TopTop
Begin typing your search above and press return to search.

adsgbdb

ജാഫ്ന കാണാത്ത മദ്രാസ് കഫെ

മദ്രാസ് കഫേയുടെ അവസാന ഭാഗത്ത്, ഇന്റലിജന്‍സ് ഓഫീസര്‍ വിക്രം സിങ് എല്‍.ടി.എഫ് തലവന്‍ അണ്ണാ ഭാസ്‌കരനെ (സിനിമയില്‍ എല്‍.ടി.ടി.ഇ സ്ഥാപകന്‍ വേലുപ്പിള്ള പ്രഭാകരന്റെ അപരന്‍) കുറിച്ച് പറയുന്ന ഒരു ഡയലോഗുണ്ട് - 'ഒരു കൂട്ടര്‍ക്ക് പോരാളിയെങ്കില്‍ മറ്റൊരു കൂട്ടര്‍ക്ക് തീവ്രവാദി''. അത് അണ്ണയെ കുറിച്ചുള്ള അയാളുടെ paribhavamaanu. അതേ സംഭാഷണത്തില്‍ തന്നെ അയാള്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്, 'പക്ഷെ, എനിക്ക് എന്റെ പ്രധാനമന്ത്രിയെ നഷ്ടപ്പെട്ടു' എന്ന്. 'തന്റെ' പ്രധാനമന്ത്രിയുടെ മരണത്തെക്കുറിച്ച് സിനിമയില്‍ അയാള്‍ വേവലാതിപ്പെടുന്ന ആദ്യത്തെ സന്ദര്‍ഭമല്ല ഇത്. സിനിമയില്‍ ഇതിനു മുമ്പും അയാള്‍ അനവധി തവണ ഇങ്ങനെ പരിഭവപ്പെടുന്നതു കാണാം, തീര്‍ച്ചയായും ഫ്യൂഡല്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ 'ഫസ്റ്റ് ഫാമിലിയെ' നോവിക്കാതിരിക്കാനുള്ള ശ്രമം തന്നെയാണിത്. മദ്രാസ് കഫേ 1991ലെ രാജീവ് ഗാന്ധി വധത്തെ അടിസ്ഥാനപ്പെടുത്തിയെടുത്തതാണ്. ഫ്രെയിമിന് പുറത്ത് വളരെ കരുതലോടെ കളിച്ചിട്ടുള്ള ഒരു സിനിമ. ഇത്തരമൊരു വിഷയം കൈകാര്യം ചെയ്യുമ്പോള്‍ രാഷ്ട്രീയ മേഖലയിലും പൊതു സമൂഹത്തിലും ഉണ്ടായേക്കാന്‍ സാധ്യത ഉള്ള പ്രശ്‌നങ്ങളെ ഒഴിവാക്കാനുള്ള സൂത്രപ്പണികളായിത്തന്നെ ഇതൊക്കെ കാണാം. പക്ഷെ, വളരെ സെന്‍സിറ്റീവായിട്ടുള്ള ഒരു വിഷയത്തെക്കുറിച്ച് അതര്‍ഹിക്കുന്ന ഗൌരവത്തില്‍ എടുത്തിട്ടുള്ള ഒരു സിനിമയാണോ ഇത്? സംശയമാണ്.

സോംനാഥ് ദേയും ശുബേന്ദ്രു ഭട്ടാചാര്യുയം രചിച്ച്, ഷൂജിത് സിര്‍കാര്‍ സംവിധാനം ചെയ്ത മദ്രാസ് കഫേ ഒരു 'കണ്‍ഫ്യൂസ്ഡ്' സിനിമയാണ്. ഈ സിനിമക്ക് യഥാര്‍ത്ഥത്തില്‍ രണ്ട് റിവ്യൂ എഴുതാവുന്നതാണ്. ആദ്യ പകുതിക്കു മുമ്പും, ശേഷവും. ചടുലമായി പറഞ്ഞു പോകുന്നതും നന്നായി ചിത്രീകരിക്കുകയും ചെയ്തിട്ടുള്ള ആദ്യ പകുതിയില്‍, കാബിനറ്റ് സെക്രട്ടറിയും RAW മേധാവിയും തമ്മിലുള്ള ഒരു ഉന്നതതല മീറ്റിങ്ങ് നമ്മെ കാണിക്കുന്നുണ്ട്. 1987ലെ ഇന്തോ - ശ്രീലങ്കന്‍ ഉടമ്പടി എങ്ങനെ നടപ്പാക്കാം എന്നാണ് അവര്‍ ചര്‍ച്ച ചെയ്യുന്നത്. കഷ്ടമെന്നു പറയട്ടെ, മേഖലയില്‍ 'സമാധാനം പുന:സ്ഥാപിക്കാന്‍' അവര്‍ ഏതു മാര്‍ഗവും സ്വീകരിക്കാന്‍ തയ്യാറാവുന്ന കാഴ്ചയാണ് നാം കാണുന്നത്. എല്‍.ടി.എഫിന്റെ എതിര്‍ വിഭാഗത്തിന് പണവും ആയുധങ്ങളും നല്‍കാന്‍ പോലും അവര്‍ തീരുമാനിക്കുന്നു. ലങ്കയില്‍ ഇടക്കാല സമിതി ഉണ്ടാക്കുമെന്ന വാഗ്ദാനം നിറവേറ്റാനും അതു വഴി സര്‍ക്കാരിന്റെ മുഖം രക്ഷിക്കാനും അവര്‍ ഏതറ്റം വരെ പോകാനും തയ്യാറാണ്. സിനിമയുടെ ഈ ഭാഗത്ത്, കൗതുകകരമായ ഒരു കാര്യം കാണാം. ദേശീയ താല്‍പര്യം സംരക്ഷിക്കേണ്ടവര്‍ അതിനു പകരം അതിന്റെ പോരായ്മകളെ അഭിമുഖീകരിക്കുന്ന കാഴ്ച.

CUT TO SRI LANKA

RAWയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകുന്നതാണ് നാം ഇവിടെ കാണുന്നത്. പ്രകാശ് ബിലാവഡി തകര്‍ത്തഭിനയിക്കുന്ന മുഴുക്കുടിയനായ RAW ഓഫീസര്‍ ബാലയെ ഈ ഭാഗത്ത് പരിചയപ്പെടുത്തുന്നുണ്ട്. പക്ഷേ, രണ്ടാം പകുതിയിലാകട്ടെ, അപ്രതീക്ഷിതമായി ബാലയെ വളരെ അരോചകമായാണ് അവതരിപ്പിച്ചിരിക്കുന്നത്. അയാളുടെ കഥ തിരിഞ്ഞുവരുന്നതു പോലെ തന്നെയാണ് സിനിമയുടെ അവസ്ഥയും. സിനിമ പുരോഗമിക്കുന്നതോടു കൂടി അതിലെ രാഷ്ട്രീയ വ്യക്തതയും കുറഞ്ഞു കുറഞ്ഞില്ലാതാകുന്നു. സിനിമ നേരിട്ടേക്കാമെന്ന എല്ലാ വിധ എതിര്‍പ്പുകളെയും മറികടക്കാനുള്ള എളുപ്പവഴി തന്നെ ഇത്. അതുകൊണ്ടാണ് 'The world is so threatened by our Prime minister' അതിനൊപ്പം, ഈ സംഘര്‍ഷത്തിന്റെ പിറകിലെ സ്ഥാപിത താത്പര്യങ്ങളെ വിവരിക്കാന്‍ വേണ്ടി വിദേശകരങ്ങള്‍ എന്ന് വളരെ അവ്യക്തമായി പറഞ്ഞു പോകുന്നതും ഇതിന്റെ ഭാഗം തന്നെ. രണ്ടു മണിക്കൂറുള്ള ഈ സിനിമ, വളരെ രസകരമായ ഒരു കാഴ്ചാനുഭവം തന്നെയായി തുടരുന്നുണ്ട്. എന്നാല്‍ നിലനില്‍ക്കുന്ന ഇതിവൃത്തത്തെ കുറിച്ചുള്ള ധാരണ ഇതിലൊട്ടുമില്ല.

റോാ ദേശീയ സുരക്ഷയുടെ ചോദ്യം ചെയ്യപ്പെടാനാവാത്ത സൂക്ഷിപ്പുകാരായാണ് ഇന്നു ചിത്രീകരിക്കപ്പെടുന്നത്. എന്നാല്‍ ഇത് ഈ ചിത്രം ആദ്യം സൂചിപ്പിച്ച കാര്യങ്ങള്‍ക്ക് വിരുദ്ധമാണ്. മുന്‍ പ്രധാനമന്ത്രിയെ വധിക്കാനുള്ള പ്ലോട്ടിലേക്ക് രാജ്യസ്‌നേഹികളേയും ദേശവിരുദ്ധരേയുമൊക്കെ അണി നിരത്തുന്നു. തങ്ങളുടെ നിയന്ത്രണങ്ങള്‍ക്ക് അപ്പുറമുള്ള സംഭവവികാസങ്ങളില്‍ പെടുകയും അിന്റെ പാപഭാരം പേറി ശേഷകാലം ജീവിക്കുകയും ചെയ്യുന്ന കഥാപാത്രങ്ങളെയാണ് സിനിമയുടെ ആദ്യം അവതരിപ്പിക്കുന്നത്. എന്നാല്‍ തികച്ചും നിസാരവത്ക്കരണത്തിലേക്ക് കഥ മൂക്കുകുത്തുകയാണ്.

പ്രത്യേകിച്ച് എടുത്തു പറയാവുന്ന അഭിനയമൊന്നും കാഴ്ചവയ്ക്കുന്നില്ലെങ്കിലും സിനിമയുടെ ഘടനയ്ക്ക് ജോണ്‍ എബ്രഹാമിന്റെ കഥാപത്രം പ്രത്യേക തട്ടുകേടൊന്നുമുണ്ടാക്കുന്നില്ല. എന്നാല്‍ പുതുമുഖമായ റാഷി ഖന്ന (ജോണ്‍ എബ്രഹാമിന്റെ ഭാര്യയുടെ റോളില്‍) എടുത്തു പറയത്തക്ക പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്. ഒരു ആര്‍മി വൈഫിിന്റെ വിവിധ റോളുകള്‍ റാഷി അറിഞ്ഞ് അഭിനയിക്കുന്നുണ്ട്. സിദ്ധാര്‍ത്ഥ ബസു റോ ചീഫിന്റെ റോള്‍ ഭംഗിയാക്കുന്നുണ്ട്. എന്നാല്‍ നര്‍ഗീസ് ഫക്രിയെ വ്യത്യസ്തയാക്കുന്നത് യുദ്ധം തരിശുഭൂമിയാക്കിയ ജാഫ്‌നയില്‍ അവര്‍ ധരിക്കുന്ന വസ്ത്രങ്ങളിലും ഹെയര്‍ സ്‌റ്റെലിലുമാണ്. ചെറിയ റോളുകളിലേക്കുള്ള താരങ്ങളുടെ തെരഞ്ഞെടുപ്പും മികച്ചതായി.

തുല്യ പ്രാധാന്യമുള്ള രണ്ട് കഥാ തന്തുക്കളിലാണ് ഈ സിനിമ മുന്നേറുന്നത്. രണ്ടിനും ഒരേ പ്രാധാന്യം - ലങ്കയിലെ വംശീയ യുദ്ധവും ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രിയെ വധിക്കുന്നത് തടയാനുള്ള സുരക്ഷാ ഏജന്‍സികളുടെ ശ്രമങ്ങളും. സിനിമയില്‍ എല്‍.ടി.എഫിനെ തീര്‍ത്തും നെഗറ്റീവായല്ല അവതരിപ്പിച്ചിരിക്കുന്നത്. അവര്‍ക്ക് ശരിയെന്ന് തോന്നുന്ന ഒരു ലക്ഷ്യം നേടുന്നതിന് സായുധ മാര്‍ഗം സ്വീകരിക്കുന്ന ഒരു സംഘടനയായിട്ടാണ് എല്‍.ടി.എഫിനെ ചിത്രീകരിക്കുന്നത്. നര്‍ഗീസ് ഫക്രി അവതരിപ്പിക്കുന്ന കഥാപാത്രമായ ജയ പറയുന്നുണ്ട്: അണ്ണാ ഭാസ്‌കരന്‍ തന്റെ ലക്ഷ്യത്തോട് കടുത്ത പ്രതിബദ്ധതയുള്ള വ്യക്തിയാണ്. അതുപോലെ വിക്രം സിംഗ് അദ്ദേഹത്തെ കുറിച്ച് പറയുന്നത് തികഞ്ഞ ആദര്‍ശവാദിയാണെന്നും സ്വതന്ത്രരാജ്യം കിട്ടാതെ അദ്ദേഹം പോരാട്ടം അവസാനിപ്പിക്കില്ല എന്നുമാണ്. സിനിമയില്‍ കൃത്യമായി ഉരുത്തിരിയുന്ന മറ്റൊരു സന്ദേശം കൂടിയുണ്ട്. ആയുധങ്ങള്‍ ഉപേക്ഷിച്ചാല്‍ തങ്ങള്‍ക്ക് അവകാശപ്പെട്ടത് തമിഴ് വംശജര്‍ക്ക് ലഭിക്കില്ല എന്നതാണത്. അതുകൊണ്ടു തന്നെ അണ്ണ ഒരു സമാധാന ഉടമ്പടിക്ക് ഒരുക്കവുമല്ല. എന്നാല്‍ ഇതിനപ്പുറം പ്രധാനമന്ത്രിയുടെ വധം തന്നെയാണ് സിനിമയുടെ പ്ലോട്ടിനെ നിയന്ത്രിക്കുന്നത്. ബാക്കിയെല്ലാം സുരക്ഷാ വീഴ്ചയും ഗൂഡാലോചയുമായി മാറുന്നു. എങ്ങനെയാണ് പ്രധാനമന്ത്രി വധിക്കപ്പെട്ടത് എന്നു പറയുന്ന സിനിമ, എന്തുകൊണ്ട് വധിക്കപ്പെട്ടു എന്ന കാര്യത്തില്‍ നിശബ്ദമാണ്. മദ്രാസ് കഫേഫ എന്ന സിനിമയില്‍ ജാഫ്‌നയിലേക്ക് നടത്തിയ പല യാത്രകളുമുണ്ട്. എന്നാല്‍ സിനിമ കണ്ടു കഴിയുമ്പോള്‍ ഒരു കാര്യം മനസിലാകും: യഥാര്‍ഥത്തില്‍ ഈ സിനിമ ജാഫ്‌ന കണ്ടിട്ടില്ലല്ല.


Next Story

Related Stories