TopTop
Begin typing your search above and press return to search.

ഇംഗ്ളീഷോ? വേണ്ടേ വേണ്ടായേ!

ഇംഗ്ളീഷോ? വേണ്ടേ വേണ്ടായേ!

എഡ്വേഡ്‌ കോഡി


പറയുന്നതെല്ലാം ഫ്രഞ്ചില്‍ തന്നെയായിരുന്ന കാലം വിദൂരമായിരുന്നില്ല. ബിസിനസും നയതന്ത്രവും ഫ്രഞ്ചിലായിരുന്നു. അറിവ്‌ ആര്‍ജിക്കുന്നതും ഫ്രഞ്ചിലായിരുന്നു. ഫ്രഞ്ച്‌ മാത്രം അറിയാവുന്നവര്‍ ആവോളം യാത്ര ചെയ്‌തു. എന്തിന്‌, കമിതാക്കള്‍ തികഞ്ഞ ഫ്രഞ്ചില്‍ മധുരം നുകര്‍ന്നു. ഇപ്പോള്‍ ഇതെല്ലാം ഇംഗ്ളീഷിലായിത്തുടങ്ങിയതു ഫ്രഞ്ചുകാരെ ചിന്തിപ്പിക്കുന്നു. ഭാഷയ്‌ക്ക്‌ അങ്ങേയറ്റം പരിഗണന നല്‍കുന്ന രാജ്യമാണിത്‌. ഭാഷയുടെ പ്രോത്സാഹനത്തിന്‌ ഒരു മന്ത്രാലയം തന്നെയുണ്ട്‌. സ്വാഭാവികമായും പുതിയ പ്രവണതയ്‌ക്കെതിരെ ഫ്രാന്‍സ്‌ ചൂടേറിയ ചര്‍ച്ചകളിലാണ്‌. അതു തീര്‍ത്തും ഫ്രഞ്ചില്‍ തന്നെ.

ഫ്രഞ്ച്‌ സര്‍വകലാശാലകളില്‍ ഇംഗ്ളീഷില്‍ പഠിപ്പിക്കുന്ന കൂടുതല്‍ കോഴ്‌സുകള്‍ തുടങ്ങുന്നതിന്‌ ഉന്നത വിദ്യാഭ്യാസ മന്ത്രി ജനെവിവെ ഫയറാസോ ബില്‍ അവതരിപ്പിച്ചത്‌ അടുത്ത കാലത്താണ്‌. ഇംഗ്ളീഷില്‍ പഠിപ്പിക്കുന്നുവെന്നല്ലാതെ ഇംഗ്ളീഷ്‌ പാഠ്യവിഷയമല്ല. ചൈന, ബ്രസീല്‍, ഇന്ത്യ തുടങ്ങി ഇംഗ്ളീഷിനു പ്രാധാന്യം കല്‍പിക്കുന്ന രാജ്യങ്ങളില്‍ നിന്നു വിദ്യാര്‍ഥികളെ ആകര്‍ഷിക്കുകയാണു ലക്ഷ്യമെന്നു മന്ത്രി വിശദീകരിക്കുകയും ചെയ്‌തു. ഈ രാജ്യങ്ങളില്‍ ഇപ്പോള്‍ ഫ്രഞ്ചിനു സാഹിത്യപരമായ പ്രാധാന്യമേയുള്ളൂ.


'പത്തു വര്‍ഷം മുന്‍പ്‌ വിദേശ വിദ്യാര്‍ഥികളെ ആകര്‍ഷിക്കുന്നതില്‍ മൂന്നാം സ്ഥാനത്തായിരുന്ന നാം ഇപ്പോള്‍ അഞ്ചാം സ്ഥാനത്തേയ്‌ക്കു പിന്തള്ളപ്പെട്ടിരിക്കുന്നു. ഇംഗ്ളീഷ്‌ വിദ്യാഭ്യാസത്തിനു ജര്‍മനി പ്രാധാന്യം നല്‍കിയപ്പോള്‍ നാം പിന്നോട്ട് പോയി - നൗവല്‍ ഒബ്‌സര്‍വേറ്റര്‍ മാസികയിലെ ചോദ്യോത്തര പംക്തിയില്‍ അവര്‍ പറഞ്ഞു. ഇംഗ്ളീഷ്‌, ധനശാസ്‌ത്ര വിഷയങ്ങളില്‍ അധ്യാപികയായിരുന്ന ഫയറാസോയുടെ വാക്കുകളില്‍ ദേശസ്‌നേഹം നിറയുന്നുണ്ട്‌. എങ്കിലും അവര്‍ ഇപ്പോള്‍ വിവാദങ്ങള്‍ക്കു നടുക്കാണ്‌. പാരിസിലെ ബുദ്ധിജീവി വൃന്ദത്തില്‍ നിന്നു മാത്രമല്ല, പാര്‍ലമെന്റേറിയന്മാരില്‍ നിന്നും ശക്തമായ എതിര്‍പ്പ്‌. ഫ്രാന്‍സിലെ വിദേശ വിദ്യാര്‍ഥികള്‍ ഫ്രഞ്ച്‌ പഠിക്കുക തന്നെ വേണ്ടതാണെന്ന്‌ വിമര്‍ശകര്‍ ഒരേ സ്വരത്തില്‍ പറയുന്നു.


യുഎസ്‌, യൂറോപ്യന്‍ സ്വതന്ത്ര വ്യാപാര കരാറുകളുടെ പശ്ചാത്തലത്തില്‍ ഫ്രാന്‍സ്‌ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച്‌ ഇപ്പോള്‍ തന്നെ രാജ്യം ആശങ്കയിലാണ്‌. ഫ്രഞ്ച്‌ സംസ്‌കാരം അമേരിക്കന്‍ ഉല്‍പന്നങ്ങളുടെ സൂനാമിയില്‍ കുത്തിയൊലിച്ചു പോകുമെന്ന്‌ അവര്‍ ഭയക്കുന്നു. കലാ, സാംസ്‌കാരിക രംഗത്ത്‌ ഒട്ടേറെ സ്വയംസംരക്ഷണ നടപടികള്‍ അവര്‍ സ്വീകരിച്ചു വരുന്നുമുണ്ട്‌. സാംസ്‌കാരികത്തനിമ നിലനിര്‍ത്താനുള്ള ശ്രമങ്ങളെ കരാറില്‍ നിന്നു വേറിട്ട് നിര്‍ത്തണമെന്നാണു ഫ്രാന്‍സിന്റെ ആവശ്യം. ഈ ആവശ്യമുന്നയിച്ചു സംയുക്ത പ്രസ്‌താവന നടത്താന്‍ സാംസ്‌കാരിക മന്ത്രി ഓറേലി ഫിലിപ്പേറ്റി 13 യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളെ പ്രേരിപ്പിക്കുകയും ചെയ്‌തു. കള്‍ച്ചറല്‍ സബ്‌സിഡി തുടരുന്നതിന്‌ അനുവദിച്ചില്ലെങ്കില്‍ അംഗരാജ്യങ്ങളുടെ സാംസ്‌കാരിക പൈതൃകം കൈമോശം വരുമെന്ന്‌ അവര്‍ മുന്നറിയിപ്പു നല്‍കുന്നു.


പുതിയ നീക്കത്തിനെതിരായ നീക്കങ്ങളുടെ തലപ്പത്തു ജാക്വിസ്‌ അറ്റാലിയുമുണ്ട്‌. മുന്‍ പ്രസിഡന്റ്‌ ഫ്രാന്‍സിസ്‌ മിത്തറാങ്ങിന്റെ ഉപദേശകനായിരുന്നു അറ്റാലി. ആഗോള പ്രശ്‌നങ്ങള്‍ക്കു ശാശ്വത പരിഹാരമുണ്ടായില്ലെങ്കില്‍ സാര്‍വത്രിക സാമ്പത്തിക നാശമുണ്ടാകുമെന്ന താക്കീതുമായി അദ്ദേഹത്തിന്റെ നിരവധി പുസ്‌തകങ്ങള്‍ പുറത്തിറങ്ങിയിരിക്കുന്നു. ഭരണഘടനാ വ്യവസ്ഥകള്‍ക്കു വിരുദ്ധമായ നീക്കത്തെ ശുദ്ധ മഠയത്തരമെന്നാണ്‌ അദ്ദേഹം വിളിക്കുന്നത്‌. ഉന്നത വിദ്യാഭ്യാസത്തിനു റജിസ്റ്റര്‍ ചെയ്യുന്ന 23 ലക്ഷം വിദ്യാര്‍ഥികളില്‍ 13 ശതമാനം വിദേശികളാണെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ജര്‍മനിയിലേതിനെക്കാള്‍ കൂടുതലാണിത്‌.

അറ്റാലിക്കു ഫ്രഞ്ച്‌ അക്കാദമിയുടെ പിന്തുണ ഉടന്‍ ലഭിച്ചു. ഭാഷ അന്യം നിന്നു പോകുമെന്നായിരുന്നു അവരുടെ മുന്നറിയിപ്പ്‌. തത്വചിന്തകനായ മൈക്കിള്‍ സെറസ്‌ വൈദേശികാധിപത്യത്തിനെതിരെ മുന്നറിയിപ്പു നല്‍കി. വൈദേശികാധിപത്യമെന്നാല്‍ ഫ്രഞ്ചുകാരുടെ മനസിലുള്ളത്‌ അമേരിക്കന്‍ ആധിപത്യമാണ്‌. ഇംഗ്ളീഷിലുള്ള വിദ്യാഭ്യാസം കോളനീകരണത്തിനു കാരണമാകും, മാതൃഭാഷയെ കോളനി തകര്‍ത്തു കളയും - അവര്‍ പറയുന്നു.


പാവപ്പെട്ടവരും പണക്കാരും തമ്മില്‍ വര്‍ധിക്കുന്ന അന്തരത്തെക്കുറിച്ച്‌ ഇന്റര്‍നെറ്റിലും മുന്നറിയിപ്പുകള്‍ പെരുകുന്നു. സാമ്പത്തിക ഭദ്രതയുള്ള കുടുംബങ്ങള്‍ മാത്രമാണു കുട്ടികളെ അമേരിക്കയിലും ഇംഗ്ളണ്ടിലും അയച്ചു പഠിപ്പിക്കുന്നത്‌. ഇത്തരക്കാര്‍ക്കു മാത്രമേ ഇംഗ്ളീഷില്‍ പഠിപ്പിക്കുന്ന സ്ഥാപനങ്ങളിലും മക്കളെ പഠിപ്പിക്കാന്‍ കഴിയൂ എന്നാണു വാദം.


വിദേശ വിദ്യാര്‍ഥികളടെ കുത്തൊഴുക്കിനു തടയിടാന്‍ ഫ്രഞ്ച്‌ വിദ്യാഭ്യാസം സഹായിക്കുന്നുവെന്നും വാദമുണ്ട്‌. എന്നാല്‍, ശാസ്‌ത്രകാരന്മാര്‍ ഇംഗ്ളീഷ്‌ അനുകൂലികളാണ്‌. ആഗോള തലത്തില്‍ ശാസ്‌ത്ര രംഗത്തു സംവാദമുണ്ടാകുന്നത്‌ ഇംഗ്ളീഷിലായതു കൊണ്ട്‌ ഫ്രഞ്ച്‌ വിദ്യാര്‍ഥികള്‍ക്കും ഇംഗ്ളീഷ്‌ വിദ്യാഭ്യാസം ഗുണകരമാകുമെന്ന്‌ അവര്‍ കരുതുന്നു. പ്രഖ്യാതമായ സയന്‍സ്‌ പോ എന്ന ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ്‌ പൊളിറ്റിക്കല്‍ സ്റ്റഡീസിലെ ഗവേഷകന്‍ നിക്കോള്‍ ബക്കാരനും വിമര്‍ശകരെ എതിര്‍ക്കുന്നു. പരിഷ്‌കൃത ലോകത്തിന്റെ ഭാഷയെന്ന നിലയില്‍ ഫ്രഞ്ചിന്റെ കാലം കഴിഞ്ഞെന്നു തിരിച്ചറിയാനാണ്‌ അദ്ദേഹത്തിന്റെ ഉപദേശം. ഗൃഹാതുരതയില്‍ വേറുറപ്പിച്ച വിഡ്ഡിത്തമാണ്‌ ഈ സങ്കല്‍പം. ഫ്രഞ്ചാണ്‌ നയതന്ത്ര ഭാഷ, ഫ്രാന്‍സിന്റെ മഹത്തായ സംസ്‌കാരം സംരക്ഷിക്കപ്പെടണം തുടങ്ങിയ കാലഹരണപ്പെട്ട ആശയങ്ങളോടു വിട പറയാറായെന്നു തന്നെ അദ്ദേഹം കരുതുന്നു.


സര്‍വകലാശാല തലത്തില്‍ ഫ്രഞ്ചില്‍ വിദ്യാഭ്യാസം നടത്തണമെന്ന്‌ അനുശാസിക്കുന്ന നിയമം 1994 മുതല്‍ നിലവിലുണ്ട്‌. എന്നാല്‍ ഹയര്‍ കൊമേഴ്‌സ്യല്‍ സ്റ്റഡീസ്‌, സയന്‍സ്‌പോ തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങള്‍ ഏറെ നാളായി ഇംഗ്ളീഷിലും ക്ലാസുകള്‍ നടത്തി വരുന്നു.


ഈ സ്ഥാപനങ്ങള്‍ക്ക്‌ അനുവദിച്ചു വരുന്ന ഇളവുകള്‍ കൂടുതല്‍ കോഴ്‌സുകളിലേയ്‌ക്കു വ്യാപിപ്പിക്കാനാണു ഫിയറാസോയുടെ ബില്‍ ലക്ഷ്യമിടുന്നത്‌. സയന്‍സ്‌ വിഷയങ്ങള്‍ പഠിപ്പിക്കുന്ന വിദേശ പ്രഫസര്‍മാര്‍ക്ക്‌ ഇംഗ്ലിഷില്‍ തന്നെ ക്ളാസുകളെടുക്കാന്‍ ഇതു സഹായിക്കും. ഇതേസമയം, മന്ത്രി ആശയക്കുഴപ്പത്തിന്റെ പിടിയിലാണെന്നു ബില്ലിനെ എതിര്‍ക്കുന്ന അഭിഭാഷകന്‍ പൗറിയ അമിര്‍ഷാഹി പറയുന്നു. വിദേശഭാഷ പഠിപ്പിക്കുന്നതു നല്ലതു തന്നെ. എന്നാല്‍ ഫ്രഞ്ച്‌ സര്‍വകലാശാലകളില്‍ പഠിപ്പിക്കുന്നതു ഫ്രഞ്ചില്‍ തന്നെയാവണം. ലോകമെങ്ങും പ്രചാരമുള്ള ഭാഷയായി ഫ്രഞ്ചിനെ വളര്‍ത്തുകയെന്ന ദേശീയ ലക്ഷ്യത്തിലേയ്‌ക്കുള്ള ചുവടു കൂടിയാണിത്‌ - അദ്ദേഹം ഓര്‍മിപ്പിക്കുന്നു.


ഫ്രഞ്ച്‌ മഹത്വത്തെക്കുറിച്ചു വ്യക്തിപരമായ അനുഭവമുള്ളയാളാണ്‌ അമിര്‍ഷാഹി. ദേശീയ നിയനിര്‍മാണ സഭയില്‍ വടക്കന്‍ ആഫ്രിക്കയിലെ ഫ്രഞ്ച്‌ പ്രവാസികളുടെ പ്രതിനിധിയാണ്‌ അദ്ദേഹം. ഫ്രാന്‍സിന്റെ കോളനിയായിരുന്ന വടക്കന്‍ ആഫ്രിക്കയിലെ അറബി ഭാഷക്കാര്‍ക്കിടയില്‍ ഫ്രഞ്ചിനു കാര്യമായ പ്രചാരമുണ്ട്‌. ഭാഷയെ നിലനിര്‍ത്തണം, നമ്മുടെ മുന്‍ഗണനകള്‍ തിരിച്ചറിയണം - അമിര്‍ഷാഹി പറയുന്നു.

(വാഷിങ്‌ടണ്‍ പോസ്റ്റ്‌ )


Next Story

Related Stories