TopTop
Begin typing your search above and press return to search.

സേതുലക്ഷ്മി : ഒരു സിനിമ സമൂഹത്തോട് ചെയ്യുന്നത്

സേതുലക്ഷ്മി :  ഒരു സിനിമ സമൂഹത്തോട് ചെയ്യുന്നത്

ജെസ്സി ലൈല ജോയ്

അഞ്ചു സുന്ദരികളില്‍ ഷൈജു ഖാലിദിന്റെ 'സേതുലക്ഷ്മി' പ്രേക്ഷകര്‍ ഒന്നടങ്കം നെഞ്ചിലെറ്റിയ സിനിമയാണ്. മികച്ച രീതിയില്‍ സംവിധാനം ചെയ്ത സിനിമയാണെന്നിരിക്കെ ഇത് മുന്നോട്ടു വയ്ക്കുന്ന പൊതു വികാരം അപകടകരമാണ് എന്നിടത്താണ് ഈ സിനിമയോട് വിയോജിക്കേണ്ടി വരുന്നത്. സംവിധായകന്‍ വേട്ടക്കാരനെ ബുദ്ധിപൂര്‍വ്വം പ്രേക്ഷകരുടെ മുന്നിലേക്ക് ഇട്ടുകൊടുത്ത് അവനെ കല്ലെറിഞ്ഞു കൊല്ലാനായി പ്രേരിപ്പിച്ച് ഒരു സമൂഹത്തെ മുഴുവന്‍ കൊലപാതകികളാക്കുന്ന കുറ്റകൃത്യം മഹത്വവല്ക്കരിക്കപ്പെടുകയും അദ്ദേഹം പുതിയ തലമുറയുടെ ആദര്‍ശ ധീരനായ പ്രതിനിധിയായി വാഴ്ത്തപ്പെടുകയും ചെയ്യുന്ന പ്രതിഭാസമാണ് കുറച്ചു ദിവസങ്ങളായി കാണാന്‍ കഴിയുന്നത്. പീഡിപ്പിക്കുന്ന കഥാപാത്രത്തിന്റെ ചോരക്കു വേണ്ടി പ്രേക്ഷകര്‍ ഒന്നടങ്കം മുറവിളി കൂട്ടുന്നതെന്തുകൊണ്ട് ?

'സേതുലക്ഷ്മി', അവളെ എല്ലാവര്‍ക്കുമറിയാം. സൂഷ്മമായ നിരീക്ഷണങ്ങളിലൂടെയും കുഞ്ഞു മനസിന്റെ വികാര വിചാരങ്ങളിലൂടെയും സിനിമ മുന്നോട്ടു പോകുമ്പോള്‍ അവളുടെ കുഞ്ഞു ലോകം പ്രേക്ഷകരുടെതും കൂടെയാകുന്നു. അവള്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ടവളാകുന്നു. നമുക്ക് നാട്ടിലും വീട്ടിലും നമുക്കുള്ളിലും അവളുണ്ട്. എന്നാല്‍ പീഡിപ്പിക്കുന്ന ആള്‍ എല്ലാവര്‍ക്കും അന്യനാണ്. അയാള്‍ക്ക് ഒരു ചരിത്രമില്ല, ബന്ധങ്ങളില്ല, സുഹൃത്തുക്കളില്ല. സിനിമ കണ്ടുകൊണ്ടിരിക്കുന്ന എല്ലാവര്‍ക്കും അയാള്‍ അന്യനാണ്. പ്രേക്ഷകരുടെ സുഹൃത്തുക്കളിലോ ബന്ധുക്കളിലോ തങ്ങളില്‍ തന്നെയോ എവിടെയും അയാളില്ല, ഏറ്റവും കൂടുതല്‍ ബാല ലൈംഗീക പീഡനങ്ങള്‍ വീടുകളിലും അതിനോട് ബന്ധപ്പെട്ട സ്ഥാപനങ്ങളിലുമാണ് സംഭവിക്കുന്നത് എന്ന യാഥാര്‍ത്യത്തെ സിനിമ കണ്ടില്ലെന്നു നടിക്കുന്നു. അതിലൂടെ പ്രേക്ഷകരെ വിശുദ്ധരാക്കി സംവിധായകന്‍ സുരക്ഷിതമായ ഒരു ഗെയിം കളിക്കുന്നു. എന്നിട്ട് അവരോടു അഭിമാനപൂര്‍വ്വം കൊലപാതകികള്‍ ആകാന്‍ പ്രേരിപ്പിക്കുന്നു. സ്വന്തം കുഞ്ഞിനെ അപരിചിതനായ ഒരാള്‍ പീഡിപ്പിച്ചാല്‍ അയാളെ കൊല്ലുന്നതിനെക്കുറിച്ച് ആലോചിക്കുന്നത് എളുപ്പമാണ്. മാനസിക രോഗിയായ നിങ്ങളുടെ അച്ഛന്‍ വേറൊരാളുടെ കുഞ്ഞിനെ പീഡിപ്പിച്ചാല്‍ സ്വന്തം അച്ഛനെ കൊല്ലുന്നതിനെക്കുറിച്ച് ആലോചിക്കുന്നത് അത്ര എളുപ്പമാണെന്ന് തോന്നുന്നില്ല. അതിനു പകരം അച്ഛന്‍ അത് ചെയ്യാതിരുന്നെങ്കില്‍ എന്ന് എങ്കിലും ആഗ്രഹിച്ചു പോകില്ലേ, അല്ലെങ്കില്‍ എന്തുകൊണ്ട് എന്റെ അച്ഛന്‍ അങ്ങനെ ചെയ്തു എന്നൊരു ചോദ്യത്തെയെങ്കിലും അഭിമുഖീകരിക്കില്ലേ!

ആകാശത്ത് നിന്ന് പൊട്ടി വീണ് ഊരും പേരുമില്ലാത്ത അപരിചിതനായ ഒരു ഫോട്ടോഗ്രാഫര്‍, പ്രേക്ഷകര്‍ക്ക് അയാളെ തിരിച്ചറിയാനായി ജോലിയും തൊലിയുടെ നിറവും അയാളുടെ രൂപവും മാത്രമേ സിനിമ മുന്നോട്ടു വെക്കുന്നുള്ളൂ. സിനിമ എന്ന മാധ്യമത്തിന് ഒരു സമൂഹത്തെ സ്വാധീനിക്കാന്‍ കഴിയില്ല എന്ന് പറയുമ്പോള്‍ പോലും നമ്മളാരും അറിയാതെ അത് നമ്മുടെ ബോധമണ്ഡലത്തെ രൂപപ്പെടുത്തുന്നതില്‍ നിര്‍ണായകമായ സ്വാധീനം ചെലുത്താറുണ്ട് എന്നത് നിഷേധിക്കാനാവില്ല. തീവ്രവാദം എന്ന് കേള്‍ക്കുമ്പോള്‍ മുസ്ലിം മതാചാര പ്രകാരം വസ്ത്രം ധരിക്കുന്ന താടി നീട്ടി വളര്‍ത്തിയ മനുഷ്യരുടെ മുഖങ്ങള്‍ മലയാളികളുടെ ഉള്ളില്‍ തെളിഞ്ഞു വരുന്നതിനു മേജര്‍ രവി, ഷാജി കൈലാസ് സിനിമകള്‍ വഹിച്ച പങ്ക് ആരും മറന്നു കാണാന്‍ ഇടയില്ല. സംവിധായകന്റെ അത്തരത്തിലുള്ള പഴകിയ രൂപ സദൃശ്യപരമായ ബോധം ഒരു സമൂഹത്തിന്റെ മുന്‍പില്‍ അവതരിപ്പിക്കുമ്പോള്‍ അതോടൊപ്പം തന്നെ സമാന പ്രത്യേകതകളുള്ള ഒരു വിഭാഗം ജനങ്ങളും ടാര്‍ഗറ്റ് ചെയ്യപ്പെടുന്നു.

എന്ത് സിനിമ എങ്ങനെ ചെയ്യണം എന്നത് സംവിധായകന്റെ ആവിഷ്‌കാര സ്വതന്ത്ര്യമാണ് എന്നും ഈ സിനിമയില്‍ സേതുലക്ഷ്മിയുടെ കണ്ണുകളിലൂടെയാണ് കഥ പറയുന്നതെന്നും അതില്‍ വേട്ടക്കാരന്റെ കഥ പറയാന്‍ എവിടെയാണ് സമയം എന്നും, അയാളുടെ ചരിത്രം വിളമ്പിയത്‌ കൊണ്ട് എന്ത് മാറ്റമാണ് സംഭവിക്കുന്നതെന്നുമൊക്കെ ചോദിക്കാം. പക്ഷെ സൗമ്യ വധത്തിനും ഡല്‍ഹി സംഭവത്തിനും ശേഷം മലയാളി സമൂഹത്തില്‍ രൂപപ്പെട്ട പൊതുബോധം ഉന്മൂലനമാണ്. എന്തുകൊണ്ട് കുഞ്ഞുങ്ങള്‍ പീഡിപ്പിക്കപ്പെടുന്നു എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തി ആരോഗ്യകരമായ ഒരു സാമൂഹിക അവസ്ഥയെ നിര്‍മിക്കുക എന്നത് ആരും ഒരു പരിഹാരമായി ചിന്തിക്കുന്നില്ല. കൊല്ലാനാണെങ്കില്‍ എത്ര ആളുകളെ എത്ര കാലം കൊല്ലേണ്ടിവരും. ഉന്മൂലനത്തിന്റെ പാതയില്‍ വാളോങ്ങി സ്വയം ജ്വലിക്കുന്ന അഗ്‌നിയായി നില്ക്കുന്ന ഒരു സമൂഹത്തിലേക്ക് എണ്ണ കോരിയൊഴിക്കുന്ന സമീപനമാണ് സംവിധയകന്‍ സ്വീകരിച്ചത്. കുട്ടി തന്റെ പെന്‍സില്‍ കൂര്‍പ്പിക്കുന്നതില്‍ പോലും സംവിധായകന്‍ പുലര്‍ത്തിയ സൂഷ്മതയുടെ പത്തിലൊന്ന് പീഡിപ്പിക്കുന്ന കഥാപാത്രത്തിന്റെ നിര്‍മിതിയില്‍ പുലര്‍ത്തിയിരുന്നെങ്കില്‍ ഈ സിനിമ എത്ര പ്രധാന്യമര്‍ഹിച്ചേനെ.

തിന്മ നിറഞ്ഞ ഒരാളെ സമൂഹത്തില്‍ നിന്ന് ഉന്മൂലനം ചെയ്യണമെങ്കില്‍ സമൂഹം എല്ലാ തിന്മകള്‍ക്കും അതീതമായ വിധത്തില്‍ പരിശുദ്ധമായിരിക്കണം എന്ന അല്‍ബെര്‍ കാമുവിന്റെ വാക്കുകള്‍ ഇവിടെ ഓര്‍ത്ത് പോകുന്നു.


Next Story

Related Stories