിലുമാണ് M26നെ ട്രെയിനില്‍ കാണുക. ബാംഗ്ളൂരിലോ ഹൈദ്രാബാദിലോ സോഫ്റ്റ്‌വെയര്‍ ഡൂഡായ ഇദ്ദേഹം തന്റെ നാട്ടിലേയ്ക്കുള്ള ചെറിയ വീക്കെന്‍ഡ് യാത്രയിലാണ്. M26 എവിടെ നിന്നാണ് ട്രെയിനില്‍ കയറുന്നതെന്ന് ആരും അറിയില്ല. സഹയാത്രികരുമായി അധികം സമ്പര്‍ക്കമില്ലാത്തതുകൊണ്ട് M26-നെപ്പറ്റി ആര്‍ക്കും ഒന്നും അറിയില്ലായിരിക്കും.

ആകെ നമുക്ക് അറിയുന്നത് ഇത്രമാത്രമാണ്. കയറിയാലുടന്‍തന്നെ ഇദ്ദേഹം അപ്പര്‍ ബര്‍ത്തില്‍ കയറും. അപ്പര്‍ ആണ് ഇദ്ദേഹത്തിന്റെ സ്ഥിരം ബര്‍ത്ത്‌. രണ്ടുദിവസത്തേയ്ക്കുള്ള ഉടുപ്പുകള്‍ കുത്തിനിറച്ച ലാപ്ടോപ്പ് ബാഗും കയ്യിലുണ്ടാകും.

ട്രെയിന്‍ സ്റ്റേഷനില്‍ നിന്ന് വിട്ടാലുടന്‍ M26 അസ്വസ്ഥനായിത്തുടങ്ങും. പതുക്കെ സഞ്ചരിക്കുന്ന ഈ ജീവിതം അയാളെ ബോറടിപ്പിക്കുന്നുണ്ട്. M26 ഒരു പ്രൈവറ്റ് വ്യക്തിയാണ്, അയാള്‍ക്ക്‌ പ്രൈവറ്റ്‌ ഇന്റര്‍നെറ്റ് കണക്ഷനമുണ്ട്. അയാള്‍ ലാപ്ടോപ്‌ എടുത്ത് ഓഫീസ്‌ വിപിഎന്‍ തുറന്ന് ഒന്നുകൂടി ഇമെയില്‍ പരിശോധിക്കുന്നു. ഫേസ്‌ബുക്കിലും ട്വിറ്ററിലും സ്റ്റാറ്റസുകള്‍ അപ്പ്‌ഡേറ്റ് ചെയ്തശേഷം അച്ഛന്‍ തെരഞ്ഞെടുത്ത പല പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ വിവിധ മാട്രിമോണിയല്‍ സൈറ്റുകളില്‍ പരിശോധിക്കുന്നു. അതും ഇയാളെ ബോറടിപ്പിക്കുന്നു. അല്ലെങ്കിലും അത് തന്നെയാണല്ലോ ദിവസം മുഴുവന്‍ ഓഫീസിലും ചെയ്തുകൊണ്ടിരുന്നത്!

M26 വീണ്ടും അസ്വസ്ഥനായി. ഇത്തവണ തന്റെ ഇയര്‍ഫോണുകള്‍ പുറത്തെടുത്ത് ഇന്നലെ രാത്രി പാതികണ്ടുനിറുത്തിയ ഏറ്റവും പുതിയ സിനിമയുടെ പൈറേറ്റഡ് കാമറ പ്രിന്റ്‌ കാണാന്‍ തുടങ്ങി. ഒരുമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ലാപ്‌ടോപ്പിന്റെ ബാറ്ററി തീരാന്‍ തുടങ്ങി. ലാപ്‌ടോപ്പിനെ ശപിച്ചുകൊണ്ട് അയാള്‍ പാന്‍ട്രിയില്‍ ഉണ്ടാക്കിയ മുട്ടബിരിയാണി തിന്നു. അതിനുശേഷം ഉറങ്ങുന്നതിനുമുന്‍പ് ഗുഡ്‌നൈറ്റ്‌ എസ് എം എസുകള്‍ ഫോര്‍വേഡ്‌ ചെയ്യാന്‍ തുടങ്ങി.

യാത്ര പകലാണെങ്കില്‍ ഇയാള്‍ എക്സ്ട്രാലാര്‍ജ്‌ ലെന്‍സുള്ള ഡിഎസ്എല്‍ആര്‍ കാമറയുംകൊണ്ട് കതകിനടുത്തേക്ക് നീങ്ങും. ശ്രദ്ധാപൂര്‍വം നില്‍ക്കാന്‍ ഒരിടം തെരഞ്ഞെടുത്തശേഷം പശുക്കളുടെയും വയലുകളുടെയും മരങ്ങളുടെയും ബ്ളാക്ക് ആന്‍ഡ്‌ വൈറ്റ്‌ മോഡില്‍ ട്രാക്കിനരികിലെ ചേരികളിലുള്ള പാവപ്പെട്ട മനുഷ്യരുടെയും ഫോട്ടോ എടുക്കാന്‍ തുടങ്ങും.

ക്ളിക്ക് ചെയ്യാന്‍ കഴിയുന്നതിനുമുന്‍പ് ദൃശ്യങ്ങള്‍ കടന്നുപോകുന്നത് കൊണ്ട് ഉദ്ദേശിച്ച ഫലമൊന്നും ഫോട്ടോകളില്‍ M26-ന് കിട്ടാറില്ല. അല്‍പ്പനേരം സംശയിച്ചു നിന്നശേഷം ഫോട്ടോയെടുക്കാന്‍ ലൈറ്റ്‌ പോര എന്നു പ്രഖ്യാപിച്ചുകൊണ്ട് അപ്പര്‍ബര്‍ത്തില്‍ കയറി മാക്രോമോഡില്‍ തന്റെ വിരലുകളുടെ ഫോട്ടോ എടുക്കാന്‍ തുടങ്ങും. ഇത്തവണ തന്റെ ഫോട്ടോകളില്‍ തൃപ്തനായ ഇദേഹം കാമറ പാക്ക്‌ ചെയ്തുവെയ്ക്കും. വീട്ടില്‍ ചെന്നാലുടന്‍ ഫേസ്‌ബുക്കില്‍ ഈ ഫോട്ടോകളിടാം, സുഹൃത്തുക്കള്‍ക്ക് ഇവ “ലൈക്‌” ചെയ്ത് തുടങ്ങാം!

ആരുമായും നേര്‍ക്കുനേര്‍ നോക്കാതെ സ്ളീപ്പര്‍ക്ലാസില്‍ യാത്ര ചെയ്യുന്ന കല സ്വായത്തമാക്കിയ ചുരുക്കം ആളുകളില്‍ ഒരാളാണ് M26!

ദി സൌണ്ട് ഓഫ് മ്യൂസിക്‌

(മികച്ച റിസള്‍ട്ടിനായി ഈ ഭാഗം ഡേവിഡ്‌ ആറ്റന്‍ബറോ വായിക്കുന്നതായി സങ്കല്‍പ്പിക്കുക.)

സൈഡ് ലോവര്‍ ബര്‍ത്തിലാണ് നമ്മുടെ പയ്യന്‍. ഇദ്ദേഹം വെറും പയ്യനല്ല. ഇദ്ദേഹമാണ് നമ്മുടെ പ്രശസ്തനായ ദേശി പയ്യന്‍. നമ്മുടെ നാടിന്റെ മാത്രം പ്രത്യേകതയായ ദേശി പയ്യന്‍മാര്‍ കാഴ്ചകളാസ്വദിച്ചും കാറ്റ് കൊണ്ടും ടോയിലറ്റില്‍ കയറുന്ന പെണ്‍കുട്ടികളെ കമന്റടിച്ചും വാതിലില്‍ തൂങ്ങിനിന്നാണ് കൂടുതല്‍ നേരവും ചെലവഴിക്കുക.

ഈ ദേശി പയ്യന്‍ തനിച്ചായിരുന്നു യാത്ര. കൂട്ടുകാര്‍ കൂടെയില്ലാതെ വാതിലില്‍ തനിക്ക് കാര്യമായൊന്നും ചെയ്യാനില്ലെന്ന് ടിയാന്‍ തിരിച്ചറിഞ്ഞു. ഭാഗ്യവശാല്‍ ദേശി പയ്യന്റെ പക്കല്‍ ദേശി ലുക്കുള്ള ചൈനീസ്‌ ഫോണ്‍ ഉണ്ടായിരുന്നു. അതിനു എക്സ്ട്രാ ലൗഡ്‌ സ്പീക്കറും ചോദ്യം ചെയ്യപ്പെടാവുന്ന ബാറ്ററി ലൈഫും ഉണ്ടായിരുന്നു. അങ്ങനെ അദ്ദേഹം അന്നു വൈകുന്നേരം ടിജെ (ടി ഫോര്‍ ട്രെയിന്‍) ആകാന്‍ തീരുമാനിച്ചു.

ഒരു ടിജെയുടെ ജീവിതം അത്ര എളുപ്പമല്ല. തന്റെ സഹയാത്രികരായ സ്ളീപ്പര്‍ ക്ളാസ്‌ പൌരന്‍മാരുടെ വൈകുന്നേരം ഉല്ലാസകരമാക്കാന്‍ ദേശി പയ്യന്‍ തീരുമാനിച്ചു. താന്‍ എടുത്ത റിസ്ക്കിനെപ്പറ്റി ദേശി പയ്യന് കൃത്യമായ ബോധ്യമുണ്ട്. ഒരു മോശം പാട്ടുകൊണ്ട് സഹയാത്രികരുടെ സഹൃദയവും ഫോണിന്റെ ബാറ്ററി ലൈഫും നഷ്ടമാകും.

എണ്‍പതുകളില്‍ നിന്നോ തൊണ്ണൂറുകളുടെ ആദ്യത്തില്‍ നിന്നോ ഉള്ള ചില ശോകഗാനങ്ങളോടെ ദേശിപയ്യന്‍ തുടങ്ങും. പാട്ടുകള്‍ പാടിയത് ഉച്ചസ്ഥായിലുള്ള സ്ത്രീ ശബ്ദമോ അല്ലെങ്കില്‍ കുമാര്‍ സാനുവോ ആയിരിക്കും. ഫോണില്‍ ബാസ് ഒന്നും ഇല്ലെങ്കിലും വിലകുറഞ്ഞ സ്പീക്കറിലൂടെ വരുന്ന മെലഡി ഗാനം വിരസമായ ഒരു മൂളല്‍ ഉണ്ടാക്കുന്നുണ്ട്. ഓരോ പാട്ട് കഴിയുമ്പോഴും ആത്മവിശ്വാസമേറിവരുന്ന പയ്യന്‍ പതിയെ തന്റെ പ്രിയപ്പെട്ട പ്ളേ ലിസ്റ്റിലേയ്ക്ക് കടക്കുന്നു - ഏറ്റവും പുതിയ ധിന്‍ചക്ക് തെലുങ്ക്‌ ഹിറ്റുകള്‍!

(വിവര്‍ത്തനം: പ്രഭാ സക്കറിയാസ്)

Article Courtesy: The Train Travleres Guide To The Country (www.the-nri.com)


Next Story

Related Stories